Monday, January 16, 2012

വീണ്ടും മാര്‍ക്സിലേക്ക് തിരിയുന്ന ബൂര്‍ഷ്വാ പണ്ഡിതലോകം

മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത പ്രത്യയശാസ്ത്രങ്ങളെയും പ്രത്യേകിച്ച് സാമ്പത്തിക സിദ്ധാന്തത്തെ, പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ന് മുതലാളിത്ത ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന അതിരൂക്ഷവും അപരിഹാര്യവുമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലിലാണ് ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വം എന്ന പോലെ തന്നെ അവരുടെ സൈദ്ധാന്തികരും. സാമ്പത്തിക മാന്ദ്യം ആരംഭിച്ചശേഷം 2009 ജൂലൈയില്‍ , ഇക്കണോമിസ്റ്റ് വാരിക, സാമ്പത്തിക ശാസ്ത്രം നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സെമിനാര്‍ നടത്തുകയുണ്ടായി. മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തങ്ങളുടെ, അതായത് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിന്റെ, പ്രസക്തി തന്നെ നഷ്ടപ്പെട്ടുവരുന്നതായാണ് ആ സെമിനാറിലെ ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നത്. നോബല്‍ സമ്മാനം ലഭിച്ച പ്രശസ്ത അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പോള്‍ ക്രൂഗ്മാന്‍ സെമിനാറില്‍ പ്രസ്താവിച്ചത്,

"സ്ഥൂല സാമ്പത്തിക സിദ്ധാന്തത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഉണ്ടായ വികാസ പരിണാമങ്ങള്‍ തികച്ചും ഉപയോഗ ശൂന്യമോ അതിലുപരി ഹാനികരം തന്നെയോ ആണ്"എന്നാണ്. ഇത്തരം ചര്‍ച്ചകളുടെയും ആശയക്കുഴപ്പങ്ങളുടെയും അടിസ്ഥാനകാരണം പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് നടപ്പാക്കുന്ന ഓരോ നടപടിയും അതിനെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഈ ആശയക്കുഴപ്പത്തിന്റെയും പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് പല ബൂര്‍ഷ്വാ പണ്ഡിതന്മാരും, ഇതേവരെ അവര്‍ അവഗണിച്ചിരുന്ന, അഥവാ പുച്ഛിച്ചു തള്ളിയിരുന്ന, മാര്‍ക്സിലേക്കും മാര്‍ക്സിസത്തിലേക്കും തിരിയാന്‍ നിര്‍ബന്ധിതരായത്. ഡോ. നൗറീല്‍ റൂബിനി 2011 ആഗസ്ത് 11ന് വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖം ഇതിെന്‍റ ഉത്തമ ഉദാഹരണമാണ്. ഡോ. റൂബിനി പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നവലിബറല്‍ മുതലാളിത്തത്തിന്റെ വക്താവും സൈദ്ധാന്തികനുമാണ്; 2008ല്‍ ഉണ്ടായ ബാങ്ക് തകര്‍ച്ചയെക്കുറിച്ച് വളരെ മുന്‍കൂട്ടി പ്രവചിച്ച ആളുമാണ് ഡോ. റൂബിനി. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് പുറത്തുകടക്കുന്നത് പോയിട്ട്, പുതിയ ഒരു സാമ്പത്തികത്തകര്‍ച്ച ഒഴിവാക്കാന്‍പോലും മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കോ കേന്ദ്ര ബാങ്കുകള്‍ക്കോ കഴിയില്ല എന്ന് റൂബിനി ധനമൂലധനത്തിന്റെ മുഖപത്രമായ വാള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖത്തില്‍ സംശയാതീതമായി വ്യക്തമാക്കുന്നു. "മുതലാളിത്തം സ്വയം നശിപ്പിക്കും എന്ന് പ്രസ്താവിച്ച കാറല്‍ മാര്‍ക്സ് ഒരു പരിധിവരെ ശരിയായിരുന്നു" എന്നാണ് റൂബിനി പറയുന്നത്. മറ്റൊരു വന്‍തകര്‍ച്ച ഒഴിവാക്കാന്‍ കേന്ദ്ര ബാങ്കുകളില്‍നിന്ന് കൂടുതല്‍ പണം ഒഴുക്കുക എന്നതല്ലാതെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശരിയായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ മറ്റ് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞരെപ്പോലെ തന്നെ അദ്ദേഹത്തിനും കഴിയുന്നില്ല. പക്ഷേ ഇങ്ങനെ സമ്പദ്ഘടനയിലേക്ക് കൂടുതല്‍ പണം എത്തിക്കുന്നതുകൊണ്ടു മാത്രം ഈ പ്രതിസന്ധിക്ക് പരിഹാരമാവില്ല എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു എന്നതാണ്, മറ്റു പലരില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മാത്രമല്ല, ചെലവ് ചുരുക്കലിെന്‍റ പേരില്‍ കൂലിയും പെന്‍ഷനും സാമൂഹ്യക്ഷേമ പദ്ധതികളും വെട്ടിക്കുറയ്ക്കുന്നത് വിപണിയെ തന്നെ വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണെന്നും അത്തരം നടപടികള്‍ ആത്യന്തികമായി ഡിമാന്‍ഡില്‍ ഇടിവുണ്ടാക്കുകയും അങ്ങനെ അമിതോല്‍പാദനത്തിനും പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനും ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അപ്പോള്‍ മുതലാളിത്തത്തിന്റെ പതനം ആസന്നമായി കഴിഞ്ഞോ എന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖകെന്‍റ ചോദ്യത്തിന് റൂബിനിയുടെ മറുപടി ഇങ്ങനെയാണ് - "ഇപ്പോഴും നാം അത്ര അടുത്ത് എത്തിക്കഴിഞ്ഞില്ല. പക്ഷേ, മഹാമാന്ദ്യത്തിന്റെ രണ്ടാം പതിപ്പിലേക്കുള്ള പാതയിലാണ് നാം". ആഗസ്ത് 29െന്‍റ ബ്ലൂംബെര്‍ഗ് വ്യൂ മാഗസീനില്‍ എഴുതിയ ഒരു ലേഖനത്തില്‍ സ്വിറ്റ്സര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ 50ല്‍ അധികം രാജ്യങ്ങളില്‍ ശാഖകളുള്ള, യുബിഎസ് എന്ന ധനകാര്യസ്ഥാപനത്തിന്റെ (2 ലക്ഷം കോടി ഡോളറിലധികമാണ് ഇതിെന്‍റ ആസ്തി) പ്രധാന സാമ്പത്തിക വിദഗ്ദ്ധനായ ജോര്‍ജ് മാഗ്നസ് ഒരു പടികൂടി കടത്തിപ്പറഞ്ഞിരിക്കുന്നു. മാഗ്നസിന്റെ ലേഖനത്തിന്റെ തലവാചകം തന്നെ ഇങ്ങനെ - ലോക സമ്പദ്ഘടനയെ രക്ഷിക്കാന്‍ കാറല്‍ മാര്‍ക്സിന് ഒരു അവസരം നല്‍കൂ. മാഗ്നസ് തെന്‍റ ലേഖനം ഇങ്ങനെ തുടങ്ങുന്നു - "ലോകത്തെ ഇന്ന് ബാധിച്ചിരിക്കുന്ന പണപ്രതിസന്ധിയുടെയും പരിഭ്രാന്തിയുടെയും പ്രതിഷേധങ്ങളുടെയും മറ്റു തിന്മകളുടെയും മലവെള്ളപ്പാച്ചിലിനെ മനസ്സിലാക്കാന്‍ പാടുപെടുന്ന നയനിര്‍മ്മാതാക്കള്‍ , പണ്ടേ മരിച്ചുപോയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞെന്‍റ കൃതികള്‍ മനസ്സിരുത്തി പഠിക്കണം: കാറല്‍ മാര്‍ക്സ് എന്നാണ് ആ സാമ്പത്തിക ശാസ്ത്രജ്ഞെന്‍റ പേര്.... വടക്കന്‍ ലണ്ടനില്‍ ഞാന്‍ താമസിക്കുന്നതിന് വളരെ അടുത്തുള്ള ഒരു സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മാര്‍ക്സിന്റെ ആത്മാവ്, ധനപ്രതിസന്ധിയുടെയും തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തില്‍ , കുഴിമാടം വിട്ട് ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്... ഇന്നത്തെ ആഗോള സമ്പദ്ഘടന, മാര്‍ക്സ് മുന്‍കൂട്ടിക്കണ്ട സാഹചര്യങ്ങളോട് അത്യപൂര്‍വമായ സാദൃശ്യമാണ് പുലര്‍ത്തുന്നത്". അദ്ദേഹം ഇങ്ങനെ തുടരുന്നു -"മൂലധനവും അധ്വാനവും തമ്മിലുള്ള സഹജമായ സംഘര്‍ഷം എങ്ങനെയാണ് സ്വയം പ്രകടമാകുന്നത് എന്നത് സംബന്ധിച്ച മാര്‍ക്സിന്റെ പ്രവചനത്തിന്റെ കാര്യം തന്നെ നോക്കാം.

അദ്ദേഹം ദാസ് കാപ്പിറ്റലില്‍ (മൂലധനം) എഴുതിയതുപോലെ, ലാഭത്തിനും ഉല്‍പാദനക്ഷമതയ്ക്കും വേണ്ടിയുള്ള കമ്പനികളുടെ പരക്കം പാച്ചില്‍ അവയെ തൊഴിലാളികളുടെ എണ്ണം പരമാവധി കുറയ്ക്കുന്നിടത്ത് എത്തിക്കും; ഇത് തൊഴില്‍രഹിതരുടേതും ദരിദ്രരുടേതുമായ "ഒരു വ്യാവസായിക കരുതല്‍ സേന"യുടെ രൂപീകരണത്തിന് ഇടയാക്കും. "ആയതിനാല്‍ ഒരു വശത്ത് സമ്പത്ത് സഞ്ചയിക്കപ്പെടുമ്പോള്‍ , മറുവശത്ത് ദുരിതങ്ങള്‍ സഞ്ചയിക്കപ്പെടും". അര്‍ഥശാസ്ത്ര നിരൂപണത്തിനുള്ള ഒരു സംഭാവന എന്ന കൃതിയില്‍ കാറല്‍ മാര്‍ക്സ് ഇങ്ങനെ എഴുതുന്നു -

"സാമൂഹ്യ വികാസത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ സമൂഹത്തിന്റെ ഭൗതിക ഉല്‍പാദനശക്തികള്‍ നിലവിലുള്ള ഉല്‍പാദന ബന്ധങ്ങളുമായി സംഘട്ടനത്തിലേര്‍പ്പെടുന്നു അഥവാ (ഇതേ കാര്യം തന്നെ നിയമത്തിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍) അവ ഇതേവരെ പ്രവര്‍ത്തനം നടത്തിയിരുന്ന ചട്ടക്കൂടിനുള്ളിലെ സ്വത്തുടമാ, ബന്ധങ്ങളുമായി സംഘട്ടനമുണ്ടാകുന്നു".
മാര്‍ക്സിന്റെ ഈ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജോര്‍ജ് മാഗ്നസ് ഇന്ന് നിലവിലുള്ള സാഹചര്യത്തില്‍ മാര്‍ക്സിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് -

"നിലവിലുള്ള രാഷ്ട്രീയ - സാമ്പത്തിക വ്യവസ്ഥിതിയുടെ അധികാരത്തിനും ആധികാരികതയ്ക്കും നിയമസാധുതയ്ക്കും നിലനില്‍പിനുതന്നെയും വെല്ലുവിളി നേരിടുന്നതിനിടയാക്കുന്ന കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സംഘര്‍ഷങ്ങളുടേതോ പ്രക്ഷുബ്ധതയുടേതോ ആയ സുപ്രധാനമായ ആശയം അവതരിപ്പിക്കുന്നതാണ് മാര്‍ക്സിന്റെ വാക്കുകള്‍". മാഗ്നസ് തുടരുന്നു - "ഒരുവശത്ത് അമിതോല്‍പാദനവും മറുവശത്ത് ഉപഭോഗക്കുറവും എന്ന വിരോധാഭാസത്തെക്കുറിച്ചും മാര്‍ക്സ് ചൂണ്ടിക്കാണിച്ചിരുന്നു. ആളുകള്‍ എത്രത്തോളം അധികം ദാരിദ്ര്യത്തില്‍ അകപ്പെടുന്നോ, കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന സേവനങ്ങളും ചരക്കുകളും അത്രയും തന്നെ കുറച്ചു മാത്രമേ അവര്‍ക്ക് ഉപയോഗിക്കാനാകൂ. ഒരു കമ്പനി തങ്ങളുടെ സമ്പാദ്യം പെരുപ്പിക്കാനായി ചെലവുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ , അത് പൊതുവെ എല്ലാവരുംപിന്‍തുടരുന്നു; പക്ഷേ, കമ്പനികള്‍ എല്ലാം അത് ചെയ്യുമ്പോള്‍ തങ്ങളുടെ വരുമാനത്തിനും ലാഭത്തിനുമായി അവ ആശ്രയിക്കുന്ന ഫലപ്രദമായ ഡിമാന്‍ഡിനെയും വരുമാന രൂപീകരണത്തെയുമാണ് അവ സ്വയം തകര്‍ക്കുന്നത്". മാര്‍ക്സ് ചൂണ്ടിക്കാണിച്ച "ഈ പ്രശ്നം ഇന്നത്തെ വികസിത ലോകത്തില്‍ കാണാവുന്നതാണ്. ഉല്‍പാദിപ്പിക്കാനുള്ള ശേഷി നമുക്ക് ആവശ്യം പോലെയുണ്ട്. പക്ഷേ, ഇടത്തരം കുടുംബങ്ങളിലും താഴ്ന്ന വരുമാനമുള്ളവരിലും ധനപരമായ സുരക്ഷിതത്വമില്ലായ്മ വ്യാപകമായിരിക്കുന്നു; ഉപഭോഗനിരക്കും കുറവായിരിക്കുന്നു. ഇതിെന്‍റ ഫലം അമേരിക്കയില്‍ വ്യക്തമായി കാണാം". മാഗ്നസ് വീണ്ടും മാര്‍ക്സിന്റെ "മൂലധന"ത്തില്‍നിന്ന് ഉദ്ധരിക്കുന്നു - "എല്ലാ പ്രതിസന്ധികളുടെയും ആത്യന്തികമായ കാരണം ദാരിദ്ര്യവും സാധാരണ ജനങ്ങളുടെ ഉപഭോഗം പരിമിതപ്പെടുന്നതുമാണ്".

എന്നാല്‍ മാഗ്നസ് ഇതിന് നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗം കെയിന്‍സിലേക്കുള്ള തിരിച്ചുപോക്കാണ്. തൊഴിലാളികള്‍ക്കും മറ്റു സാധാരണ ജനവിഭാഗങ്ങള്‍ക്കും അല്‍പം കൂടുതല്‍ പണം നല്‍കുക; കടക്കെണിയില്‍പ്പെട്ട രാജ്യങ്ങള്‍ക്ക് ബാങ്കുകള്‍ കൈ അയച്ച് പണം നല്‍കുകയും അവയുടെ കടങ്ങള്‍ എഴുതിത്തള്ളുകയും ചെയ്യുക. മുതലാളിമാര്‍ മുതലാളിമാരല്ലാതാവുക, അഥവാ പുണ്യവാളന്മാരാവുക എന്നാണിതിനര്‍ത്ഥം; ആനയ്ക്ക് ചിറകുണ്ടായിരുന്നെങ്കില്‍ അവയ്ക്ക് പറക്കാന്‍ പറ്റുമായിരുന്നു എന്ന മോഹചിന്തപോലെ പരിഹാസ്യമാണ് ഈ പരിഹാരമാര്‍ഗം. പുള്ളിപ്പുലിയുടെ പുള്ളി മായാത്തതുപോലെ, നരഭോജിയായ കടുവ ഒരു സുപ്രഭാതത്തില്‍ സസ്യഭോജനത്തിലേക്ക് തിരിയുമെന്ന് കരുതാനാവാത്തതുപോലെ, മൂലധനത്തിന് അതിന്റെ സഹജമായ കൊള്ളലാഭമുണ്ടാക്കാനുള്ള അത്യാര്‍ത്തിയില്‍നിന്ന് വിടുതല്‍ നേടാനാവില്ല. മൂലധനത്തിന്റെ ആധിപത്യത്തില്‍നിന്ന് സമൂഹത്തെ മോചിപ്പിച്ചുകൊണ്ടു മാത്രമേ, സോഷ്യലിസത്തിലൂടെ മാത്രമേ, ഈ പ്രതിസന്ധികള്‍ക്ക് അറുതി വരുത്താനാകൂ. ഇതാണ് കെയ്ന്‍സും മാര്‍ക്സും തമ്മിലുള്ള അന്തരം. ഇത് തിരിച്ചറിയാന്‍ ബൂര്‍ഷ്വാ പണ്ഡിതന്മാര്‍ക്ക് ആകുന്നില്ല.

2011 സെപ്തംബര്‍ 4െന്‍റ ബിബിസി ന്യൂസ് മാഗസിനില്‍ ജോണ്‍ ഗ്രേ എന്ന ലേഖകന്‍ "മുതലാളിത്തത്തിന്റെ വിപ്ലവം" എന്ന ലേഖനത്തിലും ഉയര്‍ത്തിക്കാണിക്കുന്നത് മാര്‍ക്സിന്റെ സമകാലിക പ്രസക്തിയാണ്. ജോണ്‍ ഗ്രേ ഇങ്ങനെയാണ് തുടങ്ങുന്നത് -

"ധനപ്രതിസന്ധിയുടെ പാര്‍ശ്വഫലം എന്ന നിലയില്‍ , മാര്‍ക്സ് പറഞ്ഞതായിരുന്നു ശരി എന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. 19-ാം നൂറ്റാണ്ടിലെ മഹാനായ ജര്‍മ്മന്‍ ദാര്‍ശനികനും സാമ്പത്തിക ശാസ്ത്രജ്ഞനും വിപ്ലവകാരിയുമായ മാര്‍ക്സ് പറഞ്ഞത്, മുതലാളിത്തം അടിസ്ഥാനപരമായും അസ്ഥിരമാണ് എന്നായിരുന്നു. അതിഭീമമായ സാമ്പത്തിക അഭിവൃദ്ധിയും ഒപ്പം സാമ്പത്തികത്തകര്‍ച്ചയും സൃഷ്ടിക്കാനുള്ള സഹജമായ സ്വഭാവം മുതലാളിത്തത്തിനുണ്ട് എന്നും കുറെയേറെ കാലം കൊണ്ട് സ്വയം നശിപ്പിക്കപ്പെടാനുള്ള സാധ്യതയും അതിനുണ്ട് എന്നുമായിരുന്നു മാര്‍ക്സ് നിരീക്ഷിച്ചത്. മുതലാളിത്തത്തിന്റെ സ്വയം നശിക്കലിനെ മാര്‍ക്സ് സ്വാഗതം ചെയ്തിരുന്നു. ഒരു ജനകീയ വിപ്ലവം സംഭവിക്കുമെന്നും അത് കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം വിലയിരുത്തി. ആ വ്യവസ്ഥിതിയാകട്ടെ കൂടുതല്‍ ഉല്‍പാദനക്ഷമവും മാനുഷിക മൂല്യങ്ങളുള്ളതുമായിരിക്കും എന്നുമായിരുന്നു മാര്‍ക്സ് വിശേഷിപ്പിച്ചത്".

മാര്‍ക്സിന്റെ നിഗമനങ്ങളെ പരിഹാസപൂര്‍വ്വം തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്തിരുന്ന ബൂര്‍ഷ്വാ ധൈഷണിക ലോകമാണ് ഇന്ന് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നത്. അത് ആദരപൂര്‍വമായിരിക്കാം, അല്ലെങ്കില്‍ ആശങ്കയോടെയായിരിക്കാം. എങ്ങനെയായാലും മാര്‍ക്സിനെ അവഗണിച്ച് അവര്‍ക്ക് മുന്നോട്ടുപോകാന്‍ പറ്റാതായിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മുതലാളിത്തം, സ്വന്തം നാശത്തിനായുള്ള വിത്തുകള്‍ അതിനുള്ളില്‍ തന്നെ കൊണ്ടു നടക്കുകയാണെന്നും അരാജകത്വപൂര്‍ണവും കുത്തഴിഞ്ഞതുമായ ഒരു വ്യവസ്ഥിതിയാണതെന്നും തന്മൂലം അടിക്കടിയുണ്ടാകുന്ന പ്രതിസന്ധികള്‍ ജനങ്ങളെ തൊഴില്‍രഹിതരാക്കുമെന്നും സാമൂഹ്യവും രാഷ്ട്രീയവുമായ അസ്ഥിരതയ്ക്ക് അത് ഇടയാക്കുമെന്നുമുള്ള മാര്‍ക്സിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് സമ്മതിക്കാന്‍ ഈ ബൂര്‍ഷ്വാ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. അല്‍ഭുതാദരങ്ങളോടെ ജോണ്‍ ഗ്രേ ഇങ്ങനെ തുടരുന്നു - "മാര്‍ക്സ് ജീവിച്ചിരുന്ന കാലത്ത് സമൂഹത്തെക്കാള്‍ സുദൃഢമായ, മാറാന്‍ സാധ്യതയില്ലാത്ത മറ്റൊന്നും ഉണ്ടായിരുന്നിരിക്കില്ല; ആ സമൂഹത്തിന്റെ പരിസരത്താണ് അദ്ദേഹം ജീവിച്ചത്. 150 വര്‍ഷം പിന്നിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം മുന്‍കൂട്ടി കണ്ട തരത്തിലുള്ള ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത് - ഇന്ന് ഇവിടെ ഒരാളിന്റെ ജീവിതവും സുരക്ഷിതമല്ല, ഉറപ്പുള്ളതുമല്ല. ഏത് നിമിഷവും പെട്ടെന്ന് വലിയൊരു തകര്‍ച്ച സംഭവിച്ചേക്കാം... മുതലാളിത്തം അതിന്റെ സാമൂഹ്യ അടിത്തറയെ എങ്ങനെയാണ് തകര്‍ക്കുന്നത് എന്ന് മാര്‍ക്സ് മനസ്സിലാക്കിയിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം".

150 വര്‍ഷത്തിനുമുമ്പ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും പിന്നീട് മൂലധനത്തിലും മറ്റു കൃതികളിലും മാര്‍ക്സ് വിശകലനം ചെയ്തതും ദീര്‍ഘദര്‍ശനം ചെയ്തുമായ കാര്യങ്ങള്‍ സമകാലീന യാഥാര്‍ത്ഥ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് ജോണ്‍ ഗ്രേ ഈ വിധം അക്കമിട്ട് അവതരിപ്പിക്കുന്നു. മുതലാളിത്ത സമൂഹത്തില്‍ "എല്ലാപേര്‍ക്കും പുരോഗതി കൈവരിക്കാന്‍ കഴിയു"മെന്നും "എല്ലാപേരും ഇടത്തരക്കാരാണ്" എന്നുമുള്ള മുതലാളിത്ത പ്രചാരകരുടെ പഴയ വാദഗതികളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും മാര്‍ക്സ് പറഞ്ഞതുപോലെ തൊഴിലാളിവര്‍ഗ്ഗവും മുതലാളിവര്‍ഗ്ഗവുമായി സമൂഹം ചേരിതിരിഞ്ഞിരിക്കുകയാണെന്നും ഗ്രേ വ്യക്തമാക്കുന്നു. ബിസിനസ്സ് വീക്കിന്റെ സെപ്തംബര്‍ 14െന്‍റ ലക്കത്തില്‍ "മാര്‍ക്സ് വിപണിയിലേക്ക്" എന്ന ലേഖനത്തില്‍ പീറ്റര്‍ കോയ് ചര്‍ച്ച ചെയ്യുന്നതും മാര്‍ക്സിനെക്കുറിച്ചുതന്നെ.

"യൂറോപ്യന്‍ ബാങ്കുകള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയും അമേരിക്കയില്‍ ദാരിദ്ര്യം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റവും അധികമാവുകയും ചെയ്യുമ്പോള്‍ മാര്‍ക്സിന്റെ സ്വീകാര്യത വര്‍ദ്ധിക്കുന്നത് സ്വാഭാവികമാണ്" എന്ന് ആശ്വസിക്കുന്ന ലേഖകന്‍ , 2009ല്‍ വത്തിക്കാെന്‍റ ഔദ്യോഗിക മുഖപത്രമായ ല ഒസ്സര്‍വത്തോര്‍ റൊമാനോയില്‍ വരുമാന അസമത്വത്തെ സംബന്ധിച്ച മാര്‍ക്സിന്റെ വിശകലനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. "സമകാലികരും മുന്‍ഗാമികളുമെല്ലാം - ആദം സ്മിത്തിനെയും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിനെയും പോലുള്ളവര്‍ - മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മുതലാളിത്തത്തിന്റെ കഴിവില്‍ ആകൃഷ്ടരായിരുന്ന കാലത്ത് അവരില്‍നിന്ന് വ്യത്യസ്തമായി മുതലാളിത്തത്തിന്റെ അസ്ഥിര സ്വഭാവത്തെ മാര്‍ക്സ് വിശകലനം ചെയ്തു" എന്നും നമുക്ക് ചുറ്റും ഇന്ന് നിത്യവും നടക്കുന്ന കാര്യങ്ങള്‍ അത് ശരിവെയ്ക്കുന്നതാണ് എന്നും പറയാതിരിക്കാന്‍ യാഥാസ്ഥിതികനായ ബിസിനസ്സ് വീക്ക് ലേഖകനുപോലും കഴിയുന്നില്ല.

2008ല്‍ മുതലാളിത്തത്തിന്റെ പ്രതിസന്ധി മൂര്‍ച്ഛിച്ചു തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് ഈ പ്രവണത. ഫ്രഞ്ച് പ്രസിഡന്‍റ് സര്‍ക്കോസിയെപ്പോലുള്ള വലതുപക്ഷ രാഷ്ട്രീയ നേതാക്കള്‍പോലും മൂലധനം ഗൗരവപൂര്‍വം വായിക്കാന്‍ ആരംഭിക്കുകയും ബൂര്‍ഷ്വാ പണ്ഡിത ലോകം തങ്ങള്‍ നേരിടുന്ന സമസ്യകള്‍ക്ക് ഉത്തരം കണ്ടെ ത്താന്‍ മാര്‍ക്സിലേക്ക് തിരിയുകയും ചെയ്തത് അതു മുതലാണ്. തുടര്‍ന്ന്, മാര്‍ക്സിന്റെ കൃതികള്‍ വിവിധ ഭാഷകളില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും മുതലാളിത്തത്തിനെതിരായ സമരവേദികളിലെല്ലാം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അഗാധമായ പ്രതിസന്ധിയില്‍നിന്ന് മുതലാളിത്തത്തെ കരക യറ്റാന്‍ വഴികാണാതെ ബൂര്‍ഷ്വാ പണ്ഡിതന്മാരും രാഷ്ട്രീയക്കാരും വേവലാതിപ്പെടുന്നതാണ് എവിടെയും കാണുന്നത്. മുതലാളിത്തത്തിനുള്ള ബദല്‍ സോഷ്യലിസമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവരുടെ വര്‍ഗപരമായ നിലപാട് അവരെ അനുവദിക്കുന്നില്ല. ആസൂത്രിതമായ സോഷ്യലിസ്റ്റ് സമ്പദ്ഘടനയ്ക്കുമാത്രമേ മാനവരാശിയെ പ്രതിസന്ധികളില്‍നിന്നും ദുരിതങ്ങളില്‍നിന്നും കരക യറ്റാനാവൂ എന്നതാണ് യാഥാര്‍ത്ഥ്യം. അത് ചരിത്രപരമായ അനിവാര്യതയാണ്. അതിനായുള്ള പോരാട്ടങ്ങളിലേക്ക് കൂടുതല്‍ ജനവിഭാഗങ്ങള്‍ അണിനിരക്കുന്നു എന്നതാണ് സത്യം. അര്‍ത്ഥശാസ്ത്ര നിരൂപണത്തിനുള്ള ഒരു സംഭാവന എന്ന കൃതിയില്‍ മാര്‍ക്സ് ഇങ്ങനെ എഴുതുന്നു -

"ഒരു സാമൂഹ്യ വ്യവസ്ഥയിലെ എല്ലാ ഉല്‍പാദന ശക്തികളും വേണ്ടത്ര അളവില്‍ വികസിപ്പിക്കപ്പെടുന്നതുവരെ ആ സാമൂഹ്യ വ്യവസ്ഥ ഒരിക്കലും നശിപ്പിക്കപ്പെടുന്നില്ല. അതുപോലെ തന്നെ, കൂടുതല്‍ ഉയര്‍ന്ന ഉല്‍പാദനബന്ധങ്ങളുടെ നിലനില്‍പ്പിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ പഴയ സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പക്വമാകുന്നതുവരെ ഈ ബന്ധങ്ങള്‍ക്ക് പഴയവയെ നിഷ്ക്കാസനം ചെയ്യാനുമാവില്ല. ഇപ്രകാരം മാനവരാശി അതിനു നിറവേറ്റാന്‍ കഴിയുന്ന കടമകള്‍ മാത്രമേ ഏറ്റെടുക്കുന്നുള്ളൂ. കാരണം, ഈ പ്രശ്നം ഉദിക്കുന്നത് അതിന്റെ പരിഹാരത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടായതിനുശേഷം മാത്രമോ, കുറഞ്ഞപക്ഷം ആ സാഹചര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനിടയില്‍ മാത്രമോ ആണെന്ന് സൂക്ഷ്മപരിശോധനയില്‍ കാണാന്‍ കഴിയും" (കാറല്‍ മാര്‍ക്സ്, അര്‍ത്ഥശാസ്ത്ര നിരൂപണത്തിനുള്ള ഒരു സംഭാവന. പേജ് 14. പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്ക്കോ 1982).

കഴിഞ്ഞ രണ്ട് നൂറ്റാണ്ടിലേറെക്കാലമായി മുതലാളിത്തം ഉല്‍പാദന ശക്തികളെ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ അതിന്റെ സാധ്യതകളെയാകെ വിനിയോഗിക്കാന്‍ മുതലാളിത്തത്തിന് കെല്‍പില്ല. സ്വകാര്യ സ്വത്തുടമാ സമ്പ്രദായത്തിന്റെ, കൊള്ളലാഭമടിക്കാനുള്ള മൂലധനത്തിന്റെ അത്യാര്‍ത്തിയുടെ, പരിമിതികളില്‍പ്പെട്ടു ഉല്‍പാദനശക്തികള്‍ ഞെരിപിരിക്കൊള്ളുകയാണ്. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ മുതലാളിത്ത പ്രതിസന്ധി. അതിന്റെ പ്രതിവിധിയാകട്ടെ സോഷ്യലിസവും. ഇരുപത് വര്‍ഷം മുമ്പ് ഫ്രാന്‍സിസ് ഫുക്കുയാമ ചരിത്രത്തിന്റെ അന്ത്യമായെന്ന് ഉദ്ഘോഷിച്ചു. പക്ഷേ ചരിത്രം അവസാനിച്ചില്ല, അവസാനിക്കുന്നുമില്ല. പ്രതിസന്ധികള്‍ നിറഞ്ഞ, മഹാഭൂരിപക്ഷത്തിനും ദുരിതങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്ന, മുതലാളിത്തത്തെ അവസാനിപ്പിക്കാനും സോഷ്യലിസത്തിലേക്ക് നീങ്ങാനുമുള്ള പോരാട്ടത്തിന്റെ പാതയിലാണ് ചരിത്രം ഇന്ന്.

*
ജി വിജയകുമാര്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത പ്രത്യയശാസ്ത്രങ്ങളെയും പ്രത്യേകിച്ച് സാമ്പത്തിക സിദ്ധാന്തത്തെ, പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇന്ന് മുതലാളിത്ത ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന അതിരൂക്ഷവും അപരിഹാര്യവുമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലിലാണ് ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വം എന്ന പോലെ തന്നെ അവരുടെ സൈദ്ധാന്തികരും. സാമ്പത്തിക മാന്ദ്യം ആരംഭിച്ചശേഷം 2009 ജൂലൈയില്‍ , ഇക്കണോമിസ്റ്റ് വാരിക, സാമ്പത്തിക ശാസ്ത്രം നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സെമിനാര്‍ നടത്തുകയുണ്ടായി. മുഖ്യധാരാ സാമ്പത്തിക സിദ്ധാന്തങ്ങളുടെ, അതായത് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിന്റെ, പ്രസക്തി തന്നെ നഷ്ടപ്പെട്ടുവരുന്നതായാണ് ആ സെമിനാറിലെ ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നത്.