സ പിണറായി വിജയന്‍ വീണ്ടും സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍ അതിയായ സന്തോഷംതോന്നി. സ. വി എസ് അച്യുതാനന്ദനാണ് അദ്ദേഹത്തിന്റെ പേര് തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നുകൂടി കേട്ടപ്പോള്‍ ആ സന്തോഷം ഇരട്ടിച്ചു. കേരളീയസമൂഹം ഭാവിയിലേക്ക് സഞ്ചരിക്കുന്നത് കാണുവാന്‍ ആഗ്രഹിക്കുന്ന ആരെയും സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടവാര്‍ത്ത. ഈ വിശേഷം ഞാനറിയുന്നത് ബഹ്റൈനില്‍വച്ചാണ്. ഒരു സാംസ്കാരികപരിപാടിയില്‍ പങ്കെടുക്കുവാനാണ് ഞാന്‍ അവിടെ പോയത്. ഒരു യുവാവാണ് ഈ വാര്‍ത്ത എന്നെ അറിയിച്ചത്. അയാള്‍ മുഷിഞ്ഞ കോളറുള്ള ഷര്‍ട്ടും മണ്ണും പൊടിയും പുരണ്ട തേഞ്ഞ ചെരിപ്പുകളും ധരിച്ചിരുന്നു. സമ്മേളനവേദിയുടെ പുറത്ത് പാര്‍ക്കുചെയ്ത ലെക്സസുകളുടെയും മെര്‍സഡീസ് ബെന്‍സുകളുടെയും ഇടയിലൂടെ നടന്നുവന്ന് ദാരിദ്ര്യം മണക്കുന്ന ആ ചെറുപ്പക്കാരന്‍ പറഞ്ഞു: വിജയേട്ടന്‍ വീണ്ടും സെക്രട്ടറിയായി. ബെന്‍സ് കാറില്‍ വന്നിറങ്ങിയ ഒരാളായിരുന്നില്ല അത്. അയാള്‍ ലേബര്‍ ക്യാമ്പില്‍ പാര്‍ക്കുന്ന, കെട്ടിട നിര്‍മാണ സൈറ്റില്‍ കൊടുംചൂടില്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിയാകുവാനാണ് സാധ്യത. അതും എന്നെ സന്തോഷിപ്പിച്ചു. കാരണം ലോകത്തിലെല്ലായിടത്തും എന്നും ദാരിദ്ര്യം മണക്കുന്നവരുടെ പാര്‍ടിയാണല്ലോ കമ്യൂണിസ്റ്റുപാര്‍ടി.
സ. പിണറായി വിജയന്‍ പതുക്കെ മലയാളികളുടെ വിജയേട്ടനായി മാറുകയാണ്. പാര്‍ടിയുടെ അത്യുന്നസ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ ഞാന്‍ വിജയേട്ടന്‍ എന്നുവിളിക്കാന്‍ പാടുണ്ടോ? ബഹുമാനമുള്ളവരെ ഞങ്ങള്‍ മയ്യഴിക്കാര്‍ കാരണവര്‍ എന്നാണ് വിളിക്കുക. മയ്യഴിയിലെ പുത്തലമ്പലത്തില്‍ കാരണോര്‍ തിറ എന്ന ഒരു തെയ്യംതന്നെയുണ്ട്. ആരെയെങ്കിലും കാരണവര്‍ എന്നോ അമ്മാവന്‍ എന്നോ വിളിക്കുന്നതിലേറെ ഏട്ടന്‍ എന്നുവിളിച്ചുകേള്‍ക്കുന്നതിലാണ് എന്റെ സന്തോഷം. കാരണം കാരണവരിലും അമ്മാവനിലും പഴമയുണ്ട്. വാര്‍ധക്യമുണ്ട്. ഏട്ടന്‍ സമകാലികനാണ്. നമ്മോടൊപ്പം ജീവിക്കുന്ന ആളാണ്. മുമ്പോട്ടു നോക്കുന്നവനാണ് ഏട്ടന്‍ .
ആദ്യകാലം പിണറായി എനിക്ക് ഒരു ഗ്രാമംമാത്രമായിരുന്നു. ഏകദേശം അരനൂറ്റാണ്ടിനുമുമ്പ്, നാടുവിടുന്നതിനുമുമ്പ് ഒരിക്കല്‍ ഞാന്‍ പിണറായിയിലേക്കു പോയിരുന്നു. ഒരു നാടകം കാണുവാനായിരുന്നു അത്. പിണറായി മയ്യഴിയില്‍നിന്ന് അകലെയല്ല. യൗവനത്തിലേക്ക് ഇനിയും കടന്നുചെന്നിട്ടില്ലാത്ത, കൗമാരം വിട്ടുമാറിയിട്ടില്ലാത്ത ആ പ്രായത്തില്‍ നടത്തിയ വിപ്ലവരണഭൂവിലേക്കുള്ള ആ യാത്രയുടെ ഓര്‍മയ്ക്ക് ഇപ്പോഴും തേയ്മാനം വന്നിട്ടില്ല. പ്രകൃതിരമണീയമാണ് പിണറായിഗ്രാമം. മയ്യഴിപോലെ മൂന്നുവശങ്ങളിലും പുഴയൊഴുകുന്നു. ബസിലും കാളവണ്ടിയിലും കയറിയും കാല്‍നടയായുമാണ് ഞാന്‍ പിണറായിയിലേക്ക് സഞ്ചരിച്ചത്. മമ്പറത്തെ ഒരു വഴിയോര ചായക്കടയില്‍നിന്ന് ചൂടുചായ വാങ്ങി കുടിച്ചതും ഒരു സിസര്‍ വാങ്ങി വലിച്ചതും ഓര്‍ക്കുന്നു. (അന്ന് അച്ഛനും അമ്മയും കാണാതെ ഞാന്‍ രഹസ്യമായി സിഗരറ്റ് വലിച്ചിരുന്നു) ഇന്നത്തെപ്പോലെ ബസുകളില്ലാത്ത ആ കാലത്ത് ഉത്തരകേരളത്തിലെ നാട്ടുമ്പുറങ്ങളില്‍ ഞാന്‍ ചെന്നെത്തിയത് കെപിഎസിയുടെ നാടകങ്ങള്‍ കാണുവാനായിരുന്നു. ഇന്ന് പിണറായി എന്നുകേള്‍ക്കുമ്പോള്‍ പുഴകളും ഓലമേഞ്ഞ പുരകളും വേരുകളില്‍പോലും ചക്കകള്‍ വളര്‍ന്നുനില്‍ക്കുന്ന പ്ലാവുകളും മാവിന്‍ചുവട്ടില്‍ മടിയില്‍ മുറവുമായിരിക്കുന്ന ബീഡിത്തൊഴിലാളികളുമുള്ള ഗ്രാമമല്ല മനസ്സില്‍വരുന്നത്. പിണറായി ഇന്ന് ഒരു ഗ്രാമമല്ല, ഒരു നേതാവാണ്. ഇങ്ങനെ ഒരു വ്യക്തി ഒരു ദേശമായി മാറുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എഴുത്തുകാര്‍ക്കിടയിലാണ് അത് സാധാരണയായി സംഭവിക്കാറുള്ളത്.
കുട്ടനാട് വെള്ളവും ഹരിതവുമാണ്. ഒരു നാട്ടിലെ മുഴുവന്‍ പട്ടിണിപ്പാവങ്ങളുടെയും വിശപ്പ് മാറ്റാനുള്ള വിളവുകള്‍ അവിടത്തെ നെല്‍പ്പാടങ്ങളിലുണ്ടായിരുന്നു. എന്നിട്ടും കുട്ടനാട് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് ഒരു ഗ്രാമമല്ല, തകഴി എന്ന എഴുത്തുകാരന്റെ മുഖമാണ്. ഒരു എഴുത്തുകാരന്‍ ഇവിടെ ഒരു ദേശമായി മാറുകയാണ്. അതുപോലെ പിണറായി എന്നുകേള്‍ക്കുമ്പോള്‍ ലോകത്തിലെവിടെയുമുള്ളവര്‍ക്ക് അത് ഒരു ഗ്രാമമല്ല, ഒരു നേതാവാണ്. ഇവിടെയും കുട്ടനാട് തകഴിയായതുപോലെ പിണറായിഗ്രാമം വിജയേട്ടനാകുകയാണ്.
അപൂര്‍വമായിട്ടാണെങ്കിലും ഒരു നേതാവ് പ്രബുദ്ധരായ ഒരു ജനതതന്നെയായി മാറുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ നാലാംതവണയും സംസ്ഥാനസമ്മേളനത്തില്‍ സ. പിണറായി വിജയന്‍ പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംഭവിച്ചത് അതാണ്. അദ്ദേഹം ഒരു ജനതയുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ നാടുവിട്ടുപോകുന്നതിനുമുമ്പ്, അറുപതുകളുടെ ആദ്യം പിണറായിഗ്രാമത്തില്‍ ആരാലും അറിയപ്പെടാതെ നടന്നിരുന്ന ആ കൗമാരപ്രായം വിട്ടുമാറിയിട്ടില്ലാത്ത യുവാവ് ഇന്ന് വലിയൊരു പാര്‍ടിയെ നയിക്കുകയാണ്.
ഈ നേതാവിനെ പരിചയപ്പെടുവാന്‍ എനിക്ക് ഒരുപാടുകാലം കാത്തിരിക്കേണ്ടിവന്നു. ഞാന്‍ ചെറുപ്പത്തിലേ നാട്ടില്‍നിന്ന് അകന്നുജീവിച്ചതായിരുന്നു കാരണം. ഒന്നോ രണ്ടോ തവണ ഡല്‍ഹിയില്‍ കേരളാഹൗസിലെ കോണിപ്പടികളില്‍വച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വിജയേട്ടന് ഒരു മയ്യഴിച്ചിരി നല്‍കിയിരുന്നു. അദ്ദേഹം അതെനിക്ക് മടക്കി തന്നിരുന്നില്ല. എം ടിയെപ്പോലെ ചിരിയുടെ കാര്യത്തില്‍ അദ്ദേഹം വലിയൊരു ലുബ്ധനാണ്. ഒരിക്കലും ചിരിക്കാത്ത മനുഷ്യന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തെക്കൊണ്ട് ഒന്നുചിരിപ്പിക്കുവാന്‍ എന്തുവഴിയെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മാമുക്കോയയെയും ഹരിശ്രീ അശോകനെയും സുരാജ് വെഞ്ഞാറമൂടിനെയും ഒന്നിച്ച് മുമ്പില്‍കൊണ്ടുവന്നുനിര്‍ത്തിയാല്‍ അദ്ദേഹം ചിരിക്കുമോ? പക്ഷേ, നടന്‍ ശ്രീനിവാസന് അതിനു കഴിഞ്ഞു.
കൈരളി ചാനലില്‍ ശ്രീനിവാസനുമായുള്ള അഭിമുഖത്തില്‍ വിജയേട്ടന്‍ ഉള്ളുതുറന്നുചിരിക്കുന്നത് പ്രേക്ഷകര്‍ കണ്ടു. ആ വിദ്യ ശ്രീനിവാസനില്‍നിന്ന് പഠിക്കുവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, അത് ആവശ്യമായി വന്നില്ല. കേരളഹൗസിലെ കോണിപ്പടിയില്‍വച്ച് എനിക്ക് തരുവാന്‍ മറന്ന ചിരി പിന്നീടൊരിക്കല്‍ അദ്ദേഹം എനിക്ക് ഒട്ടും പിശുക്കില്ലാതെ തരികയുണ്ടായി. അത് തിരുവനന്തപുരത്തെ എ കെ ജി സെന്ററിലെ അദ്ദേഹത്തിന്റെ പാര്‍പ്പിടത്തില്‍വച്ചായിരുന്നു.
ഡല്‍ഹി ഉദ്യോഗത്തില്‍നിന്ന് പിരിഞ്ഞു നാട്ടില്‍ താമസമാക്കിയശേഷം ഞാന്‍ ഒരിക്കല്‍ വിജയേട്ടനെ കാണാന്‍പോയി. ഐ വി ദാസന്‍മാഷാണ് ആ കൂടിക്കാഴ്ച ശരിപ്പെടുത്തി തന്നത്. (എന്നും ഞാന്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന ഒരു സ്മരണയാണ് സ്നേഹനിധിയായ ദാസന്‍മാഷ്) വളരെ സന്ദേഹപ്പെട്ടുകൊണ്ടാണ് ഞാന്‍ വിജയേട്ടന്റെ പാര്‍പ്പിടത്തില്‍ കയറിച്ചെന്നത്. അദ്ദേഹം അഞ്ചുമിനിറ്റില്‍ കൂടുതല്‍ ആര്‍ക്കും സമയം കൊടുക്കില്ലെന്നാണ് ഞാന്‍ കേട്ടത്. അഞ്ചുമിനിറ്റിനുള്ളില്‍ പറയാനുള്ളതെല്ലാം പറയാന്‍ വേണ്ടി ഞാന്‍ തയ്യാറെടുത്തു. പാര്‍ടി സെക്രട്ടറിയുടെ വാതിലിനുമുമ്പില്‍ പലരും കാത്തുനിന്നിരുന്നു. അവരില്‍ ഞാന്‍ ആദരിക്കുന്ന പല നേതാക്കളുമുണ്ടായിരുന്നു. അദ്ദേഹം എന്നെ മുറിയിലേക്ക് സ്വാഗതംചെയ്തു. ചിരിയിലെന്നപോലെ വാക്കിലും ലുബ്ധനാണ് അദ്ദേഹമെന്നാണ് ഞാന്‍ കേട്ടത്. എം ടിയെപ്പോലെതന്നെ മൗനത്തിന്റെ വല്‍മീകത്തില്‍ തപസ്സിരിക്കുന്ന ആള്‍ . ചിരിക്കാത്തവരെക്കുറിച്ച് പരാതി പറയാം. പക്ഷേ, മൗനികളെക്കുറിച്ച് അങ്ങനെ പറയാന്‍ വരട്ടെ.
മൗനം ഒരു സിദ്ധിയാണ്. വാചാലരല്ല, മൗനികളാണ് സാംസ്കാരികമണ്ഡലങ്ങളില്‍ വലിയ സംഭാവന ചെയ്തവര്‍ . ഇനിയങ്ങോട്ട് നമ്മുടെ രാഷ്ട്രീയജീവിതത്തെയും മുമ്പോട്ടുകൊണ്ടുപോകുന്നത് മിതഭാഷികളോ മൗനികളോ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിലെ വായാടിത്തത്തിന്റെ കാലം അവസാനിക്കാറായി. "കളങ്കമില്ലാത്ത ബോധമാണ് മൗനം. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ തിരിച്ചറിവിന്റെ അടിത്തറ അതാണ്... വാചാലതയുടെ ശബ്ദഘോഷങ്ങള്‍ക്കപ്പുറത്തെ മൗനത്തിന്റെ അനന്തസാധ്യതകളെപ്പറ്റി നല്ല ബോധമുള്ളവരാണ് നേതാക്കള്‍". ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രശസ്ത പ്രൊഫസര്‍ ദേബാശിഷ് ചാറ്റര്‍ജിയുടേതാണ് ഈ വാക്കുകള്‍ . എന്റേതല്ല. ഞാനാണ് സംസാരിച്ചത്. വിജയേട്ടന്‍ മൗനിയായി കേട്ടിരുന്നു. ഇടയ്ക്കിടെ ഞാന്‍ വാച്ചില്‍നോക്കി. അഞ്ചുമിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഏത് നിമിഷവും അദ്ദേഹം സമയമായി എന്നുപറഞ്ഞ് എഴുന്നേല്‍ക്കാം. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം ശ്രദ്ധാപൂര്‍വം നിശബ്ദനായിരുന്ന് അദ്ദേഹം ചെവികൊടുത്തു. പ്രതികരിക്കേണ്ടയിടത്ത് മാത്രം പ്രതികരിച്ചു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുവാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്ക് പൊതുവെ ഇല്ലാത്തതാണ് ഇത്. ഒരു മലയാളിയും മറ്റുള്ളവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കില്ല. അതിനുമുമ്പ് ഇടയില്‍ക്കയറി സംസാരിക്കും. ടിവിയിലെ ചര്‍ച്ചകളില്‍ നമ്മള്‍ പതിവായി കാണുന്നതാണ് അത്. സക്രിയമായ സംവാദങ്ങള്‍ നടക്കാതെപോകുന്നത് അതുകൊണ്ടാണ്. പത്തുമിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഞാന്‍ പോകാന്‍ നിശബ്ദം അനുവാദം ചോദിച്ചു. അപ്പോഴാണ് വിജയേട്ടന്റെ സഹധര്‍മിണി കമല മേശയിന്മേല്‍ ആവി പറക്കുന്ന പുട്ടും കടലക്കറിയും കൊണ്ടുവന്നുവച്ചത്. ഞങ്ങള്‍ സംസാരം അങ്ങോട്ടു പറിച്ചുനട്ടു. ആ അനുജത്തി പുട്ടും കടലയും വിളമ്പിത്തന്നു. പിറകെ ചൂടുചായയും വന്നു... കമല എന്റെ കുടുംബത്തെക്കുറിച്ച് ചോദിച്ചു. ഇനി വരുമ്പോള്‍ ഞാന്‍ ഭാര്യയെ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാന്‍ കമലയോട് അവരുടെ മകനെക്കുറിച്ചും മകളെക്കുറിച്ചും അന്വേഷിച്ചു. സിപിഐ എമ്മിന്റെ സെക്രട്ടറി സ. പിണറായി വിജയന്റെ വീട്ടിലാണ് ഞാനിരിക്കുന്നതെന്ന് ഞാന്‍ മറന്നു. എന്റെ ആശങ്കകളും സന്ദേഹങ്ങളും മാറി. സ്വന്തം വീട്ടിലിരുന്നെന്നപോലെ ഞങ്ങള്‍ മൂവരും സംസാരിച്ചു. മാമുക്കോയയുടെയും ഹരിശ്രീ അശോകന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും സഹായമില്ലാതെതന്നെ വിജയേട്ടന്‍ മനസ്സുതുറന്ന് ധാരാളം ചിരിച്ചു... അഞ്ചുമിനിറ്റല്ല, ഒരുമണിക്കൂര്‍ ഞാനവിടെ ചെലവഴിച്ചു.
ബഹ്റൈനിലിരുന്ന് അദ്ദേഹത്തെ നാലാമത്തെ തവണയും പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ആ ഒരുമണിക്കൂര്‍ നീണ്ടുനിന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കൂടിക്കാഴ്ചയുടെ ചിത്രം കണ്‍മുമ്പില്‍ തെളിഞ്ഞുവന്നു. എഴുത്തുകാര്‍ക്കും നേതാക്കള്‍ക്കും ഇടയിലെ സൗഹൃദം കുറഞ്ഞുവരികയോ ഇല്ലാതാകുകയോ ചെയ്യുന്ന കാലമാണല്ലോ ഇത്.
മലയാളിസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. വരുംകാലത്തെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യുവാന്‍ പോകുന്നവരില്‍ ഏറെയും അഭ്യസ്തവിദ്യരും മാറിയലോകത്തിന്റെ സൃഷ്ടികളുമായ യുവാക്കളും യുവതികളുമായിരിക്കും. എന്റെ പ്രായക്കാര്‍ കണ്ട ലോകമല്ല അവരുടെ സ്വപ്നങ്ങളിലുള്ളത്. അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും തിരിച്ചറിയണം. വര്‍ഗീയതയും മതതീവ്രവാദവും വളരുകയാണ്. പുഴകള്‍ വറ്റുകയാണ്. നഗരങ്ങളും നാട്ടിന്‍പുറങ്ങളും മാലിന്യങ്ങളുടെ ദുര്‍ഗന്ധംപേറുന്നു. ആദിവാസികള്‍ ഇപ്പോഴും തലചായ്ക്കാന്‍ ഇടമില്ലാതെ കഴിയുന്നു.
മുല്ലപ്പെരിയാര്‍ ഉറക്കം കെടുത്തുന്ന ഒരു പേടിസ്വപ്നമാണ്. ഇതിനുപുറമെ സാമ്പത്തികവും സാംസ്കാരികവുമായ അധിനിവേശങ്ങളെ ചെറുക്കേണ്ടതുണ്ട്. ഈ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുവാന്‍ സുഘടിതവും നവീകരിക്കപ്പെട്ടതുമായ ഒരു ഇടതുപക്ഷപ്രസ്ഥാനം അത്യന്താപേക്ഷിതമാണ്. അങ്ങനെയുള്ള ഒരു ഇടതുപക്ഷപ്രസ്ഥാനത്തിന് നേതൃത്വം നല്‍കാന്‍ കാരണവന്മാരുടെ അനുഗ്രഹത്തോടെ പാര്‍ടി സെക്രട്ടറിക്ക് കഴിയട്ടെ. എനിക്ക് മറ്റൊരു ആഗ്രഹംകൂടിയുണ്ട്. സിപിഐഎമ്മിന്റെ സംസ്ഥാനസെക്രട്ടറി സ. പിണറായി വിജയന്‍ ഒരിക്കലെങ്കിലും എന്നെ മുകുന്ദേട്ടന്‍ എന്നുവിളിക്കണം. കാരണം അദ്ദേഹത്തേക്കാള്‍ ഒന്നരവയസ്സ് എനിക്ക് കൂടുതലുണ്ട്.
*
എം മുകുന്ദന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 19 ഫെബ്രുവരി 2012
Subscribe to:
Post Comments (Atom)
1 comment:
സ പിണറായി വിജയന്‍ വീണ്ടും സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് കേട്ടപ്പോള്‍ അതിയായ സന്തോഷംതോന്നി. സ. വി എസ് അച്യുതാനന്ദനാണ് അദ്ദേഹത്തിന്റെ പേര് തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നുകൂടി കേട്ടപ്പോള്‍ ആ സന്തോഷം ഇരട്ടിച്ചു. കേരളീയസമൂഹം ഭാവിയിലേക്ക് സഞ്ചരിക്കുന്നത് കാണുവാന്‍ ആഗ്രഹിക്കുന്ന ആരെയും സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടവാര്‍ത്ത. ഈ വിശേഷം ഞാനറിയുന്നത് ബഹ്റൈനില്‍വച്ചാണ്. ഒരു സാംസ്കാരികപരിപാടിയില്‍ പങ്കെടുക്കുവാനാണ് ഞാന്‍ അവിടെ പോയത്. ഒരു യുവാവാണ് ഈ വാര്‍ത്ത എന്നെ അറിയിച്ചത്. അയാള്‍ മുഷിഞ്ഞ കോളറുള്ള ഷര്‍ട്ടും മണ്ണും പൊടിയും പുരണ്ട തേഞ്ഞ ചെരിപ്പുകളും ധരിച്ചിരുന്നു. സമ്മേളനവേദിയുടെ പുറത്ത് പാര്‍ക്കുചെയ്ത ലെക്സസുകളുടെയും മെര്‍സഡീസ് ബെന്‍സുകളുടെയും ഇടയിലൂടെ നടന്നുവന്ന് ദാരിദ്ര്യം മണക്കുന്ന ആ ചെറുപ്പക്കാരന്‍ പറഞ്ഞു: വിജയേട്ടന്‍ വീണ്ടും സെക്രട്ടറിയായി. ബെന്‍സ് കാറില്‍ വന്നിറങ്ങിയ ഒരാളായിരുന്നില്ല അത്. അയാള്‍ ലേബര്‍ ക്യാമ്പില്‍ പാര്‍ക്കുന്ന, കെട്ടിട നിര്‍മാണ സൈറ്റില്‍ കൊടുംചൂടില്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിയാകുവാനാണ് സാധ്യത. അതും എന്നെ സന്തോഷിപ്പിച്ചു. കാരണം ലോകത്തിലെല്ലായിടത്തും എന്നും ദാരിദ്ര്യം മണക്കുന്നവരുടെ പാര്‍ടിയാണല്ലോ കമ്യൂണിസ്റ്റുപാര്‍ടി.
Post a Comment