Tuesday, June 25, 2013

ദാ, ദത്തുക്ക്

ആദ്യ മലയാളം-മലയാളം ഓണ്‍ലൈന്‍ നിഘണ്ടു ഇന്റര്‍നെറ്റിലെത്തി. മലയാളത്തിന്റെ ‘ശ്രേഷ്ഠ ‘ ദിനങ്ങളില്‍ അത് സാധ്യമാക്കിയത് വിശ്രമം ഉപേക്ഷിച്ച് ആ നിഘണ്ടു മുഴുവന്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത ഒരു എണ്‍പത്തിമൂന്നുകാരനാണ്.മലേഷ്യയില്‍ പ്രവാസി ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ആ ഭാഷാസ്നേഹിയെപ്പറ്റി...
 
"ദത്തുക്ക്" മലായ് വാക്കാണ്. തലവന്‍ എന്നര്‍ഥം. എന്നാല്‍, "ദ ദത്തുക്ക് കോര്‍പ്പസ്" (ദത്തുക്ക് പദപ്പെട്ടി) ഇന്റര്‍നെറ്റില്‍ പുതുതായെത്തിയ മലയാളം-മലയാളം നിഘണ്ടുവിന്റെ പേരാണ്. മലായ് യിലെ ദത്തുക്കും മലയാളവും തമ്മിലെന്ത് എന്ന അന്വേഷണം അവസാനിക്കുക മലേഷ്യയില്‍ പ്രവാസി ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട കുമ്പളങ്ങിക്കാരന്‍ കെ ജെ ജോസഫിലാണ്.

മലേഷ്യന്‍ സര്‍ക്കാര്‍ ആദരവോടെ നല്‍കുന്ന ബഹുമതികളിലൊന്നു കൂടിയാണ് "ദത്തുക്ക്". ഇന്ത്യയിലെ പത്മഭൂഷണ്‍പോലെ ഒരു പദവി. മലേഷ്യന്‍ സര്‍ക്കാര്‍ "ദത്തുക്ക്" പദവി നല്‍കി ആദരിച്ച കെ ജെ ജോസഫിന്റെ ആറുവര്‍ഷം നീണ്ട അധ്വാനമാണ് മലയാളിക്ക് ആദ്യത്തെ ഓണ്‍ലൈന്‍ നിഘണ്ടു സമ്മാനിച്ചത്. എണ്‍പത്തിമൂവായിരത്തിലധികം വാക്കുകളും അവയുടെ ഒരു ലക്ഷത്തിലേറെ വിശദീകരണങ്ങളുമായി ഈ അമൂല്യ പദശേഖരം ഇന്ന് മലയാളിയുടെ വിരല്‍തുമ്പിലുണ്ട്.

1996ലാണ് ടൈപ്പ്റൈറ്റിങ് പരിശീലനംപോലുമില്ലാത്ത ജോസഫേട്ടന്‍ തന്റെ അറുപത്താറാം വയസ്സില്‍ ഈ പ്രയത്നം തുടങ്ങിയത്. രണ്ടുകൈയിലെയും ഒന്നോ രണ്ടോ വിരലുകള്‍ ഉപയോഗിച്ചുള്ള ടൈപ്പിങ് ദിവസവും മണിക്കൂറുകള്‍ നീണ്ടു.

"അന്ന് നാലുമണിക്കൂര്‍മതി എനിക്കുറക്കം. ബാക്കി നേരം കംപ്യൂട്ടറിലിരുന്ന് വാക്കുകള്‍ അടിക്കും. ഒരിക്കല്‍ നാട്ടില്‍പോയി വരുമ്പോള്‍ കൈയില്‍പ്പെട്ട കേരള ഭാഷാനിഘണ്ടുവായിരുന്നു ആധാരം"- മലേഷ്യയിലെ സാബായില്‍നിന്ന് ടെലിഫോണില്‍ നല്‍കിയ അഭിമുഖത്തില്‍ ജോസഫേട്ടന്‍ പറഞ്ഞു.

അടിച്ച വാക്കുകള്‍ വീട്ടിലെ മൂന്നു കംപ്യൂട്ടറുകളിലായി സൂക്ഷിച്ചു. കംപ്യൂട്ടര്‍ കീബോര്‍ഡില്‍ മലയാളം വിരല്‍കുത്തി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്ന് ലഭ്യമായ മാധുരി സോഫ്റ്റ്വെയറാണ് ഉപയോഗിച്ചത്. ആദ്യ മലയാളം ഫോണ്ടുകളിലൊന്നായ കേരളൈറ്റായിരുന്നു ഫോണ്ട്. ""പാഴ്വേല എന്നു കരുതി പലവട്ടം ഉപേക്ഷിച്ചു. അപ്പോഴൊക്കെ തുടരാന്‍ ബലം തന്നത് വിശ്വമാണ്. എന്നെങ്കിലും പ്രയോജനപ്പെടുമെന്ന് വിശ്വം പറഞ്ഞുകൊണ്ടേയിരുന്നു""- ജോസഫേട്ടന്‍ അനുസ്മരിച്ചു. ഇന്റര്‍നെറ്റിലെ മലയാളം കൂട്ടായ്മകളിലെ സജീവസാന്നിധ്യമായ വിശ്വനാഥന്‍ പ്രഭാകരന്‍ എന്ന വിശ്വപ്രഭയെപ്പറ്റിയാണ് ജോസഫേട്ടന്‍ പറയുന്നത്. കുവൈത്തില്‍ ബയോമെഡിക്കല്‍ എന്‍ജിനിയറായിരുന്ന അദ്ദേഹം ജോലിവിട്ട് വന്ന് മലയാളം വിക്കിപീഡിയ വളര്‍ത്തിയെടുക്കുന്ന പരിശ്രമവുമായി ഇപ്പോള്‍ തൃശൂരിലെ പാലയ്ക്കലാണ് താമസം. ജോസഫേട്ടന്റെ അധ്വാനം ഇപ്പോഴെങ്കിലും ആദരിക്കപ്പെടുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നവരിലൊരാള്‍ അദ്ദേഹമാണ്.

1996ല്‍ ആരംഭിച്ച, ഇന്റര്‍നെറ്റിലെ ആദ്യ മലയാള സൈറ്റുകളിലൊന്നായ kerala.com ന്റെ "ആല്‍ത്തറ" എന്ന അതിഥി പുസ്തകത്തിലാണ് ജോസഫേട്ടനെ വിശ്വം പരിചയപ്പെടുന്നത്. അന്ന് മലയാളകൃതികളുടെ ഒരു സഞ്ചയിക നിര്‍മിക്കാനും ശ്രമം നടന്നിരുന്നു. പലരും പലതും ടൈപ്പ് ചെയ്ത് ചേര്‍ത്തപ്പോള്‍ ജോസഫേട്ടന്‍ ചങ്ങമ്പുഴയുടെ രമണന്‍ അടിച്ചുചേര്‍ത്തു. പിന്നീട് ചങ്ങമ്പുഴയുടെ ഏറെക്കുറെ എല്ലാ കൃതികളും കംപ്യൂട്ടറിലാക്കി. ഇതിനിടെയാണ് ജോസഫേട്ടന്‍ നിഘണ്ടു ടൈപ്പ് ചെയ്യുന്നതായി വിശ്വം അറിയുന്നത്. അത് തുടരാന്‍ വിശ്വം പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. 2006ല്‍ 72-ാം വയസ്സില്‍ എണ്‍പത്തിമൂവായിരത്തിലധികം വാക്കും അവയുടെ വിശദീകരണങ്ങളും ജോസഫേട്ടന്‍ പൂര്‍ത്തിയാക്കി.

ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ്- മലയാളം നിഘണ്ടുവായ "ഓളം" സൈറ്റില്‍ (www.olam.in) ഈ നിഘണ്ടു ഇന്നുണ്ട്.
   
"ദ ദത്തുക്ക് കോര്‍പ്പസ്" എന്ന് പേരിട്ട ഈ ഇന്റര്‍നെറ്റ് നിഘണ്ടു ആര്‍ക്കും ഉപയോഗിക്കാം.ജോസഫേട്ടന്‍ ടൈപ്പ് ചെയ്ത് കയറ്റിയ വിവരങ്ങള്‍ വരമൊഴി യാഹുഗ്രൂപ്പിലും മലയാള വിക്കിനിഘണ്ടു (http://ml.wiktionary.org )വിലും മുമ്പുതന്നെ ഉള്‍പ്പെടുത്തിയിരുന്നു. വിശ്വപ്രഭ ഉള്‍പ്പെടെയുള്ള വിക്കി പ്രവര്‍ത്തകരുടെ ശ്രമഫലമായിട്ടായിരുന്നു അത്. എന്നാല്‍, ഈ വിവരശേഖരം മുഴുവന്‍ യൂണികോഡിലാക്കി ഓണ്‍ലൈന്‍ ഡിക് ഷണറിയാക്കുകയാണ് ഓളത്തിന്റെ തുടക്കക്കാരനായ കൈലാസ് നാഥ് ചെയ്തത്. ഇതിനൊപ്പം അദ്ദേഹം നിഘണ്ടു കൂടുതല്‍ ചിട്ടപ്പെടുത്തുകയും ചെറിയ പിശകുകള്‍ തിരുത്തുകയുംചെയ്തു.

ഭാര്യ കൊല്ലം മയ്യനാട് സ്വദേശി റീത്താമ്മ ജോസഫിന്റെ അപ്പൂപ്പന്‍ ജോസഫ് വക്കീല്‍ രചിച്ച "ലോക പരിഷ്കാരം" എന്ന പുസ്തകമാണ് ജോസഫേട്ടന്‍ വീട്ടിലിരുന്ന് ആദ്യം മലയാളത്തില്‍ കംപ്യൂട്ടറില്‍ ചേര്‍ത്തത്. പിന്നീട് കുമാരനാശാന്റെ കൃതികളില്‍ ചിലതും. മലയാളത്തിലെ അലങ്കാരം, വൃത്തം, വ്യാകരണം, പഴഞ്ചൊല്ലുകള്‍ എന്നിവയിലായി പിന്നീട് ശ്രദ്ധ. ഒടുവില്‍ നിഘണ്ടുവിലേക്ക് തിരിഞ്ഞു. പിന്നെ ആറുകൊല്ലം തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ട ടൈപ്പിങ്. ""ഭാഷയോടുള്ള സ്നേഹം മാത്രമായിരുന്നു പ്രേരണ. ഒട്ടേറെ സന്നദ്ധസംഘടനകളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നെങ്കിലും സ്ഥിരം ജോലിയില്‍നിന്ന് വിരമിച്ചതിനാല്‍ മുമ്പത്തേക്കാള്‍ സമയം കിട്ടിയിരുന്നു. കിട്ടിയ സമയം മുഴുവന്‍ നിഘണ്ടു ടൈപ്പ്ചെയ്യാനായി നീക്കിവയ്ക്കുകയായിരുന്നു"" - ജോസഫേട്ടന്‍ വിശദീകരിച്ചു.

അമ്മ ത്രേസ്യാജോസഫിന്റെ ജന്മനാടായ എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ 1930 മെയ് 13നാണ് കെ ജെ ജോസഫ് ജനിച്ചത്. അച്ഛന്‍ ആലപ്പുഴ പൂങ്കാവ് സ്വദേശി സി ജെ ജോസഫ് അന്ന് അവിടെ അധ്യാപകനായിരുന്നു. മഹാരാജാസ് കോളേജിലായിരുന്നു പഠനം. ബിരുദമെടുത്തശേഷം 1953ല്‍ എടവനക്കാട് സ്കൂളില്‍ അധ്യാപകനായി. അമേച്വര്‍ റേഡിയോ പ്രസ്ഥാനമായ ഹാമിന്റെ കേരളത്തിലെ തുടക്കക്കാരില്‍ ഒരാളുമായിരുന്നു അദ്ദേഹം. 1959 ജൂണില്‍ അധ്യാപകനായി മലേഷ്യയിലേക്ക് പോയി.

മലേഷ്യയിലെ സാബായിലെ ലാ സാലേ സ്കൂളിലായിരുന്നു തുടക്കം. അടുത്തവര്‍ഷം സാബാ ടീച്ചേഴ്സ് യൂണിയന്‍ സ്ഥാപിച്ച് അതിന്റെ ആദ്യ സെക്രട്ടറിയായി. പിന്നീട് സര്‍ക്കാര്‍ സര്‍വീസിലായി. എഡ്യൂക്കേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. സാബാ കപ്പല്‍ശാലയുടെ ഡയറക്ടറായി 1985ല്‍ നിയമിതനായി. 86ല്‍ കപ്പല്‍ശാലാ ചെയര്‍മാനായി. ക്യാന്‍സര്‍ സൊസൈറ്റി, മെന്റല്‍ ഹെല്‍ത്ത് അസോസിയേഷന്‍, ടിബി അസോസിയേഷന്‍ തുടങ്ങിവയിലൊക്കെ ഭാരവാഹിത്വം വഹിച്ച ജോസഫ് പല സംഘടനകളിലൂടെയും ഇപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ദത്തുക്ക് ബഹുമതിക്കു പുറമെ മറ്റു പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് മലയാളം കൂട്ടായ്മകളില്‍ 2008നുശേഷം അത്ര സജീവമല്ല ജോസഫേട്ടന്‍. 2006ല്‍ നിഘണ്ടു പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് അധികം ഇന്റര്‍നെറ്റ് ചലനങ്ങളില്‍ ഇടപെട്ടിരുന്നില്ല. മറ്റു രംഗങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. മലയാളത്തിന്റെ ശ്രേഷ്ഠഭാഷാ പദവിക്കൊപ്പം തന്റെ പ്രയത്നവും പ്രയോജനപ്പെട്ടതിലെ സന്തോഷം ജോസഫ് ചേട്ടന്‍ പങ്കുവച്ചു. "കുറെക്കൂടി ചെയ്യാമായിരുന്നു എന്ന തോന്നലാണിപ്പോഴും. ആറുവര്‍ഷത്തെ പ്രയത്നം വെറുതെയായില്ല എന്ന അറിവ് ഏറെ ആഹ്ലാദിപ്പിക്കുന്നു. ഇനിയും ചെയ്യാനാകുന്നത് ഭാഷയ്ക്കായി ചെയ്യും" - അദ്ദേഹം ഉറപ്പു പറയുന്നു. സാബായിലെ കോട്ടാ കിനാബലുവില്‍ ഭാര്യക്കൊപ്പമാണ് എണ്‍പത്തിമൂന്നാം വയസ്സിലെത്തിയ ജോസഫേട്ടന്റെ വിശ്രമമില്ലാത്ത ജീവിതം. മക്കള്‍ പ്രേം എഡ്വിന്‍ ജോസഫും പ്രീതി ട്രീസാ ജോസഫും സാലി മേരി ജോസഫും അമേരിക്കയിലാണ്.

*
സി ശ്രീകുമാര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

2 comments:

ajith said...

ആദരവും നന്ദിയും അര്‍പ്പിക്കുന്നു

വിചാരശൂന്യം said...

നന്ദിയോടെ, അത്ഭുങ്ങളോടെ ഈ ധിഷണാശാലിയെ പരിശ്രമശാലിയെ നമിക്കുന്നു, പ്രേരണയും പിന്തുണയും നൽകിയ വിശ്വം സാറിനും നമസ്കാരം.
-ശിവൻ കൊട്ടിയൂർ