Tuesday, January 17, 2012

സുര്‍ക്കി ചോരുന്ന കേരളം

മുല്ലപ്പെരിയാറിലെ അണക്കെട്ടിനകത്ത് നിന്ന് തുടര്‍ച്ചയായി സുര്‍ക്കി ചോര്‍ന്ന് അതിനകം മുഴുവന്‍ പൊള്ളയായി തീര്‍ന്നിരിക്കുന്നു എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഒരര്‍ഥത്തില്‍ നോക്കിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു സത്യസന്ധമായ പരിച്ഛേദം തന്നെയാണ്. പുറമേ നോക്കുമ്പോള്‍ വളരെ അഭിമാനകരമായ പലതും ഉണ്ട് നമ്മുടെ കേരളത്തിന്. കേട്ടുകേട്ടു മടുത്തതാണെങ്കിലും ആവര്‍ത്തിക്കട്ടെ: സംപൂര്‍ണസാക്ഷരത, അഞ്ച് വയസായ എല്ലാ കുട്ടികളും സ്‌കൂളില്‍, അവരില്‍ തൊണ്ണൂറു ശതമാനത്തിലേറെ പത്താം ക്ലാസ് പാസ്സാകുന്നു; ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതം, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്, പ്രസവത്തില്‍ അമ്മമാര്‍ മരിക്കുന്നത് ഏറ്റവും കുറവ്, ഇതിനൊക്കെ പുറമേ അടുത്ത കാലത്തായി സാമ്പത്തിക വളര്‍ച്ചയിലും ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മുന്നണിയിലാണ് നമ്മുടെ കേരളം. പഴയമട്ടില്‍ പറഞ്ഞാല്‍, ആനന്ദലബ്ധിക്കിനി എന്തുവേണം?

പക്ഷേ, കേരളത്തില്‍ ജീവിക്കുന്നവര്‍ എപ്പോഴും എന്നപോലെ ഇപ്പോഴും അസന്തുഷ്ടരാണ്. അത് രണ്ടുവിധമുണ്ട്. ഒരു കൂട്ടര്‍ക്ക് ഇതൊന്നും പോരാ. ഗള്‍ഫ് നാടുകളിലും അമേരിക്കയിലും മറ്റുമുള്ള സുഖ സൗകര്യങ്ങള്‍ ഇവിടില്ല. നൂറു കിലോമീറ്റര്‍ സ്പീഡില്‍ യഥേഷ്ടം പറക്കാവുന്ന നല്ലൊരു ഹൈവേ ഉണ്ടോ? ഓരോ ജില്ലയിലും ഓരോ അന്താരാഷ്ട്ര വിമാനത്താവളം വേണ്ടേ? ബഹുരാഷ്ട്ര കമ്പനികളുടെ സൂപ്പര്‍ മാളുകള്‍ ഇല്ലാതെ എന്തു ഷോപ്പിംഗ് ഫെസ്റ്റിവല്‍? ഇതൊക്കെ എത്രയും വേഗം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ സര്‍ക്കാര്‍. എന്തെന്നാല്‍ ഇതാണ് വികസനം എന്ന് ചിന്തിക്കുന്നവരാണ് നല്ലൊരു ഭാഗം ജനങ്ങള്‍. അവരില്‍ പലര്‍ക്കും അങ്ങോട്ടൊന്നും എത്തി നോക്കാന്‍ പോലും ഇപ്പോള്‍ കഴിവില്ലായിരിക്കും; പക്ഷേ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താമസിയാതെ തങ്ങള്‍ക്കും ഇതൊക്കെ തരപ്പെടും എന്നാണ് അവരുടെ വിശ്വാസം.

പക്ഷേ കുറച്ചുകൂടി ആഴത്തില്‍ കാര്യങ്ങള്‍ കാണുന്നവര്‍ ആശങ്കാകുലരാണ്. ഈ സമ്പത്‌സമൃദ്ധിയും ധാടിയും മോടിയും ഒക്കെ പൊള്ളയാണ് എന്നാണവരുടെ പക്ഷം. ഇതൊക്കെ താങ്ങി നിര്‍ത്തുന്നത് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന സമ്പത്തല്ല, മറിച്ച് പുറം രാജ്യങ്ങളില്‍ നിന്ന് നമ്മുടെ മക്കള്‍ അയക്കുന്ന പണം ആണ് എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ കൊല്ലം അതിന്റെ അളവ് ഏകദേശം അറുപതിനായിരം കോടി രൂപ ആയിരുന്നു എന്നാണ് സി ഡി എസ്സിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കണക്കാക്കിയിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ നാലിലൊന്നോളം വരും. (നടപ്പ് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നാല്‍പതിനായിരം കോടി രൂപയില്‍ താഴെ മാത്രം ആണെന്ന് ഓര്‍ക്കുക!) ഏതു രീതിയില്‍ നോക്കിയാലും ഇത് സുസ്ഥിര വികസനത്തിന്റെ മാതൃകയല്ല എന്ന് സമ്മതിച്ചേ തീരൂ. മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ച കെങ്കേമം ആണെങ്കിലും അടിസ്ഥാന മേഖലകളായ കൃഷിയിലും വ്യവസായത്തിലും കേരളത്തിന്റെ നില പരുങ്ങലില്‍ ആണ്. റബര്‍ ഒഴികെ എല്ലാ കൃഷിയിലും ഉത്പാദന ക്ഷമത പരിതാപകരം. നെല്‍കൃഷിയുടെ വിസ്തൃതി കഴിഞ്ഞ നാല്‍പ്പത് കൊല്ലം കൊണ്ട് നാലിലൊന്നായി ചുരുങ്ങി. നെല്‍പാടങ്ങള്‍ വ്യാപകമായി നികത്തപ്പെടുന്നു. ഐ റ്റി, ടൂറിസം എന്നിങ്ങനെ ചില മേഖലകള്‍ ഒഴിച്ചാല്‍ ഉല്‍പ്പാദന മേഖല വളരുന്നില്ല. അതേസമയം നിര്‍മാണ മേഖലയില്‍ കുതിച്ചു കയറ്റം ഉണ്ടുതാനും. അതാകട്ടെ വ്യാപകമായ മണലൂറ്റിനും കായല്‍ പുറമ്പോക്ക് വനം കൈയ്യേറ്റത്തിനും കാരണമാകുന്നു. ഇത് കഠിനമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. വളരുന്ന ചില വ്യവസായങ്ങള്‍ ഉണ്ട്: വിദ്യാഭ്യാസവും ആരോഗ്യവും. ഒരു കാലത്ത് സേവനങ്ങള്‍ ആയിരുന്ന ഈ രണ്ട് മേഖലകളും ഇന്ന് അതിവേഗം വളരുന്ന വ്യവസായങ്ങള്‍ ആണല്ലോ.

മുന്‍പൊക്കെ പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്ക് സമൂഹത്തിലെ മേല്‍തട്ടിലേക്ക് ഉയരാനുള്ള വഴി ആയിരുന്നു പഠിച്ചു നന്നാവുക എന്നത്. ഇന്ന് അത് ഒരു നടക്കാ സ്വപ്‌നം ആയി മാറിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ വികസനം കാശുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുന്നു. ഇത് ഭാവിയിലും അസമത്വങ്ങള്‍ വര്‍ധിക്കും എന്ന് ഉറപ്പുവരുത്തുന്നു. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും അസമത്വം കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അസമത്വം വര്‍ധിക്കുമ്പോള്‍ സാമൂഹിക സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കും എന്നതിനു വികസിത രാജ്യങ്ങളില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്. അസമത്വം വളരെ കൂടുതലുള്ള അമേരിക്കയില്‍ ഒരു ലക്ഷം ജനങ്ങളില്‍ അഞ്ഞൂറ് പേരും ജയിലിലാണ് (ജപ്പാന്‍, നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വെറും അന്‍പതിനടുത്തു മാത്രം ആണ്.) വര്‍ധിച്ചു വരുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെ ലക്ഷണങ്ങള്‍ കേരളത്തിലും കാണാം. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മദ്യപാന നിരക്ക്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേരളീയ യാഥാര്‍ഥ്യങ്ങള്‍ ആരുടേയും ഉറക്കം കെടുത്തെണ്ടതല്ലേ? ഇതോടൊപ്പം ഉത്കണ്ഠ ഉണര്‍ത്തുന്നതാണ് സാംസ്‌കാരികരംഗത്തെ മറ്റു അപചയങ്ങളും.

കേരളത്തിന്റെ നേട്ടങ്ങളുടെ പിന്നിലെ രഹസ്യം കൂട്ടായ ശ്രമം ആണ് എന്നാണ് അമര്‍ത്യ സെന്‍ വിലയിരുത്തിയത്. എന്നാല്‍ 'ഓരോരുത്തര്‍ക്കും അവനവന്റെ കാര്യം' എന്നതാണ് ഇന്നത്തെ രീതി. പൊതുവായ പ്രശ്‌നങ്ങള്‍ക്കു കൂട്ടായ ശ്രമത്തിലൂടെ പൊതുപരിഹാരം കാണുന്നതിനു പകരം കാശും സ്വാധീനവും ഉപയോഗിച്ച് തന്റെ കാര്യം നേടുക. ഇതിന്റെ ഫലമായി പൊതു സേവനങ്ങള്‍ കൂടുതല്‍ കൂടുതല്‍ തകരുന്നു. പകരം കാശുള്ളവര്‍ക്ക് വേണ്ടി ഗുണമേന്മയേറിയ സേവനങ്ങള്‍ ലഭ്യമാകും. പക്ഷേ പൊതു സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാര്‍ കൂടുതല്‍ കൂടുതല്‍ കഷ്ടത്തിലാകുന്നു. എവിടെ നോക്കിയാലും സമ്പത്തിന്റെയും ധാരാളിത്തത്തിന്റെയും പളപളപ്പ്, കാശുള്ളവര്‍ക്ക് എന്തും വിലയ്ക്കുവാങ്ങാം; പണമില്ലാത്തവന്‍ പിണം! ഇതും അസംതൃപ്തിക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു. അമേരിക്കയിലും ലണ്ടന്‍ നഗരത്തിലും അരങ്ങേറിയ കലാപങ്ങള്‍ ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു പക്ഷേ വികസിത രാജ്യങ്ങളില്‍ ഇത്രയ്ക്ക് ഇല്ലാത്ത ഒരു കാര്യമാണ് ഇവിടെ സര്‍വവ്യാപകം ആയിക്കഴിഞ്ഞിരിക്കുന്ന അഴിമതി. അതോടൊപ്പം വളരുന്ന മാഫിയാവല്‍കരണവും കൂടി ആകുമ്പോള്‍ ജനജീവിതം തീര്‍ത്തും ദുസ്സഹം ആകുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നു സ്വയം പാടിപ്പുകഴ്ത്തുന്ന ഈ നാട്ടില്‍ ജീവിക്കുന്നവരുടെ അവസ്ഥയാണിത്! ഇതില്‍ നിന്ന് പലരും രക്ഷതേടുന്നത് വീണ്ടും സ്വന്തം നിലയ്ക്കാണ്: അന്ധവിശ്വാസങ്ങളിലൂടെയും ആള്‍ ദൈവങ്ങളിലൂടെയും. ക്രമേണ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന കുട്ടിച്ചാത്തന്മാരും മാന്ത്രിക മോതിരങ്ങളും രക്ഷായന്ത്രങ്ങളും വീണ്ടും തിരിച്ചുവരുന്നു! ജാതിമത അടിസ്ഥാനത്തിലുള്ള സംഘടനകള്‍ വീണ്ടും ജനങ്ങളുടെ മേല്‍ പിടി മുറുക്കുന്നു. ഇന്നത്തെ പോക്ക് പോയാല്‍ അധികം താമസിയാതെ കേരളം വീണ്ടും ഭ്രാന്താലയം ആകും.

ഇതിനൊരു മാറ്റം വേണ്ടേ? 'വേണം മറൊരു കേരളം' എന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ക്യാംപെയിനിന്റെ പ്രസക്തി ഇവിടെയാണ്. പഴയകാല നന്മകളെപ്പറ്റി ഗൃഹാതുരത്വത്തോടെ പാട്ട് പാടിക്കൊണ്ടിരുന്നിട്ടു കാര്യമില്ല. ഒരു സമൂഹവും ഭൂതകാലത്തിലേയ്ക്കല്ല വളരുക. നമുക്ക് മുന്നോട്ടെ പോകാനാകൂ. കാലം മാറി, സമൂഹവും മാറി. അതുകൊണ്ട് പഴയ നന്മകള്‍ അതേപോലെ തിരിച്ചു കൊണ്ടുവരുക എന്നത് അസാധ്യം ആണ്. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ നന്മകള്‍ സൃഷ്ടിക്കെണ്ടിയിരിക്കുന്നു.
അതെങ്ങനെ സാധിക്കും?

റെഡിയുത്തരം ഒരു പക്ഷേ ആരുടെ കൈയിലും കാണില്ല. (ഉണ്ടെന്ന് ഭാവിക്കുന്നവരെയും സൂക്ഷിക്കണം!)

ഒരു പക്ഷേ ഉത്തരത്തെക്കാള്‍ പ്രധാനം അതിന് വേണ്ടിയുള്ള ശ്രമം ആകാം.

*
ആര്‍ വി ജി മേനോന്‍ ജനയുഗം 18 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുല്ലപ്പെരിയാറിലെ അണക്കെട്ടിനകത്ത് നിന്ന് തുടര്‍ച്ചയായി സുര്‍ക്കി ചോര്‍ന്ന് അതിനകം മുഴുവന്‍ പൊള്ളയായി തീര്‍ന്നിരിക്കുന്നു എന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഒരര്‍ഥത്തില്‍ നോക്കിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരള സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു സത്യസന്ധമായ പരിച്ഛേദം തന്നെയാണ്. പുറമേ നോക്കുമ്പോള്‍ വളരെ അഭിമാനകരമായ പലതും ഉണ്ട് നമ്മുടെ കേരളത്തിന്. കേട്ടുകേട്ടു മടുത്തതാണെങ്കിലും ആവര്‍ത്തിക്കട്ടെ: സംപൂര്‍ണസാക്ഷരത, അഞ്ച് വയസായ എല്ലാ കുട്ടികളും സ്‌കൂളില്‍, അവരില്‍ തൊണ്ണൂറു ശതമാനത്തിലേറെ പത്താം ക്ലാസ് പാസ്സാകുന്നു; ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതം, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്, പ്രസവത്തില്‍ അമ്മമാര്‍ മരിക്കുന്നത് ഏറ്റവും കുറവ്, ഇതിനൊക്കെ പുറമേ അടുത്ത കാലത്തായി സാമ്പത്തിക വളര്‍ച്ചയിലും ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മുന്നണിയിലാണ് നമ്മുടെ കേരളം. പഴയമട്ടില്‍ പറഞ്ഞാല്‍, ആനന്ദലബ്ധിക്കിനി എന്തുവേണം?