Thursday, June 13, 2013

ഒരു സ്വേച്ഛാധിപതിയുടെ അന്ത്യം ഓര്‍മപ്പെടുത്തുന്നത്

അര്‍ജന്റീനയില്‍ നടന്ന നിഷ്ഠുരമായ കൂട്ടക്കൊലകളുടെ സൂത്രധാരനും നിര്‍വാഹകനുമായിരുന്ന മുന്‍ പട്ടാള സ്വേച്ഛാധിപതി ജോര്‍ജ് റാഫേല്‍ വിദ്വേല കഴിഞ്ഞ മെയ് 20ന് മരണമടഞ്ഞു. ബ്യൂണസ് ഐറീസിലെ ജയിലറയിലായിരുന്നു ഈ സ്വേച്ഛാധിപതിയുടെ അന്ത്യം. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാനം അര്‍ജന്റീനയില്‍ നടന്ന നരഹത്യകളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവേയാണ് ഈ നരാധമന് മരണം സംഭവിച്ചത്. ഈ പട്ടാള സ്വേച്ഛാധിപതിയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ ഒരിക്കല്‍ക്കൂടി ലാറ്റിനമേരിക്കയില്‍ സിഐഎ നടത്തിയ നരവേട്ടകളുടെയും രാഷ്ട്രീയ അട്ടിമറികളുടെയും ക്രൂരമായ സംഭവങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയുണ്ടായി. മനുഷ്യരാശിക്ക് ഒരിക്കലും പൊറുക്കാനാവാത്ത ആ മഹാപാതകങ്ങള്‍ വിദൂര ഭൂതകാലത്തിലെങ്ങോ സംഭവിച്ചുപോയ നിഷ്ഠുരതകളല്ല. ഇന്നും അമേരിക്കന്‍ ഭരണകൂടവും സിഐഎയും തങ്ങള്‍ക്കനഭിമതരായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും നേരെ തുടരുന്ന നരഹത്യകളും അതിക്രമങ്ങളുമാണ്.

മധ്യപൂര്‍വ ദേശത്തും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ലാറ്റിനമേരിക്കന്‍ നാടുകളിലും സിഐഎ ആസൂത്രിതമായി രാഷ്ട്രീയ അട്ടിമറികള്‍ക്കുള്ള ഗൂഢാലോചനകളും സൈനികാക്രമണങ്ങളും തുടരുകയാണ്. സിറിയക്കെതിരെ നടക്കുന്ന നാറ്റോ ആക്രമണങ്ങള്‍ ക്രൂരമായ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഷിയാ അലൈവെറ്റുകളെയും സുന്നികളെയും തമ്മിലടിപ്പിക്കാനുള്ള ആസൂത്രിതമായ കലാപപദ്ധതികളാണ് സിഐഎ ഡമാസ്ക്കസിലും അലെപ്പോവ് നഗരങ്ങളിലും പരീക്ഷിച്ചത്. സിഐഎ രൂപപ്പെടുത്തിയതും തുര്‍ക്കിയിലെ നാറ്റോ സൈനിക കേന്ദ്രങ്ങളില്‍ പരിശീലനം സിദ്ധിച്ചതുമായ ""ഫ്രീ സിറിയന്‍ ആര്‍മി""യെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്വാതന്ത്ര്യപോരാളികളായി അവതരിപ്പിക്കുകയാണ്.

അസദ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സിഐഎ പദ്ധതി സിറിയയുടെ സ്വാതന്ത്ര്യസമരമായി വിശേഷിപ്പിക്കപ്പെടുകയാണ്. ആഗോളവല്‍ക്കരണകാലത്തെ പ്രചാരണയുദ്ധം വാക്കുകളില്‍ നിന്ന് അര്‍ഥത്തെ ചോര്‍ത്തിക്കളയുന്ന പ്രത്യയശാസ്ത്രയുദ്ധം കൂടിയാണ്. ""ജാദത്"" എന്ന സിറിയന്‍ മതതീവ്രവാദി വിഭാഗത്തെ ഉപയോഗിച്ചാണ് അസദ് ഭരണകൂടത്തിനെതിരെ കലാപം ഉയര്‍ത്തുവാന്‍ സിഐഎ യത്നിക്കുന്നത്. ആഗോള അല്‍ഖൈ്വദ ശൃംഖലയിലാണ് ജാദതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കപ്പെട്ടിട്ടുള്ളത്. ഭൂഖണ്ഡങ്ങളിലാകെ തങ്ങളുടെ ലോകാധിപത്യം ഉറപ്പിക്കാനായി സിഐഎ മത ഗോത്ര വംശീയ പ്രസ്ഥാനങ്ങളെയും നാനാതരം സ്വത്വ രാഷ്ട്രീയ ഗ്രൂപ്പുകളെയും സമര്‍ഥമായി തന്നെ രൂപപ്പെടുത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. വിവേചനങ്ങള്‍ക്കിരയാവുന്നവരെയും വിവേചനവും അടിച്ചമര്‍ത്തലും നടത്തുന്നവരെയും സ്വത്വാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനും തങ്ങളുടെ പ്രതിവിപ്ലവ പദ്ധതികളുടെ നിര്‍വാഹകരായി അധഃപതിപ്പിക്കാനും സാമ്രാജ്യത്വ ഭീകരന്മാര്‍ക്കിന്ന് കഴിയുന്നുണ്ട്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശപദ്ധതികളുടെ എക്കാലത്തെയും പരീക്ഷണഭൂമിയായിരുന്നു ലാറ്റിനമേരിക്ക. സ്വന്തം പിന്മുറ്റത്ത് കിടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ദുര്‍ബലമായിക്കഴിഞ്ഞിരുന്ന സ്പാനിഷ് കൊളോണിയലിസത്തിനെതിരെ പൊരുതി സ്വാതന്ത്ര്യം നേടി. സൈമണ്‍ ബൊളീവര്‍ ഉള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ ധീരോദാത്തമായ പോരാട്ടങ്ങളും ആശയങ്ങളും ലാറ്റിനമേരിക്കയുടെ സ്വാതന്ത്ര്യവും ഏകീകരണവും ലക്ഷ്യമിട്ടായിരുന്നു. സ്പാനിഷ് കൊളോണിയലിസത്തില്‍നിന്നുള്ള വിമോചനത്തിന്റെ ഘട്ടത്തിലാണ് ബ്രിട്ടന്റെ യുദ്ധക്കപ്പലുകള്‍ അങ്ങോട്ട് നീങ്ങുന്നത്. ഈയൊരു ഘട്ടത്തിലാണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ സംരക്ഷിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ രാജ്യങ്ങള്‍ക്കൊപ്പം തങ്ങളും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമെന്നും പ്രഖ്യാപിച്ച് പ്രസിഡന്റ് മണ്‍റോ രംഗത്ത് വന്നത്. ""മണ്‍റോയിസ""മെന്നത് ലാറ്റിനമേരിക്കക്കും കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങള്‍ക്കും മേലുള്ള അമേരിക്കന്‍ അധിനിവേശ പദ്ധതിയായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ മഹാആദര്‍ശങ്ങള്‍ പുലമ്പി ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും നവകൊളോണിയല്‍ തന്ത്രങ്ങളിലൂടെ തങ്ങളുടെ അധീശത്വം ഉറപ്പിക്കുകയാണ് അമേരിക്ക ചെയ്തത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ അക്കാലം മുതലേ അമേരിക്കക്ക് രഹസ്യ ഓപ്പറേഷനുകളും കൂലിപ്പടയും ചാരസംവിധാനങ്ങളും വിലയ്ക്കെടുക്കലും എല്ലാമുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണ് ലാറ്റിനമേരിക്കയെ അമേരിക്കയുടെ ചവിട്ടടിക്കുള്ളിലാക്കിയത്. പരോക്ഷവും ഗൂഢാലോചനാപരവുമായ രാഷ്ട്രീയ ഇടപെടലുകള്‍ അമേരിക്കയുടെ പതിവു പരിപാടിയാണ്. രാഷ്ട്രീയാധിപത്യത്തിന്റെ പരോക്ഷവിദ്യകളുടെ പരീക്ഷണങ്ങള്‍ ലാറ്റിനമേരിക്കയിലാണ് അമേരിക്ക വിജയകരമായി നടത്തിയത്. ആ അനുഭവങ്ങളാണ് നവകൊളോണിയല്‍ അധിനിവേശ തന്ത്രങ്ങളെ രൂപപ്പെടുത്തുന്നതിന് അമേരിക്കക്ക് സഹായകരമായത്. ഓരോ രാജ്യത്തും, സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ടികള്‍ക്കകത്ത് തങ്ങള്‍ക്ക് നിയന്ത്രണമുള്ളവരെ വളര്‍ത്തിയെടുക്കുന്നു. വിലയ്ക്കെടുത്ത മാധ്യമ കുത്തകകളിലുടെ അത്തരം നേതാക്കള്‍ക്ക് ഉജ്വലമായ പ്രതിച്ഛായ നിര്‍മിച്ചെടുക്കുന്നു. അത്തരം സാമന്തന്മാരെ ജനനേതാക്കളായി അവരോധിച്ചാണ് തങ്ങളുടെ ചൂഷണതന്ത്രങ്ങള്‍ ഭംഗിയായി അടിച്ചേല്‍പ്പിക്കുന്നത്. അവര്‍ക്കെതിരായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയും തങ്ങളുടെ മൂലധന താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാവുന്ന നേതാക്കളെ വകവരുത്തുകയും ചെയ്യുക എന്നതെല്ലാം നവകൊളോണിയല്‍ രീതിയുടെ പ്രയോഗപദ്ധതികളാണ്. തങ്ങള്‍ അധികാരത്തിലെത്തിച്ചവര്‍ തങ്ങളുടെ വരുതിയില്‍നിന്നും വിട്ടുപോകുമെന്ന് കണ്ടാല്‍ അട്ടിമറികളിലൂടെ സ്ഥാനഭ്രഷ്ടരാക്കുകയോ വകവരുത്തുകയോ ചെയ്യുക എന്നതും നവകൊളോണിയല്‍ തന്ത്രത്തിന്റെ കുത്സിതമായ രീതികളാണ്.

ലാറ്റിനമേരിക്കയിലും ആഫ്രിക്കന്‍ നാടുകളിലും ബഹുരാഷ്ട്ര കുത്തകകളും സിഐഎയും ചേര്‍ന്ന് നടത്തുന്ന ഇത്തരം രാഷ്ട്രീയ അട്ടിമറികളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഔദ്യോഗികമായി അമേരിക്ക എപ്പോഴും ആവര്‍ത്തിക്കാറുമുണ്ട്. പിന്നീട് തുറന്ന സൈനിക ഇടപെടലിലൂടെ അയല്‍പ്രദേശങ്ങളിലെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനായി രക്തപങ്കിലമായ കടന്നാക്രമണങ്ങള്‍ തന്നെ അമേരിക്ക ആരംഭിച്ചു. കൊറിയയിലും അപ്പര്‍ ഫിലിപ്പൈന്‍സിലും ഇറാഖിലും സിഐഎ സംഘടിപ്പിച്ച അട്ടിമറികളും സൈനിക ഇടപെടലുകളും കുപ്രസിദ്ധമാണല്ലോ. നാല്‍പതുകളിലെ അപകോളനീകരണവും ഇറാന്‍ പോലുള്ള എണ്ണസമ്പന്ന രാജ്യങ്ങളുടെ സ്വതന്ത്ര പദവിയും സോവിയറ്റ് യൂണിയന്റെ സോഷ്യലിസ്റ്റ് ഭീഷണിയും അമേരിക്കന്‍ മൂലധനശക്തികളെ പരിഭ്രാന്തരാക്കി. അമ്പതുകളുടെ അവസാനം ക്യൂബന്‍ വിപ്ലവത്തോടെ അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധം തുറന്ന രീതിയിലായി. കമ്യൂണിസത്തിനും ക്യൂബക്കുമെതിരായ ഇടപെടലുകള്‍ എല്ലാ സീമകളെയും ലംഘിച്ച് മുന്നോട്ടുപോയി. സിഐഎയുടെ മുന്‍കൈയില്‍ 638 തവണയാണ് ഫിദല്‍ കാസ്ട്രോവിനെതിരെ വധശ്രമമുണ്ടായത്. ഇന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റാഭിമുഖ്യമുള്ള സര്‍ക്കാറുകളെ ഇല്ലാതാക്കുവാന്‍ അമേരിക്ക എന്തെല്ലാം ശ്രമങ്ങളാണ് നടത്തുന്നത്. വെനസ്വേലയില്‍ ഷാവേസിനെതിരായി നടന്ന അട്ടിമറി ശ്രമങ്ങള്‍ കുപ്രസിദ്ധങ്ങളായിരുന്നല്ലോ.

ലാറ്റിനമേരിക്കയിലെ വിമോചനപ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യുവാന്‍ കൂട്ടക്കൊലകളുടെ പരമ്പരയാണ് സിഐഎ അഴിച്ചുവിട്ടത്. ബൊളീവിയന്‍ വിമോചനയുദ്ധത്തിന് നേതൃത്വം നല്‍കിയ ചെഗുവേരയെ അവര്‍ നീചമായി വധിച്ചു. വേണ്ടത്ര തങ്ങളെ അനുസരിക്കുന്നില്ലെന്ന് തോന്നിയ ഭരണാധികാരികളെ എല്‍സാല്‍വഡോറിലും ഗ്വാട്ടിമാലയിലും നിക്വരാഗ്വയിലും പതിവായി അട്ടിമറിച്ചു. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കിവച്ചിരിക്കുന്ന കൃഷിഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കുവാന്‍ സമരം നടത്തുന്ന കര്‍ഷകപ്രസ്ഥാനങ്ങളെയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റു പ്രസ്ഥാനത്തെയും ഉന്മൂലനം ചെയ്യുന്ന പ്രതിവിപ്ലവ ഗ്രൂപ്പുകളെയാണ് സിഐഎ സൃഷ്ടിച്ചത്. സൈന്യത്തിനകത്ത് ഡെത്ത് സ്ക്വാഡുകള്‍ ഉണ്ടാക്കി ""സ്കൂള്‍ ഓഫ് അമേരിക്കാസി""ല്‍ പരിശീലനം നല്‍കിയാണ് കൂട്ടക്കൊലകള്‍ നടത്തിയത്. മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ കടന്നാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കഴിയുന്ന സൈനിക സേച്ഛാധിപതികളെ അധികാരത്തിലെത്തിച്ചുകൊണ്ടാണ് ഈ നരഹത്യകളെല്ലാം സിഐഎ ആസൂത്രണം ചെയ്തു നടപ്പാക്കിയത്.

1976 ലാണ് പട്ടാള അട്ടിമറിയിലൂടെ ജോര്‍ജ് റാഫേല്‍ വിദ്വേല അധികാരത്തില്‍ വരുന്നത്. ഇടതുപക്ഷ സായുധ ഗ്രൂപ്പുകളും ബഹുജനപ്രസ്ഥാനങ്ങളും അര്‍ജന്റീനയിലെ നവകൊളോണിയല്‍ വ്യവസ്ഥക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന പദ്ധതികളുമായാണ് വിദ്വേലയുടെ മര്‍ദകഭരണം ആരംഭിക്കുന്നത്. ഐഎംഎഫ് വാഴ്ചക്കും യുണൈറ്റഡ് ഫുഡ്സ് കമ്പനികള്‍ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ക്കുമെതിരായ ജനവികാരം ലാറ്റിനമേരിക്കയിലുടനീളം ആഞ്ഞടിക്കുന്ന കാലമായിരുന്നു. ചിലിയില്‍ ""ഓപ്പറേഷന്‍ കോണ്ടിനോര്‍"" എന്ന കുപ്രസിദ്ധമായ സിഐഎ അട്ടിമറിയില്‍ അലന്‍ഡെയെ വധിക്കുകയും പിനോഷെയുടെ സ്വേച്ഛാധിപത്യഭരണം ആരംഭിക്കുകയും ചെയ്തു. എല്‍സാല്‍വദോറില്‍ മൃഗീയമായ കൂട്ടക്കൊലകള്‍ സിഐഎ പരിശീലിപ്പിച്ചെടുത്ത ഡെത്ത് സ്ക്വാഡുകള്‍ നടത്തിക്കൊണ്ടിരുന്നു. ഇടതുപക്ഷ വിമോചനശക്തികളെ ഉന്മൂലനം ചെയ്യുവാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ സിഐഎ ലാറ്റിനമേരിക്കയില്‍ തുടങ്ങി. എല്‍സാല്‍വദോറിലെ സിഐഎ ഓപ്പറേഷന് 450 കോടി ഡോളര്‍ അമേരിക്കന്‍ ഭരണകൂടം നല്‍കി. കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും വരെ വേട്ടയാടപ്പെട്ടു. ഗ്വാട്ടിമാലയില്‍ അപ്രത്യക്ഷമായവരുടെ എണ്ണം എത്രയാണെന്ന് പോലും തിട്ടമില്ല. പരാഗ്വായില്‍ ആല്‍ഫ്രഡോ സ്ട്രോസ്നുടെ പട്ടാള സ്വേച്ഛാധിപത്യം ഭീകരമായ കമ്യൂണിസ്റ്റ് വേട്ടക്കാണ് നേതൃത്വം കൊടുത്തത്.

അര്‍ജന്റീനയിലെ വിദ്വേലും ചിലിയിലെ പിനോഷെയും പരാഗ്വായിലെ സ്ട്രോസ്നറും ചേര്‍ന്ന് തങ്ങളുടെ മേഖലയിലെ കമ്യൂണിസ്റ്റ് ഭീഷണിയെ സിഐഎയുടെ കാര്‍മികത്വത്തില്‍ അടിച്ചമര്‍ത്തുകയായിരുന്നു. അര്‍ജന്റീനില്‍ 50,000 -ത്തോളം യുവാക്കളാണ് ഇക്കാലഘട്ടത്തില്‍ അപ്രത്യക്ഷരായത്. മാനവചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ കൂട്ടക്കൊലകള്‍ക്കാണ് ആ രാജ്യം സാക്ഷ്യം വഹിച്ചത്. മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ ഒരു പ്രസ്ഥാനം തന്നെ അവിടെ രൂപംകൊണ്ടു. അവര്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ കൊണ്ടുവന്ന വിദ്വേലയുടെ ക്രൂരതകള്‍ ഹൃദയഭേദകവും മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതുമായിരുന്നു. തങ്ങളുടെ മക്കളെയെല്ലാം സൈന്യത്തിനകത്തെ ഡെത്ത് സ്ക്വാഡുകള്‍ കൊണ്ടുപോയി വധിക്കുകയായിരുന്നുവെന്നാണ് അദമ്യമായ രോഷത്തോടെയും ഗദ്ഗദത്തോടെയും ഈ അമ്മമാര്‍ ലോകത്തോട് പറഞ്ഞത്. ആയിരക്കണക്കിന് കമ്യൂണിസ്റ്റ് ആശയഗതിക്കാരെയും ഇടതുപക്ഷ പ്രവര്‍ത്തകരെയും വിദ്വേലയുടെ സൈന്യം കൊന്നൊടുക്കുകയായിരുന്നു. കലാലയങ്ങളില്‍ ഓടിക്കയറി ഡെത്ത് സ്ക്വാഡുകള്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി അത്യന്തം നീചമായ കൊലപാതകത്തിന് വിധേയമാക്കുകയായിരുന്നു.

രാഷ്ട്രീയ പ്രവര്‍ത്തകരെ മയക്കുമരുന്നു കുത്തിവച്ച് വിമാനത്തില്‍നിന്ന് ജീവനോടെ കടലില്‍ എറിഞ്ഞുകൊല്ലുന്നത് പതിവായിരുന്നു. ഗ്രാമങ്ങളില്‍ അതിക്രമിച്ച് കടന്ന് സൈനിക ബറ്റാലിയനുകള്‍ കൂട്ടക്കുരുതി നടത്തുന്ന രീതിയും വിദ്വേലയുടെ നരഹത്യപദ്ധതികളുടെ സവിശേഷതയായിരുന്നു. ക്ലിന്റണ്‍ ഭരണകാലത്ത്, ഇത്തരം കൂട്ടക്കൊലകളില്‍ അമേരിക്കന്‍ ഭരണകൂടം ഗ്വാട്ടിമലക്കാരോടും അര്‍ജന്റീനിയക്കാരോടും മാപ്പ് ചോദിക്കുകയുണ്ടായി. മാനവരാശിക്കെതിരെ അമേരിക്കന്‍ ഭരണകൂടം നടത്തിയ ഇത്തരം നരഹത്യകള്‍ ഒരു അന്താരാഷ്ട്ര കോടതികളിലും വിചാരണ ചെയ്യപ്പെടുന്നില്ല. അമേരിക്കന്‍ ഭീകരതയുടെ കാര്‍മികരായി പ്രവര്‍ത്തിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പട്ടാളസ്വേച്ഛാധിപതികള്‍ മാത്രമാണ് വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും.

ലാറ്റിനമേരിക്കയിലെ പിന്തിരിപ്പന്‍ ഭരണാധികാരികളെ ഉപയോഗിച്ച് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന രക്തപങ്കിലമായ അധിനിവേശങ്ങള്‍ക്കെതിരെ ആ രാജ്യങ്ങളില്‍ ഉണ്ടായ ദേശാഭിമാനപരമായ ഉണര്‍വുകളും ഇടതുപക്ഷ മുന്നേറ്റങ്ങളുമാണ് ഈ നരാധമന്മാര്‍ക്കെതിരായ വിചാരണക്ക് തന്നെ സാഹചര്യമൊരുക്കിയത്. ""സ്കൂള്‍ ഓഫ് അമേരിക്കാസി""ല്‍ പരിശീലനം ലഭിച്ചവരാണ് ഇത്തരം സൈനിക സ്വേച്ഛാധിപതികളെല്ലാം. ലാറ്റിനമേരിക്കയില്‍നിന്നും കരീബിയന്‍ രാജ്യങ്ങളില്‍നിന്നുമെല്ലാമുള്ള സൈനിക പ്രതിനിധികള്‍ക്ക് ആധുനിക സൈനിക തന്ത്രങ്ങളില്‍ പരിശീലനം നല്‍കുന്നതിന്റെ മറവില്‍ ഈ രാജ്യങ്ങളിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാവുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ഭരണാധികാരികളെയും ഉന്മൂലനംചെയ്യുവാനുള്ള പ്രതിവിപ്ലവസംഘങ്ങളെ രൂപപ്പെടുത്തിയെടുക്കുകയാണ് സിഐഎയും അമേരിക്കന്‍ ഭരണകൂടവും. ലാറ്റിനമേരിക്കന്‍ നാടുകളില്‍നിന്ന് സിഐഎ റിക്രൂട്ട് ചെയ്തെടുത്ത യുവാക്കള്‍ക്കും സൈനികര്‍ക്കും കൂട്ടക്കൊലകള്‍ നടത്തുവാനും ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുവാനുമുള്ള പരിശീലനങ്ങളാണ് നല്‍കുന്നത്. ഏറ്റവും നൂതനമായ പീഡനമുറകളും കൊലപാതകരീതികളുമാണ് പഠിപ്പിക്കുന്നത്. നോം ചോംസ്കി നിക്കരാഗ്വയിലെ കോണ്‍ട്രാ കലാപകാരികളെ പ്രത്യേകമായി വിശകലനം ചെയ്തുകൊണ്ട് ഈ പരിശീലനരീതിയുടെ മൃഗീയതയും മനുഷ്യത്വരാഹിത്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിദ്വേലയുടെ ഭരണകാലത്ത് 30,000 -ത്തിലേറെ പേരാണ് അര്‍ജന്റീനയില്‍ കശാപ്പു ചെയ്യപ്പെട്ടത്. 31 രാഷ്ട്രീയ പ്രവര്‍ത്തകരെ പീഡിപ്പിച്ച് കൊന്ന കേസിലാണ് വിദ്വേലക്ക് 2010ല്‍ കോടതി ജീവപര്യന്തം ശിക്ഷ നല്‍കിയത്. ആ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഗര്‍ഭിണികളെ തടവിലിട്ടതിനും അവരുടെ കുഞ്ഞുങ്ങളെ കവര്‍ന്നെടുത്തതിനുമുള്ള കേസില്‍ 2012ല്‍ 50 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. അര്‍ജന്റീനയിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷാനുകൂലമായതിനെ തുടര്‍ന്നാണ് ഈ വിചാരണാ നടപടികള്‍ ത്വരിതഗതിയിലായത്. മാനവികതക്കെതിരായ മഹാപാതകങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെട്ട വിദ്വേല ശിക്ഷിക്കപ്പെടുകയും ജയിലറയില്‍ കിടന്നു മരണമടയുകയും ചെയ്തു. ഒരു സ്വേച്ഛാധിപതിയുടെ നിഷ്ഠുരതകള്‍ക്ക് ചരിത്രം നല്‍കിയ ശിക്ഷയേറ്റ് വാങ്ങി വിദ്വേലക്ക് ഒരു പുഴുത്ത പട്ടിയെപ്പോലെ ചത്തൊടുങ്ങേണ്ടി വന്നു. അപ്പോഴും ഈ മഹാപാതകങ്ങളുടെ ആസൂത്രകനായ അമേരിക്കന്‍ ഭരണകൂടവും സിഐഎയും ലോകമെമ്പാടും മനുഷ്യന്റെ നിലനില്‍പിനും ജീവിക്കുവാനുള്ള അവകാശങ്ങള്‍ക്കും ഭീഷണിയായി നിലകൊള്ളുന്നു.

മാനവികതക്കുനേരെ ഉയരുന്ന സര്‍വവെല്ലുവിളികളുടെയും പ്രഭവകേന്ദ്രമായി വര്‍ത്തിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിനെതിരായ സമരങ്ങളിലൂടെ മാത്രമെ ഇന്നു മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയൂവെന്നാണ് വിദ്വേലയുടെ വിചാരണയുംശിക്ഷയും മരണവും നമ്മെ ഓര്‍മപ്പെടുത്തുന്നത്. അര്‍ജന്റീനയില്‍ നെസ്റ്റര്‍ കിച്ച്നരുടെയും ക്രിസ്റ്റര്‍ ഫെര്‍ണാണ്ടസിന്റെയും സര്‍ക്കാറുകള്‍ വന്നതോടെയാണ് ജോര്‍ജ് റാഫേല്‍ വിദ്വേലയുടെ കാലത്തെ കൂട്ടക്കൊലകളും മനുഷ്യത്വരഹിതമായ പീഡനങ്ങളും വിചാരണ ചെയ്യപ്പെട്ടതും മാനവരാശിക്കെതിരായ അപരാധങ്ങള്‍ക്ക് ശിക്ഷ നല്‍കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടതും.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

No comments: