Monday, June 17, 2013

ഒരു നിമിഷം തുടരരുത്

ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ ഒരു വഴിയേ അവശേഷിക്കുന്നുള്ളൂ. മുഖ്യമന്ത്രിപദം രാജിവച്ച് പ്രോസിക്യൂഷനെ നേരിടുക എന്ന നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും ധാര്‍മികതയുടെയും വഴി. ഏതാനും സഹായികളെ ബലികൊടുത്തുകൊണ്ടോ മാധ്യമങ്ങളുടെ മറപറ്റിയോ രക്ഷപ്പെടാന്‍ കഴിയുന്ന കുരുക്കല്ല മുഖ്യമന്ത്രിക്കുമേല്‍ മുറുകിയത്. അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാ ലംഘനം, അഴിമതി എന്നിങ്ങനെയുള്ള പൊതുസംജ്ഞകള്‍കൊണ്ട് വിശേഷിപ്പിച്ചാല്‍ തീരുന്നതല്ല ഉമ്മന്‍ചാണ്ടി ചെയ്ത കുറ്റം. അതിന് ഒന്നാംതരം ക്രിമിനല്‍ സ്വഭാവമാണുള്ളത്. കോടികള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയുമായി സുതാര്യമല്ലാത്ത ബന്ധം ഉമ്മന്‍ചാണ്ടിക്കുണ്ട് എന്ന് വ്യക്തമാകാന്‍ ഇനി ഒരു പൊലീസുകാരന്റെയും അന്വേഷണ റിപ്പോര്‍ട്ട് വേണ്ട. രാജ്യതലസ്ഥാനത്ത്, സാധാരണക്കാര്‍ക്ക് എത്തിനോക്കാന്‍ പറ്റാത്തത്രയും സുരക്ഷാ സംവിധാനമുള്ള വിജ്ഞാന്‍ ഭവനില്‍ കൂട്ടിക്കൊണ്ടുപോയി ചര്‍ച്ചചെയ്യാന്‍മാത്രം എന്തു ബന്ധമാണ് ഉമ്മന്‍ചാണ്ടിയും സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായരും തമ്മിലുള്ളതെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ഓരോ പൗരനുമുണ്ട്. സ്വന്തം ഭാര്യയെ വിഷംകൊടുത്തു കൊന്നു എന്നതടക്കം അനേകം കേസുകളിലെ പ്രതിയായ തട്ടിപ്പുകാരനുമായി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ ചെലവിട്ട് ചര്‍ച്ച ചെയ്യാന്‍മാത്രമുള്ള അടുപ്പം എങ്ങനെ വന്നു എന്ന് ഉമ്മന്‍ചാണ്ടിതന്നെ ജനങ്ങളോട് പറയണം.

മുഖ്യമന്ത്രി മുഖ്യപ്രതിയായി മാറുകയാണിവിടെ. സോളാര്‍ തട്ടിപ്പ് സംസ്ഥാനത്തിന് പുറത്തടക്കം വ്യാപിച്ചുകിടക്കുന്ന ഒരു വന്‍ റാക്കറ്റിന്റെ ഭാഗമാണ്. ആ റാക്കറ്റിനെ നയിക്കുന്നത് ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരും. രണ്ടുപേര്‍ക്കും മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ട് എന്നുമാത്രമല്ല, ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയും ഒത്താശയും തട്ടിപ്പുകള്‍ക്കാകെ ഉണ്ടായിരുന്നു എന്നാണ് പുറത്തുവന്ന വിവരങ്ങള്‍. കേരളത്തിലെ ഒരു സാധാരണ കോണ്‍ഗ്രസുകാരനോ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിക്കുതന്നെയോ ഉമ്മന്‍ചാണ്ടിയെ കാണണമെങ്കില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ തിക്കിത്തിരക്കി തിരുപ്പതി മാതൃകയില്‍ "സര്‍വദര്‍ശനം" നടത്തണമെന്നിരിക്കെയാണ് പിടികിട്ടാപ്പുള്ളിയായ ക്രിമിനലിന് ഒരുമണിക്കൂര്‍ സ്വകാര്യ ദര്‍ശനം ലഭിക്കുന്നത്. അതിന് കോണ്‍ഗ്രസ് എംപിയുടെ ഒത്താശയും.

തിരുവനന്തപുരത്തും ഡല്‍ഹിയിലും ഉമ്മന്‍ചാണ്ടിയെ നിഴല്‍പോലെ പിന്തുടരുന്ന മിക്കവരും സരിതയുടെ ഫോണ്‍ബന്ധപ്പട്ടികയിലുണ്ട്. ഉമ്മന്‍ചാണ്ടി ഉപയോഗിക്കുന്നത് അവരുടെ ഫോണാണ്. ഉയര്‍ന്നുവന്ന ഒരാരോപണത്തിനും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ നേരെ ചൊവ്വെ മറുപടി പറഞ്ഞിട്ടില്ല. നിയമസഭയില്‍ ആറുവട്ടം വിശദീകരണം നല്‍കിയപ്പോഴും മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി ബന്ധമുള്ള വിവരം ഉമ്മന്‍ചാണ്ടി മറച്ചുവച്ചു. എല്ലാ തെളിവുകളും എതിരാവുകയും പ്രതിക്കൂട്ടില്‍ കയറേണ്ടിവരും എന്ന് ഉറപ്പാവുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്കുവേണ്ടി വക്കാലത്തുമായി ഇതേ പിടികിട്ടാപ്പുള്ളിയാണ് രംഗത്തിറങ്ങിയത് എന്നാണ് അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം. ഇയാളുടെ ദാമ്പത്യപ്രശ്നം തീര്‍ക്കാനുള്ള ഇടനിലക്കാരനാണോ കേരളത്തിന്റെ മുഖ്യമന്ത്രി? സരിതയുമായുള്ള ബന്ധം നിയമപരമായിരുന്നില്ല എന്ന് ബിജുതന്നെ പറഞ്ഞിട്ടുണ്ട്. അത് ശരിയെങ്കില്‍ മുഖ്യമന്ത്രിയുടെ "മാധ്യസ്ഥ്യ ദൗത്യം" എത്രത്തോളം തരം താണതാണ്?

ചുറ്റുമുള്ളവരെല്ലാം കുറ്റക്കാര്‍; ഉമ്മന്‍ചാണ്ടി അങ്ങനെ ചെയ്യില്ല എന്ന പരിഹാസ്യവാദവുമായി രംഗത്തെത്തുന്നവര്‍, വിഷയത്തെ ലഘൂകരിക്കാനും വഴിതിരിച്ചുവിടാനും നിരന്തരം ശ്രമിക്കുന്നുണ്ട്. അത്തരമൊരു ശ്രമമാണ്, മുന്‍മന്ത്രി ഗണേശ് കുമാറും സരിതയുമായി ബന്ധമുണ്ടായിരുന്നുവെന്ന വാര്‍ത്തയും വിവാദവും. അങ്ങനെ ഉണ്ടങ്കില്‍ അത് വേറെ അന്വേഷിക്കുകയും നടപടിയെടുക്കുകയും വേണം. അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ പങ്കാളിത്തം ഇല്ലാതാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അധികാരം, നാടുനീളെ നടന്ന് തട്ടിപ്പുനടത്തുന്ന ചിലര്‍ക്ക് ദാസ്യപ്പണിചെയ്യാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചേ തീരൂ. പാര്‍ശ്വവര്‍ത്തികളായ ഏതാനും പൊലീസുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘമുണ്ടാക്കി, അനുകൂല റിപ്പോര്‍ട്ടെഴുതി വാങ്ങാനാണ് ഇപ്പോഴത്തെ നീക്കം. കേരളത്തിലെ ജനങ്ങള്‍ക്ക് അത് തിരിച്ചറിയാനുള്ള വിവേകമുണ്ട്; എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ആര്‍ജവവുമുണ്ട് എന്നോര്‍ക്കുന്നത് നല്ലത്. പൊലീസുദ്യോഗസ്ഥര്‍ നാളെ ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്തേ തീരൂ. തനിക്കു കീഴിലുള്ള പൊലീസുകാര്‍ക്കുമുമ്പില്‍ കുറ്റവാളിയായി ചോദ്യംചെയ്യപ്പെടലിന് വിധേയനാകുന്ന ഭരണാധികാരി ഒരു നാടിനും ഭൂഷണമല്ല.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നയിക്കുകയും ഉമ്മന്‍ചാണ്ടി നിയന്ത്രിക്കുകയും ചെയ്യുന്ന പൊലീസില്‍നിന്ന് നീതിപൂര്‍വകമായ അന്വേഷണം പ്രതീക്ഷിക്കാന്‍ സ്ഥിരബുദ്ധിയുള്ളവര്‍ക്ക് കഴിയുകയുമില്ല. വിഷയം ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാകണം എന്ന ആവശ്യം ഉയര്‍ന്ന പശ്ചാത്തലം അതാണ്. നഗ്നമായ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ക്രിമിനല്‍ പ്രവര്‍ത്തനവും നടത്തിയ മുഖ്യമന്ത്രി മാറിനിന്നുകൊണ്ടേ ഇത്തരം ഏതന്വേഷണവും സാധ്യമാകൂ. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ആര്‍ത്തിപൂണ്ട ഉമ്മന്‍ചാണ്ടിയില്‍നിന്ന് മാന്യമായ പ്രതികരണം ഇക്കാര്യത്തിലും പ്രതീക്ഷിച്ചുകൂടാ. സര്‍ക്കാര്‍ വിലാസം മാധ്യങ്ങള്‍തന്നെ "സര്‍ക്കാര്‍ പ്രതിരോധത്തില്‍" എന്ന് സമ്മതിക്കേണ്ടിവന്ന അവസ്ഥ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ദയനീയതയെയാണ് തെളിയിക്കുന്നത്. കൂടെയുള്ള മന്ത്രിമാരും നിഷ്കളങ്കരല്ല. അവരില്‍ പലര്‍ക്കുമുള്ള തട്ടിപ്പു ബന്ധങ്ങള്‍ തെളിവുസഹിതം പുറത്തുവന്നുകഴിഞ്ഞു. "വെറുമൊരു ഫോണ്‍വിളി പ്രശ്നം" എന്ന് ലഘൂകരിച്ച് ന്യായീകരിക്കാനിറങ്ങുന്ന ഘടകകക്ഷിനേതാക്കളും ഉമ്മന്‍ചാണ്ടിക്ക് "പരിശുദ്ധപട്ടം" ചാര്‍ത്തിക്കൊടുക്കുന്നവരും ചുരുങ്ങിയ പക്ഷം സ്വന്തം അണികളോടെങ്കിലും ഈ വിഷയങ്ങള്‍ വിശദീകരിക്കണം- ഏതര്‍ഥത്തിലാണ് ഒരു ജനാധിപത്യ സമൂഹത്തിന് ഇത്തരമൊരു മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സഹിക്കാന്‍ കഴിയുക എന്ന് വിശദീകരിക്കാനുള്ള ബാധ്യതയില്‍നിനന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെ എന്ന രമേശ് ചെന്നിത്തലയുടെയും എ കെ ആന്റണിയുടെയും "ന്യായം" സാമാന്യബുദ്ധിയുള്ളവരെ ബോധ്യപ്പെടുത്താന്‍ ഉതകുന്നതല്ല. യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് ഇത്തരം എത്ര കേസുകള്‍ അന്വേഷിച്ചും അന്വേഷിക്കാതെയും രാഷ്ട്രീയ യജമാനന്മാരെ രക്ഷപ്പെടുത്തി എന്ന് നല്ല ബോധ്യമുള്ള നേതാക്കളാണവര്‍. ജനങ്ങളോട് തെല്ലെങ്കിലും ഉത്തരവാദിത്തം അവശേഷിക്കുന്നുവെങ്കില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും അതു കഴിയുംവരെ ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്താനുമുള്ള രാഷ്ട്രീയ തീരുമാനമാണ് അവരില്‍നിന്ന് കേരളീയര്‍ പ്രതീക്ഷിക്കുന്നത്. അത്തരമൊരു വിവേകം കാണിക്കാതിരുന്നാല്‍, ഉമ്മന്‍ചാണ്ടിയെ പുറത്താക്കുംവരെയുള്ള പ്രക്ഷോഭത്തിനാണ് കേരളം സാക്ഷിയാവുക. അഴിമതിയുടെയും ഉപജാപത്തിന്റെയും മാഫിയാ സംസ്കാരത്തിന്റെയും ചെളിക്കുഴിയില്‍ വീണ ഭരണാധികാരിയെ വഴിവിട്ടു രക്ഷിക്കാന്‍ ശ്രമിച്ച് കേരളത്തെ പ്രക്ഷോഭഭൂമിയാക്കിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനും യുഡിഎഫ് ഘടക കക്ഷികള്‍ക്കുമായിരിക്കും.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: