Tuesday, June 25, 2013

വൈകി പറന്ന നിലാപ്പക്ഷി

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കൂട്ടിലായ അക്ഷരങ്ങളെ 52-ാം വയസ്സിലും സുല്‍ഫത്ത് മുറുകെ പിടിക്കുന്നു. ദാരിദ്ര്യം പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചപ്പോഴും അവള്‍ എഴുതിക്കൊണ്ടേ യിരുന്നു. അവയില്‍ പലതും അഴകും മിഴിവും നിറഞ്ഞതായിരുന്നു. ആദ്യകാലത്ത് മയില്‍പീലിത്തുണ്ടുപോലെ കാത്തുസൂക്ഷിച്ചിരുന്ന അവ പിന്നീട് ജീവിതപങ്കാളി ബഷീറും മക്കളുമാണ് പുറംലോകത്തെത്തിച്ചത്. അങ്ങനെ പതിറ്റാണ്ടുകള്‍ ക്കിപ്പുറം അവയില്‍ പലതിനും അക്ഷരമഷിയുടെ പുതുജീവന്‍ ലഭിച്ചു.

പച്ച വിറകില്‍ ചൂട്ടും ചിരട്ടയും ചേര്‍ത്തുവച്ച് ഊതിയൂതി കത്തിക്കുന്ന ഉമ്മയുടെ കണ്ണീര് അടുപ്പിലെ പുകയോ ദുരിതജീവിതമോ സൃഷ്ടിച്ചതെന്ന് വേര്‍തിരിച്ചറിയാന്‍ കുഞ്ഞ് സുല്‍ഫത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും പുലര്‍ച്ചെ മുതല്‍ അടുപ്പുമായി മല്ലിട്ട് ഉമ്മ പുട്ടും അപ്പവും നിറയെ ചുട്ടിട്ടും പാതിവയറുമായി തങ്ങള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരുന്നതെന്തെന്നും പുത്തന്‍ ഉടുപ്പിട്ട കൂട്ടുകാരികള്‍ക്കിടയിലും തനിക്കും സഹോദരങ്ങള്‍ക്കും പിഞ്ഞിയ ഉടുപ്പ് എന്തുകൊണ്ടെന്നുമുള്ള ചിന്ത ആ ചെറുമനസ്സിനെ വേട്ടയാടി. കണ്ണീരിന് പകരം ഏറെ സ്നേഹിച്ച അക്ഷരങ്ങളിലാണ് അവള്‍ ആ കദനം ഇറക്കി വച്ചത്. കവിതയോ, കഥയോ, കുറിപ്പുകളോ എന്ന് വേര്‍തിരിക്കാനാകാത്ത ആ ജീവിത സാക്ഷ്യങ്ങളാണ് ഈ എഴുത്തുകാരിയുടെ ആദ്യസൃഷ്ടികള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കൂട്ടിലായ അക്ഷരങ്ങളെ 52-ാം വയസ്സിലും സുല്‍ഫത്ത് മുറുകെ പിടിക്കുന്നു. ദാരിദ്ര്യം പത്താം ക്ലാസില്‍ പഠനമവസാനിപ്പിച്ചപ്പോഴും അവള്‍ എഴുതിക്കൊണ്ടേയിരുന്നു. അവയില്‍ പലതും അഴകും മിഴിവും നിറഞ്ഞതായിരുന്നു. ആദ്യകാലത്ത് മയില്‍പീലിത്തുണ്ടുപോലെ കാത്തുസൂക്ഷിച്ചിരുന്ന അവ പിന്നീട് ജീവിതപങ്കാളി ബഷീറും മക്കളുമാണ് പുറംലോകത്തെത്തിച്ചത്. അങ്ങനെ പതിറ്റാണ്ടുകള്‍ക്കിപ്പുറം അവയില്‍ പലതിനും അക്ഷരമഷിയുടെ പുതുജീവന്‍ ലഭിച്ചു. ആ കവിതകളിലൂടെ, കഥകളിലൂടെ, ലേഖനങ്ങളിലൂടെ ഇന്ന് ഈ നാട് തിരിച്ചറിയുന്നു സുല്‍ഫത്ത് ബഷീര്‍ എന്ന കൊച്ചിയുടെ ജനകീയ എഴുത്തുകാരിയെ.

ഇതിനകം ആയിരത്തോളം കവിതകളാണ് ഈ തൂലികയില്‍ പിറന്നത്. ഇരുനൂറോളം ഗസലുകള്‍, നൂറോളം മാപ്പിളപ്പാട്ടുകള്‍, കഥകള്‍, ലേഖനങ്ങള്‍ എന്നിവ വേറെയും. ഇപ്പോള്‍ കൊച്ചിയില്‍നിന്ന് ഇറങ്ങുന്ന ചെറുപ്രസിദ്ധീകരണങ്ങളിലെ ഒഴിവാക്കാനാവാത്ത എഴുത്തുകാരിയാണ് ഇവര്‍. ഫോര്‍ട്ടുകൊച്ചിയിലെ പഴയകാല ചേരിപ്രദേശമായിരുന്ന തുരുത്തിയിലെ ചേന്നരയില്‍ വീട്ടില്‍ തുര്‍ക്കി ഹമീദിന്റെയും ഐശുമ്മയുടെയും മകളായാണ് സുല്‍ഫത്ത് ജനിച്ചത്. തുര്‍ക്കിയില്‍ നിന്നുമെത്തിയ പട്ടാളക്കാരനായ അന്‍വര്‍ പാഷയായിരുന്നു ഹമീദിന്റെ ബാപ്പ. തുരുത്തിക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ തങ്ങിയ അദ്ദേഹം പിന്നീട് സൈന്യം വിളിച്ചപ്പോള്‍ മടങ്ങി. കൊച്ചിക്കാരനായ ഹമീദിനും ബാപ്പയിലൂടെ തുര്‍ക്കി എന്ന വിളിപ്പേരും ലഭിച്ചു. ഐശുമ്മയെ കൂടാതെ ഹമീദിന് മറ്റൊരു ഭാര്യയും അതില്‍ മക്കളുമുണ്ടായിരുന്നു. എന്നാല്‍ ഇരു ഭാര്യമാരേക്കാളും കുടുംബത്തേക്കാളും ഹമീദിന് പ്രിയം മദ്യത്തോടായിരുന്നു.

കണ്ണീരിന് മക്കളെ പോറ്റാന്‍ ആവില്ലാത്തതിനാല്‍ ഐശുമ്മ അതിനൊപ്പം അപ്പച്ചട്ടിയും പുട്ടുകുടവും കണയുമെല്ലാം കൈയിലെടുത്തു. അങ്ങനെ ചുട്ട പുട്ടും വെള്ളാപ്പവും ഇടിയപ്പവുമൊക്കെ കൊണ്ടുനടന്ന് വിറ്റു. കുഞ്ഞു സുല്‍ഫത്ത് ഉള്‍പ്പെടെ നാല് പെണ്‍മക്കള്‍ക്കും ഏക ആണ്‍മകനും ആ ഉമ്മയുടെ സഹായികളാകേണ്ടി വന്നു. ജോലിക്കും പഠനത്തിനുമിടയിലേ സുല്‍ഫത്ത് പുസ്തകങ്ങളോടും അടുത്തിരുന്നു. ജനപ്രിയ ആഴ്ചപ്പതിപ്പുകളായിരുന്നു ആദ്യകാല ആശ്രയം. ജോയ്സി, മുട്ടത്തുവര്‍ക്കി തുടങ്ങിയവരായിരുന്നു ആദ്യകാലത്തെ ഇഷ്ട എഴുത്തുകാര്‍. പിന്നീട് പുരോഗമന എഴുത്തുകാരന്‍ കെ പി ഖാലിദ്, മാധവിക്കുട്ടി, എം ടി തുടങ്ങിയവരുടെ പുസ്തകങ്ങളുമായും അടുത്തു. സുല്‍ഫത്തിലെ കവയിത്രിയെ കണ്ടെത്തിയതും അയല്‍വാസികൂടിയായിരുന്ന കെ പി ഖാലിദാണ്. പൂമ്പാറ്റയോടും കാറ്റിനോടുമെല്ലാം ദുഃഖം പങ്കുവച്ചുള്ള സുല്‍ഫത്തിന്റെ കുഞ്ഞക്ഷരങ്ങള്‍ക്ക് കാവ്യവഴി കാട്ടിയത് ഇദ്ദേഹമായിരുന്നു. പഠിച്ചിരുന്ന കല്‍വത്തി ഗവ. ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍ അന്ത്രമാന്‍ മാഷും പ്രോത്സാഹനമേകി.

എന്നാല്‍, കവിതകളും കഥകളുമൊക്കെ കുറിച്ച നോട്ടു പുസ്തകങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു സുല്‍ഫത്തിന്റെ പതിവ്. എങ്കിലും എഴുത്ത് മുടങ്ങിയിരുന്നില്ല. ചിലപ്പോള്‍ പാതിരാവിലാകും കവിതയുടെ ആശയം മിന്നുക. അപ്പോള്‍ത്തന്നെ കുറിച്ചു വയ്ക്കും. വീട്ടുജോലിക്കിടയിലായാലും അങ്ങനെതന്നെ. ചെറുപ്പത്തിലെ ആ ശീലം ഇന്നും തുടരുകയാണ്. മകളുടെ എഴുതുന്ന ശീലം കാണുമ്പോള്‍ പണ്ടൊക്കെ ഉമ്മ അവളോട് പറയുമായിരുന്നു "നീ എന്റെ കഥയെഴുത്, അതു വായിച്ചാല്‍ സ്ത്രീകള്‍ നെഞ്ചുപൊട്ടി തകരും". സുല്‍ഫത്ത് ഉമ്മയുടെ കഥയെഴുതിയില്ലെങ്കിലും ആ എഴുത്തില്‍ കൂടുതലും അമ്മമാരുടെ കദനംതന്നെ. പിന്നെ പ്രണയവും. അതിനുള്ള ക്രെഡിറ്റ് ജീവിതപങ്കാളി തുരുത്തി ഇരട്ടക്കുളം വീട്ടില്‍ ഇ കെ ബഷീറിനാണ്. ബഷീര്‍ പക്ഷേ ഇത് സമ്മതിച്ചു തരില്ല. തന്നെ പാട്ടിലാക്കിയതും സുല്‍ഫത്തിന്റെ എഴുത്താണെന്നാണ് ഈ പഴയ കാമുകന്‍ പറയുന്നത്. ഒരിക്കല്‍ സുല്‍ഫത്ത് ഇദ്ദേഹത്തിന് കൈമാറിയത് 16 പേജ് നീണ്ട പ്രണയലേഖനമായിരുന്നു. ആ മധുവൂറും കാവ്യമനസ്സിനെ അദ്ദേഹം മറ്റാര്‍ക്കും വിട്ടുകൊടുത്തതുമില്ല.

ദുരിത ജീവിതത്തോണിയാണ് ഇവര്‍ക്ക് ആദ്യകാലത്ത് തുഴയേണ്ടി വന്നത്. പായ് വഞ്ചിയിലും തോണിയിലുമൊക്കെയെത്തുന്ന സാധനങ്ങള്‍ ഇറക്കുകയായിരുന്നു അന്ന് ബഷീറിന് ജോലി. ചിലപ്പോള്‍ കൊല്ലത്തില്‍ മൂന്നുമാസംമാത്രമാണ് ജോലി. അപ്പോഴൊക്കെ ബഷീറിന് സുല്‍ഫത്തും ഇവര്‍ക്ക് കവിതയും താങ്ങായി. പിന്നീട് ബഷീറിന് തുറമുഖത്തെ വാര്‍ഫിലും മറ്റും ജോലി ലഭിച്ചപ്പോഴാണ് കുടുംബം പച്ചപിടിച്ചത്. ഭാര്യയുടെ എഴുത്തിനോടുള്ള ബഷീറിന്റെ പ്രണയമാണ് ഇവയില്‍ അച്ചടിമഷി പുരട്ടിയത്. കുടുംബശ്രീയുടെ സിഡിഎസ് ന്യൂസ് ബുള്ളറ്റിന്റെ 2002 സെപ്തംബര്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച "മോഹപ്പക്ഷികള്‍" എന്ന കവിതയായിരുന്നു ആദ്യത്തേത് "മോഹപ്പക്ഷികള്‍ എന്നും വിതച്ചതോ, നിരാശതന്‍ പാഴ്വിത്തുകള്‍മാത്രം" അങ്ങനെ പോകുന്നു അതിലെ വരികള്‍. പില്‍ക്കാലത്ത് ചീഫ്ഗസ്റ്റ്, ആരാമം, ഹിമ്മത്ത്, കേരളനാട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും സുല്‍ഫത്തിന്റെ കവിതകളും കഥകളും ലേഖനങ്ങളുമൊക്കെ പതിവായി എത്തി.

നിര്‍ധനരുടെയും ആലംബഹീനരുടെയും ജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവയാണ് ഇവരുടെ ഭൂരിഭാഗം കവിതകളും. ""ഭൂമി അവകാശികളില്ലാതെ പിറന്നത് പ്രപഞ്ചം ശില്‍പ്പികളില്ലാതെ വാര്‍ത്തത് അനാദികാലത്തില്‍ ഭാഗം വളച്ചുകെട്ടി മനുഷ്യര്‍ പറഞ്ഞു ഇതെന്റേത്, ഇതെന്റേത്"" (കേള്‍ക്കാത്ത ശബ്ദം) എന്ന കവിതയിലൂടെ ഇവര്‍ ഭൂമിയുടെ രോദനത്തെയാണ് തൊട്ടറിയുന്നത്. ഗോവിന്ദച്ചാമി എന്ന കാമഭ്രാന്തന്‍ പിച്ചിച്ചീന്തിയ സൗമ്യയുടെ സ്മരണയില്‍ ഇവരെഴുതിയ "സൗമ്യയ്ക്കായ്" എന്ന കവിതയാകട്ടെ സ്ത്രീപക്ഷത്തു നിന്നുള്ള കരുത്തുറ്റ രചനയുമാകുന്നു. "എറുമ്പല്ലിവള്‍ ഊതിപ്പറപ്പിക്കാന്‍, എറിഞ്ഞുടയ്ക്കാന്‍ മണ്‍പാത്രവുമല്ല, അബലയാണിവള്‍ സഹനമാണിവള്‍, കൈതൊട്ടാല്‍ പൊള്ളുന്ന സ്ത്രീത്വത്തിന്‍ കനലിവള്‍" ഇങ്ങനെ പോകുന്നു അതിന്റെ തുടക്കം. "ചേരിയിലെ കാഴ്ചകള്‍" എന്ന കവിതയാകട്ടെ താനുള്‍പ്പെടെ അനുഭവിച്ച ജീവിതദുരിതമാണ് വരച്ചു കാട്ടുന്നത്. "പട്ടിണി നക്കിയ മനുഷ്യക്കോലങ്ങള്‍, പഴന്തുണി മറച്ച കുളിപ്പുരകള്‍, നഗ്നത മറയ്ക്കാത്ത ബാല്യങ്ങളും" എന്നിങ്ങനെയാണ് ആ കാഴ്ചകള്‍ നീളുന്നത്. ഇവരുടെ തെരഞ്ഞെടുത്ത മുന്നൂറോളം കവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്.

എന്നാല്‍, ഗസലുകളില്‍ സുല്‍ഫത്ത് മറ്റൊരാളാകുന്നു. "ഓമനേ നിന്നെ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍, ആദ്യാനുരാഗത്തിന്‍ നോവറിഞ്ഞു, ആനന്ദതുന്ദിലമാം എന്‍ ചിത്തത്തില്‍, ഹര്‍ഷ മുകുളങ്ങള്‍ നിറയുകയായ്" എന്ന് ആ പ്രേമഹൃദയം പാടുന്നു. "എന്തിനു വേണ്ടി നീ കരഞ്ഞു, എങ്ങുപോയ് എങ്ങുപോയ് നീ മറഞ്ഞു, ഇരുളിന്‍ തുരുത്തില്‍ അലിയുന്നുവോ, നിന്‍ തപ്ത നിശ്വാസം" എന്നിങ്ങനെ ആ വിരഹിണി കേഴുന്നു. സുല്‍ഫത്തിന്റെ ശ്രദ്ധേയമായ ഗസലുകള്‍ കോര്‍ത്തിണക്കി "നിലാപക്ഷി" എന്ന ആല്‍ബവും പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യകാല പിന്നണി ഗായകനും സംഗീതജ്ഞനുമായ സീറോബാബു ഈണം പകര്‍ന്ന ആല്‍ബത്തിനായി സീറോ ബാബുവിനു പുറമെ ശ്രദ്ധേയ ഗായകരായ അഫ്സല്‍, അമൃതാ സുരേഷ് എന്നിവരാണ് ആലപിച്ചിട്ടുള്ളത്. വയലാര്‍, ദേവരാജന്‍ മാഷ്, മെഹ്ബൂബ്, യേശുദാസ്, ജയചന്ദ്രന്‍ മുതല്‍ നാട്ടുകാരനായ ഗസല്‍ ഗായകന്‍ ഉമ്പായിവരെയുള്ളവരാണ് പാട്ടിന്റെ വഴിയിലെ സുല്‍ഫത്തിന്റെ ഇഷ്ടക്കാര്‍. എഴുത്തുകാരില്‍ കൊച്ചിയുടെ നാടകകാരന്‍ ടിപ് ടോപ് അസീസിനെയും ഇവര്‍ ഹൃദയത്തോട് ചേര്‍ക്കുന്നു. ഭൂതകാല കദനത്തില്‍നിന്ന് കരകയറിയ ഈ കുടുംബത്തില്‍ ഇപ്പോള്‍ കാവ്യസംഗീതത്തിനാണ് മുന്‍കൈ.

തുരുത്തിയില്‍നിന്നകന്ന് ഫോര്‍ട്ടുകൊച്ചി അമരാവതിയിലെ വാടകവീട്ടിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ദാരിദ്ര്യം വിദ്യ നിഷേധിച്ച സുല്‍ഫത്തിന്റെയും ബഷീറിന്റെയും മൂത്ത മകന്‍ ഷൈജു ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഷബാബ് (ബിസിനസ്), സഫ്വാന്‍ (ഗള്‍ഫ്) എന്നിവരാണ് മറ്റ് മക്കള്‍. ഷബീന, മിന്‍ഹാസ് എന്നീ മരുമക്കളും കൊച്ചുമക്കളായ ഫര്‍വീന്‍ അസ്മി (കുഞ്ഞാറ്റ), ഐസാ മെഹ്റിന്‍ എന്നിവര്‍പോലും വല്യുമ്മയുടെ കവിതയും പാട്ടും ഏറെ ഇഷ്ടപ്പെടുന്നവരാണ്. നാട്ടുകാരാകട്ടെ നാലകത്ത് സലീം പുരസ്കാരം, ലജ്നത്തുല്‍ മുഹിയുദ്ദീന്‍ സംഘ പുരസ്കാരം, മൗലാനാ ആസാദ് ലൈബ്രറി പുരസ്കാരം തുടങ്ങിയവ സമ്മാനിച്ചും ഈ എഴുത്തുകാരിയെ ആദരിച്ചു. ഒട്ടേറെ വ്യഥ കുടിച്ചുതീര്‍ത്ത ആ മനസ്സ്, ഉരലില്‍ അരിയിടിച്ച് തഴമ്പിച്ച വിരലുകളില്‍ പേന ചേര്‍ത്ത് എഴുതുന്നു
"തീരാത്ത മോഹമാണെന്നും ജീവിതം,

തോരാത്ത കണ്ണുനീരാണാനുരാഗം,

വറ്റാത്ത പുഴപോലെയീ മാതൃത്വം,

ഒടുങ്ങാത്ത ഓളങ്ങളാണോര്‍മകള്‍."

*
ഷഫീഖ് അമരാവതി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: