Friday, June 14, 2013

സൗരോര്‍ജ്ജം എല്ലാം തരും

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇവാന്‍പാ സോളാര്‍ ഇലക്ട്രിക് ജനറേറ്റിങ് സിസ്റ്റം എന്ന പേരില്‍ 2010ല്‍ ആരംഭിച്ച പദ്ധതിയുടെ നിര്‍മാണം ഇപ്പോള്‍ പരിസമാപ്തിയിലാണ്. 2013ല്‍ത്തന്നെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും. First Flux- എന്നു പേരു വിളിച്ച അതിന്റെ ക്ഷമതാ പരീക്ഷണം ഇവാന്‍പാ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയില്‍ കലിഫോര്‍ണിയയിലുള്ള മൊജാവ് മരുഭൂമിയില്‍ ലാസ് വേഗസില്‍നിന്ന് 64 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഈ ഭീമന്‍ സോളാര്‍ പവര്‍ പ്ലാന്റ് 392 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ പവര്‍ പ്ലാന്റില്‍ മൂന്നുലക്ഷം ഹീലിയോസ്റ്റാറ്റ് ദര്‍പ്പണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.

4000 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ ഭീമന്‍ പവര്‍സ്റ്റേഷന്‍. 2.18 ബില്യണ്‍ ഡോളര്‍ നിര്‍മാണച്ചെലവുള്ള ഈ പദ്ധതിയുടെ ഏറ്റവും വലിയ പങ്കാളി എന്‍ആര്‍ജി എനര്‍ജി ഗ്രൂപ്പാണ്. 2012 ഫെബ്രുവരിയില്‍ ഇവാന്‍പായ്ക്ക് സിഎസ്പി (Concentrating Solar Power)- പ്രോജക്ട് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. മൂന്നു വലിയ സോളാര്‍ തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ കൂടിച്ചേര്‍ന്നതാണ് ഇവാന്‍പാ. പ്ലാന്റുകളിലുള്ള ഹീലിയോസ്റ്റാറ്റ് ദര്‍പ്പണങ്ങള്‍ സൂര്യപ്രകാശത്തെ അതിന്റെ മധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള റിസീവറിലേക്കു കേന്ദ്രീകരിക്കുന്നു. റിസീവറുകളില്‍ സംഭരിച്ചിട്ടുള്ള ജലത്തെ ഈ താപോര്‍ജം ഉപയോഗിച്ച് നീരാവിയാക്കി മാറ്റുകയും ഈ നീരാവി ഉപയോഗിച്ച് ഒരു സ്റ്റീം ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു സാധാരണ താപവൈദ്യുത നിലയത്തില്‍ നടക്കുന്നതുപോലെത്തന്നെയാണ്.

സീമെന്‍സ് കമ്പനിയാണ് സ്റ്റീം ടര്‍ബൈനുകള്‍ നിര്‍മിച്ചിട്ടുള്ളത്. അതുകൂടാതെ പവര്‍സ്റ്റേഷന്റെ നിയന്ത്രണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും നിര്‍മിച്ചിട്ടുള്ളതും സീമെന്‍സ്തന്നെയാണ്. 1,65,000 എച്ച്പിയാണ് ടര്‍ബൈന്‍ (Siemens SST  900 Dual Casing Steam Turbine) കപ്പാസിറ്റി. ദര്‍പ്പണങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് റിലെ പവര്‍ ഇന്‍കോര്‍പറേറ്റഡ്എന്ന സ്ഥാപനമാണ്. കലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗറുടെ ദീര്‍ഘവീക്ഷണമാണ് ഈ പദ്ധതിയുടെ വിജയത്തിനു പിന്നിലുള്ളത്. നിരവധി സ്ഥിരം-താല്‍ക്കാലിക തൊഴിലവസരങ്ങളും ഇവാന്‍പാ സൃഷ്ടിക്കുന്നുണ്ട്. മരുഭൂമികളില്‍ കാണുന്ന ഒരിനം ആമകളുടെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന തടസ്സവാദം ഈ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാല്‍ 2011ല്‍ത്തന്നെ ഈ തടസ്സം മറികടന്ന് നിര്‍മാണം പുനരാരംഭിക്കുകയും ചെയ്തു.

ഐറിസ് സൂര്യനിലേക്ക്

ജൂണ്‍ 26ന് ഐറിസ് യാത്ര ആരംഭിക്കുകയാണ്. യാത്ര സൂര്യനിലേക്കാണ്! സൂര്യനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ അനാവരണം ചെയ്യുകയാണ് യാത്രയുടെ ഉദ്ദേശ്യം. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും സൗര ആളലുകളും സൗരവാതങ്ങളുടെ ദിശയും മുന്‍കൂട്ടി കണ്ടെത്തുന്നതിനും സൗരാന്തരീക്ഷത്തിലെ പ്ലാസ്മാ പ്രവാഹത്തിന്റെ തീവ്രതയും സാന്ദ്രതയും കണ്ടെത്തുന്നതിനും വേണ്ടി നാസ വിക്ഷേപിക്കുന്ന ഏറ്റവും നവീനമായ ബഹിരാകാശ പേടകമാണ് ഐറിസ് (Interface Region Imaging Spectrograph IRIS). ലോക്ഹീഡ് മാര്‍ട്ടിന്‍ സോളാന്‍ ആന്‍ഡ് ആസ്ട്രോഫിസിക്സ് ലബോറട്ടറി (LMSAL) ആണ് സ്പേസ്ക്രാഫ്റ്റും സോളാര്‍ പാനലും സ്പെക്ട്രോമീറ്ററും നിര്‍മിച്ചിരിക്കുന്നത്.

സ്പേസ്ക്രാഫ്റ്റിലുള്ള ദൂരദര്‍ശിനി നിര്‍മിച്ചത് സ്മിത്സോണിയന്‍ ആസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററിയാണ്. ലോകമെമ്പാടുമുള്ള 20 ഗവേഷണസ്ഥാപനങ്ങളും സര്‍വകലാശാലകളും എറിസിന്റെ എന്‍ജിനിയറിങ് വിഭാഗത്തിന് കരുത്തുപകരുന്നുണ്ട്. 12 കോടി ഡോളറാണ് ഐറിസിന്റെ നിര്‍മാണച്ചെലവ്. നാസയുടെ ചെറിയ സ്പേസ്ക്രാഫ്റ്റ് പദ്ധതിയില്‍ പ്രഥമ സ്ഥാനം നല്‍കിയിരിക്കുന്നതും ഐറിസിനുതന്നെയാണ്. 440 പൗണ്ട് ഭഭാരമുള്ള ഈ ബഹിരാകാശപേടകത്തിന് ഏഴടി നീളവും സോളാര്‍പാനലുകള്‍ നിവര്‍ത്തിവയ്ക്കുമ്പോള്‍ 12 അടി വീതിയും ഉണ്ടാകും. ഹൈ റസല്യൂഷന്‍ ചിത്രങ്ങളും കംപ്യൂട്ടര്‍ മോഡലിങ്ങും വഴി സൗരോപരിതലത്തില്‍നിന്ന് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലേക്ക് എങ്ങനെയാണ് സൗരദ്രവ്യവും ഊര്‍ജവും പ്രകാശവും പ്രവഹിക്കുന്നതെന്ന് ഐറിസ് കൃത്യമായി പറഞ്ഞുതരും.

ഇതിനുവേണ്ടി സവിശേഷമായി രൂപകല്‍പ്പന നിര്‍വഹിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയായ ക്രോമോസ്ഫിയര്‍, ഐറിസ് നിരീക്ഷണവിധേയമാക്കും. അയോണീകരിക്കപ്പെട്ട വാതകങ്ങളും പ്ലാസ്മയും നിറഞ്ഞ മേഖലയാണിത്. ഇവിടെനിന്നാണ് കൊറോണയിലേക്കുള്ള താപസംക്രമണം നടക്കുന്നത്. സൗര ആളലുകളും ചാര്‍ജിത കണങ്ങളുടെ പ്രവാഹവും (Coronal Mass Ejection) നടക്കുന്നതും ഇവിടെനിന്നാണ്. സൗരവാതകങ്ങളുടെ ഉത്ഭവവും ഈ മേഖലയില്‍നിന്നുമാണ്. എന്നാല്‍, ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ തൃപ്തികരമായി വിശദീകരണം നല്‍കാന്‍ കഴിയാത്ത, പ്രശ്നം പരിഹരിക്കുകയാണ് ഐറിസ് വിക്ഷേപണത്തിന്റെ പ്രധാന ശാസ്ത്രീയലക്ഷ്യം.

സൗരോപരിതലത്തിലെ താപനില 5000 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍, സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലെ താപനില 10 ലക്ഷം ഡിഗ്രി സെല്‍ഷ്യസുമാണ്. സൗരോപരിതലത്തില്‍നിന്ന് കൊറോണയിലെത്തുമ്പോഴേക്കും സൗരദ്രവ്യത്തിന്റെ താപനിലയില്‍ ഇത്രയധികം വര്‍ധനവുണ്ടാകുന്നത് എങ്ങനെയാണെന്നത് ഒരു ദുരൂഹ പ്രതിഭാസമാണ്. അതിവേഗത്തില്‍ കണികാപ്രവാഹം നടന്നുകൊണ്ടിരിക്കുന്ന ക്രോമോസ്ഫിയറില്‍ പ്ലാസ്മാ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന കാന്തികമണ്ഡലത്തിന്റെ സാന്നിധ്യമാണ് കൊറോണയിലെ താപനില ഇത്രയധികം വര്‍ധിക്കുന്നതിനു കാരണമെന്നാണ് ശാസ്ത്രീയ പരികല്‍പ്പന.

*
സാബു ജോസ്

No comments: