Friday, June 21, 2013

വന്മരം വീണപ്പോള്‍

ഇന്ദിരാഗാന്ധിയുടെ മരണവും തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായ സംഭവങ്ങളും ഇന്ത്യാ ചരിത്രത്തില്‍ ഒരു കാലത്തും മറക്കാനാകാത്ത കാര്യങ്ങളാണ്. അന്ന് ഡല്‍ഹിയിലുണ്ടായ ഒരുപാട് അനിഷ്ട സംഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാണ്. ഡല്‍ഹിക്ക് പോകാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം കാത്തിരിക്കുമ്പോഴാണ് ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ വാര്‍ത്ത അറിഞ്ഞത്. കെ കരുണാകരനും വിമാനത്താവളത്തില്‍ ഒപ്പമുണ്ട്. വിമാനത്തില്‍ ഞങ്ങള്‍ ഒന്നിച്ച് ഡല്‍ഹിയില്‍ എത്തി. കരുണാകരന്റെ കാറിലാണ് കേരളഹൗസിലേക്ക് പോയത്. അവിടെ ചെന്നിറങ്ങുമ്പോള്‍ രാജീവ് ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുന്നു എന്ന വാര്‍ത്തയറിഞ്ഞു. ഇന്ദിരാ വധത്തിന് പിന്നാലെ നഗരം കത്തിത്തുടങ്ങിയിരുന്നു. സിക്കുകാരെ കണ്ടാല്‍ അപ്പോള്‍ കശാപ്പ് ചെയ്യും. ആകെ അരക്ഷിതാവസ്ഥ.

ഇന്ദിരക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പോയ സുര്‍ജിത്തിന് നേരെ കലാപകാരികള്‍ ഓടിയടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത് ഞാനുണ്ട്. സുര്‍ജിത്തിന് ഒപ്പമല്ല ഞങ്ങള്‍ അവിടേക്ക് പോയത്. പക്ഷേ ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ അടുത്തെത്തി. തലേക്കെട്ട് കണ്ടതോടെ കലാപകാരികള്‍ കൊല്ലവനെ എന്നു വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. പൊലീസൊക്കെ ഓടിക്കൂടി തടഞ്ഞിട്ടും കലാപക്കാര്‍ ഒതുങ്ങിയില്ല. അവസാനം പട്ടാളം സുര്‍ജിത്തിനെ വാഹനത്തില്‍ കയറ്റി അവിടെനിന്ന് പോകുകയായിരുന്നു. ഞാന്‍ താമസിക്കുന്ന തല്‍ക്കത്തോറ റോഡിലെ പതിനഞ്ചാം നമ്പര്‍ വീടിനടുത്ത് ഒരു ഗുരുദ്വാരയുണ്ട്. അത് നിറയെ സിക്കുകാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അഭയം തേടിയിരുന്നു. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമായിരുന്നു. ആയിരക്കണക്കിന് നിസ്സഹായരായ സിക്കുകാര്‍ അഭയം തേടിയ ഈ ഗുരുദ്വാരക്ക് ചുറ്റും മെഷീന്‍ ഗണ്ണുമായി പട്ടാളം നില്‍പ്പുണ്ട്. അതിലൊരു പട്ടാളക്കാരനോട് ഞാന്‍ ചോദിച്ചു. നിങ്ങളെന്തിനാണ് തോക്കുമായി ഇവിടെ നില്‍ക്കുന്നതെന്ന്. ഗുരുദ്വാരയില്‍ അഭയം തേടിയ നിരപരാധികള്‍ കലാപത്തിന് പുറത്തിറങ്ങാതെ നോക്കാനാണ് തോക്കുമായി കാവല്‍ നില്‍കുന്നതെന്നാണ് അയാള്‍ പറഞ്ഞത്. എന്റെ വീടിനുമുന്നില്‍ കപ്പലണ്ടി കച്ചവടം ചെയ്തിരുന്ന ഒരു സര്‍ദാര്‍ജിയുണ്ടായിരുന്നു. എന്നും അയാളുടെ കൈയില്‍ നിന്ന് കപ്പലണ്ടി വാങ്ങാറുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് തിരിച്ചുവരുമ്പോള്‍ ഈ സര്‍ദാര്‍ജിയുടെ ജഡം കര്‍പ്പൂരം കത്തുന്നതു പോലെ ആ തെരുവില്‍ കിടന്ന് കത്തുന്ന കാഴ്ചയാണ് കണ്ടത്. ആ രണ്ടുരാവും പകലും ഡല്‍ഹി കലാപക്കാരുടെ കൈയിലായിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് കൊന്നുതള്ളിയത്.

മൂന്നാം ദിവസം എന്നെയും സത്യശരണ്‍ ചക്രവര്‍ത്തിയെയും മറ്റ് ഒരു എംപിയെയും വിളിച്ച് പഞ്ചാബിലേക്ക് പോകാന്‍ സുര്‍ജിത് പറഞ്ഞു. ജീവന്‍ പണയപ്പെടുത്തിയാണ് ഞങ്ങള്‍ പോയത്. കര്‍ണാലിലും മറ്റും ചെല്ലുമ്പോള്‍ ഭയങ്കരമായ കാഴ്ചകളായിരുന്നു. തകര്‍ക്കപ്പെട്ട ഗുരുദ്വാരകള്‍ സന്ദര്‍ശിച്ചു. കലാപത്തിനിരയായവരെ സമാധാനിപ്പിച്ചു. പിന്നെ അമൃത്സറില്‍ പോയി. ആദ്യത്തെ രണ്ട് മൂന്ന് മണിക്കൂര്‍ ഭരണമെന്ന് പറയുന്നത് ഇല്ലായിരുന്നു. കലാപകാരികള്‍ അഴിഞ്ഞാടുകയായിരുന്നു. വീണ്ടും പത്രാധിപസ്ഥാനത്ത് നായനാരുടെ മന്ത്രിസഭ പോയ ഉടനെ എന്നെ വീണ്ടും ദേശാഭിമാനിയിലേക്ക് വിളിച്ചു. അങ്ങനെ വന്ന് ചുമതലയെടുത്തതിന് പിന്നാലെയാണല്ലോ രാജ്യസഭയിലേക്ക് പോയത്. 1988 ലാണ് രാജ്യസഭയില്‍ നിന്ന് തിരിച്ച് വീണ്ടും ദേശാഭിമാനിയിലെത്തിയത്. അപ്പോള്‍ തിരുവനന്തപുരം എഡിഷന്‍ തുടങ്ങിയിരുന്നു. ആ സ്ഥലം വാങ്ങി. പഴയ മെഷീന്‍ ഉണ്ടായിരുന്നു. കോഴിക്കോടും കൊച്ചിയിലും നിന്നു ഏതാനും പേരെ അവിടേക്ക് കൊണ്ടുവന്നാണ് പുതിയ എഡിഷന്‍ തുടങ്ങിയത്. അക്കാലത്താണ് ഡിടിപി വരുന്നത്. തിരുവനന്തപുരത്ത് ഡിടിപി കൊണ്ടുവന്നെങ്കിലും അത് എന്താണെന്ന് പോലും നമുക്കൊന്നുമറിഞ്ഞു കൂടാ. പുതിയ കമ്പോസിങ് സംവിധാനത്തിന്റെ തുടക്കത്തില്‍ വളരെ കഷ്ടപ്പെട്ടു. മോഡം വന്നിട്ടില്ല. മോഡം ഉണ്ടെങ്കിലല്ലേ എല്ലായിടത്തേക്കും കൊടുക്കാന്‍ പറ്റൂ. ഓഫ്സെറ്റ് പ്രിന്റിങ്ങും വേണം. തിരുവനന്തപുരത്ത് മാത്രം പഴയ ഓഫ്സെറ്റുണ്ട്. കൊച്ചിയിലുണ്ടായിരുന്നത് പ്ലമാഗ് റോട്ടറി മെഷീനായിരുന്നു. അത് വാങ്ങിയപ്പോഴാണ് എന്നെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ഇപ്പോഴത്തെ സ്ഥലത്തേക്ക് രവിപുരത്തു നിന്ന് മാറിയപ്പോഴാണ് ആ പ്രസ് വാങ്ങിയത്. നമുക്ക് അന്ന് പ്രിന്റിങ്ങിന്റെ സാങ്കേതിക കാര്യങ്ങളോ പുതിയവയുടെ വരവോ ഒന്നുമറിയില്ലായിരുന്നു. ഡിടിപിയില്‍ മുഴുവനായി ചെയ്ത് മലയാളത്തില്‍ ആദ്യം പത്രമിറക്കിയത് ദേശാഭിമാനിയാണ്. തിരുവന്തപുരത്താണ് അടിച്ചത്. അതിനു മുമ്പ് മാതൃഭൂമി അവരുടെ ഒരു വാരാന്ത്യ പതിപ്പ് ഡിടിപിയില്‍ അച്ചടിച്ചിരുന്നു. അവരൊക്കെ പിന്നീട് വിദേശത്തു നിന്നെല്ലാം മികച്ച മെഷീനുകള്‍ കൊണ്ടുവന്നു. പക്ഷേ ആദ്യം അച്ചടിച്ചതിന്റെ റെക്കോര്‍ഡ് നമുക്കായിരുന്നു. അത് കെ എം മാത്യു എപ്പോഴും പറയുമായിരുന്നു. നിങ്ങള്‍ കുത്തകകള്‍ എന്ന് വിളിക്കുന്നത് ഞങ്ങളെയാണ്. പക്ഷേ പുതിയ ടെക്നോളജി എന്ത് വന്നാലും ആദ്യം പ്രയോഗിക്കുന്നത് ദേശാഭിമാനിയായിരിക്കുമെന്ന്. ദേശാഭിമാനിയില്‍ ആദ്യമായി തസ്തികകള്‍ നിലവില്‍ വന്നപ്പോള്‍ ഏറ്റവും സീനിയര്‍ മോസ്റ്റ് എന്ന നിലയില്‍ ചീഫ് റിപ്പോര്‍ട്ടര്‍ തസ്തികയാണ് എനിക്ക് കിട്ടിയത്. പിന്നീട് പടിപടിയായി ജനറല്‍ എഡിറ്റര്‍ വരെയായി. ഒരു കാലത്തും ഇത്തരം തസ്തികകളിലൊന്നും ഞാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. പാര്‍ടി ചുമതല നിര്‍വഹിക്കുന്നതു പോലെയായിരുന്നു പത്രത്തിലെ ജോലിയും കണ്ടത്. തിരുവനന്തപുരം എഡിഷന്‍ തുടങ്ങുമ്പോഴാണ് എന്നെ റസിഡന്റ് എഡിറ്ററാക്കിയത.് 1998 ലാണ് ജനറല്‍ എഡിറ്ററായി ചുമതലയേറ്റത്. പിന്നീട് രണ്ട് വര്‍ഷത്തിനകം വിരമിക്കുന്ന സമയം വരെ ദേശാഭിമാനിയുടെ ഡസ്ക് യോഗം വരെയുള്ള കാാര്യങ്ങളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 2000ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിയുന്നതു വരെ പാര്‍ടിയുടെ ദേശാഭിമാനി സബ്കമ്മിറ്റിയിലും ഉണ്ടായിരുന്നു. ദേശാഭിമാനിയുടെ കെട്ടിലും മട്ടിലും മാറ്റം വരുത്താനുളള ശ്രമങ്ങള്‍ 1970 കളോടെ തന്നെ തുടങ്ങിയിരുന്നു. ദേശാഭിമാനിയെ എല്ലാത്തരം വായനക്കാര്‍ക്കും സ്വീകാര്യമായ സമ്പൂര്‍ണ ദിനപ്പത്രം എന്ന നിലയിലേക്ക് വളര്‍ത്തുന്നതു സംബന്ധിച്ച ചര്‍ച്ച ഏതാണ്ട് 15 വര്‍ഷത്തിലേറെ പാര്‍ടിയില്‍ സജീവമായി തുടര്‍ന്നു. ഒടുവില്‍ ഇ എം തന്നെ അതുസംബന്ധിച്ച് ഒരു രേഖയുണ്ടാക്കി. എല്ലാ വായനക്കാര്‍ക്കും സ്വീകാര്യമായതും എന്നാല്‍ പാര്‍ടി താല്‍പ്പര്യം സംരക്ഷിക്കുന്നതുമായ പത്രമായി ദേശാഭിമാനി മാറണം. അല്ലാതെ പാര്‍ടി ഗസറ്റ് മാത്രമായി പോകരുത് എന്നതായിരുന്നു ഇ എം തയ്യാറാക്കിയ രേഖയുടെ സത്ത. ഈ തീരുമാനത്തിലേക്ക് എത്താന്‍ പാര്‍ടിക്കുള്ളിലും ദേശാഭിമാനിയിലും ഭയങ്കരമായി പോരാടേണ്ടിവന്നു. ഒരു ക്ഷേത്രോത്സവ വാര്‍ത്ത ദേശാഭിമാനിയില്‍ വരുന്നതില്‍പോലും ആദ്യകാലത്ത് വലിയ എതിര്‍പ്പുണ്ടായിരുന്നു. അതൊക്കെ മോശമാണ് എന്നായിരുന്നു അഭിപ്രായം. ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ പോലും ഒരു വാര്‍ത്ത നല്‍കുന്നതിനോട് വലിയൊരു വിഭാഗത്തിന് വിമുഖതയുണ്ടായിരുന്നു. അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുന്നവര്‍ നമ്മുടെ ജനതയാണ്. അവര്‍ ഏതു ദേവാലയത്തില്‍ പോയാലും പിക്കറ്റിങ്ങും ജാഥയും വരുമ്പോള്‍ കൊടിയും പിടിച്ച് നമ്മോടൊപ്പമുണ്ടാകും. അവരെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകാനാവില്ല എന്നതായിരുന്നു എന്റെ നിലപാട്. പടിപടിയായി ഇതിലൊക്കെ മാറ്റം വന്നു.

പിന്നീട് ഒരു വര്‍ഷം മണ്ഡലകാലത്ത് ശബരിമലയില്‍ ദേശാഭിമാനിയുടെ സ്റ്റാള്‍ തുറക്കാനും തീരുമാനിച്ചു. ക്ഷേത്രമാതൃകയില്‍ തീര്‍ത്ത സ്റ്റാള്‍ തിരുവനന്തപുരത്ത് തയ്യാറാക്കി അവിടേക്ക് കൊണ്ടു പോവുകയായിരുന്നു. ആദ്യം ദേവസ്വം ബോര്‍ഡുകാര്‍ സ്ഥലം തന്നില്ല. നമ്മള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. കോടതി ആവശ്യം അംഗീകരിച്ചു. എന്നാല്‍ കോടതി വിധിക്ക് കാക്കാതെ ഒമ്പതിനായിരം രൂപ വാടകകൊടുത്ത് വണ്ടന്‍മേടില്‍ സ്റ്റാള്‍ സ്ഥാപിക്കാനുള്ള സ്ഥലമെടുത്തിരുന്നു. അവിടെയാണ് സ്റ്റാള്‍ ഇട്ടത്. അങ്ങനെ തുറന്ന സ്റ്റാളില്‍ അരമണിക്കൂറോളം ഞാന്‍ ഇരുന്നപ്പോള്‍ തന്നെ പത്തഞ്ഞൂറ് അയ്യപ്പന്മാരെങ്കിലും അവിടെ വന്നു പോയിട്ടുണ്ട്. സഖാവെ നന്നായി, നമുക്ക് മാത്രമാണ് ഇത് ഇവിടെ ഇല്ലാതിരുന്നത്. മറ്റു പത്രങ്ങള്‍ക്കെല്ലാം ഈ സംവിധാനമുണ്ട്. ഏതായാലും നന്നായി എന്ന് അവര്‍ വലിയ സന്തോഷത്തോടെ അഭിപ്രായവും പ്രകടിപ്പിച്ചു. മറ്റു പത്രങ്ങള്‍ അയ്യപ്പ ഭക്തര്‍ക്ക് നല്‍കിയ എല്ലാ സേവനങ്ങളും സൗകര്യങ്ങളും നമ്മുടെ സ്റ്റാളിലും ലഭ്യമാക്കി. ആ നടപടി പാര്‍ടിയില്‍ മാത്രമല്ല ദേശാഭിമാനിയുടെ യൂണിറ്റുകളിലും എതിര്‍പ്പുണ്ടാക്കി. കാര്യങ്ങള്‍ വിശദീകരിച്ച് ഞാന്‍ തന്നെ നേരിട്ട് എല്ലാ യൂണിറ്റിലുമെത്തി. പാര്‍ടി യോഗങ്ങളിലും വിശദീകരിച്ചു. തുടക്കത്തില്‍ പാര്‍ടി നേതാക്കളില്‍ ചിലര്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് നമ്മുടെ സ്റ്റാളിന് അയ്യപ്പ ഭക്തര്‍ക്കിടയിലുണ്ടായ സ്വീകാര്യത കണ്ടപ്പോള്‍ മാറി.

വയലാര്‍ രവിയുടെ പേര് അങ്ങനെ അച്ചടിക്കാതെ അയാളുടെ ഇനിഷ്യല്‍ വച്ച് "എം കെ രവി" എന്ന് കുറേക്കാലം അച്ചടിച്ചിരുന്നു. കോണ്‍ഗ്രസുകാരുടെ പ്രസ്താവനയും പേരും കൊടുക്കുന്നതിന് പോലും ഒരുകാലത്ത് എതിര്‍പ്പുണ്ടായിരുന്നു. സ്പോര്‍ട്സിന് ഒരു പേജ് അനുവദിച്ചതിനെതിരെയും ചിലര്‍ രംഗത്തുവന്നു. ദേശാഭിമാനിയിലെ സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ് എക്കാലത്തും ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. മോഹന്‍ദാസും രവീന്ദ്രദാസും അവരുടെ പരിശ്രമത്തില്‍ ആ പേജ് മികച്ചതാക്കി നിലനിറുത്തി. അപ്പോഴാണ് ഈ വിമര്‍ശനം. ആ കാഴ്ചപ്പാടൊക്കെ മാറ്റിയെടുക്കാന്‍ നന്നായി പണിയെടുക്കേണ്ടി വന്നു. പുരുഷായുസ്സ് മുഴുവന്‍ ദേശാഭിമാനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന്റെയും അതിന്റെ ഭാഗമായി പത്രത്തിന്റെ കെട്ടിലും മട്ടിലും സ്വീകാര്യതയിലും ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെയും തൃപ്തിയോടെയാണ് ഞാന്‍ ദേശാഭിമാനിയില്‍നിന്ന് പിരിഞ്ഞത്.

ഇക്കാലത്തിനിടെ ഒരിക്കല്‍ മാത്രമാണ് എനിക്ക് പാര്‍ടിയില്‍നിന്ന് ശിക്ഷാ നടപടി നേരിടേണ്ടിവന്നത്. അത് കരുണാകരനെ കുറിച്ചുള്ള ഒരു എഡിറ്റോറിയല്‍ എഴുതിയതിന്റെ പേരിലാണ്. സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനെതിരെ കരുണാകരന്‍ നടത്തിയ പ്രസ്താവനയെ കുറിച്ചായിരുന്നു എഡിറ്റോറിയല്‍. സോണിയക്കെതിരായ കരുണാകരന്റെ പ്രസ്താവന കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കരുണാകരനെ പിന്തുണച്ചായിരുന്നു എന്റെ എഡിറ്റോറിയല്‍. അത് എഴുതരുതായിരുന്നെന്ന് പറഞ്ഞ് പാര്‍ടി എന്നെ പരസ്യമായി ശാസിച്ചു. ദേശാഭിമാനിയില്‍ അതിന്റെ വാര്‍ത്തയും വന്നു. കരുണാകരന്‍ അന്ന് നമ്മുടെ ഏറ്റവും വലിയ ശത്രുവാണ്. പാര്‍ടി അദ്ദേഹത്തിനെതിരെ എല്ലാ ആയുധവും എടുത്ത് പ്രയോഗിക്കുന്ന കാലം. അപ്പോഴാണ് കരുണാകരനെ പ്രകീര്‍ത്തിച്ച് പാര്‍ടി പത്രത്തില്‍ എഡിറ്റോറിയല്‍ വരുന്നത്. തെറ്റായിരുന്നു എന്നല്ല, അതിപ്പോള്‍ വേണ്ടായിരുന്നു എന്നാണ് പാര്‍ടിയുടെ വിലയിരുത്തല്‍. പതിനെട്ടാമത്തെ വയസ്സില്‍ പാര്‍ടിയില്‍ വന്ന എനിക്ക് ഇക്കാലത്തിനിടെ നേരിടേണ്ടിവന്ന ഏക ശിക്ഷാനടപടി അതായിരുന്നു. വിരമിക്കുന്ന ദിവസം വരെ ഞാന്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നു. (അവസാനിച്ചു)

*
കെ മോഹനന്‍ ദേശാഭിമാനി വാരിക

1 comment:

P.C.MADHURAJ said...

Do you think the hindus in calicut who didnot vote for musafir seeing Madani's foto in party's posters will come back to party reading these confessions? I dont think so.
If you can bring out the missionary angle of the solar scam, it may happen to some extent.