Tuesday, June 25, 2013

അടിയന്തരാവസ്ഥയുടെ പാഠം

1975 ജൂണ്‍ 25. ഇന്ത്യയിലെ ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു അത്. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ചു. ഉപപ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി, സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി നേതാക്കളിലൊരാളായ ജയപ്രകാശ് നാരായണന്‍ ഉള്‍പ്പെടെയുള്ളവരെപ്പോലും ഒഴിവാക്കിയില്ല. നീണ്ട ജയില്‍ജീവിതത്തില്‍ ജയപ്രകാശിന്റെ വൃക്ക തകരാറിലായി. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടി അംഗീകരിക്കാത്തവരെന്ന് മുദ്രകുത്തിയാണ് പലരെയും അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കല്‍ നിയമപ്രകാരം ജയിലില്‍ പാര്‍പ്പിച്ചത്. അടിയന്തരാവസ്ഥയുടെ കാലത്ത് നടമാടിയ പൊലീസ് വേട്ടയും പൊലീസ് കസ്റ്റഡിയില്‍ പ്രയോഗിച്ച മൂന്നാം മുറയും മറ്റുവിധ പീഡനങ്ങളും ഓര്‍ക്കുന്നതുതന്നെ പ്രയാസമാണ്.

ഈ ലേഖകന്‍ അക്കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്നും എന്‍ ചന്ദ്രശേഖരക്കുറുപ്പ്, കെ മൂസക്കുട്ടി, കെ ബാലന്‍മാസ്റ്റര്‍, എ കണാരന്‍, ടി അയ്യപ്പന്‍, കെ പി കെ ശങ്കരന്‍, കെ പത്മനാഭന്‍, വി കെ ഗോപാലന്‍, വടകരയിലെ പി പി ശങ്കരന്‍ തുടങ്ങി നിരവധി പേര്‍. കണ്ണൂര്‍ ജില്ലയില്‍നിന്ന് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, അഡ്വ. എം കെ ദാമോദരന്‍, അഡ്വ. കെ ഇ ഗംഗാധരന്‍, അഡ്വ. കുഞ്ഞനന്തന്‍നായര്‍, എം കെ സഹദേവന്‍, എന്‍ അബ്ദുള്ള, എ കെ ജിയുടെ അനുജന്‍ എ കെ രാഘവന്‍നമ്പ്യാര്‍, ബാലഗോപാലന്‍, പി പി കോരന്‍, ഒ ഭരതന്‍, എം വി രാഘവന്‍ തുടങ്ങിയവര്‍, എന്‍ജിഒ യൂണിയന്‍ നേതാവ് ഇ പത്മനാഭന്‍, മലപ്പുറത്തുനിന്നും ഇ കെ ഇമ്പിച്ചിബാവ, ഗോപി, നന്ദകുമാര്‍ തുടങ്ങിയവരും കണ്ണൂര്‍ ജയിലിലായിരുന്നു. പിണറായി വിജയനെ പൊലീസ് മേധാവികള്‍ കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ അതിക്രൂരമായി മര്‍ദിച്ചു. ഏതു രീതിയിലുള്ള ക്രൂരമര്‍ദനം നടത്തിയാലും ചോദിക്കാനാളില്ലാത്ത നിലയായിരുന്നു.

അമ്മയ്ക്ക് രോഗം ബാധിച്ചപ്പോള്‍ ഏകമകനായ ഞാന്‍ അപേക്ഷിച്ചിട്ടും ഒരു ദിവസംപോലും പരോള്‍ അനുവദിച്ചില്ല. ജയിലിലടയ്ക്കുമ്പോള്‍ എന്റെ രണ്ടാമത്തെ മകന് മൂന്ന് വയസ്സ്. ഭാര്യക്ക് ജയിലില്‍ വന്ന് കാണാന്‍ സംസ്ഥാന സര്‍ക്കാരിന്റെ, ആഭ്യന്തര വകുപ്പിന്റെ പ്രത്യേകാനുവാദം വേണം. എട്ടും മൂന്നും വയസ്സുള്ള കൊച്ചുകുട്ടികള്‍ക്ക് പ്രത്യേകാനുവാദം വാങ്ങണമെന്നറിയാത്ത ഭാര്യ ആദ്യം അപേക്ഷിച്ചില്ല. അതുകാരണം കുട്ടികളോടൊപ്പം കാണാന്‍ സാധിച്ചില്ല. പിന്നീട് സര്‍ക്കാരില്‍നിന്ന് അനുവാദം ലഭിച്ചശേഷമാണ് പിഞ്ചുമക്കള്‍ അച്ഛനെ കണ്ടത്. ഭാര്യയുമായി സംസാരിക്കുന്നത് ജയിലറുടെ സാന്നിധ്യത്തിലായിരിക്കണം എന്ന് നിര്‍ബന്ധം. ജയിലില്‍ ഇംഗ്ലീഷ് പഠനക്ലാസ് കൈകാര്യംചെയ്തതിന് ഏകാന്തത്തടവിലിടുമെന്ന് ജയില്‍ സൂപ്രണ്ടിന്റെ ഭീഷണി. നക്സലുകാരെന്ന് മുദ്രകുത്തിയ ചിലരും ക്ലാസില്‍ പങ്കെടുത്തു എന്നാണ് കാരണമായി പറഞ്ഞത്. ചാലി എന്ന ചെറുപ്പക്കാരന്‍ ലോക്കപ്പില്‍ മൂന്നാംമുറ പ്രയോഗിച്ചതുമൂലം അവശനായി. ജയിലില്‍ എത്തിയതിനുശേഷം മരിച്ചു എന്നായിരുന്നു സംസാരം. മിസ തടവുകാരന്‍ എന്‍ അബ്ദുള്ള പ്രമേഹം മൂര്‍ച്ഛിച്ചാണ് മരിച്ചത്. അവസാന നിമിഷമാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിഷേധ സൂചകമായി ഞങ്ങള്‍ ഒരു ദിവസം നിരാഹാരസമരം നടത്തി. സഹതടവുകാരനായിരുന്ന ഗോപാലന്‍ പറമ്പത്ത് ജയിലില്‍നിന്ന് പുറത്തു വരാന്‍ സിപിഐ എമ്മുമായുള്ള ബന്ധംതന്നെ ഉപേക്ഷിച്ചു. പിന്നീട് ബിജെപിക്കാരനായി. ബിജെപി നേതാക്കളായ കെ ജി മാരാര്‍, ദത്താത്രേയറാവു എന്നിവരും സോഷ്യലിസ്റ്റ് നേതാക്കളായ ചന്ദ്രശേഖരന്‍, ശങ്കരന്‍കുട്ടി, അച്യുതന്‍, അബു, വീരേന്ദ്രകുമാര്‍, അബ്രഹാം മാന്വല്‍ തുടങ്ങിയവരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഒപ്പം അഖിലേന്ത്യാ ലീഗ് നേതാക്കളായ സി കെ പി ചെറിയ മമ്മുകേയി, സെയ്ദ് ഉമ്മര്‍ ബാഫക്കിതങ്ങള്‍, മഹമൂദ് ഹാജി, പി എം അബൂബക്കര്‍ തുടങ്ങിയ നേതാക്കളും. ജയിലിലടയ്ക്കാനുള്ള കാരണമെന്താണെന്ന് അന്നും ഇന്നും അറിയില്ല. ഞങ്ങള്‍ പുറത്തു കടക്കുന്നത് രാജ്യരക്ഷയ്ക്ക് ഹാനികരമാണ് എന്നാണ് ഉത്തരവില്‍. 1977ല്‍ അടിയന്തരാവസ്ഥ അവസാനിച്ചശേഷമാണ് പുറത്തുവന്നത്. കൂട്ടായ ജയില്‍ജീവിതം രാഷ്ട്രീയമായ ആവേശമാണ് പകര്‍ന്നുതന്നത്. യഥാര്‍ഥ കഷ്ടപ്പാടും ദുരിതവും ജയിലിനു പുറത്തായിരുന്നു. ഈച്ചരവാരിയരുടെ മകന്‍ ആര്‍ഇസിയിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നു. ജഡംപോലും കാണാന്‍ അച്ഛനും അമ്മയ്ക്കും അവസരം നല്‍കിയില്ല. ചെറുപ്പക്കാരനായ വിജയന്‍, കക്കുഴി കണ്ണന്‍ എന്നിവരും അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് പൗരന്മാര്‍ മര്‍ദനത്തിനിരയായി.

1978ല്‍ ചേര്‍ന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് അടിയന്തരാവസ്ഥയുടെ അനുഭവം ചര്‍ച്ചചെയ്യുകയുണ്ടായി. എല്ലാ ബൂര്‍ഷ്വാപാര്‍ടികളിലും സ്വേഛാധിപത്യപ്രവണത ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നുണ്ടെന്നും ഏകാധിപത്യ വാഴ്ചക്കെതിരെ വിശാലമായ ഐക്യവേദി കെട്ടിപ്പടുക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിലും ജനാധിപത്യശക്തികള്‍ വിപുലമായ ഐക്യവേദി കെട്ടിപ്പടുക്കുകയും ഐക്യം സ്ഥാപിക്കുകയുംചെയ്തു. വീടിനു തീപിടിക്കുമ്പോള്‍ കെടുത്താന്‍ വരുന്നവരുടെ കൊടിയും നിറവും ആരും പരിശോധിക്കാറില്ല എന്ന് ഇ എം എസ് അന്ന് പരസ്യമായി പറഞ്ഞു. ജനാധിപത്യസൗധത്തിന് തീപിടിച്ചപ്പോള്‍ സോഷ്യലിസ്റ്റെന്നോ, ജനസംഘമെന്നോ വ്യത്യാസമില്ലാതെ യോജിച്ച് സമരം നടത്തിയതുമൂലമാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥയുടെ പരിമിതികള്‍, 1964ല്‍ രൂപംനല്‍കിയതും രണ്ടായിരാമാണ്ടില്‍ പരിഷ്കരിച്ചതുമായ സിപിഐ എം പാര്‍ടി പരിപാടിയില്‍ വിശദീകരിച്ചിട്ടുണ്ട്. പരിപാടിയുടെ അഞ്ചാം അധ്യായത്തില്‍ 21-ാം ഖണ്ഡികയുടെ അവസാനം ഇങ്ങനെ പറയുന്നു: ""തെരഞ്ഞെടുപ്പുകളില്‍ നടമാടുന്ന പണാധിപത്യത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച, രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണം, ബൂത്ത് പിടിച്ചടക്കല്‍, തെരഞ്ഞെടുപ്പു കൃത്രിമങ്ങള്‍ തുടങ്ങിയവ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു."" അതേ ഖണ്ഡികയില്‍ ""ഉദാരവല്‍ക്കരണപ്രക്രിയ ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ വന്‍തോതിലുള്ള അഴിമതിക്ക് വഴിവച്ചിരിക്കുകയാണ്. നിയമങ്ങളെ അട്ടിമറിക്കുകയും പൊതുമുതല്‍ കൊള്ളയടിക്കുകയുംചെയ്യുന്ന അഴിമതിനിറഞ്ഞ ഒരു ഗൂഢഭാഗത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ് ഉന്നതരായ ഉദ്യോഗസ്ഥദുഷ്പ്രഭുക്കളും പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നവരും ബൂര്‍ഷ്വാ രാഷ്ട്രീയക്കാരും.""എന്നും പറയുന്നു. പരിപാടി തുടരുന്നു:""5- 22. അതെന്തായാലും ജനാധിപത്യത്തിനു വേണ്ടിയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളില്‍ സാര്‍വത്രികമായ വോട്ടവകാശം, പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകള്‍ എന്നിവയെ ആയുധങ്ങളാക്കാന്‍ ജനങ്ങള്‍ക്ക് കഴിയും. ഇന്ത്യയിലെ ഇന്നത്തെ പാര്‍ലമെന്ററി വ്യവസ്ഥ ബൂര്‍ഷ്വാസിയുടെ വര്‍ഗഭരണത്തിന്റെ ഒരു രൂപമാണെങ്കില്‍തന്നെയും ജനങ്ങളെ സംബന്ധിച്ചേടത്തോളം മുന്നേറ്റത്തിനുള്ള ഒരു മാര്‍ഗവും അതുള്‍ക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാനും ഒരളവുവരെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനും ജനാധിപത്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനും അത് ചില അവസരങ്ങള്‍ പ്രദാനംചെയ്യുന്നുണ്ട്. ""5-23. അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ടികളില്‍നിന്നും അല്ല പാര്‍ലമെന്ററിയുടെ വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് ജനങ്ങള്‍ പാര്‍ലമെന്ററി സ്ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാര വന്‍കിട ഭൂപ്രഭുക്കളുടെ സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ കാല്‍ക്കീഴിലിട്ട് ചവിട്ടിഅരയ്ക്കാന്‍ ചൂഷകവര്‍ഗം ഒട്ടും മടിക്കുകയില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവര്‍മെണ്ടുകളെ എത്രയോതവണ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ നാമത് കണ്ടതാണ്. ഭരണവര്‍ഗങ്ങള്‍ ഈ ഹീനമായ മാര്‍ഗത്തില്‍ ഏതറ്റംവരെ പോകുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു പശ്ചിമബംഗാളിലും ത്രിപുരയിലും അവര്‍ അഴിച്ചുവിട്ട അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയും ഭരണഘടനാവകുപ്പുകളുടെ നഗ്നമായ ലംഘനങ്ങളും. പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള ഗവര്‍മെണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകള്‍, പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിതപ്പെടുത്തുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവല്‍ക്കരണത്തെയും സാര്‍വദേശീയ മൂലധനത്തിന്റെ വര്‍ത്തമാനമായ സമ്മര്‍ദത്തെയുംതുടര്‍ന്ന് ഇത് കൂടുതല്‍ ശക്തമായിട്ടുണ്ട്. അതിനാല്‍ ജനങ്ങളുടെ താല്‍പര്യാര്‍ഥം അത്തരം ഭീഷണികളില്‍നിന്ന് പാര്‍ലമെന്ററി സ്ഥാപനങ്ങളേയും ജനാധിപത്യസ്ഥാപനങ്ങളേയും സംരക്ഷിക്കുകയും അത്തരം സ്ഥാപനങ്ങളെ പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്."" സാമാന്യം ദീര്‍ഘമായ ഈ ഉദ്ധരണി ജനാധിപത്യ വ്യവസ്ഥയോടുള്ള തൊഴിലാളിവര്‍ഗ വിപ്ലവപ്പാര്‍ടിയുടെ സമീപനമെന്തെന്ന് വ്യക്തമാക്കുന്നു.

നിലവിലുള്ള ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥ എത്രതന്നെ പരിമിതമാണെങ്കിലും അത് സംരക്ഷിക്കണമെന്നാണ് പാര്‍ടിയുടെ സുചിന്തിതമായ അഭിപ്രായം. അടിയന്തരാവസ്ഥയുടെ 38-ാം വാര്‍ഷിക ദിനത്തില്‍ നാളിതുവരെയുള്ള ജനാധിപത്യ ധ്വംസനത്തിന്റെ ദുരന്തകഥകള്‍ ഞങ്ങളോര്‍ക്കുന്നു. മാധ്യമങ്ങളുടെ വാമൂടിക്കെട്ടി, ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ പ്രകടനസ്വാതന്ത്ര്യം നിഷേധിച്ചു. എന്നാല്‍, ഇന്ത്യയിലെ മിക്ക ബൂര്‍ഷ്വാ മാധ്യമങ്ങളും സടകുടഞ്ഞെഴുന്നേറ്റ് ജനാധിപത്യ ഹത്യക്കെതിരെ ശബ്ദിക്കേണ്ടതായ ഘട്ടത്തില്‍ തികഞ്ഞ മൗനം അവലംബിച്ചു. ഇരുപത് കഴുതകള്‍ കെട്ടിവലിക്കുന്ന പെരുമന്തുകാലിനെ വാഴ്ത്തിപ്പാടുകയായിരുന്നു ബൂര്‍ഷ്വാമാധ്യമങ്ങള്‍. ജയിലില്‍ കഴിയുന്നവരുടെ പേരുപോലും വെളിയില്‍ പറയാന്‍ വിലക്കായിരുന്നു. സത്യം പുറത്തറിയരുത് എന്ന് നിര്‍ബന്ധമായിരുന്നു. ഇ എം എസും എ കെ ജിയും ജയിലിന് പുറത്തായിരുന്നു. അവര്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളാണ്.

ഇന്ദിരാ ഭരണം ജനാധിപത്യക്രമം കശാപ്പുചെയ്തത് ഫാസിസത്തെ പ്രതിരോധിക്കാനാണെന്ന പ്രചാരവേല ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ വച്ചാല്‍ പൊളിഞ്ഞു പാളീസാകും. അവര്‍ ഇരുവരും അടിയന്തരാവസ്ഥക്കെതിരെ പരസ്യമായി സംസാരിച്ചു. രോഗബാധിതനായിരുന്ന എ കെ ജി വിശ്രമിക്കാന്‍ വിസമ്മതിച്ചു. എ കെ ജിയുടെ പാര്‍ലമെന്റിലെ പ്രസംഗംപോലും പൂര്‍ണമായും തമസ്കരിച്ചു. അടിയന്തരാവസ്ഥയുടെ വ്യത്യസ്ത രൂപങ്ങള്‍ പശ്ചിമബംഗാളില്‍ കരാളനൃത്തമാടുന്നുണ്ട്. കേരളത്തില്‍ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ഒരുതരത്തിലുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ പ്രതികളാക്കി ജയിലിലടയ്ക്കുന്നു. പ്രസംഗിച്ചതിന്റെ പേരില്‍ എം എം മണിയെ നാടുകടത്തുന്നു. മൂന്നു കൊലക്കേസുകള്‍ സിപിഐ എം നേതാക്കളെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റുന്നു. ഒരു കൊലപാതകം കോണ്‍ഗ്രസിന് സുവര്‍ണാവസരമായിട്ടും വേണ്ടതുപോലെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്രമന്ത്രിതന്നെ തുറന്നുപറയുന്നു.

പൊലീസ് ഭീഷണിപ്പെടുത്തി സാക്ഷികളെക്കൊണ്ട് കള്ളം പറയിക്കുന്നു. പ്രതിപക്ഷ എംഎല്‍എയുടെ മകനായ എന്‍ജിനിയറടക്കം ബഹുജന സംഘടനാ പ്രവര്‍ത്തകരായ യുവാക്കളെ ഗുണ്ടാലിസ്റ്റില്‍പെടുത്തി നാടുകടത്തുന്നു. അഴിമതിക്കാരുടെ വിഹാരരംഗമായി മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയും മാറ്റിയെടുക്കുന്നു. കള്ളന്മാരും കൊള്ളക്കാരും തട്ടിപ്പ് വീരന്മാരും ലൈംഗിക ആഭാസന്മാരും മുഖ്യമന്ത്രിയുടെ സംരക്ഷണയില്‍ കഴിയുന്ന സംസ്ഥാനമായി ദൈവത്തിന്റെ സ്വന്തം നാട് മാറുന്നു. ഇതൊക്കെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍മാത്രമേ നടക്കൂ. ഇത്തരം ദുഷ്ചെയ്തികള്‍ക്കെതിരെ വിശാലമായ ഐക്യവേദി അനിവാര്യമാണെന്ന് വന്നിരിക്കുന്നു. ഇനിയൊരടിയന്തരാവസ്ഥ ജനാധിപത്യ വ്യവസ്ഥ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ജനത പൊറുപ്പിക്കില്ല. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയാം.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

No comments: