Tuesday, June 25, 2013

റാന്‍ബാക്സി കേസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മലയാള മാധ്യമങ്ങളില്‍ റാന്‍ബാക്സി കേസ് വലിയ പ്രാധാന്യമുള്ള വാര്‍ത്തയായിരുന്നില്ല. പത്രാധിപക്കുറിപ്പുകളോ ചാനല്‍ ചര്‍ച്ചകളോ ശ്രദ്ധിക്കുംവിധം കാണുകയുണ്ടായില്ല. നോവാര്‍ട്ടീസ് കേസിലും ഇതു തന്നെയായിരുന്നു സ്ഥിതി. അതു സംബന്ധിച്ച് ഈ കോളത്തില്‍ നേരത്തെ എഴുതിയിരുന്നു. മനുഷ്യനെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതിനുള്ള ഇടപെടലുകള്‍ മാധ്യമങ്ങള്‍ നടത്തുന്നില്ല. ഇക്കിളിപ്പെടുത്തുന്ന താല്‍ക്കാലിക പ്രശ്നങ്ങളില്‍ അഭിരമിക്കുന്നതിലാണ് മാധ്യമങ്ങള്‍ക്ക് പ്രിയം. കുത്തകകമ്പനികള്‍ക്ക് എതിരായുള്ള കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കുന്നതിലാണ് നല്ലൊരു പങ്ക് മാധ്യമങ്ങള്‍ക്കും പ്രിയം.

ഒരു ഇന്ത്യന്‍ കമ്പനി അമേരിക്കയില്‍ നല്‍കേണ്ടിവന്ന ഏറ്റവും വലിയ പിഴയായ 50 കോടി ഡോളറാണ് മായം ചേര്‍ത്ത മരുന്ന് വിറ്റുവെന്ന കേസില്‍ റാന്‍ബാക്സി ഒടുക്കേണ്ടിവന്നത്. സ്വയം കുറ്റം സമ്മതിച്ച് ഒടുക്കിയതാണ് ഈ പിഴ. ഒരു കാലത്ത് ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുംവിധം വലിയ കുതിച്ചുചാട്ടം നടത്തിയ കമ്പനിയാണ് റാന്‍ബാക്സി. ഹാര്‍വാര്‍ഡ് സര്‍വകലാശാല റാന്‍ബാക്സിയെ കുറിച്ച് പഠനം നടത്തിയപ്പോള്‍ അത് ഒരു ഇന്ത്യന്‍ കമ്പനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു. മികവിന്റെയും വിശ്വസ്തതയുടേയും പര്യായമായി പലരും കൊട്ടിഘോഷിച്ച ഒരു കമ്പനിയുടെ ദയനീപതനം അവിശ്വസനീയമായിരുന്നു.

അമേരിക്കന്‍ നിലവാരമനുസരിച്ച് മരുന്നുകള്‍ നിര്‍മിച്ചില്ലെന്നു മാത്രമല്ല മായം ചേര്‍ത്ത മരുന്നുകള്‍ വിറ്റുവെന്ന ആരോപണവും അവര്‍ നേരിട്ടു. ഫലത്തില്‍ കുറ്റം സമ്മതിച്ചാണ് കമ്പനി തലയൂരിയത്. റാന്‍ബാക്സിയിലെ ഉന്നതഉദ്യോഗസ്ഥനായിരുന്ന വ്യക്തിയാണ് വിവരം നല്‍കുന്നയാളായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്ക് അസുഖം ബാധിച്ചപ്പോള്‍ റാന്‍ബാക്സിയുടെ ആന്റിബയോട്ടിക്കാണ് നല്‍കിയത്. എന്നാല്‍, ഡോസ് കഴിഞ്ഞിട്ടും അസുഖത്തിനു കുറവൊന്നുമുണ്ടായില്ല. അതിനെ തുടര്‍ന്ന് മറ്റൊരു കമ്പനി നിര്‍മിച്ച അതേ ഉള്ളടക്കമുള്ള ആന്റിബയോട്ടിക്ക് നല്‍കി. ഇതിനെ തുടര്‍ന്ന് അസുഖം ഭേദമായി. തന്റെ കമ്പനിയുടെ മരുന്നുകളില്‍ എന്തോ തട്ടിപ്പുണ്ടെന്ന് അതോടെ അദ്ദേഹത്തിനു ബോധ്യമായി. എന്നാല്‍, ജോലിത്തിരക്കുകള്‍ക്കിടയില്‍ അതിനെക്കുറിച്ച് അധികം അന്വേഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് പല മരുന്നുകളെ സംബന്ധിച്ചുമുള്ള സംശയങ്ങള്‍ ജോലിയുടെ ഭാഗമായിത്തന്നെയുണ്ടാകുന്നത്.

പരീക്ഷണം നടത്താതെ തന്നെ നടത്തിയെന്ന് കൃത്രിമമായി രേഖയുണ്ടാക്കിയാണ് കമ്പനി പല മരുന്നുകളും വിപണിയില്‍ ഇറക്കിയിരുന്നത്. ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ വന്നപ്പോള്‍ കമ്പനിയില്‍ തുടരുന്നത് ധാര്‍മികമായി തെറ്റാണെന്ന് അദ്ദേഹത്തിനു തോന്നുകയും ജോലി രാജിവയ്ക്കുകയും ചെയ്തു. പിന്നീടാണ് തന്റെ യുദ്ധം ആരംഭിക്കുന്നത്. തെളിവുകള്‍ സഹിതം അമേരിക്കന്‍ സംവിധാനത്തെ സമീപിച്ചു. രഹസ്യമായി വിവരംനല്‍കുന്നവരെ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അമേരിക്കന്‍ നിയമങ്ങള്‍ ശക്തമാണ്. ഇതോടെയാണ് ഗത്യന്തരമില്ലാതെ റാന്‍ബാക്സി കുറ്റം സമ്മതിച്ച് പിഴയടച്ചത്. വിവരം നല്‍കിയയാള്‍ക്ക് അഞ്ചുകോടി രൂപയോളം പ്രോത്സാഹന സമ്മാനമായി നല്‍കി. റാന്‍ബാക്സി കേസ് ഇന്ത്യന്‍ മരുന്നുകമ്പനികളുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗൗരവമായ സംശയങ്ങള്‍ ഉയര്‍ത്തി. ഈ കമ്പനിയുടെ മരുന്നുകള്‍ ശുപാര്‍ശ ചെയ്യരുതെന്ന് ജാസ്ലോക് ആശുപത്രി മാനേജ്മെന്റ് തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്നത്തെ ഗൗരവത്തോടെ സമീപിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പരിശോധന നടത്താനോ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല.

ലോകത്തിന്റെ ഫാര്‍മസി എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ലോകത്തിലെ രണ്ടാമത്തെ മരുന്നുല്‍പ്പാദന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. മൂല്യത്തിന്റെ കണക്കിലാണെങ്കില്‍ അഞ്ചാമത്തെ രാജ്യമാണ്. റാന്‍ബാക്സി കേസ് ഇന്ത്യന്‍ കമ്പനികളെ സംശയത്തോടെ സമീപിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. മരുന്നുകളുടെ നിലവാരം പരിശോധിക്കുന്നതിന് രാജ്യത്തുള്ള സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. 94 മുതല്‍ തുടര്‍ച്ചയായി നിയമനങ്ങള്‍ മരവിപ്പിച്ചതുകൊണ്ട് നൂറുക്കണക്കിനു ഒഴിവുകളാണ് നിലവിലുള്ളത്. ഇപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിയമനനിരോധനം നീക്കിയത്. നമ്മുടെ പരിശോധനാസംവിധാനങ്ങളും ആധുനികമല്ലെന്നതാണ് യാഥാര്‍ഥ്യം.

ആദ്യമായാണ് പദ്ധതിവിഹിതം ഈ മേഖലയ്ക്കായി നീക്കിവയ്ക്കുന്നത്. അതെല്ലാം പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള ഇച്ഛാശക്തി ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. മനുഷ്യന്റെ ജീവന്‍ പന്താടുന്നതില്‍ ഒരു മടിയുമില്ലാത്ത സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാന്‍ എന്താണ് അര്‍ഹത? അതോടൊപ്പം മറ്റൊരുവശം കൂടി പരിഗണിക്കേണ്ടതുണ്ട്. ലോകകമ്പോളത്തില്‍ മരുന്നുകളുടെ വില കുറയ്ക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. എയ്ഡ്സ്, ക്യാന്‍സര്‍, ടിബി എന്നിങ്ങനെയുള്ള രോഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ നല്‍കുന്ന സംഭാവന നിസ്തുലമാണ്. അതുകൊണ്ടു തന്നെ ആഗോളകുത്തകകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ ശക്തമായ പ്രചാരവേല നടത്തുന്നുണ്ട്. ഇന്ത്യന്‍ മരുന്നുകളില്‍ 30 ശതമാനത്തിലധികം വ്യാജമരുന്നുകളാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ഒരു പരാതി പാര്‍ലമെന്റിലെ പെറ്റീഷന്‍ കമ്പനിയുടെ പരിഗണനയില്‍ വരികയുണ്ടായി. അതിന്റെ അന്വേഷണത്തിലാണ് അങ്ങനെയൊരു റിപ്പോര്‍ട്ട് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അവര്‍ തന്നെ അറിയിക്കുന്നത്.

നമ്മുടെ ആരോഗ്യവകുപ്പ് നടത്തിയ പഠനമനുസരിച്ച് കേവലം 0.4 ശതമാനം മാത്രമാണ് വ്യാജമരുന്നുകളായി കമ്പോളത്തിലുള്ളത്. അതു കുറഞ്ഞ കണക്കായിരിക്കാമെങ്കിലും നടക്കുന്ന പ്രചാരവേല തെറ്റാണ്. അതുപോലെ തന്നെ ജനറിക് മരുന്നുകള്‍ക്കെതിരെയാണ് ബ്രാന്‍ഡഡ് കമ്പനികള്‍ നിലപാട് എടുത്തിരിക്കുന്നത്. രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭിക്കുന്നതല്ല ഇക്കുട്ടരുടെ താല്‍പര്യം. പരമാവധി ലാഭം കൊയ്തെടുക്കുകയെന്നതു തന്നെയാണ്. ഈ കുത്തകകളുടെ പിന്തുണയോടെ നടക്കുന്ന പ്രചാരവേല തുറന്നുകാട്ടേണ്ടതുണ്ട്. എന്നാല്‍, റാന്‍ബാക്സി കേസ് ഈ പരിഗണനയില്‍പ്പെടുന്നതല്ല. അവരും ഇന്ന് പ്രധാന കുത്തകയാണ്. മരുന്ന് നിര്‍മാണത്തിന്റെയും പരീക്ഷണത്തിന്റെയും മേഖലയില്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പര്യാപ്തമല്ലെന്ന വിമര്‍ശനം പ്രസക്തം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് സംശയകരമാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

No comments: