Saturday, June 1, 2013

ഉന്നതവിദ്യാഭ്യാസവും കച്ചവടശക്തികളുടെ ആധിപത്യവും

ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കും ധീരമായ ആശയ പ്രകടനങ്ങള്‍ക്കുമുള്ള ഉപാധി എന്ന നിലയിലാണ് ജവഹര്‍ലാല്‍ നെഹ്റു ഉന്നത വിദ്യാഭ്യാസത്തെ വിലയിരുത്തിയത്. ദേശീയ പുനര്‍നിര്‍മാണത്തിനാവശ്യമായ ജ്ഞാനത്തിന്റെയും വൈദഗ്ദ്ധ്യത്തിന്റെയും ഉല്‍പാദനമായിരുന്നു അന്നത്തെ മുഖ്യലക്ഷ്യം. ഇത്തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം രൂപപ്പെടുത്തുന്നതില്‍ ഭരണകൂടത്തിന്റെ നേതൃത്വപരമായ പങ്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ലായിരുന്നു. ഭൂരിഭാഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ ഉടമസ്ഥതയിലായിരുന്ന കാലത്താണ് ഈ അവബോധം നിലനിന്നതെന്ന് ഓര്‍ക്കണം. ജ്ഞാനോല്‍പാദനത്തെ സംബന്ധിച്ച ലിബറല്‍ സങ്കല്‍പങ്ങളും സേവന സന്നദ്ധതയും ജാതിമത ശക്തികളടക്കമുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഉള്‍ക്കൊണ്ടതാണ് ഇതിന് കാരണം. ഇത്തരം സങ്കല്‍പങ്ങള്‍ ഇന്ന് ഉന്നതവിദ്യാഭ്യാസത്തില്‍നിന്ന് പൂര്‍ണമായി അപ്രത്യക്ഷമാകുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭാധിഷ്ഠിതമായ സംരംഭങ്ങളാണ് എന്ന് 12-ാം പദ്ധതിയുടെ അപ്രോച്ച് പേപ്പര്‍ പരസ്യമായി അംഗീകരിച്ചിരിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വന്‍തോതിലുള്ള വികസനം സമീപന രേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. ജെന്‍ഡര്‍ മുതലായ മേഖലകളിലെ പ്രാദേശിക അസന്തുലിതാവസ്ഥകളെ ഇല്ലാതാക്കണമെന്നും രേഖ പറയുന്നുണ്ട്. ഇതിനൊന്നും പദ്ധതി അടങ്കലില്‍ കാര്യമായ പണമൊന്നും വകയിരുത്തിയിട്ടില്ല. അതായത് സ്വകാര്യ ലാഭാധിഷ്ഠിത സംരംഭങ്ങളിലൂടെയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ വികാസം കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് എന്ന് വ്യക്തമാണ്. "സ്വാശ്രയം" എന്ന ഓമനപ്പേരുള്ള പണം വാരി കോഴ്സുകളെയും ഓഫ് ക്യാമ്പസ് സെന്‍ററുകളെയും ഫ്രാഞ്ചൈസികളെയും പ്രോല്‍സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍നയം. അതുകൊണ്ടുതന്നെ, സാധാരണ സര്‍വകലാശാലകളും കോളേജുകളുമെല്ലാം ""പൊതു സ്വകാര്യ പങ്കാളിത്തം"" എന്ന മുഖംമൂടിയണിഞ്ഞ ലാഭാധിഷ്ഠിത രൂപങ്ങളിലേക്കു നീങ്ങും. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ ഭാഗമായി വിദേശ സര്‍വകലാശാലകളും രംഗത്തുവരുന്നതോടെ മുതലാളിത്ത സംരംഭങ്ങളുടെ എല്ലാ അടിസ്ഥാനരൂപങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കും.

ഇന്നത്തെ കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന് മുന്‍കയ്യെടുത്തിരിക്കുകയാണ്. ലക്കും ലഗാനുമില്ലാതെ അണ്‍ എയിഡഡ് കോഴ്സുകളും കോളേജുകളും അനുവദിക്കുക, പദ്ധതിവിഹിതം മരവിപ്പിച്ച് വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ട പണം വാണിജ്യ രൂപങ്ങളിലൂടെ കണ്ടെത്താന്‍ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവ കൂടാതെ വിദ്യാഭ്യാസത്തെ പ്രകടമായി വാണിജ്യവല്‍ക്കരിക്കുന്ന എഡ്യൂ സിറ്റികളും "അക്കാദമിക് സിറ്റി"യും ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിരിക്കുകയാണ്. "എമര്‍ജിങ് കേരള" എന്ന പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കച്ചവട മാമാങ്കത്തിലെ പല പ്രധാന "ബിസിനസ്" നിര്‍ദേശങ്ങളും വിദ്യാഭ്യാസത്തെ സംബന്ധിച്ചാണ്. ഇതിന്റെ തുടര്‍ച്ചയാണ് പത്തു കോളേജുകളെ ഓട്ടോണമസ് ആക്കാനുള്ള നീക്കം. കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളുടെ കച്ചവടവല്‍ക്കരണ നീക്കങ്ങള്‍ക്ക് പൊതുവെ സ്വീകാര്യതയുള്ള സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ട്. ഇന്ത്യന്‍ മധ്യവര്‍ഗവും ഇത് അംഗീകരിക്കുന്നുണ്ട്. കേരളത്തില്‍ വിവര വിനിമയ സാങ്കേതിക വിദ്യകള്‍ക്കും "പുത്തന്‍തലമുറ" തൊഴിലുകള്‍ക്കുമുള്ള സ്വീകാര്യതയും അമേരിക്കയിലോ ഗള്‍ഫിലോ തൊഴില്‍ നേടി അടിച്ചുപൊളിക്കാനുള്ള വ്യഗ്രതയും ബഹുഭൂരിപക്ഷം രക്ഷിതാക്കളെയും "പുതിയ തലമുറ" കോഴ്സുകളിലേക്കാകര്‍ഷിക്കുന്നുണ്ട്. അതിനുള്ള അടിസ്ഥാന യോഗ്യത നേടാന്‍ എത്ര പണം മുടക്കാനും അവര്‍ തയ്യാറുമാണ്. വാണിജ്യ വിദ്യാഭ്യാസ മേഖലയുടെ ഗുണഭോക്താക്കളും അവര്‍ തന്നെയാണ്. അടിസ്ഥാനവര്‍ഗങ്ങളില്‍പെട്ട രക്ഷിതാക്കളില്‍ പോലും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനു ലഭിക്കുന്ന സ്വീകാര്യത ഈ ആശയങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍വരെ എത്തിക്കഴിഞ്ഞുവെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഏതു നിര്‍ദേശവും ജനങ്ങള്‍ അംഗീകരിക്കും.

അതുപോലെ വേരുറച്ച മറ്റൊരാശയവുമുണ്ട്. കേരളത്തിലെ ജനങ്ങളില്‍ ഒരു വിഭാഗമെങ്കിലും നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയും പരീക്ഷകളിലും റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നതിലുമൊക്കെ ഉന്നതവിദ്യാഭ്യാസരംഗത്തു നടമാടുന്ന കെടുകാര്യസ്ഥതയും ഇന്ന് ചര്‍ച്ചാവിഷയമാണ്. കേരളത്തിനു പുറത്തേക്കുള്ള വിദ്യാര്‍ഥികളുടെ "കുടിയേറ്റ"ത്തില്‍ ഇത്തരം ധാരണകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രാഷ്ട്രീയ വിരോധവും അച്ചടക്കത്തിലും കൃത്യമായ "കോച്ചിങ്ങി"ലുമുള്ള രക്ഷിതാക്കളുടെ താല്‍പര്യവും പ്രധാന ഘടകമാണ്. ഇത്തരം താല്‍പര്യങ്ങള്‍ വര്‍ദ്ധിച്ച് ഗവണ്‍മെന്‍റ് കോളേജുകളില്‍പോലും യൂണിഫോമും ബയോമെട്രിക് ഐഡന്‍റിറ്റി കാര്‍ഡുകളും നിര്‍ബന്ധമാക്കുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ യഥേഷ്ടം വസ്ത്രധാരണം ചെയ്യുന്ന, സംഘടനാ രാഷ്ട്രീയം നിലനില്‍ക്കുന്ന തല്ലിപ്പൊളി കോളേജുകളില്‍നിന്ന് സ്വയം അകന്നുനില്‍ക്കാനുള്ള താല്‍പര്യവും കാണാം. ഇത്തരം വരേണ്യവല്‍ക്കരണ രൂപങ്ങള്‍ വാണിജ്യ സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഘടകങ്ങളായി മാറുന്നു.

ഇന്നത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് ദൗര്‍ബല്യങ്ങളില്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സര്‍വകശാലാകളെയും കുറിച്ച് ജനങ്ങളില്‍നിന്നുയരുന്ന വിമര്‍ശനങ്ങള്‍ അവരുടെ അനുഭവങ്ങളില്‍നിന്നുണ്ടാകുന്നതാണ്. അവ ഗൗരവത്തില്‍ എടുക്കേണ്ടതുമാണ്. ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ ലഭിക്കണമെന്നതിലും യാതൊരു സംശയവുമില്ല. പക്ഷേ അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് ഇപ്പോള്‍ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളും പര്യാപ്തമാണോ? ഈ ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ആദ്യമായി ഓട്ടോണമസ് കോളേജുകളുടെ കാര്യം എടുക്കാം. ഓട്ടോണമസ് കോളേജുകള്‍ പുതിയ ആശയമല്ല. മദ്രാസ് സര്‍വകലാശാലയില്‍ നിരവധി കോളേജുകള്‍ ഇപ്പോള്‍ തന്നെ ഓട്ടോണമസാണ്. ഓട്ടോണമിയുടെ അടിസ്ഥാനത്തില്‍ കോളേജ് മാനേജ്മെന്‍റുകളുടെ സാമ്പത്തികവും ഭരണപരവുമായ അധികാരങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുകയും നിരവധി പുതിയ കോഴ്സുകള്‍ മിക്കവാറും സ്വാശ്രയ മേഖലയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പക്ഷേ, ഓട്ടോണമസാക്കിയതുകൊണ്ടു മാത്രം ഏതെങ്കിലും കോളേജിെന്‍റ ഗുണനിലവാരം വര്‍ധിച്ചതായി പറയാനാവില്ല. അധ്യാപകരുടെ നിലവാരത്തിലും ബോധന രീതികളിലും പലതും പിറകോട്ടു പോയതാണനുഭവം.

അതേസമയം, മാനേജ്മെന്‍റുകളുടെ ജാതിമത വിഭാഗീയ താല്‍പര്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിലെ ലിബറല്‍ സങ്കല്‍പങ്ങള്‍ നിലനിന്ന കാലത്താണ് ആദ്യത്തെ ഓട്ടോണമസ് കോളേജുകള്‍ ഉണ്ടായത്. ഇപ്പോഴത്തെ ഓട്ടോണമസ് കോളേജുകള്‍ വരുന്നത് വിദ്യാഭ്യാസ രംഗത്തെ വാണിജ്യസങ്കല്‍പങ്ങള്‍ ശക്തിപ്പെട്ട കാലഘട്ടത്തിലാണ്. വിദ്യാലയങ്ങള്‍ സാമ്പത്തികമായി നിലനില്‍ക്കുകയും വിദ്യാഭ്യാസരംഗത്ത് അംഗീകാരം നേടുകയും ചെയ്യണമെങ്കില്‍ വാണിജ്യവ്യസ്ഥയുടെ നിയമങ്ങളും രീതികളുമായി പൊരുത്തപ്പെടേണ്ടിവരും. സാങ്കേതിക വിദ്യാ - മാനേജ്മെന്‍റ് രംഗങ്ങളിലെ തൊഴില്‍ദായക കോഴ്സുകള്‍, കരിയര്‍ ഗൈഡന്‍സും പ്ലേസ്മെന്‍റ് സംവിധാനങ്ങളും വ്യവസായങ്ങളുമായുള്ള കരാറുകള്‍ തുടങ്ങിയവ ഇത്തരം കലാലയങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കും. ഇന്നത്തെ സാമുദായികതയുടെയും സ്വത്വരാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തില്‍ സ്വകാര്യ വിദ്യാലയങ്ങളെല്ലാം ജാതിമത ശക്തികളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയാകും. പ്രവേശനത്തിലും അധ്യാപക നിയമനത്തിലും ക്യാമ്പസുകളിലെ അച്ചടക്കത്തിലും മൂല്യസംഹിതകളിലുമെല്ലാം ഇതു പ്രതിഫലിക്കും. ഇത്തരത്തില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത ഗവണ്‍മെന്റിനു വന്നുചേരും. ഒരു സംഘം കോളേജുകളെ സര്‍ക്കാര്‍ തന്നെ മുതല്‍മുടക്കി വാണിജ്യശക്തികളെ ഏല്‍പിക്കുന്ന ഏര്‍പ്പാടാണിത്. ന്യൂനപക്ഷ താല്‍പര്യങ്ങളെയും സ്വ സമുദായ താല്‍പര്യങ്ങളെയും സംരക്ഷിക്കുമെങ്കിലും ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യനീതി ഇത്തരം സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുമെന്നതിന് ഉറപ്പില്ല. നമ്മുടെ സ്വാശ്രയ കോളേജുകളുടെ അനുഭവം ഒരു ചൂണ്ടുപലകയാണെങ്കില്‍, നീതിയുടെ മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെടുമെന്നതുറപ്പാണ്.

വാണിജ്യതാല്‍പര്യങ്ങള്‍ മേല്‍ക്കൈ നേടുന്നതുകൊണ്ട് ജീവകാരുണ്യത്തിന്റെ അംശങ്ങള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിലനില്‍ക്കാനും സാധ്യതയില്ല. അവ നിലനില്‍ക്കുകയാണെങ്കില്‍പോലും രണ്ടാംകിട പൗരന്മാരെന്ന നിലയിലുള്ള പ്രാധാന്യം മാത്രമേ അത്തരം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കുകയുള്ളൂ. നിലവിലുള്ള സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ടവയെന്നു കരുതപ്പെടുന്നവയെ പോലും കച്ചവട താല്‍പര്യങ്ങള്‍ക്ക് തുറന്നുകൊടുക്കുകയാണ് ഓട്ടോണമസ് കോളേജുകള്‍ ചെയ്യുക. കച്ചവട സ്ഥാപനങ്ങളില്‍ അക്കാദമിക് ഗുണനിലവാരം ഉയരുമെന്നു കരുതാനും പ്രയാസമാണ്. അക്കാദമിക് ഗുണനിലവാരം ഉയരുന്നത് അക്കാദമിക് ഓട്ടോണമിയിലൂടെയാണ്. സ്വന്തം അഭിരുചിയ്ക്കനുസരിച്ച്പഠനം നടത്താന്‍ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് തലത്തില്‍ നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ അധ്യാപകര്‍ക്കും സൗകര്യങ്ങള്‍ ലഭിക്കുന്നതിലൂടെയാണ്. അക്കാദമിക് ഓട്ടോണമിയാണ് ഇന്ന് അധ്യാപക - വിദ്യാര്‍ഥി സമൂഹം ആവശ്യപ്പെടുന്നതും. രക്ഷിതാക്കള്‍ക്ക് സ്വന്തം മക്കളെ കുറിച്ചുള്ള ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനും അക്കാദമിക് ഓട്ടോണമി ആവശ്യമാണ്. എന്നാല്‍, ഓട്ടോണമസ് കോളേജുകള്‍ ലക്ഷ്യമിടുന്നത് മാനേജ്മെന്‍റുകളുടെ ഓട്ടോണമിയാണ്. അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും സാമ്പത്തിക സമാഹരണത്തിലും മാത്രമല്ല, കോഴ്സുകളുടെ ഡിസൈനിംഗും ബോധനമൂല്യനിര്‍ണയ രൂപങ്ങളും സ്വന്തം താല്‍പര്യങ്ങളനുസരിച്ച് നടത്തണമെന്ന് അവര്‍ ശാഠ്യം പിടിക്കും. വ്യവസായ സമൂഹവുമായുള്ള ബന്ധപ്പെടലും അവര്‍ നിര്‍ണയിക്കുന്ന തൊഴില്‍ വിപണിയനുസരിച്ചുള്ള തൊഴില്‍സേനയെ വാര്‍ത്തെടുക്കലിലുമാണ് അവരുടെ ശ്രദ്ധ മുഴുവന്‍. അവിടെ അക്കാദമിക് ഓട്ടോണമിക് ഒരു പ്രസക്തിയുമുണ്ടാകില്ല. അധ്യാപകര്‍ മാനേജ്മെന്‍റ് താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്ന തൊഴിലാളികളും, വിദ്യാര്‍ഥികള്‍ ഇതേ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുന്ന ഉല്‍പന്നങ്ങളുമാകും. ജ്ഞാനസമ്പാദനം, ജ്ഞാനോല്‍പാദനം തുടങ്ങിയ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ ചവറ്റുകൊട്ടയിലെറിയപ്പെടും. കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദേശിക്കുന്ന യൂണിവേഴ്സിറ്റീസ് ഫോര്‍ റിസര്‍ച്ച് ആന്‍റ് ഇന്നോവേഷന്‍ എന്ന സ്ഥാപനങ്ങള്‍ പൂര്‍ണമായും വ്യവസായികളുടെയും വിദേശ നിക്ഷേപകരുടെയും താല്‍പര്യങ്ങളനുസരിച്ചു മുന്നോട്ടുപോകുന്ന സ്ഥാപനങ്ങളായിരിക്കുമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഓട്ടോണമസ് കോളേജുകളും അതേ വഴിക്കുതന്നെ പോകും. ഇപ്പോള്‍ ലഭിക്കുന്ന സൂചനകളനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന്റെ ദിശയും അതേ വഴിക്കായിരിക്കുമെന്നത് വ്യക്തമാണ്. ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നത് ഉന്നതതലത്തിലുള്ള ജ്ഞാനോല്‍പാദനമോ വിനിമയമോ അല്ല. ബഹുരാഷ്ട്ര കുത്തകകളുടെയും ഇന്ത്യന്‍ വ്യവസായികളുടെയും താല്‍കാലിക ലാഭ താല്‍പര്യങ്ങള്‍ക്കാവശ്യമുള്ള വിദഗ്ദ്ധ തൊഴില്‍സേനയാണ്. ജ്ഞാനവിനിമയമെന്നാല്‍ അതിനാവശ്യമുള്ള പരിശീലനവും കോച്ചിങ് രീതികളുമാണ്. ജ്ഞാനോല്‍പാദനമെന്നാല്‍ വാണിജ്യസാധ്യതയുള്ള പേറ്റന്‍റുകളാണ്. ഈ സങ്കല്‍പത്തിനനുകൂലമായ രീതിയില്‍ നമ്മുടെ പരീക്ഷാ സമ്പ്രദായവും എന്‍ട്രന്‍സ് പരീക്ഷകളും യോഗ്യതാ പരീക്ഷകളുമടക്കമുള്ള പ്രവേശന രീതികളും മാറ്റിമറിക്കപ്പെടുകയാണ്. മാനേജ്മെന്റുകളുടെ ആവശ്യം യുക്തിസഹമായ ചിന്താശക്തിയല്ല, വിവരങ്ങളുപയോഗിച്ചുള്ള പ്രവര്‍ത്തന രീതികളാണ്. ഐടിയുടെ ഭാഷയില്‍, വിശകലനത്തിനല്ല, പ്രോഗ്രാമിങ്ങിനാണ് പ്രാധാന്യം. വിശകലനം പുതിയ ജ്ഞാനത്തെ സൃഷ്ടിച്ചേക്കാമെങ്കിലും, പ്രോഗ്രാമുകളാണ് മൂലധനത്തെ സൃഷ്ടിക്കുന്നത്. ഇന്നത്തെ മൂലധനത്തിന് പ്രോഗ്രാം ചെയ്യപ്പെട്ട തൊഴിലാളികളെയാണാവശ്യം. അതിനുള്ള സംവിധാനങ്ങളും മൂല്യസംഹിതകളുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവര്‍ ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വ്യാപനമെന്നാല്‍ വാണിജ്യ തത്വസംഹിതയുടെ വ്യാപനമാണ്. അവിടെ വിമര്‍ശനാവബോധത്തിനും പ്രക്രിയാധിഷ്ഠിതമായ പഠന പ്രക്രിയയ്ക്കും സ്ഥാനമില്ല. ""തത്തമ്മേ പൂച്ച പൂച്ച"" എന്ന ബോധനം തന്നെയാണാവശ്യം. ഇതു നടത്താന്‍ ഏറെ സൗകര്യം സ്വകാര്യ സ്ഥാപനങ്ങളിലാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനം സ്വകാര്യമേഖലയില്‍ തന്നെയാകണമെന്ന് ഗവണ്‍മെന്‍റും വ്യവസായികളും ഒരുപോലെ ആഗ്രഹിക്കുന്നു. ഗവണ്‍മെന്‍റിെന്‍റ മുതല്‍മുടക്കു കുറയുന്നതിനെക്കാള്‍ അവിടെ പ്രധാനം മുതലാളിത്തത്തിന്റെ ലാഭം വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനാവശ്യമായ തൊഴില്‍സേനയെ നല്‍കുന്ന ഇടനിലക്കാരായി വിദ്യാഭ്യാസ മാനേജ്മെന്‍റുകള്‍ മാറുന്നു. ഈ പ്രക്രിയയെ പ്രോല്‍സാഹിപ്പിക്കുന്നതു വഴി ഗവണ്‍മെന്‍റിെന്‍റ വര്‍ഗതാല്‍പര്യം പുറത്തുവരുകയും ചെയ്യുന്നു. താല്‍ക്കാലിക നേട്ടങ്ങളില്‍ മാത്രം ഊന്നുന്ന ഭരണവര്‍ഗങ്ങള്‍ക്ക് ഇതുമതിയായിരിക്കാം. സ്വന്തം മക്കളുടെ സമ്പത്തും പദവിയും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും ഇതു മതിയാകും. പക്ഷേ, നമുക്ക് ഒരു ഭരണഘടനയുണ്ട്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, അവസരസമത്വം സാമൂഹ്യ നീതി മുതലായ ആശയങ്ങള്‍ അതില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം ലക്ഷ്യമാക്കുന്ന മൂല്യസംഹിതകളുണ്ട്. പൗരസമൂഹത്തെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളുമുണ്ട്. ഏറ്റവും പ്രധാനമായി ജ്ഞാനോല്‍പാദനവും വിനിമയവും എന്നത് താല്‍കാലിക നേട്ടങ്ങള്‍ക്കു മാത്രം വേണ്ടിയുള്ളതല്ല. രാഷ്ട്ര നിര്‍മാണത്തിന്റെയും സമൂഹവികാസത്തിന്റെയും ദീര്‍ഘകാല പരിപ്രേക്ഷ്യം അതിനുണ്ട്. ഇവയെല്ലാം സാക്ഷാല്‍കരിക്കുന്നതിനുള്ള ഉപാധിയാണ് വിദ്യാഭ്യാസം. ""നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നത് ക്ലാസ്മുറികളിലാണ്"" എന്ന് കോത്താരി കമ്മീഷന്‍ എഴുതുന്നു. ഇതൊന്നും നാം ഔപചാരികമായി വേണ്ടെന്നു വെച്ചിട്ടില്ല. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുക എന്നാല്‍ രാഷ്ട്ര നിര്‍മ്മാണത്തിന്റെ ചുക്കാന്‍ കമ്പോളത്തിനു നല്‍കുക എന്നതാണ്. കമ്പോളശക്തികളും അവരുടെ സാമ്പത്തിക രാഷ്ട്രീയ വിദഗ്ദ്ധരും അതാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രം ഇപ്പോഴും അതിനു തയ്യാറല്ല. ഇന്ത്യയാസകലം വളര്‍ന്നുവരുന്ന വിവിധ തലങ്ങളിലുള്ള പ്രതിരോധ പ്രസ്ഥാനങ്ങള്‍ കാണിക്കുന്നതും അതാണ്. ദരിദ്രരും ചൂഷിതരുമായ കോടിക്കണക്കിനു ജനങ്ങള്‍ക്ക് ഇന്നും വിദ്യാഭ്യാസരംഗത്ത് അവസരസമത്വവും സാമൂഹ്യനീതിയും ലഭിച്ചിട്ടില്ല. ഇന്നും ലോകത്തില്‍ ഏറ്റവുമധികം നിരക്ഷരരുള്ള രാജ്യം ഇന്ത്യയാണ്. ഏറ്റവും കുറവ് ശതമാനം ജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. സമൂഹത്തിന്റെ സമഗ്രമായ വികാസവും സ്ഥായിയായ സാമ്പത്തിക വികസന രൂപങ്ങളുമാഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല. സമൂഹത്തിന്റെ സ്ഥായിയായ വികസനത്തിന് ആവശ്യമായ വിദ്യാഭ്യാസം താല്‍കാലിക ലാഭത്തില്‍ മാത്രമൂന്നുന്നതല്ല. ഒരു നാടിെന്‍റ വികാസത്തിനാവശ്യമായ ജ്ഞാനസമ്പത്തിനെയും സാങ്കേതിക വിദ്യകളെയും ഉല്‍പാദന രൂപങ്ങളെയും സമഗ്രമായി വളര്‍ത്തുന്നത് വിദ്യാഭ്യാസമാണ്. സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള അക്കാദമിക് സമൂഹത്തിനാണ് അത്തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതി വളര്‍ത്തികൊണ്ടുവരാന്‍ സാധിക്കുക. കമ്പോള താല്‍പര്യങ്ങള്‍ക്ക് വിധേയരായ മാനേജ്മെന്‍റുകള്‍ക്ക് നല്ല കോച്ചിങ്സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞേക്കാം. വിദ്യാഭ്യാസം വളര്‍ത്താന്‍ സാധ്യമല്ല. ഇതുകൊണ്ടാണ് അക്കാദമിക് സ്വാതന്ത്ര്യം, ജനാധിപത്യവല്‍ക്കരണം, ശാസ്ത്രീയവും യുക്തിസഹവുമായ നിര്‍വഹണ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് ആദ്യകാലത്ത് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കിയത്. ഇതൊന്നും തിരസ്കരിക്കേണ്ടതില്ല. മാത്രമല്ല, സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാര്യക്ഷമവും ഗുണപരത ഉറപ്പുവരുത്തുന്നതുമായ ശാസ്ത്രീയവും ജനാധിപത്യപരവുമായ സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഊന്നല്‍ നല്‍കേണ്ടത്. അതിനാവശ്യമായ നിരവധി നിര്‍ദേശങ്ങളും പ്രായോഗികാനുഭവങ്ങളും ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

ക്രെഡിറ്റ് - സെമസ്റ്റര്‍ സമ്പ്രദായം, നിരന്തര മൂല്യനിര്‍ണയം, ഭരണനിര്‍വഹണത്തിന്റെ വികേന്ദ്രീകരണവും അക്കാദമിക് സ്വയം ഭരണവും അക്കാദമിക് സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന ജനാധിപത്യ സംവിധാനങ്ങള്‍ (ബോര്‍ഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയവ ഉദാഹരണമാണ്) തുടങ്ങിയവ ഇതില്‍പെടും. കൂടാതെ കോളേജ് ക്ലസ്റ്ററുകള്‍, അന്തര്‍ സര്‍വകലാശാലാ വിനിമയ പദ്ധതികള്‍, സ്കൂള്‍ സമ്പ്രദായം തുടങ്ങി പലതും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം പ്രായോഗികതലത്തില്‍ പരീക്ഷിച്ച് നടപ്പിലാക്കിയവയും അന്താരാഷ്ട്രതലത്തില്‍ അക്കാദമിക് വികസനത്തിന് പ്രയോജനപ്പെടുന്നതുമാണ്. ഇന്ത്യയിലെ ഓട്ടോണമസ് കോളേജുകള്‍ പോലും ഇവയില്‍ പലതും നടപ്പിലാക്കിയിട്ടുണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുകയും വിദ്യാഭ്യാസ നിര്‍വഹണ രൂപങ്ങള്‍ മുഴുവന്‍ മാനേജ്മെന്‍ുകള്‍ക്ക് യഥേഷ്ടം നടത്താന്‍ അനുവദിക്കുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധം മാത്രമല്ല, സാമൂഹ്യ വികസനത്തിനുതകുന്ന വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ക്കും പൂര്‍ണമായി എതിരാണ്. വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം മാനേജ്മെന്‍റുകളിലും വ്യവസായികളിലും മാത്രം കേന്ദ്രീകരിക്കുകയും അധ്യാപകരെ നിര്‍വാഹക തൊഴിലാളികളായി മാത്രം കാണുകയും ചെയ്യുന്ന രീതി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കാണുന്നത് മാനേജ്മെന്‍റുകളുടെ ഘടനയിലാണ്. ജാതിമത ശക്തികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ മേല്‍ നിയന്ത്രണം നല്‍കുക എന്നതാണ് ആ രീതി. സെക്കുലര്‍ - സ്വാശ്രയ മാനേജ്മെന്റുകള്‍ കോച്ചിങ് സെന്‍ററുകളാണ് നടത്തുക. തികഞ്ഞ ഫാസിസ്റ്റ് രീതിയില്‍ അവര്‍ അതു നടത്തുകയും ചെയ്യുമെന്നതിന് നിരവധി ഐടി - മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ തെളിവാണ്. പല സെക്കുലര്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും ഫലപ്രദമായി പ്രവര്‍ത്തിക്കാനും സാധിക്കുന്നില്ല. ജാതിമത ശക്തികള്‍ വ്യത്യസ്തമാണ്. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തെ കച്ചവട താല്‍പര്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ""ദീര്‍ഘദൂര"" പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കാന്‍ അവര്‍ക്കു സാധിക്കും. ഉദാഹരണമായി, ഒരു മുസ്ലീം വിദ്യാഭ്യാസ സ്ഥാപനത്തിന്, സ്വന്തം കച്ചവടതാല്‍പര്യങ്ങളെയും കോച്ചിങ് രീതിയിലുള്ള വിദ്യാഭ്യാസത്തെയും ന്യൂനപക്ഷ വികാസത്തിന്റെ താല്‍പര്യങ്ങളുമായി ബന്ധിപ്പിക്കാം. അതുപോലെ മറ്റു സമുദായങ്ങളും ചെയ്യും. ഒരു ചര്‍ച്ചയും കൂടാതെ ഓട്ടോണമസ് കോളേജുകള്‍ സമുദായങ്ങള്‍ക്ക് വീതം വെച്ചു നല്‍കുകയും ഏതാനും "പ്രശസ്ത" ഗവണ്‍മെന്റ് കോളേജുകള്‍ ഓട്ടോണമസ് ആക്കുകയും ചെയ്യുന്നതിനു പിന്നിലെ തന്ത്രം അവിടെയാണ് പ്രത്യക്ഷപ്പെടുന്നത്.

സമുദായങ്ങള്‍ക്കു നല്‍കിയ ഓട്ടോണമസ് കോളേജുകള്‍ കച്ചവടലാക്കോടെയുള്ള സാമുദായിക സ്ഥാപനങ്ങളായി മാറുമ്പോള്‍ ഗവണ്‍മെന്‍റ് കോളേജുകള്‍ക്ക് സ്വന്തം നിലനില്‍പിനായി വാണിജ്യശക്തികളുടെ സമ്പത്തിനെയും മൂല്യസംഹിതകളെയും ആശ്രയിക്കേണ്ടിവരും. രാഷ്ട്രീയം നിരോധിക്കുക, കര്‍ശനമായ അച്ചടക്കമുറകള്‍ അടിച്ചേല്‍പിക്കുക, അധ്യാപകരെ കൃത്യമായ കോഡ് ഓഫ് കോണ്ടക്റ്റിനുകീഴില്‍ കൊണ്ടുവരിക, കരാര്‍ നിയമനങ്ങള്‍ പോലുള്ള രീതികള്‍ നടപ്പിലാക്കുക തുടങ്ങിയവ കൂടാതെ സാമുദായിക കോളേജുകളില്‍ സാമുദായിക മൂല്യസംഹിതകളും മതബോധന - അനുഷ്ഠാന രൂപങ്ങളും കൃത്യമായി നടപ്പിലാക്കാനും ഒരു തടസ്സവുമുണ്ടാകില്ല. ഇതുവരെ നാം അംഗീകരിച്ചുപോന്ന അക്കാദമിക ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കപ്പെടും. കേവലമായ മതബോധവും വാണിജ്യമൂല്യങ്ങളും മാത്രമുള്‍ക്കൊള്ളുന്ന ഒരു തൊഴില്‍ സേനയാകും വളര്‍ന്നുവരിക. ഈ സ്ഥിതി കേരളത്തിലും ഇന്ത്യയിലും നിലവില്‍ വരാന്‍ അനുവദിക്കണമോ എന്ന് അക്കാദമിക്സമൂഹവും പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങളും ആലോചിക്കേണ്ടതാണ്. രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന പ്രശ്നത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്നു സംഭവിക്കുന്ന മാറ്റങ്ങള്‍. ജാതിമത ശക്തികളുടെ ആധിപത്യം ഭരണവര്‍ഗം ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സങ്കല്‍പത്തിന്റെ ഒരു ഭാഗം മാത്രമാണ്. അതിലൂടെ ""സാമൂഹ്യനീതി"" ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത് എന്ന വ്യാഖ്യാനവും അവര്‍ നല്‍കും. ഇവിടെ സാമൂഹ്യനീതി അഗതികളെയും ചൂഷിതരെയും ആധാരമാക്കിയുള്ള വികസനമല്ല, കേവലമായ സ്വത്വരാഷ്ട്രീയം മാത്രമാണ്. വിശാല മാനവികതയുടെ നവോത്ഥാന മൂല്യങ്ങളല്ല, സാമൂഹ്യ നീതിയുടെ അടിത്തറ. അതുകൊണ്ട് അത് പുരോഗമനപരമായ ജനാധിപത്യ സങ്കല്‍പത്തിന് എതിരുമാണ്. കേവലമായ വാണിജ്യ സങ്കല്‍പവും മതബോധവും വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ മുറകള്‍ പരിശീലിപ്പിച്ച് വാണിജ്യസമൂഹത്തിനാവശ്യമുള്ള ഒരു കൂട്ടം ബ്രോയിലര്‍ കോഴികളെ ഉല്‍പാദിപ്പിക്കുക എന്ന വിദ്യാഭ്യാസ രീതി ജനാധിപത്യ സമൂഹത്തിനനുയോജ്യമല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഇപ്പോള്‍ നിര്‍ദേശിക്കപ്പെടുന്ന വാണിജ്യ വിദ്യാഭ്യാസ രൂപങ്ങള്‍ക്കെതിരെ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പദ്ധതിയ്ക്കുവേണ്ടി പോരാടാന്‍ നാം തയ്യാറാകണം. ഇവിടെ ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. അക്കാദമിക് സ്വാതന്ത്ര്യം, സാമൂഹ്യനീതി, ജനാധിപത്യപരമായ ഭരണനിര്‍വഹണം, ശാസ്ത്രീയമായ ബോധന മൂല്യനിര്‍ണയ സമ്പ്രദായങ്ങള്‍ തുടങ്ങിയവ വളര്‍ന്നുവന്നത് മുതലാളിത്ത സമൂഹത്തില്‍ തന്നെയാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി അത്തരം പ്രവര്‍ത്തന രൂപങ്ങള്‍ കുഴിച്ചുമൂടാനും അവര്‍ തയ്യാറാണെന്ന് മാത്രം.

കഴിഞ്ഞ നൂറ്റാണ്ടുകളിലായി ആധുനിക സമൂഹത്തെ ബഹുദൂരം മുന്നോട്ടെത്തിച്ച ഇത്തരം ആശയങ്ങളെയും അവയെ ആസ്പദമാക്കിയ സംവാദങ്ങളെയും പ്രവര്‍ത്തനരീതികളെയും ഒറ്റയടിക്ക് കുഴിച്ചുമൂടാന്‍ ജനാധിപത്യസമൂഹം തയ്യാറല്ലെന്ന് പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയണം. ഇതുവരെയുള്ള പ്രവര്‍ത്തന രീതികളില്‍ വൈകല്യങ്ങളും പിഴവുകളുമുണ്ടെങ്കില്‍ തിരുത്തേണ്ടത് ജനാധിപത്യശക്തികളുടെ കടമയാണ്. സര്‍വകലാശാലകളുടെയും കോളേജുകളുടെയും ഭരണരീതികള്‍, അക്കാദമിക്സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ബോധനരൂപങ്ങളും പരീക്ഷകളും ജനപങ്കാളിത്തത്തിന്റെ രൂപങ്ങള്‍, കോഴ്സുകളുടെ ഘടനയും വൈവിധ്യവല്‍ക്കരണവും തുടങ്ങിയവയെല്ലാം ശാസ്ത്രീയമായ പുനഃപരിശോധനയ്ക്ക് വിധേയമാകണം. സ്ത്രീകള്‍ക്കും അടിയാളര്‍ക്കും നീതി ഉറപ്പുവരുത്താന്‍ കഴിയണം. അതിനായി, നിലവിലുള്ള പഞ്ചവല്‍സര പദ്ധതി നിര്‍ദേശങ്ങളടക്കം പ്രയോജനപ്പെടുത്താന്‍ സാധിക്കണം.

ഉദാഹരണത്തിന്, ജെന്‍ഡറിന് വകയിരുത്തിയ പദ്ധതികള്‍ ഉപയോഗിച്ച് സ്ത്രീ സമൂഹത്തിന്റെ ശേഷികള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രോജക്ടുകളുണ്ടാകണം. താല്‍കാലിക ലാഭ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുതലാളിത്തം കുഴിച്ചുമൂടുന്ന ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ സങ്കല്‍പം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള ബാധ്യത ഇന്ന് പുരോഗമന സ്വഭാവമുള്ള അക്കാദമിക് സമൂഹത്തിന്റെയും അവരെ പിന്തുണയ്ക്കുന്ന ജനാധിപത്യശക്തികള്‍ക്കുമുണ്ട്. താല്‍കാലിക നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാപിത താല്‍പര്യങ്ങളുമായി സന്ധി ചെയ്യുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തെ ബഹുദൂരം പിറകോട്ടടിക്കും എന്ന ഓര്‍മ്മയും വേണം. ശാസ്ത്രീയമായും ജനാധിപത്യപരമായും സംഘടിപ്പിക്കേണ്ടുന്ന അക്കാദമിക് സ്ഥാപനങ്ങള്‍ ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളും ചേംബര്‍ ഓഫ് കൊമേഴ്സുമായി മാറിക്കൂട. പുരോഗമന ജനാധിപത്യശക്തികളുടെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി വാണിജ്യ വിദ്യാഭ്യാസത്തിനനുകൂലമായി ഇന്ന് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ മനോഭാവത്തെ മുറിച്ചു കടക്കുകയാണ്.

ഇവിടെ ഒരു വസ്തുത പ്രസക്തമാണ്. രക്ഷിതാക്കള്‍ സ്വന്തം കുട്ടികളുടെ സമ്പത്തും പദവിയും സുരക്ഷിതത്വവും ആഗ്രഹിക്കുന്നുവെന്നത് വസ്തുതയാണ്. വാണിജ്യ വിദ്യാഭ്യാസം മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ എന്ന് ഇതിനര്‍ഥമില്ല. സമ്പത്തും പദവിയും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസത്തിനു കഴിയുകയില്ല എന്ന തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആശയം അവരെ കീഴടക്കുന്നുവെന്നു മാത്രം. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഗുണനിലവാരമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ജനഹൃദയങ്ങളില്‍ അംഗീകാരമുണ്ടെന്നതിന് ഐഐടികള്‍ക്കും കേന്ദ്ര സര്‍വകാലാശാലകള്‍ക്കും ഐഐഎമ്മുകള്‍ക്കുമുള്ള ബഹുമാനം തന്നെ തെളിവാണ്. അവരുടെ പ്രവര്‍ത്തനത്തെ അതേപടി ആവര്‍ത്തിക്കാന്‍ സാധാരണ വിദ്യാലയങ്ങള്‍ക്കു കഴിയണമെന്നില്ല. പക്ഷേ സാമൂഹ്യപ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള അക്കാദമിക് സമൂഹത്തിന് ശാസ്ത്രീയവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ തന്നെ സ്വന്തം വിദ്യാലയങ്ങളെ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിയും.

ഭരണകൂടത്തിന്റെ പദ്ധതികളുപയോഗിച്ചുതന്നെ അധഃസ്ഥിതരുടെയും ചൂഷിതരുടെയും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപങ്ങള്‍ നല്‍കാന്‍ കഴിയും. അത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പദ്ധതിയുടെ സംരക്ഷണത്തിനും വികസനത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ജനാധിപത്യവാദികളായ അക്കാദമിക് പ്രസ്ഥാനത്തിന്റെ ശക്തി മൂലധനമല്ല, ജനങ്ങളാണ്. അവരുടെ അംഗീകാരത്തോടെ മാത്രമേ അക്കാദമിക് സമൂഹത്തിനു മുന്നോട്ടു പോകാന്‍ കഴിയൂ. ജനങ്ങളുടെ ഇടയില്‍ സ്വന്തം നിലപാടുകള്‍ പ്രചരിപ്പിക്കേണ്ടത് ഈ പോരാട്ടത്തിന്റെ അനിവാര്യഘടകമാണ്.

*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക

No comments: