Sunday, June 30, 2013

ജനതാദളത്തിലെ പുഴുക്കുത്തുകള്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ജനതാദള്‍ വിട്ട് സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പാര്‍ടി രൂപീകരിച്ചതും വലതുപക്ഷത്ത് ചേക്കേറിയതും. അടുത്ത ലോകസഭാതെരഞ്ഞെടുപ്പിന് മുന്നെ ഇതാ ആ പാര്‍ടിയിലെ ഭൂരിപക്ഷം പേരും പാര്‍ടി വിടുകയോ പുറത്താക്കപ്പെടുകയോ ആണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്ന് വലതുപക്ഷത്തേക്ക് വീരേന്ദ്രകുമാര്‍ മാറിയത് കേവലം ഒരു ലോക്സഭാ സീറ്റിന് വേണ്ടിയായിരുന്നു. അധികാരത്തിനും സ്ഥാനത്തിനുമായുള്ള ചേരിമാറ്റം അടുത്ത തെരഞ്ഞെടുപ്പിന് മുന്നെ ആ പാര്‍ടിയില്‍ വിള്ളല്‍വീഴ്ത്തി.

ആഗോളവല്‍ക്കരണത്തിനെതിരായും കുത്തകകള്‍ക്കെതി രായും ഗിരിപ്രഭാഷണങ്ങളും പുസ്തകങ്ങളും എഴുതിയ ആദര്‍ശശാലിയായ നേതാവ് യുഡിഎഫിന്റെയും യുപിഎയുടെയും ആഗോളവല്‍ക്കരണനയത്തിന്റെ പ്രചാരകനും പ്രയോക്താവുമായി മാറുന്നതാണ് നാലുവര്‍ഷമായി കാണാന്‍ കഴിയുന്നത്. ഗാട്ടും കാണാച്ചരടുമെഴുതിയ വീരന്റെ നയംമാറ്റത്തിന് പിന്നിലുള്ള കാണാച്ചരടുകളെന്താണ്. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി പൂട്ടിച്ചത് തന്റെ ഇടപെടലാണെന്നാണ് വീരേന്ദ്രകുമാര്‍ അവകാശപ്പെടാറ്. എന്നാല്‍ കൊക്കകോളകമ്പനി തുറക്കാന്‍ വീരന്‍ കോഴ വാഗ്ദാനം ചെയ്തതായ വാര്‍ത്തകളാണ് ഇന്ന് പുറത്തുവരുന്നത്. മാതൃഭൂമി മാനേജിങ് ഡയറക്ടറായ വീരേന്ദ്രകുമാര്‍ കുറച്ചുവര്‍ഷം മുമ്പ് ടൈംസ് ഓഫ് ഇന്ത്യാഗ്രൂപ്പ് മാതൃഭൂമി ഓഹരികളില്‍ ചിലത് വാങ്ങിയപ്പോള്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. ദേശീയപത്രത്തെ വിഴുങ്ങാനിതാ കുത്തക വരുന്നേ രക്ഷിക്കണേ എന്ന് നെഞ്ചത്തടിച്ചു അദ്ദേഹം. എന്നാല്‍ പിന്നീട് ടൈംസ് ഓഫ് ഇന്ത്യാഗ്രൂപ്പില്‍ നിന്ന് ആ ഓഹരികള്‍ അദ്ദേഹവും മകനും ചേര്‍ന്ന് കൈക്കലാക്കി. വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായിരുന്ന വേളയിലാണ് ഈ ഇടപാട് നടന്നത്.

ജയിനില്‍നിന്ന് ഓഹരികള്‍ സംഘടിപ്പിച്ചതിന് പിന്നില്‍ കേന്ദ്രമന്ത്രിയുടെ അധികാരദുര്‍വിനിയോഗവും അഴിമതിയുമുണ്ടോ? ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ. കുത്തകയായ ടൈംസ്ഓഫ് ഇന്ത്യ ഇന്ന് കേരളത്തില്‍ അച്ചടിച്ചുവിതരണം ചെയ്യുന്നത് വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയുടെ അച്ചുകൂടത്തില്‍ന്നിന്നാണെന്നത് ഓഹരി ഇടപാടുമായി ചേര്‍ത്തുവായിക്കേണ്ടതല്ലേ. കേരളത്തില്‍ സോഷ്യലിസ്റ്റ് ജനാധിപത്യ ചേരി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കിയ അരങ്ങില്‍ ശ്രീധരന്‍, പി വിശ്വംഭരന്‍, തമ്പാന്‍ തോമസ്, പി ആര്‍ കുറുപ്പ് എന്നിവരെല്ലാം പാര്‍ടിയില്‍നിന്ന് പുറത്തായത് വീരേന്ദ്രകുമാറിന്റെ ഏകാധിപത്യശൈലിയെ ചോദ്യംചെയ്തതിനാണ്. മൈക്കിന് മുന്നിലെത്തിയാലും നാക്ക് പുറത്തെടുത്താലും സിപിഐ എമ്മില്‍ ജനാധിപത്യവിരുദ്ധത ആരോപിക്കുന്ന, നേതാക്കളെ അധിക്ഷേപിക്കുന്ന വീരന്‍ 20 വര്‍ഷമായി ഒരു പാര്‍ടിയുടെ പ്രസിഡന്റായി തുടരുന്നതിന് പിന്നിലെ ജനാധിപത്യസംസ്കാരമെന്താണ്.? -ദീര്‍ഘകാലം എം പി വീരേന്ദ്രകുമാറിന്റെ കൂടെ പ്രവര്‍ത്തിച്ച, സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് കെ കൃഷ്ണന്‍കുട്ടിയാണ് ഈ ചോദ്യം ഉയര്‍ത്തുന്നത്.

ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സുനാമിത്തിരയായി അലറിയടിക്കവേ നമ്മുടെ നാടിനെയും രാഷ്ട്രീയത്തെയും സംരക്ഷിക്കാനായി പ്രതിഷേധത്തിന്റെയും,പ്രതിരോധത്തിന്റെയും വിശാല ജനകീയകൂട്ടായ്മകളാണ് ഇന്ന് ഉയര്‍ന്നുവരേണ്ടത് എന്ന് അദ്ദേഹം ചുണ്ടിക്കാട്ടുന്നു. കൃഷ്ണന്‍കുട്ടിയുടെ രാഷ്ട്രീയതട്ടകമായ പാലക്കാട് വച്ച് നടത്തിയ സംഭാഷണത്തില്‍നിന്ന് :

? വീരേന്ദ്രകുമാറുമായി ഇടയാനുണ്ടായ സാഹചര്യമെന്താണ്

കോണ്‍ഗ്രസിലാണ് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു. സംഘടനാകോണ്‍ഗ്രസ് ആരംഭിച്ചു. അശോക്മേത്ത, മൊറാര്‍ജി ദേശായി തുടങ്ങിയവരെല്ലാമായി അഴിമതിക്കെതിരായ മുന്നേറ്റത്തിനും തുടക്കമായി. ജയപ്രകാശ് നാരായണന്‍ രംഗത്തുവന്നു. അതിന്റെ തുടര്‍ച്ചയായി അടിയന്തരാവസ്ഥയുടെ വരവ്. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഇവിടുത്തെ നേതാക്കള്‍ ശങ്കരനാരായണനും എബ്രഹാംമാഷും ടി ഒ ബാവയുമൊക്കെയാണ്. തുടര്‍ന്ന് തെരഞ്ഞെടുപ്പും ജനതാപാര്‍ടിയുടെ രൂപീകരണവുമെല്ലാമുണ്ടായി. അഴിമതിക്കെതിരായ സമരത്തിലാണ് ജനതാപാര്‍ടിയുടെ ജനനം തന്നെ. കുത്തകവിരുദ്ധതയും അധികാരവികേന്ദ്രീകരണവുമൊക്കെ അന്നേ സ്വീകരിച്ച നിലപാടുകളായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് കൊക്കകോള നിരോധിച്ചതും ജില്ലാവ്യവസായകേന്ദ്രങ്ങളുടെ തുടക്കവും അന്നാണ്. ഗ്രാമീണമേഖലക്ക് ബജറ്റിന്റെ അമ്പതുശതമാനം വിഹിതം നീക്കിവച്ചതും ജില്ലാവ്യവസായകേന്ദ്രങ്ങളുടെ ആരംഭവുമൊക്കെ അന്നത്തെ സംഭാവനയാണ്. ജനസംഘം ബിജെപിയാവുകയും മൊറാര്‍ജി രാജിവയ്ക്കുന്നതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രം. ഇടതുപക്ഷവുമായി സഹകരിച്ച് ജനതാപാര്‍ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

വി പി സിങ് പ്രധാനമന്ത്രിയായതടക്കം ഇടതുപക്ഷവുമായി ദേശീയതലത്തിലും സഹകരണം വര്‍ധിച്ചു. ജനതാദളായി അപ്പോഴേക്കും പാര്‍ടി മാറി. ഐ കെ ഗുജ്റാളും ദേവഗൗഡയും പ്രധാനമന്ത്രിമാരായി. പിന്നീട് കര്‍ണാടകത്തില്‍ ഗൗഡയും കൂട്ടരും ബിജെപിയുമായി ചേരുന്ന അവസ്ഥയായി. അന്ന് കേരളത്തില്‍ ഞങ്ങള്‍ എല്‍ഡിഎഫിലായതിനാല്‍ തന്നെ ഈ സഖ്യം അംഗീകരിക്കാനാവുമായിരുന്നില്ല. പുതിയ പാര്‍ടിയെക്കുറിച്ച് ആലോചിക്കാന്‍ സുരേന്ദ്രമോഹന്‍ കണ്‍വീനറായ സമിതിക്ക് രൂപംനല്‍കി. എന്നാല്‍ ദേവഗൗഡ യാതൊരു അച്ചടക്കനടപടിയുമെടുത്തില്ല. കുറച്ചുകാലത്തിനകം ഗൗഡ ബിജെപി ബന്ധം ഉപേക്ഷിച്ചു. അപ്പോള്‍ സുരേന്ദ്രമോഹനോട് യാത്രപോലും പറയാതെ വീരേന്ദ്രകുമാര്‍ ഗൗഡക്കൊപ്പം പോയി. ഇത് ശരിയാണോ.

ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത്. അതിന് കുറച്ചുമുന്നെ എം പി വീരേന്ദ്രകുമാറും സിപിഐ എമ്മുമായി ഇടച്ചില്‍ തുടങ്ങിയിരുന്നു. മാതൃഭൂമി സിപിഐ എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. വ്യക്തിപരമായി പിണറായി വിജയനെതിരായടക്കം മാതൃഭൂമിയില്‍ പരാമര്‍ശമുണ്ടായി. അപ്പോള്‍ ഞങ്ങളൊക്കെ ഇതേപ്പറ്റി ചോദിക്കുമ്പോള്‍ വീരേന്ദ്രകുമാര്‍ നല്‍കിയിരുന്ന മറുപടി മാതൃഭൂമി സ്വതന്ത്രമാണ്, ഞാനിടപെടാറില്ലെന്നാണ്.

? ജനതാദള്‍ എല്‍ഡിഎഫ് വിട്ടതിനെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്

"ദേശാഭിമാനി" വയനാട്ടിലെ ഭൂമിപ്രശ്നം പുറത്തുകൊണ്ടുവന്നു. ആദിവാസി ഭൂമി കൈയേറിയതാണെന്നതിന്റെ വിശദാംശങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇത്തരമൊരാരോപണവും പ്രശ്നവും പാര്‍ടിയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. ന്യായാന്യായങ്ങള്‍പോലും ചര്‍ച്ചയായില്ല. ശരിയോ തെറ്റോ എന്ന് ചര്‍ച്ചചെയ്ത് സാധാരണ ആരോപണമുണ്ടായാല്‍ പാര്‍ടിതലത്തിലെങ്കിലും കമീഷനെ നിയോഗിക്കും. എന്നാല്‍ വീരന്‍ പറഞ്ഞതിനപ്പുറം കാര്യങ്ങള്‍ അന്വേഷിക്കുന്ന സ്ഥിതിയുണ്ടായില്ല. ഇതിങ്ങനെ നില്‍ക്കുന്നവേളയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. വയനാട് സീറ്റ് തരാമെന്നായിരുന്നു സിപിഐ എം അറിയിച്ചത്. കോഴിക്കോടിനായി വിട്ടുവീഴ്ച കാട്ടണമെന്നും. നേരത്തെ സിപിഐ എമ്മുമായി സ്വരച്ചേര്‍ച്ച കുറഞ്ഞിരുന്ന വീരന്‍ ഈയവസരമുപയോഗിച്ചു. സിറ്റിങ് സീറ്റ് വിട്ടുതരുന്നില്ലെന്ന വികാരം പാര്‍ടിയിലുന്നയിച്ചു. അന്ന് സീറ്റ് ചര്‍ച്ചക്ക് ഞാനാണ് പോയിരുന്നത്. വയനാട് തരാം, നിങ്ങള്‍ മത്സരിക്കൂ, തോല്‍വി സംഭവിച്ചാല്‍ രാജ്യസഭാസീറ്റ് പരിഗണിക്കാമെന്നും അറിയിച്ചു. എന്നാല്‍ വീരന്‍ മാനസികമായി പാര്‍ടി മുന്നണി വിടണമെന്ന അഭിപ്രായത്തിലെത്തിയിരുന്നു. ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും അന്നാ നിഗമനത്തിലെത്തി. എല്‍ഡിഎഫ് വിടാനാണ് പാര്‍ടി തീരുമാനിച്ചത്. യുഡിഎഫ് ബന്ധം ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ ഇതിനിടയില്‍ കോണ്‍ഗ്രസുമായി വീരന്‍ ചര്‍ച്ചകളിലേര്‍പ്പെട്ടിരുന്നു. യുഡിഎഫുമായി ചേരാന്‍ തീരുമാനിച്ചതോടെ മാത്യു ടി തോമസും ജോസ് തെറ്റയിലും സി കെ നാണുവുമടങ്ങുന്ന പാര്‍ടിയിലെ പ്രബല വിഭാഗം മാറിനിന്നു. അപ്പോള്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിക്കണമെന്ന മോഹത്തിലായിരുന്നു വീരേന്ദ്രകുമാര്‍. വടകര സീറ്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ യുഡിഎഫ് ഒഴിച്ചിട്ടിരിക്കയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ക്ക് എന്നെയാണ് അയച്ചിരുന്നത്. ഞാന്‍ സംസാരിച്ചു. അപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അവരുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്നതായിരുന്നു. കാരണം ആണവകരാറിനെയും മറ്റും വിമര്‍ശിച്ച ഞങ്ങടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നുവിത്. മറ്റൊരു പാര്‍ടിനേതാവായാലും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുക എന്ന നിര്‍ദേശം വന്നതോടെയാണ് വടകരയിലെ സ്ഥാനാര്‍ഥിത്വം പോയത്. എന്നിട്ടും യുഡിഎഫിന് ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിച്ചു.

? യുഡിഎഫ് ബാന്ധവം നഷ്ടക്കച്ചവടമായിരുന്നില്ലേ

ശരിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമീപനം മോശമായിരുന്നു. എല്‍ഡിഎഫിലുണ്ടായിരുന്നപ്പോള്‍ കിട്ടിയതിന്റെ പകുതി സീറ്റ് മത്സരിക്കാന്‍ കിട്ടിയില്ല. ജയിച്ച പഞ്ചായത്ത് മെമ്പര്‍മാരുടെ എണ്ണവും വളരെകുറവായിരുന്നു. അതിനുശേഷമാണ് നിയമസഭാതെരഞ്ഞെടുപ്പ്. തിരുവല്ല, അങ്കമാലി സീറ്റുകള്‍ ഞങ്ങള്‍ക്ക് കിട്ടേണ്ടതായിരുന്നു. അതിനാവശ്യപ്പെട്ടില്ല. പ്രതിഷേധമുണ്ടായില്ല. ലോക്സഭയിലേക്ക് സ്വന്തം സീറ്റ് കിട്ടുന്നില്ല, പകരം സീറ്റ് തരാമെന്ന് പറഞ്ഞിട്ടും മുന്നണിബന്ധം ഉപേക്ഷിച്ചവര്‍ നിയമസഭാ സീറ്റ് പലതും നഷ്ടമായപ്പോഴും പ്രതിഷേധം പോയിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ പ്രതികരണംപോലും രേഖപ്പെടുത്തിയില്ല. ചിറ്റൂരുമില്ല. പകരം നെന്മാറ തന്നപ്പോള്‍ ഞാന്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ പകരം പാര്‍ടിനേതാക്കളെ മത്സരിപ്പിക്കാതെ സീറ്റ് തിരിച്ചുകൊടുക്കയാണുണ്ടായത്. പിന്നീട് മത്സരിക്കാന്‍ കിട്ടിയത് കല്‍പറ്റ, എലത്തൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ് സീറ്റുകളാണ്. ഇതില്‍ കല്‍പറ്റ മാത്രമായിരുന്നു വിജയസാധ്യതയുള്ള മണ്ഡലം.

സ്വന്തം മകനായ എം വി ശ്രേയാംസ് കുമാര്‍ മാത്രം ജയിക്കുമെന്നുറപ്പാക്കാനുള്ള തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പെ വീരനുണ്ടായിരുന്നുവെന്നു മനസ്സിലാക്കണം. തെരഞ്ഞെടുപ്പിന് ശേഷമുള്ള മന്ത്രിസഭാരൂപീകരണമടക്കം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ കെ പി മോഹനന്‍ ജയിച്ചു. അച്ഛന്‍ പ്രസിഡന്റും മകന്‍ മന്ത്രിയുമാകുന്നത് പാര്‍ടിക്കുള്ളിലും പുറത്തും മോശം ചര്‍ച്ചയും പ്രതിച്ഛായയുമുണ്ടാക്കുമെന്ന് ഞാനാണന്ന് വീരേന്ദ്രകുമാറിനോട് പറഞ്ഞത്. അതിനാലാണിത്തവണ മോഹനന്‍ മന്ത്രിയായത്. ശ്രേയു മന്ത്രിയാകണമെന്നായിരുന്നു വീരന്റെ താല്‍പര്യം. കഴിഞ്ഞ തവണ ഇടതുമുന്നണിയിലുള്ളപ്പോഴും അദ്ദേഹത്തിന് മകനെ മന്ത്രിയാക്കാനായിരുന്നു ആഗ്രഹം. അന്ന് എന്‍ എം ജോസഫിനെയും എന്നെയുമാണ് എംഎല്‍എമാരുമായി ചര്‍ച്ച നടത്താനായി നിശ്ചയിച്ചത്. ഭാര്യക്ക് അസുഖമായതിനാല്‍ വീരന്‍ മാറിനിന്നു. അന്ന് ഞങ്ങള്‍ മകനെ തെരഞ്ഞെടുക്കുമെന്നാണദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തി ജനാധിപത്യപരമായാണ് അന്ന് മന്ത്രിയെ തീരുമാനിച്ചത്. അന്ന് എംഎല്‍എമാരുടെ യോഗത്തിന് വരാതിരുന്ന ശ്രേയാംസ്കുമാര്‍ തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും തനിക്കതിന് യോഗ്യതയുണ്ടെന്നും അറിയിച്ചിരുന്നു. ഇങ്ങനെ രണ്ടുവേളകളില്‍ ഞാനടക്കമുള്ളവര്‍ കിട്ടിയ അധികാരം മകന് വേണ്ടി ഉപയോഗിക്കാത്തതില്‍ വീരേന്ദ്രകുമാറിന് വിഷമം സ്വാഭാവികമല്ലേ. അത് പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രം. ഇപ്പോള്‍ ഞാന്‍ പാര്‍ടി ഭാരവാഹിത്വം രാജിവച്ചതായറിയിച്ചപ്പോള്‍ പ്രതികരണം ഓര്‍ക്കുന്നില്ലേ, അദ്ദേഹം മാറ്റുമായിരുന്നുവെന്ന്. ഞാനദ്ദേഹത്തിന്റെ കമ്പനിയിലെ ജീവനക്കാരനല്ല. അദ്ദേഹം പലപ്പോഴും ധരിക്കുന്നത് പാര്‍ടി പ്രവര്‍ത്തകര്‍ കമ്പനിയിലെ ജീവനക്കാരനാണെന്നാണ്. സ്വന്തം മകന് രണ്ടുതവണയും മന്ത്രിയാകാന്‍ സാധിക്കാതെ പോയതിലുള്ള നീരസം എല്ലാം മകനുവേണ്ടിയെന്ന് കരുതുന്ന നേതാവിനുണ്ടാകുമെന്നുറപ്പല്ലേ.

? ആഗോളവല്‍ക്കരണത്തോടും കോര്‍പറേറ്റ്വല്‍ക്കരണത്തോടും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ജനതാദളിന് കഴിയുന്നുണ്ടോ

രണ്ടാം യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധതയില്‍, അഴിമതിയില്‍,കര്‍ഷകദ്രോഹത്തില്‍ എല്ലാം റിക്കാഡാണ്. ലോകത്തിനാകെ നാണക്കേടാകും വിധമാണ് അഴിമതിയുടെ കുംഭമേളകള്‍ ഉയരുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജനിച്ച പാര്‍ടിയുടെ പാരമ്പര്യം പറയുമ്പോള്‍ കേന്ദ്രത്തിലെ കോടികളുടെ അഴിമതിമേളകളെക്കുറിച്ച് മൗനംപാലിക്കുന്നത് ശരിയാണോ. പാര്‍ടിക്ക് ഇതേപ്പറ്റിയെല്ലാം എന്തെങ്കിലും അഭിപ്രായം വേണ്ടെ. ആഗോളവല്‍ക്കരണത്തിനെതിരെ വലിയ വര്‍ത്തമാനം പറഞ്ഞ നമ്മള്‍ കോര്‍പറേറ്റുകള്‍ നാടിനെ വിഴുങ്ങുമ്പോള്‍ പ്രതികരിക്കേണ്ടതല്ലേ. പകരം സിപിഐ എം വിരോധം മാത്രം പ്രസംഗിച്ചുനടക്കുന്നത് ആരുടെ നേട്ടത്തിനാണ്. എന്തിനെയും എതിര്‍ക്കുന്നതും അഭിപ്രായം പറയുന്നതുമെല്ലാം നിലപാടിന്റെയും വിഷയത്തിന്റെയും അടിസ്ഥാനത്തിലാകണം.

മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രഭരണം രാജ്യത്ത് ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചത് ഈയടുത്താണ്. എന്നാല്‍ 2009-ല്‍ കാര്‍ഷികമേഖലയില്‍ വിദേശനിക്ഷേപം വന്നു. നമ്മെയും രാജ്യത്തെയും തീറ്റിപ്പോറ്റുന്നത് 70 ശതമാനംവരുന്ന ചെറുകിടകര്‍ഷകരാണ്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് പരവതാനി വിരിക്കുന്ന സമീപനത്തിനുള്ള നയമാണ് വിദേശനിക്ഷേപം അനുവദിച്ചതിലൂടെ ശക്തിപ്രാപിച്ചത്. കൃഷിച്ചെലവ് വര്‍ധിച്ച് കൃഷി ഉപേക്ഷിച്ച് കൂട്ടത്തോടെ കൊഴിഞ്ഞുപോകയാണ് സാധാരണക്കാരായ കൃഷിക്കാര്‍. 2010-11ല്‍ ഒരേക്കര്‍ നെല്‍കൃഷിക്ക് ചെലവ് 1801 രൂപയായിരുന്നു. 2011-12ല്‍ ചെലവ് 5521 രൂപയായി. 2008-09 കാലത്ത് 96,603 കോടി രൂപ രാസവളത്തിന് സബ്സിഡി അനുവദിച്ചത് 49,999 കോടിയായി വെട്ടിക്കുറച്ചു. വളത്തിന്റെ വിലനിയന്ത്രണത്തില്‍ നിന്ന് പിന്മാറി കൃഷിക്കാരെ ദ്രോഹിക്കുന്നു. ജലവിതരണത്തിലും സകലസേവനങ്ങളും സ്വകാര്യവല്‍ക്കരിക്കയാണ്.

അതേസമയം കോര്‍പറേറ്റുകളെ സേവിക്കുന്നതില്‍ ബഹുദൂരം മുന്നിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. 2005 മുതലുള്ള ആറ്വര്‍ഷം കോര്‍പറേറ്റ് കമ്പനികള്‍ക്ക് നല്‍കിയ നികുതിയിളവ് കൃഷിക്കാര്‍ക്ക് നല്‍കുന്നതിന്റെ പലമടങ്ങാണ്. ആദ്യവര്‍ഷം രണ്ടുലക്ഷം കോടി നല്‍കി. പിന്നീടത് ക്രമമായി വര്‍ധിച്ച് 5.6ലക്ഷം കോടിയായി ഉയര്‍ത്തി. അതായത് അഞ്ചുവര്‍ഷത്തിനകം കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ ഇളവ് 35 ലക്ഷം കോടി. അതൊന്നും വലിയ വാര്‍ത്തയേയായില്ല. അതേസമയം 70,000 കോടി കൃഷിക്കാര്‍ക്ക് കൊടുത്തപ്പോള്‍ ലോകം മുഴുവന്‍ പോസ്റ്ററൊട്ടിച്ചു.

കോര്‍പറേറ്റുകള്‍ക്ക് പരിഗണനയും കൃഷിക്കാരന് അവഗണനയുമെന്നതാണിന്നത്തെ നയം. നെല്ലും ഗോതമ്പുമൊഴികെ എല്ലാകൃഷിയും വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാവുന്നു. കാര്‍ഷികരംഗമാകെ തകരുമ്പോള്‍ ജനങ്ങളോട് ബന്ധമുള്ള പാര്‍ടിക്ക് എങ്ങനെ മിണ്ടാതെയും നിലപാടെടുക്കാതെയും മുന്നോട്ടുപോകാനാവും. ഒരു ഹെക്ടറിന് 280 ടണ്‍ തക്കാളിയാണ് കമ്പനികള്‍ ഉത്പാദിപ്പിക്കുന്നത്. സാധാരണകൃഷിക്കാരന് ആറ് ടണ്ണേ സാധിക്കൂ. ഭൂപരിഷ്കരണ നിയമമാകെ അട്ടിമറിച്ച് പാവപ്പെട്ട കൃഷിക്കാര്‍ കുടിയൊഴിയുമ്പോള്‍ ആ ഭൂമി വാങ്ങിക്കൂട്ടുകയാണ് വന്‍കിടക്കാര്‍. നമ്മുടെ തൊട്ടടുത്ത് ഉദുമല്‍പേട്ടയില്‍ റിലയന്‍സും ജയിനും ഭൂമി വാങ്ങിക്കൂട്ടുകയാ. 1200 ഏക്കറാ ജയിന്‍കമ്പനി വാങ്ങിയത്. പ്രശസ്തമായ മുതലമട മാങ്ങ ഇനി കൃഷിക്കാരനില്‍നിന്നല്ല കിട്ടുക. വര്‍ധിച്ച ഉല്‍പാദനശേഷിയുള്ള മാവുകളുമായാണ് അവരെത്തുന്നത്. വിപണിയും വിലയുമെല്ലാം അവര്‍ കൈയടക്കി. നമ്മുടെ കൃഷിക്കാരനിതിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല. അപ്പോള്‍ അവരെങ്ങനെ കൃഷി തുടരും. കൂട്ട ആത്മഹത്യയാണ് വരാന്‍പോകുന്നത്. നാടിതുവരെ കാത്തുസൂക്ഷിച്ച എല്ലാ മൂല്യങ്ങളും നയങ്ങളും ആശയങ്ങളും കൈയൊഴിയുന്ന ഈ ഭരണം നമുക്കുവേണ്ടിയല്ലെന്ന തിരിച്ചറിവ് എല്ലാവിഭാഗം ജനങ്ങളിലേക്കും അതിവേഗം പടര്‍ത്താനുള്ള വിശാല ജനകീയകൂട്ടായ്മയാണ് ഇന്നത്തെ ആവശ്യം. രാജ്യത്തെ കര്‍ഷകസമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മന്‍മോഹന്‍ഭരണനയങ്ങള്‍ക്കെതിരെ സമ്പൂര്‍ണവിപ്ലവം അനിവാര്യമാണ്.

യൂറോപ്യന്‍ യൂണിയനുമായി പാല്‍ ഇറക്കാനുള്ള കരാര്‍വരികയാണ്. രാഷ്ട്രീയകക്ഷികളില്‍ സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോമാത്രമാണ് ഇതിനെ എതിര്‍ത്തു കണ്ടത്. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്കമ്മിറ്റിയും എതിര്‍ത്തിട്ടുണ്ട്. പാലും പാലുല്‍പന്നങ്ങളും ഇറക്കാനാ പദ്ധതി. കുറഞ്ഞവിലക്ക് പാലും മറ്റും ഒഴുകുന്നതോടെ നമ്മുടെ ഗ്രാമീണസമ്പദ്ഘടനയുടെ നട്ടെല്ലൊടിയും. അമുലും മില്‍മയുമടക്കം നമ്മുടെ മാതൃകാസ്ഥാപനങ്ങളും തകരും. ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതമാര്‍ഗമാ ഈ നയത്തിലൂടെ ഇല്ലാതാകാന്‍ പോകുന്നത്. ഗ്രാമീണഭാരതത്തെ നാമാവശേഷമാക്കുമീ നടപടി. പാറ്റന്റ് ഭേദഗതിയുടെ ദുര്യോഗം നാമിന്നനുഭവിക്കുന്നു. വിത്ത്, വളം, വെള്ളം എല്ലാം കുത്തകകള്‍ കൈയടക്കുന്നു. ഇതിനെല്ലാത്തിനും സര്‍ക്കാരിന്റെ പ്രോത്സാഹനം. പാവപ്പെട്ട കൃഷിക്കാരന് സബ്സിഡി നല്‍കുന്നത് വികസനവിരുദ്ധം. അതിന് പണമില്ല. 600 രൂപയുടെ തക്കാളിവിത്തിനിപ്പോ 54,000 രൂപയാണ്. ഒരുകിലോ കക്കിരി വിത്തിന് മൂന്നുലക്ഷം രൂപ. കോര്‍പറേറ്റുകള്‍ക്ക് ഈ മേഖല തുറന്നുകൊടുത്തതോടെ നമ്മുടെ സര്‍വകലാശാലകളും ഗവേഷണവും എല്ലാം അവസാനിച്ചില്ലേ. പാറ്റന്റ് നിയമം മാറ്റിയതിനാല്‍ നമുക്കിവിടെ ഗവേഷണമോ കുറഞ്ഞ ചെലവില്‍ വിത്ത് വികസിപ്പിക്കാനോ ആവില്ല. ശരിക്കും പറഞ്ഞാല്‍ ജീവിക്കാനാവാത്ത അവസ്ഥ. ഇതിനെയൊന്നും എതിര്‍ക്കാതെ എന്ത് സോഷ്യലിസവും കര്‍ഷകപ്രേമവും പറഞ്ഞ് എത്രകാലം ജനത്തെ വഞ്ചിക്കാനാവും.

? പ്ലാച്ചിമടയിലെ കൊക്കകോള സമരം വീരേന്ദ്രകുമാറിന്റെ നേട്ടമായിട്ടാണല്ലോ വിലയിരുത്തപ്പെടുന്നത്

ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായ സമരമാണ് വീരേന്ദ്രകുമാര്‍ മേനിനടിക്കുന്ന മറ്റൊരുകാര്യം. എന്താണ് സത്യം. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ സമരം നോക്കിയാല്‍പ്പോരേ. എല്‍ഡിഎഫ് ഭരണത്തിലാണ് കമ്പനിക്ക് ലൈസന്‍സ് കൊടുത്തത്. അന്നതിന് സഹായകമായ നിലപാടെടുത്തുവെന്നതൊന്നും ഞങ്ങളൊന്നും നിഷേധിക്കുന്നില്ല. ഞങ്ങളുടെ പഞ്ചായത്താണ്, ഞങ്ങളുടെ നിയന്ത്രണത്തിലാണ് പെരുമാട്ടി ഒക്കെ ശരിയാണ്. എന്നാല്‍ അവിടെയൊരു വിഷയമുണ്ടെന്ന് മനസ്സിലായ ഉടന്‍ ഞങ്ങളന്വേഷണത്തിന് വിദഗ്ധരെ നിയോഗിച്ചിച്ചു. ഷോകോസ് നോട്ടീസ് കൊടുത്തു. ലൈസന്‍സ് റദ്ദാക്കിയത് പെരുമാട്ടി പഞ്ചായത്താണ്. അതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ച് പഞ്ചായത്ത് നിലപാടംഗീകരിച്ചു. എന്നാല്‍ ഡിവിഷന്‍ ബഞ്ച് കൊക്കകോളക്കനുകൂലമായാ വിധിച്ചത്. ലൈസന്‍സ് കൊടുക്കാനായിരുന്നു ഉത്തരവ്. അന്ന് പഞ്ചായത്ത് 17 വ്യവസ്ഥകള്‍വച്ച് ലൈസന്‍സ് കൊടുത്തു. ഉല്‍പാദന ഘടകങ്ങളടക്കം രേഖപ്പെടുത്തണമെന്നതായിരുന്നു നിബന്ധനകള്‍. ഇതിനെതിരെ കമ്പനി സുപ്രീം കോടതിയില്‍ പോയി. ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിധിക്കെതിരെ പഞ്ചായത്തും. വിഷയം ഇപ്പോള്‍ സുപ്രീം കോടതിയിലാ. ഞങ്ങളുടെ പ്രസിഡന്റ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഇടപെടലിനാലാണിതെല്ലാം സാധിച്ചത്.

? വീരേന്ദ്രകുമാര്‍ രംഗം കൈയടക്കുന്നതെങ്ങനെയാണ്

കമ്പനിയുടെ ലൈസന്‍സ് റദ്ദായപ്പോഴാണ് വീരേന്ദ്രകുമാര്‍ അവിടെവന്നത്. അന്നവിടെ പ്രാദേശികമായി സമരമുണ്ടായിരുന്നു. ആ സമയത്താ വീരേന്ദ്രകുമാറിന്റെ രംഗപ്രവേശം. സമരം നമ്മള്‍ക്ക് നേട്ടമാവും ഏറ്റെടുക്കണമെന്ന് പറഞ്ഞു. എന്‍ജിഒകളുടെ വലിയ ഇടപെടലുണ്ടായി അന്ന്. എവിടെനിന്നൊക്ക ഫണ്ട് വന്നു, ആര്‍ക്കൊക്കെ കിട്ടി എന്നതിനെക്കുറിച്ച് കണക്കില്ല. ഞങ്ങള്‍ക്കുമറിവില്ല. ഞങ്ങള്‍ക്കോ പഞ്ചായത്തിനോ ഒരുപൈസ കിട്ടിയില്ല. ജലസമ്മേളനം നടത്തിയും പുസ്തകമെഴുതിയുമെല്ലാം വീരേന്ദ്രകുമാര്‍ ഉദ്ദേശിച്ച രൂപത്തില്‍ നേട്ടവുമുണ്ടായി. വിദേശരാജ്യങ്ങളിലെ പലപല സംഘടനകളുടെ ഒഴുക്കായിരുന്നു അന്ന്. പഞ്ചായത്ത് കോടതിയില്‍ കേസ് നടത്തിയാണ് കൊക്കകോളയെ നേരിട്ടതെന്നത് മറച്ച് സമരംകൊണ്ടാണ് കോളക്കമ്പനി പൂട്ടിയതെന്ന് പറയുന്നത് സത്യവുമായി പൊരുത്തപ്പെടാത്തതാണ്. ഈ കാലത്താണ് ഇതിലൊരു കൂടിയാലോചന വേണം കാണണമെന്ന് പറഞ്ഞ് വീരേന്ദ്രകുമാര്‍ വിളിക്കുന്നത്. വീരനും അദ്ദേഹത്തിന്റെ പി എ നന്ദനും വന്നു. കൂടെ കൊക്കകോളയുടെ ലെയ്സണ്‍ ഓഫീസര്‍ അഗര്‍വാളുമുണ്ടായിരുന്നു.കോളക്കമ്പനി തുറക്കാനനുവദിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഫ്രൂട്ജൂസ് കമ്പനിയാ തുറക്കുക അവര്‍ക്ക് അവസരംകൊടുക്കണമെന്നായിരുന്നു നിര്‍ദേശം. വെള്ളമവിടെ നിന്നെടുക്കില്ല. അവിടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും പറഞ്ഞു. അന്ന് പഞ്ചായത്ത് പ്രസിഡന്റും മറ്റുമായി പാര്‍ടിപ്രസിഡന്റ്് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതറിയിച്ചു. അപ്പോഴാണ് കൃഷ്ണന് ബംഗളൂരുവില്‍ ഫ്ളാറ്റും കോടിയും വാഗ്ദാനംചെയ്ത് നേരത്തെ സമീപിച്ചതും അവരത് തള്ളിയതും അറിഞ്ഞത്. ഇതുകൂടി അറിവായതോടെ കൊക്കകോളയുടെ വാഗ്ദാനം പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഒരുമാസം കഴിഞ്ഞ് വീണ്ടും സംസാരിച്ചു. രണ്ടാമതൊരു ആലോചനയുടെ സാധ്യതയേയില്ലെന്ന് ആവര്‍ത്തിച്ചു. അതോടെയാ കൊക്കകോളക്കായുള്ള വീരന്റെ പദ്ധതി പൊളിഞ്ഞത്. കൊക്കകോളയുടെ വിഷയത്തില്‍ കോഴ വാഗ്ദാനംചെയ്തത് പറഞ്ഞപ്പോള്‍ എനിക്കെതിരെ ആരോപണമുന്നയിച്ചു വീരന്‍. വീരന്‍ വലിയ ഗുരുവായൂരപ്പ ഭക്തനാണ്. അപശകുനം കണ്ടാല്‍ ഗുരുവായൂരിലേക്ക് ഓടും. അതിനാല്‍ ഞാന്‍ പറഞ്ഞു ഞാന്‍ നുണപറയുകയാണെന്ന് ഗുരുവായൂരപ്പന്റെ പേരില്‍ സത്യം ചെയ്യണമെന്ന്. ഗുരുവായൂരപ്പ ഭക്തനായ വീരന്‍ അപ്പോള്‍ ഒഴിഞ്ഞുമാറി. രാഷ്ട്രീയത്തില്‍ ഗുരുവായൂരപ്പനെ സത്യംചെയ്യില്ലെന്ന ബാലിശ വാദമായിരുന്നദ്ദേഹത്തിന്.

? അട്ടപ്പാടി ആദിവാസി ഭൂപ്രശ്നത്തില്‍ ഇടപെടുമ്പോള്‍ വീരന്റെ ലക്ഷ്യമെന്തായിരുന്നു

വീരന്റെ കാപട്യം വെളിപ്പെടുത്തുന്ന മറ്റൊരു നിലപാടുണ്ടായത് അട്ടപ്പാടിയില്‍ ആദിവാസിഭൂമി സുസ്ലോണ്‍ കമ്പനി കൈയേറിയെന്ന പ്രശ്നത്തിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ വീരേന്ദ്രകുമാര്‍ ഒച്ചപ്പാടുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെയും കൊണ്ടിറങ്ങിയിരുന്നു. അന്നദേഹത്തിന്റെ ലക്ഷ്യമെന്താണെന്നറിയില്ല. കാരണം വയനാട്ടില്‍ ആദിവാസികളുടെ ഭൂമി കൈയടക്കിയെന്ന പ്രതിച്ഛായ അന്നുള്ള സമയമാ. അത് മാറ്റിമറിക്കാന്‍ അട്ടപ്പാടിയെ ഉപയോഗിക്കയായിരുന്നുവോയെന്നിപ്പോള്‍ തോന്നുന്നു. കാരണം യുഡിഎഫ് വന്നിട്ടും സുസ്ലോണിനനുകൂലമാണ് തീരുമാനം.

ആദിവാസികള്‍ക്ക് ഭൂമി തിരിച്ചുകിട്ടിയിട്ടില്ല. ഇപ്പോള്‍ ആദിവാസികള്‍ ഞങ്ങളോട് ചോദിക്കുന്നു നിങ്ങള്‍ സുസ്ലോണ്‍ കമ്പനിക്കാരോട് കാശ് വാങ്ങിയോ. ഒരുദിവസംപോലും വീരേന്ദ്രകുമാര്‍ ഇക്കാര്യം യുഡിഎഫിലോ പുറത്തോ ഉന്നയിച്ചോ. ഇതാണോ ആദിവാസികളോടുള്ള പ്രേമം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്ന നയം പുറത്തുവന്നപ്പോള്‍ ഞങ്ങളൊക്കെ ആശങ്ക അറിയിച്ചു. അന്ന് പറഞ്ഞു ഞാനിത് സമ്മതിക്കില്ലെന്ന്. എന്നാല്‍ പിന്നീട് നിയമംവന്നു. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചോ. ആസിയാന്‍ കരാറിന്റെ ദോഷം ഇപ്പോഴനുഭവിക്കയല്ലേ. വെളിച്ചെണ്ണക്ക് നുറുശതമാനം നികുതി ചുമത്താം. എന്നാല്‍ നികുതിയില്ല. ഫിലിപ്പീന്‍സില്‍നിന്ന് വെളിച്ചെണ്ണ ഇറക്കുമതിയാ. ഇവിടെനിന്ന് സോപ്പുണ്ടാക്കാന്‍ വെളിച്ചെണ്ണ വാങ്ങിക്കാന്‍ വന്ന ടാറ്റയും മാരികോമുമെല്ലാം കേരളംവിട്ടു. കാരണം അവര്‍ക്ക് കുറഞ്ഞവിലക്ക് ഫിലിപ്പീന്‍സ് വെളിച്ചെണ്ണ കിട്ടുന്നു. നമുടെ തേങ്ങക്ക് കനത്ത വിലത്തകര്‍ച്ച. എങ്ങനെ ജീവിക്കുമെന്നത് കര്‍ഷകനുമുന്നില്‍ വലിയ പ്രശ്നമാണ്.

?തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്

കേരളത്തെയാകെ ബാധിക്കുന്ന ഒരു നയം കേന്ദ്രഭരണം ഇപ്പോള്‍ നടപ്പാക്കയാണ്. സെപ്തംബര്‍ 30 ന് ശേഷം കാര്‍ഷികവായ്പ നല്‍കരുതെന്നാണ് നിര്‍ദേശം. സഹകരണമേഖല വഴി കാര്‍ഷികകടം നല്‍കരുതെന്ന റിസര്‍വ്ബാങ്ക് ഉത്തരവ് നടപ്പാകുന്നതോടെ കേരളമാകെ ബ്ലേഡുകാരുടെ വലയിലാകും. എച്ച്ഡിഎഫ്സി, ഐസിഐസി വഴി വായ്പയാകാമെന്ന ഉത്തരവും വന്നിട്ടുണ്ട്. ബയോമെട്രിക് സ്മാര്‍ട്കാര്‍ഡുള്ളവര്‍ക്ക് മാത്രം വായ്പ എന്നതാണ് മറ്റൊരുനിര്‍ദേശം. ഇതൊക്കെ കൃഷിക്കാര്‍ക്ക് കടംകൊടുക്കാനല്ല, പണം നല്‍കാതിരിക്കാനുള്ള - അതിന്റെ മറവില്‍ മറ്റുചിലര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ടുള്ള - തീരുമാനങ്ങളാണ്. സാധാരണകൃഷിക്കാരന് ബാങ്കുമില്ല വായ്പയുമില്ല എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വകാര്യപണമിടപാടുകാര്‍ വീണ്ടും തിരിച്ചുവരികയും നാടാകെ ദുരന്തത്തിലേക്ക് ചെന്നുവീഴുകയുമാകുമതിന്റെ ബാക്കിപത്രം. 47,000 കോടി രൂപ പ്രാഥമിക സഹകരണസംഘങ്ങളില്‍ നിക്ഷേപമുണ്ട്. ജില്ലാബാങ്കില്‍ 70,000 കോടിയും. ഇതൊക്കെ അട്ടിമറിച്ച് സഹകരണമേഖലയിലെ നിക്ഷേപത്തില്‍ കണ്ണുനട്ടുള്ളതാണിപ്പോഴത്തെ നയങ്ങള്‍. 1904-ല്‍ സഹകരണപ്രസ്ഥാനമുണ്ടാക്കിയത് തന്നെ ബ്ലേഡ് കമ്പനികളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുകയെന്നതടക്കം ലക്ഷ്യമിട്ടായിരുന്നു. ഇടതുപക്ഷമടക്കം ഈ വിഷയത്തില്‍ കുറേക്കൂടി ഗൗരവമായി ഇടപെടുകയും ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ഭീകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ചെറിയ പാര്‍ടിയായ എസ്ജെഡിയിലൂടെയല്ല വിശാലമായ കൂട്ടായ്മയിലൂടെയേ നാടിനെ രക്ഷിക്കാനാകൂ. പി വിശ്വംഭരന്‍, തമ്പാന്‍ തോമസ്, എം കെ കണ്ണന്‍ എന്നിവരൊക്കെ ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഇത്തരമൊരാലോചനയും ലക്ഷ്യവുമായുള്ളതാണ്.

ജനകീയകൂട്ടായ്മ എന്ന പേരില്‍ ആഗോളവല്‍ക്കരണത്തിനും സാമ്പത്തിക നയത്തിനുമെതിരായാണ് കൊച്ചിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. അതിന്റെ തുടര്‍ച്ചയായി പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി കൃഷിക്കാരുടെയും അഴിമതിയുടെയും ചെറുകിടവിദേശനിഷേപം ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനകീയ കണ്‍വന്‍ഷനുകള്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമാണീ കൂട്ടായ്മ. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട് താനും. ഇത്തരം വിഷയങ്ങള്‍ നേരിടാന്‍ ചെറിയ പാര്‍ടിയായ എസ്ജെഡിയെക്കൊണ്ടാവുമെന്ന വിശ്വാസമില്ല. എല്ലാ വിഭാഗത്തിനെയും കൂട്ടിയോജിപ്പിക്കുക, അതില്‍ ഇടതുപക്ഷവുമായി സഹകരിപ്പിച്ച് മുന്നോട്ടുപോകാനാണ് ആലോചന.

?വീരേന്ദ്രകുമാറിലുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നാണോ പറഞ്ഞുവരുന്നത്

വീരേന്ദ്രകുമാര്‍ വലിയ കുത്തകവിരുദ്ധനും ആഗോളവല്‍ക്കരണവിരുദ്ധനുമായാണ് രംഗത്തുവരുന്നത്. ഗാട്ടും കാണാച്ചരടുകളുമെന്ന പുസ്തകമെഴുതി വീരന്‍ ഇന്നതിലെഴുതിയതിന് കടലാസിന്റെ മൂല്യമെങ്കിലും കല്‍പിക്കുന്നുവെങ്കില്‍ ഇപ്പോഴത്തെ നയങ്ങള്‍ക്കെതിരെ വിയോജിക്കണ്ടേ. ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി പിടിക്കുന്നുവെന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടും പ്രചാരണവും വീരേന്ദ്രകുമാര്‍ സംഘടിപ്പിച്ചില്ലേ. എന്നിട്ടെന്താണ് പിന്നീടുണ്ടായതെന്ന കാര്യവും എല്ലാവര്‍ക്കുമറിയില്ലേ. സാംസ്കാരികനായകരെ, രാഷ്ട്രീയ നേതാക്കളെയൊക്ക മാതൃഭൂമിക്കായി അന്ന് രംഗത്തിറക്കിയില്ലേ. അതേ വീരന്‍ കേന്ദ്രമന്ത്രിയായപ്പോള്‍ അവരുടെ ഓഹരി വാങ്ങി. അതെങ്ങനെ നേടി. ജയിനില്‍നിന്ന് ഓഹരി വാങ്ങിയതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തേണ്ടതല്ലേ. അതിന് തനിക്ക് കിട്ടിയ അധികാരമോ സ്വാധീനമോ പ്രയോഗിച്ചിട്ടുണ്ടോ. ഇതെല്ലാം വിശദീകരിക്കാന്‍ ബാധ്യസ്ഥനാണദ്ദേഹം.

ഏറ്റവുമൊടുവില്‍ അതേ കുത്തകയായ ടൈംസ് ഓഫ് ഇന്ത്യയുമായി ധാരണയുണ്ടാക്കിയപ്പോള്‍ കുത്തകയോടുള്ള ശത്രുത മാറിയോ എന്നെങ്കിലും തുറന്നു പറയേണ്ടിയിരുന്നു. കേരളത്തില്‍ മാതൃഭൂമിയുടെ സൗകര്യങ്ങളുപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ അച്ചടിക്കാന്‍ സൗകര്യമൊരുക്കി കുത്തകവിരുദ്ധതാനാട്യം പൊള്ളയാണെന്ന് അദ്ദേഹം തെളിയിച്ചില്ലേ. ഇക്കാര്യത്തില്‍ വീരേന്ദ്രകുമാര്‍ മലയാളിസമൂഹത്തോട് മറുപടി പറയണം. കുത്തകയായിരുന്ന ജയിന്‍ കമ്പനിയുമായി എങ്ങനെ ഇന്ന് ഒന്നിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കേണ്ടതല്ലേ. നിങ്ങളുടെ പാര്‍ടി നേതാവെന്താ ഇങ്ങനെ എന്ന് മറ്റുപാര്‍ടിക്കാര്‍ ചോദിക്കുമ്പോള്‍ ഞങ്ങളെന്ത് ഉത്തരം നല്‍കും. അദ്ദേഹത്തിന്റെ വിചാരം പാര്‍ടിക്കാര്‍ തന്റെ ഓഫീസ് ജീവനക്കാരാണെന്നാണ്. എം കെ പ്രേമനാഥിനെതിരെ അന്വേഷണം, ഷോകോസ് നോട്ടീസ് ഇങ്ങനെ സംഘടനാപരമായ യാതൊരുനടപടിയും മര്യാദകളും പാലിച്ചിരുന്നില്ല.

ജനാധിപത്യത്തെക്കുറിച്ച്, സിപിഐ എമ്മിക്കുറിച്ച് നിരന്തരം ആക്ഷേപമുന്നയിക്കുന്നത് വീരേന്ദ്രകുമാറാണ്. സിപിഐ എമ്മില്‍ ജനാധിപത്യമില്ലെന്നാണ് ആവര്‍ത്തിച്ച് ആക്ഷേപിക്കാറ്. പിണറായി വിജയന്‍ സിപിഐ എം സെക്രട്ടറിയായി തുടരുന്നതില്‍ വേവലാതിപ്പെടുന്ന വീരേന്ദ്രകുമാര്‍ എത്രകാലമായി പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ട്. 20 വര്‍ഷത്തിലധികമായി അദ്ദേഹമാണ്. എന്ത് ജനാധിപത്യമാണിതിലൊക്കെ പറയാനുള്ളത്. വയനാട്ടില്‍ ആദിവാസികളുടെ ഭൂമികൈയേറി പ്രശ്നം സജീവമായപ്പോഴും പാര്‍ടിതലത്തിലെങ്കിലും ഒരു വിശദീകരണം നല്‍കിയില്ല. കൃത്രിമമായി പാര്‍ടിയുണ്ടാക്കി അണികളെയും പ്രവര്‍ത്തകരെയുമെല്ലാം വഞ്ചിച്ചു വീരന്‍. അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായ കുഞ്ഞ് ചെയര്‍മാനും നന്ദന്‍ സെക്രട്ടറിയുമായ കമ്മിറ്റിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ടിയിലാണ് ജനതാദള്‍ എസ് ലയിച്ചതായി പ്രഖ്യാപിച്ചത്. വീരന്റെ ജീവനക്കാര്‍ നിര്‍മിച്ച പാര്‍ടിയാണ് എസ്ജെഡി. നേരായ മാര്‍ഗത്തിലല്ല പാര്‍ടിപോലുമുണ്ടാക്കിയത്. വേറെയേതെങ്കിലും രാഷ്ട്രീയപാര്‍ടിയുടെ ജനനം ഇങ്ങനെയുണ്ടായിട്ടുണ്ടാകില്ല. പി ആര്‍ കുറുപ്പ്, അരങ്ങില്‍ ശ്രീധരന്‍, പി വിശ്വംഭരന്‍, കെ ചന്ദ്രശേഖരന്‍, തമ്പാന്‍തോമസ്....

കേരളത്തിലെ സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഒട്ടേറെ നേതാക്കള്‍ വേദനയോടെ, സങ്കടത്തോടെ പ്രസ്ഥാനത്തില്‍നിന്ന് മാറുകയോ വേര്‍പിരിയുകയോ ചെയ്തവരാണ്. എല്ലാത്തിനും കാരണക്കാര്‍ ആരാണെന്നും പാര്‍ടിയില്‍ നല്ലൊരുവിഭാഗത്തിനറിയാം. എല്ലാവരും എല്ലാം മറക്കുന്നില്ലെന്ന് എപ്പോഴെങ്കിലും ഓര്‍മിപ്പിക്കേണ്ടിവരും. ഞാന്‍ പാര്‍ടി ഭാരവാഹിത്വമൊഴിഞ്ഞപ്പോള്‍ പറഞ്ഞത് ഇല്ലെങ്കില്‍ എന്നെ ഒഴിവാക്കിയേനെയെന്നാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് അവിടെപ്പോയി വീരന്‍ പ്രസംഗിച്ചത് ദേവഗൗഡയുടെ മക്കള്‍ രാഷ്ട്രീയത്തെക്കുറിച്ചാണെന്നത് കൗതുകകരമായ വസ്തുതയാണ്. കെ കരുണാകരന്റെ മകനായ കെ മുരളീധരന്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ കിങ്ങിണിക്കുട്ടനെന്ന് കേരളമാകെ പ്രസംഗിച്ചുനടന്നതില്‍ വീരനായിരുന്നു മുന്‍നിരയില്‍. മകനേ നിനക്കുവേണ്ടി എന്നതാണ് വീരന്റെ ആപ്തവാക്യവും അടിസ്ഥാനപ്രമാണവും. മൂല്യവും ധാര്‍മികതയുമാണ് സോഷ്യലിസ്റ്റ് വിശ്വാസികള്‍ക്ക് പ്രധാനം. ചിറ്റൂര്‍ സീറ്റ് കിട്ടാത്തതിനാലാണ് കൃഷ്ണന്‍കുട്ടിയുടെ നിലപാട് മാറ്റമെന്ന് പറയുന്ന വീരനും അറിയാം കെ കരുണാകരന്‍ കാസ്റ്റിങ് മന്ത്രിസഭയെ നയിക്കുമ്പോള്‍ നിലനില്‍പ്പിനായി എന്നെ സമീപിച്ചത്. അന്നും നിലപാടുകളിലുറച്ചുനിന്നു. അതാണിപ്പോഴും പറയാനുള്ളത്. കരുണാകരനെ പിന്തുണച്ചിരുന്നെങ്കില്‍ കിട്ടാവുന്ന വാഗ്ദാനങ്ങളിലോ അത് നഷ്ടമായല്ലോ എന്ന ദുഃഖമോ അല്ല രാഷ്ട്രീയധാര്‍മികതയ്ക്കാണ് മുന്‍ഗണന നല്‍കിയതെന്നതിലാണിന്നും ചാരിതാര്‍ഥ്യം.

ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടതും യുഡിഎഫിനൊപ്പം വലതുപക്ഷത്തേക്ക് പോയതുമാണ് എന്റെ ജീവിതത്തിലെ എറ്റവുംവലിയ രാഷ്ട്രീയാബദ്ധം. യുഡിഎഫില്‍ കൊണ്ടുകെട്ടിയതിന്റെ പാപം അനുഭവിക്കുന്നു. അതില്‍ ഏറ്റവുമധികം ദുഃ:ഖവുമുണ്ട്. ഏറ്റവുമൊടുവില്‍ സോളാര്‍തട്ടിപ്പും സരിതാ നായരുമെല്ലാം ചേര്‍ന്ന് എന്തുമാത്രം മലീമസവും വഷളായതുമായ ഭരണരാഷ്ട്രീയമാണ് ഇവിടെ അരങ്ങേറുന്നത്. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലപോലും അതില്‍ പ്രതികരിക്കുന്നു. ഭരണമുന്നണിക്കാരാകെ തലയില്‍ മുണ്ടിട്ട്് നടക്കേണ്ട സാഹചര്യം. എന്നിട്ടും എന്തേ വീരേന്ദ്രകുമാര്‍ ഒരുവാക്ക് പ്രതികരിക്കുന്നില്ല. അധികാരത്തിനായി വിട്ടുവീഴ്ചയും അധഃപതനവുമെവിടെയെത്തുമെന്നതിന് ജീവിച്ചിരിക്കുന്ന തെളിവാണ് വീരേന്ദ്രകുമാര്‍.

*
കെ കൃഷ്ണന്‍കുട്ടി / പി വി ജീജോ ദേശാഭിമാനി വാരിക

No comments: