Sunday, June 30, 2013

വൈലോപ്പിള്ളിയുടെ നഗരം

തൃശൂര്‍ നഗരത്തിലെ ഒരു റോഡിന് മഹാകവി വൈലോപ്പിള്ളിയുടെ പേര് നല്‍കാന്‍ തീരുമാനിച്ച വിവരം ഈയിടെ പത്രത്തില്‍ വായിച്ചു. പ്രൊഫ. എസ് കെ വസന്തന്‍ നേതൃത്വം നല്‍കുന്ന സ്മാരക സമിതിയുടെ അഭ്യര്‍ഥന മാനിച്ചാണ് നഗരസഭ തീരുമാനമെടുത്തതെന്നും അറിഞ്ഞു. സന്തോഷം അല്ല, ചെറിയ മട്ടില്‍ ഒരാശ്വാസമാണ് തോന്നിയത്. റോഡെങ്കില്‍ റോഡ്. അത്രയെങ്കിലുമായല്ലോ. ഇതെഴുതുന്നയാള്‍ രണ്ടു വര്‍ഷമായി തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. ജീവിതത്തിലെ വര്‍ണശബളമായ കാലത്തിന് സാക്ഷിയായ നഗരം കുറച്ച് അകലെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഇടയ്ക്കൊക്കെ നിരാശ തോന്നും.

തിരുവനന്തപുരം കുഴപ്പമില്ല. എനിക്ക് പണ്ടേ ഇഷ്ടപ്പെട്ട നഗരമാണിത്. വലിയ എടുപ്പുകള്‍ക്കും ആള്‍ത്തിരക്കിനുമിടയില്‍ ഇപ്പോഴും എവിടെയൊക്കെയോ ഗ്രാമീണത ഒളിച്ചിരിക്കുന്നതുപോലെ തോന്നും. ചെറുപ്പകാലത്ത് ഇവിടെ വരുമ്പോഴെല്ലാം പാതയോരത്തെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കു ചാരെ ഓലമേഞ്ഞ വീടുകളും വാഴ നിറഞ്ഞ തൊടികളും കണ്ട് സന്തോഷിച്ചിട്ടുണ്ട്.

അന്ന് വീടുകള്‍ക്കെല്ലാം കയ്യാലകളും കൊട്ടിയമ്പലങ്ങളും (പടിപ്പുര) ഉണ്ടായിരുന്നു. അതു കാണുമ്പോള്‍ ഇതുപോലെ ഒരു കൊട്ടിയമ്പലത്തിന്റെ വാതിലാണല്ലോ "ഏണിപ്പടികളി"ലെ കേശവപിള്ളക്കു വേണ്ടി സഹപ്രവര്‍ത്തകയായ കാമുകി രാത്രിയില്‍ തുറന്നുവച്ചതെന്ന് ഓര്‍മിക്കും. ഇപ്പോള്‍ ഓല മേഞ്ഞ വീടുകളുമില്ല കൊട്ടിയമ്പലങ്ങളുമില്ല. അതുകൊണ്ട് അവയുടെ വാതിലുകള്‍ ആരെങ്കിലും തുറന്നുവയ്ക്കുന്ന പ്രശ്നമില്ല. നഗരത്തിലെ ഉള്‍വഴികളിലൂടെ നടക്കുമ്പോള്‍ കേശവപിള്ളയെ മാത്രമല്ല സാക്ഷാല്‍ തകഴി ശിവശങ്കരപിള്ളയെയും ഓര്‍മിക്കും. ഈ വഴികളിലൂടെയാണല്ലോ പ്ലീഡര്‍ഷിപ്പ് പരീക്ഷക്കു പഠിക്കാന്‍വേണ്ടി വന്ന അദ്ദേഹം നടന്നിരുന്നത്. അന്ന് കേസരി ബാലകൃഷ്ണപിള്ള നഗരത്തിലുണ്ടായിരുന്നു. അതുകൊണ്ട് തകഴി നിയമത്തേക്കാളേറെ നിയമവ്യവസ്ഥക്കു പിന്നാമ്പുറത്തുള്ള മനുഷ്യരെക്കുറിച്ചാണ് പഠിച്ചത്. അങ്ങനെ കുട്ടനാട്ടിലെ ഒരു കൊച്ചുപിള്ള തന്റെ അയലത്തെ കോരനെ തിരിച്ചറിഞ്ഞു. കഥയുടെ ജാതകം തിരുത്തപ്പെട്ടു. ആലപ്പുഴ പട്ടണത്തില്‍നിന്നും അമ്പലപ്പുഴ കടപ്പുറത്തുനിന്നും മനുഷ്യജീവിതം ഉയര്‍ന്നുവന്നു.

മ്യൂസിയത്തിനു ചാരെയുള്ള വഴിയിലൂടെ നന്തന്‍കോട് വഴി പട്ടത്തേക്കു നടക്കുമ്പോള്‍ വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പടിപ്പുര കണ്ണില്‍പ്പെടും. നഗരത്തില്‍ എനിക്കു കുറച്ചു മുന്‍പരിചയമുള്ള സ്ഥലമാണിത്. സംസ്കൃതി ഭവനും അനുബന്ധമായുള്ള ഭാരത് ഭവനും സജീവമാവുന്ന ചില കാലങ്ങളില്‍ തൃശൂരുനിന്നും ഞാന്‍ അവിടെ പോയിട്ടുണ്ട്. ഇപ്പോഴും ഒട്ടുമിക്ക വൈകുന്നേരങ്ങളിലും അവിടെ തിരുവനന്തപുരത്തെ സാഹിത്യകാരന്മാരുടെ കൂട്ടായ്മകള്‍ നടക്കുന്നു. ഒഴിവുകാലത്താണെങ്കില്‍ കുട്ടികളുടെ സാഹിത്യക്യാമ്പ് കാണും. പ്രതിവാര കാവ്യസായാഹ്നങ്ങളും കഥാചര്‍ച്ചയും ഉണ്ട്. വൈലോപ്പിള്ളിക്ക് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു സ്മാരകം ഉണ്ട് എന്നത് അക്ഷരവുമായി ബന്ധമുള്ള ഏതൊരു മലയാളിയുടെയും അഭിമാനമാണ്. സ്വകാര്യമായി പറഞ്ഞാല്‍ ഞങ്ങള്‍ തൃശൂര്‍ക്കാരുടെ ഒരഹങ്കാരവും. ഓരോ തവണ ആ വഴി നടക്കുമ്പോഴും ആ സ്മാരക സമുച്ചയത്തിന്റെ കാരണഭൂതനായ മുന്‍ സാംസ്കാരിക വകുപ്പുമന്ത്രി ടി കെ രാമകൃഷ്ണന് ഞാന്‍ മനസ്സുകൊണ്ട് നന്ദി പറയും. തിരുവനന്തപുരത്തിന്റെ പരമ്പരാഗത സ്വഭാവവും ഔദ്യോഗിക സംവിധാനത്തിലെ അഴിയാക്കുരുക്കുകളും കുറച്ചൊക്കെ അറിയാവുന്ന ഒരാളായതുകൊണ്ട് എനിക്ക് ടി കെ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തിന്റെ കടുപ്പം ഊഹിക്കാന്‍ കഴിയും. വൈലോപ്പിള്ളിയെ ആഴത്തില്‍ തിരിച്ചറിഞ്ഞ ഒരു വായനക്കാരനായിരുന്നു ടി കെ എന്ന കാര്യത്തില്‍ സംശയമില്ല. അഭിമാനത്തോടൊപ്പം ചെറിയ, അല്ല വലിയ ഒരു ചമ്മലും ഉണ്ട്്. ഇത്ര കാലമായിട്ടും തന്റെ പ്രിയപ്പെട്ട നഗരമായ തൃശൂരില്‍ മഹാകവിക്ക് ഉചിതമായ ഒരു സ്മാരകം ഉണ്ടായില്ലല്ലോ എന്ന സംഗതിയാണത്. കേരള സാഹിത്യ അക്കാദമിയില്‍ പകല്‍നേരം ആപ്പീസായി പ്രവര്‍ത്തിക്കുകയും സന്ധ്യക്ക് സാഹിത്യ ചര്‍ച്ചകള്‍ക്കായി വാടകക്കു നല്‍കുകയും ചെയ്യുന്ന താരതമ്യേന വലുപ്പമുള്ള ഒരു മുറിയാണ് വൈലോപ്പിള്ളിയെ ഓര്‍മിക്കാന്‍ തൃശൂരിലുള്ള ഒരു ഇടം. വലിയ വായില്‍ "വൈലോപ്പിള്ളി ഹാള്‍" എന്നൊക്കെ ആളുകള്‍ അതിനെ വിളിക്കുന്നുണ്ട്.

കവിക്ക് തൃശൂരില്‍ ഒരു സ്മാരകം ഉണ്ടാക്കാനുള്ള ആലോചനകള്‍ പല മട്ടില്‍ നടന്നിട്ടുണ്ട്. ഒന്നും ഫലവത്തായില്ല. ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ ലേഖകനും അക്കാര്യത്തില്‍ കുറ്റവാളിയാണ്. മഹാകവി ജനിച്ചതും വളര്‍ന്നതും എറണാകുളത്താണ്. കലൂരുള്ള തറവാട്ടുവീട്ടില്‍ പോകാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. മൂന്നു ദശാബ്ദം മുമ്പാണത്. "അങ്കണത്തൈമാവ്" വളര്‍ന്ന് അന്ന് ഒരു പടുകൂറ്റന്‍ വൃക്ഷമായിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അത് മുറിച്ചു മാറ്റിക്കാണും. അങ്ങനെയൊരു വലിയ മാവിനെ സഹിക്കാനുള്ള ക്ഷമയൊന്നും നമ്മുടെ നഗരവല്‍ക്കരണത്തിനില്ല. ഡിവൈഎഫ്ഐയുടെ ഒരു ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട വച്ചു നടക്കുന്നു. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത് വൈലോപ്പിള്ളിയാണ്. അതിനിടക്ക് അദ്ദേഹം കലൂരില്‍ പോവുകയും അവിടെ വച്ച് പനി ബാധിക്കുകയും ചെയ്തു. പനി കുറഞ്ഞുവോ, സമ്മേളനത്തിനു വരാന്‍ കഴിയുമോ എന്നൊക്കെ തഞ്ചത്തില്‍ അറിയാനുള്ള ശ്രമവുമായി അവിടെ ചെന്നതാണ്. പഴയ മട്ടിലുള്ള ഒരു മാളിക വീടിന്റെ ഉമ്മറത്തെ ചാരുകസേരയില്‍ അദ്ദേഹം ഇരിക്കുന്നു. "വൃത്തി വെണ്‍കളിയിട്ട ഗേഹഭിത്തി"യിലേക്കു ഞാന്‍ നോക്കി. സത്യം പറയാമല്ലോ. കടുത്ത നീരസത്തോടെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. ഇയാളെന്തിന് ഇവിടെ വന്നു എന്ന ഭാവം. അദ്ദേഹത്തിന്റെ സഹോദരിക്കു തോന്നിയ വാത്സല്യംകൊണ്ട് ഒരു ഗ്ലാസ് ചായ കിട്ടി. നീരസത്തോടെയാണെങ്കിലും ഇടമുറിയാതെ അദ്ദേഹം എന്നോട് സംസാരിച്ചു. സംസാരം മുറിച്ച് എഴുന്നേറ്റു പോരാന്‍ കഴിയാതെ അന്നു ഞാന്‍ കുഴങ്ങി. കുറച്ചൊരു കണ്ടുപരിചയം ഉണ്ടെന്നല്ലാതെ അദ്ദേഹത്തിന് എന്നെക്കുറിച്ച് യാതൊന്നും അറിയില്ല. അറിയാന്‍ മാത്രം ഞാന്‍ യാതൊന്നും ആയിരുന്നുമില്ല. പക്ഷേ ചങ്ങമ്പുഴയുടേയും ജീയുടേയും എന്‍ വിയുടേയും വ്യക്തി സവിശേഷതകളെക്കുറിച്ച് ആ സായാഹ്നത്തില്‍ ഞാന്‍ കുറേയൊക്കെ അറിഞ്ഞു. ചിലതൊക്കെ രസകരവും രഹസ്യ സ്വഭാവമുള്ളതുമാണ്.

തിരിച്ചുപോരാന്‍ ബസ്സു കിട്ടാത്തതുകൊണ്ട് ആ രാത്രി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് ഞാന്‍ ഉറങ്ങിയത്. മുല്ലനേഴിമാഷുടെ ചങ്കൂറ്റത്തിന്റെ പിന്‍ബലത്തിലാണ് അക്കാലത്ത് ഞങ്ങള്‍ -രാവുണ്ണിയും ഉണ്ടാവും- തൃശൂരിലെ ദേവസ്വം ക്വാര്‍ട്ടേഴ്സിലുള്ള വീട്ടില്‍ ചെന്ന് വൈലോപ്പിള്ളിയെ കാണുക പതിവ്. നീരസത്തോടെത്തന്നെയായിരിക്കും ഓരോ തവണത്തേയും സ്വീകരണങ്ങള്‍. പക്ഷേ ആ നീരസവും ദേഷ്യവും വഴക്കുമെല്ലാം ഏറ്റുവാങ്ങാന്‍ പാകത്തിന് അദ്ദേഹത്തിന്റെ വത്സല ശിഷ്യന്‍ മുന്നിലുള്ളതുകൊണ്ട് പ്രശ്നമില്ല. വാതില്‍ തുറന്നപാടെ പറയും: ""ദാ, വന്നല്ലോ. തന്നെക്കൊണ്ട് തോറ്റു ഞാന്‍. താനിങ്ങനെ ഭൂതഗണങ്ങളേയുംകൊണ്ട് കേറി വരും. എന്റെ സമയം മെനക്കെടുത്താന്‍. എനിക്കിവടെ എന്തൊക്കെ ജോലികളുണ്ടെന്നോ? അരി കഴുകണം."" "ഞാന്‍ കഴുകാം മാഷെ." മുല്ലനേഴി പറയും. "തന്റെ ഔദാര്യമൊന്നും എനക്കാവശ്യല്ല്യ". ഒരു വട്ടം ചെല്ലുമ്പോള്‍ വൈലോപ്പിള്ളി മാഷ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിന്റെ ക്ഷീണത്തിലായിരുന്നു. നന്നായി ദേഷ്യം പിടിച്ച മട്ട്. അദ്ദേഹം പറഞ്ഞു: ""വധുവിനാണെങ്കില്‍ ഒരു ഭംഗിയുമില്ല. സല്‍ക്കാരത്തിലാവട്ടെ ആകെ ഉണ്ടായിരുന്നത് വാടിയ വെള്ളത്തിന്റെ ചുവയുള്ള ചായയും ബിസ്ക്കറ്റും മാത്രം. ചെല്ലുന്നവര്‍ക്ക് എന്തെങ്കിലും ഒരു നല്ല ഭക്ഷണം കൊടുത്താല്‍ എന്താ കുഴപ്പം? ഇല്ലാത്തവരൊന്നുമല്ലേ."" വിവാഹങ്ങള്‍ക്ക് സദ്യയും സല്‍ക്കാരവും ആവാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ""മരങ്ങളുടെ കല്യാണം ശ്രദ്ധിച്ചിട്ടുണ്ടോ? എത്രമാത്രം മധുരമാണ് അവര്‍ വാരി വലിച്ചു വിളമ്പുന്നത്. വരണോരുക്കും പോണോരുക്കും. വണ്ടുകള്‍ക്കും, തുമ്പികള്‍ക്കും, പൂമ്പാറ്റകള്‍ക്കും കിളികള്‍ക്കും ഇഷ്ടംപോലെ തേന്‍. ഒരു ലുബ്ധുമില്ല"". കാലത്ത് ഭാരത് ഹോട്ടലില്‍ പ്രാതല്‍ കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെ കണ്ട ചില ഭരണ രാഷ്ട്രീയ നേതാക്കള്‍ തന്നെ തറച്ചുനോക്കിയതായി അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥാ കാലമാണ്. "മാവേലി നാടു വാണീടും കാലം" എഴുതിക്കഴിഞ്ഞ സമയം. അതു വായിച്ചിട്ടാണ് അവര്‍ തന്നെ ശത്രുതയോടെ തറച്ചു നോക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ""എന്തോ ഒരു സമ്മേളനം നടക്കണുണ്ട് അവിടെ. ഓരോരുത്തരും കുപ്പായത്തില് വട്ടത്തിലുള്ള ബാഡ്ജ് കുത്തീട്ടുണ്ട്. ബാഡ്ജിന്റെ വലുപ്പം കണ്ടിട്ട് കേമായ സമ്മേളനം ആവണം. ചെറിയ സദ്യക്ക് ചെറിയ പപ്പടം. വലിയ സദ്യക്ക് വല്യ പപ്പടം. അങ്ങനെത്തന്ന്യാണല്ലോ ബാഡ്ജിന്റേം രീതി"". പൂത്തുലഞ്ഞ് തേന്‍ പൊഴിച്ചുനില്‍ക്കുന്ന ഒരു വനവൃക്ഷമായിട്ടാണ് എനിക്ക് വൈലോപ്പിള്ളിക്കവിത അനുഭവപ്പെടുന്നത്. ജീവാമൃതമായ ഫലത്തെയാണ് അത് എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നത്. ഞാന്‍ അത്ര മികച്ച കാവ്യാസ്വാദകനല്ല. കഥകളും നോവലുകളുമാണ് കൂടുതല്‍ വായിക്കുന്നത്. വൈലോപ്പിള്ളിയെ കഥയായിട്ടാണ് ഞാന്‍ വായിച്ചെടുക്കുന്നത്. "കണ്ണീര്‍പ്പാട"ത്തിലെ ദമ്പതികളെപ്പോലെ എന്നെ സ്വാധീനിച്ച മറ്റൊരു കഥാപാത്രത്തെയും ഫിക്ഷനുകളില്‍നിന്നു വായിച്ചിട്ടില്ല. ചെറുകാടിനെപ്പറ്റി പണ്ട് ബി രാജീവന്‍ എഴുതിയത് അനുകരിച്ച് ഞാന്‍ പറയും: മലയാളത്തിലെ ഏറ്റവും ആധുനികനായ കവി വൈലോപ്പിള്ളിയാണ്. സാമൂഹ്യപരിവര്‍ത്തനത്തിന്റെ സ്പന്ദനങ്ങള്‍ മലയാള കവിത അവസാനമായി കേട്ടത് അറുപത് കൊല്ലം മുന്‍പ് എഴുതപ്പെട്ട "കുടിയൊഴിക്കലി"ല്‍ നിന്നാണ്. കാലങ്ങളുടെ നീണ്ട അകലത്തില്‍ തനിക്കു പിറകേ വന്ന ഒരു സാധാരണ കഥാകൃത്തിനെ ഈ കവി എന്തുകൊണ്ടാണ് ഇത്രമേല്‍ സ്വാധീനിച്ചതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഈയിടെ ശ്രദ്ധയില്‍പ്പെട്ട വൈലോപ്പിള്ളിയുടെ ഒരു കുറിപ്പ് എന്റെ ചിന്തയെ കുറച്ചൊന്നു സഹായിച്ചു. "എല്ലാ പ്രക്ഷോഭങ്ങളില്‍ നിന്നും അകന്നിരുന്ന് ജീവിതത്തെ സമഗ്രമായി വിലയിരുത്തി തത്വചിന്താത്മകങ്ങളായ കൃതികള്‍ എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ നാടിന്റെ ചെറുതും വലുതുമായ ഭൗതിക പ്രശ്നങ്ങളില്‍നിന്ന് മനസ്സിനെ പിടിച്ചടക്കിയിരുത്താന്‍ കഴിയുന്നില്ല. ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്നേഹത്തേക്കാള്‍ നീതിയെ, ധര്‍മത്തെയാണ് ഞാന്‍ സര്‍വാത്മനാ ആശ്രയിക്കുന്നത്. ("വൈലോപ്പിള്ളിക്കവിതകള്‍" എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തില്‍നിന്ന്. 1984)

തൃശൂരിലെ പ്രധാനപ്പെട്ട രാജപാതകള്‍ ഏതെങ്കിലും ഒന്നല്ല വൈലോപ്പിള്ളിക്കു വേണ്ടി നഗരസഭ നീക്കിവച്ചിട്ടുള്ളത്. എല്ലാ അര്‍ഥത്തിലും അതൊരു കുറുക്കു വഴിയാണ്. പാലസ് റോഡില്‍ നിന്ന് വടക്കേ ബസ്സ്റ്റാന്‍ഡിലേക്കു കടക്കാനുള്ള കുറുക്കുവഴി. പക്ഷേ വൈലോപ്പിള്ളി മാഷ് ധാരാളമായി തന്റെ സൈക്കിളുരുട്ടിയും അല്ലാതെയും നടന്ന വഴിയാണ് അതെന്ന് സമ്മതിക്കണം. സാഹിത്യ അക്കാദമിയില്‍നിന്ന് മാഷ് താമസിച്ചിരുന്ന ദേവസ്വം ക്വാര്‍ട്ടേഴ്സിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ കഴിയും. അക്കാദമിയില്‍ എത്തിയിരുന്ന അന്നത്തെ മഹാ സാഹിത്യകാരന്മാര്‍ പലരും വൈലോപ്പിള്ളിയെ സന്ദര്‍ശിക്കാന്‍ ഈ വഴിയിലൂടെ നടന്നിട്ടുണ്ടാവും. ഈ വഴിയിലൂടെ തന്നെയാവണം "ജീവിതപ്പാത"യുടെ പ്രൂഫ് നോക്കാന്‍ വരുന്ന ചെറുകാട് മാഷ് കവിയെ നിരന്തരം സന്ദര്‍ശിച്ചിട്ടുണ്ടാവുക. കൊണ്ടുവന്ന ടിഫിന്‍ കാരിയറിലെ ഭക്ഷണം താന്‍ നല്‍കിയ കടുമാങ്ങക്കറി കൂട്ടി ചെറുകാട് ഉണ്ടതും അബദ്ധത്തില്‍ തന്റെ സ്പൂണ്‍ തോള്‍സഞ്ചിയില്‍ വച്ച് കൊണ്ടുപോയതും വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. സ്വര്‍ണസ്പൂണായിരുന്നോ എന്ന് എന്‍ വി കളിയാക്കിയെന്നും എഴുതി. ഈ വഴിയിലൂടെയാവണം മലയാളത്തിലെ കരുത്തനായ നിരൂപകന്‍ എം തോമസ്മാത്യുവിനെ അക്കാദമിയില്‍നിന്ന് നിര്‍ബന്ധിച്ച് കവി തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്.

വീട്ടിലെ തുരുമ്പെടുത്ത മടക്കുകത്തി നിവര്‍ത്താനാവുമോ എന്നു പരീക്ഷിക്കാനായിരുന്നു ആ യത്നം. "കരുത്തനായ നിരൂപകന്‍" അവിടെ പരാജയപ്പെട്ടു. ഈ വഴിയിലൂടെ തന്നെയാണ് "കാവ്യലോക സ്മരണകള്‍" പകര്‍ത്തിയെടുക്കാനുള്ള തീവ്ര യജ്ഞമേറ്റെടുത്ത് എം എന്‍ കുറുപ്പ് നടന്നുവന്നത്. ഈ വഴിയുടെ ഓരത്താണ് തൃശൂരിലെ കേരള എന്‍ജിഒ യൂണിയന്‍ ആപ്പീസ് കെട്ടിടം. ഇപ്പോള്‍ അതിന്റെ അനുബന്ധമായി ഇ പത്മനാഭന്‍ സ്മാരക ഹാള്‍ ഉണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ കേന്ദ്രം എന്നതിലുപരി ജില്ലയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മുഖ്യ ആലോചനാ വേദിയാണിത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നതിനു മുമ്പും ഞാന്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റേയും പിന്നീട് പുരോഗമന കലാ സാഹിത്യ സംഘത്തിന്റേയും കമ്മിറ്റി മീറ്റിങ്ങുകള്‍ അവിടെയാണ് ചേരുക.

പണ്ട് ഓടുമേഞ്ഞ ഒരു ഇരുനില മാളികയായിരുന്നു അത്. കുത്തനെയുള്ള ഗോവണി ശ്രമപ്പെട്ട് കയറണം. ആലോചനകള്‍ നടക്കുന്ന മുകളിലത്തെ മുറിയിലേക്ക് പലവട്ടം വൈലോപ്പിള്ളി മാഷ് കയറി വന്നിട്ടുണ്ട്. സംഘത്തിന്റെ സമുന്നതനായ പ്രസിഡന്റായിരുന്നു അന്ന് അദ്ദേഹം. സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന നാടക മത്സരം നടത്തുന്നകാലത്ത് പണത്തിനു മുട്ടുവന്നപ്പോള്‍ "കുട്ടികളേ, എന്റെ വക ചെറിയൊരു സംഭാവന ഇരിക്കട്ടെ" എന്നു ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ ഗോപാലകൃഷ്ണനോട് പറയുന്നതു ഞാന്‍ കേട്ടു. വൈലോപ്പിള്ളിയുടെ സൗകര്യം പ്രമാണിച്ച് സംഘത്തിന്റെ സംസ്ഥാനതല ആലോചനാ യോഗങ്ങള്‍ പലതും അവിടെ നടത്തും. അന്ന് തായാട്ടും പി ജിയും ഉണ്ടാവും. ചിലപ്പോള്‍ വൈലോപ്പിള്ളി തന്റെ അയല്‍വാസിയായ വി ടി ഇന്ദുചൂഡനേയും കൂട്ടിയാണ് വരിക. എഴുത്തിനെ സംബന്ധിച്ച് പുരോഗമന സാഹിത്യ നിലപാടുകള്‍ക്കു വിമര്‍ശനമുണ്ടാവുമ്പോള്‍ തായാട്ട് എഴുന്നേറ്റുനിന്ന് പറയും: അതൊക്കെ ഈ ഇരിക്കുന്ന ഇന്ദുചൂഡന്റെ "കലയും സാഹിത്യവു"മാണ്. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല. രാഷ്ട്രീയ വനവാസത്തിലായിരുന്ന വി ടി ഇന്ദുചൂഡന്‍ അങ്ങനെ വൈലോപ്പിള്ളിയുമായുള്ള സഹവാസംകൊണ്ട് ചെറിയൊരു ഇടവേളയില്‍ തൃശൂരിലെ ഇടതുപക്ഷ സഹയാത്രികനായി. കവിയുടെ മരണത്തോടെ അതവസാനിപ്പിച്ച് അദ്ദേഹം ആര്‍എസ്എസ് ക്യാമ്പിലേക്കു പോയി.

കെട്ട കാലത്തിന്റെ മൂക പ്രതീകമായി വൈലോപ്പിള്ളി മാഷ് സദാ ദര്‍ശിച്ചിരുന്ന തൃശൂരിലെ പ്രസിദ്ധമായ വടക്കേച്ചിറയും ഈ വഴിയുടെ അരികിലാണ്. ""പണ്ടാ വടക്കേച്ചിറയൊന്നു ചെന്നു കണ്ടാല്‍ കുളിച്ചീടണമെന്നു തോ ന്നും; പണ്ടാരമാം വാഴ്ചയിലിന്നതൊന്നു കണ്ടാല്‍ കുളിച്ചീടണമെന്നു തോ ന്നും."" ഈ വഴിയിലൂടെ ഒരു യൗവനം നടന്നു തീര്‍ത്തതിന്റെ സൗഭാഗ്യം ഈ ലേഖകനുണ്ട്. നഗരത്തില്‍നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട് എന്റെ ഗ്രാമത്തിലേക്ക്. എന്നും കാലത്ത് ബസ്സിറങ്ങി അക്കാദമിക്കു പിറകിലുള്ള എന്റെ ആപ്പീസിലേക്ക് നടന്നിരുന്നത് ഈ നിരത്തിലൂടെയാണ്. ചിന്മയാമിഷന്‍കാരുടെ നവരത്ന ക്ഷേത്രാങ്കണത്തില്‍നിന്നുള്ള എച്ചിലിന്റെ ദുര്‍ഗന്ധം സഹിച്ച് ദേവസ്വം ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടു മുറിച്ചു കടന്ന് എന്‍ജിഒ യൂണിയന്‍ ആപ്പീസിനരികിലൂടെയാണ് എന്റെ യാത്ര. അക്കാലത്ത് വൈലോപ്പിള്ളി ഇല്ല. "ഹേമന്തത്താല്‍ മെലിഞ്ഞ കുളിര്‍നീരിന്‍ കൈകളാല്‍" നിളാനദി അവനെക്കൂടി സ്വീകരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ വൈലോപ്പിള്ളി മാഷ് താമസിച്ച വീട് അതുപോലെ അവിടെ ഉണ്ട്. മുന്‍വശത്തെ മരയഴികളിലേക്ക് അലക്ഷ്യമായി പടര്‍ന്ന പാല്‍വളളികളാല്‍ മറയപ്പെട്ട്. മാഷ് നട്ടുനനച്ചു വളര്‍ത്തിയ മരങ്ങള്‍ പൂക്കള്‍ നീട്ടി എന്നെ ക്ഷണിക്കും; ഒട്ടും നീരസമില്ലാതെ.

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി വാരിക

No comments: