Thursday, June 6, 2013

വിവരാവകാശവും രാഷ്ട്രീയ പാര്‍ടികളും

2005ലെ വിവരാവകാശ നിയമമനുസരിച്ച് രാഷ്ട്രീയപാര്‍ടികളും "പൊതു അധികാരകേന്ദ്ര"മാണെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍ ഉത്തരവിട്ടിരിക്കുന്നു. ഈ തീരുമാനത്തിലൂടെ രാഷ്ട്രീയപാര്‍ടികളെ സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും സമാനമാക്കിയിരിക്കുകയാണ് കമീഷന്‍. വിവരാവകാശ നിയമമനുസരിച്ച് സര്‍ക്കാരില്‍നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും അവരുടെ തീരുമാനങ്ങളെക്കുറിച്ചും ചെലവുകളെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കുമെന്ന് മാത്രമല്ല, പ്രത്യേക ഫയലുകളിലെ വിവരങ്ങളും അറിയാനാകും. വിവരാവകാശ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ പൗരന്മാര്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ്.

പൗരന്മാരുടെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളാണ് ഇവയെന്നതിനാലാണിത്. വിവരാവകാശനിയമത്തെ സിപിഐ എമ്മും പിന്തുണച്ചിരുന്നു. ഈ നിയമം ജനാധിപത്യത്തെ ഒരടികൂടി മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതുമാണ്. എന്നിരുന്നാലും, വിവരാവകാശ നിയമത്തിന്റെ പരിധി വ്യാപിപ്പിച്ച് രാഷ്ട്രീയ പാര്‍ടികളെ "പൊതുഅധികാര" കേന്ദ്രമായി പ്രഖ്യാപിച്ചത് തെറ്റായ നടപടിയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള പങ്കിനെ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണ് ഈ ഉത്തരവ്. രാഷ്ട്രീയ പാര്‍ടികള്‍ സര്‍ക്കാര്‍ സംഘടനയോ സര്‍ക്കാര്‍ ഫണ്ട് പറ്റുന്ന സ്ഥാപനങ്ങളോ അല്ല. രാഷ്ട്രീയപാര്‍ടികളുടെ രൂപീകരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥകളില്ല. പൗരന്മാര്‍ സ്വമേധയാ ചേര്‍ന്ന് രൂപീകരിക്കുന്നതാണ് രാഷ്ട്രീയ പാര്‍ടി. ഏതെങ്കിലും പ്രത്യേക ആശയത്തിന്റെയോ പദ്ധതികളുടെയോ നേതൃത്വത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കാം രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്നത്. അതുകൊണ്ടാണ് ആശയത്തിലും സംഘടനാപ്രവര്‍ത്തനത്തിലും തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയപാര്‍ടികള്‍ രൂപംകൊള്ളുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സര്‍ക്കാരുകള്‍ക്ക് രൂപംനല്‍കുന്ന രാഷ്ട്രീയപാര്‍ടികളും പ്രതിപക്ഷത്തിരിക്കുന്ന രാഷ്ട്രീയപാര്‍ടികളും ഉണ്ടാകും. അതിനാല്‍ ഈ രാഷ്ട്രീയപാര്‍ടികളൊക്കെ സര്‍ക്കാരില്‍നിന്ന് നേരിട്ടോ പരോക്ഷമായോ ഫണ്ട് സ്വീകരിക്കുന്നുവെന്നതിന്റെ പേരില്‍ "പൊതു അധികാരകേന്ദ്രമാണെന്ന്" വിധിക്കുന്നത് അടിസ്ഥാനപരമായി തെറ്റാണ്.

വിവരാവകാശ നിയമമനുസരിച്ച് രാഷ്ട്രീയ പാര്‍ടികള്‍ "പൊതുഅധികാര കേന്ദ്രമാണെന്ന"് കേന്ദ്ര വിവരാവകാശ കമീഷന്‍ പ്രഖ്യാപിച്ചതോടെ ആര്‍ക്കും രാഷ്ട്രീയ പാര്‍ടികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അവരുടെ രാഷ്ട്രീയവും സംഘടനാപരവും നയപരവുമായ തീരുമാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ധനകാര്യ-പണ സ്രോതസ്സുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. വിവരാവകാശ നിയമമനുസരിച്ച് ഒരു പൗരന് സര്‍ക്കാര്‍ വകുപ്പ് എടുത്ത തീരുമാനത്തെക്കുറിച്ചും അത് നടപ്പാക്കിയതിനെക്കുറിച്ചും വിവരം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഫയലില്‍ കുറിച്ചിട്ട അഭിപ്രായവും ഔദ്യോഗികമായി നടന്ന എഴുത്തുകുത്തുകളും ഇതുവഴി ലഭിക്കും. കേന്ദ്ര വിവരാവകാശ കമീഷന്റെ പുതിയ ഉത്തരവനുസരിച്ച് രാഷ്ട്രീയ പാര്‍ടികളുടെ ഉള്‍പാര്‍ടി ചര്‍ച്ചകളും പൗരന്മാര്‍ക്ക് ലഭിക്കുന്നതാണ്. തീരുമാനത്തിന് അടിസ്ഥാനമായ രേഖകളും ഭാരവാഹികളുടെ അഭിപ്രായവും അടക്കം അവര്‍ക്ക് തിരക്കാവുന്നതാണ്. ഇത്തരമൊരു നടപടിക്രമം സ്വീകരിച്ചാല്‍ ഉള്‍പാര്‍ടി ജനാധിപത്യപ്രവര്‍ത്തന മാതൃകയാണ് തകര്‍ക്കപ്പെടുക. സ്വകാര്യമായിരിക്കുമെന്ന ഉറപ്പിലാണ് പാര്‍ടിക്കകത്ത് പല ചര്‍ച്ചകളും നടക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുന്നതും. അത്തരം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത് ഉള്‍പാര്‍ടി ചര്‍ച്ചകള്‍ക്കുമേലും അതിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കുംമേലുള്ള കടന്നുകയറ്റമായിരിക്കും. ഇത് രാഷ്ട്രീയ പാര്‍ടിയുടെ ഘടനയെത്തന്നെ അട്ടിമറിക്കുന്നതാണ്. ഇത്തരമൊരു അവസ്ഥയില്‍ സിപിഐ എമ്മിന്റെ ഉള്‍പാര്‍ടികാര്യങ്ങളെക്കുറിച്ച് ബിജെപിക്കാരനും മറിച്ചും വിവരങ്ങള്‍ തേടാവുന്നതാണ്.

ഒരു രാഷ്ട്രീയ പാര്‍ടിയുടെ എതിരാളികള്‍ വിവരാവകാശ നിയമത്തെ എതിര്‍ രാഷ്ട്രീയപാര്‍ടിക്കെതിരെയുള്ള ഉപകരണമായി ഉപയോഗിക്കും. ജനാധിപത്യ കേന്ദ്രീകരണമെന്ന തത്വത്താല്‍ സംഘടിപ്പിക്കപ്പെട്ട പാര്‍ടിയാണ് സിപിഐ എം. കമ്യൂണിസ്റ്റ് പാര്‍ടികള്‍ മാത്രം അംഗീകരിക്കുന്ന, മറ്റൊരു രാഷ്ട്രീയ പാര്‍ടിയും സ്വീകരിക്കാത്ത രീതിയാണിത്. പാര്‍ടിയുടെ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ അത് പാര്‍ടിയുടെ അച്ചടക്കത്തെയാണ് നേരിട്ട് ബാധിക്കുക. ജനാധിപത്യ കേന്ദ്രീകരണമനുസരിച്ച് പാര്‍ടി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളില്‍ ജനാധിപത്യപരമായി സ്വതന്ത്രമായി നടത്തുന്ന ഉള്‍പാര്‍ടി ചര്‍ച്ചകള്‍ പുറത്തുവിടാറില്ല. ഉള്‍പാര്‍ടി ചര്‍ച്ചകളും പ്രവര്‍ത്തനരീതിയും അതത് പാര്‍ടികളാണ് തീരുമാനിക്കുന്നത്. സ്വമേധയാ പാര്‍ടിയില്‍ ചേര്‍ന്ന അംഗങ്ങളോട് മാത്രമാണ് പാര്‍ടിക്ക് ഉത്തരവാദിത്തമുള്ളത്. പാര്‍ടി തീരുമാനങ്ങളും സംഘടനാപരമായ പ്രവര്‍ത്തനവും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നത് പാര്‍ടി സമ്പ്രദായത്തെത്തന്നെ അട്ടിമറിക്കും.

രാഷ്ട്രീയ പാര്‍ടികളുടെ ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണിത്. രാഷ്ട്രീയ പാര്‍ടികള്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം പരസ്യമാക്കണമെന്നാണ് ഒരു വിവരാവകാശ അപേക്ഷ ആവശ്യപ്പെട്ടത്. ഇക്കാര്യം കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവിലും ഇടം പിടിച്ചിട്ടുണ്ട്. എങ്ങനെയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് എന്നത് അതത് രാഷ്ട്രീയ പാര്‍ടികളുടെ മാത്രം കാര്യമാണ്. അതെങ്ങനെയാണ് മറ്റുള്ളവരുടെ ഉല്‍ക്കണ്ഠയാകുന്നത്? ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി വിലയിരുത്തല്‍ നടത്തി ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും ചെയ്യേണ്ടെന്നും തീരുമാനിക്കാം. ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിയമചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ഏത് മാനദണ്ഡമനുസരിച്ചും ഈ തെരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് അധികാരമുണ്ട്. ഉദാഹരണത്തിന് ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ പാടില്ല. കാരണം, നിയമമനുസരിച്ച് അത്തരക്കാരുടെ സ്ഥാനാര്‍ഥിത്വം അസാധുവാകും. സ്വയം നിര്‍ണയിക്കുന്ന മാനദണ്ഡമനുസരിച്ച് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള സഹജമായ അവകാശം രാഷ്ട്രീയ പാര്‍ടികള്‍ക്കുണ്ടെന്ന കാര്യം ചോദ്യംചെയ്യപ്പെടാന്‍ പാടില്ല. അത് പൊതുപരിശോധനയ്ക്കും വിധേയമാകരുത്.

സര്‍ക്കാരുകള്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ഗണ്യമായ ധനസഹായം നല്‍കുന്നുവെന്നാണ് കേന്ദ്ര വിവരാവകാശ കമീഷന്‍ പറയുന്നത്. ഇതിന് കമീഷന്‍ നിരത്തുന്ന ഉദാഹരണങ്ങള്‍ അപ്രസക്തവും നിസ്സാരവുമാണ്. ഉദാഹരണത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍, ആകാശവാണി എന്നീ മാധ്യമങ്ങള്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കുന്ന സമയമാണ് കമീഷന്‍ എടുത്തുകാട്ടുന്നത്. ഈ സമയത്തിന് കമീഷന്‍ കണക്കുകൂട്ടുന്ന പണം പ്രധാനപരസ്യസമയവുമായി താരതമ്യപ്പെടുത്തുന്നത് അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് സംപ്രേഷണങ്ങള്‍ ഒരിക്കലും വാണിജ്യാടിസ്ഥാനത്തില്‍ കണക്കുകൂട്ടുന്നത് ശരിയല്ല. രണ്ടാമതായി, ഈ സംപ്രേഷണത്തിന് രാഷ്ട്രീയപാര്‍ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള പ്രധാന്യം നിസ്സാരവുമാണ്. രാഷ്ട്രീയ പാര്‍ടികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് മറ്റിതര തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ്. രാഷ്ട്രീയ പാര്‍ടികള്‍ക്ക് ഓഫീസിനായി വാടകയ്ക്കോ വില്‍പ്പനയായോ കെട്ടിടമോ ഭൂമിയോ നല്‍കുന്നതാണ് സര്‍ക്കാര്‍ ധനസഹായം സംബന്ധിച്ച് കമീഷന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരുദാഹരണം. രാഷ്ട്രീയ പാര്‍ടികള്‍ വാണിജ്യസ്ഥാപനങ്ങളോ ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ അല്ല. ഇതുപോലെയുള്ള സര്‍ക്കാരിതര സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമിയും കെട്ടിടവും നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ വാണിജ്യേതര ധര്‍മസ്ഥാപനങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നല്‍കിയതുപോലെ രാഷ്ട്രീയ പാര്‍ടികള്‍ക്കും കമ്പോളവിലയെ അപേക്ഷിച്ച് ഇളവുകളോടുകൂടി ഭൂമി നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഗണ്യമായ ഫണ്ട് നല്‍കിയെന്ന് പറയുന്നത് അപ്രസക്തവും തെറ്റുമാണ്. രാഷ്ട്രീയ പാര്‍ടികള്‍ എങ്ങനെയാണ് അവരുടെ പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കുന്നതെന്നത് പൊതുവായ ഉല്‍ക്കണ്ഠയാണ്. രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള പണസമാഹരണവും ധനവിനിമയവും സുതാര്യവും കൂട്ടുത്തരവാദിത്തത്തോടെയുമായിരിക്കണം. നിലവിലുള്ള നിയമമനുസരിച്ച് എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ടികളും ധനസ്ഥിതി സംബന്ധിച്ച വാര്‍ഷിക പ്രസ്താവന ആദായനികുതി വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമീഷനും നല്‍കണം. വിവരാവകാശ നിയമമനുസരിച്ച് ആര് അപേക്ഷ നല്‍കിയാലും രാഷ്ട്രീയ പാര്‍ടികളുടെ ഓഡിറ്റ് അക്കൗണ്ടുകളും ധനവിനിമയവും സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ലഭ്യമാക്കും.

നിലവിലുള്ള നിയമമനുസരിച്ച് 20,000 രൂപയോ അതിലധികമോ ഉള്ള സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍ അത് നല്‍കുന്നയാളുടെ പേരും വിലാസവും രേഖപ്പെടുത്തണം. ഈ പട്ടികയും തെരഞ്ഞെടുപ്പ് കമീഷന്‍ വഴി വിവരാവകാശ നിയമത്തിലൂടെ അപേക്ഷിച്ചാല്‍ ലഭിക്കും. രാഷ്ട്രീയ പാര്‍ടികള്‍ സമര്‍പ്പിക്കുന്ന ആദായനികുതി റിട്ടേണുകള്‍കൂടി പരസ്യമാക്കാമെന്ന് വാദിക്കുന്ന പാര്‍ടിയാണ് സിപിഐ എം. വിവരാവകാശനിയമത്തിലെ വകുപ്പുകളുപയോഗിച്ച് രാഷ്ട്രീയ പാര്‍ടികളുടെ ധനവിനിയോഗത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളില്‍നിന്ന് വിവരം ലഭിക്കും. കൂടുതല്‍ വിരങ്ങള്‍ ലഭ്യമാക്കുംവിധം ഇത് വിപുലപ്പെടുത്തുകയുമാകാം. എന്നാല്‍, ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തത് രാഷ്ട്രീയ പാര്‍ടികളെ "പൊതുഅധികാര കേന്ദ്രമായി" നിര്‍വചിച്ച് വിവരാവകാശ നിയമത്തിന് കീഴിലാക്കുന്നതാണ്. ഇത് കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിശദീകരിച്ചുകഴിഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ടിയെ ഗണ്യമായ സര്‍ക്കാര്‍ പണം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനയെപ്പോലെ കാണരുത്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. "പൊതുഅധികാരകേന്ദ്രമാണെ"ന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയ പാര്‍ടികളുടെ ഈ പങ്കിനെ തടസ്സപ്പെടുത്തുകയോ അതില്‍ കൈകടത്തുകയോ ചെയ്യരുത്. എല്ലാ രാഷ്ട്രീയ പാര്‍ടികളും സുപ്രധാനമായ ഈ വിഷയം സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് ആവശ്യമായ ഒരു വിശദീകരണം ലഭ്യമാക്കണം. വിവരാവകാശനിയമത്തില്‍ വ്യക്തത വരുത്തുകയും വേണം.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

No comments: