Wednesday, June 26, 2013

വിവാഹപ്രായവും നിയമവും

പെണ്‍കുട്ടിയുടെ വിവാഹപ്രായം പലപ്പോഴും തര്‍ക്കവിഷയമാകും. മിക്കപ്പോഴും വ്യക്തിനിയമങ്ങള്‍ തന്നെ വില്ലന്‍. മുസ്ലിം വ്യക്തിനിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം ഇല്ല. ഋതുമതി (attaining age of puberty)യായാല്‍ മതി കുട്ടിയെ കെട്ടിക്കാം. എന്നാല്‍, സംശയം വന്നാല്‍ 15 വയസ്സ് എന്നൊരു പരിധി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ തടസ്സമില്ലെന്ന വാദം പതിവ്. പലപ്പോഴും കോടതികള്‍ക്ക് ഇത് ശരിവയ്ക്കേണ്ടിവരുന്നു. എന്നാല്‍, നിലവിലുണ്ടായിരുന്ന ശൈശവ വിവാഹ നിയന്ത്രണ നിയമം (Child Marriage Restraint Act 1929) കേന്ദ്ര സര്‍ക്കാര്‍ ശൈശവ വിവാഹ നിരോധന നിയമ (Prohibition of Child Marriage Act 2006) മാക്കി പുതുക്കി. 2007 നവംബര്‍ ഒന്നിന് പ്രാബല്യത്തിലായ ഈ നിയമമനുസരിച്ച് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ നടത്തുന്നവര്‍ക്ക് രണ്ടുകൊല്ലം വരെ തടവ് ശിക്ഷ കിട്ടാം.

ഈ നിയമവും വ്യക്തിനിയമവും തമ്മില്‍ വൈരുധ്യം വന്നാല്‍ എന്തുചെയ്യും എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അക്കാര്യം കോടതിക്കേ പറയാനാകൂ. പറയേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതി പറഞ്ഞേക്കും. ഒരു കേസ് അവിടെയുണ്ട്. ദേശീയ വനിതാകമീഷന്‍ നല്‍കിയ ഹര്‍ജിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ വിവാഹം അംഗീകരിച്ച് ദല്‍ഹി ഹൈക്കോടതിയുടെ വിധി വന്നിരുന്നു. 2005ല്‍ വന്ന വിധിക്കെതിരെ 2006ല്‍ കമീഷന്‍ ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീംകോടതിയിലുള്ളത്. 13 തവണ കേസ് പരിഗണിച്ച കോടതി ഇനി ജൂലൈ 24 ന് പരിഗണിക്കും. അന്ന് തീരുമാനമായേക്കും. മുസ്ലിം വ്യക്തിനിയമത്തില്‍ മാത്രമല്ല മറ്റ് പല നിയമങ്ങളിലും പ്രായപൂര്‍ത്തിയുടെ നിര്‍വചനം പലതാണ്. ഇതെല്ലാം ഒരുപോലെയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഈ കേസ് കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹം അനുവദിച്ചാല്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ ഉദ്ദേശ്യം തന്നെ അട്ടിമറിക്കപ്പെടും. ഇന്ത്യയിലാകെ പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമാണത്. സുപ്രീംകോടതിയില്‍നിന്ന് അന്തിമ ഉത്തരവ് വരാത്ത സ്ഥിതിക്ക് ഹൈക്കോടതി ഉത്തരവുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ബാധകം. പല ഹൈക്കോടതികളും ശൈശവ വിവാഹങ്ങള്‍ സാധുവാണെന്ന് വിധിച്ചിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രാ ഹൈക്കോടതികള്‍ കേസുകള്‍ കൂട്ടത്തോടെ പരിഗണിച്ചാണ് ഇത്തരം വിധി നല്‍കിയത്. വിവാഹിതയായ സ്ത്രീ പ്രായപൂര്‍ത്തിയായ ശേഷം കോടതിയിലെത്തി അവരുടെ അനുമതിയോടെയാണ് വിവാഹം നടന്നതെന്ന് പറഞ്ഞാല്‍ ആ വിവാഹം അസാധുവാകില്ലെന്നായിരുന്നു ഈ വിധികളുടെ സാരം.

ഇപ്പോള്‍ കേരള സര്‍ക്കാര്‍ വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവാദ ഉത്തരവിന് ആധാരമാക്കിയത് ഇത്തരമൊരു വിധിയാണ്. 2005ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുവന്ന ഈ വിധിയാണ് വനിതാ കമീഷന്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍, വളരെ ശക്തവും കൂടുതല്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നുള്ളതുമായ വിധികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് ഉള്‍പ്പെടെ പിന്നീടുണ്ടായി. ഏറ്റവും ശ്രദ്ധേയം ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ 2012 ജൂലൈ 28ലെ വിധിയാണ്. പ്രത്യേക ലക്ഷ്യത്തോടെയുള്ള നിയമം എന്ന നിലയില്‍ ശൈശവവിവാഹ നിരോധന നിയമത്തിന്റെ പ്രാബല്ല്യം വ്യക്തിനിയമങ്ങള്‍ക്ക് മുകളിലാണെന്ന് ആ വിധിയില്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയും സമാനമായുണ്ടായി. അത് 2013 ഫെബ്രുവരി 26 നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നത്. അതില്‍ പറയുന്നത് 18 വയസ്സില്‍ താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ്.

അതായത് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായ ഒരു ചെയ്തിക്ക് കുട്ടുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ "കര്‍ശന നിര്‍ദേശം" നല്‍കുന്നു. അതിനായി എട്ടുകൊല്ലം മുമ്പത്തെ ഒരു ഹൈക്കോടതി വിധി ആധാരമാക്കുന്നു. അതിനുശേഷം അടുത്തിടെ വരെ വന്ന മറ്റ് കോടതിവിധികള്‍ തമസ്കരിക്കുന്നു. ഇത്തരത്തില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനേക്കാള്‍ ആധികാരികത ഒരു മതനിയമത്തിലെ വിവാദ വ്യവസ്ഥയ്ക്കാണെന്ന് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. ഇവിടെയാണ് സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആകുന്നത്. നടന്നുപോയ വിവാഹങ്ങള്‍ അംഗീകരിക്കാനാണ് ഉത്തരവെന്നൊരു വ്യാഖ്യാനം സര്‍ക്കാര്‍ വക്താക്കളില്‍ നിന്നുണ്ടായി. ഇത് കൂടുതല്‍ നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് ആശ്വാസം എത്തിക്കല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്യേണ്ടതല്ല. കുറ്റം ചെയ്തവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാം. കോടതി ഓരോ കേസിലും അതിന്റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനിക്കും, അതാണ് വേണ്ടതും. കേരളത്തില്‍ത്തന്നെ അത്തരം രണ്ട് കേസുകളില്‍ രജിസ്ട്രേഷന്‍ ഹൈക്കോടതി അടുത്തിടെ അനുവദിച്ചിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ശൈശവവിവാഹങ്ങളെല്ലാം മുസ്ലിം സമുദായത്തിലാണെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ശൈശവവിവാഹ നിരോധന നിയമത്തിനെതിരെ ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയതും ഇപ്പോഴും ഉയര്‍ത്തുന്നതും രാജസ്ഥാനിലെ ഖാപ് പഞ്ചായത്തുകളാണ്. അധികൃതരുടെ ഒത്താശയോടെ ശൈശവവിവാഹങ്ങള്‍ ഇവിടെ നടക്കുന്നു. ഹിന്ദുവിവാഹ നിയമത്തിലെ ചില പഴുതുകള്‍ ചൂണ്ടിക്കാട്ടി ഇവയുടെ രജിസ്ട്രേഷനുവേണ്ടിയും വാദങ്ങള്‍ ഉയരുന്നു. സുപ്രീംകോടതി അടുത്തമാസം കേസ് കേള്‍ക്കുമ്പോള്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കരുതാം

കേരളത്തില്‍ ശൈശവ വിവാഹം 6.8 ശതമാനം

ശൈശവ വിവാഹം കേരളത്തിലും തുടരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. 2010ല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസും കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ (District Level Household Survey) ജില്ലാതല സര്‍വേ കണക്കനുസരിച്ച് കേരളത്തില്‍ 6.8 ശതമാനം പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത് നിയമപ്രകാരം തികയേണ്ട 18 വയസ്സിനു മുമ്പാണ്. 1.2 ശതമാനം ആണ്‍കുട്ടികളുടെ വിവാഹം 21 വയസ്സ് തികയും മുമ്പാണെന്നും പഠനം പറയുന്നു. 2007-08ല്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയില്‍ പെണ്‍കുട്ടികളുടെ വിവാഹങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ നിയമപ്രകാരമുള്ള വിവാഹപ്രായം എത്തുംമുമ്പാണ്. മറ്റ് ജില്ലകളിലെ കണക്ക് ചുവടെ: പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0, പത്തനംതിട്ട-0.

കുട്ടി ആര്‍ക്കൊപ്പം

അഡ്വ. കെ ആര്‍ ദീപ

പപല വിവാഹബന്ധങ്ങളും വേര്‍പെടുത്താതിരിക്കാന്‍ കാരണമാകുന്നത് കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയാണ്. തകര്‍ച്ചയുടെ വക്കിലുള്ള കുടുംബങ്ങള്‍പോലും "കുട്ടികളെക്കരുതി തകര്‍ക്കരുതെന്ന" വാദം ഉയരാറുണ്ട്. എന്നാല്‍, അശാന്തിയും പരസ്പര വിശ്വാസമില്ലായ്മയും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരേണ്ടിവരുന്ന കുട്ടികള്‍ നേരിടുന്ന മാനസികവ്യഥ വേര്‍പെടുന്ന കുടുംബങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളേക്കാള്‍ മിക്കപ്പോഴും കടുത്തതാണ്. കുടുംബകേസുകളില്‍ കുട്ടി ആര്‍ക്കൊപ്പം എന്നത് എന്നും കോടതിക്ക് ഉത്തരം കണ്ടെത്തേണ്ടിവരുന്ന ചോദ്യമാണ്. വിവാഹമോചനക്കേസുകളില്‍ മാത്രമല്ല ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത്.

പ്രസവത്തിനൊപ്പം അമ്മ മരിച്ചാല്‍, അച്ഛനും അമ്മയും മരിച്ചാല്‍ ഒക്കെ കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന തര്‍ക്കം ഉയരാം. കുട്ടിയോടുള്ള സ്നേഹത്തില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ മുതല്‍ കുട്ടിയെ വിട്ടുകിട്ടുന്നത് അഭിമാനപ്രശ്നമായി കരുതുന്നവരുടെ അവകാശവാദങ്ങള്‍വരെ കോടതികള്‍ക്കു മുന്നിലെത്തും. പതിനെട്ടു വയസ്സുവരെയുള്ളവരാണ് നിയമത്തിനുമുന്നില്‍ കുട്ടികള്‍. കുട്ടികള്‍ ആര്‍ക്കൊപ്പം എന്ന് നിശ്ചയിക്കാന്‍ മുസ്ലിങ്ങള്‍ ഒഴികെയുള്ള മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ബാധകമാകുന്നത് 1890ലെ ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് , ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് ആക്ട്  എന്നിവയാണ്. മുസ്ലിങ്ങള്‍ക്ക് മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകളാണ് ബാധകം. അഞ്ച് വയസ്സുവരെ കുട്ടി അമ്മയ്ക്കൊപ്പം എന്നതിന് പൊതുസമ്മതിയും നിയമ പിന്‍ബലവുമുണ്ട്. പലപ്പോഴും നിയമം വിട്ട് കോടതികള്‍ തീരുമാനിക്കുന്ന വിഷയങ്ങളിലൊന്നാണ് കുട്ടികളെ ആര് പരിപാലിക്കും എന്നത്. ഇത്തരം കേസുകളില്‍ ""നിയമമോ, കര്‍ശനമായ ചട്ടങ്ങളോ തെളിവോ നടപടിക്രമമോ കീഴ്വഴക്കമോ അല്ല പരിഗണിക്കേണ്ടത്" എന്ന് 2009ല്‍ നീല്‍ രത്തന്‍ കുണ്ടു വേഴ്സസ് അഭിജിത് കുണ്ടു കേസില്‍ സുപ്രീംകോടതിതന്നെ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാക്കാലത്തേക്കും ബാധകമായ ഒരു തീര്‍പ്പില്ലെന്നും സുപ്രീംകോടതി 1973 ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ""നിലവിലുള്ള സാഹചര്യം പരിഗണിച്ചാണ് കോടതികള്‍ ഉത്തരവ് നല്‍കുന്നത്. സാഹചര്യം മാറുമ്പോള്‍, കാലം പോകുമ്പോള്‍ ആ കോടതിക്കുതന്നെ മുമ്പുനല്‍കിയ ഉത്തരവില്‍ മാറ്റം വരുത്തേണ്ടിവന്നേക്കാം. അപ്പോഴും മുഖ്യപരിഗണന കുട്ടിയുടെ ക്ഷേമമായിരിക്കണം.""-റോസി ജേക്കബ് വേഴ്സസ് ജേക്കബ് കേസില്‍ സുപ്രീംകോടതി പറഞ്ഞു. കുട്ടിയുടെ ക്ഷേമം പ്രധാനമായി പരിഗണിക്കുമ്പോള്‍ കേസിലെ കക്ഷികള്‍ തമ്മിലുണ്ടാക്കുന്ന ഒത്തുതീര്‍പ്പുകള്‍പോലും പ്രസക്തമല്ലെന്നും കോടതി 2011ല്‍ മറ്റൊരുകേസില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ കുട്ടികള്‍ ആര്‍ക്കൊപ്പം എന്നത് കോടതിക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാവുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരുകേസിലെ വിധി മറ്റൊരുകേസില്‍ പകര്‍ത്താനായെന്നു വരില്ല.

കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മൂന്നുതരം ഉത്തരവുകളാണ് കോടതികള്‍ നല്‍കുന്നത്. സ്ഥിരം കസ്റ്റഡിയാണ് ഒന്ന്. താല്‍ക്കാലിക കസ്റ്റഡി , സന്ദര്‍ശനാനുമതി എന്നിവയാണ് മറ്റ് രണ്ടുതരം ഉത്തരവുകള്‍. കേസിലെ അന്തിമതീര്‍പ്പിനനുസരിച്ചാണ് സ്ഥിരംകസ്റ്റഡി അനുവദിക്കുക. താല്‍ക്കാലിക കസ്റ്റഡി, കേസ് പരിഗണനയിലിരിക്കുന്ന കാലത്തെ കസ്റ്റഡിക്കുള്ള അനുമതിയാണ്. കസ്റ്റഡിക്കുള്ള അനുമതി കിട്ടാത്ത രക്ഷിതാവിന് കുട്ടിയെ ഇടയ്ക്ക് സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്ന ഉത്തരവാണ് സന്ദര്‍ശനാനുമതി. ഈ ഉത്തരവുകള്‍ നല്‍കുമ്പോള്‍ കോടതി പരിഗണിക്കുന്ന ഘടകങ്ങള്‍ പലതാണ്. അച്ഛന്റെയും അമ്മയുടെയും വിദ്യാഭ്യാസം, ഇരുവരുടെയും കുടുംബ പശ്ചാത്തലം, സാമ്പത്തിക സ്ഥിതി, കുട്ടിയുടെ അഭിപ്രായം, കുട്ടിയുടെ വ്യക്തിത്വവികസനത്തിന് കൂടുതല്‍ സഹായകമായ അന്തരീക്ഷം, കക്ഷികള്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്നിവയൊക്കെ കോടതി കണക്കിലെടുക്കും.

*
ദേശാഭിമാനി

1 comment:

മുക്കുവന്‍ said...

instead of publishing the percentage, if you could collect the person address will be helpful for the society to sideline those individual.. yea.. privacy act will come in between, I know.

I found the following information is no use for public:
"പാലക്കാട്-12.6, വയനാട്-9.4, കണ്ണൂര്‍-6.7, കാസര്‍കോട്-5.1, എറണാകുളം-3.9, കോഴിക്കോട്-3.1, ഇടുക്കി-3.1, തൃശൂര്‍- 2.7, കൊല്ലം-2.6, തിരുവനന്തപുരം-1.8, കോട്ടയം-0.8, ആലപ്പുഴ-0,"