Wednesday, June 19, 2013

നമ്മുടെ കുട്ടികള്‍ എന്തുപഠിക്കണം?

വിദ്യാഭ്യാസം ആര്‍ക്കുവേണ്ടി എന്ന ചോദ്യം പണ്ടുമുതലേ ഉയര്‍ന്നു വന്നിട്ടുണ്ട്. അവര്‍ണനും സവര്‍ണനും പണമുള്ളവനും ഇല്ലാത്തവനും ഒരേപോലെ വിദ്യ ലഭിച്ചില്ല. മിത്തുകളെ വീണ്ടും വായിക്കുമ്പോള്‍ പണമില്ലാത്തവനും അവര്‍ണനും അനുഭവിച്ച വിവേചനത്തിന്റെ ആഴം മനസ്സിലാകും. ധനികനായ ദ്രുപദന്‍ തന്റെ പഴയ കൂട്ടുകാരനെ (ദ്രോണരെ) തിരിച്ചറിയാതിരുന്നത് മഹാഭാരത യുദ്ധത്തിന്റെ കാരണങ്ങളിലൊന്നായി മാറി. പകയുടെ പ്രതീകമായി, മരണമില്ലാത്തവനായി ഇന്നും നമുക്കിടയില്‍ അലഞ്ഞുതിരിയുന്ന അശ്വത്ഥാമാവിനെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ധനിക-ദരിദ്ര അന്തരവും മുതലാളിത്ത ലാഭചിന്തയും തന്നെയാണ്. പുരാണത്തിലെ കൃഷ്ണനും കുചേലനും ഒരു വിദ്യാലയത്തില്‍ ഒരു ഗുരുവിനു കീഴില്‍ പഠിച്ചു. ദ്രോണനും ദ്രുപദനും പഠിച്ചതും ഇങ്ങനെതന്നെ. ""പാഠാലയത്തിലേ പ്രാമാണ്യമു ള്ളവര്‍ പാവങ്ങളോടൊത്തിണങ്ങലുള്ളൂ. പഞ്ചാമൃതക്കൂട്ടും ഞാവല്‍ പ്പഴങ്ങളും പങ്കിട്ടെടുത്തു കഴിയ്ക്കലുള്ളൂ"".

ബാലാമണിയമ്മ തിരിച്ചറിഞ്ഞ പൊതു വിദ്യാഭ്യാസത്തിന്റെ ഈ ഗുണം അതിവേഗം അപ്രത്യക്ഷമാവുകയാണ്. ഇന്ന് ധനികന്റെ കുട്ടികള്‍ക്ക് ദരിദ്രന്റെ കഷ്ടപ്പാടുകള്‍ കണ്ടറിയാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള അവസരങ്ങള്‍ കുറവാണ്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ദരിദ്രരായ കുട്ടികളുടെ എണ്ണം കുറവാണ്. പൊതു വിദ്യാലയങ്ങളില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ കുറഞ്ഞുവരുന്നു. പ്രശസ്ത ജീവശാസ്ത്രജ്ഞനായിരുന്ന ജെ സി ബോസ് തന്റെ വിദ്യാലയാനുഭവങ്ങളെക്കുറിച്ച് ഇങ്ങനെ നിരീക്ഷിക്കുന്നു: ""ഇംഗ്ലീഷ് സ്കൂളുകള്‍ ഫാഷനായിരുന്ന കാലം. എന്നിട്ടും അച്ഛന്‍ ബംഗാളി സ്കൂളിലാണെന്നെ ചേര്‍ത്തത്. അദ്ദേഹത്തിന്റെ മുസല്‍മാനായ ശിപായിയുടെ മകനും ഒരു മുക്കുവന്റെ പുത്രനുമാണ് ഒരേ ബഞ്ചില്‍ എന്റെ ഇരുവശങ്ങളില്‍ ഇരുന്നിരുന്നത്. അവരുടെ വാചാലമായ വിവരണങ്ങളില്‍ പക്ഷികളും മൃഗങ്ങളും ജലജീവികളും ചെടികളും മരങ്ങളുമെല്ലാം നിറഞ്ഞുനിന്നിരുന്നു. പ്രകൃതിയിലെ കൗതുകങ്ങളില്‍ ഞാന്‍ ആകൃഷ്ടനായത് അവരുടെ കഥകള്‍ ശ്രദ്ധിച്ചതിലൂടെയാണ്"". എന്നാലിന്ന് പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സഹവാസം വിദ്യാലയങ്ങളില്‍പ്പോലും അസാധ്യമാവുന്നു. അപ്രത്യക്ഷമാകുന്ന മതേതര വിദ്യാഭ്യാസം കേവലമായ പ്രതിജ്ഞകള്‍കൊണ്ടും ഉരുവിട്ടു പഠനംകൊണ്ടും മൂല്യബോധം സൃഷ്ടിക്കാന്‍ കഴിയില്ല. മതേതരത്വം എന്ന ആശയം ജീവിത സന്ദര്‍ഭങ്ങളില്‍ ആഴത്തില്‍ പതിയുമ്പോഴാണ് അത് അനുഭവമായി മാറുന്നത്. മതേതരത്വമെന്ന ജീവിതരീതി പ്രയോഗത്തിലൂടെ പരിശീലിക്കുന്ന സ്വാഭാവികമായ ഇടങ്ങളാണ് പൊതുവിദ്യാലയങ്ങള്‍. പൊതുവിദ്യാലയങ്ങളിലെ പൊതുബഞ്ച് എന്ന പ്രായോഗികാനുഭവം എത്രയെത്ര മാറാടുകളെ ഇല്ലാതാക്കി എന്ന് തിരിച്ചറിയേണ്ടതുണ്ട്.

""പ്രണയമാദ്യമായെയ്ത മെറ്റില്‍ഡ കടലിലെപ്പെന്‍സില്‍ കാണിച്ചു തന്ന് പുതിയ വിസ്മയം നെയ്ത നെസീമ അതിരഹസ്യമായ് കായല്‍ കടത്തി പയറു നെയ്ച്ചോറു തന്ന ഖുല്‍സത്തെ ഇടതുകാലില്‍ കുരുക്കിയ പന്തുമായ് കുതിരയെപ്പോല്‍ കുതിച്ച ക്ലമന്റിനെ മതരഹിതരായ് ഒന്നിച്ചിരുന്നു നാം മതിമറന്നു പഠിച്ച ദിനങ്ങളെ"" സ്കൂള്‍ബാര്‍ - കുരീപ്പുഴ ശ്രീകുമാര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴും ഒന്നിച്ചു കളിക്കുമ്പോഴും മുറിവുകളില്‍ മരുന്നു വയ്ക്കുമ്പോഴും ഉണ്ടാകുന്ന സാംസ്കാരിക ഐക്യം സമാനതകളില്ലാത്തതാണ്. ഭക്ഷണത്തിലെ വൈവിധ്യവും കളികളിലെ വ്യത്യസ്തതയും സ്നേഹബന്ധങ്ങളുടെ ഇഴയടുപ്പംകൊണ്ട് അളക്കാന്‍ കഴിയുന്നു എന്നതാണ് പിന്നീട് മതേതര ദേശീയബോധമായി വികസിക്കുന്നത്. ഇടശ്ശേരിയുടെ "ഇസ്ലാമിലെ വന്‍മല" എന്ന കവിതയില്‍ പൊതുവിദ്യാലയത്തിലൂടെ രൂപം കൊള്ളുന്ന മതേതര ബന്ധത്തിന്റെ തെളിവുറ്റ ചിത്രമുണ്ട്. നൂറു ശതമാനം സവര്‍ണ ഹിന്ദുമതബോധവുമായി വിദ്യാലയത്തിലേക്കു പോകുന്ന ഒരു കുട്ടി, തന്റെ കൂട്ടുകാരനായി വരുന്ന കുഞ്ഞലവിയുമായുള്ള സഹവാസത്തിലൂടെ മതേതരവാദിയായിത്തീരുന്നു. ""നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മാപ്പിളാരേ, സംഗരത്തിന്നല്ലോ സംഗതി കള്‍"". എന്ന സവര്‍ണ - ഫ്യൂഡല്‍ബോധം വിദ്യാലയത്തില്‍ വെച്ച് അനുഭവത്തിലൂടെ മാറുന്നു. ""മാപ്പിളേ, നീയെന്നലവിയെങ്കില്‍ തോളില്‍ കൈയിട്ടു നടന്നുകൊള്ളൂ കാഫിറെന്നെന്നെ വിളിച്ചു കൊള്ളൂ കാതുകുത്താതെ കഴിഞ്ഞുകൊള്ളൂ നമ്മള്‍ക്കു മുമ്പോട്ടു മുമ്പോട്ടു പോയ് നന്മയോ തിന്മയോ നേടാമൊപ്പം കൂറും പൊരുത്തവുമൊത്ത നമ്മള്‍ തോളില്‍ കൈയിട്ടേ നടന്നുകൂടൂ"".

എന്നാലിന്ന് സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ മതപഠനം മാത്രമല്ല വര്‍ഗീയബോധവും കുത്തിവയ്ക്കുന്നു. ഗോള്‍വാള്‍ക്കറുടെ "വിചാരധാര" പഠിപ്പിക്കുന്ന സംഘപരിവാര്‍ വിദ്യാലയങ്ങള്‍ ഒരുവശത്തും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നും ശാസ്ത്രസിദ്ധാന്തങ്ങള്‍ മതതത്വങ്ങള്‍ക്ക് കീഴ്പ്പെടണമെന്നും വാദിക്കുന്ന ന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ മറുവശത്തും അണിനിരക്കുമ്പോള്‍ "നാനാത്വത്തില്‍ വര്‍ഗീയത" വിളയുന്ന സങ്കുചിത ഇടങ്ങളായി കേരളത്തിലെ അണ്‍-എയ്ഡഡ് സ്ഥാപനങ്ങള്‍ മാറുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ന്ന് വളരാന്‍ അനുവദിക്കരുത്, പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പൊതു അവസരങ്ങളും വേദികളും നല്‍കരുത് തുടങ്ങിയ കാര്യങ്ങളില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ സംഘടനകള്‍ ഏകാഭിപ്രായക്കാരാണ്!

സംഘപരിവാര്‍ സംഘടനകള്‍ (പല വേഷത്തിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷമാകാറുണ്ട്). കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത ഒരു പുസ്തകത്തില്‍ പറയുന്ന കാര്യം നോക്കുക: ""ഭാരതീയ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിച്ചിരുന്ന ഒരു ആചാരമായിരുന്നു സതി""! കേരള പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പിറവി തൊട്ട് എതിര്‍പ്പുകളുടെ പരമ്പരതന്നെ ഏറ്റുവാങ്ങിക്കൊണ്ടാണ് പുതിയ പാഠ്യപദ്ധതി നിലവില്‍വന്നത്. ഗാന്ധിജിയെ "അയാള്‍" എന്നു വിളിച്ചുവെന്ന ആരോപണം, "മതമില്ലാത്ത ജീവനി"ലൂടെ മതവിശ്വാസങ്ങളെ ചോദ്യം ചെയ്തു എന്ന വിമര്‍ശനം, പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലൂടെ കത്തോലിക്കാ വിശ്വാസത്തെ അധിക്ഷേപിച്ചുവെന്ന വിലയിരുത്തല്‍ തുടങ്ങി ഒട്ടേറെ ശ്രമങ്ങള്‍ പുരോഗമന വിരുദ്ധ ശക്തികള്‍ പാഠ്യപദ്ധതിക്കെതിരെ നടത്തിയിട്ടുണ്ട്.

ഇത്തരം തുരപ്പന്‍ പരിപാടികളില്‍ ചിലതിന്റെ പിന്‍ബലത്തോടെയാണ് 2001-02 ല്‍ എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാപകമായ എതിര്‍പ്പുകളെത്തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങി. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ നോവല്‍ പാഠപുസ്തകമാക്കിയതിനെതിരെ അപവാദ പ്രചാരണം നടത്തിക്കൊണ്ടാണ് വലതുപക്ഷ ശക്തികള്‍ പാഠപുസ്തക വിവാദങ്ങള്‍ തുടങ്ങിയത്. തിക്കോടിയന്റെ "പഴശ്ശിയുടെ പടവാള്‍" എന്ന പുസ്തകം ആറാം ക്ലാസിലെ ഉപപാഠ പുസ്തകമാക്കിയതിനെതിരെ നടന്ന വിവാദവ്യവസായത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു; ""പുസ്തകം ആറാം ക്ലാസില്‍ ഉപപാഠ പുസ്തകമായി വന്നു. "പഴശ്ശിയുടെ പടവാള്‍" ഇടവും വലവും വീശുകതന്നെ ചെയ്തു. ഏറെ കാശു കിട്ടിയില്ലെങ്കിലും കുറച്ചൊക്കെ കിട്ടി. അതു വേറൊരു കഥ. പക്ഷേ, പണത്തെക്കാളേറെ അപവാദമാണ് കിട്ടിയത്. ഞാന്‍ പലരെയും കണ്ടു. കാലു പിടിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിക്ക് കൈക്കൂലി കൊടുത്തു. എന്തെല്ലാം പറയാമോ അതെല്ലാം പറഞ്ഞു. എല്ലാം കേള്‍ക്കുകയും സഹിക്കുകയും ചെയ്തു. ഓ, ഒരു കാര്യം പറയാന്‍ വിട്ടു. കമ്യൂണിസ്റ്റുകാര്‍ക്ക് കൈക്കൂലി കൊടുത്തെന്നു പറയാന്‍ കാരണം അന്നു കേരളം ഭരിച്ചിരുന്നത് ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റു മന്ത്രിസഭയായതു കൊണ്ടാണ്."" (അരങ്ങുകാണാത്ത നടന്‍ - തിക്കോടിയന്‍) മാതൃഭൂമിയില്‍ ചിത്രകാരനായിരുന്ന ദേവനാണ് ഈ പുസ്തകം പാഠപുസ്തകക്കമ്മിറ്റിക്ക് അയച്ചുകൊടുത്തത്. ഡോ. എന്‍ വി കൃഷ്ണവാരിയര്‍, ജി ശങ്കരക്കുറുപ്പ്, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരടങ്ങിയ പാഠപുസ്തകസമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്! മുറിഞ്ഞ ഗദയുമായി വലതു പക്ഷം പുതിയ പാഠ്യപദ്ധതിയുടെ വാലിളക്കാന്‍ നോക്കി ഗദ മുറിഞ്ഞവരായി (ഭീമനെപ്പോലെ) കേരളത്തിലെ പിന്തിരിപ്പന്‍ ശക്തികള്‍ മാറിക്കഴിഞ്ഞു. ""നാട്ടില്‍ പ്രഭുക്കളെ മാത്രം കണ്ടാലറിയുന്ന"" ഈ ഭീമസേനന്മാര്‍ക്ക് പാഠ്യപദ്ധതിയുടെ ദരിദ്രപക്ഷ കാഴ്ചപ്പാടിനോടാണ് കടുത്ത എതിര്‍പ്പുള്ളത്. പുറത്തു പറയുന്നത് മറ്റു കരണങ്ങളാണെന്നു മാത്രം. ""പാഠ്യപദ്ധതി വിരുദ്ധര്‍ എത്രകണ്ട് ശ്രമിച്ചിട്ടും സര്‍ക്കാരും അനുകൂല അധ്യാപക സംഘടനകളും ഏറെ ആഗ്രഹിച്ചിട്ടും പാഠ്യപദ്ധതിയെ തകര്‍ക്കാന്‍ കഴിയാതെ പോയതിനു പിന്നില്‍ കേരള വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍ക്ക് പുറമെ അക്കാദമികമായ കാരണങ്ങളും ഉണ്ടായിരുന്നു. അതിലൊന്ന്, പുതിയ പാഠ്യപദ്ധതി മുന്നോട്ടുവച്ചത്, ലോകവിദ്യാഭ്യാസ രംഗത്ത് അതിനകം അംഗീകരിച്ചു കഴിഞ്ഞിരുന്ന വിദ്യാഭ്യാസ സമീപനങ്ങളും പഠനരീതിയും മൂല്യനിര്‍ണയ സമ്പ്രദായവുമാണ് എന്നതാണ്. ഭാഷാ സമഗ്രതാ ദര്‍ശനത്തില്‍ അധിഷ്ഠിതമായ പുതിയ ഭാഷാപഠനരീതി, ഒന്നും രണ്ടും ക്ലാസുകളിലെ ഉദ്ഗ്രഥിത സമീപനം, പാഠ്യപദ്ധതിയില്‍ പൊതുവില്‍ അനുവര്‍ത്തിക്കുന്ന അറിവിന്റെ നിര്‍മാണം, നിരന്തര മൂല്യ നിര്‍ണയത്തില്‍ ഊന്നുന്ന മൂല്യനിര്‍ണയരീതി എന്നിവയെ പരിഹസിച്ചുമാത്രം പരാജയപ്പെടുത്തുക എളുപ്പമല്ല. രണ്ടാമതായി, ഇത്തരം സമീപനങ്ങള്‍ തന്നെയാണ് ദേശീയ പാഠ്യപദ്ധതികള്‍ പൊതുവിലും 2005-ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ സവിശേഷമായും മുന്നോട്ടു വച്ചിരുന്നത്. മൂന്നാമതായി നിലവാരരഹിതമെന്ന് ആവര്‍ത്തിച്ച് വിമര്‍ശിക്കപ്പെടുമ്പോഴും ദേശീയതലത്തില്‍ നടന്ന പഠനങ്ങളും കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ അക്കാദമിക മികവിനെ ആവര്‍ത്തിച്ച് അടയാളപ്പെടുത്തിക്കൊണ്ടിരുന്നു"". (കേരള എന്‍സിഇആര്‍ടി പാഠ്യപദ്ധതി - ഒരു താരതമ്യപഠനം - കേരള ശാസ്ത്രസാഹിത്യപരിഷത്ത്). പുതിയ തന്ത്രങ്ങള്‍ ഒരുഭാഗത്ത് ഏകീകൃത സിലബസ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പൊതുവിദ്യാലയങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഭരണാനുകൂല അധ്യാപക സംഘടനകളാണ് ഈ വാദം ഉന്നയിക്കുന്നത്. മറുഭാഗത്ത് എസ്സിഇആര്‍ടി പാഠപുസ്തകങ്ങള്‍ (പുതിയ പാഠ്യപദ്ധതി പാഠപുസ്തകങ്ങള്‍) സിബിഎസ്ഇ വിദ്യാലയങ്ങളിലേക്ക് കടന്നുവരുന്ന വഴികളെല്ലാം അടയ്ക്കുക. 2013 മാര്‍ച്ച് 15-ലെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത നോക്കാം: ""സിബിഎസ്ഇ സ്കൂളുകളില്‍ പാഠ്യപദ്ധതി സംബന്ധിച്ച് നിലവിലുള്ള സംവിധാനം തുടരണമെന്ന് കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കേന്ദ്ര മാനവശേഷി മന്ത്രി പള്ളം രാജുവിനെക്കണ്ട് അഭ്യര്‍ഥിച്ചു. സഹമന്ത്രി ശശി തരൂരിനെയും സിബിഎസ്ഇ ചെയര്‍മാന്‍ വിനീത് ജോഷിയെയും സന്ദര്‍ശിച്ച് അവര്‍ ഇതേ ആവശ്യമുന്നയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ എസ്സിഇആര്‍ടി സിലബസ്സനുസരിച്ചാണ് ക്ലാസെടുക്കേണ്ടത്.

ഒന്നുമുതല്‍ എട്ടുവരെ സംസ്ഥാന പാഠ്യപദ്ധതിയും 9 മുതല്‍ 12 വരെ കേന്ദ്ര പാഠ്യപദ്ധതിയും ആശയക്കുഴപ്പമുണ്ടാക്കുന്നതായി അവര്‍ ചൂണ്ടിക്കാണിച്ചു"". ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ എസ്സിഇആര്‍ടി ശാസ്ത്രീയമായി തയാറാക്കിയ പാഠപുസ്തകങ്ങള്‍ വരുന്നതിനെക്കുറിച്ച് ബേജാറാവുന്ന സിബിഎസ്ഇ സ്കൂള്‍ മാനേജര്‍മാര്‍ സൗകര്യപൂര്‍വം മറക്കുന്ന ഒരു വസ്തുതയുണ്ട്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ പഠനം, പരീക്ഷ എന്നിവയില്‍ സിബിഎസ്ഇ ഒരു ഇടപെടലും നടത്തുന്നില്ല. ഏതെല്ലാമോ സ്വകാര്യ ഏജന്‍സികള്‍ വളരെ അശാസ്ത്രീയമായി തയാറാക്കിയതും അതുകൊണ്ടുതന്നെ നിലവാരം കുറഞ്ഞതുമായ പല പാഠപുസ്തകങ്ങളാണ് സ്വകാര്യ വിദ്യാലയങ്ങള്‍ എട്ടാം ക്ലാസു വരെ പഠിപ്പിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ കമീഷന്‍ നല്‍കുന്നവര്‍ക്കാണ് വിദ്യാലയാധികൃതര്‍ മുന്‍ഗണന കൊടുക്കുന്നത്!

എട്ടാം ക്ലാസുവരെയുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളെക്കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തില്‍ രണ്ട് പോരായ്മകള്‍ കണ്ടെത്തി. (1) പാഠപുസ്തക പ്രവര്‍ത്തനങ്ങളുടെ ഉത്തരങ്ങളും നിര്‍വചനങ്ങളും പാഠപുസ്തകത്തില്‍ തന്നെ നല്‍കുന്നു. ഇത് കുട്ടിയുടെ അന്വേഷണ മനോഭാവം തടയുന്നു. (2) കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ട പഠനപ്രശ്നങ്ങളാക്കി വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രീതി കേരള സിലബസ് പുസ്തകങ്ങളെപ്പോലെ എന്‍സിഇആര്‍ടി പുസ്തകങ്ങളിലില്ല. അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിനായി ഡി സി ബുക്സ് തയ്യാറാക്കിയ ഏഴാം ക്ലാസ് പാഠപുസ്തകത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: "" മുഖ്യധാരാവിദ്യാഭ്യാസത്തോടൊപ്പം ഇംഗ്ലീഷ്മീഡിയം സ്കൂളുകളും സമാന്തര വിദ്യാലയപദ്ധതിയുമായി ഈ രംഗത്തു നിലകൊള്ളുന്നു. അത്തരം സ്കൂളുകള്‍ മാതൃഭാഷ പഠനത്തിന് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ അഭിരുചിക്കും നിലവാരത്തിനും ഇണങ്ങുന്നവയല്ല. കുട്ടികളുടെ ഭാഷാശേഷിയും സര്‍ഗശക്തിയും പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പാഠ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കുമോ എന്ന അന്വേഷണം പലഭാഗത്തുനിന്നും ഉണ്ടായത് ഈ സാഹചര്യത്തിലാണ്."" അണ്‍- എയ്ഡഡ് വിദ്യാലയത്തിലെ പാഠപുസ്തകത്തില്‍ തന്നെ അത്തരം വിദ്യാലയങ്ങള്‍ പിന്തുടരുന്ന നിലവാരത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു! ഏതെങ്കിലും ഒരു പൊതു കാഴ്ചപ്പാടോ പാഠ്യപദ്ധതിചട്ടക്കൂടോ അനുസരിച്ചല്ലേ അണ്‍-എയ്ഡഡ് വിദയാലയങ്ങളിലെ ഭാഷാ പാഠ പുസ്തകങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. ഏഴാം ക്ലാസ്സില്‍ ഡി സി ബുക്സ് തയ്യാറാക്കിയ പാഠപുസ്തകം പഠിപ്പിക്കുമ്പോള്‍ ആറാം ക്ലാസ്സിലെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് ടാശഹല ആീീസെ തൃശൂര്‍ ആണ്. രണ്ടു പുസ്തകങ്ങളിലും വ്യത്യസ്തമായ സമീപനങ്ങളാണ് ഉള്ളത്.

നിലവാരം കുറഞ്ഞ പുസ്തകങ്ങള്‍ മാറ്റണമെന്നല്ല നിലവാരമുള്ള കേരള പാഠപുസ്തകങ്ങള്‍ ഒഴിവാക്കണമെന്നാണ് മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നത്. പുതിയ പാഠ്യപദ്ധതി ഉയര്‍ത്തിപ്പിടിക്കുന്ന ദരിദ്രപക്ഷ- വിമര്‍ശനാത്മക സമീപനം, ചൂഷണങ്ങള്‍ക്കും സവര്‍ണ ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കും എതിരായ സമീപനം, മതേതരത്വം തുടങ്ങിയ കാര്യങ്ങളിലുള്ള അസഹിഷ്ണതയാണ് എസ് സി ഇ ആര്‍ ടി പാഠ പുസ്തകങ്ങള്‍ വേണ്ട എന്ന നിലപാടിനു പിന്നിലുള്ളത്. കേരളത്തിന് പൊതുവെ ബാധകമാവുന്ന എട്ട് പ്രശ്നമേഖലകളെ അടിസ്ഥാനമാക്കിയാണ് പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

പ്രശ്നമേഖലകള്‍ താഴെ കൊടുക്കുന്നു.
1) ശാസ്ത്രീയമായ സ്ഥല- ജല പരിപരിപാലനത്തിന്റെ അഭാവം.
2) കൃഷിയെ ഒരു ജീവിത സംസ്കാരമായി കാണാത്ത അവസ്ഥ.
3) വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
4) അധ്വാന ശേഷിവികാസത്തിന്റെ അഭാവം.
5) സാംസ്കാരികത്തനിമയെയും അതിന്റെ സ്വതന്ത്രവികാസത്തെയും കുറിച്ച് ധാരണയില്ലായ്മ.
6) പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടുള്ള പരിഗണനയില്ലായ്മ.
7) പരിസ്ഥിതി സൗഹൃദപരമായ വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്.
8) ശാസ്ത്രീയമായ ആരോഗ്യ- പൊതുജനാരോഗ്യ ബോധത്തിന്റെ അഭാവം.

മണ്ണും ജലവും കാലാവസ്ഥയും കൂടിച്ചേരുന്ന കേരളീയ പരിസ്ഥിതിക്ക് എന്തുതന്നെ സംഭവിച്ചാലും വേണ്ടില്ല തങ്ങളുടെ മക്കളെ ബഹുരാഷ്ട്രക്കുത്തകകളുടെ കാര്യസ്ഥപ്പണിക്ക് കയറ്റി അയക്കാന്‍ പാകത്തിലുള്ള വിദ്യാഭ്യാസമാണ് വേണ്ടത് എന്ന് കരുതുന്നവര്‍ക്ക് കേരളപാഠ്യപദ്ധതി വേണ്ടെന്നുതോന്നുന്നത് സ്വാഭാവികം മാത്രം. ഉണ്ടാക്കിത്തിന്നാതെ വാങ്ങിത്തിന്നല്‍ ശീലമാക്കുന്നവര്‍ക്ക് മണ്ണും പ്രകൃതിയുമായി രക്തബന്ധം പുലര്‍ത്തുന്ന പാഠ്യപദ്ധതി ആവശ്യമില്ല. ""എള്ളൊണങ്ങ്ണെണ്ണയ്ക്ക് പുല്ലൊണങ്ങ്ന്നാലയ്ക്ക് ഞാനൊണങ്ങിത്തീര്ന്നേ പാലിയത്തോറെ പള്ളയ്ക്ക്."" (ഏഴാം ക്ലാസ് മലയാള പാഠപുസ്തകത്തില്‍നിന്ന്) പാടത്തെച്ചേറിനെ കസ്തൂരിച്ചാറാക്കുകയും മാരിയെ പൂതൂകലാക്കുകയും ചെയ്തവരെ എന്തിനോര്‍ക്കണം? പണിമുടക്കുകളും സമരങ്ങളും ത്യാഗങ്ങളും ധിക്കാരങ്ങളും ബഹിഷ്കരണങ്ങളുമാണ് ഇന്നത്തെ കേരളം ഉണ്ടാക്കിയതെന്ന ചരിത്രസത്യം പുതിയ പാഠ്യപദ്ധതി ഓര്‍മിപ്പിക്കുമ്പോള്‍, "അതെല്ലാം മറന്നേക്കൂ" എന്ന മന്ത്രമുരുവിട്ട് ജീവിക്കുന്നവര്‍ക്ക്സഹിക്കുന്നതെങ്ങനെ?

ശ്വസനക്രിയകളും ധ്യാനകേന്ദ്രങ്ങളും ആള്‍ദൈവങ്ങളുമാണ് മോക്ഷം നല്‍കുന്നതെന്ന് കരുതുന്നവര്‍ക്ക് അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും പൊതുവിതരണസമ്പ്രദായത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും പഠിക്കേണ്ടതില്ല. ദേശീയ പാഠ്യപദ്ധതി, ഏകീകൃത സിലബസ് തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കേരള പാഠ്യപദ്ധതിയെ അട്ടിമറിക്കാനാവുമോ എന്ന് മോഹിക്കുന്നവരുണ്ട്. കൃഷിയെക്കുറിച്ച് പഠിക്കുമ്പോള്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളീയാനുഭവങ്ങളും നടപ്പിലാക്കാത്ത കര്‍ണാടക, തമിഴ്നാട് അനുഭവങ്ങളും ഏകീകൃത സിലബസിന് ഉള്‍ക്കൊള്ളാനാവുമോ? മിനിമം കൂലി നടപ്പിലാക്കിയ കേരളത്തിലെ തൊഴിലാളികളുടെ അവസ്ഥയാണോ നടപ്പാക്കാത്ത സ്ഥലങ്ങളിലെ അവസ്ഥ? ഉയര്‍ന്ന ജാതിക്കാരുടെ എച്ചിലിലയില്‍ കിടന്നുരുണ്ട് മോക്ഷമാര്‍ഗം മോഹിക്കുന്ന കര്‍ണാടകത്തിലെ ദളിതന്റെ അവസ്ഥയാണോ കേരളത്തിലെ ദളിതനുള്ളത്?

ഏകീകൃത- ദേശീയ പാഠ്യപദ്ധതിക്കുവേണ്ടി വാദിക്കുന്നവര്‍ SSA യുടെ ഏകീകൃത- ദേശീയ മാനദണ്ഡങ്ങള്‍ (വിദ്യാലയങ്ങളുടെ ഭൗതിക കാര്യങ്ങളില്‍) മാറ്റണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ട്? പാഠപുസ്തകങ്ങള്‍ പെണ്‍കുട്ടികള്‍ക്കും ഹരിജന്‍കുട്ടികള്‍ക്കും മാത്രം സൗജന്യമായി നല്‍കിയാല്‍ പോര എന്നു വാദിക്കാന്‍ കേരളീയ രാഷ്ട്രീയാന്തരീക്ഷമല്ലേ പ്രേരണയായത്? കേരളത്തിന്റെ ഈ സവിശേഷമായ സാംസ്കാരിക - ഭൗതിക സാഹചര്യം പാഠ്യപദ്ധതി രൂപീകരണത്തില്‍ മാത്രം വേണ്ട എന്ന വാശിക്ക് യുക്തിയില്ല. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ പല വകുപ്പുകളും കേരളത്തിനു യോജിച്ചതല്ല എന്നു വാദിക്കുന്നവര്‍ തന്നെ ഭാരതത്തിനാകമാനം ഒറ്റ പാഠ്യപദ്ധതി മതി എന്നു വാദിക്കുന്നത് ധനികപക്ഷ ചിന്തകൊണ്ടാണ്. ""പത്തിരട്ടിച്ച വാണിഭത്തെക്കാള്‍ വിത്തിരട്ടിച്ച കൃഷി നല്ലൂ"" എന്ന് ഓര്‍മപ്പെടുത്തുകയാണ് പുതിയ പാഠ്യപദ്ധതി ചെയ്യുന്നത്. ""നാം എന്തു ഭക്ഷിക്കണം, ഏതു വസ്ത്രം ധരിക്കണം, ഏതു വാഹനത്തില്‍ യാത്ര ചെയ്യണം, ഏതുതരം വീട്ടില്‍ താമസിക്കണം എന്നെല്ലാം പരസ്യക്കാര്‍ തീരുമാനിച്ചുകൊള്ളും. ചില സൂപ്പര്‍ താരങ്ങള്‍ വഴി പരസ്യക്കാര്‍ അതു കാണിച്ചുതരും. താരം പോകുന്നതിനു പിന്നാലെ ആരാധകരും പൊയ്ക്കൊള്ളും.

അന്ധമായ അനുകരണ ഭ്രാന്തുമൂലം ഉല്‍പന്നത്തിന്റെ ഉപയോഗം, മൂല്യം, ഗുണദോഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് നാം പരസ്യങ്ങളില്‍ വീണുപോകുന്നത്"". ഏഴാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ ലേഖന ഭാഗമാണ് മുകളില്‍ കൊടുത്തത്. മൂലധനത്തമ്പുരാക്കന്മാര്‍ക്ക് രുചിക്കാത്ത ഇത്തരം ഒട്ടേറെ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേരള പാഠ്യപദ്ധതി, എതിര്‍ക്കുന്ന അതിവിപ്ലവകാരികള്‍പോലും വായിച്ചുനോക്കിയിട്ടില്ല! വായിച്ചു ഞെട്ടിയ വലതുപക്ഷ മനസുള്ളവരാകട്ടെ നേരിട്ടു വെട്ടി മരിക്കാതെ ഒളിവെട്ടുമായി കഴിയുന്നു. നിലവിലുള്ള പാഠ്യപദ്ധതി എല്ലാം തികഞ്ഞതാണെന്നോ സമ്പൂര്‍ണമാണെന്നോ അല്ല സൂചിപ്പിക്കുന്നത്. പരിഷ്കരണം ആവശ്യവുമാണ്. എന്നാല്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് പരിഷ്കരിക്കേണ്ടത്. സ്വീകരണവും നിരാസവും ചേര്‍ന്ന ശാസ്ത്രീയമായ പരിഷ്കരണമാണ് വേണ്ടത്. കേവലമായ ഓര്‍മ പരിശോധനയും കാണാപ്പാഠം പഠിക്കലും ഒഴിവാക്കലും ചേര്‍ന്ന പഴയ രീതികളിലേക്കുള്ള തിരിച്ചുപോക്കാകരുത് പരിഷ്കരണം.

*
കെ മനോഹരന്‍ ദേശാഭിമാനി വാരിക

No comments: