2008 ല്‍ ആഗോള ധനകാര്യപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതോടെ, നാം പ്രവചനാതീതമായ സംഭവവികാസങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു. ''ദി ഏജ് ഓഫ് അണ്‍റീസണ്‍'' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ചാള്‍സ് ഹാന്‍ഡിയുടെ വാക്കുകളാണ് ഈ അവസരത്തില്‍ പ്രസക്തമായി തോന്നുന്നത്. ''യുക്തിസഹമല്ലാത്തൊരു യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്..... ഇക്കാലയളവില്‍ യാഥാര്‍ഥ്യമായിത്തീരുമെന്ന് ഉറപ്പുള്ള ഒരു പ്രവചനം മാത്രമേയുള്ളൂ; ഒരു പ്രവചനവും യാഥാര്‍ഥ്യമാവില്ലെന്ന പ്രവചനമാണിത്''. ധനശാസ്ത്രചിന്തകള്‍, നയരൂപീകരണമേഖലയിലുള്ളവര്‍, മാധ്യമലേഖകര്‍-ഇവരൊക്കെ ബുദ്ധിപൂര്‍വമെന്നു കരുതാവുന്ന പ്രവചനങ്ങള്‍ നടത്തുക പതിവാണ്. എന്നാല്‍ പ്രവചനങ്ങള്‍ പാളിപ്പോയി എന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ അവര്‍ അത് പിന്‍വലിക്കുകയും ചെയ്യും. 2011 ല്‍ തുടക്കത്തില്‍തന്നെ, ആഗോള സമ്പദ്‌വ്യവസ്ഥാപ്രതിസന്ധി തരണംചെയ്യാന്‍ പോകുന്നു എന്ന ജാഗ്രതയോടെയുള്ളൊരു ശുഭാപ്തിവിശ്വാസം വ്യാപകമായി നിലനിന്നിരുന്നു. സാര്‍വദേശീയ നാണയനിധി അല്‍പംകൂടി ജാഗ്രതയോടെ പറഞ്ഞത്, പ്രതിസന്ധി തരണംചെയ്യല്‍ പ്രക്രിയയില്‍ കാലതാമസം ഉണ്ടാകുമെങ്കിലും കാര്യങ്ങള്‍ ആ വഴിക്കു തന്നെയാണ് നീങ്ങുന്നതെന്നാണ്.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ നിഷ്പക്ഷമായി നിരീക്ഷിക്കുന്നവരുടെ വിലയിരുത്തല്‍, 1929 ലെ മഹാമാന്ദ്യത്തെ അനുസ്മരിപ്പിക്കുന്നവയാണ് സമീപകാല സംഭവവികാസങ്ങള്‍ എന്നാണ്. ഇന്നലെ അവസാനിച്ചു എന്ന് കരുതിയിരുന്ന പ്രശ്‌നം, തൊട്ടടുത്ത ദിവസം വീണ്ടും പഴയപടി തുടരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ പ്രകടമാക്കുന്ന ശുഭാപ്തിവിശ്വാസം മോശപ്പെട്ട ഭരണനിര്‍വഹണത്തിന്റെ ഫലമായി ജനമനസ്സുകളിലേക്കെത്തുന്നില്ല. വിപണികളും സര്‍ക്കാരിന്റെ ആത്മവിശ്വാസപ്രകടനത്തോട് അനുകൂലമായിട്ടല്ല പ്രതികരിക്കുന്നതും.
2011 സെപ്തംബറിലെ നിധി-ബാങ്ക് യോഗങ്ങളിലും നവംബറില്‍ നടന്ന ജി-20 യോഗത്തിലും നിരവധി നേതാക്കള്‍ പ്രശ്‌നപരിഹാരാര്‍ഥം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു ധാരണയിലെത്താന്‍ സഹായകമായൊരു നേതൃത്വമില്ലാതെപോയി. 1930 കളിലെ മഹാമാന്ദ്യകാലഘട്ടത്തില്‍ നേതൃത്വമേറ്റെടുക്കാന്‍ ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റ് ഉണ്ടായിരുന്നു. മാര്‍ഗദര്‍ശകമായി കെയ്‌നീഷ്യന്‍ പ്രതിവിധികളുമുണ്ടായിരുന്നു; താല്‍ക്കാലികമായിരുന്നെങ്കില്‍കൂടി, 2008 ലെ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ജനത പുതിയ പ്രസിഡന്റായി ബരാക്ക് ഒബാമയെ തിരഞ്ഞെടുക്കുന്നത്, ജോര്‍ജ് ബുഷ് തന്റെ പിടിപ്പുകെട്ട ഭരണത്തിന്റെ ഫലമായി താറുമാറാക്കപ്പെട്ട അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു. മൂന്നുവര്‍ഷക്കാലത്തെ ഒബാമാ ഭരണകൂടത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഈ പ്രതീക്ഷക്കൊത്ത് തൃപ്തികരമല്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. സര്‍ക്കാര്‍ കടബാദ്ധ്യതാപ്രതിസന്ധിക്കു പരിഹാരമെന്നനിലയില്‍ 2.3 ട്രില്യണ്‍ ഡോളര്‍ വിപണിയിലെത്തിച്ചെങ്കിലും സാമ്പത്തികവളര്‍ച്ചയും തൊഴിലവസരവര്‍ധനവും സാധ്യമായിട്ടില്ല. തൊഴിലില്ലായ്മ 9 ശതമാനത്തിലേറെയായി തുടര്‍ന്നുവരുമ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുകയുമാണ്. സ്വാഭാവികമായും സാമ്പത്തികനയങ്ങളില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വമ്പിച്ച സ്വാധീനം ചെലുത്താതിരിക്കില്ല.
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയുടെ ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍തന്നെ യൂറോപ്യന്‍മേഖലയിലെ അന്തരീക്ഷവും കൂടുതല്‍ ഇരുളടഞ്ഞുവരുന്നതായാണ് അനുഭവം. വികസിത മുതലാളിത്തരാജ്യങ്ങളില്‍ മൊത്തം 44 മില്യണ്‍ പേരാണ് തൊഴില്‍രഹിതരായുള്ളതെന്ന സ്ഥിതിക്ക് മാന്ദ്യഭീഷണികള്‍ ഈ രാജ്യങ്ങളെയാകെ അലട്ടിവരുകയുമാണ്.
ഏതായാലും അമേരിക്കയിലേയും യൂറോമേഖലയിലേയും സാമ്പത്തികപ്രതിസന്ധികള്‍ ഏഷ്യന്‍മേഖലാരാജ്യങ്ങളെ ഇതുവരെ സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍, അപകടസാധ്യതകള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. ഏഷ്യന്‍മേഖലയെ മാന്ദ്യപ്രതിസന്ധി ബാധിക്കാനുള്ള സാധ്യത പാശ്ചാത്യലോകത്തെ കാര്‍ന്നുതിന്നുന്ന വ്യാധിക്ക് ആശ്വാസമെത്താന്‍ എത്രസമയം വേണ്ടിവരുമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പ്രതിസന്ധി അധികകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗോള ഡിമാന്‍ഡിലെ ഇടിവ് ഏഷ്യയില്‍നിന്നുള്ള കയറ്റുമതികളെ ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന് ചൈനയില്‍നിന്നുള്ള കയറ്റുമതികളുടെ മുഖ്യവിപണി യൂറോമേഖലയാണ്. ഈ മേഖലയില്‍ മാന്ദ്യവും, കടബാദ്ധ്യതയും തുടര്‍ന്നും ഉയരാനിടവന്നാല്‍, പ്രശ്‌നം ഇരുരാജ്യങ്ങളേയും ബാധിക്കും.
ഭൂരിഭാഗം ഏഷ്യന്‍രാജ്യങ്ങളുടേയും ജി ഡി പിയിലേക്കുള്ള മുഖ്യസ്രോതസ്സ് ടൂറിസമാണ്. ഈ മേഖലയില്‍ മുഖ്യ ആശ്രയം അമേരിക്കയും യൂറോ മേഖലയുമാണ്. ഇന്ത്യയില്‍ പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യു എസില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍, മൊത്തം വിനോദസഞ്ചാരികളുടെ 48 ശതമാനം വരും. മാന്ദ്യം തുടരാനിടയായാല്‍ ടൂറിസം വഴിയുള്ള വരുമാനം കുത്തനെ ഇടിയുകതന്നെ ചെയ്യും. കാരണം, വരുമാനത്തെ ആശ്രയിച്ച് പണം ചെലവാക്കിവരുന്ന ഒരു മേഖലയാണ് ടൂറിസം എന്നതുതന്നെ. അതായത് ഏറ്റവും ഫലപ്രദമായ ആഭ്യന്തര ഡിമാന്‍ഡ് സംരക്ഷണം മാത്രമേ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗമായുള്ളു. ആഭ്യന്തരവ്യാപാര ഉദാരീകരണം ഇക്കാര്യത്തില്‍ ഏറെ ഗുണകരമായിരിക്കും. ഇതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ഊട്ടി ഉറപ്പിക്കുകയും വേണം.
മുതലാളിത്ത മാന്ദ്യപ്രതിസന്ധി ചരിത്രപരമായി വിലയിരുത്തപ്പെടുമ്പോള്‍, നമുക്കു കാണാന്‍ കഴിയുക, 2008 ല്‍ തുടക്കം കുറിക്കുകയും 2011 ല്‍ മുഴുവന്‍ കാലവും തുടരുകയും ചെയ്ത പ്രതിസന്ധിക്ക് 1930 കളിലെ മഹാമാന്ദ്യവുമായി നിരവധി സമാനതകളുണ്ടെന്നാണ്. ''വാള്‍സ്ട്രീറ്റ് കയ്യടക്കുക'' എന്ന മുദ്രാവാക്യം തന്നെ ഉദാഹരണമായെടുക്കാം. മുതലാളിത്ത ബാങ്കിങ്ങ്, ധനകാര്യവ്യവസ്ഥയുടെ പാപ്പരത്തത്തിനെതിരായി നടന്ന സമീപകാല പ്രതിഷേധം മഹാമാന്ദ്യത്തിന്റെ കാലഘട്ടത്തിലുമുണ്ടായിരുന്നു. പ്രൊഫസര്‍ ഗാല്‍ബ്രേയ്ത്ത് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അക്കാലത്ത് ഉയര്‍ന്ന പ്രതിഷേധവും കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരായി നടന്നതായിരുന്നു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ സ്ഥിതിയും ഇതില്‍നിന്നെല്ലാം ഏറെ ഭിന്നമല്ല. ജി ഡി പി വളര്‍ച്ചാനിരക്ക് 8-9 ശതമാനം വരെയായി ഉയരുകയുണ്ടായെങ്കിലും ആഗോളമാന്ദ്യം ഏല്‍പിച്ച ആഘാതത്തിന്റെ ഫലമായി ഇപ്പോള്‍ 7.9 ശതമാനമെത്തിനില്‍ക്കുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍ സി എ ഈ ആര്‍) നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച് 2009 - 10 ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഉയര്‍ന്ന തലത്തില്‍പ്പെടുന്ന 20 ശതമാനം ദേശീയവരുമാനത്തിന്റെ 50 ശതമാനം കയ്യടക്കി വെച്ചിരുന്നതായി കാണുന്നു. 1993 - 94 ല്‍ ഇത് 37 ശതമാനം മാത്രമായിരുന്നു. ഇതേ ഏജന്‍സി തന്നെ നടത്തിയ മറ്റൊരു പഠനം കാണിക്കുന്നത്, ഈ കാലയളവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ താഴെ തട്ടിലുള്ള 60 ശതമാനം പേരുടെ വരുമാനത്തില്‍ 39 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് താഴ്ചയുണ്ടായിരിക്കുന്നതായിട്ടാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്പ്‌മെന്റ് (ഓ ഈ സി ഡി) എന്ന സംഘടനയുടെ കണ്ടെത്തല്‍, ഇന്ത്യയുടെ വരുമാനവിതരണത്തിലുള്ള അസമത്വം പിന്നിട്ട രണ്ടു ദശകക്കാലത്തിനിടയില്‍ ഇരട്ടിയായിട്ടുണ്ടെന്നാണ്. ഇതിന്റെ അര്‍ഥം, സാമ്പത്തികവളര്‍ച്ചയോടൊപ്പം, സാമൂഹ്യനീതിയും ദാരിദ്ര്യനിര്‍മ്മാര്‍ജനവും ഉറപ്പാക്കണമെങ്കില്‍ സ്റ്റേറ്റിന്റെ സജീവമായ ഇടപെടല്‍ കൂടിയേത്തതീരു എന്നാണ്.
ഇത്തരം പഠനറിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെതായൊരു റിപ്പോര്‍ട്ടില്‍ നടപ്പുവര്‍ഷത്തില്‍ ആഗോളസമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഗുരുതരമായ മറ്റൊരു മാന്ദ്യത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണെന്ന മുന്നറിയിപ്പ് പരിശോധിക്കപ്പെടേണ്ടത്. ''ആഗോള സാമ്പത്തികസ്ഥിതിയും, സാധ്യതകളും 2012''എന്ന ശീര്‍ഷകത്തോടെയുള്ള ഈ റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായൊരു പ്രവചനമുണ്ട്. എന്താണതെന്നോ? 2012 ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ''ഒന്നുകില്‍ രക്ഷപ്പെടുക, അല്ലെങ്കില്‍ തകരുക''എന്നതാണ് ഈ പ്രവചനവും അത് ഉളവാക്കുന്ന വെല്ലുവിളിയും. ഈ വെല്ലുവിളി നമുക്കേറ്റെടുക്കാന്‍ കഴിയുമോ? ഒരു മില്യന്‍ ഡോളര്‍ ചോദ്യം തന്നെയാണിത്.
*
പ്രൊഫ കെ അരവിന്ദാക്ഷന്‍ ജനയുഗം 29 ജനുവരി 2012
Subscribe to:
Post Comments (Atom)
1 comment:
2008 ല്‍ ആഗോള ധനകാര്യപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതോടെ, നാം പ്രവചനാതീതമായ സംഭവവികാസങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു. ''ദി ഏജ് ഓഫ് അണ്‍റീസണ്‍'' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ചാള്‍സ് ഹാന്‍ഡിയുടെ വാക്കുകളാണ് ഈ അവസരത്തില്‍ പ്രസക്തമായി തോന്നുന്നത്. ''യുക്തിസഹമല്ലാത്തൊരു യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്..... ഇക്കാലയളവില്‍ യാഥാര്‍ഥ്യമായിത്തീരുമെന്ന് ഉറപ്പുള്ള ഒരു പ്രവചനം മാത്രമേയുള്ളൂ; ഒരു പ്രവചനവും യാഥാര്‍ഥ്യമാവില്ലെന്ന പ്രവചനമാണിത്''. ധനശാസ്ത്രചിന്തകള്‍, നയരൂപീകരണമേഖലയിലുള്ളവര്‍, മാധ്യമലേഖകര്‍-ഇവരൊക്കെ ബുദ്ധിപൂര്‍വമെന്നു കരുതാവുന്ന പ്രവചനങ്ങള്‍ നടത്തുക പതിവാണ്. എന്നാല്‍ പ്രവചനങ്ങള്‍ പാളിപ്പോയി എന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ അവര്‍ അത് പിന്‍വലിക്കുകയും ചെയ്യും. 2011 ല്‍ തുടക്കത്തില്‍തന്നെ, ആഗോള സമ്പദ്‌വ്യവസ്ഥാപ്രതിസന്ധി തരണംചെയ്യാന്‍ പോകുന്നു എന്ന ജാഗ്രതയോടെയുള്ളൊരു ശുഭാപ്തിവിശ്വാസം വ്യാപകമായി നിലനിന്നിരുന്നു. സാര്‍വദേശീയ നാണയനിധി അല്‍പംകൂടി ജാഗ്രതയോടെ പറഞ്ഞത്, പ്രതിസന്ധി തരണംചെയ്യല്‍ പ്രക്രിയയില്‍ കാലതാമസം ഉണ്ടാകുമെങ്കിലും കാര്യങ്ങള്‍ ആ വഴിക്കു തന്നെയാണ് നീങ്ങുന്നതെന്നാണ്.
Post a Comment