Saturday, June 15, 2013

ഗുജറാത്തെന്നു കേട്ടാല്‍ കയറെടുക്കുന്നവരോട്...

കേരളമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം. എന്നാണല്ലോ കവിവാക്യം. എന്നാല്‍ ചില കേരളീയര്‍ക്ക് അന്തരംഗം അഭിമാനപൂരിതമാകണമെങ്കില്‍ ഗുജറാത്തെന്നു കേള്‍ക്കണം. ഗുജറാത്തിന്റെയും കേരളത്തിന്റെയും വികസന നേട്ടങ്ങളെ താരതമ്യപ്പെടുത്തി അടുത്ത കാലത്ത് മാതൃഭൂമി ദിനപത്രത്തില്‍ ഞാനൊരു ലേഖനമെഴുതി. ഏതാനും ദിവസം കൊണ്ട് ഓണ്‍ലൈന്‍ പതിപ്പില്‍ 140ഓളം പേരാണ് പ്രതികരിച്ചത്. മഹാഭൂരിപക്ഷവും ഗുജറാത്ത് പ്രേമികള്‍. കേരളത്തിന് എന്തെല്ലാം പോരായ്മകളുണ്ടോ, അവയെല്ലാം അവര്‍ എണ്ണിയെണ്ണി നിരത്തുകയാണ്. കേരള മാതൃക എന്നു പറഞ്ഞാല്‍ കേരളത്തിലുളളതെല്ലാം മാതൃകാപരമാണ് എന്നാണ് വാദം എന്ന മട്ടിലാണ് വിമര്‍ശനങ്ങള്‍.

മാതൃകയെന്നത് സാമൂഹ്യശാസ്ത്രപരമായ പരികല്‍പ്പനയാണ്. സങ്കീര്‍ണമായ സാമൂഹ്യവ്യവസ്ഥയെ ലളിതവത്കരിച്ച് ഏറ്റവും സാരവത്തായ ഘടകങ്ങളെ മാത്രമെടുത്ത് വിശകലനം നടത്തുന്ന രീതിയാണത്. ഇതിനെയാണ് മോഡല്‍ അല്ലെങ്കില്‍ മാതൃക എന്നു പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ വികസന മാതൃകയില്‍ സാമ്പത്തികവളര്‍ച്ചയുടെ നീണ്ട കാലഘട്ടത്തിനുശേഷം അഭിവൃദ്ധിയുടെ ഉച്ചസ്ഥായിയിലെത്തിയ ശേഷമാണ്, അത് താഴേയ്ക്ക് സാമൂഹ്യക്ഷേമ നേട്ടങ്ങളായി കിനിഞ്ഞിറങ്ങിയത്. ആദ്യം സാമ്പത്തികവളര്‍ച്ച, സാമൂഹ്യക്ഷേമം പിന്നീട്. വ്യവസായ വിപ്ലവകാലത്തും അതിനു ശേഷവുമുള്ള ദീര്‍ഘനാള്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ ഗണ്യമായ യാതൊരു വര്‍ദ്ധനയും യൂറോപ്പിലുണ്ടായില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് സാധാരണക്കാരുടെ ജീവിതനിലവാരം ശ്രദ്ധേയമായി ഉയരാന്‍ തുടങ്ങിയത്. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരനുഭവമാണ് കേരളത്തിന്റെ വികസന മാതൃക. സാമ്പത്തികമായി പിന്നാക്കം നിന്ന കാലഘട്ടത്തില്‍പ്പോലും മറ്റ് അവികസിത പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഇവിടെ കഴിഞ്ഞു. ഇതിനു കാരണം മാറിമാറി വന്ന ഭരണകൂടങ്ങള്‍ സ്വീകരിച്ച പുനര്‍വിതരണത്തിലൂന്നിയുളള നയങ്ങളാണ്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ സൗജന്യങ്ങള്‍ വിപുലീകരിച്ചു. ഭൂപരിഷ്കരണവും കൂട്ടായ വിലപേശലും നടപ്പായി. സാമൂഹ്യസുരക്ഷിതത്വ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കിയത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ അടക്കമുള്ള കേരളത്തില്‍ ഉയര്‍ന്നുവന്ന ജനകീയ സമ്മര്‍ദ്ദശക്തികളാണ്.

സാമ്പത്തികവളര്‍ച്ചയോടൊപ്പം തന്നെ, അതായത് അതിന്റെ പ്രാരംഭഘട്ടം മുതല്‍തന്നെ സാമൂഹ്യക്ഷേമവും ഉറപ്പുനല്‍കുന്നു എന്നതാണ് കേരളവികസന മാതൃകയുടെ പ്രത്യേകത. സാമ്പത്തികവളര്‍ച്ചയും സാമൂഹ്യക്ഷേമവും മുരടിച്ചു നില്‍ക്കുന്ന ഒട്ടേറെ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, യുപി, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിങ്ങനെ ഈ പട്ടിക നീളും. ഈ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗുജറാത്തുപോലുളള സംസ്ഥാനങ്ങള്‍ ദ്രുതഗതിയിലുളള സാമ്പത്തികവളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യക്ഷേമനിലയെടുത്തു കഴിഞ്ഞാല്‍ ഇന്നും പണ്ടത്തെ സ്ഥിതിയില്‍ നിന്ന് താരതമ്യേന ഉയര്‍ച്ച ഉണ്ടായിട്ടില്ല. അതേസമയം സാമൂഹ്യക്ഷേമ നേട്ടത്തില്‍ മുന്നിട്ടുനിന്ന കേരളമാകട്ടെ, സമീപകാലത്ത് ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വളരുന്നുണ്ട് താനും. അതുകൊണ്ട് എന്റെ ലേഖനത്തില്‍ വാദിച്ചത്, ഗുജറാത്തിനെക്കാള്‍ മെച്ചപ്പെട്ട വികസന മാതൃക കേരളത്തിലേതാണെന്നാണ്. കേരളമാണ്, ഗുജറാത്തല്ല ഇന്ത്യയ്ക്കു മാര്‍ഗദര്‍ശകമാകേണ്ടത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തന്നെ മാതൃഭൂമിയില്‍ മറുപടിയുമെഴുതി. അദ്ദേഹം പറയുന്നു

:കേരളത്തെയും ഗുജറാത്തിനെയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഗുജറാത്തില്‍ വികസനം നടക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകമായ ബൗദ്ധികവ്യായാമം നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികവളര്‍ച്ചയില്‍ ഗുജറാത്തും മാനവവികസന സൂചികയില്‍ (ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇന്‍ഡക്സ്, എച്ച്.ഡി.ഐ.) കേരളവും ഒന്നാം സ്ഥാനത്തായതുകൊണ്ട് മാത്രമല്ല ഈ താരതമ്യം. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ഗുജറാത്ത് ബഹുദൂരം മുന്നിലാണെന്ന അപ്രിയസത്യം മോഡിവിരുദ്ധരിലുണ്ടാക്കിയ ധൈഷണികമായ അങ്കലാപ്പുകളുടെ ആകത്തുകയാണ് എച്ച്.ഡി.ഐ. അക്കങ്ങളെക്കൊണ്ടുള്ള പുതിയ കണ്‍കെട്ടു വിദ്യ. അതേ. കേവലം അക്കാദമിക് ചര്‍ച്ചയല്ല. പ്രശ്നം രാഷ്ട്രീയം തന്നെയാണ്. ഇന്ത്യ കണ്ടിട്ടുളള ഏറ്റവും നിഷ്ഠുരമായ സംസ്ഥാന സര്‍ക്കാരുകളിലൊന്നിനെ സാമ്പത്തികവളര്‍ച്ചയുടെ കണക്കുകള്‍ കൊണ്ട് വെള്ളപൂശി ഇന്ത്യയ്ക്കാകെ മാതൃകയാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഞങ്ങളുടെ വിമര്‍ശനം രണ്ടാണ്. ഒന്ന്, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. സാമ്പത്തികവളര്‍ച്ച മോഡിയുടെ ഇന്ദ്രജാലമൊന്നുമല്ല. രണ്ട്, ഗുജറാത്തിലെ ഈ സാമ്പത്തികവളര്‍ച്ചയുടെ നേട്ടം അവിടുത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യാസ - ആരോഗ്യ ജീവിതസാഹചര്യങ്ങള്‍ പണ്ടത്തെപ്പോലെ പിന്നാക്കമായി തുടരുന്നു. വി. മുരളീധരനും ഓണ്‍ലൈന്‍ അനുയായികളും മുന്നോട്ടു വെയ്ക്കുന്ന പ്രതിവാദങ്ങള്‍ പലതും പ്രാഥമികപരിശോധനയുടെ മുന്നില്‍പ്പോലും നിലനില്‍ക്കുന്നതല്ല. ഒന്ന്, മാനവ വികസന സൂചികയുടെ സാംഗത്യത്തെത്തന്നെ വി മുരളീധരന്‍ ഇങ്ങനെ ചോദ്യം ചെയ്യുന്നുണ്ട്. ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നീ നിര്‍ണായക ഘടകങ്ങളെ മാനവവികസന സൂചിക അവഗണിക്കുന്നുവെന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ അഭിപ്രായമുണ്ട്. ഏറെ പരിമിതികളുള്ള ഈ സൂചികയെ വികസനത്തിന്റെ മാനദണ്ഡമായി പരിഗണിക്കാനാവില്ലെന്ന് ഹെന്റിക് വോള്‍ഫിനെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഹെന്റിക് വോള്‍ഫിന്റെ വിമര്‍ശനം ഭൂപ്രകൃതി, പരിസ്ഥിതി, ജനസംഖ്യ എന്നിവയെ പരിഗണിക്കുന്നില്ല എന്നുളളതല്ല. വ്യത്യസ്തരാജ്യങ്ങളെ താരതമ്യപ്പെടുത്തുന്നതിനുള്ള കണക്കുകളില്‍ ഒട്ടേറെ പിശകുകള്‍ ഉണ്ടെന്നും അതുകൊണ്ട് വിവിധ രാജ്യങ്ങളുടെ മാനവവികസന സൂചികകള്‍ താരതമ്യപ്പെടുത്താനാവില്ലെന്നുമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ താരതമ്യത്തിന് ഈ വിമര്‍ശനം സാധുവല്ല. കേരളത്തിന്റെ നേട്ടം ഭൂപ്രകൃതിയുടെയും പരിസ്ഥിതിയുടെയും ജനസംഖ്യയുടെയും ഫലമാണ് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദ്ദേശം ഏവര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. രണ്ട്, മാനവവികസന സൂചികയെക്കുറിച്ചുളള വിമര്‍ശനങ്ങളെല്ലാമുണ്ടെങ്കിലും വി. മുരളീധരന്റെ മുഖ്യവാദം കേരളത്തിന്റെയും ഗുജറാത്തിന്റെയും ഈ സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ടു തന്നെയാണ്. പക്ഷേ, ഈ കണക്ക് എവിടെനിന്ന് കിട്ടി എന്നു വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഏജന്‍സികളാണ് ഔദ്യോഗികമായി മാനവവികസന സൂചികക്ക് ഇന്ത്യയില്‍ രൂപം നല്‍കുന്നത്. ഒന്ന്, ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഡിപി എന്ന സംഘടന. രണ്ട്, ഇന്ത്യയിലെ പ്ലാനിംഗ് കമ്മിഷന്‍. രണ്ടുപേരും ഇതുവരെ ഇറക്കിയിട്ടുളള ഒരു കണക്കുമായും ഒരു സാമ്യവും വി. മുരളീധരന്‍ ഹാജരാക്കുന്ന കണക്കിനില്ല.

2001ലെയും 2010-11ലെയും കേരളത്തിന്റെയും ഗുജറാത്തിന്റെയും മാനവവികസന സൂചികകളെ താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹമെത്തിച്ചേരുന്ന നിഗമനം ഇതാണ്: കലാപങ്ങളെയും പ്രകൃതിദുരന്തങ്ങളെയും നേരിട്ടുകൊണ്ട് മോഡിഭരണകാലത്ത് ഗുജറാത്ത് മാനവവികസന സൂചികയില്‍ 7.3 ശതമാനം വളര്‍ച്ചനേടിയപ്പോള്‍ ഇതേ കാലയളവില്‍ കേരളം രണ്ടുശതമാനം പിറകോട്ടുപോയതായി കാണാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ നമുക്കായെങ്കിലും സൂചിക താഴേക്കുപോയി. ഗുജറാത്തിന്റെ സ്ഥാനം പിറകോട്ടുപോയെങ്കിലും സൂചിക ഉയരുകയാണ് ചെയ്തത്. 2010-11ലെ കണക്ക് എവിടുന്ന് കിട്ടിയതാണെന്ന് എത്ര പരതിയിട്ടും മനസ്സിലാകുന്നില്ല. യുഎന്‍ഡിപിയുടെ അവസാനത്തെ റിപ്പോര്‍ട്ട് 2011ലേതാണ്. ഈ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന അവസാനത്തെ കണക്കുകള്‍ 2007-08 വര്‍ഷത്തെയാണ്. പ്ലാനിംഗ് കമ്മിഷനും 2007-08ലെ കണക്കുകളാണ് ഉദ്ധരിക്കാറ്. അവ പരിശോധിക്കുമ്പോള്‍ മുരളീധരന്‍ എത്തിച്ചേരുന്നതില്‍നിന്ന് കടകവിരുദ്ധമായ നിഗമനങ്ങളിലാണ് നാം എത്തിച്ചേരുന്നത്. 1999-2000നും 2007-08നും ഇടയ്ക്ക് കേരളത്തിന്റെ സൂചിക 0.68ല്‍ നിന്ന് 0.79 ആയി ഉയര്‍ന്നു. അതായത്, 16 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ പൊതു മാനവവികസന സൂചിക ഇതേ കാലയളവില്‍ 0.39ല്‍ നിന്ന് 0.47 ആയി ഉയര്‍ന്നു. അതായത്, 20 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഗുജറാത്തിന്റെ സൂചികയോ? 0.47ല്‍ നിന്ന് 0.53 ആയിട്ടേ ഉയര്‍ന്നിട്ടുളളൂ. അതായത് കേവലം 13 ശതമാനം വളര്‍ച്ച. ദേശീയ ശരാശരിയുടെ ഏതാണ്ട് പകുതി മാത്രം. മോഡിയുടെ ഭരണത്തിന്റെയൊരു കേമത്തമേ. (ഈ കണക്കുകളെല്ലാം യുഎന്‍ഡിപിയുടെ ഇന്ത്യാ ഹ്യൂമന്‍ ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട് 2011ന്റെ പേജ് 24ലെ പട്ടിക 2.4ല്‍ നിന്ന് എടുത്തിട്ടുളളതാണ്). മൂന്ന്, മറ്റൊരു വാദം കേരളം പണ്ടേ സാമൂഹ്യക്ഷേമ സൂചികയില്‍ വളരെ ഉയര്‍ന്ന ദേശമായിരുന്നു എന്നാണ്. ഈ നേട്ടത്തില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഊറ്റം കൊളളാനൊന്നുമില്ല. വി. മുരളീധരന്‍ എഴുതുന്നു: വിശാലമായ അര്‍ഥത്തില്‍ മാനവവികസന സൂചികയില്‍ ദശകങ്ങളായി നാം നിലനിര്‍ത്തിയ ഒന്നാംസ്ഥാനത്തി ല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ പിറന്ന ആദിശങ്കരന്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ മുതല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനുവരെ പങ്കുണ്ട്. ഇല്ലെന്ന് ആരു വാദിച്ചു?

ശ്രീശങ്കരന്റെ കാലം മുതല്‍ ഇതായിരുന്നുവോ സ്ഥിതിയെന്നുളളതില്‍ തര്‍ക്കമുണ്ട്. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍, ചാവറ കുര്യാക്കോസ്, ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന നായകരുടെ കാലം മുതലാണ് കേരളം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ മുന്നിടാന്‍ തുടങ്ങിയത് എന്നതില്‍ സംശയമില്ല. മിഷണറിമാര്‍ക്കും പങ്കുണ്ട്. കേരളത്തിലെ സാമൂഹ്യപ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ സാമൂഹ്യനയം രാജഭരണകൂടങ്ങള്‍ സ്വീകരിച്ചത് എന്ന് ഡോ. മൈക്കിള്‍ തരകന്‍ വളരെ വിശദമായി തെളിയിച്ചതാണ്. എന്നാല്‍ കേരളത്തിലെ സാമൂഹ്യക്ഷേമ നിലയില്‍ കുതിച്ചുചാട്ടമുണ്ടായത് സ്വാതന്ത്ര്യാനന്തര കാലത്താണ്. അതിലെ മുഖ്യപങ്ക് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ഭൂപരിഷ്കരണത്തിനും കൂട്ടായ വിലപേശലിനുമാണ്.

1951ല്‍ കേരളത്തിന്റെ പല സാമൂഹ്യക്ഷേമ സൂചികകളും ദേശീയ ശരാശരിയുടേതില്‍ നിന്ന് വളരെയൊന്നും വിഭിന്നമായിരുന്നില്ല. ഇന്ത്യയിലെ ശിശുമരണ നിരക്ക് 140 ആയിരുന്നു. കേരളത്തിന്റേത് അതിനേക്കാള്‍ താഴ്ന്നതായിരുന്നെങ്കിലും 120 ഉണ്ടായിരുന്നു എന്നോര്‍ക്കുക. 1921-30 അടിസ്ഥാനമാക്കിയുളള ജീവിതായുസ്സ് കേരളത്തില്‍ പുരുഷന്മാര്‍ക്ക് 30ഉം സ്ത്രീകള്‍ക്ക് 33ഉം ആയിരുന്നു. ഇന്ത്യ മൊത്തത്തിലെടുത്താല്‍ പുരുഷന്മാരുടേത് 27ഉം സ്ത്രീകളുടേത് 26ഉം ആയിരുന്നു. സ്വാതന്ത്ര്യപൂര്‍വ സാമൂഹ്യപ്രസ്ഥാനത്തിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണാന്‍ പാടില്ലെങ്കിലും അതു പറഞ്ഞ് സ്വാതന്ത്ര്യാനന്തരമുണ്ടായ കുതിപ്പ് മറച്ചുവെയ്ക്കാന്‍ ശ്രമിക്കേണ്ട. അതുപോലെ തന്നെ തിരു-കൊച്ചി പ്രദേശങ്ങളോടൊപ്പം സാമൂഹ്യവികസന സൂചികയില്‍ മലബാര്‍ എത്തിച്ചേര്‍ന്നത് സ്വാതന്ത്ര്യാനന്തരകാലത്താണ്.

അകലം ഏറ്റവും കുറഞ്ഞത് 1971നു ശേഷമാണ്. ദളിതരുടെ കാര്യത്തിലും ഇത് സാധുവാണ്. നാല്, ഗള്‍ഫ് പണമാണ് കേരളത്തിന്റെ അഭിവൃദ്ധിയ്ക്കു കാരണം. ഗള്‍ഫ് പണത്തിന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. പക്ഷേ, ഗള്‍ഫിലേയ്ക്ക് കുടിയേറാന്‍ കഴിഞ്ഞത് എന്തുകൊണ്ട്? ഇത് യാദൃച്ഛിക സംഭവമല്ല. കേരളത്തിലെ മാനവവിഭവ ശേഷി വളരെ ഉയര്‍ന്നതുകൊണ്ടാണ് ഗള്‍ഫിലും പാശ്ചാത്യരാജ്യങ്ങളിലുമെല്ലാം തൊഴില്‍നേടാന്‍ നമുക്ക് കഴിഞ്ഞത്. ഗുജറാത്തും വിദേശ വരുമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നോര്‍ക്കണം. ഗള്‍ഫ് പണത്തിന്റെ വരവിനു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നത് എന്നതു ശരി തന്നെ. പക്ഷേ, സാമൂഹ്യക്ഷേമ സൂചികയുടെ പുരോഗതി അതിനു മുമ്പുതന്നെ കൈവരിച്ച നേട്ടമാണ്.

അഞ്ച്, കഴിഞ്ഞൊരു ദശകത്തില്‍ ഗുജറാത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടിയിട്ടുണ്ട്. ഇതുയര്‍ത്തിപ്പിടിച്ചാണ് സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച ഗീര്‍വാണങ്ങള്‍. മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒന്ന്, മോഡിയുടെ വരവിനു മുമ്പു തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ താരതമ്യേന മുന്നിട്ടു നിന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു ഗുജറാത്ത്. രണ്ട്, ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചു. പത്തും പതിനൊന്നും പഞ്ചവത്സരപദ്ധതി കാലമെടുത്താല്‍, മഹാരാഷ്ട്ര, ആന്ധ്ര, ഹരിയാന, തമിഴ്നാട് എന്നിവയൊക്കെ എട്ടു ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ഗുജറാത്തിന് തൊട്ടുപിന്നിലുണ്ട്. മൂന്ന്, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതയും വര്‍ദ്ധിച്ചുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കേരളം ഗുജറാത്തിനൊപ്പമെത്തും എന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെയൊരു കേരളത്തെ മുരളീധരന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അത്തരമൊരു കേരളമാണോ മോഡിയുടെ ഗുജറാത്താണോ അഭികാമ്യം?

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

5 comments:

Madhu said...

"നാല്, ഗള്‍ഫ് പണമാണ് കേരളത്തിന്റെ അഭിവൃദ്ധിയ്ക്കു കാരണം. ഗള്‍ഫ് പണത്തിന് കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ സുപ്രധാന പങ്കുണ്ട്. പക്ഷേ, ഗള്‍ഫിലേയ്ക്ക് കുടിയേറാന്‍ കഴിഞ്ഞത് എന്തുകൊണ്ട്? ഇത് യാദൃച്ഛിക സംഭവമല്ല. കേരളത്തിലെ മാനവവിഭവ ശേഷി വളരെ ഉയര്‍ന്നതുകൊണ്ടാണ് ഗള്‍ഫിലും പാശ്ചാത്യരാജ്യങ്ങളിലുമെല്ലാം തൊഴില്‍നേടാന്‍ നമുക്ക് കഴിഞ്ഞത്. ഗുജറാത്തും വിദേശ വരുമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല എന്നോര്‍ക്കണം. ഗള്‍ഫ് പണത്തിന്റെ വരവിനു ശേഷമാണ് സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നത് എന്നതു ശരി തന്നെ."
ഭൂപരിഷ്കരണത്തിന്റെ അനന്തരഫലമാണ് കൈവശം ഭൂമി ലഭിച്ചത്. ഈ ഭൂമി വിറ്റോ പണയം വെച്ചോ ആണ് ബഹുഭൂരിപക്ഷവും ഗള്‍ഫിലേക്ക് പോയതെന്ന് ഒരു വാദം ഉണ്ട്

ബൈജു മണിയങ്കാല said...
This comment has been removed by the author.
ബൈജു മണിയങ്കാല said...

എനിക്കൊന്നു പറയാം ആപ്പിൾ ഉം ആപ്പിളും താരതമ്യം ചെയ്യാം
ചക്കയും മാങ്ങയും തമ്മിൽ ഉപമ ആവാം
ചക്കകുരുവും മാങ്ങയും എരുശ്ശേരി ആവാം
അട്ടപാടിയും ഗന്ധിനഗരും ഉല്പ്രേക്ഷ ആയിപോകും
ഭാരതവും ചൈനയും തമ്മിൽ എന്ത് വ്യത്യാസമുണ്ടോ
അത്ര വ്യത്യാസം ഗുജറാത്തും കേരളവും തമ്മിൽ കാണും
എന്ന് ഞാൻ ലളിതമായി മനസ്സിലാക്കി സാധാരണക്കാരൻ
എന്ന നിലയില അത്രയേ എനിക്കാവശ്യമുള്ളൂ
സാറിന്റെ സാമ്പത്തിക നയങ്ങളോട് അനുഭാവം ഉണ്ടെന്നു കൂടി പറഞ്ഞു കൊള്ളട്ടെ

Unknown said...

Dear Thomas Issac Sir,

Lal Salam, and best wishes.
You are one of the prominent political leaders whom the Kerala Politics required. I accept that you have proven track record, as all the budgets which you have presented are worthwhile and you have a good vision about Kerala and I appreciate all of your efforts and wish you could carry out your mission and realize your vision in the coming years.

When coming to realities of Gujarath, you have quoted / explained some statistics which may relevant however, I just wish to state as follows.
Like the famous proverb, "money is what money does" i.e. it is beyond words / statistics. "Development is what development taken place" and it is the reality we have to accept as always there will be reasons, which is the rule of nature.
As such, you / any faction cannot disregard / malign the development taken place and taking place in Gujarat. Like Maharashtra, this state is having a professional approach and fast pace in adopting and sustaining development, which is beyond any statistics.

Best wishes

I think I have conveyed

Unknown said...

Dear all,

Hope this on-line blog shall invite / trigger some sportive thoughts rather than dumping one sided views.

I wish to make the following few lines.
1) It is a fact that in Kerala state, for the last 30 years, the people did not elected any government for the second term even the LDF which can claim a narrow upper hand having given better administration/development.
as such how we could compare Kerala with Gujarat where the people are reelecting the Government.
2) Why the leftist are not at all taking West Bengal where they have rules continuously 30+ years and why W. Bengal is in its present poor conditions?

3) In Kerala although we could claim we have development, honestly we can boast only about the increase in Jewellery Shops, Textile shops and Eng. Medium schools. which are in private sector, is that true?
4) Kindly give details about major industries / mega ventures (like smart city / Cochin metro) started and the time taken to start the ventures.

5) I hope the above also can be treated as some yard stick regarding development.

6) Why in Kerala the Chief Ministers cannot get the credit for development where as in Gujarat also they have Finance Minister & Industries Minister but why the media giving the credit to Mr. Modi?
Cheers