Saturday, June 22, 2013

സൂചിമുന മുഖ്യമന്ത്രിയിലേക്ക്

തെളിവുകളുടെ പത്മവ്യൂഹം

പേഴ്സണല്‍ സ്റ്റാഫിലെ ആരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടരെ കൈക്കൊണ്ടത്. സ്റ്റാഫിനെ ബലിയാടാക്കി ഞാന്‍ രക്ഷപ്പെടില്ലെന്ന് ആദ്യം പറഞ്ഞു. (ഇതു പറയുമ്പോഴും പി സി ജോര്‍ജ് ഇവരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ കാര്യം മുഖ്യമന്ത്രിക്കറിവുള്ളതായിരുന്നു എന്നോര്‍ക്കണം). ഏറ്റവുമൊടുവില്‍ പറയുന്നത് ഫോണ്‍ ചെയ്യുന്നതുകൊണ്ടാരും കുറ്റവാളിയാകില്ല എന്നാണ്. (ഇവരുടെ ഫോണ്‍ വിളികള്‍ സ്ഥിരീകരിക്കുന്ന സെന്‍കുമാര്‍ റിപ്പോര്‍ട്ട് വായിച്ചശേഷമാണിത് എന്നതും ഓര്‍ക്കണം).

ഫോണ്‍ ചെയ്തതുകൊണ്ടാരും കുറ്റവാളിയാകില്ല എന്നാണെങ്കില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ കുരുക്കിയിടാന്‍ ഫോണ്‍ വിളിച്ചയാളെ ഫോണ്‍ വിളിച്ചതാര് എന്ന മട്ടില്‍ അന്വേഷിച്ചുപോയതെന്തിന്? അവിടെ ഒരു നീതി. ഇവിടെ മറ്റൊരു നീതി! തെറ്റുചെയ്താല്‍ സാധാരണ പുറത്താക്കുകയാണ് ചെയ്യുക. ഇവിടെ കുറ്റക്കാരായ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റിനിര്‍ത്തലേയുള്ളൂ എന്നതും മുഖ്യമന്ത്രിയുടെ സംരക്ഷണവ്യഗ്രതയ്ക്ക് തെളിവാകുന്നുണ്ട്. ഇവരെല്ലാം പുണ്യവാളന്മാരാണെങ്കില്‍, തന്റെ ഓഫീസിന് വീഴ്ചപറ്റി എന്നും തന്റെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടെന്നും ഇടവേളയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെന്താ അര്‍ഥം? മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടെങ്കില്‍ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ് അതിനുത്തരവാദി? അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരാണ്? തന്റെ സ്റ്റാഫ് ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എങ്കില്‍പ്പിന്നെ അതില്‍ ചിലരെ മാറ്റിനിര്‍ത്തിയതെന്തിനാണ്? സ്റ്റാഫ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നത് ആരെക്കുറിച്ചാണ്. സ്വന്തം കൃത്യത്തെക്കുറിച്ചുതന്നെയാണോ? മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹം അറിയാതെ പേഴ്സണല്‍ സ്റ്റാഫ് ദുരുപയോഗിക്കുകയായിരുന്നെങ്കില്‍ അവരെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കേണ്ടതല്ലേ മുഖ്യമന്ത്രി. സരിതയുമായുള്ള ബന്ധം എഡിജിപിയുടെ റിപ്പോര്‍ട്ടുപ്രകാരം സ്ഥിരീകരിക്കപ്പെട്ടിട്ട് നിരവധി ദിവസങ്ങളായി. പൊലീസ് അവരെ ഒന്ന് ചോദ്യം ചെയ്തിട്ടുപോലുമില്ല. ഫോണ്‍ചെയ്യല്‍ കുറ്റമല്ല എന്നുള്ള മുഖ്യമന്ത്രിയുടെ പുതിയ നിലപാട് അന്വേഷണത്തിലടപെടുംവിധം മുഖ്യമന്ത്രി പൊലീസിനു നല്‍കുന്ന സന്ദേശംതന്നെയാണെന്ന് വ്യക്തം. തന്റെ ഓഫീസില്‍നിന്ന് ലറ്റര്‍ഹെഡ്ഡില്‍ ശുപാര്‍ശക്കത്തുപോയിട്ടില്ല എന്ന് കഴിഞ്ഞയാഴ്ചത്തെ ക്യാബിനറ്റ് ബ്രീഫിങ്ങില്‍ പറഞ്ഞ മുഖ്യമന്ത്രി ഈ ആഴ്ചത്തെ ക്യാബിനറ്റ് ബ്രീഫിങ് ആയപ്പോള്‍, എന്റെ കസേരയില്‍വരെ ഒരാള്‍ കയറിയിരുന്നിട്ടില്ലേ എന്ന മുന്‍കൂര്‍ ജാമ്യത്തിലേക്ക് മാറുന്നതാണ് കണ്ടത്.

ഇതിനിടെ സംഭവിച്ചത് ഒരേ ഒരു കാര്യംമാത്രം. മുഖ്യമന്ത്രിയുടെ ലെറ്റര്‍ഹെഡ്ഡില്‍ കൈയൊപ്പോടെയുള്ള ശുപാര്‍ശക്കത്തുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആ കത്ത് കാണിച്ചാല്‍ മറുപടി പറയാമെന്ന് മുഖ്യമന്ത്രി. പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നത് ആ മറുപടിയല്ല; മറിച്ച് അങ്ങനെ ഒരു കത്തും താന്‍ കൊടുത്തിട്ടില്ല എന്ന സ്ഥിരീകരണമാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് അതിന് കഴിയുന്നില്ല. (ഇനി പൊലീസ് റെയ്ഡുകളില്‍ ആ കത്തുകള്‍ ആവിയായിപ്പോയിട്ടുള്ളതായി മുഖ്യമന്ത്രിക്ക് ഉറപ്പുണ്ടോ ആവോ!) ഭരണരാഷ്ട്രീയമുപയോഗിച്ച് "ടീം സോളാര്‍" എന്ന വിവാദകമ്പനി പലരെയും തട്ടിപ്പിനായി സമീപിച്ച അതേഘട്ടത്തില്‍ത്തന്നെ 1500 ചതുരശ്രയടി വിസ്തീര്‍ണമുള്ള എല്ലാ വീടുകളിലും സോളാര്‍ പാനല്‍ നിര്‍ബന്ധിതമാക്കുന്ന ഉത്തരവ് തിരക്കിട്ട് സര്‍ക്കാരില്‍നിന്നിറക്കിയതെങ്ങനെ എന്നതും മുഖ്യമന്ത്രി വിശദീകരിക്കേണ്ട കാര്യമാണ്.

അനര്‍ട്ട് അംഗീകാരം നിഷേധിച്ച തട്ടിപ്പുകമ്പനിയുടെ ലോഗോ സര്‍ക്കാര്‍ മുഖപത്രമായ ജനപഥത്തില്‍ വന്നതെങ്ങനെയെന്നതും വിശദമാക്കേണ്ടതുണ്ട്. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ടോട്ടല്‍ തട്ടിപ്പിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്. കേരളത്തില്‍ തട്ടിപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, സോളാര്‍ തട്ടിപ്പിലെ പ്രത്യേകത, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തിലും ആസൂത്രണത്തിലുമായിരുന്നു ഇത് എന്നതാണ്. അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന് സമാനത ചരിത്രത്തിലെവിടെയുമില്ല. തന്റെ ഗണ്‍മാനും പേഴ്സണല്‍ സ്റ്റാഫും വിശ്വസ്ത സന്തതസഹചാരിയുമൊക്കെ ഇതില്‍ എങ്ങനെ ഒരുമിച്ചു. ആരാണ് ഈ പല ഘടകങ്ങളെയാകെ ഏകോപിപ്പിച്ചത്!

എന്തിനാണ് തട്ടിപ്പുസംഘത്തലവനുമായി തിരക്കേറിയ മുഖ്യമന്ത്രി ഒരുമണിക്കൂര്‍ ചര്‍ച്ച നടത്തിയത്? മകന്‍ ചാണ്ടി ഉമ്മന്റെ സൗഹൃദത്തിലും തന്റെ സഹചാരിത്വത്തിലുമായ ചുരുങ്ങിയ നാള്‍കൊണ്ട് എങ്ങനെയാണ് കുരുവിള നിസ്വതയില്‍നിന്ന് കോടീശ്വരത്വത്തിലേക്കുയര്‍ന്നത്? ആരുടെ ബിനാമിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനും ടീം സോളാറിനും ഇടയില്‍ കണ്ണിയായി നിന്ന അയാള്‍? ഈ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. ടീം സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായി തെറ്റിദ്ധരിപ്പിച്ചുകൂടി ജനങ്ങളെ വഞ്ചിച്ചു. ആ വേളയില്‍ കിട്ടിയത് വണ്ടിച്ചെക്കാണെന്ന് മുഖ്യമന്ത്രി ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. എന്നാല്‍, അത് തെളിഞ്ഞുകഴിഞ്ഞശേഷവും വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് കമ്പനിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്താണ്? കള്ളക്കമ്പനിക്ക് വിശ്വാസ്യതയുണ്ടാക്കാനുദ്ദേശിക്കപ്പെട്ട കപടനാടകത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയായിരുന്നെന്ന് ആരോപണമുണ്ടായാല്‍ മുഖ്യമന്ത്രിക്കെന്ത് മറുപടിയുണ്ടാകും പറയാന്‍?

ഇത്തരം അസൗകര്യകരങ്ങളെങ്കിലും അനിവാര്യങ്ങളായ ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരം തേടാനോ എഡിജിപിക്ക് കഴിയില്ല. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുപറയുന്നത്. അതറിയുന്നതുകൊണ്ടുതന്നെയാണ് അത് സാധ്യമല്ല എന്നു മുഖ്യമന്ത്രി പറയുന്നതും. താന്‍ സ്വീകരിച്ച ഏതെങ്കിലും നടപടി പ്രതിയെ സഹായിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വണ്ടിചെക്ക് നാടകത്തിന് നിന്നുകൊടുത്തതടക്കം മുകളില്‍ പറഞ്ഞ ഓരോ നടപടിയും പ്രതിക്കല്ലാതെ മറ്റാര്‍ക്കാണ് സഹായകമായത്? മുഖ്യമന്ത്രി ഇതിന്റെയൊക്കെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? കെ കരുണാകരന്‍മുതല്‍ പവന്‍കുമാര്‍ ബന്‍സല്‍വരെയുള്ളവര്‍ എന്ത് വിഡ്ഢികള്‍? ചാരക്കേസ് ഉയര്‍ന്നുവന്നപ്പോള്‍ കരുണാകരന്‍ രാജിവച്ചു. മരുമകന്‍ കോഴ വാങ്ങിയതായി വന്നപ്പോള്‍ ബന്‍സല്‍ രാജിവച്ചു. "രാജിയില്ല, ജുഡീഷ്യല്‍ അന്വേഷണവുമില്ല" എന്ന് ഇന്നത്തെ ഉമ്മന്‍ചാണ്ടിയെപ്പോലെ പറഞ്ഞാല്‍ മതിയായിരുന്നല്ലോ അവര്‍ക്കും. അതെ, ഉമ്മന്‍ചാണ്ടിയുടെ അളവുകോല്‍ വച്ച് അളന്നാല്‍ അവര്‍ വിഡ്ഢികള്‍തന്നെയാണ്. (അവസാനിച്ചു)

*
പ്രഭാവര്‍മ ദേശാഭിമാനി

No comments: