Monday, June 24, 2013

രാഷ്ട്രീയമാറ്റം ജനക്ഷേമത്തിന് ഉതകണം

രാജ്യത്തിനാവശ്യമായ ബദല്‍ നയപാതയോട് ഇടതുപക്ഷ കക്ഷികളുടെ സമീപനം ചര്‍ച്ചചെയ്യുന്നതിനും ഇതുസംബന്ധിച്ച് പ്രമേയം പാസാക്കുന്നതിനും ജൂലൈ ഒന്നിന് ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികളുടെ ദേശീയ കണ്‍വന്‍ഷന്‍ ചേരുന്നുണ്ട്. ബദല്‍നയപാതയെ പിന്തുണയ്ക്കാനും അതിനായി പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ ജനാധിപത്യ കക്ഷികളോടുള്ള ഇടതുപക്ഷ കക്ഷികളുടെ ആഹ്വാനമാണ് ഈ കണ്‍വന്‍ഷനില്‍ മുഴങ്ങുക എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയനീക്കങ്ങള്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന വിധത്തിലായിരിക്കണം മുന്നേറേണ്ടത്. അടുത്തിടെ ഒട്ടേറെ രാഷ്ട്രീയ കലക്കംമറിച്ചിലുകള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ബിജെപിയും ആര്‍എസ്എസും ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ജെഡിയു 17 വര്‍ഷത്തെ ബിജെപി ബന്ധം വിച്ഛേദിച്ചു. 91 അംഗങ്ങളുള്ള ബിജെപി ഭരണമുന്നണിയില്‍നിന്ന് വിട്ടുപോയിട്ടും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. കോര്‍പറേറ്റുകള്‍ സൃഷ്ടിക്കുന്നതാണ് മോഡിതരംഗമെന്ന് നിതീഷ് പരിഹസിക്കുകയുംചെയ്തു. എന്‍ഡിഎ നേരിടുന്ന പരിഹരിക്കാനാവാത്ത വൈരുധ്യങ്ങളുടെ ഒരധ്യായംമാത്രമാണ് ജെഡിയുവിന്റെ വേര്‍പിരിയല്‍. ശിവസേനയും അകാലിദളും മാത്രമാണ് ഇപ്പോള്‍ എന്‍ഡിഎയില്‍ തുടരുന്നത്. ഇവര്‍ക്കും പല കാര്യങ്ങളിലും ബിജെപിയുമായി കടുത്ത ഭിന്നതയുണ്ട്. ഹിന്ദുത്വ അജന്‍ഡയിലൂന്നി ബിജെപി കരുത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ സഖ്യകക്ഷികള്‍ക്കുപോലും അതിനോട് ഒത്തുപോകാന്‍ കഴിയുന്നില്ല.

ഇതിലേറെ വിരോധാഭാസം, നരേന്ദ്രമോഡിയെ ഹിന്ദുത്വത്തിന്റെ തീവ്രവാദ മുഖമായി ഉയര്‍ത്തിക്കാട്ടിയുള്ള ചര്‍ച്ചകളില്‍ എല്‍ കെ അദ്വാനി മിതവാദിയായി ചിത്രീകരിക്കപ്പെടുന്നുവെന്നതാണ്. ബാബറിമസ്ജിദ് നില്‍ക്കുന്ന തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കും എന്ന മുദ്രാവാക്യം ഉയര്‍ത്തി 1990 സെപ്തംബറില്‍ സോമനാഥില്‍നിന്ന് നടത്തിയ കുപ്രസിദ്ധ രഥയാത്രയിലൂടെയാണ് ബിജെപി രാജ്യത്ത് വളര്‍ന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ-ജനാധിപത്യ അടിത്തറയെപ്പോലും ഉലയ്ക്കുന്ന വിധത്തില്‍ രക്തരൂഷിതമായ കലാപങ്ങള്‍ക്കും വര്‍ഗീയധ്രുവീകരണത്തിനും കാരണമായ അന്നത്തെ രഥയാത്ര നയിച്ചത് എല്‍ കെ അദ്വാനിയല്ലാതെ മറ്റാരുമായിരുന്നില്ല. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത് ഈ രഥയാത്രയായിരുന്നു. അന്ന് വാജ്പേയിയെ സൗമ്യമുഖമായും അദ്വാനിയെ തീവ്രഹിന്ദുത്വവാദിയായും ചിത്രീകരിച്ചായിരുന്നു കോര്‍പറേറ്റ് മാധ്യമങ്ങളുടെ പ്രചാരണം. ഇപ്പോള്‍ അദ്വാനി മിതവാദിയും മോഡി ഹിന്ദുത്വവാദിയുമായി.

മറുവശത്ത് രണ്ടാം യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയിരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജാര്‍ഖണ്ഡ് വികാസ്മോര്‍ച്ച തുടങ്ങിയ ഘടകകക്ഷികളെല്ലാം വിവിധ ഘട്ടങ്ങളിലായി മുന്നണി വിട്ടുപോയി. എന്‍സിപിമാത്രമാണ് ശേഷിക്കുന്ന പ്രധാന ഘടകകക്ഷി. തുടര്‍ച്ചയായ അഴിമതിയാരോപണങ്ങളും കേസുകളും സര്‍ക്കാരിനെ തീരെ ദുര്‍ബലമാക്കിയിരിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുഖം മിനുക്കലിനുള്ള അവസാനശ്രമമെന്ന നിലയില്‍ കഴിഞ്ഞദിവസം നടത്തിയ മന്ത്രിസഭ പുനഃസംഘടന കൂടുതല്‍ പരിഹാസ്യമായി.

ഈ രാഷ്ട്രീയനീക്കങ്ങളിലൊന്നും രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് മൂക്കുകുത്തി. വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്നു. മാവോയിസ്റ്റ്പ്രശ്നവും അത് നേരിടാന്‍ സ്വീകരിക്കുന്ന അപക്വമായ നടപടികളും പല സംസ്ഥാനങ്ങളിലും സൈ്വരജീവിതം അസാധ്യമാക്കി. വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്ന രാജ്യം പെട്ടെന്നാണ് പ്രളയക്കെടുതികളിലേക്ക് നീങ്ങിയത്. പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അമ്പേ പരാജയപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവഉദാരനയങ്ങള്‍ക്കുപകരം ജനക്ഷേമപരമായ ബദല്‍നയങ്ങള്‍ നടപ്പാക്കിയാല്‍മാത്രമേ ഇന്നത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളും നടത്തിപ്പുകാരും അമേരിക്കന്‍സാമ്രാജ്യത്വ പക്ഷപാതികളുമാണ് കോണ്‍ഗ്രസും ബിജെപിയും. അവര്‍ക്ക് ഇതിനു കഴിയില്ലെന്ന് വ്യക്തമാണ്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ രാഷ്ട്രീയപോരാട്ടത്തിലൂടെ ബദല്‍നയങ്ങളുടെ വേദി രൂപംകൊള്ളണം. ബദല്‍നയങ്ങള്‍ ഉയര്‍ത്തി സിപിഐ എം ദേശീയതലത്തില്‍ നടത്തിയ നാല് സമരസന്ദേശജാഥകള്‍ക്കും തുടര്‍ന്നു നടന്ന ജയില്‍നിറയ്ക്കല്‍സമരത്തിനും ലഭിച്ച പ്രതികരണം ബദല്‍നയത്തിന് അനുകൂലമായി ജനങ്ങള്‍ ചിന്തിക്കുകയാണെന്നതിന്റെ തെളിവാണ്.

സിപിഐ എം ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ടിയുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കുന്നുണ്ട്.: കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി ഇടതുപക്ഷ-ജനാധിപത്യ ബദലാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. ബൂര്‍ഷ്വ-ഭൂപ്രഭു വാഴ്ചയ്ക്ക് ബദലാകാന്‍ ഇടതുപക്ഷ-ജനാധിപത്യ വേദിക്കുമാത്രമേ കഴിയൂ. ഒട്ടേറെ ജനകീയമുന്നേറ്റങ്ങളും പോരാട്ടങ്ങളും വഴിയാണ് ഈ ബദല്‍ കെട്ടിപ്പടുക്കേണ്ടത്. ഈ ശ്രമങ്ങളുടെ ഭാഗമായി ജനാധിപത്യം, ദേശീയ പരമാധികാരം, മതനിരപേക്ഷത, ഫെഡറലിസം, ജനങ്ങളുടെ ജീവിതവൃത്തിയും അവകാശങ്ങളും എന്നിവ സംരക്ഷിക്കാന്‍വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിതര- ബിജെപിയിതര കക്ഷികളെ അണിനിരത്താന്‍ കഴിയണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: