Monday, June 17, 2013

രാമു കാര്യാട്ട് ഒരു ദേശം പ്രതിഭയെ സൃഷ്ടിച്ച കഥ

രാമു കാര്യാട്ട്... ഒരിടത്തും ആ ജീവിതം രേഖപ്പെടുത്തപ്പെട്ടില്ല. ചേറ്റുവയിലെ വഴികളില്‍ ആ കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് അന്വേഷണം. ചെന്നെത്തിയതൊക്കെ കുറെ നാട്ടുമ്പുറത്തുകാരിലേക്കാണ്. അതിരുകളൊന്നും പ്രതിഭയ്ക്കു മുന്നില്‍ വരച്ചിടാന്‍ പാടില്ലെന്ന് വിശ്വസിച്ചവര്‍. മാനവികതയുടെ തലച്ചോറുകൊണ്ട് നമ്മേക്കാളും മുന്നെ ചിന്തിച്ച ഒരു ജനതയുടെ, ഒരു കാലത്തിന്റെ സൃഷ്ടിയാണ് രാമുവെന്ന് തിരിച്ചറിയുകയായിരുന്നു.

ഒരു പ്രതിഭ ഇവിടെ ജീവിച്ചു എന്നതിനു തെളിവ് അവന്റെ വസന്തത്തില്‍ പൂത്ത ചില വാടാപൂക്കളാണ്. എന്നാല്‍, അവനെങ്ങനെയാണ് വസന്തം കനിഞ്ഞ പൂമരമായതെന്ന് ആരും അന്വേഷിക്കാറില്ല. രാമു കാര്യാട്ട്... ഒരിടത്തും ആ ജീവിതം രേഖപ്പെടുത്തപ്പെട്ടില്ല. ചേറ്റുവപോലൊരു കടലോരഗ്രാമത്തില്‍നിന്ന് എങ്ങനെയാണ് ഇത്തരമൊരു ലോകോത്തര പ്രതിഭയുണ്ടായത്. എന്തുകൊണ്ടാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ സിപിഐ എം എന്ന മഹാപ്രസ്ഥാനം മുതിര്‍ന്നത്. സിനിമാക്കാരന്‍ എന്നതിനപ്പുറം എന്താണ് രാമു. ഈ ആകാംക്ഷയിലാണ് ചേറ്റുവയിലെ വഴികളില്‍ ആ കാല്‍പ്പാടുകളെ പിന്തുടര്‍ന്ന് അന്വേഷണം തുടങ്ങിയത്. ചെന്നെത്തിയതൊക്കെ കുറെ നാട്ടുമ്പുറത്തുകാരിലേക്കാണ്. പ്രതിഭയ്ക്കു മുന്നില്‍ അതിരുകളൊന്നും വരച്ചിടാന്‍ പാടില്ലെന്ന് വിശ്വസിച്ചവര്‍. മാനവികതയുടെ തലച്ചോറുകൊണ്ട് നമ്മേക്കാളും മുന്നെ ചിന്തിച്ച ഒരു ജനതയുടെ, ഒരു കാലത്തിന്റെ സൃഷ്ടിയാണ് രാമുവെന്ന് തിരിച്ചറിയുകയായിരുന്നു.

ചേറ്റുവയിലെ രാമു

ചരിത്രത്തില്‍ പലയിടങ്ങളില്‍ പല പേരില്‍ രേഖപ്പെടുത്തപ്പെട്ട മണ്ണ്. കുറെയേറെ സംസ്കാരങ്ങള്‍ കപ്പലിറങ്ങിയ തീരം. വൈദേശികപതാകകള്‍ പാറിക്കളിച്ച കപ്പലുകള്‍ ഉലഞ്ഞാടിയ അഴിമുഖം. സാമൂതിരിയും കൊച്ചിരാജാവും വൈദേശികരെ പ്രീണിപ്പിച്ചും ചിലപ്പോള്‍ ഏറ്റുമുട്ടിയും നിന്ന കാലം. കുഞ്ഞാലിമരക്കാരും ഒട്ടേറെ പടനായകരും പടക്കപ്പലുകളുമായി കാവല്‍ കിടന്ന തീരം. ഫോര്‍ട്ട്വില്യം- ചേറ്റുവായില്‍ ഡച്ചുകാര്‍ ഉയര്‍ത്തിയ കോട്ട. ഇതിന്റെ കൊടിമരത്തില്‍ പതാക കെട്ടാനായി പൊരുതിയവര്‍ വെള്ളക്കാര്‍ മുതല്‍ ഹൈദരാലിവരെ. പിന്നെ കശുമാവിന്‍തോപ്പുകളില്‍ നിറഞ്ഞ കുടിലുകളുടെയും ദുരിതത്തിന്റെയും ഭൂതകാലം. ജാതീയതയും പ്രമാണിത്തവും മുകളില്‍ നിറഞ്ഞുനിന്ന കാലത്തും മനുഷ്യസ്നേഹത്തിന്റെ ഒരു നാമ്പ് ഈ ദേശം കാത്തുസൂക്ഷിച്ചു. ശ്രീനാരായണന്റെ യാത്രകള്‍, ഭ്രാതാ വേലുക്കുട്ടിമാസ്റ്ററും വി എസ് കേരളിയനും തുറന്നുവച്ച മനുഷ്യസ്നേഹത്തിന്റെയും നവോത്ഥാനത്തിന്റെയും ചിറകുകള്‍. മഹാകവി ചേറ്റുവ പരീക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ കൊളുത്തിവച്ച സാംസ്കാരികദീപങ്ങള്‍. ഈ സാംസ്കാരികഭൂമികയിലാണ് പുരാതന ഈഴവപ്രമാണികുടുംബത്തിലേക്ക് നിലവിളിയുമായി അവന്‍ കടന്നുവന്നത്. കാര്യാട്ട് കുഞ്ഞയ്യപ്പന്റെയും കാര്‍ത്ത്യായനിയുടെയും ഏകപുത്രനായി 1928 ഫെബ്രുവരി ഒന്നിന് പിറന്നുവീണ അവനെ രാമു എന്നു വിളിച്ചു. കൗമാരത്തില്‍ നാട്ടുപ്രമാണിമാര്‍ തെമ്മാടിയെന്നും യൗവനത്തില്‍ ലോകം പ്രതിഭാശാലിയെന്നും മാറ്റിവിളിച്ചു.

നിഷേധത്തിന്റെ കാറ്റ്

രാമു കുഞ്ഞായിരിക്കുമ്പോഴേ അച്ഛന്‍ മരിച്ചു. അമ്മയ്ക്ക് അന്ന് വയസ്സ് ഇരുപത്തേഴ്. നാട്ടുനടപ്പുകള്‍ക്ക് വഴങ്ങാതെ അമ്മ മകനുവേണ്ടി ജീവിച്ചു. അംശം അധികാരികളുടെ ആജ്ഞകള്‍ മുഴങ്ങിയ കാര്യാട്ടെ അകത്തളങ്ങളിലും അടുക്കളപ്പുറങ്ങളിലും ഒതുങ്ങിയ ജീവിതം. അച്ഛനില്ലാത്ത മകന്‍ എവിടെയും നിന്ദിക്കപ്പെട്ടു. ശ്രീനാരായണ എലിമെന്ററി സ്കൂളിലിലും കണ്ടശ്ശാംകടവ് ഗവണ്‍മെന്റ് ഹൈസ്കൂളിലുമായിരുന്നു പഠനം. ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഭ്രാതാ വേലുക്കുട്ടിമാസ്റ്റര്‍ എഴുതി സംവിധാനം ചെയ്ത നാടകത്തിലഭിനയിക്കുന്നത് അധ്യാപകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. പക്ഷേ, ഉള്ളിലെ കിളി കൂടുവിട്ട് പുറത്തുവന്നത് അന്നാണ്. നല്ല നടനായി രാമു. മിടുക്കനായിരുന്നെങ്കിലും പത്താംക്ലാസില്‍ തോറ്റു. ശേഷം ഏതാണ്ട് ഗുണപരമായ അരാജകത്വത്തിന്റെ പാതയിലേക്ക് നടന്നടുക്കുകയായിരുന്നു. മരണംവരെ തുടര്‍ന്ന ഈ അരാജകത്വമാണ് രാമുവിനെ രാമു കാര്യാട്ടാക്കുന്നത്. വീടിനോടുള്ള പ്രതിഷേധം ഒരു തരം അലച്ചിലിലേക്കും പിന്നെ നിഷേധത്തിലേക്കും വലിയ സൗഹൃദങ്ങളിലേക്കും നയിച്ചു.

അലച്ചിലും അന്വേഷണവും

അലച്ചിലുകളൊന്നും രാമുവിന്റെ പ്രതിഭയെ തളര്‍ത്തിയില്ല. മലയാളസാഹിത്യത്തിലെ ചെറുകഥകളുടെ സുവര്‍ണകാലമായിരുന്നു അത്. കാരൂരും എസ് കെ പൊറ്റെക്കാട്ടും തുറന്നിട്ട ജീവിതത്തിന്റെ വാക്ചിത്രങ്ങളിലൂടെ രാമു നടന്നുകയറി. പുസ്തകം തേടിയുള്ള അന്വേഷണം കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള അടുപ്പത്തിലേക്കാണ് നയിച്ചത്. മലപ്പുറത്തും മറ്റു ജില്ലകളിലും പാര്‍ടി ഓഫീസുകളില്‍ അന്തിയുറങ്ങി. ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന രാമു പി ഭാസ്കരന്റെ വിപ്ലവഗാനങ്ങള്‍ മധുരമായി പാര്‍ടിവേദികളില്‍ ആലപിക്കുന്ന ഗായകനുമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും രണ്ടല്ലെന്ന ധാരണ രാമുവിനുണ്ടായിരുന്നു. ഡി എം പൊറ്റെക്കാട്ടിന്റെയും കെ എസ് കെ തളിക്കുളത്തിന്റെയും നേതൃത്വത്തില്‍ നാടകപ്രവര്‍ത്തനങ്ങളില്‍ രാമുവും ചേരുന്നു. നാടകപ്രവര്‍ത്തനം, പാര്‍ടിവേദികളില്‍ പാട്ടുപാടല്‍. പിന്നെ കെപിഎസിയുടെ അണിയറ പ്രവര്‍ത്തകനായി. മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയും സൗഹൃദസദസ്സുകളിലും നാടകസദസ്സിലും രാമുവുണ്ടായിരുന്നു. ആഴത്തിലുള്ള ജനകീയബന്ധവും രാമുവിനുണ്ടായിരുന്നു. 1965ല്‍ നാട്ടിക നിയമസഭാമണ്ഡലത്തില്‍ രാമു സിപിഐ എം പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ഥിയായതിന്റെയും ജയിച്ചതിന്റെയും പശ്ചാത്തലം ഇതാണ്.

ശോഭന സ്റ്റുഡിയോ, സൗണ്ട് മാസിക

കലാരംഗത്തെ ബന്ധങ്ങളും അന്വേഷണങ്ങളുമാണ് തൃശൂരില്‍ ശോഭന പരമേശ്വരന്‍നായരുടെ ശോഭന സ്റ്റുഡിയോയില്‍ രാമുവിനെ എത്തിച്ചത്. സാഹിത്യകാരന്മാരുടെയും സിനിമാപ്രവര്‍ത്തകരുടെയും താവളമാണ് അന്ന് ശോഭന. സിനിമാ പ്രസിദ്ധീകരണമായ സൗണ്ട് മാസികയുടെ അണിയറപ്രവര്‍ത്തകനായിരുന്ന ഇക്കാലത്ത് രാമുവിന്റെ ചിന്തയും മനസ്സും രൂപപ്പെടുകയായിരുന്നു. 1952ല്‍ തിരമാല സിനിമയുടെ സംവിധായകന്‍ പി ആര്‍ എസ് പിള്ള ശോഭനയിലെത്തുന്നു, ഒരു സഹായിയെ തേടി. തന്റെ മുന്നിലുള്ള ചെറുപ്പക്കാരന്റെ കഴിവില്‍ സംശയമില്ലാതിരുന്ന പരമേശ്വരന്‍നായര്‍ രാമുവിനെ നിര്‍ദേശിക്കുന്നു. തിരമാലയില്‍ സഹസംവിധായകനായി രാമു അരങ്ങേറ്റം കുറിച്ചു. വിമല്‍കുമാറും പി ആര്‍ എസ് പിള്ളയും ചേര്‍ന്ന് സംവിധാനംചെയ്തു. പുഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഇരട്ടക്ലൈമാക്സ് ചിത്രമായിരുന്നു.

രാമുവിനായി ചേറ്റുവയുടെ നീലക്കുയില്‍

ഇതിനു പുറകെയാണ് നീലക്കുയില്‍ വരുന്നത്. രാമുവിനുവേണ്ടി ചേറ്റുവ നിര്‍മിച്ച ചിത്രംതന്നെയായിരുന്നു അത്. രാമുവിന്റെ പ്രതിഭയെ കുട്ടിക്കാലംമുതലേ തിരിച്ചറിഞ്ഞ ബാല്യകാലസുഹൃത്തും സഹപാഠിയും അതിനേക്കാളുപരി അതിരുകളില്ലാത്ത ആത്മബന്ധങ്ങളുടെ സൂക്ഷിപ്പുകാരനുമായിരുന്ന ആര്‍ പി ഉമ്മര്‍കുട്ടി സഹോദരി റഹീമയുടെ ഭര്‍ത്താവായ കൊച്ചി സ്വദേശി ടികെ പരീക്കുട്ടിയോടു നടത്തിയ അഭ്യര്‍ഥനയാണ് ചന്ദ്രതാര പ്രൊഡക്ഷന്‍സിന്റെ ഉദയത്തിനു കാരണമായത്. മലയാളസിനിമയുടെ ചരിത്രത്തില്‍ ചന്ദ്രതാരയെന്ന പേര് മായ്ചാലും മായില്ല. ഇവിടെ പി ഭാസ്കരനെ കൂടെ കൂട്ടുകയും സംവിധാനം അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുക്കുകയും ചെയ്ത വലിയ മനസ്സ് രാമു എന്നും കാത്തുസൂക്ഷിച്ചു. ഒരുപക്ഷേ, ഉമ്മര്‍ക്കുട്ടിയും പരീക്കുട്ടിയുമില്ലായിരുന്നെങ്കില്‍ രാമു ഈയര്‍ഥത്തില്‍ സൃഷ്ടിക്കപ്പെടുമായിരുന്നോ എന്ന് സംശയം. അത്രയേറെ പിന്‍ബലമാണ് പല ഘട്ടങ്ങളിലും അവര്‍ രാമുവിന് നല്‍കിയത്.

തുറന്നുവച്ച മനസ്സ്

നാട്ടിലെത്തുമ്പോള്‍ അയല്‍പക്കക്കാരായ പാവങ്ങള്‍ക്ക് എണ്ണാതെ പണം വാരിക്കൊടുത്തിരുന്ന ഒരാള്‍. എല്ലാം എല്ലാവര്‍ക്കുമായി തുറന്നുവച്ച മനസ്സ.് പുതിയ കലാകാരന്മാര്‍ക്ക് അവസരമൊരുക്കുന്നത് ആഹ്ലാദംപോലെ ഏറ്റെടുത്തു. എം എസ് ബാബുരാജ്, ബാലു മഹേന്ദ്ര, ഋഷികേശ് മുഖര്‍ജി, മര്‍ക്കസ് ബര്‍ട്ലി, ലതാ മങ്കേഷ്കര്‍, മന്നാഡേ, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, മധു തുടങ്ങി ഒട്ടേറെ മഹാപ്രതിഭകള്‍ മലയാളസിനിമാലോകത്തേക്ക് കടന്നുവന്നത് രാമുവഴിയാണ്. നീലക്കുയിലിനുശേഷമാണ് രാമു വിവാഹിതനാകുന്നത്. ഭാര്യ സതി. സോമന്‍, സുധീര്‍, സുമ എന്നിവര്‍ മക്കള്‍. സോമന്‍ പതിമൂന്നാം വയസ്സില്‍ മരിച്ചു. ഇതോടെയാണ് കൈവിട്ട മദ്യപാനത്തിലേക്ക് രാമു വീഴുന്നത്.

അമ്മയും മകനും

അമ്മയാണ് എക്കാലത്തും രാമുവിന്റെ പ്രചോദനം പിന്നെ ചേറ്റുവയും അവിടത്തെ സൗഹൃദങ്ങളും. അമ്മയും രാമുവും തമ്മിലുള്ള ബന്ധം അത്രമേല്‍ അഗാധമായിരുന്നു. ഏതു തിരക്കിലും അമ്മയെ കാണാന്‍ രാമു സമയം മാറ്റിവയ്ക്കും. 27-ാം വയസ്സില്‍ വിധവയായ കാര്‍ത്യായനി പിന്നീടുള്ള കാലംമുഴുവന്‍ ജീവിച്ചത് മകനുവേണ്ടിയായിരുന്നു. അവന്‍ വളര്‍ന്ന് വലിയവനായിട്ടും നാട്ടിലെ ഉത്സവപ്പറമ്പുകളിലെ പലഹാരങ്ങള്‍ പാത്രങ്ങളിലടച്ചു സൂക്ഷിക്കുമായിരുന്നു അമ്മ. എത്തുന്ന സമയത്ത് അവനത് സ്വാദ് നോക്കുകയും ചെയ്യുമായിരുന്നു. രാമു ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞതോടെ അബോധാവസ്ഥയിലായ അമ്മ ചിത്തഭ്രമം ബാധിച്ച മനസ്സുമായാണ് പിന്നീട് ജീവിച്ചത്. മരണംവരെ.

"റ" വീട്

ദേശീയപാത 17ല്‍ "റ" വീടുണ്ട്. അന്നും ഇന്നും കാഴ്ചക്കാര്‍ക്ക് അത്ഭുതമായി നില്‍ക്കുന്ന ഈ വീട് രാമു കാര്യാട്ട് അമ്മയ്ക്കു വേണ്ടി തീര്‍ത്തതാണ്. മഞ്ഞുപ്രദേശത്തെ വസതിയായ ഇഗ്ലുവിന്റെ രൂപത്തില്‍ നിര്‍മിച്ച ഈ വീടിന്റെ ഡിസൈന്‍ ഒരു റഷ്യന്‍ ആര്‍ടിക്ടെക്ടിന്റേതാണ്. 1975ല്‍ ഒമ്പതാമത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയായിരുന്ന രാമു അവിടെനിന്നാണ് ഡിസൈന്‍ സമ്പാദിച്ചത്. അമ്മയ്ക്കുവേണ്ടി പ്രത്യേകമൊന്ന് എന്ന നിലയിലാണ് ഇത് നിര്‍മിച്ചത്. എല്ലാ സൗകര്യങ്ങളുമുള്ള ഈ വീടിന്റെ ഉള്‍വശം വിശാലമാണ്.

സിനിമ


തീര്‍ച്ചയായും ചെമ്മീന്‍തന്നെയാണ് ഏറെ ഘോഷിക്കപ്പെട്ട രാമുവിന്റെ ചിത്രം. തിരമാലയടക്കം 15 സിനിമയില്‍ രാമുവിന്റെ കൈമുദ്ര പതിഞ്ഞു. ഓരോന്നിനും വ്യത്യസ്തങ്ങളായ പ്രാധാന്യം മലയാളസിനിമ ചരിത്രത്തിലുണ്ട്. മലയാളസിനിമ തമിഴ്സിനിമയുടെ കുറ്റിച്ചുവട്ടില്‍ വട്ടംതിരിയുന്ന കാലത്താണ് തെളിഞ്ഞ നാട്ടുജീവിതവുമായി തിരമാല വരുന്നത്. തൊട്ടുപുറകെ നീലക്കുയിലെത്തി. മലയാളസിനിമ മാറിമറിയുകയായിരുന്നു. കീഴാളജീവിതം മലയാളസിനിമയ്ക്ക് ആദ്യമായി വിഷയമാകുന്നത് നീലക്കുയിലിലാണ്. സംഗീതത്തിലും ട്രീറ്റ്മെന്റിലും നീലക്കുയില്‍ ചരിത്രം മാറ്റിയെഴുതി. പ്രസിഡന്റിന്റെ വെള്ളിമെഡല്‍ തെക്കേ ഇന്ത്യയിലേക്കെത്തുന്നത് നീലക്കുയിലിലൂടെയാണ്. സാഹിത്യകൃതികളുടെ സിനിമാരൂപത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനും രാമു കാര്യാട്ടുതന്നെ. തുടര്‍ന്നുവന്ന മിന്നാമിനുങ്ങ് സാങ്കേതികത്തകരാറുകൊണ്ട് പരാജയപ്പെട്ടു. 1961ലാണ് മുടിയനായ പുത്രന്‍ വന്നത്. മികച്ച മലയാളചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഇത് നേടി. പുറകെ മൂടുപടം ബോംബെയിലെ കുരുക്കിലെത്തുന്ന മലയാളിപ്പെണ്ണിന്റെ ജീവിതത്തിലൂടെ ചുവന്ന തെരുവിന്റെ കഥപറഞ്ഞു. പിന്നെയാണ് ചെമ്മീന്‍ സംഭവിക്കുന്നത്. മലയാളസിനിമ അടിമുടി മാറി ഈ സിനിമയിലൂടെ. തകഴിയുടെ കഥയേക്കാള്‍ തനിക്ക് പരിചിതമായ ജീവിതമാണ് രാമുവിനെ ചെമ്മീനിലെത്തിച്ചത്. ഇത്രയേറെ വിശാലമായ ക്യാന്‍വാസില്‍ കഥ പറഞ്ഞത് ആദ്യമായിരുന്നു. ഒരു വര്‍ഷത്തിലേറെയുള്ള കഠിനാധ്വാനമാണ് ചെമ്മീന്‍. തെക്കേ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ എത്തിയത് ചെമ്മീനിലൂടെ. പുറകെയെത്തിയ ഏഴുരാത്രികള്‍ ഭിക്ഷാടകരുടെ ജീവിതത്തിലേക്ക് ക്യാമറക്കണ്ണ് തിരിച്ചു. 1970ല്‍ പെരുമ്പടവത്തിന്റെ അഭയം സിനിമയാക്കി. എഴുത്തുകാരി കേന്ദ്രകഥാപാത്രമായത് ആദ്യം. ജി ശങ്കരക്കുറുപ്പ്, സുഗതകുമാരി എന്നിവരുടെ കവിതകള്‍ പാട്ടുകളായി. പുറകെ കെ സുരേന്ദ്രന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മായ സിനിമയായി. ഇതോടെ വാണിജ്യഫോര്‍മുലയോട് രാമു വിട പറയുകയായിരുന്നു. പുറകെ പി വത്സലയുടെ "നെല്ല്". ആദിവാസിജീവിതം കലര്‍പ്പില്ലാതെ മലയാളസിനിമ കണ്ടത് നെല്ലിലൂടെ. 1976ല്‍ ദ്വീപിലൂടെ ലക്ഷദ്വീപിലെ ജീവിതത്തെ കേരളമറിഞ്ഞു. പിന്നീടാണ് "കൊണ്ടഗല്ലി" എന്ന കന്നട ചിത്രത്തിലൂടെ ഗോത്രജീവിതവും അവര്‍ക്കിടയിലെ വിപ്ലവകാരികളുടെ കഥയും പറഞ്ഞത്. മലങ്കാറ്റ് എന്ന പേരില്‍ മലയാളത്തിലും ഇതെത്തി. ഒടുവില്‍ കെ എസ് കെ തളിക്കുളത്തിന്റെ അമ്മുവിന്റെ ആട്ടിന്‍കുട്ടി കുട്ടികള്‍ക്കുള്ള ചിത്രമാക്കി.

സ്വപ്നങ്ങള്‍

രാമു സ്വപ്നങ്ങളില്‍ സൂക്ഷിച്ച ഒന്ന് ഹിന്ദിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച "ചേറ്റുവ" എന്ന ചിത്രമായിരുന്നു. ബഷീറിന്റെ ബാല്യകാലസഖി" "ന്റുപ്പാപ്പാക്ക് ഒരാനേണ്ടാര്‍ന്നു" എന്നീ കൃതികള്‍ ബഷീറിനെക്കൊണ്ടുതന്നെ തിരക്കഥയാക്കിയിരുന്നു. ബാബുസേഠ് നിര്‍മാണവും ഏറ്റെടുത്തിരുന്നു. ഇതൊന്നും പൂര്‍ത്തിയാക്കാതെയാണ് 1979 ഫെബ്രുവരി 10ന് അകാലത്തില്‍ രാമു പൊലിഞ്ഞത്.

*
കെ ഗിരീഷ്

2 comments:

Anonymous said...

നന്ദി, ഇ ഒരു വിവരം എത്തിച്ചു തന്നതിന്.
നല്ല എഡിറ്റിംഗ് ഫോർമാറ്റ്‌., ഇത് പോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

Unknown said...

Good