Friday, June 7, 2013

സര്‍ക്കാരിനെ ബാധിച്ചവ്യാധി

പനിയും പകര്‍ച്ചവ്യാധിയും കേരളത്തെ തളര്‍ത്തുമ്പോള്‍ കണക്കുകളില്‍ കൃത്രിമംകാട്ടിയും പരിഹാസ്യ നടപടികളിലൂടെ വാര്‍ത്ത സൃഷ്ടിച്ചും പൊട്ടന്‍കളിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. 15 ലക്ഷത്തോളം പേര്‍ക്ക് പനി ബാധിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ കണക്കില്‍മാത്രം കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ പനി ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. മരണത്തിന്റെ ഔദ്യോഗിക കണക്ക് 40. ആകെ മരണം 100 കടന്നതായാണ് റിപ്പോര്‍ട്ട്. പുറംലോകമറിയാത്ത മരണം വേറെയുമുണ്ട്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ, എലിപ്പനി, എച്ച്1 എന്‍1 തുടങ്ങി പലതരം രോഗങ്ങള്‍ നിയന്ത്രണമില്ലാതെ പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കി ഹെമറേജ് ഫിവര്‍, ഡെങ്കി ഷോക് സിന്‍ഡ്രോം എന്നിവ സംസ്ഥാനത്ത് വ്യാപിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. ഡെങ്കിവൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഡെങ്കി ഹെമറേജ് പനി വ്യാപകമാകുമെന്ന ദേശീയ സാംക്രമികരോഗ നിയന്ത്രണ യൂണിറ്റിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമായാണ് മരണസംഖ്യ ഉയര്‍ന്നത്.

നാട്ടില്‍ ഇതാദ്യമായല്ല പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുന്നത്. കഴിഞ്ഞവര്‍ഷവും പനി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയിരുന്നു. അന്നത്തേതുപോലെ ആരോഗ്യവകുപ്പും സര്‍ക്കാരും ഇത്തവണയും നിസ്സംഗത തുടര്‍ന്നു. മതിയായ ചികിത്സ ഒരുക്കാനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനോ സര്‍ക്കാരിന് കഴിയുന്നില്ല. ജാഗ്രത പുലര്‍ത്താനും കൊതുകിനെ കൊല്ലാനും ഉപദേശം നല്‍കി തടിയൂരുകയാണ് ആരോഗ്യവകുപ്പ്. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുക് ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രമാണ് ആരോഗ്യവകുപ്പ് ചെയ്തത്. ഈ സര്‍ക്കാര്‍ അധികേരത്തിലേറിയതുമുതല്‍ കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മാലിന്യത്തിന്റേതാണ്. സ്വയം മലിനമായ സര്‍ക്കാരിന് നാട്ടിലെ മാലിന്യം നിര്‍മാര്‍ജനംചെയ്യാന്‍ ത്രാണിയില്ല. പനിയുടെ മറവില്‍, മെഡിക്കല്‍കോളേജധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ നടത്തിയ ശ്രമം പുരകത്തുമ്പോള്‍ വാഴവെട്ടുന്നവന്റെ സൂത്രത്തെയാണ് അനാവരണംചെയ്തത്.

പകര്‍ച്ചവ്യാധി ആകസ്മികമായി കടന്നുവന്നതല്ല; പടര്‍ന്നുപിടിക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് മനസ്സിലാക്കി മാലിന്യപ്രശ്നം പരിഹരിക്കാനോ ജനങ്ങളുടെ ദുരിതം മുന്‍കൂട്ടി കാണാനോ മഴയ്ക്കുമുമ്പ് അവശ്യംവേണ്ട പ്രതിരോധനടപടി സ്വീകരിക്കാനോ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായില്ല. അധികാരം പങ്കിടുന്നതിന്റെയും പിടിച്ചെടുക്കുന്നതിന്റെയും തര്‍ക്കത്തിനും തിരക്കിനുമിടയില്‍ യുഡിഎഫ് പനിയും കാണുന്നില്ല; ജനങ്ങളെയും കാണുന്നില്ല. ആ അക്ഷന്തവ്യമായ നിരുത്തരവാദിത്തത്തിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ പനിമരണങ്ങള്‍ മനുഷ്യഹത്യയോളം ഗൗരവമുള്ളതാണ്. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല, നേഴ്സുമാരില്ല, മരുന്നുമില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. പ്രതിരോധപ്രവര്‍ത്തനം ഫലപ്രദമായി ഏറ്റെടുക്കാനുള്ള സൗകര്യം ആരോഗ്യവകുപ്പിനേക്കാള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. വിവിധ വകുപ്പുകളുടെ ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് കഴിയുക. ഫോഗിങ്, ഉറവിട കൊതുകു നശീകരണം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് മെച്ചപ്പെട്ട ഭൗതികസാഹചര്യമുള്ളത്. ഏത് മേഖലയിലാണ് രോഗം പ്രത്യക്ഷപ്പെടുന്നതെന്ന് നിരന്തരം നിരീക്ഷിക്കാനാവുന്നതിനാല്‍ രോഗത്തിന്റെ വ്യാപനം തടയാനുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി ഏറ്റെടുക്കാനാകും. ഇത് മനസ്സിലാക്കിത്തന്നെയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങളെ ഈ രംഗത്ത് ഫലപ്രദമായി ഇടപെടുവിച്ചത്.

ആരോഗ്യമേഖലയിലും ശുചീകരണരംഗത്തും അന്ന് തദ്ദേശസ്ഥാപനങ്ങള്‍ നല്ല ഇടപെടലാണ് നടത്തിയത്. എന്നാല്‍, ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാകെ അവതാളത്തിലായി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം നല്‍കാത്തതുമൂലം അവര്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് ഒരു വയസ്സുമുതലുള്ളവര്‍ക്ക് ഡെങ്കിപ്പനി ബാധയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനുള്ള സൗകര്യമില്ല. രോഗം വഷളാകുമ്പോള്‍ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണ്. സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍നിന്നുപോലും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ രോഗി മരണപ്പെട്ടാല്‍ സ്ഥാപനത്തിന് ദോഷകരമായി ബാധിക്കുമെന്ന ഭയത്താലാണ് ഈ നടപടി. ഇതുമൂലം പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും നക്ഷത്രപദവിയുള്ള സ്വകാര്യ ആശുപത്രികളിലും രോഗികളുടെ തള്ളിക്കയറ്റമാണ്. ചികിത്സ ലഭ്യമാക്കാനാകാതെ അത്യാവശ്യം മരുന്ന് നല്‍കി മടക്കുന്നവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ മടങ്ങിയെത്തുന്നു. സ്വകാര്യ ആശുപത്രികള്‍ പകര്‍ച്ചവ്യാധികളുടെ മറവില്‍ രോഗികളെ പിഴിയുന്നതായും ആക്ഷേപമുണ്ട്. ഇതൊന്നും ശ്രദ്ധിക്കാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല. 80 പനിമരണങ്ങളുടെ വാര്‍ത്ത വന്നപ്പോഴാണ്, ഒരു യോഗം വിളിച്ച് ഇടപെട്ടുകളയാമെന്ന് സര്‍ക്കാരിന് തോന്നിയതുതന്നെ.

പനി അനിയന്ത്രിമായി പടര്‍ന്നുപിടിച്ച വേളയില്‍ ആരോഗ്യമന്ത്രി തീര്‍ഥാടനത്തിലായിരുന്നു. തിരികെ വന്ന് അവലോകനയോഗങ്ങള്‍ നടത്തി പാരസിറ്റമോള്‍ വാങ്ങാന്‍പോലും തികയാത്ത പണം അനുവദിച്ചെന്നല്ലാതെ ഗുണംചെയ്യുന്ന ഇടപെടല്‍ നടത്താന്‍ വകുപ്പിനും മന്ത്രിക്കും കഴിഞ്ഞില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ഏകീകരിക്കേണ്ട മുഖ്യമന്ത്രി മറ്റൊരു വഴിക്കാണ്. ഭരണം നയിക്കുന്നവര്‍ക്ക് മനസ്സിലാണ് പകര്‍ച്ചവ്യാധി ബാധിച്ചിരിക്കുന്നത്.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: