Thursday, June 20, 2013

അമേരിക്കന്‍ ആധിപത്യം വരുന്ന വഴികള്‍

അടുത്തയിടെയുണ്ടായ രണ്ട് സംഭവങ്ങള്‍ ആഗോളാധിപത്യത്തിനു വേണ്ടിയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ വെളിവാക്കുന്നതാണ്. ഒന്നാമത്തേത് സിറിയയില്‍ ഇടപെടല്‍ ശക്തമാക്കാനുള്ള അമേരിക്കയുടെ തീരുമാനം. ഇതുവരെയും അമേരിക്കയും നാറ്റോയും സിറിയയിലെ വിമതരെ സഹായിച്ചിരുന്നു. അമേരിക്കന്‍ സഖ്യകക്ഷികളായ സൗദി അറേബ്യയെയും ഖത്തറിനെയും തുര്‍ക്കിയെയും സിറിയന്‍ വിമതര്‍ക്ക് ആയുധങ്ങളും പണവും നല്‍കാന്‍ പ്രേരിപ്പിച്ചതു വഴിയായിരുന്നു ഈ സഹായം. നാറ്റോ പങ്കാളികളായ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹായവും ഇക്കാര്യത്തില്‍ അമേരിക്കയ്ക്കുണ്ട്.

അമേരിക്ക പ്രതീക്ഷിച്ചത് ബഷര്‍ അല്‍ അസ്സദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സര്‍ക്കാര്‍ നേരത്തേതന്നെ നിലംപൊത്തുമെന്നായിരുന്നു. സായുധ സംഘങ്ങളുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി പൊരുതിയിട്ടും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അസ്സദ് സര്‍ക്കാരിന് സ്വന്തം സൈന്യത്തെ സജീവമായി നിര്‍ത്താനും പ്രത്യാക്രമണം നടത്താനും വിമതരുടെ കൈവശമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും കഴിഞ്ഞു. വിമതരുടെ കൈവശമുണ്ടായിരുന്ന ക്വാസര്‍ നഗരം സിറിയന്‍ സൈന്യം പിടിച്ചെടുത്തത് വിമതര്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. ഇസ്ലാമിക മൗലികവാദികളും വിവിധരാജ്യങ്ങളിലെ കുടിയേറ്റക്കാരും ഉള്‍പ്പെടെയുള്ള സമ്മിശ്ര സംഘമാണ് സിറിയയിലെ വിമതര്‍. ടുണീഷ്യയിലെയും യെമനിലെയും അഫ്ഗാനിസ്ഥാനില്‍നിന്നുപോലുമുള്ള ഇസ്ലാമിക തീവ്രവാദികളും ഇതോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഇസ്ലാമിക തീവ്രവാദികള്‍ക്കാണ് മേല്‍ക്കൈ ലഭിക്കുകയെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാമായിരുന്നിട്ടും പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചത് സിറിയന്‍ വിമതര്‍ക്ക് യുദ്ധോപകരണങ്ങള്‍ നല്‍കുമെന്നാണ്. പരിശോധനയില്‍ സിറിയന്‍ സേന രാസായുധങ്ങള്‍ ഉപയോഗിച്ചുവെന്ന കാരണമാണ് ഇതിന് ന്യായീകരണമായി അമേരിക്ക മുന്നോട്ടുവയ്ക്കുന്നത്. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലിനുള്ള അതിര്‍വരമ്പാണിത്. 2003ല്‍ ഇറാഖിനെതിരെ ആക്രമണം നടത്താന്‍ സദ്ദാം ഹുസൈന്‍ വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന അന്നത്തെ പ്രസിഡന്റ് ജോര്‍ജ്ബുഷിന്റെ അവകാശവാദമാണ് ഓര്‍മയിലേക്ക് വരുന്നത്. സിറിയക്ക് ആയുധങ്ങള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ഉപരോധം യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചതിന് ശേഷമാണ് വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ തീരുമാനം. സിറിയയില്‍ അമേരിക്കന്‍- നാറ്റോ ഇടപെടലിന്റെ അരങ്ങൊരുങ്ങുകയാണ്. സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യക്ക് ഈ നീക്കം കടുത്ത വെല്ലുവിളിയാണ്. ലിബിയയില്‍നിന്ന് വ്യത്യസ്തമായി സിറിയന്‍ സര്‍ക്കാരിന് റഷ്യയുടെയും ഇറാന്റെയും പിന്തുണയുണ്ട്.

സിറിയന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ക്കാനും അമേരിക്കയും റഷ്യയും തീരുമാനിച്ചു. സിറിയന്‍ സര്‍ക്കാരും വിമതരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. റഷ്യയുടെ ആവശ്യമനുസരിച്ചാണ് സിറിയന്‍ സര്‍ക്കാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചത്. എന്നാല്‍, സിറിയന്‍ പ്രതിപക്ഷത്തെക്കൊണ്ട് ഇത് അംഗീകരിപ്പിക്കുന്നതില്‍ അമേരിക്ക വിജയിച്ചിട്ടില്ല. രണ്ടു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ 90000 പേര്‍ കൊല്ലപ്പെട്ടു. പത്തു ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ അയല്‍രാജ്യങ്ങളിലേക്ക് അഭയംപ്രാപിച്ചിരിക്കുകയാണ്. സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനം ആഭ്യന്തരയുദ്ധം ദീര്‍ഘിപ്പിക്കാനും കൂടുതല്‍ നാശത്തിനും മാത്രമേ വഴിവയ്ക്കൂ. സിറിയന്‍ സംഘര്‍ഷം അയല്‍രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍മാത്രമേ ഇത് സഹായിക്കൂ. ലെബനനിലും ഇറാഖിലും ഷിയ-സുന്നി വിഭാഗീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. ഇറാനെയും ലെബനനിലെ ഹിസ്ബൊള്ളയെയും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ സിറിയന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ്. സിറിയയില്‍ ഇടപെടല്‍ ശക്തമാക്കാനുള്ള അമേരിക്കയുടെ തീരുമാനം പ്രസിഡന്റ് ഒബാമയുടെ നേതൃത്വത്തിലും സാമ്രാജ്യത്വാധിനിവേശങ്ങള്‍ക്ക് ശമനമില്ലെന്നാണ് സൂചിപ്പിക്കുന്നത്. ആദ്യം ലിബിയയാണെങ്കില്‍ അടുത്ത ഉന്നം സിറിയയാണ്. രണ്ടാമത്തെ ഉദാഹരണം ലോകമെമ്പാടുമുള്ള ഇ-മെയിലുകളും മൊബൈലുകളും ടെലിഫോണുകളും ഇന്റനെറ്റ് വഴിയുള്ള സന്ദേശങ്ങളും അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി ശേഖരിക്കുന്നതായുള്ള വിവരമാണ്. ആധുനിക വിവരസങ്കേതിക വിദ്യ ലോകാധിപത്യത്തിനായി അമേരിക്ക എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണംകൂടിയാണിത്. "പ്രിസം" എന്ന് പേരിട്ടുള്ള പദ്ധതിക്കു കീഴില്‍ പ്രധാന ടെലികോം കമ്പനികളായ ഗൂഗിള്‍, വെറിസോണ്‍, എടി ആന്‍ഡ് ടി, മൈക്രോസോഫ്റ്റ്, യാഹു, ആപ്പിള്‍, ഫേസ്ബുക് എന്നിവ അമേരിക്കന്‍ സര്‍ക്കാരിന്റെ ഉപകരണങ്ങള്‍മാത്രമാണ് എന്നും വ്യക്തമാക്കപ്പെട്ടു. ഇന്റര്‍നെറ്റിലെയും ടെലിഫോണിലെയും എല്ലാ വസ്തുതകളും അമേരിക്കയ്ക്ക് നല്‍കുന്നത് രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും വ്യക്തികളുടെ സ്വകാര്യതയെയും ലംഘിക്കുന്നതാണ്. രഹസ്യാന്വേഷണ ശേഖരത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. മേല്‍പ്പറഞ്ഞ കമ്പനികള്‍ വഴിയുള്ള 630 കോടി വസ്തുതകളാണ് ഇന്ത്യയില്‍നിന്നുമാത്രം ഇവര്‍ ശേഖരിച്ചത്. വിദേശികളുടെ വിവരങ്ങള്‍മാത്രമാണ് ചോര്‍ത്തിയതെന്നും അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യത ലംഘിച്ചിട്ടില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് പരസ്യമായി പ്രസ്താവിച്ചത്. ഇതിനര്‍ഥം ഇന്ത്യയിലെ അമേരിക്കന്‍ കമ്പനികളും അവരുടെ സെര്‍വറുകളും വഴി വിനിമയം ചെയ്യപ്പെട്ട എല്ലാ ഇ-മെയിലുകളും ടെലിഫോണ്‍കോളുകളും വസ്തുതകളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്നാണ്.

ഉദാഹരണത്തിന് ഇന്ത്യന്‍ സര്‍ക്കാരും പൗരന്മാരും അമേരിക്കന്‍ കമ്പനിയായ ഗൂഗിള്‍ വഴി അയക്കുന്ന ഇ-മെയിലുകളും ടെലിഫോണ്‍ വിളികളും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നാണ്. അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിക്കുകയും ഈ നിരീക്ഷണം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനപ്പുറം രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇന്ത്യയിലെ വസ്തുതകള്‍ രാജ്യത്തിനകത്തുതന്നെ നില്‍ക്കുമെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമെങ്കില്‍ നിനയമനിര്‍മാണംവരെ നടത്തണം. ഇതിനായി വിദേശ മധ്യവര്‍ത്തികളില്‍ സമ്മര്‍ദം ചെലുത്താനും തയ്യാറാകണം. സെര്‍വര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ ശരിയാംവിധമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. മാത്രമല്ല മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്കന്‍ കമ്പനികള്‍ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്ന ലോകമെമ്പാടുമുള്ള ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്ന് ഉറപ്പ് വരുത്തണം.

ഇന്റര്‍നെറ്റ് ഭരണം ജനാധിപത്യവല്‍ക്കരിക്കാനുള്ള സംരംഭങ്ങള്‍ക്കും ഇന്ത്യ മുന്‍കൈ എടുക്കണം. അതുവഴി രാജ്യങ്ങളുടെ പരമാധികാരവും വ്യക്തിസ്വാതന്ത്ര്യവും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഹനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല. കാരണം ഇന്ത്യന്‍ സര്‍ക്കാരിന് സൈനികവും സുരക്ഷാപരവുമായ ബന്ധമാണ് അമേരിക്കയുമായിട്ടുള്ളത്. ഈ സമീപനം കാരണം രാജ്യത്തിന്റെ സുപ്രധാനമേഖലകളില്‍ നുഴഞ്ഞുകയറാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. അമേരിക്ക ഇന്ത്യയെ നിരീക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യ കൂടുതല്‍ അവര്‍ക്ക് വഴങ്ങി നില്‍ക്കണമെന്നതുകൊണ്ടാണ്.

*
പ്രകാശ് കാരാട്ട്

No comments: