Tuesday, June 4, 2013

സമുദായ പ്രീണനവും പാപ്പരത്തവും

മൂന്നാം വര്‍ഷത്തിലേക്കു നീങ്ങുന്ന യുഡിഎഫ് സര്‍ക്കാരിനുവേണ്ടി പൊതുസമ്പര്‍ക്കവകുപ്പ് പുറത്തിറക്കിയിരിക്കുന്ന കുറേ പരസ്യങ്ങളുണ്ട്. സ്മാര്‍ട്ട്സിറ്റി, സൈബര്‍പാര്‍ക്ക്, എമര്‍ജിങ് കേരള. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കുള്ള യുഎന്‍ അംഗീകാരം തുടങ്ങി നിരവധി കാര്യങ്ങള്‍ പരസ്യങ്ങളിലുണ്ട്. അവയില്‍ ഒരു പരസ്യം ശ്രദ്ധേയമാണ്. നിരത്തുവക്കില്‍ തളര്‍ന്നുനില്‍ക്കുന്ന ഒരു വൃദ്ധനെ ഒരു ചെറുപ്പക്കാരന്‍ കണ്ടുമുട്ടുന്നു. പലതരത്തിലുള്ള "പേപ്പറു"കള്‍ ശരിയാക്കാന്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ കയറിയിറങ്ങി തളര്‍ന്നുപോയതാണെന്ന് വൃദ്ധന്‍ പറയുമ്പോള്‍ യുവാവ് പ്രതികരിക്കുന്നതിങ്ങനെയാണ്. ""എല്ലാ പേപ്പറും ശരിയാക്കാന്‍ അക്ഷയാ സെന്ററില്‍ പോയാല്‍ മതി"". ഈ സംഭാഷണം കഴിഞ്ഞ രണ്ടു വര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സംഗ്രഹിക്കുന്നുണ്ട്. ഔപചാരിക ഗവണ്‍മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യമായൊന്നും നടക്കുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ തീറെഴുതിയിരിക്കുന്നത് അക്ഷയപോലുള്ള കമീഷന്‍ ഏജന്‍സികള്‍ക്കാണ്. യഥാര്‍ഥ ഗവണ്‍മെന്റിന്റെ ജനസേവനം അവതാളത്തിലാകുമ്പോള്‍ മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്ക പരിപാടികളും ""അദാലത്തു""കളും നടത്തേണ്ടിവരുന്നു. വ്യക്തമായ നിയമങ്ങളുടെയും ഗവണ്‍മെന്റ് ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ നിത്യപ്രവര്‍ത്തനംപോലും ഒന്നുകില്‍ രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കുന്നു. അല്ലെങ്കില്‍ ലാഭാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കരാര്‍ ഏജന്‍സികള്‍ക്ക് കൈമാറുന്നു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ഔട്ട്സോഴ്സ് ചെയ്യുകയും എന്ന ഉദാരവല്‍ക്കരണതന്ത്രത്തിന്റെ നല്ലൊരുദാഹരണമാണിത്. ഇതുതന്നെയാണ് യുഡിഎഫ് സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി പൊതുമേഖലാസ്ഥാപനങ്ങളെ പുനര്‍ജീവിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. അവയെക്കുറിച്ചൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല. അക്കാലത്തു സ്ഥാപിക്കപ്പെട്ട ഇന്‍കെല്‍ എന്ന സ്ഥാപനം മാത്രമാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. കേരളത്തിനകത്തുള്ളവരും പ്രവാസികളുമായ സംരംഭകരുടെ മൂലധനം ഉപയോഗിക്കാനുള്ള സംവിധാനം എന്ന നിലയിലാണ് ഇന്‍കെല്‍ വിഭാവനംചെയ്തത്. ഈയിടെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ എമര്‍ജിങ് കേരള എന്ന ""സംരംഭക"" മാമാങ്കത്തിന്റെ പ്രധാന ചുക്കാന്‍ ഇന്‍കെലായിരുന്നു. ഇന്‍കെലിലൂടെയും മറ്റു രീതികളിലൂടെയും എമര്‍ജിങ് കേരളയില്‍ വന്ന പ്രോജക്ടുകള്‍ ടൂറിസം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗതാഗതം (മെട്രോ, മോണോറെയില്‍, അതിവേഗ റെയില്‍ തുടങ്ങിയവ) തുടങ്ങിയവയിലായിരുന്നു. ഇന്‍കെല്‍ വഴിതന്നെ വന്ന പ്രോജക്ടുകളില്‍ ചിലത് പ്രകടമായ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളോടു കൂടിയായിരുന്നതുകൊണ്ട് അവ എമര്‍ജിങ് കേരളക്കു മുമ്പുതന്നെപിന്‍വലിക്കേണ്ടിവന്നു. മറ്റുള്ളവയിലെല്ലാം റിയല്‍ എസ്റ്റേറ്റ് സ്വാധീനം പ്രകടമാണ്. ഒരു പ്രോജക്ട് നടന്നാലും ഇല്ലെങ്കിലും അതിലൂടെ വന്‍തോതില്‍ ഭൂമി മറിച്ചുവില്‍ക്കാന്‍ കഴിയണമെന്നതിലാണ് പ്രധാന താല്‍പര്യം. കേരളത്തിലെ പ്രമുഖ ബിസിനസ്സുകാരെല്ലാം വിവിധ തരത്തിലുള്ള റിയല്‍എസ്റ്റേറ്റ് ""ഡെവലപ്പര്‍""മാരാകുമ്പോള്‍ അങ്ങനെയല്ലേ സംഭവിക്കുകയുള്ളു. ഏതായാലും വ്യവസായമന്ത്രി അവകാശപ്പെടുന്നത് എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച പ്രോജക്ടുകളില്‍ 37 ശതമാനം നടപ്പിലാക്കിത്തുടങ്ങിയെന്നാണ്. ഏതെല്ലാമാണ് അവ എന്ന് വ്യക്തമല്ല. മെട്രോയും മോണോറെയിലും അതിവേഗ റെയില്‍പാതക്കുള്ള സ്ഥലമെടുപ്പും പാണക്കാട്ടുള്ള "എഡു സിറ്റിയും"" അലിഗഢ് ക്യാമ്പസുമെല്ലാം അതില്‍ പെടുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം പ്രോജക്ടുകള്‍ക്കും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ""വികസന"" സങ്കല്‍പത്തിനും നിരവധി വൈചിത്ര്യങ്ങളുണ്ട്. കൃഷിക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും ആധുനിക ഉല്‍പാദനസ്വഭാവമുള്ള വ്യവസായങ്ങള്‍ക്കും ഒരു പ്രാധാന്യവുമില്ല.

എമര്‍ജിങ് കേരളയില്‍ നിര്‍ദേശിക്കപ്പെട്ടതെല്ലാം സര്‍വീസ് വ്യവസായങ്ങളാണ്. വിദ്യാഭ്യാസവും ആരോഗ്യവുമടങ്ങുന്ന സേവനപ്രവര്‍ത്തനങ്ങളെല്ലാം ലാഭാധിഷ്ഠിതമായിരിക്കണമെന്ന് 12-ാം പദ്ധതി സമീപനരേഖ തന്നെ നിര്‍ദേശിക്കുന്നുണ്ട്. സമീപന രേഖയിലെ ഈ നിര്‍ദേശം ""കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി"" എന്ന നിലയില്‍ അതിവേഗത്തിലും ""ബഹുദൂര"ത്തിലും നടപ്പിലാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍. കേന്ദ്രഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ അവകാശനിയമമുപയോഗിച്ച് ധാരാളം അണ്‍എയ്ഡഡ് സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുക, കൊട്ടക്കണക്കിന് അണ്‍എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കുക, ""സൂപ്പര്‍സ്പെഷ്യാലിറ്റി"" ആശുപത്രികള്‍ കൂണുപോലെ മുളച്ചുവരുന്നതിന് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഉദാഹരണമാണ്. വ്യവസായവല്‍ക്കരണത്തിനും ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്കും ത്വരകമായി പ്രവര്‍ത്തിക്കേണ്ടുന്ന ഐടി മേഖലപോലും വാണിജ്യത്തെയും സേവനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഓപ്പറേറ്റര്‍മാരുടെ സാമ്രാജ്യമാണ്. വന്‍സംരംഭകരുടെ ഷോപ്പിങ് മാള്‍ ശൃംഖലകളും അവരും ""സാംസ്കാരിക വ്യവസായി""കളും തമ്മിലുള്ള ബന്ധവും പ്രകടമാണ്.

ഇന്നത്തെ ഒരു സേവനവ്യവസായിക്ക് എന്തൊക്കെയാകാമെന്നതിന് ഹെല്‍ത്ത് ക്ലിനിക്കുകള്‍ മുതല്‍ ബെറ്റിങ് ക്ലബ്ബുകള്‍ വരെയുള്ള പരിപാടികളടങ്ങുന്ന ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ എസ്-36 എന്ന കമ്പനി ഉദാഹരണമാണ്. സേവനമേഖലയുടെ വാണിജ്യവല്‍ക്കരണവും സാംസ്കാരിക ജീര്‍ണതകളുടെ വാണിജ്യവല്‍ക്കരണവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതാണ്. ആയുര്‍വേദം ഒരു സേവനമാണ്. ""ആയുര്‍വേദ""ത്തിന്റെ പേരില്‍ നടക്കുന്ന മസേജ് പാര്‍ലറും സ്പായും "മുസ്ലി" പവറും ജീര്‍ണതകളുമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള വളര്‍ച്ചാനിരക്കുകള്‍ ഇത്തരം ഏര്‍പ്പാടുകളെ ആശ്രയിച്ചാണ് നില്‍ക്കുന്നതും. ഈ മാറ്റത്തിന് പ്രധാന കാരണം "നവലിബറല്‍" മുതലാളിത്തത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റമാണ്്. വ്യാവസായിക മൂലധനമല്ല ഇന്ന് കൊടികുത്തിവാഴുന്നത്. ഫൈനാന്‍സ് മൂലധനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പുറംനാടുകളില്‍നിന്ന് വര്‍ഷംപ്രതി ഒഴുകുന്ന 60,000 കോടി രൂപയാണ് ഇവിടത്തെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്. ഇതില്‍ നിസ്സാരമായ സംഖ്യ മാത്രമാണ് കൃഷിക്കും വ്യവസായത്തിനും പോകുന്നത്. ഈ പണം ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാനുള്ള ഒരു കര്‍മപദ്ധതിയും ഗവണ്‍മെന്റിന്റെ പക്കലില്ല. എമര്‍ജിങ് കേരളയിലും ഒന്നും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെയും നിത്യോപയോഗ വസ്തുക്കളുടെ ലഭ്യതയെയും ഏറ്റവുമധികം ബാധിക്കുന്ന ഈ മേഖലകളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ പാലിക്കുന്ന മൗനം അര്‍ഥഗര്‍ഭമാണ്. അവര്‍ ഉദ്ദേശിക്കുന്ന വികസനം സാധാരണ മുതലാളിത്ത വികസനംപോലുമല്ല, പണത്തെ ഇരട്ടിപ്പിക്കുന്ന ഫൈനാന്‍സ് വികസനം മാത്രമാണെന്ന് വ്യക്തമാണ്. മുത്തൂറ്റ്, ചെമ്മണ്ണൂര്‍, കൊശമറ്റം, മണപ്പുറം മുതലായ സ്വര്‍ണപ്പണയക്കാരാണ് ഇന്നത്തെ ""വികസനം"" സാധ്യമാക്കുന്നത്.

സ്വര്‍ണം കൂടാതെ, റിയല്‍ എസ്റ്റേറ്റ്, വിവിധ തരത്തിലുള്ള ബ്രോക്കര്‍ - കമീഷന്‍ ഏജന്‍സികള്‍ തുടങ്ങിയവ വഴിയാണ് പണം ഒഴുകുന്നത്. ഇതിനെ ശക്തിപ്പെടുത്തുക മാത്രമാണ് ഇന്ന് യുഡിഎഫ് സര്‍ക്കാറിന്റെ കൈവശമുള്ള വികസന ഫോര്‍മുല. പണത്തിന് ഒരു സവിശേഷതയുണ്ട്. എന്തിനെയും വിഴുങ്ങുന്ന ബകനാകാന്‍ അതിനു കഴിയും. ഒരുപാട് സമയം എവിടെയെങ്കിലും കെട്ടിക്കിടക്കാന്‍ അതിനു കഴിയില്ല. ധനം നിലനില്‍ക്കണമെങ്കില്‍ അത് നിരന്തരമായി ചലിച്ചുകൊണ്ടിരിക്കണം. കേരളത്തിലെ ശക്തമായ പൊതുമേഖല ധനമൂലധനത്തിന്റെ ചംക്രമണത്തിന് വിലങ്ങുതടിയാണ്. വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യങ്ങള്‍ മുതലായവ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അവയ്ക്കുവേണ്ടി ഒരു പരിധിയിലപ്പുറം പണം ചെലവാക്കാന്‍ ആരും തയ്യാറാവില്ല. നേരിട്ടുള്ള ഉപയോഗമൂല്യം കുറവായ സ്വര്‍ണത്തിന് ചെലവാക്കുന്നതിന്റെ ചെറിയ പങ്കുപോലും വൈദ്യുതിക്കു ചെലവാക്കില്ല. കാരണം വെള്ളവും വെളിച്ചവും മനുഷ്യരുടെ ജീവിതാവകാശങ്ങളാണ്്. സ്വര്‍ണം ഒരു പദവി ചിഹ്നമാണ്. ധനമൂലധനം വ്യാപിക്കണമെങ്കില്‍ സ്വര്‍ണത്തില്‍ മാത്രം കെട്ടിക്കിടക്കാനാവില്ല. അപ്പോള്‍ അതൊരു പൂഴ്ത്തിവയ്പ്പ് (ഒീമൃറ) മാത്രമായിത്തീരുന്നു. ധനമൂലധനം വ്യാപിക്കുന്നത് മണ്ണും വെള്ളവും വൈദ്യുതിയുമെല്ലാം അതിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവന്നാണ്.

വൈദ്യുതീകരത്തിന്റെ വര്‍ധന, പെട്രോള്‍ വിലവര്‍ധന, ഗതാഗതച്ചെലവിന്റെ വര്‍ധന തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒരു പരിധിക്കപ്പുറം കരം വര്‍ധിപ്പിക്കാന്‍ കഴിയില്ല. അതിനുള്ള പോംവഴി സ്ഥാപനം തന്നെ ഇല്ലാതാക്കുക എന്നതാണ്. ഇതാണ് ഇപ്പോള്‍ നമ്മുടെ പൊതുമേഖലാ സേവന സ്ഥാപനങ്ങളില്‍ നടക്കുന്നത്. കെഎസ്ആര്‍ടിസി ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ പരിമിതിയുണ്ട്. അതുകൊണ്ട് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു. നിര്‍ത്തലാക്കുന്നത് ദീര്‍ഘദൂര സര്‍വീസുകളാണ്. അതുകൊണ്ടുള്ള നേട്ടം സാധാരണ ""പ്രൈവറ്റ്"" ബസ്സുടമകള്‍ക്കല്ല. വോള്‍വോ, ഇസുസു മുതലായ വണ്ടികളോടിക്കുന്ന ടൂറിസ്റ്റ് ബസ്സുടമകള്‍ക്കാണ്. അവര്‍ക്ക് കനത്ത ചാര്‍ജ് നല്‍കി യാത്ര ചെയ്യാന്‍ മധ്യവര്‍ഗം തയ്യാറാകണം. അല്ലെങ്കില്‍ ട്രെയിനില്‍ ഇടിച്ചുകയറി പോകണം. രണ്ടായാലും കെഎസ്ആര്‍ടിസി കൊണ്ടുണ്ടാകുന്ന തടസ്സം ഒഴിവാകും. ഇതുപോലെയാണ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും സ്ഥിതി. പ്രഖ്യാപിതമായ കട്ടുകളും അപ്രഖ്യാപിത ലോഡ്ഷെഡിങ്ങും കൊണ്ട് വൈദ്യുതി പ്രസരണം ഇപ്പോള്‍ കുറയുകയാണ്. ഗ്രാമീണ മേഖലയില്‍ പലയിടങ്ങളിലും വല്ലപ്പോഴും മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. വൈദ്യുതി ധൂര്‍ത്തടിക്കുന്ന വന്‍ഉപഭോക്താക്കള്‍ക്ക് ഇതുകൊണ്ട് പ്രയാസമില്ല. വര്‍ധിച്ച നികുതി അവര്‍ കൊടുത്തുകൊള്ളും. സാധാരണക്കാര്‍ക്ക് വൈദ്യുതി ലഭിക്കുകയുമില്ല. വൈദ്യുതി ബോര്‍ഡിന് ലാഭമുണ്ടാക്കാന്‍ ഇതിലും വലിയ തന്ത്രം അതങ്ങനെത്തന്നെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ്. സ്വകാര്യവല്‍ക്കരണം അജണ്ടയിലില്ല എന്ന് വൈദ്യുതി മന്ത്രി ഇടയ്ക്കിടെ പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ നേര്‍ എതിര്‍നിലപാടല്ലേ ധ്വനിപ്പിക്കുന്നത്? വൈദ്യുതി കിട്ടാതാകുമ്പോള്‍ പണമുള്ളവര്‍ ജനറേറ്ററുകളും ഇന്‍വര്‍ട്ടറുകളും വാങ്ങും. അതുവഴി ആ "ബിസിനസ്സും" ശക്തിപ്പെടും. വൈദ്യുതിയെ ഒരു വില്‍പ്പനച്ചരക്കാക്കുന്നതിന്റെ ഉത്തരവാദിത്തം ഇലക്ട്രിസിറ്റി കണ്‍ട്രോള്‍ കമീഷന്റെ തലയ്ക്കിടാം. ഇതേ തന്ത്രം തന്നെയാണ് മറ്റു മേഖലകളിലും സര്‍ക്കാര്‍ പയറ്റുന്നത്.

കേരളം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് കേരളം കടന്നുപോയത്. സാധാരണ കിണറുകള്‍ മാത്രമല്ല, കുഴല്‍ക്കിണറുകളിലെ വെള്ളംപോലും വറ്റുന്ന അവസ്ഥയാണുണ്ടായത്. കേരളത്തിന് ഒരു വാട്ടര്‍ അതോറിറ്റിയുണ്ട്. ജലസേചനവകുപ്പുണ്ട്. ജലക്ഷാമം പരിഹരിക്കുന്നതിന് ഇവരെന്തെങ്കിലും ചെയ്തതായി അറിയില്ല. ജലക്ഷാമം നേരിടുന്നതിന് മുന്നിട്ടിറങ്ങിയത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ്. പിന്നെ പ്രവര്‍ത്തിച്ചത് മുഴുവന്‍ സ്വകാര്യ വ്യക്തികളാണ്. നമ്മുടെ ജലവിതരണവകുപ്പ് അതിന്റെ നിഷ്ക്രിയത്വത്തിലൂടെ കുടിവെള്ള വിതരണത്തിന്റെ സ്വകാര്യവല്‍ക്കരണം സാധ്യമാക്കി. കുടിവെള്ള വിതരണത്തിന്റെ ചുമതല സ്വകാര്യ കമ്പനിക്കായിരിക്കുമെന്ന് പ്രഖ്യാപിച്ചു. "കാട്ടിലെ വെള്ളം തേവരുടെ കമ്പനി". വകുപ്പിനും മന്ത്രിക്കും പിന്നെ പണിയൊന്നുമില്ല എന്ന അവസ്ഥയിലേക്കു നീങ്ങുകയാണിപ്പോള്‍. ഇനി വരള്‍ച്ചയുണ്ടായാല്‍ കുടിവെള്ള വിതരണം തേവന്മാരുടെ കമ്പനികള്‍ ഏറ്റെടുത്തോളും. ഇതേ വിധത്തിലുള്ള നിഷ്ക്രിയത്വം തന്നെയാണ് പൊതുവിതരണ രംഗത്തുമുള്ളത്. പൊതുവിതരണ രംഗത്തുള്ള സജീവമായ ഇടപെടല്‍ വഴി നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാറിനു കഴിഞ്ഞിരുന്നു. അത്തരം ശ്രമമൊന്നും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. നിത്യോപയോഗ വസ്തുക്കള്‍ക്ക് പ്രത്യേകിച്ച് പച്ചക്കറികള്‍ക്ക്, പൊളളുന്ന വിലക്കയറ്റമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇതിനെ വലിയൊരളവുവരെ തടഞ്ഞുനിര്‍ത്താന്‍ ഗവണ്‍മെന്റ് സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ സാധിക്കുമായിരുന്നു. കുടുംബശ്രീപോലുള്ള സ്വയം സഹായസംഘങ്ങളുടെ പ്രവര്‍ത്തനത്തെയും ഇതുമായി ബന്ധിപ്പിക്കാമായിരുന്നു. ഷോപ്പിങ് മാളുകള്‍, സ്വകാര്യ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ മുതലായവയെ പ്രോത്സാഹിപ്പിക്കുന്ന തിരക്കില്‍ ഈ സാധ്യതകളെല്ലാം അവഗണിക്കപ്പെട്ടു. ജനങ്ങള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രധാനം മാളുകളുടെ ലാഭമാണല്ലോ. ബിപിഎല്‍ വേര്‍തിരിവുപയോഗിച്ച് കുറച്ചുപേര്‍ക്ക് രണ്ടുറുപ്പികക്ക് അരിയും നല്‍കാം. മറ്റുള്ളവര്‍ അരി എവിടെ നിന്നെങ്കിലും വാങ്ങിച്ചുകൊള്ളണം. നിത്യസാധനങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ ബിപിഎല്ലുകാരുടെ സംരക്ഷകരായി സ്ഥലം യുഡിഎഫ് നേതാക്കള്‍ക്ക് അവതരിക്കുകയും ചെയ്യാം.

ഇതിനിടയില്‍ ചില പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഭരണമേറ്റെടുത്തതിനുശേഷം സ്മാര്‍ട്ട്സിറ്റി കരാര്‍ ഒപ്പുവച്ചത് ഏറെ പ്രാധാന്യത്തോടെ വിളംബരം ചെയ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായെതിര്‍ത്ത ഒരു വശം. സ്മാര്‍ട്ട്സിറ്റിക്ക് നല്‍കുന്ന പ്രദേശത്തിന്റെ ഒരു ഭാഗം റിയല്‍ എസ്റ്റേറ്റിനുവേണ്ടിയാകണമെന്നതായിരുന്നു. കരാറിലെ ഈ വകുപ്പ് നിലനിര്‍ത്തിയാണ് സ്മാര്‍ട്ട്സിറ്റികരാര്‍ ഒപ്പുവച്ചത്. മറ്റു സൈബര്‍ പാര്‍ക്ക് പ്രോജക്ടുകളോടൊപ്പവും സമാനമായ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളുണ്ട്. ജീവകാരുണ്യം ആവശ്യമുള്ള ജനങ്ങളുടെ കീശയില്‍ തന്നെ കൈയിട്ടുവാരി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ലോട്ടറി മാതൃകയും പ്രത്യക്ഷപ്പെട്ടു. ലോട്ടറി വഴി സര്‍ക്കാര്‍ പിരിച്ചത് 2778 കോടി രൂപയാണെന്ന് ഒരു കണക്കു കണ്ടു. ഏതായാലും ഈ തുകയുടെ ചെറിയ ഭാഗം മാത്രമാണ് ""ജീവകാരുണ്യ"" പ്രവര്‍ത്തനത്തിന് ചെലവഴിച്ചതായി ഗവണ്‍മെന്റ് തന്നെ അവകാശപ്പെടുന്നത്. വിവിധ സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാര്‍ നിയമിക്കപ്പെട്ടു. അതില്‍ ഒരു വൈസ് ചാന്‍സലര്‍ ഭൂമിദാന വിവാദത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിട്ടു. എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ അധികാരമേറ്റെടുത്ത ഉടനെ സര്‍വകലാശാലക്ക് ""ധനസമാഹരണം"" നടത്തുന്ന ഓഫ് ക്യാമ്പസ് സെന്ററുകള്‍ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസം വ്യക്തമായി വാണിജ്യവല്‍ക്കരിക്കപ്പെടുന്നതിന്റെ സൂചനകളാണ് പ്രത്യക്ഷപ്പെട്ടത്. അതിനിടെ, ഒരു മലയാള സര്‍വകലാശാല നിലവില്‍ വന്നു. എന്തിനാണ് ആ സര്‍വകലാശാല ഉണ്ടായതെന്ന് ഇപ്പോഴും വ്യക്തമല്ല. മലയാളം ഒരു ശ്രേഷ്ഠഭാഷ""യായി അംഗീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായത് സര്‍വകലാശാലക്ക് നേട്ടങ്ങള്‍ നല്‍കാം. പ്രാഥമിക വിദ്യാഭ്യാസരംഗത്തുപോലും ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും മലയാള പഠനം അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ശ്രേഷ്ഠ ഭാഷയായെങ്കിലും മലയാളം നിലനില്‍ക്കുമല്ലോ. ലത്തീനും സംസ്കൃതവും പോലുള്ള ഒരു മ്യൂസിയം ഭാഷയായി മലയാളം നിലനിന്നാല്‍ മതി എന്ന താല്‍പര്യവും ഉണ്ടാകാം. ആഗോള തൊഴില്‍വിപണിയില്‍ കയറിപ്പറ്റാന്‍ ഇംഗ്ലീഷും ശ്രേഷ്ഠഭാഷയായി മലയാളവും എന്ന വൈപരീത്യമാണ് നാമിപ്പോള്‍ കാണുന്നത്. ശ്രേഷ്ഠഭാഷയ്ക്കു കിട്ടുന്ന നൂറുകോടി ഇംഗ്ലീഷ് മാത്രമറിയുന്ന പ്രവാസി വിദ്യാര്‍ഥികളെ മലയാളം പഠിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് മന്ത്രി പറയുന്നു. താമസിയാതെ മലയാളമറിയാത്ത കേരളത്തിലെ വിദ്യാര്‍ഥികളെ മലയാളം പഠിപ്പിക്കാന്‍ കൂടുതല്‍ പണമാവശ്യപ്പെടുകയും ആവാം. ശ്രേഷ്ഠഭാഷ നിലനിന്നാലല്ലേ നമുക്ക് സര്‍വകലാശാലയൊക്കെ നടത്തിക്കൊണ്ടുപോകാന്‍ കഴിയൂ.

മൊത്തത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്താണ് ചെയ്തിരുന്നത്? പി സി ജോര്‍ജ്, ഗണേശ്കുമാര്‍ തുടങ്ങിയവരുടെ വിദൂഷകപ്പണി മാറ്റി നിര്‍ത്തിയാല്‍ ഒരു ലക്ഷ്യം യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടായിരുന്നതായി കാണാം. കേരളത്തിലെ ഇടതുപക്ഷത്തെ ഇടതടവില്ലാതെ ആക്രമിക്കുക, തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിയാവുന്നത്ര ശ്രമിക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഗുണപരമായ നീക്കങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ മുതല്‍ ടി പി ചന്ദ്രശേഖരന്‍ വധത്തെ മുന്‍നിര്‍ത്തി ഇപ്പോഴും തുടരുന്ന ആക്രമണങ്ങള്‍ വരെ ഈ ശ്രമം തുടര്‍ച്ചയായി നടക്കുന്നുണ്ട്. ഈ ആക്രമണം കേവലം കമ്യൂണിസ്റ്റുകാര്‍ക്കെതിരായി മാത്രമല്ല, കേരളത്തിലെ സെക്കുലര്‍ ജനാധിപത്യ ശക്തികള്‍ക്ക് മൊത്തമായാണ്. കേരളത്തിലെ ഭരണതലങ്ങളില്‍ മതസാമുദായിക ശക്തികള്‍ക്കുള്ള ആധിപത്യവും സര്‍ക്കാര്‍ നല്‍കുന്ന സമസ്ത ആനുകൂല്യങ്ങളും പങ്കിട്ടെടുക്കുന്നതില്‍ ഇവര്‍ക്കുള്ള വ്യഗ്രതയും ഇതാണ് സൂചിപ്പിക്കുന്നത്. ഇവരുടെ ആധിപത്യത്തിന്റെ ഫലമായി സാമൂഹ്യസാംസ്കാരിക മേഖലകളില്‍ സെക്കുലര്‍ ജനാധിപത്യ ശക്തികള്‍ പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജി സുകുമാരന്‍നായരുടെയും വെള്ളാപ്പള്ളിയുടെയും നിരന്തരമായ പൊടിപാറ്റലുകള്‍ ഒരു വശത്തു നടക്കുമ്പോള്‍ വ്യത്യസ്ത മതമൗലികവാദികളും മതമേലധ്യക്ഷന്മാരും മൗലവിമാരും കേരളത്തിലെ സെക്കുലര്‍ ജനാധിപത്യ സംസ്കാരത്തെ അനുസ്യൂതം കാര്‍ന്നുതിന്നുകയാണ്. സെക്കുലര്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഇടതുപക്ഷത്തിനുമേല്‍ "കൊലപാതകികള്‍" "ഗുണ്ടകള്‍" മുതലായ ലേബലുകള്‍ കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. മട്ടന്നൂരടുത്ത് എസ്ഡിപിഐയുടെ ഒരു വെടിക്കോപ്പ് നിര്‍മാണശാല കണ്ടെടുത്തപ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് വിഷയമായില്ല. ഗുണ്ടാനിയമം അനുസരിച്ച് ആരെയും ""നാടുകടത്തിയില്ല"" ആയുധങ്ങള്‍ നിയന്ത്രിക്കുന്ന നിയമം എടുത്തുകളയണമെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നാടുനീളെ പ്രചാരണം നടത്തിയതും ആരും ചര്‍ച്ചചെയ്തില്ല. ഗുണ്ടകളും കൊലപാതകികളും വിളയാടാത്ത സര്‍വകലാശാലകളിലെ പദവികള്‍ സമുദായം തിരിച്ചു വിതരണം ചെയ്യുമ്പോഴും ഓട്ടോണമസ് കോളേജുകള്‍ അനുവദിക്കുമ്പോള്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന് ഉറപ്പു വരുത്തുമ്പോഴും ആര്‍ക്കും ഉരിയാട്ടമില്ല. ഒരു നായര്‍ മന്ത്രി രാജിവയ്ക്കുമ്പോള്‍ മറ്റൊരു നായര്‍ മന്ത്രി തന്നെ വന്നാലേ മന്ത്രിസഭയുടെ ബാലന്‍സ് നിലനില്‍ക്കുകയുള്ളു എന്ന വാദവും തികച്ചും സ്വാഭാവികമാണെന്ന മട്ടാണ്. ഇതെല്ലാം കാണിക്കുന്നതെന്താണ്? യുഡിഎഫ് സര്‍ക്കാര്‍ സെക്കുലര്‍ ജനാധിപത്യത്തിന് വിരുദ്ധമായ സര്‍ക്കാരാണെന്നും അതിലൂടെ കേരള സമൂഹത്തെ നിയന്ത്രിക്കുന്ന ജാതിമത സാമുദായികതയാണെന്നുമുള്ള വസ്തുതയ്ക്ക് വീണ്ടും അടിവരയിടുകയാണ് അടുത്ത കാലത്തെ സംഭവങ്ങള്‍ ചെയ്യുന്നത്.

സാമ്പത്തികതലത്തില്‍ പണാധിപത്യവും സാമൂഹ്യതലത്തില്‍ സാമുദായികതയും വളര്‍ത്തുന്ന ഈ സര്‍ക്കാരിന്റെ യഥാര്‍ഥ രാഷ്ട്രീയതലം എന്താണ്? കമ്യൂണിസ്റ്റ് വിരുദ്ധത മറ്റു മന്ത്രിസഭകളെക്കാളധികം ഇതില്‍ പ്രകടമാണ്. കമ്യൂണിസ്റ്റ് വിരുദ്ധത നിലനില്‍ക്കുന്ന അടിത്തറ ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയമാകേണ്ടതുമാണ്. മന്ത്രിമാര്‍ സാമുദായികാടിസ്ഥാനത്തില്‍ വീതംവയ്ക്കപ്പെട്ടപ്പോള്‍ മതസമുദായങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തിലാണ് സ്വന്തം വാദങ്ങളുന്നയിച്ചത്. അങ്ങനെയാണ് മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്നം പരിഹരിക്കപ്പെട്ടതും മഞ്ഞളാംകുഴി അലി മന്ത്രിയായതും. 23 ശതമാനം ജനസംഖ്യയുള്ള ഒരു സമുദായത്തിന് നാലുപേര്‍ കൂടാതെ ഒരു അരമന്ത്രിക്കെങ്കിലും അര്‍ഹതയുണ്ടല്ലോ. ലീഗിനെ കണ്ണടച്ച് എതിര്‍ക്കുന്ന ആര്യാടന്‍ മുഹമ്മദിനെ ഏതായാലും ആ ചിഹ്നത്തില്‍ പരിഗണിക്കുകയില്ല. കോണ്‍ഗ്രസില്‍നിന്നുതന്നെ നായന്മാരെയും ഈഴവരെയും ദളിതരെയും കണ്ടെത്താം. കേരള കോണ്‍ഗ്രസ്സില്‍ നിന്നു ക്രിസ്ത്യാനികളെയും. കൂടാതെ ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും കോണ്‍ഗ്രസിലുമുണ്ടല്ലോ. ഇത്തരത്തിലുള്ള മതസൗഹാര്‍ദം കൊണ്ടുനേടുന്നത് കേരളസമൂഹത്തിന്റെ ശിഥിലീകരണമാണ്. അതുതന്നെയാണ് ഗുണ്ടാനിയമങ്ങള്‍ കൂടാതെ ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള മാര്‍ഗവും. എന്തിനാണ് ഇടതുപക്ഷത്തെ തകര്‍ക്കുന്നത്? അവിടെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ യഥാര്‍ഥ രാഷ്ട്രീയതലം പുറത്തുവരുന്നത്. അതായത് വെറും ശൂന്യത. കേന്ദ്രതലത്തില്‍ മന്‍മോഹന്‍ - മൊണ്ടെക് - ചിദംബരം പ്രഭൃതികള്‍ വച്ചുനീട്ടുന്ന വികസനതന്ത്രങ്ങള്‍ അതേപടി ഈച്ചക്കോപ്പിയടിക്കുന്ന അവസ്ഥ. കേരളത്തിലെ കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം തുടങ്ങി ഒരു മേഖലയില്‍ പോലും മുകളില്‍നിന്നുവരുന്ന നിര്‍ദേശങ്ങളും ബ്യൂറോക്രാറ്റിക് ഇടപെടലുകളും അനുസരിക്കുകയല്ലാതെ ഒന്നും ചെയ്യാനാവാത്ത സ്ഥിതി. കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കുകയും കേന്ദ്രനിര്‍ദേശമനുസരിച്ചുള്ള സ്കീമുകള്‍വഴി ""ക്ഷേമം"" വിതരണം ചെയ്യുകയും മാത്രമാണ് പല വകുപ്പുകളും ചെയ്യുന്നത്. പലരുടെയും സാധാരണ പ്രവര്‍ത്തനങ്ങള്‍ പോലും ഔട്ട്സോഴ്സ് ചെയ്ത് വിവിധ കമീഷന്‍ ഏജന്റുകളെ ഏല്‍പ്പിക്കുന്നതോടെ അത്രയും ബാധ്യതയും കുറയുന്നു. കേന്ദ്രതലത്തില്‍തന്നെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ സംസ്ഥാനങ്ങളില്‍ പോയി വാചകമടിക്കാന്‍ മാത്രം നിയുക്തരായ മന്ത്രിമാരുണ്ട്. ഒരു മന്ത്രിസഭ മുഴുവന്‍ അങ്ങനെയായാലത്തെ സ്ഥിതി എന്തായിരിക്കും? കേന്ദ്രഫണ്ടിന്റെയും സ്കീമുകളുടെയും ആനുകൂല്യങ്ങള്‍ മുഴുവന്‍ പാര്‍ശ്വവര്‍ത്തികളുടെ ഇടയില്‍ വിതരണം ചെയ്യുക, സ്വസമുദായക്കാര്‍ക്ക് നിലവിലുള്ള തസ്തികകളിലും വേണ്ടിവന്നാല്‍ തസ്തികകള്‍ സൃഷ്ടിച്ചും തൊഴില്‍ നല്‍കുക തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍ കൂടാതെ ഉദാരവല്‍ക്കരണത്തെ സ്വന്തം വകുപ്പുകളില്‍ പരമാവധി ത്വരിതപ്പെടുത്തുക എന്ന ബാധ്യതയാണ് ഇവര്‍ക്ക് വന്നുചേരുന്നത്. അതാണ് കേന്ദ്രസര്‍ക്കാര്‍ ഇവരില്‍നിന്ന് ആവശ്യപ്പെടുന്നതും. നവലിബറല്‍ ഭരണക്രമത്തില്‍ ഭരണകൂടം പിന്മാറുന്നതിന്റെ ഒരു പ്രധാന രീതി മന്ത്രിമാര്‍ സ്വയം അപ്രസക്തരാകുക എന്നതാണ്.

ഇന്ന് കേരളത്തില്‍ മുഖ്യമന്ത്രിയും വിദൂഷകന്മാരായ പി സി ജോര്‍ജ് പോലെയുള്ളവരും അല്ലാതെ മറ്റുമന്ത്രിമാര്‍ക്ക് പ്രസക്തിയില്ല. വകുപ്പുകളുടെ പ്രവര്‍ത്തനം മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കുകയും ഔട്ട്സോഴ്സ് ചെയ്യുകയും ചെയ്യുമ്പോള്‍ ജനസമ്പര്‍ക്കം ഒരാഘോഷമായി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുമ്പോള്‍, മറ്റു മന്ത്രിമാര്‍ എന്താണ് വേണ്ടത്? അതുകൊണ്ടു തന്നെയായിരിക്കണം പല സാധാരണ ചടങ്ങുകളില്‍പോലും നാലുംഅഞ്ചും മന്ത്രിമാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയക്കാരെന്ന നിലയില്‍ സ്വയം ദൃശ്യരാകേണ്ടുന്ന ബാധ്യത ഓരോ മന്ത്രിക്കുമുണ്ടല്ലോ. അതുപോലെ സ്വയം ദൃശ്യരാകുന്നതില്‍ അമിതമായ താല്‍പര്യമുള്ള മറ്റു പലരും ഇന്നുണ്ട്. മുമ്പ് കല്യാണങ്ങളിലും മരണവീടുകളിലും മുടങ്ങാതെ പോയി ""ജനസേവനം"" നടത്തിയ എംഎല്‍എ മാരുണ്ടായിരുന്നു. അവര്‍ മന്ത്രിപദത്തിലെത്തി. ഇപ്പോള്‍ അടുത്ത തലമുറ സ്വന്തം വിഹാരരംഗം കല്യാണവീടുകളിലൊതുക്കുന്നില്ല. ഇടയ്ക്കിടെ കേരളം മുഴുവന്‍ സഞ്ചരിക്കുക, ""ഹരിത എംഎല്‍എ""മാര്‍ എന്ന ലേബലോടെ പ്രശ്നങ്ങളില്‍ ഇടപെടുക, അല്ലെങ്കില്‍ ഇടപെടുന്നതായി അഭിനയിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. ഇവന്റ് മാനേജ്മെന്റ് സംവിധാനങ്ങളിലൂടെ തന്നെ കേന്ദ്രമന്ത്രിയാകുമെങ്കില്‍ അതും നല്ലതല്ലേ?

കേരളത്തിന്റെ പ്രശ്നങ്ങളെയോ വികസന പരിപ്രേക്ഷ്യങ്ങളെയോകുറിച്ച് ഒരു കാഴ്ചപ്പാടും ഇത്തരക്കാര്‍ക്ക് ആവശ്യമില്ല. കാര്യം മനസ്സിലായില്ലെങ്കിലും ടി വിക്കാരുടെ മുമ്പില്‍ ""ഡിബേറ്റ്"" ചെയ്യാനറിഞ്ഞാല്‍ മാത്രംമതി. മന്ത്രിസഭയും അസംബ്ലിപോലും ഇവന്റ് മാനേജ്മെന്റ് ആകുന്ന അവസ്ഥ നവലിബറലിസത്തിന്റെ ഗുരുവായ മില്‍ട്ടന്‍ ഫ്രീഡ്മാന്‍ പോലും സ്വപ്നത്തില്‍ മാത്രമേ കണ്ടുകാണുകയുള്ളു. കേരളത്തില്‍ ഇന്ന് അത് യാഥാര്‍ഥ്യമാവുകയാണ്. കമ്യൂണിസ്റ്റ് വിരോധത്തിലും സമുദായ പ്രീണനത്തിലുമൊഴികെ മറ്റെല്ലാ മേഖലകളിലും പ്രകടമായ അരാഷ്ട്രീയവല്‍ക്കരണം ഇന്നത്തെ ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്.

മന്ത്രിസഭ തന്നെ ഇവന്റ് മാനേജ്മെന്റ് ആകുമ്പോള്‍ ഗവണ്‍മെന്റിന് ""ദേശീയ അന്തര്‍ദേശീയ"" പുരസ്കാരങ്ങള്‍ ലഭിക്കും. അതോടെ ഗവണ്‍മെന്റും സന്നദ്ധ സംഘടനയും തമ്മില്‍ വ്യത്യാസവുമില്ലാതാകും. അത്തരം ഗവണ്‍മെന്റുകള്‍ എങ്ങനെയാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ പ്രതിനിധികളാകുക? ഈ സ്ഥിതി മൂന്നുവര്‍ഷം കൂടി തുടരുമ്പോള്‍ കേരളത്തിനെന്തു സംഭവിക്കുമെന്നതും ഗൗരവമായി ആലോചിക്കേണ്ടതാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ഭൂരിപക്ഷം സീറ്റുകള്‍ നേടുകയും കേന്ദ്രത്തില്‍ യുപിഎ തിരിച്ചുവരികയും ചെയ്താല്‍ ഇപ്പോള്‍ പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കിയെന്നുവരും. ഇന്നത്തെ ഭരണ കലാപരിപാടികളും കമ്യൂണിസ്റ്റുകാരുടെ നേരെയുള്ള ആക്രമണവും പതിന്മടങ്ങു ശക്തമായി തുടരും. യുഡിഎഫ് കേരളത്തില്‍ ഭൂരിപക്ഷം നേടുകയും കേന്ദ്രത്തില്‍ യുപിഎ യ്ക്കുപകരം എന്‍ഡിഎ അധികാരത്തില്‍ വരുകയും ചെയ്താല്‍ യുഡിഎഫില്‍ ഇപ്പോള്‍ തന്നെ അന്തര്‍ലീനമായ ഭൂരിപക്ഷ സമുദായങ്ങളും ന്യൂനപക്ഷങ്ങളും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുകയും അത് ചിലപ്പോള്‍ യുഡിഎഫിനെ തന്നെ തകര്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയുംചെയ്യും. കേരളത്തെ മുഴുവനും ഇത്തരത്തിലുള്ള സമുദായ ധ്രുവീകരണം ബാധിക്കും. യുപിഎയും എന്‍ഡിഎയും നവലിബറല്‍ നയങ്ങളുടെ കാര്യത്തില്‍ ഒരുപോലെ ചിന്തിക്കുന്നതുകൊണ്ട് വികസനതന്ത്രങ്ങളില്‍ മാറ്റമുണ്ടാവുകയുമില്ല. അതില്‍ ഹരിത എംഎല്‍എമാരടക്കമുള്ളവരില്‍ ഭിന്നാഭിപ്രായങ്ങളുമുണ്ടാകില്ല. കുത്തകകള്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടി വിടുപണി ചെയ്യുകയും അതിന്റെ തിരക്കില്‍ സ്വന്തം രാഷ്ട്രീയസംസ്കാരംപോലും കളഞ്ഞുകുളിക്കുകയും ചെയ്യുന്ന ഒരാള്‍ക്കൂട്ടമായി മന്ത്രിസഭയും ഭരണകക്ഷികളും മാറും. ഇന്ന് ചിന്തയിലും പ്രവര്‍ത്തനത്തിലും അവര്‍ പ്രകടിപ്പിക്കുന്ന പാപ്പരത്തംമൂലം ഈ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍പോലും അടയ്ക്കപ്പെടും.

ഇടതുപക്ഷത്തിനു മാത്രമല്ല, സെക്കുലര്‍ ജനാധിപത്യ രാഷ്ട്രീയപക്ഷത്തിനു നിലനില്‍ക്കാന്‍ സാധിക്കണമെങ്കില്‍ ഒരുവഴിയേ ഉള്ളു. ധൈഷണികവും പ്രയോഗതലത്തിലുമുള്ള ജീര്‍ണതയ്ക്ക് അടിമപ്പെടാത്ത സെക്കുലര്‍ ജനാധിപത്യവാദികളും ഇടതുപക്ഷവും തമ്മില്‍ ഐക്യനിര സൃഷ്ടിക്കുക എന്നതാണത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇടതടവില്ലാതെ നടക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധാക്രമണത്തില്‍ അടിപതറിയവരുണ്ട്. കേവലമായ വിഭാഗീയതയുടെയും ശകലീകരണത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവര്‍ വ്യക്തമായ നിലപാടുകളെടുക്കേണ്ട അവസരം അടുത്തുതന്നെ വരുകയാണ്. പണാധിപത്യവും സമുദായ പ്രീണനവും ധൈഷണികവും പ്രായോഗികവുമായ പാപ്പരത്തവും മുഖമുദ്രയായ ശക്തികളുടെ കൂടെ നില്‍ക്കണമോ അതോ എന്തൊക്കെ പരിമിതികളുണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങളില്‍ സെക്കുലര്‍ ജനാധിപത്യ പുരോഗമന നിലപാടെടുക്കുന്ന ശക്തികളുടെ കൂടെ നില്‍ക്കണമോ?

ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് അഖിലേന്ത്യാതലത്തില്‍ ലഭിക്കുന്ന ശക്തിയുടെ സ്വാധീനം കേരളത്തില്‍ ഉണ്ടാകും. അതുപോലെ കേരളത്തിലെ ശക്തികള്‍ക്ക് നവലിബറല്‍നയങ്ങള്‍ക്കും സമുദായവര്‍ഗീയതക്കുമെതിരായി ഐക്യനിര കെട്ടിപ്പടുക്കാന്‍ സാധിക്കുമെങ്കില്‍ അതിന്റെ സ്വാധീനം ഇന്ത്യയിലാകെ പടരും. നവലിബറല്‍ നയങ്ങളാണോ ഇടതുപക്ഷ ജനാധിപത്യബദലാണോ ഇന്ത്യയുടെ ഭാവി തീരുമാനിക്കേണ്ടത് എന്നതിനെ സംബന്ധിച്ച പ്രാഥമികധാരണ 2014ലെ തെരഞ്ഞെടുപ്പോടെ രൂപപ്പെടും. അതിനുശേഷമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഭാവിയും അവിടെ തീരുമാനിക്കപ്പെടും.

*
കെ എന്‍ ഗണേശ് ദേശാഭിമാനി വാരിക 09 ജൂണ്‍ 2013

No comments: