Saturday, June 29, 2013

എന്റെ സഹോദരന്‍

എ സി ഷണ്‍മുഖദാസും ഞാനും തമ്മിലുള്ള ബന്ധത്തിന് സഹോദരനിര്‍വിശേഷമായ സുഗന്ധമാണുള്ളത്. കെഎസ്യുവിന്റെ പ്രവര്‍ത്തനരംഗത്തുകൂടിയാണ് പരിചയം നാമ്പെടുക്കുന്നത്; പിന്നെ യൂത്ത് കോണ്‍ഗ്രസിലൂടെ, തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിശാലമായ പ്രവര്‍ത്തനരംഗത്തിലൂടെ. 1978ലാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണം ഉടലെടുക്കുന്നത്. അന്നത്തെ ദേശീയ നേതൃത്വത്തില്‍ വളര്‍ന്നുവന്ന നയപരവും രാഷ്ട്രീയവുമായ വിയോജിപ്പ് വലിയ പ്രതികരണവും പ്രതിധ്വനിയും സൃഷ്ടിച്ചു. എ കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, പി സി ചാക്കോ, സുധീരന്‍, ഷണ്‍മുഖദാസ് ഉള്‍പ്പെടെ ഞങ്ങളെല്ലാം ഒരു നിലപാടില്‍ എത്തി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനത്തിന്റെ ഭാഗമായി ഒരു വേദിയില്‍ ഒന്നിക്കണം. 1978ലെ രാഷ്ട്രീയ സമ്മേളനത്തില്‍ എല്‍ഡിഎഫിന്റെ ആവശ്യകതയിലധിഷ്ഠിതമായ പ്രമേയം അംഗീകരിച്ചു. തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയില്‍ സാന്നിധ്യം. അധികം വൈകാതെ ഒരു ഭാഗം എല്‍ഡിഎഫ് ഉപേക്ഷിച്ച് മറുപക്ഷത്തേക്ക്.

എന്നാല്‍ ഷണ്‍മുഖദാസ് ഉള്‍പ്പെടെ ഞങ്ങളെല്ലാം എല്‍ഡിഎഫിന്റെ ഭാഗമായി തുടരാന്‍ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളെല്ലാം കേരളം കണ്ടതാണ്. കോണ്‍ഗ്രസ് എസ് എല്‍ഡിഎഫിന്റെ ഭാഗമായി. പിന്നീട് അധികാരത്തിലേറിയ എല്‍ഡിഎഫ് മന്ത്രിസഭകളില്‍ ഷണ്‍മുഖദാസ് മന്ത്രിയായിരുന്നു. 1978ല്‍ ആന്റണിയുള്‍പ്പെടെയുള്ളവര്‍ എടുത്ത രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനിന്നവരാണ് കോണ്‍ഗ്രസ് എസ്. എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയവ്യതിയാനങ്ങളില്‍ ഷണ്‍മുഖദാസും സുഹൃത്തുക്കളും മറ്റൊരു സംഘടനയുടെ ഭാഗമായി. എന്നാല്‍ വ്യക്തിബന്ധം, സ്നേഹം അതുപോലെ നിലനിന്നു; കാലുഷ്യമില്ലാതെ. ഓര്‍ക്കാനും ഓര്‍മിക്കാനും ഏറെയുണ്ട്.

ഷണ്‍മുഖദാസും പാറുക്കുട്ടിയും മാതൃകാ ദമ്പതിമാരാണ്. അവരുടെ പ്രണയം പൂത്തുലഞ്ഞ കാലം മുതലുള്ള ഒരുപാട് ഓര്‍മ്മകള്‍ എന്റെ മനസ്സിലെത്തുന്നു. ഞാന്‍ കെഎസ്യു ജനറല്‍ സെക്രട്ടറിയായ കാലം. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് ചിക്കന്‍പോക്സ് പിടിപെട്ട് തന്നടയിലെ അമ്മവീട്ടില്‍ കിടപ്പാണ്. ഈ രോഗമായതിനാല്‍ സന്ദര്‍ശകര്‍ കുറഞ്ഞു. ഒരുച്ചനേരത്ത് ഷണ്‍മുഖദാസ് ഏതാണ്ട് രണ്ടരകിലോമീറ്റര്‍ നടന്ന് എന്റെ വീട്ടില്‍ വന്നു. പകരുന്ന രോഗം കാണാന്‍ വരണമായിരുന്നോ എന്ന ചോദ്യത്തിന് തനിക്കിതൊന്നും പകരില്ല എന്നായിരുന്നു മറുപടി. പോരാത്തതിന് കുടിക്കാന്‍ എന്തെങ്കിലും വേണമെന്ന ആവശ്യവും. സംശയത്തോടെ എന്റെ ഇളയമ്മ അത് നല്‍കി. രോഗം പകരില്ലെന്ന പ്രാര്‍ഥനയോടെ. ഒരു തരം സാഹസികത- നിര്‍ബന്ധബുദ്ധി, വീറും വാശിയും- അതാണ് ഷണ്‍മുഖദാസിന്റെ സവിശേഷത. ഇനിയുമുണ്ട് ഓര്‍ക്കാന്‍, ഓമനിക്കാന്‍. ഓര്‍മകള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ...

*
രാമചന്ദ്രന്‍ കടന്നപ്പള്ളി

No comments: