Saturday, June 1, 2013

ഇന്ത്യ - ചൈന ബന്ധം പുതിയ തലങ്ങളിലേക്ക്

ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രാമുഖ്യത്തിനു അടുത്ത കാലത്തായി ഏറ്റക്കുറച്ചില്‍ വന്നുകൊണ്ടിരിക്കുകയാണ്. 70 വര്‍ഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തില്‍ സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാമുഖ്യത്തിനു മങ്ങലേറ്റു. അവയുടെ സ്ഥാനത്തേക്ക് അമേരിക്കയും സോവിയറ്റ് യൂണിയനും ഉയര്‍ന്നുവന്നു. സോവിയറ്റ് യൂണിയന്‍ രണ്ടു പതിറ്റാണ്ടിനുമുമ്പ് ഇല്ലാതായി. അമേരിക്കയുടെ പല്ലിനു പണ്ടത്തെ ശൗര്യം ഇന്നില്ല. അവയുടെ സ്ഥാനത്തേക്ക് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ "ബ്രിക്സ്" രാജ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം ലാറ്റിനമേരിക്കയെ തങ്ങളുടെ പിന്നാമ്പുറമായാണ് അമേരിക്ക കരുതിയിരുന്നത്. ഇന്ന് അവയില്‍ അരഡസനിലേറെ രാജ്യങ്ങള്‍ അമേരിക്കയെ കൂസാതെ സ്വന്തം കാര്യങ്ങള്‍ തങ്ങള്‍ക്ക് ശരിയെന്നു തോന്നുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നു. ഇത് മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിന്റെ പ്രതീകമാണ്. ഇങ്ങനെയൊക്കെ ആകും ലോകകാര്യങ്ങള്‍ സ്ഥായിയായി നടക്കുക എന്നു പറഞ്ഞുകൂട. ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ സാമ്രാജ്യത്വശക്തികളുടെ, ബഹുരാഷ്ട്ര കുത്തകകളുടെ, തേര്‍വാഴ്ച അവസാനിച്ചു എന്നു പറയാറായിട്ടില്ല.

ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ആ തേര്‍വാഴ്ച രൂക്ഷമായിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്രാജ്യത്വ രാജ്യങ്ങളെ മാന്ദ്യം ബാധിച്ചിരിക്കുകയാണ്. അതില്‍നിന്ന് അവയെ കരകയറ്റാനുള്ള ഐഎംഎഫ്, ലോകബാങ്ക് എന്നിവയുടെ ശ്രമം ഇതേവരെ വിജയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഈയിടെ ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലീ കെക്വിയാങ്ങിെന്‍റ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കും ഏഷ്യാ വന്‍കരയ്ക്കു പൊതുവിലും സുപ്രധാനമായിത്തീരുന്നത്. മുമ്പ് സോഷ്യലിസ്റ്റ് ചേരിയെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നിലേറെയുള്ള പ്രദേശമെന്ന് പറയാറുണ്ടായിരുന്നു. ചൈനയും ഇന്ത്യയും ചേര്‍ന്നാല്‍ ജനസംഖ്യ ലോകജനസംഖ്യയുടെ മൂന്നിലൊന്നിലേറെ - 40 ശതമാനത്തോളം - വരും ഇപ്പോള്‍. മറ്റ് ഏതെങ്കിലും രണ്ട് രാജ്യങ്ങളല്ല, വന്‍കരകള്‍ ചേര്‍ന്നാലും ജനസംഖ്യ ഇത്ര വരില്ല. അതിനാല്‍ ഇവയുടെ ഭരണാധികാരികള്‍ തമ്മിലുള്ള ഏത് ചര്‍ച്ചയും കരാറും സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹ്യമായും സാംസ്കാരികമായും അന്താരാഷ്ട്ര പ്രാധാന്യം അര്‍ഹിക്കുന്നു.

കഴിഞ്ഞ അമ്പതിലേറെ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നു. അരനൂറ്റാണ്ടുമുമ്പ് അത് ഏതാനും നാളത്തെ ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇന്ത്യയെ ചൈനക്കെതിരെ അണിനിരത്താനായി സാമ്രാജ്യശക്തികളും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരും കൂടി ചമച്ച കെണിയില്‍ ചെന്നു ചാടുകയായിരുന്നു, അന്ന് നെഹ്റു അടക്കമുള്ള ഇന്ത്യയുടെ ഭരണാധികാരികള്‍ ചെയ്തത്. പ്രശ്നം സൈനികമായി പരിഹരിക്കാമെന്ന വ്യാമോഹം കമ്യൂണിസ്റ്റ് വിരുദ്ധര്‍ അവരില്‍ സൃഷ്ടിച്ചു. അതിന്റെ പൊള്ളത്തരം 1962 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ തന്നെ വെളിവായി. പിന്നീട് സിപിഐ എം ആയിത്തീര്‍ന്ന സിപിഐയിലെ ഇടതുപക്ഷം ഈ അതിര്‍ത്തി പ്രശ്നം ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുകയാണ് വേണ്ടത് എന്ന് അന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ പേരില്‍ അവരെ ചൈനാച്ചാരന്മാര്‍ എന്ന് ആക്ഷേപിച്ച് കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളി അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍. രാജ്യമാകെ സങ്കുചിത ദേശീയ വാദത്തിന്റെ പനി പിടിച്ച് ഉറഞ്ഞു തുള്ളി. പക്ഷേ, അങ്ങനെ ചെയ്തവര്‍ക്കൊക്കെ പിന്നീട് തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ചൈനയുമായി സമാധാനപരമായി ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യേണ്ടി വന്നു.

ഇന്ത്യാ- ചൈനാ അതിര്‍ത്തി, (മറ്റ് രാജ്യങ്ങളുമായുള്ളതും) ഒരു കാലത്തും ഇന്ത്യയും അവയും തമ്മില്‍ സമ്മതിച്ച് അടയാളപ്പെടുത്തിയിട്ടില്ല. മക്മോഹന്‍ രേഖ എന്നു പറയുന്നത് ബ്രിട്ടീഷ് കോളനി സര്‍ക്കാര്‍ നിയോഗിച്ച ഒരു മാന്യന്‍ ഏകപക്ഷീയമായി തയ്യാറാക്കിയ അതിര്‍ത്തി രേഖയാണ്. അതിനു അന്തര്‍ദേശീയ അംഗീകാരമില്ല. അതുകൊണ്ടാണ് അമ്പതുവര്‍ഷത്തിലേറെയായി ചര്‍ച്ച ചെയ്തിട്ടും പ്രശ്നത്തിനു പരിഹാരമാകാത്തത്.

കഴിഞ്ഞ മാസങ്ങളില്‍ ലഡാക്കിലെ കിഴക്കന്‍ മേഖലയിലുള്ള ഡെപ്സാങ്ങില്‍ ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഏതാനും കി.മീ. കടന്ന് താവളം അടിച്ചിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം ആ പ്രദേശത്തുള്ള ഇന്ത്യാ-ചൈനാ പട്ടാള മേധാവികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ടും പരിഹാരമായില്ല. അതിന്റെ പേരില്‍ പാര്‍ലമെന്‍റിലും മാധ്യമങ്ങളിലും ചില രാഷ്ട്രീയ കക്ഷികളും രാഷ്ട്രീയ നിരീക്ഷകരും ജനവികാരം ഇളക്കിവിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അധികം താമസിയാതെ ചൈനീസ് ഭടന്മാര്‍ അവിടെനിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങി. അതിര്‍ത്തിപ്രശ്നം രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് തങ്ങളുടെ നിലപാട് എന്ന് ചൈനയുടെ പ്രധാനമന്ത്രിയും വിദേശമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ചൈനയുടെ പ്രദേശങ്ങള്‍ സാമ്രാജ്യശക്തികളോ അവയുടെ പിന്തുണയോടെ പാവ ഗവണ്‍മെന്‍റുകളോ കയ്യടക്കിവെച്ചിട്ടുണ്ടെങ്കില്‍, അവ വീണ്ടെടുക്കുക തങ്ങളുടെ നയമാണെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതിനായി യുദ്ധം അഴിച്ചുവിടാന്‍ അവര്‍ തയ്യാറല്ല. എന്നുവെച്ച്, തങ്ങളുടെ അവകാശമൊട്ട് ഉപേക്ഷിക്കുകയുമില്ല അവര്‍. അമേരിക്കയെപ്പോലെ തങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ലാത്ത സ്ഥലങ്ങളിലേക്ക്പട്ടാളത്തെ അയച്ച് ആ പ്രദേശത്തെയും ജനങ്ങളെയും വരുതിയിലാക്കുന്ന സമീപനം ചൈനക്കില്ല. എന്നാല്‍, ചൈനയ്ക്കും അമേരിക്കയുടെ സാമ്രാജ്യത്വ ദുര ഉണ്ടെന്ന് സ്ഥാപിച്ച് അതിനെക്കുറിച്ച് ലോകജനതക്കുള്ള മതിപ്പ് ഇല്ലാതാക്കാനാണ് അമേരിക്കയും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധരും ശ്രമിക്കുന്നത്. അങ്ങനെ ജനങ്ങളില്‍ ചൈനാപ്പേടി കുത്തിക്കയറ്റി അവരെ ചൈനയ്ക്ക് എതിരാക്കാനാണ് കൊണ്ടുപിടിച്ച ശ്രമം. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഇന്ത്യയിലും ഇക്കാര്യത്തില്‍ സംഭവിച്ചത് അതാണ്. എന്നാല്‍, ചൈനാ പട്ടാളക്കാര്‍ ലഡാക്കിലെ ഡെപ്സാങ്ങില്‍ നിന്ന് പിന്‍വാങ്ങുകയും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുക എന്നത് ചൈനയുടെ നയ സമീപനത്തിന്റെ അഭേദ്യഘടകമാണെന്ന് ചൈനാ പ്രധാനമന്ത്രി ലി കെക്വിയാങ്ങ് ഇന്ത്യാ സന്ദര്‍ശനവേളയില്‍ വ്യക്തമാക്കുകയും ചെയ്തതോടെ ആ ദുഷ്പ്രചരണത്തിന്റെ കാറ്റുപോയി. ചൈനാവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതുപോലെ അയല്‍രാജ്യങ്ങളുടെ ഏതാനും ചതുരശ്ര കി. മീ. സ്ഥലം കയ്യേറുന്ന അക്രമി രാജ്യമല്ല ചൈന.

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണത്. ഇന്ത്യയും ചൈനയും തമ്മില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നു വരുന്ന സൗഹൃദത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരാണ് അവര്‍. അതുകൊണ്ട് അത് നിലനിര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും ശാസ്ത്ര - സാങ്കേതിക വിദ്യാപരവുമായ വളര്‍ച്ച അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തെ തങ്ങളുടെ വിദേശ ബന്ധത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നായി അവര്‍ കാണുന്നു. അതുകൊണ്ടാണ് പ്രധാനമന്ത്രിപദം ഏറ്റശേഷം താന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാകണമെന്ന് ലി കെക്വിയാങ്ങ് ആഗ്രഹിച്ചത്. അതിര്‍ത്തി പ്രശ്നം കൈകാര്യം ചെയ്യുന്ന ഇരുരാജ്യങ്ങളിലെയും പ്രതിനിധികളോട് അക്കാര്യത്തിനു മുന്‍ഗണന നല്‍കാന്‍ ഇരു പ്രധാനമന്ത്രിമാരും നിര്‍ദേശിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

2015 ആകുമ്പോഴേക്ക് പ്രതിവര്‍ഷം 10,000 കോടി ഡോളറിെന്‍റ കൊള്ളക്കൊടുക്ക അവ തമ്മില്‍ ഉണ്ടാക്കണമെന്നാണ് ധാരണ. സമാധാനപരമായ കാര്യങ്ങള്‍ക്ക് ആണവോര്‍ജം ഉല്‍പാദിപ്പിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തി. ബ്രഹ്മപുത്രാനദിയിലെ ജലം പങ്കുവെക്കുന്നതു സംബന്ധിച്ച് കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുന്നതിനു ഇരു പ്രധാനമന്ത്രിമാരും കൂടി തീരുമാനിച്ചു. ഏഥന്‍ കടല്‍ മുതല്‍ക്കുള്ള കപ്പല്‍ യാത്രക്ക് തടസ്സം സൃഷ്ടിക്കുന്ന കടല്‍ക്കൊള്ളക്കാരെ നിലയ്ക്കു നിര്‍ത്തി കടല്‍ വഴിയുള്ള വ്യാപാരം സുഗമമാക്കുന്നതിനു ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനു തീരുമാനിച്ചു. ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാരശിഷ്ടം കുറയ്ക്കുന്നതിനു തക്ക നടപടിയെടുക്കാമെന്ന് ചൈന ഏറ്റു. അങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് വികസ്വര രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ തമ്മില്‍, അവ തമ്മിലുള്ള യോജിപ്പും കൂട്ടായ്മയും വിപുലീകരിക്കുന്നതു സംബന്ധിച്ച് നിരവധി കാര്യങ്ങളില്‍ ധാരണയായി.

ദക്ഷിണ - പൗരസ്ത്യ ഏഷ്യന്‍ പ്രദേശങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദത്തോടെ വര്‍ത്തിക്കുന്നതിനു ഉറപ്പുള്ള അടിത്തറ പാകുന്നതാണ് ഇവര്‍ തമ്മിലുണ്ടാക്കിയ ധാരണ. ചില കാര്യങ്ങളില്‍ നിലനിന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹം ഇരു പ്രധാനമന്ത്രിമാരും പ്രകടമാക്കി. ഇങ്ങനെയൊരു സൗഹൃദം ഇന്ത്യയും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്നതിനെ അമേരിക്കയും മറ്റ് സാമ്രാജ്യശക്തികളും അവയെ നിയന്ത്രിക്കുന്ന കുത്തകകളും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ചൈനാ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുമ്പും പിമ്പും പല മാധ്യമങ്ങളും ചൈനയുടെ സമീപനം ഇന്ത്യക്ക് ഹിതകരമല്ല എന്നും മറ്റും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അത് യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനം എന്നതിനേക്കാള്‍ ഇന്ത്യാ - ചൈനാ ബന്ധം നല്ല നിലയില്‍ വളരുന്നതിനോടുള്ള സാമ്രാജ്യത്വത്തിന്റെ എതിര്‍പ്പിെന്‍റ വിളംബരമാണ്.

ആഗോളതലത്തില്‍ സാമ്രാജ്യാധിപത്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികളില്‍ ഒന്നാണ് ഇന്ത്യാ - ചൈനാ ബന്ധം ഇത്തരത്തില്‍ ശക്തിപ്പെടുന്നത്. വിശദാംശങ്ങളില്‍ ഇന്ത്യക്കോ ചൈനക്കോ രുചിക്കാത്ത ചിലതൊക്കെ ഇരുരാജ്യങ്ങളും കൂടി അംഗീകരിച്ച ധാരണയിലും ഒപ്പിട്ട കരാറുകളിലും ഉണ്ടാകാം. പക്ഷേ, ശ്രദ്ധേയമായ കാര്യം അവ തമ്മിലുള്ള ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു, കൂടുതല്‍ തുകയുടേതായി വര്‍ധിക്കുന്നു എന്നതാണ്. ഈ ബന്ധം വളരുന്നതാകട്ടെ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വിപുലവും ശക്തവുമാകുന്നതിനു കളമൊരുക്കുന്നു. ഇക്കാര്യത്തില്‍ സാമ്രാജ്യശക്തികളുടെ ഇംഗിതം തള്ളിക്കളയാന്‍ ഇന്ത്യക്ക് മനസ്സുറപ്പ് ലഭിക്കുന്നതു തന്നെ വലിയൊരു കാര്യമാണ്. ആഗോളവല്‍ക്കരണ ശക്തികളുടെ സമ്മര്‍ദം അത്ര കണ്ട് കുറയ്ക്കാനും ഇതുവഴി ഇന്ത്യയ്ക്കു ആത്മവിശ്വാസം വര്‍ധിക്കാനും കഴിയും.

*
സി പി നാരായണന്‍ ചിന്ത വാരിക

No comments: