Sunday, June 2, 2013

പോപ്പുലര്‍ ഫ്രണ്ടിന്റെ യുഡിഎഫ് സേവ

ഒരുപറ്റം എസ്ഡിപിഐക്കാര്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നില്‍ നിരന്നുനിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതായിരുന്നു തലസ്ഥാനനഗരിയിലെ വ്യാഴാഴ്ചത്തെ ഒരു കാഴ്ച. യുഎപിഎ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) നിയമത്തിനെതിരെയായിരുന്നു എന്‍ഡിഎഫിന്റെ പുതുരൂപമായ എസ്ഡിപിഐയുടെ സമരം. സിപിഐ എം കൊണ്ടുവന്ന നിയമമല്ല അത്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരാണ് അതിന്റെ സൃഷ്ടാക്കള്‍. കേരളത്തില്‍, എസ്ഡിപിഐക്കാര്‍ക്കുനേരെ ആ നിയമം പ്രയോഗിച്ചതും സിപിഐ എമ്മല്ല. യുഡിഎഫ് സര്‍ക്കാരാണ്. ആ സര്‍ക്കാരിനെയും നയിക്കുന്നത് കോണ്‍ഗ്രസാണ്. യുഎപിഎ നിയമം ഉപയോഗിച്ച് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തുറുങ്കിലടച്ച് പീഡിപ്പിക്കുന്നതിനെതിരെ ഏറ്റവും ശക്തമായി ശബ്ദമുയര്‍ന്നത് സിപിഐ എമ്മില്‍നിന്നാണ്. എന്നിട്ടുമെന്തിന് എസ്ഡിപിഐക്കാര്‍ കെപിസിസി ഓഫീസിലേക്കോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിക്കുമുന്നിലേക്കോ പോകാതെ എ കെ ജി സെന്ററിനുമുന്നിലെത്തി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും വഴിതടയുകയും ചെയ്തു? തലസ്ഥാനനഗരിയില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്തരമൊരു കടന്നുകയറ്റത്തിന് എന്തിന് പൊലീസ് ഒത്താശചെയ്തു? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലുണ്ട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ഇന്നത്തെ അവസ്ഥ.

ജാതി- മത- വര്‍ഗീയ ശക്തികളുടെ മുതുകിലിരുന്നാണ് ഉമ്മന്‍ചാണ്ടി കേരളം ഭരിക്കുന്നത്. അവരില്‍നിന്ന് ഇരന്നുവാങ്ങിയ വോട്ടിന് അണ-പൈ കണക്കില്‍ പ്രതിഫലം നല്‍കാന്‍ യുഡിഎഫ് ബാധ്യസ്ഥരാണ്. അപരിഷ്കൃത ചിന്തകളും മൃഗീയചോദനകളും അക്രമവാസനയുമാണ് എസ്ഡിപിഐ എന്ന സംഘടനയുടെ കൈമുതല്‍. 1993ല്‍ കേരളത്തില്‍ രൂപംകൊണ്ട എന്‍ഡിഎഫും തമിഴ്നാട്ടിലെ മനിത നീതിപാസറൈയും കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റിയും ചേര്‍ന്ന് 2007ല്‍ രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയമുഖമാണത്. കൈവെട്ടുന്നവരുടെയും കാല്‍ വെട്ടുന്നവരുടെയും തലയറുക്കുന്നവരുടെയും കൂട്ടമാണത്. ആ സംഘടനയോടും യുഡിഎഫ് വോട്ടിന് കടപ്പെട്ടിരിക്കുന്നു. അതല്ലെങ്കില്‍, ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉപവിഭാഗമായി അധഃപതിച്ചിരിക്കുന്നു. അതിന്റെ സൗഹൃദപ്രകടനമാണ് തലസ്ഥാനത്ത് കണ്ടത്. പോപ്പുലര്‍ ഫ്രണ്ടോ പഴയ സിമിയോ ആര്‍എസ്എസോ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ മൗനമായി നോക്കിനില്‍ക്കാനും ഒത്താശചെയ്യാനുമുള്ള ഗതികേടാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നര്‍ഥം.

ആ ഗതികേടിന്റെ മറ്റൊരു മുഖമാണ്, ഉപമുഖ്യമന്ത്രിപദത്തിന്റെയും ആഭ്യന്തരവകുപ്പിന്റെയും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശത്തിന്റെയും പേരില്‍ ഇന്ന് യുഡിഎഫില്‍ നടക്കുന്ന കോളിളക്കം. കേരളത്തിലെ സാധാരണജനങ്ങളുടെ ഏതെങ്കിലും പ്രശ്നങ്ങളുമായി അതിന് ബന്ധമില്ല. അധികാരം, ജനങ്ങള്‍ക്കുമേല്‍ ഉപയോഗിക്കാനുള്ള ആയുധമാണ് യുഡിഎഫിന്. അഴിമതി നടത്താനുള്ള സൗകര്യവുമാണത്. ഏറ്റവും വലിയ കൊള്ള നടത്താന്‍ ഏറ്റവും മികച്ച അധികാരസ്ഥാനം വേണമെന്ന "യുക്തി"യാണ് അവരെ നയിക്കുന്നത്. കെപിസിസി പ്രസിഡന്റിന് ആഭ്യന്തരവകുപ്പും ഉപമുഖ്യമന്ത്രിപദവും വേണം; മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പുംകൂടി വേണം; ആഭ്യന്തരമന്ത്രിക്ക് വകുപ്പില്‍നിന്ന് പിടിവിട്ടുകൂടാ; രണ്ടാംകക്ഷിക്ക് അഞ്ചു മന്ത്രിമാരും സുപ്രധാന വകുപ്പുകളും പോരാ; മൂന്നാംകക്ഷിക്ക് കേന്ദ്ര മന്ത്രിസ്ഥാനം കിട്ടിയേ തീരൂ- ഇതൊക്കെയാണ് കേരളത്തിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍. ഏതു മന്ത്രിയുടെ വകുപ്പ് ഈ കാറ്റില്‍ പറന്നുപോകുമെന്ന് തിട്ടമില്ല. ആര് ആരെയെല്ലാം കുതികാല്‍വെട്ടുമെന്ന പ്രവചനം അസാധ്യം. ഇതിനിടയില്‍ ഭരണം, കൊള്ളയടി എന്ന ഏക അജന്‍ഡയില്‍ ചുറ്റിത്തിരിയുന്നു. വലതുപക്ഷത്തോട് ആഭിമുഖ്യവും വിധേയത്വവുമുള്ള ഏതാനും മാധ്യമങ്ങള്‍ തീര്‍ത്ത രക്ഷാകവചവും ജാതി- മത- വര്‍ഗീയ- തീവ്രവാദ ശക്തികളുടെ പിന്തുണയുമാണ് യുഡിഎഫിന് ആശ്രയം. മുന്നണിക്കകത്തെ ചീഞ്ഞുനാറുന്ന സംഭവവികാസങ്ങള്‍ക്കുമേല്‍ സുഗന്ധലേപനം പൂശുന്നത് ഒരു വിഭാഗം മാധ്യമങ്ങളാണ്. ഉപകാരസ്മരണയോടെ കൊള്ളരുതായ്മകള്‍ക്ക് പിന്തുണ നല്‍കുന്നത് വര്‍ഗീയ- തീവ്രവാദ ശക്തികളാണ്. അത്തരത്തിലൊരു ശക്തിയുമായി ബന്ധപ്പെട്ട മാധ്യമസ്ഥാപനം ഒരു കേസില്‍പ്പെട്ടപ്പോള്‍, ഒതുക്കിത്തീര്‍ക്കാന്‍ മുഖ്യമന്ത്രിയുമായി നേരിട്ട് "മധ്യസ്ഥചര്‍ച്ച" നടത്തിയത് സമീപനാളുകളിലെ ഒരനുഭവമാണ്. കേസ് ഒതുക്കുന്നതിന് പ്രതിഫലമായി നിശ്ചയിച്ചത് നിരുപാധിക രാഷ്ട്രീയ- മാധ്യമ പിന്തുണയാണ്. അടുത്തകാലംവരെ യുഡിഎഫിന്റെ വിമര്‍ശകവേഷമണിഞ്ഞ ആ സംഘടനയുടെ മാധ്യമം ഇന്ന് ഉമ്മന്‍ചാണ്ടിയെ സ്തുതിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധപരിശീലനം നടത്തവെ എസ്ഡിപിഐക്കാര്‍ പിടിയിലായ സംഭവം എങ്ങനെ തേച്ചുമാച്ചു കളയണമെന്ന ഗവേഷണമാണ് സര്‍ക്കാര്‍തലത്തില്‍ നടക്കുന്നത്. സര്‍ക്കാരിന്റെയോ പൊലീസിന്റെയോ നയത്തിന്റെ ഭാഗമായോ തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ അല്ല പൊലീസ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലനകേന്ദ്രത്തില്‍ എത്തിയത്. യാദൃച്ഛികമായ സംഭവമായിരുന്നു അത്. അതിന്റെ ഭീകരമുഖവും തീവ്രവാദബന്ധവും പുറത്തുവന്നപ്പോള്‍ പൊലീസിന് ഗത്യന്തരമില്ലാതെ തുടര്‍നടപടികള്‍ എടുക്കേണ്ടിവന്നു. എന്നാല്‍, ആ പോക്കിന് ഏറെ ആയുസ്സുണ്ടായില്ല. ഇന്ന് അന്വേഷണം നിലച്ചിരിക്കുന്നു. അവിടെ നടന്നത് "യോഗ" പരിശീലനമാണെന്ന കുറ്റവാളികളുടെ പരിഹാസ്യമായ ന്യായീകരണം അംഗീകരിക്കുന്നവിധത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നു.

ഏപ്രില്‍ 23നാണ് 21 പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ പിടിയിലായത്. പ്രാഥമികാന്വേഷണത്തില്‍ പ്രതികളുടെ തീവ്രവാദബന്ധം വ്യക്തമായി. ഭീകരവിരുദ്ധ (യുഎപിഎ) നിയമമനുസരിച്ച് തിടുക്കപ്പെട്ട് കേസുമെടുത്തു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായരുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനും സംഘവും അന്വേഷണമാരംഭിച്ചു. പ്രതികള്‍ക്ക് വിദേശത്തുനിന്നുള്‍പ്പെടെ വന്‍തോതില്‍ പണം ലഭിച്ചതിന് തെളിവ് ലഭിച്ചു. രണ്ടുവര്‍ഷത്തിനിടെ ഒരാളുടെ അക്കൗണ്ടില്‍മാത്രം 80 ലക്ഷത്തോളം രൂപയാണ് വന്നത്. അതത് സമയത്ത് ഈ പണം പിന്‍വലിച്ചിട്ടുണ്ട്. വിദേശബന്ധം, ക്രിമിനല്‍ പശ്ചാത്തലം, തീവ്രവാദ പരിശീലനം- ഇവയെല്ലാം തെളിഞ്ഞിട്ടും പൊലീസ് മുന്നോട്ടുപോകുന്നില്ല.

ഇപ്പോള്‍, യുഎപിഎ നിയമം പ്രയോഗിച്ചതിലേ പോപ്പുലര്‍ ഫ്രണ്ടിന് എതിര്‍പ്പുള്ളൂ. അതിന്റെ മറവിലാണവര്‍ പ്രചണ്ഡമായ പ്രചാരണവും തിരുവനന്തപുരത്തെ പ്രകടനവും നടത്തിയത്. പ്രശ്നം "യുഎപിഎ" എന്ന അച്ചുതണ്ടില്‍മാത്രം തളയ്ക്കപ്പെട്ടാല്‍, നാറാത്തെ ആയുധങ്ങളെയും പരിശീലനത്തെയും മൃഗീയസ്വഭാവത്തെയും മറച്ചുവയ്ക്കാമെന്ന് അവര്‍ കരുതുന്നു. അത് മനസ്സില്‍വച്ച്, യുഎപിഎ പ്രയോഗിച്ച ആഭ്യന്തരവകുപ്പിനെ തലോടുകയും വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന സിപിഐ എമ്മിനെ ആക്രമിക്കുകയും ചെയ്യുന്നു. നാറാത്ത് കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് പൊലീസ് തുടക്കത്തില്‍ ഉന്നയിച്ച ആവശ്യം. കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ചില പ്രമുഖരാണ് അതിന് തടസ്സംനിന്നത്. അതിന്റെ നന്ദിയുമുണ്ട് എസ്ഡിപിഐക്ക് യുഡിഎഫ് സര്‍ക്കാരിനോട്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ "പാര്‍ടി കോടതി സിദ്ധാന്തം" സൃഷ്ടിച്ചതിനും തലശേരിയിലെ ഫസല്‍ വധക്കേസ് സിബിഐ എന്ന കൂലിത്തല്ല് ഏജന്‍സിയുടെ ഉപജാപത്തിലൂടെ സിപിഐ എമ്മിനെതിരായ പ്രചാരണവിഷയമാക്കിയതിലും യുഡിഎഫ് ഭരണത്തോട് പോപ്പുലര്‍ ഫ്രണ്ടിന് ചെറുതല്ലാത്ത വിധേയത്വം ഉണ്ടാകേണ്ടതാണ്. സിപിഐ എമ്മിനെ ആക്രമിക്കാന്‍ കഴുത്തറുപ്പന്മാരെ കൂട്ടുപിടിക്കേണ്ടിവരുന്നതും യുഡിഎഫിന്റെ ഗതികെട്ട അവസ്ഥതന്നെ.

പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയെ തീവ്രവാദമുദ്രയടിച്ച് ആഘോഷം നടത്തിയവരുടെ ശബ്ദമൊന്നും ഇപ്പോള്‍ കേള്‍ക്കാനില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ മഅ്ദനി നിലപാടെടുത്തപ്പോള്‍, അദ്ദേഹത്തെയും പത്നിയെയും ആ പാര്‍ടിയെയാകെയും ഭീകരരാക്കി നാടുകടത്താനുള്ള അത്യുത്സാഹമായിരുന്നു യുഡിഎഫിനും മാധ്യമങ്ങള്‍ക്കും. ന്യൂനപക്ഷസംരക്ഷണത്തിന്റെയും മനുഷ്യാവകാശജാടയുടെയും മലക്കുകളായി വേഷംകെട്ടി നമുക്കുമുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനും അന്നത്തെ മഅ്ദനിവേട്ട നയനാനന്ദകരമായ കാഴ്ചയായിരുന്നു. അവര്‍തന്നെയാണ്, തങ്ങളുടെ സര്‍ക്കാരിനുകീഴിലുള്ള പൊലീസ് കണ്ടെത്തിയ തീവ്രവാദക്കേസ് ഇന്ന് വഴിതിരിച്ചുവിടുന്നതും നിസ്സാരവല്‍ക്കരിക്കുന്നതും. ആ ഉപകാരത്തിന് എ കെ ജി സെന്ററിനുമുന്നില്‍ സംഘടിച്ച് സിപിഐ എമ്മിനെതിരെ വെല്ലുവിളി മുഴക്കി പോപ്പുലര്‍ ഫ്രണ്ട് നന്ദികാട്ടുന്നത് സ്വാഭാവികം മാത്രം.

അഗാധമായ പ്രതിസന്ധി ഗ്രസിച്ച യുഡിഎഫിനെ രക്ഷിക്കാനുള്ള പ്രാകൃതമായ അഭ്യാസമാണ് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐക്കാര്‍ തലസ്ഥാനനഗരിയില്‍ കാട്ടിക്കൂട്ടിയതെന്ന് മനസ്സിലാക്കാനുള്ള സാഹചര്യത്തെളിവുകള്‍ നടേവിവരിച്ച വസ്തുതകളില്‍നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍, അവര്‍ വിശദീകരിക്കണം- യുഎപിഎ പ്രയോഗിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് സമരം നടത്തുന്നില്ല എന്ന്. യുഎപിഎക്കെതിരായ നിലപാടുള്ള സിപിഐ എമ്മിനെ എന്തിന് ആക്രമിക്കുന്നു എന്ന്. ഇതേകോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് തൊണ്ണൂറുകളുടെ പകുതിയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ "ടാഡ" എന്ന കരിനിയമം ലക്കുംലഗാനുമില്ലാതെ ഉപയോഗിച്ചത്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ കോണ്‍ഗ്രസുകാര്‍തന്നെയാണ് മിസയും ഡിഐആറും ഉപയോഗിച്ച് രാഷ്ട്രീയപ്രതിയോഗികളെ തുറുങ്കിലടച്ചത്. ഇവര്‍തന്നെയാണ് ഇപ്പോള്‍ കണ്ണൂരിലെയും കോഴിക്കോട്ടെയും ഇടതുപക്ഷ യുവജന- വിദ്യാര്‍ഥി നേതാക്കളെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി നാടുകടത്താന്‍ ഒരുമ്പെടുന്നത്. ആ ചരിത്രമൊന്നും മനസ്സിലാക്കാനുള്ള വിവേകബുദ്ധി പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ടാകണമെന്നില്ല. അവര്‍ സംഘര്‍ഷം സൃഷ്ടിക്കാനും മുട്ടാപ്പോക്കുന്യായം നിരത്തി വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും മറയിടാനുംമാത്രം പരിശീലനം സിദ്ധിച്ചവരാണ്. അവര്‍ക്ക് അതിനുള്ള കൂലിയാണ് പണമായും പൊന്നായും വരുന്നത്. സിപിഐ എമ്മിനെ വിരട്ടിയും പ്രകോപിപ്പിച്ചും സംഘര്‍ഷം സൃഷ്ടിച്ച് യുഡിഎഫിനെ രക്ഷപ്പെടുത്താനുള്ള അപകടകരമായ ഈ തന്ത്രം, കോണ്‍ഗ്രസിന്റെ "ബി" ടീമായി സിപിഐ എമ്മിനെതിരെ വിശാലസഖ്യവും "കോലീബി" സഖ്യവും തീര്‍ത്ത ആര്‍എസ്എസ് നിലപാടില്‍നിന്ന് വിഭിന്നമല്ല.

*
പി എം മനോജ് ദേശാഭിമാനി

No comments: