Saturday, February 18, 2012

പാമൊലിന്‍ : ഭരണ നേതൃത്വം കേസ് അട്ടിമറിക്കുന്നു

പാമൊലിന്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ച് അഡ്വ. പി എ അഹമ്മദ് സര്‍ക്കാരിനുനല്‍കിയ കത്ത് അത്യന്തം ഗൗരവമുള്ളതാണ്. കേവലം രാജിക്കത്തല്ല അത്. 2012 ജനുവരി ആറിന് തൃശൂര്‍ വിജിലന്‍സ് ജഡ്ജിയുടെ മുന്നില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനങ്ങളോടും നിരീക്ഷണങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചുള്ളതാണ് ആ കത്ത്. ഒരു കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിശ്ചയിച്ചാല്‍ ആ കേസ് കഴിയുന്നതുവരെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് ഈ കേസില്‍നിന്നും അഡ്വ. പി എ അഹമ്മദിനെ ഒഴിവാക്കാതെ, എല്‍ഡിഎഫ് നിയമിച്ച പ്രോസിക്യൂട്ടര്‍തന്നെയാണ് ഇപ്പോഴും കേസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ പ്രസ്താവിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടിട്ടില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഹനീഫയുടെ ചോദ്യത്തിന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആ റിപ്പോര്‍ട്ട് വിജിലന്‍സ് ജഡ്ജി തള്ളിയത്. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും വ്യക്തമായ പത്ത് കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് അന്ന് ജഡ്ജി നിര്‍ദേശിച്ചത്.

ഇതേതുടര്‍ന്ന് ജഡ്ജി ഹനീഫയെ കേസ് കേള്‍ക്കുന്നതില്‍നിന്നും ഒഴിവാക്കാന്‍ അസാധാരണമായ ശ്രമം നടന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് വിപ്പ് രാഷ്ട്രപതിക്കും സുപ്രീംകോടതിക്കും കേന്ദ്ര നിയമമന്ത്രിക്കും ജഡ്ജിക്കെതിരെ പരാതി അയച്ചു. ജഡ്ജി ഹനീഫ പാകിസ്ഥാന്‍കാരന്‍പോലും ചെയ്യാത്ത കാര്യമാണ് ചെയ്തതെന്ന് ചീഫ്വിപ്പ് ആക്ഷേപിച്ചു. ആ ജഡ്ജി അതോടെ കേസ് കേള്‍ക്കുന്നതില്‍നിന്നും പിന്‍വാങ്ങി. ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജിജി തോംസണെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിക്കുകയും സര്‍ക്കാര്‍ അഭിഭാഷകവൃന്ദം ഒന്നുചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചെടുക്കാന്‍ രംഗത്തിറങ്ങുകയുംചെയ്ത സംഭവം, സ്വന്തം കാര്യത്തിനുവേണ്ടി ഭരണസംവിധാനത്തെ നിര്‍ലജ്ജം ഉപയോഗിക്കുന്നതിന്റെ ഒന്നാംതരം ഉദാഹരണമായി മാറി.

ഇപ്പോള്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറും ഒഴിവായിരിക്കുന്നു. പ്രോസിക്യൂട്ടറെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കി എന്ന വസ്തുതയാണ് പുറത്തുവന്നത്. കുറ്റപത്രത്തില്‍ പറഞ്ഞതില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇപ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍നിന്നും വ്യത്യസ്തമായി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ടര്‍ കേസ് വാദിച്ചാല്‍ നേരത്തെ എടുത്ത നിലപാടിന് വിരുദ്ധമായി കോടതിയില്‍ നില്‍ക്കേണ്ടിവരും. ആത്മാഭിമാനമുള്ള ഒരഭിഭാഷകന് ഒരിക്കലും സാധ്യമാകുന്ന കാര്യമല്ലിത്.

1991ല്‍ കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്താണ് പാമൊലിന്‍ ഇറക്കുമതി ചെയ്ത ഇടപാടില്‍ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിക്ക് രണ്ട് കോടി 32 ലക്ഷം രൂപ അവിഹിതമായി ലാഭമുണ്ടാക്കിക്കൊടുത്ത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കി എന്ന കേസ് ഉത്ഭവിക്കുന്നത്. ഇതുസംബന്ധിച്ച് അന്നത്തെ ഭക്ഷ്യസെക്രട്ടറി സക്കറിയാ മാത്യു 1991 നവംബര്‍ 27ന് തയ്യാറാക്കിയ കുറിപ്പില്‍ അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ ഒപ്പിട്ടശേഷം ധനമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവയ്ക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി കെ കരുണാകരന്‍ ഒപ്പിട്ട് ഔട്ട് ഓഫ് അജന്‍ഡയായി ക്യാബിനറ്റിനു മുന്നില്‍വച്ച് അംഗീകാരം വാങ്ങുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കരുണാകരന്‍ ഒന്നാംപ്രതിയായും ടി എച്ച് മുസ്തഫ രണ്ടാം പ്രതിയായും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ രണ്ടുപേരും പ്രതിയായ സാഹചര്യത്തില്‍ സ്വാഭാവികമായും പ്രതിയാകേണ്ടിയിരുന്ന, അതേകുറ്റംചെയ്ത അന്നത്തെ ധനമന്ത്രി ഒഴിവായതാണ് ഈ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ് നല്‍കാനിടയാക്കിയത്.

എന്നാല്‍ , തുടരന്വേഷണം നടത്തി 2012 ജനുവരി ആറിന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് സമര്‍ഥിക്കുന്നത് പാമൊലിന്‍ ഇറക്കുമതി തീരുമാനം നയപരമായ തീരുമാനമായിരുന്നു എന്നാണ്. ഈ കേസിലെ ഓരോ നടപടികളെയും ചോദ്യംചെയ്ത കെ കരുണാകരന്‍ മൂന്നു പ്രാവശ്യം സുപ്രീംകോടതിവരെ പോയ സാഹചര്യത്തില്‍ ഉന്നയിക്കാത്ത കാര്യമാണ് ഇപ്പോള്‍ വിജിലന്‍സ് കണ്ടുപിടിച്ചിരിക്കുന്നത്. ക്യാബിനറ്റ് നോട്ടിലുള്ള എല്ലാ സംഗതികളും കണക്കിലെടുത്ത ശേഷമാണ് പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും പറയുന്നു. എന്നാല്‍ , ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല എന്ന് മുന്‍ ഭക്ഷ്യമന്ത്രി മുസ്തഫ തന്റെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ പാമൊലിന്‍ ഇറക്കുമതിക്ക് തയ്യാറായ നളിന്‍ ഇന്‍ഡസ്ട്രീസ്, സിഐ കമ്മോഡിറ്റീസ് എന്നിവരുടെ ഓഫറുകള്‍ കണക്കിലെടുക്കാതിരുന്നത് ഗൂഢാലോചനയുടെ ഫലമായാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ , പുതിയ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് പറയുന്നത്. സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് അനുസരിച്ച് ടെന്‍ഡറുകള്‍ വിളിച്ച് ചെയ്യേണ്ട സംഗതിയായിരുന്നു പാമൊലിന്‍ ഇറക്കുമതി എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള ടെന്‍ഡറുകള്‍ വിളിക്കുന്നത് പ്രായോഗികമല്ല എന്നും മന്ത്രിസഭയ്ക്ക് ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഏതു ചട്ടങ്ങളെയും മറികടക്കുവാന്‍ അവകാശമുണ്ട് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സക്കറിയാ മാത്യു തയ്യാറാക്കിയ കുറിപ്പ് ടി എച്ച് മുസ്തഫ ഒപ്പുവച്ച് നേരെ കരുണാകരന്‍ കാണുകയാണ് ചെയ്തതെന്നും അതിനുശേഷമാണ് ഉമ്മന്‍ചാണ്ടി അറിഞ്ഞതെന്നുമുള്ള വിചിത്രമായ കണ്ടെത്തലാണ് വിജിലന്‍സ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടി വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ ഭക്ഷ്യമന്ത്രി നേരിട്ട് തനിക്ക് കുറിപ്പ് നല്‍കിയെന്നും അത് താന്‍ അംഗീകരിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്തഫ നല്‍കിയ മൊഴിയില്‍ , ഫയല്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും കണ്ടതിനുശേഷമാണ് ക്യാബിനറ്റില്‍വച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി തന്നെ നല്‍കിയ മൊഴിക്കു വിരുദ്ധമായി ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ വിജിലന്‍സ് തയ്യാറായത് മുഖ്യമന്ത്രിയെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടുകൂടിയാണ്. ഉമ്മന്‍ചാണ്ടിയുടെ പങ്കിനെപ്പറ്റി അന്വേഷിക്കുവാന്‍ നിര്‍ദേശിച്ച ഉത്തരവിനെ ദുര്‍വ്യാഖ്യാനംചെയ്ത് കേസ് ആകെ ഇല്ലായ്മ ചെയ്യുന്നതിനും മറ്റുപ്രതികളെ വെറുതെ വിടുന്നതിനും വേണ്ടിയുള്ള ഒരു വിടുതല്‍ പെറ്റീഷനാണ് ഇപ്പോള്‍ വിജിലന്‍സ് സമര്‍പ്പിച്ചിട്ടുള്ളത്. വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഈ കേസ് തന്നെ ഇല്ലാതാകും. എല്ലാ പ്രതികളും ഇതില്‍നിന്നും ഒഴിവാക്കപ്പെടും.

2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ കേസ് പിന്‍വലിച്ച് കേസില്ലാതാക്കാന്‍ ശ്രമിച്ചു. പിന്നീട് വന്ന വി എസ് സര്‍ക്കാരാണ് കേസ് തുടരാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി വന്നപ്പോള്‍ കേസ് പൂര്‍ണമായി ഇല്ലാതാക്കാന്‍ ഭരണസംവിധാനത്തെ ഉപയോഗിക്കുകയാണ്. നീതിന്യായസംവിധാനത്തെ രാഷ്ട്രീയതാല്‍പ്പര്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ്്. വിജിലന്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ന തസ്തിക ഉണ്ടാക്കി കോണ്‍ഗ്രസ് നേതാവിനെ ആ സ്ഥാനത്ത് നിശ്ചയിച്ച് മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ അട്ടിമറിക്കുകയാണ്്. അന്വേഷണം നേരിടുന്ന മന്ത്രിമാരെ രക്ഷിക്കാന്‍ ഭരണസംവിധാനം ദുര്‍വിനിയോഗംചെയ്തും നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയവല്‍ക്കരിച്ചും സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ഉന്നത നീതിപീഠത്തിനുതന്നെ ഇടപെടേണ്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.

*
കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 18 ഫെബ്രുവരി 2012

No comments: