Tuesday, June 18, 2013

ഇന്റര്‍നെറ്റിലെ ചാരവൃത്തി

മനുഷ്യന്റെ മൗലികാവകാശം, സ്വകാര്യത, രാഷ്ട്രങ്ങളുടെ പരമാധികാരം എന്നിവയ്ക്കൊന്നും അമേരിക്കന്‍ ഭരണം ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നതാണ് ഈയിടെ അമേരിക്കയിലെതന്നെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന "പ്രിസം പദ്ധതി". ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൈമാറുന്നതും സ്വകാര്യമെന്നുകരുതി സൂക്ഷിക്കുന്നതുമായ ഏതു വിവരവും അനുവാദമില്ലാതെയും അറിയിക്കാതെയും അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ചോര്‍ത്തിയെടുക്കുകയാണ്. മൈക്രോസോഫ്റ്റ്, യാഹൂ, ഫേസ്ബുക്ക്, ആപ്പിള്‍, സ്കൈപ്പ്, യൂ ട്യൂബ് എന്നിങ്ങനെ സര്‍വ സേവനദാതാക്കളില്‍നിന്നും നിര്‍ബാധം വിവരം ശേഖരിക്കപ്പെടുന്നു. എന്‍എസ്എയും ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) സംയുക്തമായാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. 2007ലാണ്ഭപ്രിസംഭപദ്ധതി ആരംഭിച്ചത്. ഇന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ മുതലുള്ള എല്ലാ വിശദാംശങ്ങളും അനുഷ്ഠാനംപോലെ ചോര്‍ത്തുകയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്സൈറ്റുകളില്‍ ഒരാളോ കമ്പനിയോ എന്തൊക്കെ എപ്പോഴെല്ലാം തെരഞ്ഞു, വ്യക്തികള്‍ തമ്മില്‍ എന്തൊക്കെ വിവരങ്ങള്‍ കൈമാറി, ഇ-മെയിലിന്റെ ഉള്ളടക്കമെന്ത് എന്നെല്ലാം അമേരിക്കന്‍ ഏജന്‍സികള്‍ ചോര്‍ത്തിക്കൊണ്ടുപോകുന്നു. ഭപ്രിസം പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിനു വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ഫേസ്ബുക്കും മൈക്രോസോഫ്റ്റും വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു വ്യക്തികളുടെ വിവരങ്ങളും സ്വകാര്യ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംഭാഷണവും പ്രിസംപദ്ധതിയിലൂടെ ചോര്‍ത്തുന്നത് സിഐഎയുടെ കരാര്‍ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡെനാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം പിന്നീട് അമേരിക്കന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വം പരിഗണിച്ച് ഇത്തരം ചോര്‍ത്തലുകള്‍ വേണ്ടിവരുമെന്നാണ് പ്രസിഡന്റ് ബറാക് ഒബാമ വിശദീകരിച്ചത്. അമേരിക്കക്കാരുടേതല്ല; വിദേശികളുടെ വിവരങ്ങളാണ് ചോര്‍ത്തുന്നത് എന്ന ന്യായമാണ് സ്വന്തം രാജ്യത്ത് ഒബാമ മുന്നോട്ടുവച്ചത്. ലോകവ്യാപകമായുള്ള ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് തടസ്സമൊന്നുമില്ല എന്ന ഈ പ്രഖ്യാപനം ശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. ഭീകരവിരുദ്ധ നടപടികളുടെ മറവില്‍ നടത്തുന്ന സൈബര്‍ നിരീക്ഷണവും കടന്നുകയറ്റവും ചാരപ്രവര്‍ത്തനത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതല്ല. കടുത്ത മനുഷ്യാവകാശ ലംഘനവുമാണത്. ചോര്‍ത്തിയ വിവരങ്ങളില്‍ കൂടുതലും ഭീകരതയുമായി ബന്ധമില്ലാത്തതാണ് എന്നും വ്യക്തമായിട്ടുണ്ട്.

പ്രധാന ഇന്റര്‍നെറ്റ്- ടെലികോം സേവന ദാതാക്കളായ കമ്പനികള്‍ അമേരിക്കന്‍ ചാരവൃത്തിയുടെ ഉപകരണങ്ങളായി അധഃപതിച്ചു എന്ന യാഥാര്‍ഥ്യമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇത്തരം വിവരം ചോര്‍ത്തലിന്റെ പ്രധാന ഇരകളിലൊന്ന് ഇന്ത്യയാണ്. സൈബര്‍മേഖലയുടെ അതിവേഗ വ്യാപനവും പ്രാധാന്യവും കണക്കിലെടുത്താല്‍, ഇന്ത്യയുടെ പരമാധികാരത്തിനുതന്നെ കടുത്ത ഭീഷണിയായി ഈ അമേരിക്കന്‍ പദ്ധതി മാറുകയാണെന്നു കാണാം. രാജ്യത്തിനും പൗരന്മാര്‍ക്കും സ്വകാര്യമായ വിവരശേഖരണവും കൈമാറ്റവും അസാധ്യമാകുന്നത് കടുത്ത പ്രത്യാഘാതമാണുണ്ടാക്കുക. എല്ലാ രംഗത്തും അമേരിക്കന്‍ വിധേയത്വം കാണിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തിലും വ്യത്യസ്ത സമീപനമില്ല. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ രാജ്യത്തോടും രാജ്യത്തിന്റെ നിയമങ്ങളോടും പൗരന്മാരുടെ സ്വകാര്യതയോടും ബാധ്യതയുള്ളവരാകണമെന്ന് ശഠിക്കാനും അതിനനുരോധമായ നടപടികളെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. പ്രിസം എന്ന വിവരചോരണ പദ്ധതിയുടെ അപകടം മനസ്സിലാക്കി ശക്തമായി പ്രതിരോധിക്കാനും ഇതര രാജ്യങ്ങളുമായി ചേര്‍ന്ന് ഈ അപകടം മറികടക്കാനുള്ള പദ്ധതിയാവിഷ്കരിക്കാനും കേന്ദ്രം തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം