Wednesday, June 12, 2013

വേറിട്ട ഒരു "മാധ്യമ" വിചാരം

മലയാള വായനക്കാരില്‍ മുക്കാല്‍ പങ്കും ഇടതുപക്ഷ അനുഭാവികളാണ്. അവശേഷിക്കുന്നവരില്‍ അധികം പേരും വലതുപക്ഷമാണെങ്കിലും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഗതിവിഗതികളറിയാന്‍ താല്‍പ്പര്യമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തോട് ഒരു ദൂരാന്വയമെങ്കിലും സാധിക്കുന്ന വാര്‍ത്തകള്‍ക്ക് വമ്പിച്ച മാധ്യമ പരിചരണവും വായനാസമൂഹത്തിന്റെ പരിഗണനയും ഇവിടെ ലഭിച്ചുവരാറുണ്ട്. തങ്ങളുടെ കമ്യൂണിസ്റ്റ് വിരോധവും കമ്പോളതാല്‍പ്പര്യവും സമന്വയിപ്പിച്ച് ഒപ്പം വായനക്കാരുടെ ഇടതുപക്ഷാഭിമുഖ്യത്തെ പ്രീണിപ്പിച്ച് വാര്‍ത്തകള്‍ മെനയുന്നതില്‍ മനോരമ അടക്കമുള്ളവ അസാമാന്യ മെയ്വഴക്കവും സാമര്‍ഥ്യവും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ഒരുപടികൂടി മുന്നോട്ടുപോയി കമ്യൂണിസ്റ്റ് വിരോധവും കമ്പോളതാല്‍പ്പര്യവും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൂടി നിറവേറുംവിധമാണ് മാധ്യമം അതിന്റെ സവിശേഷമായ പത്രപ്രവര്‍ത്തന ശൈലി വികസിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം (ജൂണ്‍ 7) മാധ്യമത്തില്‍ വന്ന ശബരിമലയും എസ്എഫ്ഐയും എന്ന മുഖപ്രസംഗം മേല്‍പ്പറഞ്ഞ ചേരുവകളെല്ലാം ചേര്‍ത്തു തീര്‍ത്ത ഒരു രസികന്‍ ഉല്‍പ്പന്നമാണ്. വിചിത്രമായ തലക്കെട്ടുതന്നെ വായനക്കാരെ വിശിഷ്യ ഇടതുപക്ഷത്തോട് ഉറച്ചവരായവരെ ആകര്‍ഷിക്കുമെന്നും അതിനു താഴെയുള്ള കുറിമാനം വായിക്കാന്‍ പ്രേരിപ്പിക്കുമെന്നും ആ പത്രത്തിന്റെ മുഖപ്രസംഗമെഴുത്തുകാര്‍ കരുതിയെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല.

സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ വിശകലനവും വിമര്‍ശവുമായാണ് "ശബരിമലയും എസ്എഫ്ഐയും" തുടങ്ങുന്നത്. സംഗീതം, ചിത്രമെഴുത്ത്, ശില്‍പ്പം, പടം പിടിക്കല്‍, അഭിനയം തുടങ്ങിയ സുകുമാരകലകള്‍ വര്‍ജ്യമാണെന്ന് ഫത്വ ഇറക്കിയ സാക്ഷാല്‍ മൗദൂദിയുടെ അനുയായികളായിരിക്കുമ്പോള്‍ത്തന്നെ സ്വന്തമായി ഒരു ചാനല്‍ നടത്തുന്ന മാധ്യമം മറ്റൊരു ചാനലിന്റെ പരിപാടിയെ കയറി കൊത്തുന്നത് കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുംപോലെയാണെങ്കിലും സംഗതി കലക്കിയിട്ടുണ്ട്. എന്നാല്‍, മുഖപ്രസംഗത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളോട് യോജിക്കാനാകില്ല. പ്രസ്തുത ഷോയില്‍ സ്വന്തം പേരുകളില്‍തന്നെ പ്രത്യക്ഷപ്പെടുന്ന വേഷങ്ങള്‍ചെയ്യുന്ന രാഹുല്‍ ഈശ്വറിനെയും സിന്ധു ജോയിയെയും കൂട്ടിച്ചേര്‍ത്താണ് "ശബരിമലയും എസ്എഫ്ഐയും"എന്ന ശീര്‍ഷകത്തിനെ മാധ്യമം സാധൂകരിക്കുന്നത്. ശബരിമലയിലെ തന്ത്രിയുടെ പേരക്കുട്ടിയാണ് രാഹുല്‍ ഈശ്വര്‍. അതുകൊണ്ട് അയാള്‍ക്ക് ശബരിമലയുമായി പ്രത്യേകിച്ച് ബന്ധമോ അവകാശാധികാരങ്ങളോ ഒന്നുമില്ല. ആനക്കാരന്റെ മകനായതുകൊണ്ട് ആസനത്തില്‍ തഴമ്പുണ്ടാവില്ല. എന്നാല്‍, സിന്ധുജോയി എസ്എഫ്ഐക്കാരിയായിരുന്നു എന്നത് സത്യമാണ്. അവരിപ്പോള്‍ കോണ്‍ഗ്രസിലാണെന്നത് അതിനേക്കാള്‍ മുഴുത്ത സത്യവും.

രാഹുല്‍ ഈശ്വറിനെ പിടിച്ച് ശബരിമലയിലെ തന്ത്രിയാക്കാന്‍ മോഹിച്ചാല്‍ തര്‍ക്കിക്കേണ്ടതില്ല. എന്നാല്‍, സിന്ധുജോയിക്ക് എസ്എഫ്ഐയുടെ മേല്‍വിലാസം ചാര്‍ത്തിക്കൊടുക്കാന്‍ പറ്റില്ല. കോണ്‍ഗ്രസും ശബരിമലയും എന്ന് മുഖപ്രസംഗം തിരുത്തി എഴുതുന്നതിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്. സിന്ധുജോയിക്കുമാത്രമല്ല, കണ്ണൂരിലെ അബ്ദുള്ളക്കുട്ടിയും ഒറ്റപ്പാലത്തെ ശിവരാമനും നെയ്യാറ്റിന്‍കരയിലെ സെല്‍വരാജും എല്ലാം ഇടതുപക്ഷം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി അവിടെ വിവിധ സ്ഥാനമാനങ്ങള്‍ നേടി വിരാജിക്കുന്നവരാണ്. അവരിപ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അവരുടെ പഴയ പാര്‍ടി പിഴയൊടുക്കണമെന്നും പഴി കേള്‍ക്കണമെന്നും പറയുന്നത് എവിടത്തെ ന്യായമാണ്. പശു ചത്തിട്ട് പലവര്‍ഷങ്ങള്‍പോയിട്ടും മാധ്യമത്തിന്റെ മോരിന് പുളിയുണ്ടെങ്കില്‍ അതിന്റെ രസതന്ത്രം അറിയാനും താല്‍പ്പര്യമുണ്ട്. സിന്ധുജോയിയെപ്പോലുള്ളവരുടെ വിചാരത്തിനും വീക്ഷണത്തിനും ഇടതുപക്ഷത്തിനകത്ത് പൊറുപ്പുകിട്ടാത്തതുകൊണ്ടാണ് അവര്‍ പുറത്തുപോയത്. അവരുടെ ഇപ്പോഴത്തെ ജീവിതം ഇടതുപക്ഷകാലത്തെയല്ല, വലതുപക്ഷവര്‍ത്തമാനത്തെയാണ് പൂര്‍ണമായും പ്രകാശിപ്പിക്കുന്നത്. മാധ്യമം പരിഹസിക്കുന്ന അക്കൂട്ടരുടെ പിത്തലാട്ടങ്ങള്‍ക്ക് ഇടതുപക്ഷത്തിനകത്ത് ഇടം ലഭിച്ചില്ലെന്നറിയുമ്പോള്‍ ആ പ്രസ്ഥാനത്തെ അപലപിക്കുകയല്ല, അഭിനന്ദിക്കുകയല്ലേ വേണ്ടത്. "മലയാളിഹൗസ്" എന്ന റിയാലിറ്റിഷോയില്‍ സിന്ധുജോയിയും രാഹുല്‍ ഈശ്വരും പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി "ഹിന്ദുത്വ സവര്‍ണതയും മുഖ്യധാര ഇടതുവരേണ്യതയും" "പൊതുവായി പങ്കുവെക്കുന്ന ഇട"മായി അതിനെ വ്യാഖ്യാനിക്കാന്‍ മാധ്യമം പ്രകടിപ്പിച്ച ബുദ്ധിസാമര്‍ഥ്യം അപാരമാണ്. രാഹുല്‍ ഈശ്വര്‍ ഹിന്ദുമാത്രമല്ല. മാധ്യമം പറയുംപോലെ ഹിന്ദുത്വരാഷ്ട്രീയക്കാരനും ആയിരിക്കാം. എന്നാല്‍, സിന്ധുജോയി ഇടതുപക്ഷക്കാരിയല്ല. ഇനി വാദത്തിനു വേണ്ടി അവരിരുവരുടെയും രാഷ്ട്രീയം ഹിന്ദുത്വവും ഇടതുപക്ഷവും ആണെങ്കില്‍തന്നെ അവരൊരു ടിവി ഷോയില്‍ ഒന്നിച്ചാല്‍ അത് ഹിന്ദുത്വവും ഇടതുപക്ഷവും ഒന്നാണെന്നതിന്റെ തെളിവാണെന്ന് കണ്ടെത്തിയ കണ്ണിന് ഏതോ നേത്രരോഗം ബാധിച്ചിരിക്കുന്നു. ഇടതുപക്ഷത്തെ ഹിന്ദുത്വ രാഷ്ട്രീയവുമായി കണ്ണിചേര്‍ക്കാന്‍ മാധ്യമം വെറുതെ വിയര്‍പ്പൊഴുക്കേണ്ട. മറുഭാഗത്ത് ഇസ്ലാമിക തീവ്രവാദവും ഇടതുപക്ഷവും ഇണചേരുകയാണെന്ന് ഹിന്ദുത്വരാഷ്ട്രീയം വാദിക്കുന്നുമുണ്ട്. ചുരുക്കത്തില്‍ കേരള രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ മതേതരധാര വറ്റിക്കഴിഞ്ഞു എന്നും ഏവരും ഒന്നുകില്‍ ഹിന്ദുത്വത്തോടൊപ്പമോ അല്ലെങ്കില്‍ ഇസ്ലാമിസത്തോട് ചേര്‍ന്നോ നീങ്ങുകയാണ് ചെയ്യേണ്ടതെന്നും ഇക്കൂട്ടര്‍ വിവക്ഷിക്കുന്നു.

സിപിഐ എമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും എല്ലാം വലതുപക്ഷമാണെന്നും യഥാര്‍ഥ ഇടതുപക്ഷം ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും എസ്ഡിപിഐയും ഒക്കെയാണെന്നും സ്ഥാപിച്ചെടുക്കാനാണ് മാധ്യമം വേലചെയ്യുന്നത്. മുഖ്യധാരാ ഇടതുപക്ഷവരേണ്യത എന്ന മാധ്യമപ്രയോഗം യാദൃച്ഛികമല്ല. ഇടതുപക്ഷമാണ് കേരളരാഷ്ട്രീയത്തിലെ മുഖ്യധാര. മറ്റെല്ലാവരും ചേര്‍ന്നാലേ മുഖ്യധാരയോട് പിടിച്ചുനില്‍ക്കാന്‍ ആവുകയുള്ളൂ. എന്നാല്‍, ഇടതുപക്ഷത്തിന് "വരേണ്യം" എന്ന വിശേഷണം നല്‍കിയതിന്റെ യുക്തിയെന്താണ്? സോളിഡാരിറ്റിയുള്ള കേരളത്തിന് പത്തുവയസ്സല്ലേയുള്ളൂ. എന്നാല്‍ പല പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പൊരുതി മുന്നേറിയാണ് പാവപ്പെട്ടവന്‍ കൂലിയും വേലയും ഭൂമിയും മാനവും നേടിയത്. മലയാളിയുടെ സമീപഭൂതകാലത്തെ രക്തംചിതറിയ ഈ ചരിത്രം മുഴുവന്‍ മാധ്യമം ഇടതുപക്ഷത്തിന് കനിഞ്ഞു നല്‍കിയ വരേണ്യ മുദ്രയ്ക്ക് മറച്ചുപിടിക്കാന്‍ ആവില്ല. അപ്പോള്‍ "ഇടതുപക്ഷ യുവജനസംസ്കാരം അനുഭവിക്കുന്ന പ്രതിസന്ധികളെ"യാണ് റിയാലിറ്റിഷോ പ്രതിഫലിപ്പിക്കുന്നതെന്ന മാധ്യമം മുഖപ്രസംഗത്തിന്റെ വാദം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

വാസ്തവത്തില്‍ "റിയാലിറ്റി" ഒരു "ഷോക്കാ"യി മാറുന്ന നമ്മുടെ കാലത്തിന്റെ പ്രവണതകളെയാണ് മലയാളിഹൗസ് പ്രതിനിധാനംചെയ്യുന്നത്. സ്വന്തം ജീവിതം മറ്റാര്‍ക്കോ കാണാന്‍ ഒരുക്കിവച്ച "കാഴ്ച"യായി മാറുന്നു. ഒപ്പം മറ്റുള്ളവരുടെ ജീവിതത്തിന്റെ വെറുമൊരു "കാണി"യായും നാം സ്ഥാനപ്പെടുന്നുണ്ട്. യാഥാര്‍ഥ്യം ഒരു നാട്യം ആകുന്നതോടെ ജീവിതവും കലയും തമ്മിലുള്ള അകലം ഇല്ലാതാവുന്നു. ഇത് കലയുടെയും ജീവിതത്തിന്റെയും പ്രതിസന്ധിയാണ്. അത്തരമൊരു അവസ്ഥാവിശേഷത്തിന്റെ വാതില്‍ക്കലാണ് നാം നമ്മെ എത്തിച്ചിരിക്കുന്നത്. കലയും ജീവിതവും തമ്മില്‍ മിഥ്യയും സത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കുകയാണ് റിയാലിറ്റിഷോയുടെ ധര്‍മമെങ്കില്‍ സാമ്പത്തികവും സാംസ്കാരികവും തമ്മിലും ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുമുള്ള വ്യത്യാസം മായ്ച്ചുകളയാനാണ് മാധ്യമം ഉത്സാഹിക്കുന്നത്. അപ്പോള്‍ മലയാളി ഹൗസും വിമര്‍ശിക്കുന്ന മാധ്യമം പത്രവും ഒരേ തോണിയില്‍തന്നെയാണ് സഞ്ചരിക്കുന്നത്.

*
എം എം നാരായണന്‍

No comments: