Thursday, February 16, 2012

രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക

കള്ളപ്പണം എന്നത് കേവലം നികുതിവെട്ടിപ്പ് നടത്തി ആര്‍ജിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സമ്പത്തുമാത്രമല്ല. ഇന്ന് ലോകത്ത് ഏറ്റവുമധികം കള്ളപ്പണനിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. സ്വിറ്റ്സര്‍ലന്‍ഡിലും മൗറീഷ്യസിലും മറ്റുമുള്ള നികുതിവെട്ടിപ്പ് നിക്ഷേപസങ്കേതങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം കുമിഞ്ഞുകൂടുന്നു. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 24.5 ലക്ഷം കോടിയുടെ രഹസ്യനിക്ഷേപമുണ്ടെന്ന് സിബിഐ ഡയറക്ടര്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. കള്ളപ്പണം വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലനപരിപാടി ഉദ്ഘാടനംചെയ്തുകൊണ്ടാണ് സിബിഐ ഡയറക്ടര്‍ എ പി സിങ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് വെളിപ്പെടുത്തിയത്. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നും സിങ് പറയുന്നു. ഈ അവസ്ഥ എങ്ങനെ ഉണ്ടായി എന്നത് "യഥാ രാജ, തഥാ പ്രജ" എന്ന ചൊല്ലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. ഭരണം കൈയാളുന്നവര്‍തന്നെയാണ് യഥാര്‍ഥ പ്രതികള്‍ എന്നര്‍ഥം. അത് പറയുന്നത്, രാജ്യത്തിന്റെ സമുന്നത അന്വേഷണ ഏജന്‍സിയുടെ തലവനാകുമ്പോള്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ല.

ഇരുപത്തിനാലര ലക്ഷം കോടി രൂപ എന്നത് ചെറിയ സംഖ്യയല്ല. രാജ്യത്തെ പുറത്തുവന്ന ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം കുംഭകോണം ഒന്നേമുക്കാല്‍ ലക്ഷം കോടിയുടേതാണെന്നോര്‍ക്കണം. വന്‍ അഴിമതികളിലൂടെ തട്ടിയെടുത്ത തുകയിലേറെയും വിദേശബാങ്കുകളിലാണെത്തുന്നത്്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അടുത്തകാലത്ത് വന്‍ വിവാദം സൃഷ്ടിച്ച കൂറ്റന്‍ അഴിമതികളില്‍ കൊള്ളയടിക്കപ്പെട്ട പണം കൂടുതലും ഇത്തരം നിക്ഷേപങ്ങളായി മാറി. അതിലെ കുറ്റവാളികള്‍ കേന്ദ്ര ഭരണാധികാരം കൈയാളുന്ന ഉന്നതരാണ്; മുന്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവരാണ്്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തിയും കള്ളപ്പണനിക്ഷേപകരിലുണ്ടെന്ന വെളിപ്പെടുത്തലും ഈയിടെ വന്നു. കള്ളപ്പണനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ തുക അറിയില്ലെന്നു പറഞ്ഞ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഒഴിഞ്ഞുമാറുകയായിരുന്നു. സിബിഐ ഡയറക്ടറുടെ വെളിപ്പെടുത്തലോടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആ ഒളിച്ചുകളി പൊളിഞ്ഞു.

കള്ളപ്പണം വീണ്ടെടുക്കല്‍ അസാധ്യമാണെണന്നാണ് കേന്ദ്രമന്ത്രി നാരായണസ്വാമി പറയുന്നത്. കള്ളപ്പണം നിയമവിധേയമാക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷവും സര്‍ക്കാര്‍ പിടിച്ചെടുക്കാനുള്ള നടപടികളെടുത്തില്ല. നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടില്ല എന്ന കാരണത്താലാണ് സ്വിറ്റ്സര്‍ലന്‍ഡ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കള്ളപ്പണം ഒഴുകുന്നത്.

ഇന്ത്യക്കാരായ കള്ളപ്പണനിക്ഷേപകരെക്കുറിച്ച് വിക്കിലീക്സ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. കലാനിധി മാരന്‍ , എ രാജ, കേന്ദ്രമന്ത്രി ശരദ് പവാര്‍ തുടങ്ങിയവര്‍ക്ക് വിദേശത്ത് നിക്ഷേപമുള്ളതായി ആ രേഖ ചൂണ്ടിക്കാട്ടി. പിന്നീട് ഒരു പ്രമുഖ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഒരു എംപിക്ക് ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ളതായി വിവരമുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് 780 പേര്‍ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. കള്ളപ്പണനിക്ഷേപം തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. രാജ്യത്തുനിന്ന് കള്ളപ്പണം പുറത്തേക്ക് പോകുന്ന വഴി, ഏത് രീതിയില്‍ ഇത് തടയാം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ബി പി ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പരമോന്നതകോടതി നിയോഗിച്ചു. കള്ളപ്പണനിക്ഷേപങ്ങള്‍ രാജ്യദ്രോഹക്കുറ്റംതന്നെയെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതെല്ലാമായിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുകയാണ്. കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയും രാജ്യത്ത് വന്‍ പ്രക്ഷോഭമുയര്‍ന്നപ്പോഴും പാര്‍ലമെന്റ് പ്രക്ഷുബ്ധമായപ്പോഴും പ്രധാനമന്ത്രിയും ധനമന്ത്രിയും വിശ്വസനീയമായ ന്യായവാദങ്ങളൊന്നും നിരത്തിയില്ല.

സബ്സിഡികള്‍ ഇല്ലാതാക്കിയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കാതെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചും ദരിദ്രനെ പരമദരിദ്രനാക്കുന്ന നവലിബറല്‍ നയങ്ങളുമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും അക്ഷരാര്‍ഥത്തില്‍ കുടപിടിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും മാറ്റാനുള്ള പണമാണ്; രാജ്യത്തിന്റെ വികസനത്തിനുപയോഗിക്കേണ്ട നികുതിപ്പണമാണ്; പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് കുന്നുകൂട്ടുന്ന സമ്പത്താണ് വിദേശരാജ്യങ്ങളിലെ രഹസ്യ അക്കൗണ്ടുകളില്‍ സുഖസുഷുപ്തിയില്‍ കഴിയുന്നത്.

രാജ്യമാകെ കള്ളപ്പണത്തിനെതിരെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ 2011 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 2012 ജനുവരി 30ന് ആ കമ്മിറ്റി കരട് റിപ്പോര്‍ട്ട് തയ്യാറാക്കി. രാജ്യത്തെ രണ്ട് പ്രധാന പാര്‍ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തനിനിറം തുറന്നുകാട്ടുന്നതാണ് ആ റിപ്പോര്‍ട്ടിലെ ചില വെളിപ്പെടുത്തലുകള്‍ . കോണ്‍ഗ്രസിന് 500 കോടിയും ബിജെപിക്ക് 200 കോടിയും മാത്രമാണ് വരുമാനമെന്നാണ് അവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ , ഇത് അവര്‍ ചെലവഴിക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ. 10,000 മുതല്‍ 15,000 കോടി രൂപവരെയാണ് ഓരോ തെരഞ്ഞെടുപ്പിലും രണ്ട് പാര്‍ടികളും വാരിയെറിയുന്നത്. ഇത് കള്ളപ്പണമാണ്. ഏറ്റവും വലിയ കള്ളപ്പണക്കാര്‍ എങ്ങനെ കള്ളപ്പണനിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കും?

കള്ളപ്പണക്കാരെ തുറുങ്കിലടയ്ക്കുക എന്നതിനര്‍ഥം രാജ്യദ്രോഹികളെ ശിക്ഷിക്കുക എന്നുതന്നെയാണ്. അങ്ങനെ പ്രതിപ്പട്ടികയിലെത്തുന്നത് രാജ്യം ഭരിക്കുന്നവര്‍തന്നെയെങ്കില്‍ ഈ ഭരണത്തെ രാജ്യദ്രോഹികളുടെ ഭരണമെന്നുതന്നെ വിളിക്കണം. അങ്ങനെ വിളിക്കാം എന്നാണ്, "യഥാ രാജ, തഥാ പ്രജ" പ്രയോഗത്തിലൂടെ സിബിഐ മേധാവി ഉറപ്പിക്കുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം 15 ഫെബ്രുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...