Sunday, January 1, 2012

ശേഷം വെള്ളിത്തിരയില്‍

മറ്റൊരാളുടെ ആത്മകഥ വായിക്കുമ്പോള്‍, അത് എന്റേതു തന്നെയല്ലേ എന്ന തോന്നല്‍ വായനക്കാരില്‍ പലര്‍ക്കുമുണ്ടാവുന്നത് അപൂര്‍വമായ അനുഭവമല്ല. എന്നാല്‍, ആ അനുഭവവും കടന്ന് വായനക്കാരന്‍ അവന്റെ സമാനവും വിഭിന്നവുമായ ആത്മകഥ ഓര്‍ത്തെടുക്കുന്ന അസാധാരണമായ അനുഭവം അടുത്തിടെ ഇറങ്ങിയ സവിശേഷമായ ഒരു പുസ്തകം വായിച്ചപ്പോള്‍ എനിക്കുണ്ടായി. കവിയും അധ്യാപകനും സാംസ്ക്കാരിക വിമര്‍ശകനുമായ കല്‍പറ്റ നാരായണന്റെ നിഴലാട്ടം - ഒരു ചലച്ചിത്രപ്രേക്ഷകന്റെ ആത്മകഥ എന്ന പുസ്തകമാണ് എനിക്കീ അനുഭവം തന്നത്.

കുട്ടിക്കാലം മുതലേ സിനിമാഭ്രാന്തന്റെ ജീവിതം ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാനനുഭവിച്ച പല ജീവിതങ്ങളും അഭിനയിച്ച പല കള്ളത്തരങ്ങളും ഓര്‍മ്മയില്‍ തള്ളിത്തള്ളി വരുന്നു. കോഴിക്കോട്ടെ ദേവഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്; വീട്ടുകാരറിയാതെ നഗരത്തിലുള്ള തിയറ്ററുകളില്‍ നൂണ്‍ഷോയും മാറ്റിനിയും കണ്ട് ഒന്നുമറിയാത്തതു പോലെ വീടണഞ്ഞിരുന്നത്. വൈകുന്നേരങ്ങളില്‍ സിനിമ വിട്ടതിനു ശേഷം ടൌണ്‍ സ്റാന്റില്‍ നിന്ന് ചന്തപ്പറമ്പിലേക്ക്(ചേവായൂര്‍) പച്ച നിറമുള്ള സിറ്റി ബസില്‍ കണ്‍സഷന്‍ ലഭിക്കാനായി കോവൂരിലെ ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റിറ്റ്യൂട്ടിന്റെ പേരില്‍ ഒരു കണ്‍സഷന്‍ കാര്‍ഡ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. (അതു കൊണ്ടെന്തുണ്ടായി. ടൈപ്പ് റൈറ്റിംഗ് ലോവര്‍ എന്ന കെ ജി ടി ഇ പരീക്ഷ പാസായി). ഹോളിവുഡ് ചിത്രങ്ങള്‍ മാത്രം കളിച്ചിരുന്ന മാനാഞ്ചിറയിലെ ക്രൌണ്‍ തിയറ്ററിലെ സിനിമാ പോസ്ററുകള്‍ ഇപ്പോഴെന്നതു പോലെ നഗരത്തിലും പരിസരത്തും അക്കാലത്ത് നിരത്തി ഒട്ടിച്ചിരുന്നില്ല. അത്രയധികം പോസ്ററുകള്‍ വിതരണക്കാര്‍ വിട്ടു കൊടുത്തിട്ടുണ്ടാവില്ല. ചില പ്രത്യേക സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം ബോര്‍ഡുകളിലാണ് ക്രൌണ്‍ തിയറ്ററിലെ പോസ്റര്‍ പതിക്കുക. അതു കാണാനായി ക്രൌണ്‍ തിയറ്ററിലെ പതിവുകാര്‍ തേടിപോവുകയാണ് ചെയ്യുക. സിനിമാശാലയിലേക്കുള്ളതു തന്നെ ഒരു തീര്‍ത്ഥാടനമാണ്. അതിനും മുമ്പുള്ള ഒരു മിനി-തീര്‍ത്ഥാടനം എന്നു വിളിക്കാവുന്നതായിരുന്നു ഈ പോസ്റര്‍ തേടി പോവല്‍. വെള്ളിയാഴ്ചകളില്‍ ഉറക്കമുണരുക തന്നെ അന്നത്തെ പോസ്റര്‍ കാണുന്നതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മനസ്സില്‍ അങ്കുരിപ്പിച്ചു കൊണ്ടാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് ടൌണിലേക്കുള്ള ബസ് സ്റോപ്പിന്റെ സമീപത്തുള്ള ഒരു രണ്ടു നിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തയ്യല്‍പീടികയുടെ മുമ്പിലായിരുന്നു ഇത്തരമൊരു ബോര്‍ഡുണ്ടായിരുന്നത്. വെള്ളിയാഴ്ചകളിലും പിന്നെ മിക്കവാറും ചൊവ്വാഴ്ചകളിലും കോണിപ്പടി കയറി ഈ ബോര്‍ഡിന്റെ സമീപത്തു ചെന്ന് അന്നത്തെ സിനിമയുടെ വിശദാംശങ്ങള്‍(പോസ്റര്‍ ശിവകാശിയിലെ ഏതു പ്രസ്സിലാണ് അച്ചടിച്ചത് എന്നു വരെ) കാണാപ്പാഠമാക്കിയിട്ടേ മറ്റു കാര്യമുണ്ടായിരുന്നുള്ളൂ. അന്ന് വിക്കിപ്പീഡിയയും ഐ എം ഡി ബിയും റോട്ടണ്‍ ടുമറ്റോസും നോക്കാന്‍ ഇന്റര്‍നെറ്റ് കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല. ഇതു പോലെ എന്തൊക്കെ ഓര്‍മ്മകള്‍. ഞാനും എന്നെങ്കിലും എഴുതും ഒരു സിനിമാഭ്രാന്തന്റെ ആത്മകഥ.

ഒരു യഥാര്‍ത്ഥ ചലച്ചിത്രപ്രേക്ഷകനായിരിക്കുക എന്ന ധീരമായ ശ്രമം കാഴ്ചയുടെ മാനവികതയെ തൊട്ടറിയാനുള്ള ശ്രമം കൂടിയാണെന്ന് വിളിച്ചുപറയുന്നുണ്ട് നിഴലാട്ടം എന്നാണ് പുറം ചട്ടയിലെ ബ്ളര്‍ബ് വിശേഷിപ്പിക്കുന്നത്. സിനിമയുടെ ഭാവുകത്വവും സംസ്കാരവും അനുഭൂതിയുടെ ചരിത്രമായി മാറുന്നതെങ്ങനെയെന്ന് ലളിതമായി കാണിച്ചുതരുന്ന പുസ്തകം, സിനിമയിലെ ജീവിതവും ജീവിതത്തിലെ സിനിമയും തമ്മിലുള്ള നിഴലാട്ടമായി ഇടവേളകളില്ലാതെ നമ്മെ വശീകരിക്കുന്നു എന്നാണ് അവകാശവാദം. കാവ്യഭാഷയിലായതുകൊണ്ട് ഒറ്റ ഇരുപ്പില്‍ വായിച്ചു പോകാവുന്ന സുവ്യക്തമായ ഓര്‍മകളാണ് കല്പറ്റ മാഷിനുള്ളത്. പലതും അതിശയോക്തി കലര്‍ത്തിയും ഇത്തിരി അതിഭാവുകത്വത്തോടെയും വിവരിക്കുന്നുണ്ടാവും. സാരമില്ല. കാരണം, അന്ധരല്ലാത്തവര്‍ക്ക് മാത്രമായി സൃഷ്ടിക്കപ്പെട്ട സിനിമ എന്ന കലാമാധ്യമം തന്നെ ലാളിച്ച് ലാളിച്ച് ദുഷിപ്പിച്ച് ഇമ്മാതിരിയാക്കി എന്നാണ് മാഷ് വേദന നിറഞ്ഞ സുഖത്തോടെ പറയുന്നത്.
ആയിരത്തി തൊള്ളായിരത്തി അമ്പത്തിരണ്ടിലാണ് മാഷ് ജനിക്കുന്നത്. ഈ വര്‍ഷത്തിന്റെ പ്രത്യേകതകളായി രേഖപ്പെടുത്തുന്നത് സിനിമാചരിത്രത്തിലെ സംഭവങ്ങളാണ്. മലയാള സിനിമയില്‍ സത്യനും നസീറും പ്രത്യക്ഷപ്പെട്ട വര്‍ഷം; കുറോസാവയുടെ റാഷോമോണ്‍ വെനീസില്‍ ഇരമ്പിയ വര്‍ഷം; ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളാരംഭിച്ച വര്‍ഷം എന്നിങ്ങനെയാണ് തന്റെ തിരുപ്പിറവിയെ ഗ്രന്ഥകാരന്‍ ചരിത്രത്തില്‍ സ്ഥാനപ്പെടുത്തുന്നത്. ടി വി ചന്ദ്രന്റെ സിനിമകളില്‍ ചരിത്രഘട്ടങ്ങള്‍ ഇപ്രകാരം അടയാളപ്പെടുത്തുന്ന പ്രവണതയുണ്ട്. നിഴലാട്ടത്തിലെ രണ്ടാം അധ്യായമായ 'ഭൂമിയിലെ പുതിയ വാഗ്ദാന'ത്തില്‍ സത്യനും നസീറും യഥാക്രമം മമ്മൂട്ടിയും മോഹന്‍ലാലും ആയി പരിണമിച്ചതിന്റെ രസകരമായ താരചരിത്രമാണ് വിവരിക്കുന്നത്. പരസ്പരപൂരകമായ അഭിനയം/അഭിനയരാഹിത്യം എന്നീ ദ്വന്ദ്വങ്ങളിലൂടെയാണ് സത്യനും നസീറും ആരംഭിക്കുന്നത്. സത്യന്റെ പാരമ്പര്യം; സുകുമാരന്‍, സോമന്‍, മുരളി എന്നിവരിലൂടെയാണ് മമ്മൂട്ടിയിലെത്തുന്നത്. പൌരുഷം, ധിക്കാരം, ആഭിജാത്യം എന്നിങ്ങനെയുള്ള പെഴ്സണാലിറ്റികളാണ് ഈ പാരമ്പര്യം. മറുപുറത്താകട്ടെ; പരാജയം, അപമാനം, ഉപേക്ഷ, വഞ്ചന, അനുകമ്പ, ലാളന എന്നിവക്ക് വിധേയനാകാന്‍ വിധിക്കപ്പെടുന്ന സസ്യശ്യാമളകോമള നായകനാണുള്ളത്. നസീറില്‍ നിന്ന് പോന്ന് വിന്‍സന്റ്, രാഘവന്‍, വേണു നാഗവള്ളി, ശങ്കര്‍ എന്നിവരിലൂടെയാണ് ആ പാരമ്പര്യം മോഹന്‍ലാലിലെത്തുന്നത്. എന്നാല്‍, മോഹന്‍ലാല്‍ ഒരു നിലക്ക് ചരിത്രം തിരുത്തിക്കുറിക്കുന്നുണ്ടെന്ന് കല്‍പറ്റ എഴുതുന്നു. അത് അഭിനയത്തിന്റെ കാര്യത്തിലാണ്. മുന്‍ഗാമികള്‍ക്കറിയാതെ പോയിരുന്നതും അവരിലാരും ആരോപിക്കാനിടയില്ലാത്തതുമായ ആ കഴിവ് ലാലിന് ധാരാളമുണ്ടല്ലോ.

'ശേഷം വെള്ളിത്തിരയില്‍' എന്ന തുടര്‍ന്നുള്ള അദ്ധ്യായത്തിലാണ് ലേഖകന്റെ ഞടുക്കുന്ന ഒരനുഭവം വിവരിക്കുന്നത്. അതിപ്രകാരമാണ്. സിനിമ കാരണം കത്തിനശിച്ച ഒരു വീടിന് പകരം ഉണ്ടാക്കിയ, മണ്ണും ചാണകവും മണക്കുന്ന, തൊഴുത്തിരുന്നിടത്ത് നിര്‍മ്മിച്ച, ഒരു താത്ക്കാലിക കുടിലില്‍ ആണ് എന്റെ സുവ്യക്തമായ ഓര്‍മകള്‍ തുടങ്ങുന്നത്. മുന്‍പുള്ള ഓര്‍മകളൊക്കെ ആ പുരയോടൊപ്പം കത്തിപ്പോയി. ആറു നാഴിക അകലെ കല്പറ്റയിലെ ഇരുമ്പുപാലത്തിനടുത്തുണ്ടായിരുന്ന ഗോപാല്‍ ടാക്കീസില്‍ നിന്ന് സിനിമ കണ്ട് അര്‍ധരാത്രിക്ക് വീട്ടില്‍ കയറി വന്നപ്പോള്‍ വീടുണ്ടായിരുന്നിടത്ത് വീടില്ല. കാല് കഴുകി കയറാന്‍, ഊണു കഴിച്ച് ഉറങ്ങാന്‍ വീടു കാണുന്നില്ല. ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഇവിടെ ഞങ്ങളുടെ വീട് കത്തുകയായിരുന്നു. ടാക്കീസില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചപ്പോഴോ കണ്ണീര്‍ തൊണ്ടയില്‍ പ്രയാസങ്ങളുണ്ടാക്കിയപ്പോഴോ അത് സംഭവിച്ചു. ഇത്തരത്തിലുള്ള എന്തെങ്കിലും അത്യാപത്ത് നാം പങ്കിടുന്ന ഓരോ സിനിമാ പ്രദര്‍ശനത്തിനു ശേഷവും സംഭവിക്കുമെന്ന പേടിയോടെയാണ് നാമോരോരുത്തരും യഥാര്‍ത്ഥത്തില്‍ സിനിമ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍, മൊബൈലുള്ളതുകൊണ്ട് കുഴപ്പമില്ല. അല്ലെങ്കിലാലോചിച്ചു നോക്കൂ. വീട്ടിലാര്‍ക്കെങ്കിലും രോഗം മൂര്‍ഛിക്കുകയോ ആരെങ്കിലും മരിക്കുകയോ അല്ലെങ്കില്‍ കല്പറ്റക്കു സംഭവിച്ചതു പോലെ, വീടു കത്തുകയോ മറ്റോ ചെയ്യുന്നത് നാം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണെങ്കില്‍; പിതാവ് അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഭാര്യയുമൊത്ത് ശയിക്കുകയായിരുന്ന ഗാന്ധിക്ക് സംഭവിച്ച ലൈംഗികവിരാമം പോലുള്ള ഒരു സ്തംഭനാവസ്ഥ നമ്മുടെ കാര്യത്തിലുമുണ്ടാവും എന്ന പേടിയോടെയാണ് സത്യത്തില്‍ എല്ലാവരും സിനിമ കണ്ടു തീര്‍ക്കുന്നത്. അത്യാവശ്യമില്ലാത്ത ഒരു പ്രവൃത്തി, ചോദിച്ചാല്‍ മാന്യമായ ഉത്തരം കൊടുക്കാനാവാത്ത ഒരു നേരമ്പോക്ക് അതായിട്ട് സിനിമക്കു പോക്കിനെ വിഭാവനം ചെയ്യുന്നവരാണ് മിക്കവരും. നിഗൂഢമായ ഒരു സാഹസികത സിനിമയെ വലയം ചുറ്റി എപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്.

സിനിമയിലഭിനയിക്കാനുള്ള മോഹത്തിനായി സ്വത്തുക്കള്‍ വിറ്റു തുലച്ച പത്മപ്രഭഗൌഡരോട് താദാത്മ്യം പ്രാപിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. സിനിമയുടെ ഒരു നിലക്ക് ആകര്‍ഷകവും മറ്റൊരു നിലക്ക് ആത്മഹത്യാപരവുമായ ഇക്കണോമി, ഈ അധ്യായത്തില്‍ സ്പര്‍ശിച്ചുപോകുന്നത്, നിരാശാജനകവും അതേ സമയം കുഴിച്ചുമൂടപ്പെട്ടതുമായ എത്രയോ സിനിമാ-ഈയാമ്പാറ്റകളുടെ കൂട്ടമരണങ്ങളെ ഓര്‍മയിലേക്ക് കൊണ്ടുവരുന്നു. മലയാള സിനിമ കേവലം ശബ്ദരേഖയില്‍ നിന്ന് ദൃശ്യകലയായി പരിണമിച്ചതിന്റെ പ്രയാണങ്ങളാണ്; റേഡിയോ ശബ്ദരേഖകളുടെ കാലത്തു നിന്ന് ആദ്യം ഓളവും തീരവുമിലേക്കും പിന്നീട് സ്വയംവരത്തിലേക്കും വളര്‍ന്ന കഥ വിവരിക്കുന്ന 'ശബ്ദലഹരി' എന്ന അദ്ധ്യായത്തിലുള്ളത്. അധ്യാപിക പോലുള്ള ഹിറ്റ് സിനിമകളിലെന്നതു പോലെ അശുഭകരമായ അന്ത്യങ്ങളുമുണ്ടായിരുന്ന പഴയ സുവര്‍ണേതര(!) കാലത്തെ, പുതിയ ശുഭാന്ത്യമാത്ര കാലത്തില്‍ നിന്നു കൊണ്ട് ഓര്‍ത്തെടുക്കുന്ന 'ശുഭാശുഭങ്ങള്‍' എന്ന അധ്യായത്തില്‍ കല്‍പറ്റ എഴുതുന്നു: 'അന്ന് അയല്‍പക്കത്തെ നായികാനായകന്മാരുടെ കല്യാണത്തില്‍ അവസാനിക്കുന്ന ചലച്ചിത്രങ്ങളെ നാം പരിഹസിച്ചു. ഭീരുക്കള്‍ എന്ന് ചിരിച്ച് മറിഞ്ഞു'. തമിഴ് സിനിമയിലെ നായികാ നായകന്മാരുടെ കല്യാണത്തോടെ അവസാനിക്കുന്ന പരിഹാസ്യമായ അന്ത്യങ്ങളെക്കുറിച്ചാണ് ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നത്. കല്യാണത്തിനു പുറകെയുള്ള ഗ്രൂപ്പ് ഫോട്ടോയും അന്ന് പതിവായിരുന്നു. സിനിമാശാലകള്‍ പലതും പൂട്ടി കല്യാണമണ്ഡപമാക്കുന്നതിനെക്കുറിച്ചുള്ള (വൈത്തിരിയിലോ മറ്റോ ഒരു സിനിമാശാല കൃസ്ത്യന്‍ പള്ളിയാക്കിയും മാറ്റിയിട്ടുണ്ട്) പത്രങ്ങളിലെ നിരാശാ ഫീച്ചറുകള്‍ വായിക്കുമ്പോള്‍, കല്യാണം/ഗ്രൂപ്പ് ഫോട്ടോയിലവസാനിക്കുന്ന ഈ തമിഴ് സിനിമകളെക്കുറിച്ചോര്‍ത്ത് എനിക്ക് ചിരി വരാറുണ്ടായിരുന്നു. കാരണം, സിനിമകളില്‍ ഭാവന ചെയ്തിരുന്ന കല്യാണങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടത്തിക്കൊടുക്കുന്ന വിശ്വാസ്യ സ്ഥാപനങ്ങളായി സിനിമാശാല പരിണമിക്കുന്നത് തികച്ചും സ്വാഗതാര്‍ഹമായ കാര്യമാണെന്നല്ലേ ഈ ഫീച്ചറെഴുത്തുകാര്‍ എഴുതേണ്ടിയിരുന്നത്. കൊല്ലം ജില്ലയില്‍ ഒരു ഹാള്‍, ഉച്ചക്കു രണ്ടര വരെ കല്യാണ മണ്ഡപമായും പിന്നീട് മാറ്റിനി മുതല്‍ മൂന്നു കളികള്‍ സിനിമാപ്രദര്‍ശനശാലയായും പ്രവര്‍ത്തിക്കുന്നുണ്ട്. എന്തെല്ലാം വിചിത്ര ഉലകങ്ങള്‍!

1982ല്‍ ബംഗളൂരുവില്‍ ഗ്രന്ഥകാരന്‍ പങ്കെടുത്ത ചലച്ചിത്രാസ്വാദനക്യാമ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പാണ് 'ലോകത്തെ ഞാന്‍ ഫ്രെയിമുകൊണ്ടളന്നു തുടങ്ങി' എന്ന അധ്യായത്തിലുള്ളത്. കവിതാ/സാഹിത്യ ക്യാമ്പുകള്‍ക്ക് കവികളെയോ എഴുത്തുകാരെയോ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന് നിശ്ചയമില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. ചലച്ചിത്രാസ്വാദനക്യാമ്പുകള്‍ക്ക് നല്ല കാണികളെയും, ഫിലിം സൊസൈറ്റി പ്രവര്‍ത്തകരെയും നിരൂപകരെയും സൃഷ്ടിക്കാന്‍ കഴിയുക തന്നെ ചെയ്യുമെന്നത് എന്റെ സ്വന്തം അനുഭവമാണ്. ഈ അധ്യായത്തിലുള്ള സവിശേഷമായ ഒരു നിരീക്ഷണമാണ്, ബംഗളൂരു ക്യാമ്പില്‍ പൂനെ ഇന്‍സ്റിറ്റ്യൂട്ട് മേധാവി മൂര്‍ത്തി നടത്തിയ പ്രസംഗത്തില്‍; സിനിമയില്‍ ശബ്ദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞ ഉദാഹരണം. ബാറ്റില്‍ഷിപ്പ് പൊട്ടെംകിന് ജര്‍മനിയില്‍ പ്രദര്‍ശനസ്വാതന്ത്ര്യം അനുവദിക്കാതിരുന്ന ഹിറ്റ്ലര്‍ വേണമെങ്കില്‍ പശ്ചാത്തല സംഗീതമുപേക്ഷിച്ച് പ്രദര്‍ശിപ്പിച്ചോട്ടെ എന്ന് നിര്‍ദേശിച്ചുവത്രെ. പശ്ചാത്തല സംഗീതത്തിന്റെ അഭാവത്തില്‍ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ നിരുപദ്രവകരമാകുമെന്ന്, അതിലെ ചടുലചലനങ്ങള്‍ അസംബന്ധമാവുമെന്ന്, അതിലെ വിപ്ളവം കോമാളിത്തമാവുമെന്ന്, മൊണ്ടാഷുകള്‍ ദുരൂഹമാവുമെന്ന് ഹിറ്റ്ലര്‍ മനസ്സിലാക്കി എന്നാണ് കല്‍പറ്റ വിശദീകരിക്കുന്നത്. സിനിമ ഒരു ദൃശ്യകലയാണ് എന്നാരംഭിക്കുന്ന അധ്യാപകര്‍ ഈ അധ്യായമെങ്കിലുമൊന്ന് വായിക്കുന്നത് നല്ലതാണ്.

വ്യാപാര സിനിമ എന്ന ഒളിഞ്ഞു നോട്ടക്കാരന്റെ കാമന സഫലമാകുന്ന ഇടത്തെക്കുറിച്ചുള്ള ഖണ്ഡമാണ് 'ഏകാകികളായ പ്രേക്ഷകര്‍' എന്ന അദ്ധ്യായം. നല്ല ചിത്രങ്ങളും മുഖ്യധാരാ ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം ഈ ഒളിഞ്ഞുനോട്ടക്കാരനെ സത്ക്കരിക്കുന്നതില്‍ കാട്ടുന്ന വിമുഖതയോ ആഭിമുഖ്യമോ അല്ലേ എന്ന കല്‍പറ്റയുടെ സംശയത്തോട് മുഴുവനായി യോജിക്കാന്‍ പറ്റില്ലെന്നതു മറ്റൊരു കാര്യം. സിനിമാക്കാര്‍ എഴുത്തുകാരെക്കാള്‍ പ്രശസ്തരും പ്രസക്തരും ആയി തീരുന്ന പ്രവണതയെക്കുറിച്ചെഴുതിയ 'ഇനിയോര്‍ക്ക് സുഖാവ്വോ' എന്ന അധ്യായം വായിച്ചപ്പോള്‍, അറുപതുകളിലോ മറ്റോ സമസ്ത കേരള സാഹിത്യ പരിഷത്ത് പാസാക്കിയതായി കേട്ടിട്ടുള്ള ഒരു പ്രമേയമാണോര്‍മ്മ വന്നത്. തകഴിയും ബഷീറും വര്‍ക്കിയും ദേവുമടക്കം മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ സിനിമയിലേക്ക് ചേക്കേറിയതായിരുന്നു ആ കാലം. അവിടെ അത്യാവശ്യം ദമ്പിടിയും തരാവുമല്ലോ! സാഹിത്യകാരന്‍ ബസില്‍ സഞ്ചരിക്കുമ്പോള്‍ സിനിമാക്കാര്‍ കാറില്‍ പായുന്നു. ഈ പ്രവണത, മലയാള സാഹിത്യം തന്നെ ഇല്ലാതാക്കുമോ എന്നായിരുന്നു പരിഷത്തിന്റെ ഭയം. അതുകൊണ്ട്, സാഹിത്യകാര•ാര്‍ എല്ലാവരും സിനിമയിലേക്ക് പ്രവേശിക്കുന്നതിനെതിരെയായിരുന്നുവത്രെ ആ പ്രമേയം.

ഈ സ്ത്രീ, എല്ലാ സിനിമാശാലകളില്‍ നിന്നും വ്യക്തിപരമായി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളീയ പുരുഷന്മാരുടെ സ്ത്രീയെ നിര്‍ണ്ണയിക്കുകയും, പെണ്‍കുട്ടികളുടെ ചലനങ്ങളെയും ഭാവങ്ങളെയും വസ്ത്ര ധാരണത്തെയും സ്വാധീനിക്കുകയും ചെയ്യുന്നത് സിനിമ മുഖ്യമാധ്യമമായതോടെയാണ് എന്നും ആധുനിക സ്ത്രീയുടെ മോഡലായിരിക്കുക എന്നതായിരുന്നു സിനിമയിലെ നായകനടിയുടെ മുഖ്യ ചുമതല എന്നുമുള്ള കേരളത്തിന്റെ ആധുനികീകരണം എന്ന സിനിമയിലൂടെ പ്രത്യക്ഷമായതും സാധ്യമായതുമായ പ്രതിഭാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള നിരവധി നിരീക്ഷണങ്ങളും ഈ പുസ്തകത്തിലുണ്ട്. മലയാള സിനിമയുടെ കാണി എന്ന രാക്ഷസാകാരം പൂണ്ട മഹാഖ്യാനത്തെ പുതുക്കിപ്പണിയുന്നതിലൂടെ മാത്രമേ മലയാള സിനിമയെയും നവീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം കാണിയുടെ ആത്മകഥയായ നിഴലാട്ടം വായിക്കാന്‍. വിഗതകുമാരനില്‍ ദളിത്/ആംഗ്ളോ ഇന്ത്യന്‍/കറുത്ത തൊലിനിറമുള്ള നായികയഭിനയിച്ചതിനാല്‍ തിരശ്ശീല തന്നെ കത്തിച്ചു ചാമ്പലാക്കിയവരാണ് മലയാള സിനിമയിലെ കാണി. ആ കാണിയുടെ ചാരത്തില്‍ നിന്ന് പുനര്‍ജ്ജനിക്കുന്ന പുതിയ കാണിയെ സൃഷ്ടിക്കുന്നതിലൂടെ തന്നെയേ മലയാള സിനിമ മാറുകയുള്ളൂ. നമ്മള്‍ പ്രധാനമെന്ന് കരുതുന്നത് പ്രധാനമെന്ന് കരുതുന്നവര്‍ മാത്രമുള്ള ഒരു നഗരം എന്ന ഉട്ടോപിയ സാധ്യമാകുന്ന ഫെസ്റിവല്‍ കാലത്തിനുള്ളിലിരുന്നുകൊണ്ട് ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞതും അതിനെക്കുറിച്ചിവിടെ എഴുതാന്‍ കഴിഞ്ഞതും ധന്യമായ കാര്യമായി കരുതുന്നു.

*
ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മറ്റൊരാളുടെ ആത്മകഥ വായിക്കുമ്പോള്‍, അത് എന്റേതു തന്നെയല്ലേ എന്ന തോന്നല്‍ വായനക്കാരില്‍ പലര്‍ക്കുമുണ്ടാവുന്നത് അപൂര്‍വമായ അനുഭവമല്ല. എന്നാല്‍, ആ അനുഭവവും കടന്ന് വായനക്കാരന്‍ അവന്റെ സമാനവും വിഭിന്നവുമായ ആത്മകഥ ഓര്‍ത്തെടുക്കുന്ന അസാധാരണമായ അനുഭവം അടുത്തിടെ ഇറങ്ങിയ സവിശേഷമായ ഒരു പുസ്തകം വായിച്ചപ്പോള്‍ എനിക്കുണ്ടായി. കവിയും അധ്യാപകനും സാംസ്ക്കാരിക വിമര്‍ശകനുമായ കല്‍പറ്റ നാരായണന്റെ നിഴലാട്ടം - ഒരു ചലച്ചിത്രപ്രേക്ഷകന്റെ ആത്മകഥ എന്ന പുസ്തകമാണ് എനിക്കീ അനുഭവം തന്നത്.