Thursday, June 20, 2013

"ബാറ്റിഗോളി"ലേക്ക് തൊടുക്കുന്ന മെസിഡോണ

ആരാണ് മെസി എന്ന ചോദ്യത്തിന് വീണ്ടും ഉത്തരം കിട്ടിക്കൊണ്ടിരിക്കുകയാണ്. ബാഴ്സലോണയുടെ കളിമുറ്റമുള്‍പ്പെടെ ഫുട്ബോളിന്റെ കളിമേടുകളിലെല്ലാം പ്രഭചൊരിയുന്ന ലയണല്‍ ആന്ദ്രേസ് മെസി ഇപ്പോള്‍ ജന്മനാടായ അര്‍ജന്റീനയിലും ആവേശം നിറയ്ക്കുകയാണ്. 2012ല്‍ ദേശീയ ടീമിലെ മത്സരങ്ങളില്‍ 12 ഗോള്‍ നേടി പുതിയൊരു ചരിത്രമെഴുതിയ മെസി ഈ മാസം 14ന് നടന്ന സൗഹൃദപോരാട്ടത്തില്‍ ഗ്വാട്ടിമാലയ്ക്കെതിരെ മൂന്നു ഗോളടിച്ച് നാട്ടുകാരനായ ഇതിഹാസതാരം ദ്യേഗോ മാറഡോണയെയും മറികടന്നിരിക്കുന്നു. ഗ്വാട്ടിമാലയുടെ നെറ്റിലിട്ട ഹാട്രിക്കോടെ 35 ഗോളുകളിലെത്തിയ മെസി മാറഡോണയെക്കാള്‍ ഒരു രാജ്യാന്തരഗോള്‍ കൂടുതല്‍ അടിച്ചു. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരില്‍ രണ്ടാമനായ ഹെര്‍നാന്‍ ക്രെസ്പോയുമായി മെസി തുല്യനിലയിലാണിപ്പോള്‍.

നാളുകള്‍ ഏറെ ബാക്കിയിരിക്കെ അര്‍ജന്റീനയുടെ സര്‍വകാല ഗോള്‍വേട്ടക്കാരനാകും മെസി എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍, അര്‍ജന്റീനയുടെ എക്കാലത്തെയും മുന്തിയ ഗോളടിക്കാരന്‍ എന്ന ബഹുമതി 78 കളികളില്‍ 56 ഗോള്‍ കണ്ടെത്തിയ "ബാറ്റിഗോള്‍" എന്നു വിളിപ്പേരുള്ള ഗബ്രിയേല്‍ ബാറ്റിസ് സ്റ്റ്യൂട്ടയ്ക്കാണ്. കഴിഞ്ഞവര്‍ഷം 12 ഗോളടിച്ചപ്പോള്‍ മെസി ഒരുവര്‍ഷം രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡില്‍ ബാറ്റിസ് സ്റ്റ്യൂട്ടയ്ക്ക് ഒപ്പമെത്തി. അതേസമയം, ബാറ്റിഗോളിന്റെ അര്‍ജന്റീന്‍ റെക്കോഡിലേക്കെത്താന്‍ ഇരുപത്താറുകാരനായ മെസിക്ക് ഇനിയുമേറെ പോകാനുണ്ട്. മെസിയെ സംബന്ധിച്ചിടത്തോളം ഇതൊരു പരിഹാരക്രിയയാണ്. 2009 മാര്‍ച്ചിനും 2011 ഒക്ടോബറിനും ഇടയില്‍ അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ച 16 മത്സരങ്ങളില്‍ ഒറ്റത്തവണപോലും തന്റെ സ്കോറിങ് പാടവത്തിന് ഫലപ്രാപ്തിയേകാന്‍ ഈ ലോകതാരത്തിനു കഴിഞ്ഞിരുന്നില്ല. അര്‍ജന്റീനയില്‍ അത് രൂക്ഷവിമര്‍ശത്തിന് ഇടയാക്കി. മെസിക്ക് ദേശസ്നേഹമില്ലെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് 2012ല്‍ നല്‍കിയത്.

അത് പൂര്‍വാധികം ശോഭയോടെയും ആധികാരികതയോടെയും മെസി നടപ്പുവര്‍ഷത്തിലും തുടരുന്നു. എല്ലാ റെക്കോഡും ഭേദിക്കാന്‍ ശേഷിയുള്ളവനാണ് മെസിയെന്ന് കോച്ച് അലജാന്ദ്രൊ സബെയ്യ പ്രവാചകദൃഷ്ടിയോടെ പറയുന്നു. കളത്തിലെ കുഞ്ഞനെങ്കിലും ശാരീരിക കരുത്തിലും സാങ്കേതികവൈദഗ്ധ്യത്തിലും ഭാവനാപൂര്‍ണമായി കളി മെനയുന്നതിലും ചിന്താശേഷിയിലും മെസി മറ്റാരെക്കാള്‍ മുന്നിലാണ്. ഒരു ഉത്തമ ഫുട്ബോള്‍ കളിക്കാരനു വേണ്ട അതിവിശിഷ്ടമായ ഗുണങ്ങളെല്ലാം ചേരുംപടി ചേര്‍ക്കപ്പെട്ട ഈ അസാധാരണ പ്രതിഭയ്ക്ക് ഇനിയുമിനിയും വിസ്മയങ്ങള്‍ കാഴ്ചവയ്ക്കാനാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുപ്പത്തിനാലു ഗോളുകളിലെത്താന്‍ മാറഡോണയ്ക്ക് 91 മത്സരം കളിക്കേണ്ടിവന്നപ്പോള്‍ 82 കളികളിലാണ് മെസിയുടെ 35 ഗോള്‍. എന്നാല്‍, ക്രെസ്പോയാകട്ടെ 64 കളികളില്‍ 35ല്‍ എത്തി. ആരാണ് മെസി എന്ന് ബോധ്യപ്പെട്ടുകഴിഞ്ഞ ലോകം ഇപ്പോള്‍ അന്വേഷിക്കുന്നത് എന്താണ് മെസി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.

സാങ്കേതികവും ശാസ്ത്രീയവും മാനസികവുമായ ഘടകങ്ങള്‍ മെസിയുടെ കുതിപ്പിനു കരുത്താവുന്നുണ്ടെന്നാണ് സൂക്ഷ്മ വിശകലനത്തില്‍ തെളിയുന്നത്. ഇത്രയും ചെറിയൊരു താരത്തിന് കാവല്‍നിരകളെ എങ്ങനെ ഒന്നൊന്നായി വെട്ടിച്ചുകയറാന്‍ കഴിയുന്നു? ഉയരക്കുറവുണ്ടെങ്കിലും എതിരാളികളെ പിന്നിലാക്കി മുന്നേറാനും വിപല്‍മേഖലയിലേക്ക് മിന്നല്‍നീക്കങ്ങള്‍ നടത്താനും വേഗവും കരുത്തുമുള്ള കാലുകള്‍തന്നെയാണ് മെസിക്കു തുണയാവുന്നത്. തൊണ്ണൂറുകളിലെ ആവേശമായിരുന്ന മാറഡോണ കളിക്കുമ്പോള്‍ ലോകത്തിന്റെ നെഞ്ചില്‍ പെരുമ്പറ മുഴങ്ങിയിരുന്നു. മെസിയുടെ കളി മാറഡോണയുടെ മാസ്മരിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും ഓര്‍മയിലെത്തിക്കുന്നു. മധ്യനിരയില്‍നിന്ന് ചുറുചുറുക്കോടെ, ദിശകളില്‍നിന്ന് ദിശകളിലേക്ക് മാറിമാറി പന്തു തട്ടുകയും ഊളിയിട്ടിറങ്ങുകയും പ്രതിരോധനിരകളെ ആശയക്കുഴപ്പത്തിലാക്കി കൃത്യതയോടെ ലക്ഷ്യത്തിലേക്ക് മുന്നേറ്റം നടത്തുകയും ചെയ്യുന്ന മെസിക്കു ചേരുന്നത് "മെസിഡോണ" എന്ന വിശേഷണംതന്നെ.

മെസിയുടെ ദൂരം പാതിപോലും എത്തിയിട്ടില്ല. ഇപ്പോള്‍തന്നെ ഫുട്ബോള്‍ ലോകത്തിന്റെ ചിന്തയ്ക്കും അപ്പുറമാണ് നാലുതവണ ലോകഫുട്ബോളര്‍ പുരസ്കാരത്തിന് അര്‍ഹനായ ഈ പ്രതിഭയുടെ നേട്ടങ്ങള്‍. ഇറ്റലിയില്‍ ജനിച്ച് അര്‍ജന്റീനയില്‍ കുടിയേറി സ്പെയ്നില്‍ സ്ഥിരതാമസമാക്കിയ മെസിയുടെ വലുപ്പം ആ മൂന്നു രാജ്യങ്ങളും കടന്ന് ലോകത്തിന്റെ സകല ഇടങ്ങളിലേക്കും പടര്‍ന്നുകഴിഞ്ഞു. മികച്ച താരങ്ങള്‍പോലും ഏഴോ എട്ടോ വര്‍ഷംകൊണ്ടു നേടുന്നതാണ് മെസി ഒറ്റസീസണില്‍ അടിച്ചുകൂട്ടുന്നത്. പക്ഷേ, ലോക ഫുട്ബോള്‍ചരിത്രത്തില്‍ സ്വന്തമായൊരു ഇടവും കാലഘട്ടവും എഴുതിച്ചേര്‍ക്കാന്‍ മെസിക്ക് ഇതു മാത്രം പോര. ലോകകപ്പുകൂടി നേടിയാലേ മെസി മഹാരഥന്മാരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടൂ. 2014 ബ്രസീല്‍ ലോകകപ്പില്‍ അതിനായി കാത്തിരിക്കാം.

*
എ എന്‍ രവീന്ദ്രദാസ

No comments: