Saturday, June 15, 2013

സ്വയംഭരണ കോളേജുകള്‍ ആര്‍ക്ക്, എന്തിന്?

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുമെന്ന ഭീഷണി ഡെമോക്ലസിന്റെ വാള്‍പോലെ നമ്മുടെ തലയ്ക്കുമീതെ തൂങ്ങിക്കിടക്കുകയാണ്. ഏതു ദിവസവും അത് ഉന്നതവിദ്യാഭ്യാസമേഖലയുടെ തല വെട്ടിപ്പിളര്‍ന്നേക്കാം. കേരളത്തിലെ അധ്യാപകര്‍ക്കിടയില്‍ വിപുലമായ സ്വാധീനമുള്ള എകെപിസിടിഎ, എകെജിസിടി തുടങ്ങിയ അധ്യാപകസംഘടനകളും പ്രമുഖ വിദ്യാര്‍ഥിസംഘടനകളും വിദ്യാഭ്യാസവിദഗ്ധരും ഈ ആപത്ത് മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചതാണ്. സ്വയംഭരണ കോളേജുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെന്നത് വസ്തുതയാണ്. അത് സ്വാഭാവികവുമാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസമേഖലയില്‍ സ്വാധീനമുള്ള അധ്യാപകസംഘടനകള്‍, വിദ്യാര്‍ഥിസംഘടനകള്‍, മാനേജ്മെന്റുകള്‍, വിദ്യാഭ്യാസതല്‍പ്പരരായ വൈദഗ്ധ്യമുള്ളവര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി വേണ്ടതുപോലെ ചര്‍ച്ചചെയ്ത് ധാരണയില്‍ എത്തിയതിനുശേഷം മാത്രമേ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന പരിഷ്കാരങ്ങളോ, മാറ്റങ്ങളോ വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവരാന്‍ പാടുള്ളൂ. രാജീവ്ഗാന്ധിയുടെ ഭരണകാലത്ത് വ്യാപകമായ ചര്‍ച്ച നടത്തിയതിനുശേഷം മാത്രമാണ് ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച രേഖ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയത്. എന്നിട്ടുപോലും ഈ രേഖയ്ക്ക് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. വിദ്യാഭ്യാസ കമീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് നമ്മുടെ രാജ്യത്ത് പഞ്ഞമില്ല. അത് നടപ്പാക്കുന്നതിലാണ് ഗുരുതരമായ വീഴ്ച സംഭവിക്കാറുള്ളത്. ദീര്‍ഘവീക്ഷണമില്ലാത്ത മാറ്റങ്ങളും പരീക്ഷണങ്ങളും വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കുന്നത് ആപല്‍ക്കരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്ന് കാണേണ്ടതുണ്ട്.

കേരളം സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും കുറവില്ല. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുമ്പോള്‍ ശാസ്ത്രീയമായ പരിശോധന അവശ്യം ആവശ്യമാണ്. സ്വാശ്രയസ്ഥാപനങ്ങള്‍ കൈയുംകണക്കുമില്ലാതെ അനുവദിച്ച് പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന നടപടി വിദ്യാഭ്യാസമേഖലയെ തകര്‍ക്കുമെന്നതില്‍ സംശയം വേണ്ടാ. തികഞ്ഞ അവധാനത ഇത്തരം കാര്യങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരപ്പിനനുസരിച്ച് ആഴം പോരെന്നും നിലവാരം ഉയരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതും ഗൗരവമായി പരിശോധിക്കേണ്ടതാണ്. നമ്മുടെ വിദ്യാഭ്യാസരംഗത്ത് ചില പുഴുക്കുത്തുകള്‍ വന്നുപെട്ടത് കണ്ടില്ലെന്ന് നടിക്കരുത്. സ്വാര്‍ഥമോഹികളും അമിതലാഭക്കൊതിയന്മാരുമായ പിന്തിരിപ്പന്‍ശക്തികളുടെ സ്വാധീനം ഈ മേഖലയില്‍ ഗണ്യമായ തോതില്‍ വര്‍ധിക്കുകയാണ്. വിദ്യാഭ്യാസം കേവലമൊരു വില്‍പ്പനച്ചരക്കായി മാറി. ഒരു വ്യവസായം തുടങ്ങി ലാഭംകൊയ്യണമെങ്കില്‍ നല്ല ക്ലേശം സഹിക്കണം. ചെറുതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങള്‍ നഷ്ടംമൂലം അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, പ്രാഥമിക പൂര്‍വഘട്ടംമുതല്‍ മെഡിക്കല്‍, എന്‍ജിനിയറിങ്, പാരാമെഡിക്കല്‍, നേഴ്സിങ് തുടങ്ങി ഉന്നതശ്രേണിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുംതന്നെ നഷ്ടംമൂലം അടച്ചുപൂട്ടേണ്ടിവന്നിട്ടില്ല. എല്‍കെജി, യുകെജി തുടങ്ങിയ പ്രാഥമിക പൂര്‍വ വിദ്യാഭ്യാസംപോലും കേരളത്തില്‍ വലിയ പണച്ചെലവിന് ഇടവരുത്തുന്നതാണ്. നഗരപ്രദേശങ്ങളില്‍ വിദ്യാലയപ്രവേശനത്തിന് ഒരുലക്ഷം രൂപവരെ കോഴ നല്‍കേണ്ടിവരുന്നു എന്നത് ആശ്ചര്യകരമാണെങ്കിലും നഗ്നയാഥാര്‍ഥ്യമാണ്. അധ്യാപകര്‍ക്ക് ന്യായമായ വേതനം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചപ്പോള്‍, വിദ്യാര്‍ഥികളില്‍നിന്ന് സംഭാവനയും ഫീസും വര്‍ധിച്ചതോതില്‍ ഈടാക്കാനാണ് മാനേജ്മെന്റുകള്‍ തീരുമാനിച്ചത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ വിജയശതമാനം വളരെ കുറവായതോടെ അടച്ചുപൂട്ടലിന്റെ ഭീഷണി ഉയര്‍ന്നു. സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനപരീക്ഷ നടത്തി ചോദ്യപേപ്പര്‍ സ്വന്തക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതായി പരാതി ഉണ്ടായതിനെതുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടിവന്നു. ലാഭക്കൊതിയന്മാരായ മാനേജ്മെന്റുകളുടെ കൈയില്‍ പരീക്ഷാചുമതലയും ഫലം പ്രഖ്യാപിക്കല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയ ചുമതലകളും ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഒന്നാന്തരം തെളിവാണ് പ്രത്യക്ഷത്തില്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, നിസ്വാര്‍ഥമായി സേവനതല്‍പ്പരതയോടെ സ്ഥാപനങ്ങള്‍ നടത്തുന്ന മാതൃകാപരമായ മാനേജ്മെന്റുകളും അപൂര്‍വമായെങ്കിലും കേരളത്തിലുണ്ടെന്ന വസ്തുത ഞങ്ങള്‍ മനസ്സിലാക്കുന്നു. അക്കാദമിക സ്വാതന്ത്ര്യം എന്ന ആശയം വളരെ മികച്ചതാണ്. നമ്മുടെ സര്‍വകലാശാലകള്‍ക്ക് അക്കാദമിക സ്വാതന്ത്ര്യം പൂര്‍ണമായും അനുവദിക്കണമെന്നതാണ് അംഗീകൃത തത്വം. സര്‍വകലാശാലകള്‍ ഓട്ടോണമസ് (സ്വയംഭരണ) സ്ഥാപനങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍, സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നതുള്‍പ്പെടെ പരിഹാസ്യമായ രീതിയിലാണ് യുഡിഎഫ് ഭരണത്തില്‍ നടന്നത്. ലക്ചറര്‍ എന്നനിലയില്‍ കോളേജിന്റെ പടിവാതില്‍ ചവിട്ടിയിട്ടില്ലാത്ത ഒരു രാഷ്ട്രീയനേതാവിനെ കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ തീരുമാനിച്ച് നാണക്കേടേറ്റുവാങ്ങിയതും കോണ്‍ഗ്രസിന്റെ സംസ്ഥാനകമ്മിറ്റി അംഗമായ മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനെ കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ചതും കേരളത്തിലാണ്.

നമ്മുടെ വിദ്യാഭ്യാസം പ്രാഥമികതലംമുതല്‍ ബിരുദാനന്തരബിരുദ തലംവരെ ജാതിമത പ്രതിലോമശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ട സാഹചര്യത്തില്‍ സ്വയംഭരണാധികാരം അനുവദിച്ചാല്‍ ഈ മേഖലയാകെ ലാഭക്കൊതിയന്മാരായ ഒരുപിടി സ്വാര്‍ഥതാല്‍പ്പര്യക്കാരുടെ കേളീരംഗമായി മാറും. ഇതനുവദിച്ചുകൂടാ. കല്‍പ്പിത സര്‍വകലാശാല  എന്ന ആശയം അപ്രായോഗികമാണെന്ന് കണ്ടതുപോലെ, സ്വയംഭരണ കോളേജുകളും അനതിവിദൂരഭാവിയില്‍ അതേഗതിയില്‍ അകപ്പെടും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വയംഭരണം അനുവദിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുകതന്നെ വേണം.

*
ദേശാഭിമാനി മുഖപ്രസംഗം

1 comment:

Jomy said...

Good article ....