Monday, June 24, 2013

നിയമവിരുദ്ധം; അധാര്‍മികം

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി ചുരുക്കിക്കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധതകൊണ്ടും അധാര്‍മികതകൊണ്ടും മനുഷ്യത്വമില്ലായ്മകൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനെതിരായി ഇറക്കുന്ന ഏത് എക്സിക്യൂട്ടീവ് ഉത്തരവിനും നിയമസാധുതയില്ല. നിയമം ലംഘിക്കുന്നതിനുള്ളതാണത് എന്ന നിലയില്‍ നിയമവിരുദ്ധമാകുകകൂടി ചെയ്യുന്നുണ്ട് ഈ ഉത്തരവ്. അതോടൊപ്പം, ദാമ്പത്യജീവിതത്തെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും പക്വമായ ധാരണയുണ്ടാകാത്ത പ്രായത്തില്‍ ഇളംപ്രായത്തിലുള്ള കുട്ടികളെ, അവരുടെ മനോഭാവങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ വിവാഹജീവിതത്തിലേക്ക് തള്ളുന്നു എന്ന നിലയ്ക്ക് അധാര്‍മികംകൂടിയാകുന്നുണ്ട് ഇത്.

ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങളിലാകെത്തന്നെ ഒരുകാലത്ത് ശൈശവവിവാഹം നിലവിലുണ്ടായിരുന്നു. എന്നാല്‍, അതെല്ലാംതന്നെ ശൈശവവിവാഹ നിരോധനനിയമം നിലവില്‍വന്നതോടെ നിയമവിരുദ്ധമായി. പെണ്‍കുട്ടിയെ 18 വയസ്സ് തികഞ്ഞാലല്ലാതെ വിവാഹം ചെയ്തയച്ചുകൂടാ എന്ന വ്യവസ്ഥയായി. എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ ഇത് ബാധകമാകുന്ന നിലയാണിന്നുള്ളത്. ഈ നിയമം നിലനില്‍ക്കെ ഇതിന്റെ സ്പിരിറ്റിനെതിരായ ഒരു ഉത്തരവിറക്കിയാല്‍ കോടതിക്കുമുമ്പില്‍ അത് നിലനില്‍ക്കില്ല. ഇക്കാര്യം യുഡിഎഫിന് അറിയാത്തതല്ല. എന്നിട്ടും മന്ത്രി മുനീറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊക്കെ ചേര്‍ന്ന് ഇത്തരമൊരു ഉത്തരവിറക്കിയെങ്കിലത് ചില ദുരുദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാകാനേ തരമുള്ളൂ. കേരളത്തിലെ മതനിരപേക്ഷ സമൂഹത്തില്‍ ജാതിമത വേര്‍തിരിവ് വര്‍ധിപ്പിച്ച് രാഷ്ട്രീയമായി മുതലെടുക്കുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ഇങ്ങനെ ഒരു ഉത്തരവിറങ്ങുമ്പോള്‍ ഇതര സമുദായക്കാര്‍ പ്രതിഷേധവുമായി രംഗത്തുവരും. അങ്ങനെ സമുദായ മൈത്രിയുടെ അന്തരീക്ഷം കലങ്ങും. ആ കലക്കവെള്ളത്തില്‍നിന്ന് രാഷ്ട്രീയ മീന്‍പിടിത്തം നടത്താന്‍ തങ്ങള്‍ക്ക് കഴിയും. ഈ വഴിക്കുള്ള ചിന്തകളാകണം ഈ സര്‍ക്കുലറിറക്കിയവരെ നയിക്കുന്നത്. നിലവിലുള്ള നിയമപ്രകാരം 18ന് താഴെ വയസ്സില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്താല്‍ ബന്ധുക്കള്‍ മാത്രമല്ല, അത് നടത്തിക്കൊടുക്കുന്ന (രജിസ്റ്റര്‍ചെയ്ത് നിയമസാധുവാക്കിക്കൊടുക്കുന്ന) സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍കൂടി ജയിലിലാകും. ആ നിലയ്ക്ക് അപ്രായോഗികമാണെന്നറിഞ്ഞിട്ടും ഇങ്ങനെ ഒരു ഉത്തരവിറക്കിയത് തങ്ങള്‍ മുസ്ലിം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തികൂടിയാണ്.

മുസ്ലിം സമുദായത്തില്‍പ്പെട്ടവരുടെ പിന്നോക്കാവസ്ഥ നീക്കാനോ, അവര്‍ക്ക് അവസരസമത്വമുറപ്പിക്കാനോ ഒന്നും ഉള്ള ഒരു നീക്കവുമില്ല. നീക്കം, ഇത്തരം മുതലെടുപ്പു താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിമാത്രമാണ്! നിലവിലുള്ള നിയമത്തെ മറികടക്കണമെങ്കില്‍ത്തന്നെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പോരാ. നിയമഭേദഗതിതന്നെ വേണം. കേന്ദ്ര നിയമമാണിത് എന്നതിനാല്‍, സംസ്ഥാന നിയമനിര്‍മാണസഭയല്ല, ഇന്ത്യന്‍ പാര്‍ലമെന്റുതന്നെ നിയമം നിര്‍മിക്കണം. അതിനായി മന്ത്രി മുനീറിന്റെ പാര്‍ടിയില്‍പ്പെട്ട ആരും ഒരു സ്വകാര്യ ബില്‍പോലും പാര്‍ലമെന്റില്‍ ഇന്നേവരെ അവതരിപ്പിച്ചതായി അറിവില്ല. അത് ചെയ്യാതെ ഇവിടെ നിലനില്‍ക്കാത്ത ഉത്തരവിറക്കുന്നത് കാപട്യമാണ്. മുഹമ്മദന്‍ നിയമപ്രകാരം പതിനാറാം വയസ്സില്‍ നടക്കുന്ന വിവാഹം രണ്ടുവര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടിക്ക് നിരാകരിക്കാനുള്ള വ്യവസ്ഥ അനുവദിക്കുന്നുണ്ട്. ബാല്യദാമ്പത്യം ദുരന്തമായി തോന്നിയാല്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള പഴുത് എന്ന നിലയ്ക്കുള്ളതാണ് ഈ വ്യവസ്ഥ. ആ പഴുതുകൂടി അടയ്ക്കുകയാണ് മുനീറും കൂട്ടരും. മുസ്ലിംസമുദായത്തില്‍ ഹിന്ദു സമുദായത്തിലേതില്‍നിന്ന് വ്യത്യസ്തമായി വിവാഹം എന്നത് ഒരു കരാറാണ്. അസാധുവും  അസാധുവാകാനിടയുള്ളതും ആയി രണ്ട് കരാറുണ്ട്. പതിനാറാം വയസ്സിലുള്ള വിവാഹം ്ീശറമയഹല എന്ന നിര്‍വചനത്തില്‍പ്പെടും. അതുകൊണ്ടുതന്നെ രജിസ്റ്റര്‍ചെയ്യാന്‍ അധികാരപ്പെട്ടവര്‍ക്ക് ഒരു ഭയം സ്വാഭാവികമായും ഉണ്ടാകും. അതിനാല്‍, നടക്കാതെപോകുന്ന വിവാഹ രജിസ്ട്രേഷന്‍ നടത്തിക്കൊടുക്കാനുദ്ദേശിച്ചുള്ളതാകാം ഈ ഉത്തരവ്. പക്ഷേ, രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിനല്ല, മുനീറിന്റെ ഉത്തരവിനാണ് സാധുതയെന്ന് എങ്ങനെ രജിസ്റ്റര്‍ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ അംഗീകരിക്കും. മുഹമ്മദന്‍ നിയമം ഇങ്ങനെയായിരിക്കെയാണ് ശൈശവവിവാഹ നിരോധനനിയമം പ്രാബല്യത്തില്‍ വന്നത്. ആ നിയമം അനുശാസിക്കുന്നത് പെണ്‍കുട്ടി ഏത് സമുദായത്തില്‍പെട്ടവളായാലും 18നു മുമ്പ് വിവാഹം പാടില്ല എന്നുതന്നെയാണ്. ഇത് അറിയുന്നവരാണ് രജിസ്റ്റര്‍ചെയ്യാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ എന്നും ഓര്‍മിക്കണം. ജീവിതപങ്കാളി എങ്ങനെയുള്ളയാളായിരിക്കണമെന്നത് സംബന്ധിച്ച പക്വമായ ധാരണയിലെത്താന്‍ പെണ്‍കുട്ടിക്ക് പതിനെട്ടെങ്കിലുമാകാതെ സാധ്യമാകില്ല. ദാമ്പത്യത്തിലേക്ക് കടക്കാന്‍ പതിനെട്ടിനുമുമ്പ് പെണ്‍കുട്ടി ശാരീരികപക്വതയാര്‍ജിച്ചിട്ടുമുണ്ടാകില്ല. ഈ കാര്യങ്ങളൊക്കെ മറന്ന് പ്രായപൂര്‍ത്തിയാകുംമുമ്പേ ദാമ്പത്യത്തിലേക്ക് കടത്തിവിട്ടാല്‍ പെണ്‍കുട്ടിക്ക് മാനസികമായുണ്ടാകുന്ന ആഘാതം പില്‍ക്കാലത്തെ അതിന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും വരെ ഹാനികരമായി ബാധിക്കാം. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യത്വരഹിതംകൂടിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്ന് പറയേണ്ടിവരും.

ബന്ധപ്പെട്ട മതസ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പതിനെട്ടിനുമുമ്പുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്ത് കൊടുക്കണമെന്നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് പറയുന്നത്. പുരുഷന് 21ഉം സ്ത്രീക്ക് 18ഉം വയസ്സായാലേ വിവാഹം പാടുള്ളൂ എന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരിക്കെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇങ്ങനെ ഉത്തരവിറക്കാന്‍ കഴിഞ്ഞത് വിചിത്രമാണ്. മന്ത്രിയുടെ ഹ്രസ്വദൃഷ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ബാധിച്ചതാകണം. സുപ്രീംകോടതി സംസ്ഥാനതല നിയമനിര്‍മാണംകൂടി നിര്‍ദേശിച്ചിരിക്കെ അതിന്റെ സ്പിരിറ്റിനും ശൈശവ വിവാഹ നിരോധന നിയമത്തിന്റെ ഉള്ളടക്കത്തിനും നിയമസഭ അംഗീകരിച്ച ചട്ടത്തിനും വിരുദ്ധമായി ഉത്തരവിറക്കിയാല്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച് അദ്ദേഹം വൈകിയെങ്കിലും തിരിച്ചറിയണം. ഉത്തരവിലെ നിയമവിരുദ്ധതയുടെ കാര്യം അവിടെ നില്‍ക്കട്ടെ, മനുഷ്യത്വവിരുദ്ധതയെങ്കിലും മനസ്സിലാക്കണം. മന്ത്രിയുടെ താല്‍പ്പര്യങ്ങള്‍ അന്ധമായി നടപ്പാക്കിക്കൊടുക്കുന്നത് തനിക്ക് വിനാശകരമാകുമെന്നതെങ്കിലും മനസ്സിലാക്കണം.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: