Sunday, June 2, 2013

കോണ്‍ഗ്രസുകാര്‍ പേറുന്ന ദുര്‍ഗന്ധഭാണ്ഡം

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ആ പാര്‍ടിയെ നയിക്കുന്നത് നിയമസഭാ സാമാജികന്‍കൂടിയായ രമേശ് ചെന്നിത്തല എന്ന പിസിസി പ്രസിഡന്റാണ്. ആ രമേശ് ചെന്നിത്തലയുടെ ഫോണ്‍സംഭാഷണം അനധികൃതമായി പൊലീസ് ചോര്‍ത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ്മറന്ന് സഹായിച്ച എന്‍എസ്എസിന്റെ പരമോന്നത നേതാവുതന്നെയാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് തുറന്നടിച്ചത്. തന്നെ ഇക്കാര്യം അറിയിച്ചത് ചെന്നിത്തലതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തല അത് നിഷേധിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. ആഭ്യന്തരമന്ത്രി മിണ്ടുന്നില്ല. എന്‍എസ്എസ് ജനറല്‍സെക്രട്ടറിയുടെ ഫോണ്‍ ചോര്‍ത്തിയതിനെക്കുറിച്ചുയര്‍ന്ന പരാതിക്ക്, പൊലീസിലെതന്നെ ഒരുദ്യോഗസ്ഥനെക്കൊണ്ട് നിഷേധ റിപ്പോര്‍ട്ട് എഴുതിപ്പിച്ച് പരിഹാസ്യമായ പരിഹാരം കാണാനാണ് ആഭ്യന്തരമന്ത്രി ശ്രമിച്ചുകാണുന്നത്.

നിയമപ്രകാരം, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ ഒരു പൗരന്റെയും ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഒരാള്‍ക്കുമില്ല. കൊടും കുറ്റവാളികളുടെ ഫോണ്‍ സംഭാഷണമാണ് അങ്ങനെ ചോര്‍ത്തുന്നത്. അതിന് അനേകം നടപടിക്രമങ്ങളുണ്ട്. ഇവിടെ, രാഷ്ട്രീയ- സമുദായ നേതാക്കളുടെ സ്വകാര്യതയിലേക്ക് അധികാരത്തിന്റെ സൗകര്യമുപയോഗിച്ച് പൊലീസ് ചാരന്മാരെ നിയോഗിക്കുക എന്ന അധമവൃത്തിയാണ് അരങ്ങേറിയത്. പെരുകിവരുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അറുതിവരുത്തേണ്ട പൊലീസ് ഹൈടെക് സെല്ലിനെയും സൈബര്‍ സെല്ലുകളെയും ഭരണകക്ഷിയിലെ ഒരു വിഭാഗത്തിന്റെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി മാറ്റിയിരിക്കുന്നു.

പ്രതിപക്ഷ നേതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിയമവിരുദ്ധമായി ചോര്‍ത്തുന്നു എന്ന പരാതി നേരത്തെ ഉയര്‍ന്നതാണ്. അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പുതന്നെ പൊലീസിനെ ഉപയോഗിച്ചാണ് എന്ന് പലവട്ടം തെളിയിച്ച പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ഇന്നു നടക്കുന്ന യുദ്ധം ആഭ്യന്തരവകുപ്പിനെച്ചൊല്ലിയാണ്. പൊലീസ് വകുപ്പ് വേണമെന്നും തരില്ലെന്നും രണ്ടു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാശിപിടിക്കുന്നു; യുദ്ധം ചെയ്യുന്നു. ആ വകുപ്പ് കൈയിലെത്തിയാല്‍ എതിരാളികളെ അടിച്ചൊതുക്കാമെന്ന ധാരണയിലാണിത്. പാര്‍ടിക്കകത്തെ എതിര്‍വിഭാഗങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്താനുള്ള ഉപകരണമായി പൊലീസിനെ യുഡിഎഫ് മാറ്റിയിരിക്കുന്നു എന്ന് തെളിയിക്കാന്‍ ഈ തര്‍ക്കംതന്നെ ധാരാളം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പത്രസമ്മേളനം വിളിച്ചാണ്, ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ആക്ഷേപമുന്നയിച്ചത്. തന്റെ ഫോണ്‍ മാത്രമല്ല, ഒരുവര്‍ഷത്തോളമായി രമേശ് ചെന്നിത്തലയുടെ ഫോണും ചോര്‍ത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, വിരല്‍ചൂണ്ടിയത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെയാണ്. തിരുവഞ്ചൂരും അദ്ദേഹത്തെ നയിക്കുന്ന മുഖ്യമന്ത്രിയും തൊടുന്യായങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കേണ്ട വിഷയമല്ലിത്. ഭീകരരുടെയും സാമ്പത്തിക കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും കള്ളക്കടത്തുകാരുടെയും ഫോണുകളാണ് നിയമപ്രകാരം ചോര്‍ത്താന്‍ കഴിയുക എന്നിരിക്കെ, ഇതില്‍ ഏതു പട്ടികയിലാണ് രമേശ് ചെന്നിത്തലയും സുകുമാരന്‍നായരും പെടുന്നത് എന്ന് വിശദീകരിക്കാനുള്ള ബാധ്യത ഉമ്മന്‍ചാണ്ടിക്കുണ്ട്. ഔദ്യോഗികമായി ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് പറഞ്ഞോ, അന്വേഷണ പ്രഹസനം നടത്തിയോ രക്ഷപ്പെടാനാകുന്ന വിഷയമല്ലിത്. രാജീവ്ഗാന്ധിയുടെ വീടിനടുത്ത് രണ്ടു പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു കേന്ദ്രമന്ത്രിസഭയെത്തന്നെ മറിച്ചിട്ട പാരമ്പര്യമുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടിയില്‍ ആത്മാഭിമാനമുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍, തിരുവഞ്ചൂരിനെയും ഉമ്മന്‍ചാണ്ടിയെയും പിടിച്ചുനിര്‍ത്തി ഉത്തരം പറയിക്കാനുള്ള ബാധ്യത അവര്‍ക്കുമുണ്ട്. കെപിസിസി അധ്യക്ഷന്റെ ഫോണ്‍ ചോര്‍ത്തി എന്ത് വിവരമാണ് നിങ്ങള്‍ക്ക് എടുക്കാനുള്ളത് എന്ന് ചോദിച്ച് ഉത്തരം വാങ്ങാനുള്ള അവകാശം ഓരോ കോണ്‍ഗ്രസുകാരനുമുണ്ട്; എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുണ്ട്; ഇന്നാട്ടിലെ ഓരോ പൗരനുമുണ്ട്.

യുഡിഎഫിനകത്തെ വഴക്ക് എന്നോ, കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് എന്നോ, കോണ്‍ഗ്രസും സമുദായ സംഘടനകളുമായുള്ള പ്രശ്നമെന്നോ ലളിതവല്‍ക്കരിച്ചു കാണേണ്ട വിഷയമല്ലിത്. അതിനപ്പുറം, ജനാധിപത്യ ധ്വംസനത്തിന്റെയും നിയമലംഘനത്തിന്റെയും സ്വകാര്യതയിലേക്കുള്ള നികൃഷ്ടമായ കടന്നുകയറ്റത്തിന്റെയും അസാമാന്യമായ അധികാര ദുര്‍വിനിയോഗത്തിന്റെയും സ്വഭാവമുള്ള അക്ഷന്തവ്യമായ കുറ്റകൃത്യംതന്നെയാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിക്കും സ്വേച്ഛാനുസൃതം ചാടിക്കാനുള്ള വളര്‍ത്തുമൃഗങ്ങളല്ല കേരളത്തിലെ പൊലീസ്. കോണ്‍ഗ്രസിലെ ചിലരുടെ അടുക്കളപ്പണിക്കുപയോഗിക്കേണ്ടതല്ല പൊലീസിന്റെ സാങ്കേതിക സംവിധാനങ്ങള്‍. പ്രതിപക്ഷകക്ഷികളെ വേട്ടയാടാന്‍ അമ്പരപ്പിക്കുന്ന നുണക്കഥകള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ പൊലീസിനെ കയറൂരിവിട്ട അനുഭവം ഈ ഭരണത്തിലുണ്ടായിട്ടുണ്ട്. "തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധം, പാര്‍ടി കോടതിയുടെ തീര്‍പ്പിന്റെ ഫലമാണ്" എന്ന കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. അതിന്റെ പേരില്‍, സിപിഐ എമ്മിന്റെ ഉന്നത നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാന്‍ തയ്യാറായി. ആ നുണക്കഥ ഇന്ന്് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. പൊലീസ് കെട്ടിച്ചമച്ചതാണ് സാക്ഷികളും മൊഴികളുമെന്ന് കോടതിയില്‍ത്തന്നെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കളുടെ അഴിമതിക്കേസുകളും ക്രിമിനല്‍കേസുകളും "അന്വേഷിച്ച്" കുറ്റവിമുക്തി നേടിക്കൊടുക്കുക എന്ന നാണംകെട്ട പണിയും പൊലീസിനെക്കൊണ്ട് ആവര്‍ത്തിച്ച് ചെയ്യിക്കുന്നു. വര്‍ഗീയകലാപക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കമീഷനെത്തന്നെ പിരിച്ചുവിടാനും ഈ സര്‍ക്കാര്‍ തയ്യാറായി. അതിന്റെയൊക്കെ തുടര്‍ച്ചയാണ്, സ്വന്തം നേതാവിന്റെതന്നെ ഫോണ്‍ചോര്‍ത്തല്‍. ഈ സര്‍ക്കാരില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. ആ ദുര്‍ഗന്ധഭാണ്ഡം ചുമലിലേറ്റുന്ന കോണ്‍ഗ്രസുകാരെയോര്‍ത്ത് ഞങ്ങള്‍ സഹതപിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: