Tuesday, June 11, 2013

തണ്ടൊടിഞ്ഞ താമര

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് പ്രചാരണസമിതിയുടെ നേതാവായി തെരഞ്ഞെടുത്തതിലുള്ള ആഘോഷങ്ങള്‍ക്ക് ഇത്രവേഗം നിറം മങ്ങുമെന്ന് ബിജെപി കരുതിയിട്ടുണ്ടാവില്ല. പനാജിയില്‍നിന്ന് ബിജെപി നേതാക്കള്‍ ഡല്‍ഹിയിലെത്തുമ്പോഴേക്കും പാര്‍ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ എല്‍ കെ അദ്വാനിയുടെ രാജിവാര്‍ത്തയും പുറത്തു വന്നു. മുപ്പത് വര്‍ഷംമാത്രം പ്രായമുള്ള ബിജെപിയിലുണ്ടായ ഏറ്റവും വലിയ പൊട്ടിത്തെറി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ്ങും മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയും ഗുജറാത്തില്‍ ശങ്കര്‍സിങ് വഗേലയും കേശുഭായ് പട്ടേലും കര്‍ണാടകത്തില്‍ യെദ്യൂരപ്പയും പാര്‍ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പാര്‍ടി വിട്ടിരുന്നെങ്കിലും അതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് സ്ഥാപകനേതാവായ അദ്വാനിയുടെ രാജി.

ബിജെപിക്ക് തീവ്രഹിന്ദുത്വ മുഖവും ആശയപരമായ അടിത്തറയും നല്‍കിയ നേതാവാണ് അദ്വാനി. മതനിരപേക്ഷതയ്ക്കെതിരെ കടുത്ത ആക്രമണം നടത്തി ഹിന്ദുത്വവാദികളുടെ കൈയടി നേടി. 1984 ല്‍ ലോക്സഭയില്‍ രണ്ട് സീറ്റ് മാത്രമുള്ള ബിജെപിയെ 1998ല്‍ അധികാരത്തിലെത്തിച്ചത് സോമനാഥ ക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ രഥയാത്രയും അയോധ്യ പ്രസ്ഥാനവും അതുവഴിയുണ്ടാക്കിയ വര്‍ഗീയധ്രുവീകരണവുമാണ്. ബിജെപി എന്ന പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുണ്ട് അദ്വാനിക്ക്. അത്തരമൊരു നേതാവ് പുറത്തുപോകുന്നത് ബിജെപിയുടെമാത്രമല്ല മോഡിയുടെ പ്രതിച്ഛായയും തകര്‍ക്കും. അതുകൊണ്ടുതന്നെ അദ്വാനിയെ കൂടെ നിര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസ്സും കിണഞ്ഞ് ശ്രമിക്കും.

ചരിത്രത്തില്‍ ആദ്യമായി ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍നിന്ന് വിട്ടുനിന്ന് മോഡിയെ തെരഞ്ഞെടുക്കുന്നതിലുള്ള തന്റെ എതിര്‍പ്പ് അദ്വാനി വ്യക്തമാക്കിയിരുന്നു. മുന്‍ ധനകാര്യ- വിദേശമന്ത്രിമാരായ ജസ്വന്ത്സിങ്, യശ്വന്ത് സിന്‍ഹ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ഉമാഭാരതി, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ബി സി ഖണ്ഡൂരി എന്നിവരും യോഗത്തില്‍നിന്ന് ബഹിഷ്കരിച്ചത് ഒരു പിളര്‍പ്പിനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. മോഡിയെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി തലവനാക്കിയതിലാണ് എതിര്‍പ്പെന്ന് രാജ്നാഥ്സിങ്ങിന് രാജിക്കത്ത് അയച്ചതിലൂടെ അദ്വാനി വ്യക്തമായ സൂചന നല്‍കി. ദേശീയ നിര്‍വാഹകസമിതി അംഗത്വം, പാര്‍ലമെന്ററി ബോര്‍ഡ് അംഗത്വം, തെരഞ്ഞെടുപ്പ് സമിതി അംഗത്വം എന്നിവയാണ് അദ്വാനി രാജിവച്ചിട്ടുള്ളത്. എന്‍ഡിഎ ചെയര്‍മാന്‍സ്ഥാനം അദ്വാനി രാജിവച്ചിട്ടില്ലെന്നത് സഖ്യകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയരാന്‍ കഴിയുമെന്ന മോഹമാണ് തെളിയിക്കുന്നത്. അദ്വാനിയുടെ അധികാരമോഹമാണ് ഇവിടെ മറനീക്കുന്നത്. അദ്വാനിയെ തിരിച്ചുകൊണ്ടുവരാന്‍ ശിവസേനയും ഐക്യജനതാദളും തൃണമൂല്‍ കോണ്‍ഗ്രസും വാദിക്കുന്നതില്‍നിന്ന് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റല്ലെന്ന് വ്യക്തമാകുന്നു. നരേന്ദ്രമോഡിയെ ഏകകണ്ഠമായാണ് പ്രചാരണസമിതി അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങിന്റെ വാദഗതി തെറ്റാണെന്ന് തെളിയിക്കുന്നതാണ് അദ്വാനിയുടെ രാജി. അദ്വാനിയുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും മോഡിയെ പ്രചാരണസമിതി ചെയര്‍മാനായി രാജ്നാഥ്സിങ് പ്രഖ്യാപിച്ചത് ആര്‍എസ്എസിന്റെ തിരക്കഥയനുസരിച്ചാണ്. 2005ല്‍ മുഹമ്മദലി ജിന്നയെ മതനിരപേക്ഷവാദിയെന്ന് അദ്വാനി വിളിച്ചതോടെ പാര്‍ടിയേക്കാളും വലിയ ആളായി അദ്വാനി വളരുകയാണെന്നും അതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ നേതൃത്വത്തെ പ്രതിഷ്ഠിക്കണമെന്നും ആര്‍എസ്എസ് നിശ്ചയിച്ചു.

വാജ്പേയി പാര്‍ടിയേക്കാളും വലുതായെങ്കിലും അദ്ദേഹത്തെ ഒതുക്കാന്‍ ആര്‍എസ്എസിന് കഴിയാതെ പോയി. അദ്വാനിയുടെ കാര്യത്തില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് ആര്‍എസ്എസ്സിന് നിര്‍ബന്ധമുണ്ടായിരുന്നു. സര്‍സംഘ്ചാലകുമാരായ കെ സുദര്‍ശനും മോഹന്‍ ഭാഗവത്തും ഇത് പരസ്യമായി പറഞ്ഞു. ഇതനുസരിച്ച് ബിജെപി നിര്‍വാഹകസമിതിയില്‍ നിര്‍മിച്ചെടുത്ത സമവായത്തിലൂടെയണ് മോഡിയെ പ്രചാരണസമിതി ചെയര്‍മാനാക്കി മാറ്റിയത്. 1990കളില്‍ അദ്വാനിയെപ്പോലെ പാര്‍ടി കേഡര്‍മാരെ ഉണര്‍ത്തിവിടാന്‍ ശേഷിയുള്ള ഒരു നേതാവിനെയാണ് ബിജെപിക്ക് വേണ്ടിയിരുന്നത്. നിതിന്‍ ഗഡ്കരിയെ ഈ ലക്ഷ്യവുമായാണ് ആര്‍എസ്എസ് ബിജെപി പ്രസിഡന്റ്് സ്ഥാനത്തേക്ക് കൊണ്ടുവന്നതെങ്കിലും ബംഗാരു ലക്ഷ്മണിനെപ്പോലെ അദ്ദേഹവും അഴിമതിയില്‍പ്പെട്ട് പുറത്തേക്കായി. സഞ്ജയ് ജോഷിയെന്ന ബിജെപിയിലെ സംഘടനാച്ചുമതലയുള്ള ആര്‍എസ്എസുകാരനെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ മോഡിയെത്തന്നെ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ ആര്‍എസ്എസ് തീരുമാനിക്കുന്നതും ഈ സാഹചര്യത്തില്‍. വന്‍തോതില്‍ ഹിന്ദുത്വവോട്ടുകള്‍ നേടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് മോഡിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്താനുള്ള സംഘപരിവാര്‍ തീരുമാനം. ന്യൂനപക്ഷവിരുദ്ധ വോട്ട് ധ്രുവീകരിക്കുന്നത് ബിജെപിക്കും എന്‍ഡിഎയ്ക്കും നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെട്ടത്.

നല്ല തുടക്കം പകുതി വിജയം ഉറപ്പാകുമെന്ന് മോഡിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ബിജെപി നേതാവ് അരുണ്‍ജെയ്റ്റ്ലി പ്രതികരിച്ചത്. എന്നാല്‍, മോഡിയെ തെരഞ്ഞെടുത്തത് ബിജെപിക്ക് നല്ല തുടക്കമല്ലെന്ന് അദ്വാനിയുടെ രാജി തെളിയിക്കുന്നു. പാര്‍ടിയെത്തന്നെ പിളര്‍പ്പിലേക്ക് നയിക്കുന്ന ധ്രുവീകരണമാണ് മോഡി വന്നതിലൂടെ ഉണ്ടായിട്ടുള്ളത്. പാര്‍ടി മാത്രമല്ല മോഡിയുടെ വരവിലൂടെ എന്‍ഡിഎയും തകരുമെന്നാണ് സൂചന. മോഡിയെ എന്‍ഡിഎ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കിയാല്‍ മുന്നണിയില്‍ തുടരില്ലെന്ന് ഏപ്രിലില്‍തന്നെ ജെഡിയു നേതാവ് നിതീഷ്കുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ടിയും മുന്നണിയും ശിഥിലമാകുമ്പോള്‍ ബിജെപിക്ക് മോഡി എല്ലാ അര്‍ഥത്തിലും ബാധ്യതയാവുകയാണ്. ബിജെപിയെന്ന വലതുപക്ഷ- വര്‍ഗീയ പാര്‍ടിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് ഗോവയില്‍ തെളിഞ്ഞത്.

2002 ല്‍ അധികാരത്തില്‍ വരാനായി വംശഹത്യ നടത്തിയ മോഡിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയെന്ന സന്ദേശംമാത്രമാണ് ബിജെപിയുടെ മൂന്നു ദിവസം നീണ്ട നേതൃതല യോഗം നല്‍കിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിനോ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന നവ ഉദാരവല്‍ക്കരണ നയത്തെ വിമര്‍ശിക്കാനോ ബിജെപി തയ്യാറായില്ല. 1990 കളിലേതുപോലെ വര്‍ഗീയതയില്‍ ഊന്നിയുള്ള പ്രചാരണത്തിനാണ് ബിജെപി ഒരുങ്ങുന്നത്. അഴിമതിയില്‍ മുങ്ങിത്താഴ്ന്ന കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങള്‍ അതേപടി അംഗീകരിക്കുന്ന ബിജെപിക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടുതന്നെ മോഡിയെ ഉയര്‍ത്തിക്കാട്ടുന്ന ബിജെപി കടുത്ത വര്‍ഗീയ ധ്രുവീകരണത്തിനായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ശ്രമിക്കുക. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ ജനാധിപത്യ-മതേതരവിശ്വാസികള്‍ തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: