Wednesday, February 29, 2012

ത്യാഗത്തിന്റെ പര്യായം; സമരോത്സുകതയുടെയും

പുസ്തകങ്ങളില്‍നിന്ന് ആദര്‍ശം പഠിച്ചല്ല പഴയ കുറുമ്പ്രനാട്ടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കമ്യൂണിസ്റ്റുകാരായത്. അവര്‍ക്ക് കമ്യൂണിസം കേളുഏട്ടനെപ്പോലുള്ള നേതാക്കളുടെ നിസ്വാര്‍ഥതയാണ്. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നഗാന്ധിജിയുടെ വാക്കുകള്‍ക്ക് തുല്യം ശ്രേഷ്ഠവും ധന്യവുമായ സ്നേഹസാമീപ്യം. കേളുഏട്ടന്റെ നില്‍പ്പിലും നടപ്പിലും നോക്കിലുമെല്ലാമുണ്ടായിരുന്നു മനുഷ്യപ്പറ്റിന്റെ ആര്‍ദ്രത. കോഴിക്കോട് ജില്ലയിലും മയ്യഴി, വയനാട്, ഏറനാട് മേഖലകളിലും പുരോഗമന ശക്തികള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യം.

ജന്മി-നാടുവാഴിത്തത്തോടും ജാതിമേധാവിത്വത്തോടും ചെറുപ്പത്തിലേ കയര്‍ത്ത് സമരോത്സുകതയുടെ പര്യായമായി വളര്‍ന്ന എം കെ കേളു അടിമുടി കമ്യൂണിസ്റ്റായിരുന്നു. അതിരും എതിരുമില്ലാത്ത ജനപ്രീതി നേടിക്കൊടുത്തതും ആ വലിയ മനുഷ്യന്റെ ജീവിതവിശുദ്ധി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുള്‍പരത്തിയ നാട്ടിന്‍പുറങ്ങളില്‍ എഴുത്തും വായനയുമറിയാത്ത ആളുകളെവരെ പ്രസ്ഥാനവുമായി അടുപ്പിക്കാന്‍ ആ ശൈലി സഹായിച്ചു. ഗതാഗത സൗകര്യം പരിമിതമായ കുഗ്രാമങ്ങളില്‍ നടന്നുതന്നെ വേണ്ടിയിരുന്നു അക്കാലത്ത് ആളുകളെ സംഘടിപ്പിക്കാന്‍ . ഉച്ചഭാഷിണിപോലും ഇല്ലാത്ത ചുറ്റുപാടില്‍ മെഗഫോണായിരുന്നു ആശ്രയം. ഓരോ പ്രദേശത്തുമെത്തി ആളുകളെ കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് പൊതുപ്രശ്നങ്ങളില്‍ ഇടപെടുവിച്ചിരുന്നത്. ജന്മി-ഭൂവുടമമാരുടെ മാടമ്പിത്തരത്തിലും കൊടിയ ചൂഷണത്തിലും പേടിച്ച് ജീവിച്ച സാധാരണക്കാരെ ആത്മവിശ്വാസം പകര്‍ന്ന് ഒരുമിച്ചുനിര്‍ത്തുക എളുപ്പമായിരുന്നില്ല. ജനവാസം കുറഞ്ഞ മലമ്പ്രദേശങ്ങളിലും മറ്റുമുള്ള ആളുകളെ വിളിച്ചുകൂട്ടി യോഗം നടത്തുകപോലും അന്ന് പ്രയാസമായിരുന്നു. രാത്രിയില്‍ വലിയ കുന്നുകള്‍ കയറി മെഗഫോണില്‍ പ്രസംഗിക്കുക, പിറ്റേന്ന് കവലകളിലും പീടികകളിലുമൊക്കെ ഉയരുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക, അക്കൂട്ടത്തില്‍നിന്ന് അനുഭാവികളെ തിരിച്ചറിഞ്ഞ് അവരുമായി അടുക്കുക, അത്തരക്കാരെ ബോധവല്‍ക്കരിച്ച് കര്‍ഷകസംഘം അംഗങ്ങളാക്കുക- ഇതായിരുന്നു രീതി.

ജന്മിത്തത്തിന്റെ പ്രതാപകാലത്തെ ക്രൂരതകള്‍ വിവരണാതീതം. തങ്ങളുടെ "പറമ്പില്‍ പാര്‍ക്കുന്ന"വരോട് എന്തുംകാട്ടാനുള്ള അധികാരം ഉണ്ടെന്നായിരുന്നു അവരുടെ ഹുങ്ക്. ഒന്നിനും മടിക്കാത്ത ചോറ്റുപട്ടാളത്തെയും ഭൂവുടമകള്‍ തീറ്റിപ്പോറ്റിയിരുന്നു. പെറ്റുകിടക്കുന്ന സ്ത്രീയും കൈക്കുഞ്ഞുമുള്ള കുടുംബത്തെവരെ, അര്‍ധരാത്രി കുടിലുകള്‍ തീയിട്ട് കുടിയൊഴിപ്പിച്ചു. നീതിയും നെറിയുംകെട്ട കുടിയൊഴിപ്പിക്കലിനും വാശി, നുരി, വെച്ചുകാണല്‍ തുടങ്ങി അന്യായ പിരിവുകള്‍ക്കുമെതിരെ കൃഷിക്കാരെ സംഘടിപ്പിച്ചാണ് കേളുഏട്ടന്‍ സജീവമായത്. ദേശീയ പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന് സാമൂഹ്യപരിഷ്കരണത്തില്‍ പങ്കാളിയായി. പിന്നീട് ഖാദിവസ്ത്ര-ഹിന്ദി പ്രചാരണത്തില്‍ . കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ ഇടതുപക്ഷത്തെത്തി. തുടര്‍ന്ന് കര്‍ഷകസംഘം നേതൃനിരയിലേക്കും. പാറപ്രത്ത് ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടക രൂപീകരണ പ്രഖ്യാപനത്തിലും പങ്കെടുത്തു.

സ്വന്തം വീടിനെക്കാള്‍ പാര്‍ടി ഓഫീസിലും അന്യരുടെ വസതികളിലും ജയിലിലുമായി കഴിയേണ്ടിവന്ന പഴയ കമ്യൂണിസ്റ്റ് നേതാക്കളില്‍ മുന്‍നിരക്കാരനാണ് കേളുഏട്ടന്‍ . വിശ്രമരഹിതമായ പ്രവര്‍ത്തനത്തിനിടെ വിവാഹംപോലും ഉപേക്ഷിച്ചു. സ്വദേശമായ വടകര പഴങ്കാവില്‍ താന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൈരളി വായനശാലക്ക് നല്‍കിയ പുസ്തകങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആയുഷ്കാല സമ്പാദ്യം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന കേളുഏട്ടന്‍ സിപിഐ എം നേതൃത്വത്തിലും ദീര്‍ഘകാലമുണ്ടായി. 1973മുതല്‍ 1988വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. വടകര, മേപ്പയ്യൂര്‍ നിയോജക മണ്ഡലങ്ങളില്‍നിന്നായി മൂന്നു പ്രാവശ്യം (1957, 65, 67) നിയമസഭയില്‍ . 1965ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് മത്സരിച്ചത്. 1968 മുതല്‍ 71വരെ വടകര മുനിസിപ്പല്‍ ചെയര്‍മാനുമായി.

കൂത്താളി സമരം, കുടികിടപ്പു വളച്ചുകെട്ടല്‍ , മിച്ചഭൂമി പിടിച്ചെടുക്കല്‍ , മാവൂര്‍ തൊഴിലാളി സമരം, ഭക്ഷ്യപ്രക്ഷോഭം, അടിയന്തരാവസ്ഥയിലെ ചെറുത്തുനില്‍പ്പുകള്‍ തുടങ്ങി കേളുഏട്ടന്റെ പോര്‍വീര്യവും ത്യാഗസന്നദ്ധതയും വെളിപ്പെട്ട ചരിത്രമുഹൂര്‍ത്തങ്ങള്‍ അനേകം. സംഭവബഹുലമായ സമരമുഖങ്ങളില്‍ ഏഴു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന അദ്ദേഹം 1991 മെയ് 20നാണ് വിടപറഞ്ഞത്. അതും ഒരു പൊതു തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ.

*
കെ വി കുഞ്ഞിരാമന്‍ ദേശാഭിമാനി 29 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുസ്തകങ്ങളില്‍നിന്ന് ആദര്‍ശം പഠിച്ചല്ല പഴയ കുറുമ്പ്രനാട്ടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കമ്യൂണിസ്റ്റുകാരായത്. അവര്‍ക്ക് കമ്യൂണിസം കേളുഏട്ടനെപ്പോലുള്ള നേതാക്കളുടെ നിസ്വാര്‍ഥതയാണ്. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നഗാന്ധിജിയുടെ വാക്കുകള്‍ക്ക് തുല്യം ശ്രേഷ്ഠവും ധന്യവുമായ സ്നേഹസാമീപ്യം. കേളുഏട്ടന്റെ നില്‍പ്പിലും നടപ്പിലും നോക്കിലുമെല്ലാമുണ്ടായിരുന്നു മനുഷ്യപ്പറ്റിന്റെ ആര്‍ദ്രത. കോഴിക്കോട് ജില്ലയിലും മയ്യഴി, വയനാട്, ഏറനാട് മേഖലകളിലും പുരോഗമന ശക്തികള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യം.