Wednesday, June 12, 2013

യാത്ര... പിന്നെയും യാത്ര...

പലതരം യാത്രകളുണ്ട്. പാപപരിഹാര യാത്ര, ആത്മീയയാത്ര, സ്വര്‍ഗീയയാത്ര എന്നിങ്ങനെ. ശബരിമല യാത്ര, തിരുപ്പതി-മധുര-പഴനി യാത്ര, വേളാങ്കണ്ണി യാത്ര. പിന്നെ അന്ത്യയാത്ര. എല്ലാ യാത്രയ്ക്കും ലക്ഷ്യമുണ്ട്. തരപ്പെടുത്തുക. യാത്രയിലല്ലാത്തവര്‍ ആരുണ്ട്?. എത്തേണ്ടിടത്ത് എത്തണം. അതാണ് വിജയം. അതിന് എന്തുമാവാം. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. പണ്ട് ശങ്കരാചാര്യര്‍ ഇവിടെ നിന്ന് വടക്കോട്ട് യാത്ര നടത്തി.

സര്‍വജ്ഞപീഠം കയറാനുള്ള വാദപ്രതിവാദ യാത്രയായിരുന്നു അത്. ഓരോരുത്തരെയായി തോല്‍പ്പിച്ച് ആചാര്യര്‍ ആ പീഠം കയറുകതന്നെ ചെയ്തു. ഈയിടെ കേരളത്തിലുമുണ്ടായി ഒരു യാത്ര. പീഠം തന്നെയായിരുന്നു ലക്ഷ്യം. സീറ്റാണല്ലോ പ്രധാനം. കെപി സിസി പ്രസിഡന്റാണ് യാത്ര നടത്തിയത്. പക്ഷേ യാത്ര വടക്കുനിന്ന് തെക്കോട്ടേക്കായിരുന്നു എന്നു മാത്രം. "തെക്കോട്ടെടുക്കുക" എന്നത് ചില സ്ഥലത്ത് അത്ര നല്ല ശൈലിയല്ല. യാത്ര തീരുമ്പോള്‍ കേരളം കുലുങ്ങും എന്നായിരുന്നു മുന്നറിയിപ്പ്. സമസ്ത മേഖലകളിലും മാറ്റം. കാലവര്‍ഷം തുടങ്ങും. അണക്കെട്ട് നിറയും. മനുഷ്യര്‍ക്കിടയിലെ എല്ലാ പ്രശ്നങ്ങളും തീരും. സ്വാര്‍ഥത പോവും. അസൂയ, പക എന്നിവ ഇല്ലാതാവും. ജാതി-മത വ്യത്യാസങ്ങള്‍ മായും. എല്ലാവരും ഏകോദര സഹോദരങ്ങളാവും.

ഒന്നു മുതല്‍ ഏഴുവരെയുള്ള ഗ്രൂപ്പുകള്‍ അവസാനിക്കും. പി സി ജോര്‍ജ് മുയലിനെപ്പോലെയാവും. ബാലകൃഷ്ണപിള്ള മാന്‍കിടാവാകും. കടലില്‍ നെല്‍കൃഷി തുടങ്ങും. ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂര്‍ എന്നത് ഇരുപത്തിയാറ് മണിക്കൂറായി വര്‍ധിപ്പിക്കും. അങ്ങനെ ഒറ്റ യാത്രകൊണ്ട് കേരളം പൂങ്കാവനമായി മാറും. കുയിലുകള്‍ കെഎസ്യുവാകും. കൊത്തു കോഴികള്‍ യൂത്ത് കോണ്‍ഗ്രസില്‍ ചേരും.

ദന്ത ഡോക്റ്ററെ കണ്ട് പല്ലു പറിച്ച സിംഹങ്ങള്‍ വിശാല ഐയില്‍ ചേരും. അല്‍ഭുതങ്ങള്‍ക്ക് കാത്തിരിക്കുകയായിരുന്നു കേരളം. പക്ഷെ യാത്രയുടെ സമയം കുറിച്ച ജ്യോല്‍സന് ലേശം തെറ്റിയോ എന്നൊരു ശങ്ക. ധനലാഭം, സ്ഥാനലബ്ധി എന്നിവക്കൊക്കെ പറ്റിയ സമയമാണ് കുറിച്ചത്. അഭീഷ്ടകാര്യസിദ്ധി എന്ന് ജ്യോല്‍സര് ഉറപ്പിച്ചതാണ്. ഇതുവരെ തെറ്റാത്ത ജ്യോല്‍സരാണ്. യുക്തിവാദികള്‍ക്ക് വരെ വിശ്വസിച്ച് സമീപിക്കാം. മംഗളകരമായ പര്യവസാനം എന്ന് ജ്യോല്‍സര്‍ പ്രവചിച്ചതാണ്. ആദ്യമായി ജ്യോല്‍സര്‍ക്ക് തെറ്റി. തെറ്റിയപ്പോള്‍ കൊണ്ടത് തനിക്ക് തന്നെ. എ ഗ്രൂപ്പുകാര്‍ ജ്യോല്‍സരെ കയ്യിലെടുത്തോ എന്നൊരു സംശയം.

കുറിച്ച സമയം കള്ള സമയമായിരുന്നു. കണ്ടകശ്ശനിയുടെ അപഹാരം. വഴിനീളെ രാഹുവിന്റെ വിളയാട്ടം. അപശകുനങ്ങള്‍ ഉടനീളം. മാല, ബൊക്കെ, വെടിപടക്കം എന്നിവയൊക്കെ ഉള്ളപ്പോഴും മനസ്സ് മറ്റൊന്ന് തേടുകയായിരുന്നു. ഹൃദയം പിടയ്ക്കുകയാണ്. ഓരോ സമാപന യോഗം കഴിയുമ്പോഴും ദൂതന്മാരോട് ചോദിക്കും
. " മുഖ്യമന്ത്രി എന്ത് പറഞ്ഞു?"
ദൂതന്മാര്‍ നതോന്നതയില്‍ മറുപടി പറഞ്ഞു. "സമയമായില്ലെന്നു താനിപ്പൊഴും രമേശ്ജിയവന്‍ വിമനസ്സായുരയ്ക്കുന്നു വിഷമ" മെന്നാള്‍.
അരിശം സഹിക്കാതെ കെ പി സി സി പ്രസിഡന്റ് തിരിച്ചു പാടി.
"സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തി- ലൊഴിഞ്ഞു ഗ്രൂപ്പേ.."
കെ പി സി സിയുടെ കരചരണങ്ങള്‍ അറ്റു വീഴുന്ന പോലെ തോന്നി.

നേടുന്നതിന്റെ കലയാണ് രാഷ്ട്രീയം.കലയാണ് രാഷ്ട്രീയം.നഷ്ടപ്പെടുന്നതിന്റെ കണക്കെടുപ്പല്ല അത്. വരാത്ത വണ്ടിക്ക് കാത്തിരിക്കുന്ന ബസ്സ്റ്റോപ്പല്ല രാഷ്ട്രീയ ജീവിതം. കയറിപ്പോവാനുള്ളതാണ് പടികള്‍. ഇറങ്ങിപ്പോരാനുള്ളതല്ല. ചവിട്ടുപടികള്‍ക്ക് വേദനിക്കുന്നോ എന്നും ചോദിക്കേണ്ട കാര്യമില്ല. കാലുപിടിച്ചും കാലുവാരിയുമാണ് മുന്നേറ്റം. മടിച്ചു നിക്കേണ്ടതില്ല. മടിച്ചാല്‍ മറ്റവന്‍ ഈ പണിയെല്ലാംചെയ്ത് മുന്നേറും. ശത്രു എതിരാളിയല്ല, സഹവാസിയാണ്. എല്ലാം മഹത്തായ കാര്യങ്ങള്‍ക്ക് വേണ്ടി. എല്ലാം ജനങ്ങള്‍ക്ക് വേണ്ടി. ജനാധിപത്യം ശക്തിപ്പെടുത്താന്‍ വേണ്ടി. പ്രതിശ്രുത അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി എത്ര നാള്‍ കാത്തിരുന്നു!.

സത്യപ്രതിജ്ഞ മനഃപാഠമാക്കിയതല്ലേ വി ഡി സതീശന്‍!. കേന്ദ്രത്തില്‍ പണ്ട് മന്ത്രിയാവാന്‍ പോയതല്ലേ മാണി!. കെപിസിസി പ്രസിഡന്റിന്റെ മനസ്സിലൂടെ അശുഭചിന്തകള്‍ മണ്ഡലാടിസ്ഥാനത്തില്‍കടന്നുവന്നു. അങ്ങനെ ആകംക്ഷയുടെ മുള്‍മുനയിലൂടെ ജാഥ തിരുവനന്തപുരത്തെത്തി. എല്ലാം മാറിമറിയുന്നത് കാണാന്‍ കാത്തിരുന്ന കെപിസിസി പ്രസിഡന്റിന് സ്വയം അകംപുറം മറിയുന്നതായി തോന്നി. കേരളത്തില്‍ ഒന്നും സംഭവിച്ചില്ല. സൂര്യന്‍ കിഴക്ക് തന്നെ ഉദിച്ചു. കാക്കകള്‍ കരഞ്ഞു. പൂക്കള്‍ വിടര്‍ന്നു. തുമ്പികള്‍ പറന്നു. പി പി തങ്കച്ചന്‍ പത്രസമ്മേളനം നടത്തി. പെട്രോള്‍ വില കൂടി.

പവര്‍കട്ട് തുടര്‍ന്നു. പച്ചക്കറിക്ക് വില കൂടി. ഒന്നിനും മാറ്റമില്ല. എല്ലാം പതിവുപോലെ. എന്തിന് കാലവര്‍ഷംപോലും അണുവിട മാറിയില്ല. താന്‍ ഇത്രയ്ക്ക് വിലയില്ലാത്തവനായിപ്പോയല്ലോ എന്ന് ഏകാന്തമായി സങ്കടപ്പെട്ടു. ആരും കാണാതെ കൈലേസെടുത്ത് കണ്ണീരൊപ്പി. എന്തുനേടി? എന്ന് സ്വയം ചോദിച്ചപ്പോള്‍ അലറിക്കരയാന്‍ തോന്നി. ഉപമുഖ്യമന്ത്രിയാവാന്‍ വന്ന് ഉപഗുപ്തനാവുന്ന മട്ടാണ്. ആഗ്രഹമാണ് ദുഃഖത്തിന് കാരണം. അതുകൊണ്ട് ആഗ്രഹമില്ലാതാക്കുക. നിസ്സംഗത, നിര്‍മമത. കാഷായവും കമണ്ഡലുവുമായി ഇനി ജീവിതത്തിന്റെ അര്‍ഥം തേടിയിറങ്ങാം.

യാത്ര ഇനി കൈലാസത്തിലേക്കോ, വനവാസത്തിലേക്കോ ആക്കാം. ഈ ജന്മത്തിന്റെ ലക്ഷ്യം സഫലീകരിച്ചു. മതി. ഇനി മോക്ഷയാത്ര. അണികള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പാടി. "നമസ്ക്കാരമുപഗുപ്ത, വരിക ഭവാന്‍ നിര്‍വാണ- നിമഗ്നനാവാതെ വീണ്ടും ലോകരക്ഷയ്ക്കായ്.. പതിതകാരുണികരാം ഭവാദൃശസുതന്മാരെ ക്ഷിതിദേവിക്കിന്നു വേണം അധികം പേരെ..." ഒരു യാത്രയും അതിന്റെ ദുരന്തകരമായ അന്ത്യവും!.

നടന്നത് നരകത്തിലേക്കാണെന്ന് തോന്നി. എന്തെല്ലാം പറഞ്ഞു!. മന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആഭ്യന്തരമില്ലാത്ത ഉപമുഖ്യമന്ത്രി, റവന്യു മന്ത്രി...ഒരു മനുഷ്യനെക്കുറിച്ചാണ് ഇതെല്ലാം പറയുന്നതെന്നോര്‍ക്കണം. പ്രൈവറ്റ് ബസില്‍ കണ്ടക്ടര്‍ സീറ്റുണ്ടാക്കുന്നതുപോലെയാണ് കെപിസിസി പ്രസിഡന്റിന് സീറ്റുണ്ടാക്കിയത്. "ആ കുട്ടിയെ എടുത്ത് മടീലിരുത്ത്.... ബാഗെടുത്ത് മോളില് വെക്ക്... ആ വല്യപ്പന്‍ ഒന്ന് പുറകിലേക്ക് മാറ്... നിങ്ങളൊന്ന് കയറിയിരിക്ക്... ദാ ഇവിടെ ഇരുന്നോളൂ... ഇഷ്ടം പോലെ സ്ഥലം..." അതുപോലെ, "ശിവകുമാറിനെയെടുത്ത് ബാബുവിന് കൊടുക്ക്്...

ബാബു ഒന്ന് ഒതുങ്ങി അനില്‍കുമാറിന് കൊടുക്ക്... അനിലൊന്ന് സൈഡിലേക്കിരിക്ക്... ആര്യാടനൊന്ന് കയറിയിരിക്ക്... തിരുവഞ്ചൂരൊന്ന് ഒതുങ്ങ്...ദാ.. ഇഷ്ടംപോലെ സ്ഥലം..." പ്രസിഡന്റ് തളര്‍ന്ന് വീണതോടെ അടുത്ത ചടങ്ങുകള്‍ ആരംഭിച്ചു. പ്രശ്നപരിഹാരത്തിനുള്ള "കണ്ടുകെട്ടല്‍" ചടങ്ങ്. ഇത് പതിവായി നടക്കുന്നതാണ്. ഇക്കുറിയും അതിന് മുടക്കമുണ്ടായില്ല. ആര്യാടന്‍ തിരുവഞ്ചൂരിനെ കണ്ടു. തിരുവഞ്ചൂര്‍ തങ്കച്ചനെ കണ്ടു. തങ്കച്ചന്‍ കുഞ്ഞാലിക്കുട്ടിയെ കണ്ടു. കുഞ്ഞാലിക്കുട്ടി മാണിയെ കണ്ടു. മാണി ഉമ്മന്‍ ചാണ്ടിയെ കണ്ടു. ഉമ്മന്‍ ചാണ്ടി ആര്യാടനെ കണ്ടു. ആര്യാടന്‍ വീണ്ടും തിരുവഞ്ചൂരിനെ കണ്ട് പരിപാടി തുടര്‍ന്നു കൊണ്ടേയിരുന്നു.

ഓരോ വാചകം കഴിയുമ്പോഴും പ്രശ്ന പരിഹാരത്തിന് സാധ്യത തെളിഞ്ഞു എന്നുകൂടി വായിക്കണം. ആരെയും കാണാനില്ലാത്ത കെ മുരളീധരന്‍ തന്നെത്തന്നെ കണ്ട് പ്രശ്ന പരിഹാരത്തിനുള്ള സാധ്യത ആരാഞ്ഞു. നല്ല ഭരണം!

കേരളം പനിച്ച് വിറയ്ക്കുമ്പോള്‍ ഇവിടെ തുള്ളപ്പനി. ഒടുവില്‍ അന്ത്യശാസനം വന്നു. "ഹൈക്കമാന്റിറങ്ങും" ഹൈക്കമാന്റ് വന്നാല്‍ പിന്നെ പട്ടാളമിറങ്ങിയപോലെയാണ്. ഷൂട്ട് അറ്റ് സൈറ്റ്. കണ്ടവനെ പിടിച്ച് ഷൂട്ടിങ്ങിനയക്കും എന്ന് പരിഭാഷ. പടപേടിച്ച് പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട ഇങ്ങോട്ട് എന്ന മട്ടിലാണ് ഹൈക്കമാന്റിന്റെ സ്ഥിതി. മര്‍മാണി വൈദ്യന്‍ തലകറങ്ങി കിടക്കുന്നു. ഇതിനിടയില്‍ കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭം എന്ന മട്ടിലാണ് സുകുമാരന്‍ നായരും, വെള്ളാപ്പള്ളിയും, ബാലകൃഷ്ണപിള്ളയും. ഇപ്പോഴത്തെ നവോത്ഥാന നായകന്മാരാണ് ത്രിമൂര്‍ത്തികള്‍. ജനസേവനം തന്നെ പ്രധാന പണി. വോട്ടിന്റെ കൂലിയാണ് സുകുമാരന്‍ നായര്‍ ചോദിക്കുന്നത്.

കച്ചവടത്തില്‍ വിശ്വാസ്യതയാണ് പ്രധാനം. കരാര്‍ പൊളിച്ചാല്‍ പിന്നെ സഹിക്കില്ല. സമദൂരം, ശരിദൂരം എന്നെല്ലാമുള്ള ചെപ്പടി വിദ്യകള്‍ എന്തിനായിരുന്നു?. ഒക്കെ യുഡിഎഫിന് വേണ്ടി. കഴിഞ്ഞ തവണ സമസ്ത നായന്മാരും യുഡിഎഫിനായിരുന്നു കുത്തിയത്. ഒരാള്‍പോലും മാറിച്ചെയ്തില്ല. അതാണ് സുകുമാരന്‍ നായരുടെ ശക്തി. അന്ന് തലയില്‍ മുണ്ടിട്ട് കരയോഗത്തില്‍ കയറിയിറങ്ങിയവര്‍ കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലപോലെ തള്ളിക്കളയുന്നോ?.

സഹിക്കില്ല. കരാര്‍ പ്രകാരമുള്ള പാട്ടം, വാരം എന്നിവ തീര്‍ത്തടച്ചില്ലെങ്കില്‍ യുഡിഎഫിനെ ജപ്തി ചെയ്യുമെന്ന് നോട്ടീസയച്ചിരിക്കുകയാണ് സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളിയും മടിച്ചുനിന്നില്ല. കിട്ടാനുള്ള കണക്കുമായി പുള്ളിക്കാരനുമെത്തി. തന്നില്ലെങ്കില്‍ സോണിയയെ കണ്ടുകളയും എന്ന ഭീഷണിയുമുണ്ടായി. കിട്ടാനുള്ളത് തന്നില്ലെങ്കില്‍ കിട്ടിയതൊക്കെ ഉപേക്ഷിക്കാനാണ് തീരുമാനം. മക്കളും മരുമക്കളുമൊക്കെ പട്ടിണി കിടന്നാലും കുഴപ്പമില്ല. അഭിമാനമാണ് വലുത്. ജനങ്ങളാണ് പ്രധാനം. സ്ഥാനമല്ലല്ലോ വലുത് ജനസേവനമല്ലേ!.

ഇരിക്കുന്നതും ജനങ്ങള്‍ക്കു വേണ്ടി. ഇറങ്ങുന്നതും ജനങ്ങള്‍ക്കു വേണ്ടി!. ഓരോ ത്യാഗങ്ങള്‍!. കെപിസിസി പ്രസിഡന്റിന്റെ മഹത്തായ യാത്രയുടെ ഏറ്റവും വലിയ നേട്ടം അത് ഒരച്ഛനെയും മകനെയും യോജിപ്പിച്ചതാണ്. ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറും വീണ്ടും ഒന്നായി, ഒരു നാടകത്തിന്റെ അന്ത്യരംഗംപോലെ കര്‍ട്ടന്‍ ഉയരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് മകന്‍ " അച്ഛാ..." വികാരാധീനനായി അച്ഛന്‍ "മോനേ..." " എന്നോട് പൊറുക്കച്ഛാ..." " നീയാണ്‍ഡാ മോന്‍..." കര്‍ട്ടന്‍. ബാലകൃഷ്ണപിള്ള സെക്രട്ടറിയറ്റ് നടയില്‍നിന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു, യുഡിഎഫിനോട് ചോദിച്ചു, കേരളത്തോട് ചോദിച്ചു. "എന്റെ മോനെന്താ കൊറവ്?. അവനെ മന്ത്രിയാക്കിക്കൂടെ?" അതെ എന്താ ഒരു കുറവ്?.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

No comments: