Tuesday, June 4, 2013

അട്ടപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി അറിയാന്‍

നമ്മുടെ മുഖ്യമന്ത്രി ജൂണ്‍ ആറിന് അട്ടപ്പാടി സന്ദര്‍ശിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ പുറംലോകമറിഞ്ഞ് രണ്ടുമാസം കഴിഞ്ഞാണ് അദ്ദേഹം അവിടയെത്തുന്നത്. ഇതിനിടെ മൂന്നുതവണ പാലക്കാട്ട് എത്തിയിട്ടും അട്ടപ്പാടി സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ലെന്നത് മനഃപൂര്‍വമാണെന്ന് ആരോപിക്കുന്നില്ല. എന്നാല്‍, ഇപ്പോള്‍ അട്ടപ്പാടിയില്‍ പോകാന്‍ തയ്യാറായത് 10ന് നിയമസഭ ചേരുന്നതുകൊണ്ടാണെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റംപറയാനുമാകില്ല.

കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടുപ്രാവശ്യം ഈ ലേഖകന്‍ അട്ടപ്പാടി സന്ദര്‍ശിക്കുകയും അവിടെ താമസിക്കുകയുംചെയ്ത് മനസിലാക്കിയ വിവരങ്ങള്‍ രണ്ട് കത്തായി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് ഒരു മറുപടിപോലും നല്‍കിയില്ല. ഒരു കത്തില്‍ അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതും ചെവിക്കൊണ്ടില്ല. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമാഘോഷിക്കുന്ന തിരക്കിലും സഹപ്രവര്‍ത്തകനായ ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊള്ളണോ, തള്ളണോ എന്ന തന്ത്രം മെനയുന്നതിനിടയിലും അട്ടപ്പാടികൂടി സന്ദര്‍ശിച്ച് ടെന്‍ഷനടിക്കണ്ടെന്ന് അദ്ദേഹം കരുതിയതാവാം. പോയില്ലെങ്കിലും അട്ടപ്പാടിക്കായി പതിവുപോലെ ചില പാക്കേജുകളും പ്രഖ്യാപനങ്ങളും യോഗങ്ങളും നടത്തിയെന്നത് അറിയാഞ്ഞിട്ടല്ല. പക്ഷേ, ഏട്ടിലെ പശു പുല്ലുതിന്നില്ലെന്ന് ഓര്‍ക്കണം.

ഏപ്രില്‍ ആദ്യവാരം മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തോടെയാണ് അട്ടപ്പാടിയിലെ ദുരന്തം പുറംലോകം അറിഞ്ഞത്. ഇന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മരണത്താഴ്വരയായി അട്ടപ്പാടി മാറി. ഒരു വംശത്തിന്റെ ഉന്മൂലനാശത്തിന് തുല്യമായ കൊടുംദുരന്തമാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി അട്ടപ്പാടിയില്‍ നടക്കുന്നത്. 30,000ല്‍താഴെ മാത്രം ജനസംഖ്യയുള്ള ഒരു ജനവിഭാഗത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ മരണസംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. 894 ആദിവാസിമരണങ്ങള്‍ നടന്നതായി ത്രിതലപഞ്ചായത്തുകളില്‍നിന്നും ആശുപത്രികളില്‍നിന്നും വിവരാവകാശനിയമപ്രകാരം ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഈ സംഖ്യ 1000 കഴിഞ്ഞിട്ടുണ്ടാകാം. എന്നാല്‍, ജനനനിരക്ക് 600 മാത്രമാണ്. അതില്‍ പോഷകാഹാരക്കുറവും രോഗങ്ങളും ഭാരക്കുറവുംമൂലം നല്ലൊരു ശതമാനം മരണമടയുന്നു. ആറുമാസത്തിനിടയില്‍മാത്രം മരിച്ചത് 45ല്‍പ്പരം കുഞ്ഞുങ്ങളാണ്.

നിയമസഭയുടെ ആറാംസമ്മേളനത്തില്‍ (2012 ഡിസംബര്‍ 12) ഈ ലേഖകന്റെ ഒരു ചോദ്യം, അട്ടപ്പാടി അടക്കമുള്ള ആദിവാസിമേഖലയില്‍ പോഷകാഹാരക്കുറവുമൂലമുള്ള മരണങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്നായിരുന്നു. "ഇല്ല" എന്നായിരുന്നു മറുപടി. ആറുമാസം മുമ്പേ അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അപ്പോള്‍, ആരാണ് ഈ വിവരം സര്‍ക്കാരിന് നല്‍കിയത്? തിരുവനന്തപുരത്ത് സെക്രട്ടറിയറ്റില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ എഴുതിത്തരുന്നത് വിശ്വസിച്ചതിന്റെ ഫലമായിരുന്നു ആ മറുപടി. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ആ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയെടുക്കേണ്ടതല്ലേ?

പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ഈ ജനസമൂഹം ഇന്നനുഭവിക്കുന്ന ദുരന്തത്തിന് കാരണം. പോഷകാഹാരക്കുറവ് എന്നതിന്റെ പച്ചമലയാളം പട്ടിണി എന്നുതന്നെയാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പിഞ്ചുകുട്ടികള്‍ എന്നിവരില്‍ ഗുരുതരമായ പോഷണവൈകല്യവും വിളര്‍ച്ചയുമാണ് കാണുന്നത്. സ്ത്രീകള്‍ക്ക് തുടര്‍ച്ചയായി ഗര്‍ഭം അലസുന്നു. പ്രസവിക്കുന്നത് ഏറെയും കാലം തികയാതെയും. നവജാതശിശുക്കളുടെ തൂക്കം 600 മുതല്‍ 800 ഗ്രാം വരെയാണ്. ഗര്‍ഭിണികളില്‍ വിളര്‍ച്ച ബാധിച്ചതിനാല്‍ ഗര്‍ഭാവസ്ഥയില്‍തന്നെ ശിശുക്കളുടെ വളര്‍ച്ച മുരടിക്കുന്നു. ഗര്‍ഭിണികളില്‍ വിളര്‍ച്ച ഒഴിവാക്കാന്‍ നല്‍കേണ്ട അയണ്‍ഗുളികപോലും ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഒരു ഗര്‍ഭിണിക്ക് അയണ്‍ ഫോളിക് ഗുളിക ഒരു വര്‍ഷം നല്‍കാനുള്ള ചെലവ് 10 രൂപയാണ്. എന്നിട്ടും രണ്ടുവര്‍ഷമായി ഇത് ലഭിക്കുന്നില്ല. ട്രൈബല്‍ വളന്റിയേഴ്സ്, ആശ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടികള്‍, സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ്, സ്പെഷ്യാലിറ്റി ആശുപത്രി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, സബ്സെന്ററുകള്‍ തുടങ്ങി അട്ടപ്പാടിയുടെ ആരോഗ്യസംരക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല. 196 ഊരുകളിലായി 30,000 വരുന്ന ജനതയ്ക്ക് എന്തുകൊണ്ടാണ് ഈ സംവിധാനങ്ങള്‍ ഫലപ്രദമാകാത്തത്? രണ്ടുവര്‍ഷം മുമ്പുവരെ ഈ സംവിധാനങ്ങളൊക്കെ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നു എന്നറിയുമ്പോഴാണ് ഇവിടെ ഇപ്പോള്‍ ഒരു ഭരണമുണ്ടോ എന്ന് തോന്നിപ്പോകുന്നത്.

പോഷകാഹാരവിതരണം നടത്തേണ്ടത് അങ്കണവാടികള്‍ മുഖേനയാണല്ലോ? അങ്കണവാടികളില്‍ ഈ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിതന്നെ സമ്മതിച്ചതാണ്. 578 ഗര്‍ഭിണികള്‍, 509 മുലയൂട്ടുന്ന അമ്മമാര്‍, 3900 കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, 5969 ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിങ്ങനെ പതിനായിരത്തില്‍പരം പേര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്ന് ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്കണവാടികളില്‍ അമ്മമാരുടെയും കുട്ടികളുടെയും തൂക്കം, വളര്‍ച്ച, രോഗങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍ പോലുമില്ല. അങ്കണവാടികളില്‍ ഒരു കുട്ടിക്ക് ആറു രൂപയാണ് പോഷകാഹാരത്തിന് നല്‍കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ആഹാരം നല്‍കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 12 രൂപയെങ്കിലും വേണം. 172 അങ്കണവാടികളാണ് അട്ടപ്പാടിയിലുള്ളത്. ഇവയ്ക്ക് ആവശ്യമുള്ള തുക വകയിരുത്താനോ വകയിരുത്തിയ തുക നല്‍കാനോ പഞ്ചായത്തുകള്‍ തയ്യാറാകുന്നില്ല. പല അങ്കണവാടി ടീച്ചര്‍മാരും കടം വാങ്ങിയാണ് പരിമിതമായിട്ടെങ്കിലും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. അട്ടപ്പാടിയില്‍ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ച റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ സുബ്ബയ്യന്‍ ഷോളയാര്‍ പഞ്ചായത്തിലെ മരപ്പാലം അങ്കണവാടി സന്ദര്‍ശിച്ചിരുന്നു. അദ്ദേഹമെത്തുമ്പോള്‍ അങ്കണവാടിയില്‍ നാലുകുട്ടികള്‍ മാത്രം. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അന്നേദിവസം 14 കുട്ടികള്‍ക്ക് പാലും മുട്ടയും നേന്ത്രപ്പഴവും നല്‍കിയിരിക്കുന്നു. ഈ കണ്ടെത്തല്‍ അട്ടപ്പാടിയിലെ തട്ടിപ്പിന്റെ ചെറിയൊരുദാഹരണംമാത്രമാണ്.

പാരമ്പര്യകൃഷിരീതി അനുവര്‍ത്തിക്കുന്നവരാണ് ആദിവാസികള്‍. റാഗി, ചാമ, ചോളം, വെരക്, തുവര, പയര്‍വര്‍ഗങ്ങള്‍ എന്നിവയാണ് ഇവരുടെ പരമ്പരാഗത കൃഷികള്‍. മൂന്നുവര്‍ഷംവരെ ധാന്യങ്ങള്‍ ഭക്ഷണത്തിനായി ഇവര്‍ സൂക്ഷിക്കും. പോഷകസമ്പുഷ്ടമായ ഇവ കൃഷിചെയ്യാന്‍ ഇന്ന് അവര്‍ക്ക് കഴിയുന്നില്ല. ഭൂമികൈയേറ്റം, കുടിയേറ്റം എന്നിവ ശക്തമായതോടെ ആദിവാസികളുടെ ഭൂമി നഷ്ടമാവാന്‍ തുടങ്ങി. 2011 ലെ സര്‍വേ പ്രകാരം 909.75 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് നഷ്ടമായി. ഇതുകൂടാതെ വനം വകുപ്പും ഭൂമി കൈയേറി ജണ്ട കെട്ടിയതോടെ കൃഷിചെയ്യാന്‍ നിവൃത്തിയില്ലാതെ ഇവര്‍ കൂലിവേലയില്‍ അഭയംപ്രാപിക്കാന്‍ തുടങ്ങി. ഇഷ്ടമില്ലാത്ത അരി റേഷനായി നല്‍കിയതോടെ ആഹാരം അവര്‍ക്കൊരു പ്രശ്നമായി മാറി. ഭൂമിയില്ലാതെ കന്നുകാലി വളര്‍ത്തലും കുറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി. ചുരുക്കത്തില്‍ ഭൂമി, കൃഷി, തൊഴില്‍ എന്നിവയിലെ പ്രശ്നങ്ങളാണ് ആദിവാസികളെ ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളിവിട്ടത്. സമഗ്രമായ ഒരു പുനരധിവാസ പാക്കേജുകൊണ്ടുമാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ. ഇതിന് മുഖ്യമന്ത്രി നടപടി സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. ആദിവാസികളെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്താന്‍ അഹാഡ്സ് വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. ആദിവാസികളുടെ ഏറ്റവും വലിയ തൊഴില്‍ദാതാവായിരുന്നു അഹാഡ്സ്. പരിസ്ഥിതിസംരക്ഷണം, കൃഷി, തൊഴില്‍, മാനവവിഭവശേഷി, മണ്ണ്-ജല സംരക്ഷണം, ആരോഗ്യം, മദ്യവര്‍ജനം, ശുചിത്വം എന്നിവയിലൊക്കെ വലിയ മാറ്റങ്ങളാണ് അഹാഡ്സ് വരുത്തിയത്. അതുകൊണ്ടാണ് വിദേശസഹായം അവസാനിച്ചിട്ടും പദ്ധതിക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായധനം അനുവദിച്ചത്. എന്നാല്‍, ഭരണമാറ്റത്തോടെ യുഡിഎഫ് സര്‍ക്കാര്‍ അഹാഡ്സിന് ഒരു സഹായവും നല്‍കാതെ പദ്ധതി അവസാനിപ്പിച്ചു.

അട്ടപ്പാടിയില്‍ 12000 പേരാണ് തൊഴിലുറപ്പുപദ്ധതിയില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 4562 പേര്‍ക്കു മാത്രമേ തൊഴില്‍ ലഭിച്ചുള്ളൂ. അതും 62 ദിവസം മാത്രം. വേതനമായി നല്‍കേണ്ട 25 ലക്ഷം രൂപ ഇനിയും ഈ പാവങ്ങള്‍ക്ക് നല്‍കിയിട്ടില്ല. രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അട്ടപ്പാടി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ശുദ്ധീകരിക്കാത്ത വെള്ളമാണ് ശിരുവാണിപ്പുഴയില്‍നിന്ന് പമ്പുചെയ്തുനല്‍കുന്നത്. കോളറപോലുള്ള പകര്‍ച്ചവ്യാധികള്‍ ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണ്.

ഇപ്പോള്‍ വെളിച്ചവും ഇവര്‍ക്ക് നിഷേധിക്കുകയാണ്. വൈദ്യുതിബില്‍ കുടിശ്ശികയായതിന്റെ പേരില്‍ വ്യാപകമായി വൈദ്യുതി കണക്ഷന്‍ വിഛേദിക്കുകയും മീറ്റര്‍ എടുത്തുകൊണ്ടുപോകുകയും ജപ്തി നോട്ടീസ് പതിക്കുകയുംചെയ്തു. ഇവരുടെ വൈദ്യുതിചാര്‍ജ് എസ്ടി വകുപ്പ് നല്‍കണമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കുന്നില്ലെന്നാണല്ലോ ഈ ഫീസൂരല്‍ തെളിയിക്കുന്നത്. കേന്ദ്ര വനാവകാശ നിയമപ്രകാരം വിതരണംചെയ്ത ആദിവാസി ഭൂമി വനംവകുപ്പ് കൈയേറുന്നതായി നേരിട്ട് ബോധ്യപ്പെട്ടു. വ്യാപകമായ കൈയേറ്റം നടക്കുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലെ ഭൂമി സര്‍വേ ചെയ്ത് സബ്ഡിവിഷന്‍ നടത്തി പോക്കുവരവ് ചെയ്ത് നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിനായി 42 സര്‍വേയര്‍മാരെ നിയമിക്കുകയും ഓഫീസ് തുറക്കുകയുംചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ ഇതും പിന്‍വലിച്ചു. വീടില്ല, പെന്‍ഷനില്ല, കക്കൂസില്ല, റേഷന്‍ കാര്‍ഡില്ല, ചികിത്സയില്ല, വെള്ളമില്ല, വൈദ്യുതിയില്ല, വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ല, തൊഴിലില്ല തുടങ്ങിയ ഇല്ലായ്മകളുടെ നീണ്ട ലിസ്റ്റുതന്നെ അട്ടപ്പാടി നിവാസികള്‍ നിരത്തുന്നുണ്ട്.

*
എ കെ ബാലന്‍ ദേശാഭിമാനി

No comments: