Wednesday, June 12, 2013

ഓര്‍മമരങ്ങളും സ്നേഹമരങ്ങളും

സ്കൂളില്‍നിന്ന് മടങ്ങിവന്നാല്‍ അപ്പൂപ്പനൊപ്പം പറമ്പില്‍ ചുറ്റിനടന്ന് ചെടികളെയും മരങ്ങളെയും കിളികളെയും മൃഗങ്ങളെയുമൊക്കെ കാണുന്നത് ശീലമായിപ്പോയിരുന്നു. ബാഗ് വലിച്ചെറിഞ്ഞ് യൂണിഫോം മാറ്റി ഒറ്റക്കുതിപ്പിന് അപ്പൂപ്പനൊപ്പമെത്തും. അപ്പൂപ്പന്‍ എപ്പോഴും പണിത്തിരക്കിലായിരിക്കും. ചിലപ്പോള്‍ മാവിലെ മാങ്ങ പറിപ്പിക്കുന്നതാവും. മറ്റ് ചിലപ്പോള്‍ പച്ചക്കറിക്കൃഷി നടത്തുന്ന സ്ഥലത്തായിരിക്കും. ഇനിയും ചിലപ്പോള്‍ പാടത്ത് നെല്‍ച്ചെടികളുടെ ഇടയിലായിരിക്കും. എവിടെയായാലും സന്തോഷമാണെനിക്ക്.

വാഴക്കുടപ്പനിലെ തേനും പച്ചക്കറിത്തോട്ടത്തിലെ മൂപ്പെത്താത്ത വെള്ളരിക്കകളും നെല്‍ച്ചെടിയില്‍നിന്നൂറിവരുന്ന പാല്‍പോലത്തെ കുഴമ്പുമൊക്കെ കഴിക്കാന്‍ മാത്രമല്ല അപ്പൂപ്പനൊപ്പം ചുറ്റിനടക്കുന്നത്, ഒരു പുസ്തകത്തിലുമില്ലാത്ത ഒരുപാടുകഥകളും കാര്യങ്ങളും അപ്പൂപ്പന്‍ പറഞ്ഞുതരും. കാണിച്ചുതരും. കിളിക്കൂടുകള്‍, കിളിമുട്ടകള്‍, പാമ്പിന്‍പൊത്തുകള്‍, ഉറയൂരിപ്പോയി മറഞ്ഞ പാമ്പുകളുടെ തോലുകള്‍... മഴക്കാലത്ത് മണ്ണിനടിയില്‍നിന്ന് പൊന്തിവരുന്ന ഉറവകളും മണ്ണുതുരന്ന് കൊട്ടാരം നിര്‍മിക്കുന്ന മണ്ണിരകളും കുണുങ്ങിനില്‍ക്കുന്ന കൂണുകളുമൊക്കെ കാത്തിരിക്കും. വേനലില്‍ ഇളനീരും കരിമ്പിന്‍തുണ്ടുകളുമൊക്കെയാണ് അപ്പൂപ്പന്‍ കരുതിവയ്ക്കാറ്.എന്തെന്തൊക്കെയാണ് വീടിനുചുറ്റുമുണ്ടായിരുന്നത് - ജീവപ്രപഞ്ചംതന്നെ.

അന്ന് സ്കൂള്‍വിട്ട് അപ്പൂപ്പനെത്തേടി ചെല്ലുമ്പോള്‍ അപ്പൂപ്പന്‍ വലിയ ഒരു കുഴി കുഴിക്കുകയാണ്. എന്തിനാണ് എന്ന ചോദ്യത്തിന് മറുപടിയായി അപ്പൂപ്പന്‍ ഒരു മാവിന്‍തൈ എടുത്തുകാട്ടി. എന്നിട്ട് ശ്രദ്ധയോടെ അത് കുഴിയില്‍ നട്ടു.
"ഇതൊരു കുഞ്ഞുമാവല്ലേ, ഇത് വലുതാകാന്‍ എത്രകാലം വേണം. വലിയ മാവായാലല്ലേ മാങ്ങയുണ്ടാകൂ. അപ്പോള്‍ അപ്പൂപ്പന്‍ മരിച്ചുപോവില്ലേ? പിന്നെന്തിനാ ഇത് ഇപ്പോള്‍ നടുന്നത്""?
അപ്പൂപ്പന്‍ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് തൊട്ടപ്പുറത്തെ മാവ് ചൂണ്ടിക്കാണിച്ചു.
""അതാരാ നട്ടത്?""
""ആവോ, എനിക്കറിയില്ല. അപ്പൂപ്പന്റെ അപ്പൂപ്പനായിരിക്കും"".
""ആയിരിക്കും. അതിലെ മാങ്ങ തിന്നുന്നതാരൊക്കെയാ""?
""ഞാന്‍, ബിന്ദു, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ""
""അത് നട്ട അപ്പൂപ്പന്‍ അതിലെ മാങ്ങകള്‍ തിന്നുന്നുണ്ടോ?""
""ഇല്ല""
""അതാണ് മരങ്ങളുടെ കഥ. നടുന്നവരല്ല പഴങ്ങളും കായ്കളും തിന്നുന്നത്. ഈ മാവ് വലുതായി കായ്ക്കുമ്പോള്‍ നിനക്കും നിന്റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമൊക്കെ മാങ്ങ തിന്നാം"".
ചിന്താക്കുഴപ്പത്തില്‍ പെട്ടുപോയ എന്നെ ആശ്വസിപ്പിക്കാന്‍ അപ്പൂപ്പന്‍ പഞ്ചാരവരിക്ക മാവില്‍നിന്ന് കുറെ മാങ്ങ പറിച്ചുതന്നു.
അന്ന് രാത്രി കുളത്തില്‍ കുളിക്കാന്‍പോയ അപ്പൂപ്പന്‍ സെറിബ്രല്‍ ത്രോംബോസിസ് മൂലം മരിച്ചു. പിറ്റേന്ന് അപ്പൂപ്പനെ സംസ്കരിച്ചത് അപ്പൂപ്പന്‍ നട്ട മാവിന്റെ അടുത്തൊരിടത്തായിരുന്നു. സഞ്ചയനം കഴിഞ്ഞ് അപ്പൂപ്പന്റെ ചിതയ്ക്ക് മുകളില്‍ അമ്മാവന്മാര്‍ തെങ്ങിന്‍തൈ നട്ടു.

തെങ്ങും മാവും ഒരുമിച്ചു വളര്‍ന്നു. ഞാനും വളര്‍ന്നു. എന്റെ മകനും വളര്‍ന്നു. കഴിഞ്ഞദിവസം രാവിലെ നടക്കാനിറങ്ങുമ്പോള്‍ അവനും കൂടി. നഗരവീഥികളിലെ മരങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവനോട് ഞാന്‍ അപ്പൂപ്പന്‍ നട്ട മാവിന്റെ കഥപറഞ്ഞു. റോഡരികുകളിലെ മരങ്ങളെ കാട്ടി ഞാനവനോട് പേരുകള്‍ ചോദിച്ചു. അത്ഭുതം, പാതിയിലേറെ മരങ്ങളെയും അവനറിയില്ല. എനിക്ക് സങ്കടം വന്നു.
""നിനക്കെങ്ങനെ ഈ മരങ്ങളെ അറിയാതിരിക്കാനാവും?""
""എനിക്കെങ്ങനെ അറിയാനാവും എന്ന് അമ്മയെന്താ ചിന്തിക്കാത്തത്. ഞാന്‍ വളര്‍ന്നത് നഗരത്തിലല്ലേ? ഫ്ളാറ്റിലല്ലേ?""
""എന്നാലും നിനക്കെല്ലാം അറിയാനാകുമെന്ന് ഞാന്‍ കരുതിയിരുന്നു"". എന്തിനാണ് ഞാനങ്ങനെ കരുതിയതെന്ന് അവന്‍ ചോദിച്ചില്ല,

എന്റെ ഉള്ളില്‍ ആ ചോദ്യം ഉയര്‍ന്നുവെന്നത് സത്യം. ഓരോ മരത്തെയും കണ്ടും കേട്ടും പറഞ്ഞുമാണ് പിന്നീട് ഞങ്ങള്‍ നടന്നത്. വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ മാധവിക്കുട്ടിയുടെ ചരമദിനത്തില്‍ നട്ട "നീര്‍മാതളം" തൈയും ഞാനവന് കാട്ടിക്കൊടുത്തു.

ഫലകത്തില്‍ "ഓര്‍മത്തൈ" എന്ന വാക്ക് വായിച്ച് അവന്‍ പറഞ്ഞു. ""ഇത് ഒന്നാന്തരം ഐഡിയതന്നെ. മരിച്ചുപോയവര്‍ക്കുവേണ്ടി മരം നടുക. മരിച്ചുപോയവരോടുള്ള സ്നേഹം മുഴുവന്‍ മരത്തിന് നല്‍കുക"".

അപ്പു പറഞ്ഞതിനെക്കുറിച്ച് ഞാനോര്‍ക്കുകയായിരുന്നു. മരിച്ചുപോകുന്ന ഓരോരുത്തരെയും ഓര്‍മിക്കാന്‍ ഓരോ മരം. ഓര്‍മമരങ്ങള്‍കൊണ്ട് നാടുനിറയുമ്പോള്‍ ഭൂമിക്ക് സന്തോഷം, ചൂടും വരള്‍ച്ചയുമൊന്നും വരില്ല. സിറ്റിയില്‍ ശ്മശാനത്തില്‍ അടക്കുന്നവര്‍ക്കുവേണ്ടി പാര്‍ക്കിലോ റോഡിലോ ഒക്കെ സ്ഥലം കൊടുക്കണം. നാട്ടിലും വീട്ടുമുറ്റത്തും പറമ്പിലും സ്നേഹമരങ്ങള്‍... പണ്ടുള്ളവര്‍ ഇത് പണ്ടേ കണ്ടിരുന്നു. ഓരോ ചിതയിലും അവര്‍ മരം നടാതിരുന്നില്ലല്ലോ!

*
കെ എ ബീന ദേശാഭിമാനി

No comments: