Monday, February 13, 2012

ജനാധിപത്യക്കുരുതി ചെറുക്കുക

സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങളുടെ ഫലമായി അനുദിനം ദുരിതത്തിലേക്ക് കൂപ്പുകുത്തുന്ന കര്‍ഷകരടക്കമുള്ള ജനസാമാന്യത്തിന് ചെറുതല്ലാത്ത ആശ്വാസവും സഹായവുമാണ് സഹകരണമേഖലയില്‍നിന്ന് ലഭ്യമാകുന്നത്. കേരളത്തിന്റെ സുശക്തമായ സഹകരണമേഖല; വിശേഷിച്ചും കാര്‍ഷിക വായ്പാമേഖല ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ജനജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുനില്‍ക്കുന്നു. നൂറ്റാണ്ട് പഴക്കമുള്ള അനുഭവങ്ങള്‍ ജീവിതത്തിന്റെ നാനാതലങ്ങളിലേക്ക് വ്യാപിക്കുന്ന ഒന്നായി സഹകരണപ്രസ്ഥാനത്തെ ഉയര്‍ത്തിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത സഹകരണം പുലരുന്ന മേഖലയുമാണത്. പതിനായിരക്കണക്കിന് സഹകാരികളുടെ അക്ഷീണപ്രയത്നവും അര്‍പ്പണമനോഭാവവുമാണ് ഈ വളര്‍ച്ചയുടെ അടിത്തറ. യുഡിഎഫ് അധികാരത്തില്‍വരുന്ന ഘട്ടങ്ങളിലെല്ലാംതന്നെ സഹകരണമേഖലയെ അരുതാത്ത വഴികളിലൂടെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരുകളുടെ തണലിലാണ് സഹകരണപ്രസ്ഥാനത്തിന് ഇന്നുകാണുന്ന വൈപുല്യവും വൈവിധ്യവും ആര്‍ജിക്കാനായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 20,370 കോടി രൂപയായിരുന്ന സഹകരണമേഖലയിലെ നിക്ഷേപം അധികാരമൊഴിയുമ്പോള്‍ 68,000 കോടി രൂപയായി ഉയര്‍ന്നു എന്ന അനുഭവത്തില്‍നിന്ന് മാത്രം സമീപനത്തിലെ ഈ വ്യത്യാസം വായിച്ചെടുക്കാം. കേരളത്തിലെ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്നവയാണ്. ഇന്ത്യയിലാകെ 95,663 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുണ്ട്. കേരളത്തില്‍ 1608 എണ്ണമേയുള്ളൂ. എന്നാല്‍ , മൊത്തം നിക്ഷേപത്തിന്റെ 32,802 കോടി രൂപയില്‍ 20,432 കോടി രൂപയും ഇവിടത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍ സമാഹരിച്ചതാണ്. ആകെ 70,000 കോടി രൂപയുടെ നിക്ഷേപവും മൂന്നരക്കോടി അംഗങ്ങളുമുള്ളതാണ് ഈ മേഖല. ഇതിനെ ബാധിക്കുന്ന ചെറിയ കാര്യങ്ങള്‍പോലും കേരളത്തിലെ ജനജീവിതത്തെയും ബാധിക്കുമെന്നര്‍ഥം.

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന കേന്ദ്ര ആവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങുന്നതോടെ ഈ മേഖലയുടെ അടിത്തറതന്നെ തകരുമെന്ന ഭീതിയിലാണ് ഇന്ന് സഹകാരികള്‍ . പ്രാഥമിക അംഗങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തനം തടയുന്നതടക്കമുള്ള ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശയിലുള്ളത്. നിക്ഷേപം ഇല്ലാതെവന്നാല്‍ ബാങ്കിങ് ബിസിനസ് തകരുകയും ശമ്പളം കൊടുക്കാന്‍ വകയില്ലാതെ ബാങ്കുകള്‍ അടച്ചുപൂട്ടേണ്ടിയും വരും.

ഈ ദുരവസ്ഥയ്ക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുമ്പോഴാണ്, യുഡിഎഫ് സര്‍ക്കാര്‍ സഹകരണ മേഖലയ്ക്ക് പുതിയൊരാഘാതം നല്‍കിയത്. സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളുടെ ഭരണം അട്ടിമറിച്ച് കൈപ്പിടിയിലൊതുക്കാന്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സഹകരണമേഖലയിലെ മുന്നേറ്റത്തിനും ഐക്യത്തിനും ജനാധിപത്യത്തിനും നിയമത്തിനും എല്ലാറ്റിലുമുപരി സഹകരണതത്വങ്ങള്‍ക്കുമെതിരായ കോടാലിപ്രയോഗമാണ്. നേരത്തെ അധികാരത്തിലിരിക്കുമ്പോള്‍ യുഡിഎഫ് ഇത്തരമൊരു നീക്കത്തിലൂടെ ജില്ലാ ബാങ്കുകളുടെ നിയന്ത്രണം സ്വന്തമാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാണ് ആ വലിയ തെറ്റ് തിരുത്തിയത്. കേരള നിയമസഭ ചര്‍ച്ചചെയ്ത് വേണ്ടെന്നുവച്ചതാണ് ഇന്ന് ഓര്‍ഡിനന്‍സെന്ന പിന്നാമ്പുറവാതിലിലൂടെ യുഡിഎഫ് കൊണ്ടുവന്ന തെറ്റായ രീതികള്‍ . ജനാധിപത്യപരമായ രീതിയില്‍ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ പിരിച്ചുവിടുന്നത് എന്തിനുവേണ്ടിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. 2012 ജനുവരി 12ന് രാഷ്ട്രപതി ഒപ്പുവച്ച ഭരണഘടനാ ഭേദഗതി നിയമം അനുശാസിക്കുന്നത് സഹകരണസ്ഥാപനങ്ങളുടെ ജനാധിപത്യനിയന്ത്രണവും അഞ്ചുവര്‍ഷ ഭരണകാലാവധിയുമാണ്. ഇതിനെ കാറ്റില്‍പറത്തിയാണ് ഭരണസമിതി പിരിച്ചുവിടാന്‍ ഓര്‍ഡിനന്‍സിറക്കിയത്.

പ്രാഥമികസംഘങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ബാങ്കും അവയുടെ നിക്ഷേപത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന സംസ്ഥാന സഹകരണബാങ്കുമാണ് കേരളത്തിലുള്ളത്. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് കടലാസ് സംഘങ്ങളും ഭവനനിര്‍മാണ സംഘങ്ങളും വനിതാ സഹകരണസംഘങ്ങളും എംപ്ലോയീസ് സഹകരണസംഘങ്ങളുമടക്കം പതിനായിരത്തിലേറെ സംഘങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കും. പ്രാഥമിക വായ്പാസംഘങ്ങളുടെ താല്‍പ്പര്യങ്ങള്‍ സ്വാഭാവികമായും ഹനിക്കപ്പെടും. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമാണ് നിലവില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ വോട്ടവകാശം. അതായത് പുതിയ ഓര്‍ഡിനന്‍സിലൂടെ കടലാസ് സംഘങ്ങളുടെ മേധാവിത്തമാണ് കൊണ്ടുവരുന്നത്. സഹകരണമേഖലയെ തകര്‍ക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി വമ്പിച്ച പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്. ജില്ലാബാങ്ക് ഭരണസമിതികള്‍ക്ക് രണ്ടുവര്‍ഷംകൂടി കാലാവധി ബാക്കിനില്‍ക്കെ നടത്തിയ അട്ടിമറി സഹകരണമേഖലയെ കാല്‍ച്ചുവട്ടിലെത്തിക്കാനുള്ള കുതന്ത്രമാണെന്ന് തിരച്ചറിഞ്ഞ് സഹകാരികള്‍ പ്രക്ഷോഭരംഗത്തിറങ്ങേണ്ടതുണ്ട്. സഹകരണ ജനാധിപത്യക്കശാപ്പിനും അട്ടിമറിക്കുമെതിരായ പ്രക്ഷോഭത്തില്‍ അണിചേരാനുള്ള ബാധ്യത ബഹുജനങ്ങള്‍ക്കാകെയുണ്ട്. ഭരണാധികാരത്തിന്റെ ദുരുപയോഗത്തിലൂടെയും കുതന്ത്രങ്ങളിലൂടെയും വെട്ടിപ്പിടിച്ച് നശിപ്പിക്കാനുള്ളതല്ല കേരളത്തിന്റെ സഹകരണപ്രസ്ഥാനം എന്ന തിരിച്ചറിവിലേക്ക് യുഡിഎഫിനെ എത്തിക്കുന്ന സമരമാണ് ഉയര്‍ന്നുവരേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 13 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങളുടെ ഫലമായി അനുദിനം ദുരിതത്തിലേക്ക് കൂപ്പുകുത്തുന്ന കര്‍ഷകരടക്കമുള്ള ജനസാമാന്യത്തിന് ചെറുതല്ലാത്ത ആശ്വാസവും സഹായവുമാണ് സഹകരണമേഖലയില്‍നിന്ന് ലഭ്യമാകുന്നത്. കേരളത്തിന്റെ സുശക്തമായ സഹകരണമേഖല; വിശേഷിച്ചും കാര്‍ഷിക വായ്പാമേഖല ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ജനജീവിതവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുനില്‍ക്കുന്നു. നൂറ്റാണ്ട് പഴക്കമുള്ള അനുഭവങ്ങള്‍ ജീവിതത്തിന്റെ നാനാതലങ്ങളിലേക്ക് വ്യാപിക്കുന്ന ഒന്നായി സഹകരണപ്രസ്ഥാനത്തെ ഉയര്‍ത്തിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാത്ത സഹകരണം പുലരുന്ന മേഖലയുമാണത്. പതിനായിരക്കണക്കിന് സഹകാരികളുടെ അക്ഷീണപ്രയത്നവും അര്‍പ്പണമനോഭാവവുമാണ് ഈ വളര്‍ച്ചയുടെ അടിത്തറ. യുഡിഎഫ് അധികാരത്തില്‍വരുന്ന ഘട്ടങ്ങളിലെല്ലാംതന്നെ സഹകരണമേഖലയെ അരുതാത്ത വഴികളിലൂടെ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്.