Saturday, June 22, 2013

ജലം മുകളിലേക്കൊഴുകുന്നു

""നമ്മുടെ ജന്മം വെറും ഒരു തണ്ണീര്‍ക്കുടം മാത്രം
ചെറിയൊരു ചോര്‍ച്ച മതി തണ്ണീര് പോയ്പ്പോകാന്‍""
(സാന്താള്‍പാട്ട്)

താഴ്ന്ന നിലത്തേ നീരോടൂ എന്നായിരുന്നു ചൊല്ല്. വെള്ളത്തെക്കുറിച്ച് തലമുറകളിലൂടെ ലഭിച്ച അനുഭവജ്ഞാനം. എന്നാല്‍ വെള്ളമൊരിക്കലും മുകളിലേക്കൊഴുകില്ല എന്ന ധാരണ തിരുത്തപ്പെടുകയാണ്. ജലത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റമല്ല ഇത്. ആഗോള മൂലധന വ്യവസ്ഥയുടെ പരിണാമശാസ്ത്രത്തിലാണ് ഇതിന് ഉത്തരമുള്ളത്. അതിരുകള്‍ ഭേദിച്ചും തടസ്സങ്ങള്‍ നീക്കിയും സ്ഥിരത വെടിഞ്ഞും നോവും ദാഹവുമകറ്റിയും അടിത്തട്ടുകള്‍ നോക്കി സഞ്ചരിക്കുന്ന വെള്ളത്തെ മുകളിലേക്ക് വലിച്ചെടുത്ത് ലാഭക്കൂമ്പാരത്തിലേക്ക് വരവുവയ്ക്കല്‍. ജീവന്റെ പ്രാചീനമായ ഉറവകളെപോലും കൊള്ളക്കച്ചവടത്തിന് വിഭവമാക്കുന്ന ആഗോള മുതലാളിത്തത്തിന്റെ ചെപ്പടിവിദ്യകളിലൊന്ന്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകള്‍ മഞ്ഞലോഹത്തിനും കറുത്ത പൊന്നിനും എണ്ണയ്ക്കും വേണ്ടിയായിരുന്നു അധിനിവേശ ശക്തികളുടെ പടയോട്ടങ്ങളെങ്കില്‍ 21-ാം നൂറ്റാണ്ട് വെള്ളം എന്ന നീല സ്വര്‍ണത്തിനു വേണ്ടിയുള്ള യുദ്ധങ്ങളുടേതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും മുന്നറിയിപ്പ് നല്‍കി.

ഇതു പ്രവചനമല്ല എന്നാണ് നൂറ്റാണ്ടിലെ ആദ്യദശകത്തിലെ ലോകാനുഭവം. ഭൂമുഖത്തെ ദരിദ്രകോടികള്‍ക്കും ജന്തുജീവജാലങ്ങള്‍ക്കുംമേല്‍ ദാഹത്തിന്റെ മരണക്കുരുക്ക് മുറുകിത്തുടങ്ങിയിരിക്കുന്നു. ജലസമൃദ്ധിയില്‍ മതിമറന്നു ജീവിച്ച കേരളവും ദുരന്തത്തിന്റെ പടിവാതില്‍ക്കലാണുള്ളത്. ജല പ്രഭുക്കള്‍ക്ക് സ്വാഗതമോതി പരവതാനി വിരിച്ചിരിക്കുകയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍. കച്ചവടക്കാരെയും കരാറുകളും ഉറപ്പിക്കുകയേ ഇനി വേണ്ടൂ. ഇതിന് "കേരള ഡ്രിങ്കിങ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ്" എന്ന് പേര്. സിയാല്‍ മോഡല്‍ എന്നൊരു വിളിപ്പേരും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിന്(പിപിപി) കേരളത്തില്‍ പരിചിതമായ മികച്ച മാതൃക എന്നനിലയില്‍, ഒരു ഭംഗിക്കുവേണ്ടി. പക്ഷേ സിയാലിന്റേത് വിമാനക്കമ്പനിയാണ്. ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് കുടിവെള്ളക്കമ്പനിയും. ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസം ഇക്കാര്യത്തിലുണ്ട്. ഇതു കേവലം ആശങ്കയോ ധാരണപ്പിശകോ അല്ല. ജലക്കൊള്ളയുടെ ചരിത്രവും വര്‍ത്തമാനവും ഇന്ന് ലോകത്തിന് പാഠമാണ്. ഇപ്പോള്‍ എന്തു സംഭവിച്ചു? വേഴാമ്പല്‍ ദേശീയ പക്ഷിയാണെങ്കിലും ദാഹജലം ഒരു ഉത്കണ്ഠയേ അല്ലാതിരുന്ന മലയാളിയുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീണിരിക്കുന്നു. വരള്‍ച്ച വര്‍ഷംതോറും രൂക്ഷമായിവരുന്നു. ജലസമൃദ്ധിയില്‍ കഴിഞ്ഞിരുന്നവര്‍ കുടിവെള്ളം കൈക്കുമ്പിളില്‍നിന്ന് ചോര്‍ന്നുപോകുന്ന പേക്കിനാവില്‍ ഞെട്ടിയുണരാന്‍ തുടങ്ങിയിരിക്കുന്നു. വേവുന്നതിന്റെ ഗന്ധമറിഞ്ഞെത്തിയ കഴുകന്മാര്‍ നമ്മുടെ ആകാശത്തും വട്ടമിടുന്നു.

കേരളത്തില്‍ ശുദ്ധജല ലഭ്യത അപകടകരമാംവിധം കുറഞ്ഞുവരികയാണെന്നും ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുകയും ആവശ്യകത വര്‍ധിക്കുകയും ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിണര്‍ വെള്ളവും അശുദ്ധമായിരിക്കുന്നെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. വാട്ടര്‍ അതോറിറ്റിപോലുള്ള ഏജന്‍സികള്‍ക്ക് പ്രശ്നത്തെ നേരിടാന്‍ കഴിയില്ലെന്നും കണ്ടെത്തുന്നു. "കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കുടിവെള്ള വിതരണം കുറ്റമറ്റതാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കൂടാതെയാണ് ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുകയും കുടിവെള്ളത്തില്‍ ജൈവമാലിന്യത്തിന്റെ അളവ് കൂടുകയും ചെയ്യുന്നത്. ഇതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു." ഇതിന് പരിഹാരമായാണ് യുഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷ കര്‍മപരിപാടിയില്‍ പെടുത്തി സിയാല്‍ മോഡല്‍ വെള്ളക്കമ്പനി രൂപീകരിക്കുന്നതെന്ന് 2012 ഡിസംബര്‍ 31 നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തുടനീളം സമൂഹാടിസ്ഥാനത്തില്‍ ജല ശുദ്ധീകരണം, കുടിവെള്ള വിതരണം എന്നിവ നടത്തുന്നതിനുള്ള ഒറ്റ നോഡല്‍ ഏജന്‍സിയായിരിക്കുമിത്. ഉല്‍പാദനം, പരിപാലനം, വിതരണം എന്നിവ ഇവരുടെ ചുമതലയാവും. കമ്പനിയില്‍ സര്‍ക്കാരിന് 26 ഉം കേരള വാട്ടര്‍ അതോറിറ്റിക്ക് 23 ഉം ശതമാനം ഓഹരി പങ്കാളിത്തം. ബാക്കി 51 ശതമാനം സ്വകാര്യമേഖലക്ക്. കമ്പനി കുടിവെള്ള വിതരണത്തിലൂടെ ആവശ്യമായ വരുമാനം കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. ജലവിഭവ മന്ത്രിയായിരിക്കും കമ്പനിയുടെ ചെയര്‍മാന്‍ എന്നും വാട്ടര്‍ അതോറിറ്റിക്ക് മാനേജിങ്ങിലും വില നിശ്ചയിക്കുന്നതിലും പങ്കാളിത്തമുണ്ടാകുമെന്നും പറയുന്നു. വാട്ടര്‍ അതോറിറ്റി യൂണിയനുകളും മറ്റും എതിര്‍പ്പുകളുമായി രംഗത്തുവന്നപ്പോള്‍ ഏപ്രില്‍ 15 ന് സര്‍ക്കാര്‍ ഈ ഉത്തരവിന് ചില ഭേദഗതികള്‍ പുറപ്പെടുവിച്ചു. അതില്‍ വാട്ടര്‍ അതോറിറ്റിയെ ദുര്‍ബലപ്പെടുത്തില്ലെന്നും പൈപ്പ് കണക്ഷനുകള്‍ തുടര്‍ന്നും സ്ഥാപിക്കുമെന്നും മാനേജിങ്ങില്‍ തദ്ദേശസ്ഥാപനങ്ങളെ പങ്കാളികളാക്കുമെന്നും ഉപയോഗിക്കാത്ത ഉറവിടങ്ങളില്‍ നിന്നാണ് കമ്പനി ജലം എടുക്കുകയെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കോളനികള്‍ക്കും തീരദേശങ്ങളിലും പ്രത്യേക പരിഗണന നല്‍കുമെന്നും ഭീഷണി മയപ്പെടുത്തുന്നു. എന്താണ് സംഭവിക്കുന്നത്? ജീവന്റെ ആധാരമായ ജലം ലോകത്തിലെ പ്രഥമവും പ്രധാനവുമായ പ്രകൃതി വിഭവമാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്തത്. ഈ മൂല വിഭവത്തിന്റെ ആകെയുള്ള 97.3 ശതമാനം സമുദ്രങ്ങളിലാണ്. 2 ശതമാനം ഹിമവും ഗ്ലേഷിയറും. ബാക്കിയുള്ള 0.7 ശതമാനം ജലമാണ് തടാകങ്ങളിലും ചതുപ്പുകളിലും നദികളിലും മണ്ണിലും അന്തരീക്ഷത്തിലുമായി സ്ഥിതിചെയ്യുകയോ ചംക്രമിക്കുകയോ ചെയ്യുന്നത്. ഇതില്‍ കുടിക്കാനുള്ള വെള്ളം പരിമിതമാണെങ്കില്‍ പോലും സമീപകാലം വരെയും ഭൂരിപക്ഷം വരുന്ന ലോകജനത ഇത്രവലിയ കെടുതികളിലേക്ക് വലിച്ചെറിയെപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദശകങ്ങളായുള്ള അമിത ഉപഭോഗവും മലിനീകരണവും തെറ്റായ ഉപയോഗവും കാരണം ലോകം ഗുരുതരമായ ശുദ്ധജല ക്ഷാമത്തിലേക്ക് നടന്നടുക്കുകയായിരുന്നു. ഇതോടെ വെള്ളം തീപിടിച്ച വിഷയമായി അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചയായി.

വിദഗ്ധന്മാരും കൂടിയാലോചനകളും നയസമീപനങ്ങളും സജീവമായി. ജലത്തിന്റെ ഉപഭോഗം കൂടുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ലോകജനസംഖ്യ 700 കോടിയിലേറെ. ഇതില്‍ 150 കോടിയോളം പേര്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല. 32 ലേറെ രാജ്യങ്ങള്‍ ശുദ്ധജല പ്രതിസന്ധി നേരിടുന്നു. 300 കോടിയോളം ശുചീകരണ സൗകര്യങ്ങളില്ലാതെയാണ് ജീവിക്കുന്നത്. മലിനജലം ഉപയോഗിക്കുന്നത് മൂലം ഓരോ വര്‍ഷവും 50 ലക്ഷം പേര്‍ മരിക്കുന്നു. ഇതിലേറെയും കുട്ടികളാണ്. 2025ല്‍ ലോകജനസംഖ്യയില്‍ മൂന്നില്‍ ഒന്നിനും ശുദ്ധജലം ലഭിക്കില്ലെന്ന് മുന്നറിയിപ്പ്. അതുകൊണ്ട് ജലം അമൂല്യമാണ്. അതിന്റെ ഉപഭോഗം കുറയ്ക്കണം. നിരവധി രാജ്യങ്ങളില്‍ ലോകജലസമ്മേളനങ്ങള്‍ നടന്നു. ലോകജല കൗണ്‍സില്‍ നിലവില്‍വന്നു. ജലപ്രതിസന്ധി നേരിടാന്‍ 2005 മാര്‍ച്ച് 22 മുതല്‍ 2015 മാര്‍ച്ച് 22 വരെ ജലദശാബ്ദമായി യുഎന്‍ പ്രഖ്യാപിച്ചു. 2003 അന്താരാഷ്ട്രവര്‍ഷമായി ആചരിക്കുമ്പോള്‍ ഇന്ത്യയിലും ഈ പ്രചാരണങ്ങളെല്ലാം അത്യുച്ചത്തിലായിരുന്നു. എന്താണ് ഈ മുറവിളികളുടെയെല്ലാം അര്‍ഥം? ആരാണ് ഈ വെള്ളമെല്ലാം കുടിച്ചുവറ്റിക്കുന്നതും ദുരുപയോഗിക്കുന്നതും? ക്ഷാമം നേരിടുമ്പോള്‍ ആരാണ് വില കൊടുക്കേണ്ടിവരുന്നത് എന്നതെല്ലാം മറച്ചുവയ്ക്കപ്പെടുകയാണ്. പ്രതിസന്ധി യഥാര്‍ഥമാണെങ്കിലും ഇതിനെ ഭയജനകമാക്കി അവതരിപ്പിക്കുന്നതിലൂടെ പ്രശ്നത്തെ വഴിതിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. കേരളത്തിലും ഒരു പ്രമുഖ പത്രം വര്‍ഷങ്ങള്‍മുമ്പ് കിണര്‍വെള്ളമടക്കം നമ്മുടെ കുടിവെള്ളമപ്പാടെ മലിനമാണെന്ന് പ്രചാരണമഴിച്ചുവിട്ടിരുന്നു. പ്രതിസന്ധിയെ അവര്‍ ശരിക്കും മുതലെടുത്തു. ജലത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം അതിന്റെ മാര്‍ക്കറ്റ് മൂല്യത്തെ വര്‍ധിപ്പിക്കുന്നതായി അവര്‍ കണ്ടു. ജീവന്റെ അടിസ്ഥാനമായ ജലത്തെ ലോകബാങ്കും ഐഎംഎഫും ലോകവ്യാപാര സംഘടനയും ചേര്‍ന്ന് ലോക വിപണിയിലെ അമൂല്യമായ ചരക്കാക്കി മാറ്റിയെടുത്തത് അങ്ങനെയാണ്. "വെള്ളത്തെ വിപണനം ചെയ്യാവുന്ന ഒരു ചരക്കാക്കി മാറ്റുന്നത് അതിന്റെ ഉപഭോഗത്തെ കൂടുതല്‍ ഉല്‍പാദനക്ഷമവും കാര്യക്ഷമവുമാക്കാന്‍ സഹായിക്കുന്നു" എന്നായിരുന്നു കണ്ടെത്തല്‍. ജലം അവകാശമാണെന്ന വാദത്തെ അവര്‍ നഖശിഖാന്തം എതിര്‍ത്തു. അന്താരാഷ്ട്ര കമ്പോളത്തില്‍ ഏറ്റവും ലാഭം കൊയ്യുന്ന ഈ പ്രകൃതി വിഭവത്തിനുമേല്‍ ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് കുത്തകാവകാശം തീറെഴുതിക്കൊടുക്കാതെ രാജ്യങ്ങള്‍ക്ക് വായ്പ നല്‍കില്ലെന്ന് നിര്‍ലജ്ജം പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങളാണ് എഡിബിയും ലോകബാങ്കും. ജലവേട്ടക്കാരുടെ ഒരു മഹാസഖ്യം വ്യാപാരലോകത്ത് ഉടലെടുത്തു. വിവന്റി, സ്യൂയസ് ലയണൈഡ്, ബക്ടല്‍, യുണൈറ്റഡ് യൂട്ടിലീറ്റീസ്, നെസ്ലെ, പെപ്സി, കൊക്കകോള... ഡസനിലേറെ ബഹുരാഷ്ട്ര ഭീമന്മാരാണ് കുടിനീരിനെ കൊള്ളക്കച്ചവടമാക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. ഇതില്‍ ബ്രിട്ടീഷ് കമ്പനിയായ വിവന്റി, 90 രാജ്യങ്ങളില്‍ 3000 സബ്സിഡിയറികളായിട്ടാണ് വെള്ളക്കച്ചവടം നടത്തുന്നത്. സൂയസ് ലയണൈഡ് എന്ന ഫ്രഞ്ച് കമ്പനി 120 രാജ്യങ്ങളിലായി 7.5 കോടി ജനങ്ങളുടെ കുടിനീര്‍ വ്യാപാരമാണ് ഏറ്റെടുത്തു നടത്തുന്നത്. ഇവര്‍ രണ്ടും ചേര്‍ന്നാല്‍ ലോക കമ്പോളത്തിലെ 300 ബില്യന്‍ ഡോളര്‍ വെള്ളക്കച്ചവടത്തിന്റെ നേര്‍പകുതിയായി. ജലവ്യാപാരത്തെ നാല് പ്രവര്‍ത്തനമേഖലകളായി കുത്തകകള്‍ തിരിക്കുന്നു. ജലവിതരണ മലിനീകരണ സംസ്കരണ പദ്ധതികള്‍, ശുദ്ധജല സംസ്കരണ പദ്ധതികള്‍, സംഭരണപദ്ധതികളുടെ നിര്‍മാണത്തിന് സാങ്കേതിക സഹായം നല്‍കല്‍, ചെറുകിട ജലവ്യാപാരം-മൂന്ന് രൂപത്തിലാണ് ഇവര്‍ ഒരു രാജ്യത്തിന്റെ ജലകമ്പോളം സ്വതന്ത്രമാക്കുന്നത്. സ്വകാര്യ പൊതുമേഖലാ കൂട്ടുസംരംഭം, ഉയര്‍ന്ന സാങ്കേതിക വിദ്യയും മാനേജ്മെന്റും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ പൊതുധനം ഉപയോഗിച്ചുണ്ടാക്കിയ ജലവിതരണ പദ്ധതികളുടെ നടത്തിപ്പുകാരും അവസാനം ഉടമകളുമായി മാറുന്നു. നിലവിലുള്ള ചെറുകമ്പനികളില്‍ ഓഹരി സമ്പാദിച്ച് ജൂനിയര്‍ പങ്കാളികളായി തുടങ്ങുന്നവര്‍ പിന്നീട് കമ്പനി പിടിച്ചടക്കുന്നതിലേക്ക് വളരും. വ്യവസായങ്ങള്‍ക്ക് ജലമെത്തിക്കുന്ന കരാര്‍ജോലി ആരംഭിച്ചുകൊണ്ട് ക്രമേണ സ്ഥായിയായി ജലസ്രോതസ്സുകള്‍ കൈയടക്കും. 21 -ാം നൂറ്റാണ്ടിലെ ജലയുദ്ധത്തിന് ആദ്യം അരങ്ങൊരുങ്ങിയ ലാറ്റിനമേരിക്കയുടെ അനുഭവം ഇന്ന് ചരിത്രപാഠമാണ്. ബൊളീവിയ എന്ന ദരിദ്രരാജ്യത്തിന് 25 ദശലക്ഷം ഡോളര്‍ വായ്പനല്‍കണമെങ്കില്‍ രാജ്യത്തെ ജലവിതരണം സ്വകാര്യവല്‍ക്കരിക്കണമെന്ന് ലോകബാങ്ക് ആവശ്യപ്പെട്ടു. ബെളീവിയന്‍ സര്‍ക്കാര്‍ കൊച്ചബാംബ എന്ന നഗരത്തിലെ അഞ്ച് ലക്ഷം ജനങ്ങളുടെ കുടിവെള്ളവിതരണ ചുമതല ബക്ടല്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് കൈമാറി. 2000 ജനുവരിയിലും ഫെബ്രുവരിയിലും വെള്ളത്തിന്റെ വില ഇവര്‍ ഭീമമായി വര്‍ധിപ്പിച്ചു. സഹികെട്ട ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ദിവസങ്ങള്‍ നീണ്ടുനിന്ന ബഹുജന പ്രക്ഷോഭം പൊതുപണിമുടക്കിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങിയെങ്കിലും ജലഭീമനെ മുട്ടുകുത്തിച്ചാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. സമരത്തിന് നേതൃത്വം കൊടുത്ത ഓസ്കാര്‍ ഒലിവര, ചെഗുവേരക്ക് ശേഷം ബൊളീവിയ ലോകത്തിനു സമ്മാനിച്ച മഹാനാമധേയമായി. എന്നാല്‍ പരാജയപ്പെട്ട ബക്ടല്‍ കമ്പനി ബൊളിവിയന്‍ സര്‍ക്കാരിനെതിരെ 25 ലക്ഷം ഡോളര്‍ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തു. കാളക്കൊമ്പിനിടയില്‍ തലയിട്ടാലുള്ള ഫലം.

അര്‍ജന്റീനയില്‍ സിയൂസ് കമ്പനിക്കെതിരെ, ഉറുഗ്വയില്‍ ജലം കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാനുള്ളതല്ലെന്നും അത് മനുഷ്യാവകാശമാണെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ റഫറണ്ടം നടത്തി. 80 ശതമാനവും സ്വകാര്യ കുത്തകകള്‍ കൈയടക്കിയ തങ്ങളുടെ നദികള്‍ തിരിച്ചുപിടിക്കുന്നതിനുവേണ്ടി ചിലിയന്‍ ജനത പ്രക്ഷോഭം തുടങ്ങി. പെറുവില്‍, ഗ്വാട്ടിമാലയില്‍, മെക്സിക്കോയില്‍ ദരിദ്രരായ ജനങ്ങള്‍ ജലക്കൊള്ളക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധസമരങ്ങളുമായി രംഗത്തിറങ്ങി. നമ്മെപ്പോലെ തന്നെ ജലസ്രോതസ്സുകള്‍ കൊണ്ട് പ്രകൃതി അനുഗ്രഹിച്ച നാടായിരുന്നു ലാറ്റിനമേരിക്കയും. ലോകത്തിലെതന്നെ വലിയ 25 നദികള്‍ അവിടെയുണ്ട്. ഇതു വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ പ്രതിശീര്‍ഷ ജലലഭ്യത ഏറ്റവുമധികം ഉണ്ടാകേണ്ടവര്‍. എന്നിട്ടും അവിടുത്തെ ജനങ്ങള്‍ രണ്ടുതട്ടുകളിലായി. ജലസമ്പന്നരും ജല ദരിദ്രരും. ജലസമ്പന്നമായ ഒരു രാജ്യത്ത് ജല ദരിദ്രരായ ജനങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയെന്നാണ് ഇത് കാണിക്കുന്നത്.

ജനം ഈ ചോദ്യം ചോദിച്ചുതുടങ്ങുമ്പോള്‍ ജലയുദ്ധങ്ങള്‍ ലാറ്റിനമേരിക്കക്ക് പുറത്തേക്കും പടരുകയാണ്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും ഫാക്ടറികളുമാണ് ജലം മലിനമാക്കിക്കൊണ്ടിരിക്കുന്നത്. ഇതു തടയാനോ നിയമനിര്‍മാണം നടത്താനോ തയ്യാറാകാത്ത പ്രാദേശിക ഭരണകൂടങ്ങള്‍ ജലശുദ്ധീകരണത്തിനും വിതരണമാനേജ്മെന്റിനും തങ്ങള്‍ക്ക് പ്രാപ്തിയില്ലെന്ന് പറഞ്ഞ് ഉത്തരവാദിത്തം കൈയൊഴിയുന്നു. ജനസംഖ്യാവര്‍ധനവും വിഭവശോഷണവും മാത്രമല്ല യഥാര്‍ഥ പ്രതി. ജലസ്രോതസ്സുകളെ പുത്തന്‍ "കോര്‍പറേറ്റു ബലരാമന്മാര്‍" അവരുടെ ആലകളിലേക്കും സമ്പന്നതയുടെ കേളീഗൃഹങ്ങളിലേക്കും ആട്ടിത്തെളിച്ചുകൊണ്ടുപോകുകയാണ്. ആറുമാസത്തോളം ലഭിക്കുന്ന മഴയും ജലസമ്പന്നമായ 44 നദികളും അനേകം ചെറുപുഴകളും തോടുകളും അരുവികളും ലക്ഷക്കണക്കിന് കിണറുകളുമെല്ലാം ഉണ്ടായിരുന്ന മലയാളിക്ക് കുടിവെള്ളം ഒരു ഉത്കണ്ഠാവിഷയമായിരുന്നില്ല ഇക്കാലമത്രയും. എന്നാല്‍ ഇതെല്ലാം കെട്ടുകഥയായി മാറിക്കൊണ്ടിരിക്കുകയാണിന്ന്. മഴയെ ക്ഷണിച്ചുവരുത്തുകയും അതിനെ മണ്ണിലേക്ക് കുത്തിയിറക്കി ഭൂജലവും ഭൂഗര്‍ഭജലവും സമ്പന്നമാക്കുകയും ചെയ്ത വനങ്ങളുടെയും കുന്നുകളുടെയും അപ്രത്യക്ഷമാകലും ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും തിരോധാനവും കാലാവസ്ഥയുടെ ഘടനയെ തന്നെ മാറ്റിയിരിക്കുന്നു. വരള്‍ച്ചയും ഉരുള്‍പൊട്ടലും ജലക്ഷാമവും പതിവായിരിക്കുന്നു. ഇതിനെ ജലകുത്തകകള്‍ക്ക് വഴിയൊരുക്കാനുള്ള സന്ദര്‍ഭമാക്കി മറ്റിയിരിക്കുകയാണ് സര്‍ക്കാര്‍.

ജലം ആരുടെ സ്വത്താണ്? പ്രകൃതിവിഭവങ്ങളുടെ അവകാശികള്‍ ആരാണ്? ഭൂമിയുടെ അവകാശികള്‍ ആരാണെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പ്രശസ്തമായ ആ കഥയില്‍ പറയുന്നുണ്ട്. അതില്‍ മനുഷ്യന് മാത്രമല്ല അണ്ണാനും കാക്കയ്ക്കും കീടങ്ങള്‍ക്കുപോലും അവകാശമുണ്ട്. ജീവന്റെ ഉറവിടവും ദാതാവുമായ ജലത്തെ ആദരവോടെ പാലിച്ചവരാണ് ലോകത്തിലെ പരമ്പരാഗത ജനസമൂഹങ്ങളെല്ലാം. പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെ അവര്‍ വിശുദ്ധവും പരിപാവനവുമായി കരുതി ആദരിച്ചും ആരാധിച്ചും പോന്നു. എന്നാല്‍ 1854ല്‍ സിയാറ്റില്‍ എന്ന ആദിവാസി മൂപ്പന്‍ പറഞ്ഞതുപോലെ "വെള്ളക്കാരന് എല്ലാം വില്‍ക്കാനും വാങ്ങാനുമുള്ളതാണ്. ഭൂമി അയാള്‍ക്ക് സഹോദരനല്ല, ശത്രുവാണ്. അയാളുടെ ആര്‍ത്തി ഭൂമിയെ വിഴുങ്ങുകയും ഒരു മരുഭൂമി മാത്രം അവശേഷിപ്പിക്കുകയും ചെയ്യും."

മനുഷ്യര്‍ക്ക് മാത്രമല്ല, കന്നുകാലികള്‍ക്കും പറവകള്‍ക്കും അവകാശപ്പെട്ടതാണ് ജലം. മനുഷ്യന്റെ സിരകളിലോടുന്ന രക്തം പോലെ ഭൂമിയുടെ മാറിടത്തിലൊഴുകുന്ന ജലം ജീവികള്‍ക്കെല്ലാം അവകാശപ്പെട്ടതാണ്. അത് കുത്തിച്ചോര്‍ത്താന്‍ അന്താരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് അവകാശമില്ല. ലോകമെമ്പാടും ജലാവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഈ മാനിഫെസ്റ്റോ ആണ് മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തെ ജലസ്രോതസ്സുകളിലുള്ള അവകാശം തദ്ദേശിയ ജനവിഭാഗങ്ങള്‍ക്കാണ്. നിങ്ങളുടെ വെള്ളം ഞങ്ങള്‍ ശുദ്ധമാക്കി കുപ്പിയിലടച്ച്, ഞങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്ക്, വാങ്ങാന്‍ പ്രാപ്തരായവര്‍ക്ക് ശരിയായി വിതരണം ചെയ്യാമെന്നാണ് കോര്‍പറേറ്റുകളുടെ വാഗ്ദാനം. പൊതുവിഭവമായ വെള്ളം കുപ്പിയിലടച്ച് വില്‍ക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അവകാശം നല്‍കണമെന്നാണ് വാദം. ജലമെന്ന "ഭൂതത്തെ" കുപ്പിയിലടയ്ക്കാനാണ് കോര്‍പറേറ്റ് രാക്ഷസന്മാര്‍ക്ക് സര്‍ക്കാര്‍ വാതില്‍ തുറന്നുകൊടുക്കാനൊരുങ്ങുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഇതൊരു വെല്ലുവിളിയാണ്.

*
എ സുരേഷ് ദേശാഭിമാനി വാരിക 23 ജൂണ്‍ 2013

No comments: