Tuesday, January 24, 2012

ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

അഴീക്കോടിന് ആദരാഞ്ജലി

എഴുത്തുകാരനും പ്രമുഖവാഗ്മിയും അധ്യാപകനുമായ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 86 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.40ഓടെ തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അവിവാഹിതനാണ്. എഴുത്തുകാരന്‍ , വിമര്‍ശകന്‍ , പ്രഭാഷകന്‍ , അധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ , വിദ്യാഭ്യാസചിന്തകന്‍ , ഗാന്ധിയന്‍ , ഉപനിഷത് വ്യാഖ്യാതാവ്, ഗവേഷകന്‍ എന്നിങ്ങനെ ഒട്ടേറെ തലങ്ങളില്‍ സമാനതകളില്ലാത്ത ഔന്നത്യം പുലര്‍ത്തിയ അഴീക്കോട് എല്ലാ അര്‍ഥത്തിലും കേരളസംസ്കാരത്തിന്റെ കാവലാളായിരുന്നു. അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സഹയാത്രികനും വഴികാട്ടിയുമായിരുന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനാണെങ്കിലും രണ്ടരപതിറ്റാണ്ടായി തൃശൂരില്‍ താമസിച്ച അദ്ദേഹം സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രിയപ്പെട്ട ദത്തുപുത്രനായി.

ഡിസംബര്‍ ഏഴിനാണ് ശാരീരിക അവശതകളെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോണയില്‍ ക്യാന്‍സര്‍ ബാധയേറ്റ് ചികിത്സയിലായിരുന്നെങ്കിലും വായനയ്ക്കോ സഞ്ചാരത്തിനോ പ്രഭാഷണങ്ങള്‍ക്കോ കുറവ് വരുത്തിയില്ല. ആശുപത്രിയില്‍ എത്തുന്നതിന്റെ തലേന്നു വൈകിട്ടും തൃശൂരില്‍ പ്രഭാഷണം നടത്തി. പരിശോധനയില്‍ രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. വീഴ്ചയില്‍ വാരിയെല്ലുകളില്‍ ചിന്നല്‍ വീണിരുന്നു. വിദഗ്ധപരിശോധനയില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മര്‍മപ്രധാനഭാഗങ്ങളിക്കേ് വ്യാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂര്‍ അഴീക്കോട് ഗ്രാമത്തിലെ പൂതപ്പാറയിലെ പനങ്കാവ് വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറുമക്കളില്‍ നാലാമനാണ് സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട്. 1926 മെയ് 12 നാണ് ജനനം. സഹോദരങ്ങള്‍ : പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍ , പത്മിനി, ദേവദാസ്. അച്ഛന്‍ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ , ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റ് പാസായശേഷം, മദിരാശി സര്‍വകലാശാലയില്‍നിന്ന് 1946ല്‍ ബികോം പാസായി. കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ശരിയായെങ്കിലും സാഹിത്യതാല്‍പ്പര്യം കാരണം വേണ്ടെന്നുവച്ചു.

1946ല്‍ വാര്‍ധയിലെത്തി ഗാന്ധിജിയെ കണ്ടു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തു. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിഎ മലയാളം, സംസ്കൃതം ഡബിള്‍ മെയിനുമെടുത്ത് പാസായി. 1953ല്‍ മംഗലാപുരം സെന്റ്അലോഷ്യസ് കോളേജില്‍ മലയാളം- സംസ്കൃതം ലക്ചററായി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായി. പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ തൃശൂര്‍ മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായി. 1981ല്‍ മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1986 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം തൃശൂരിലേക്ക് താമസം മാറ്റി.

പതിനെട്ടാം വയസ്സിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതി- "ആശാന്റെ സീതാകാവ്യം" പ്രസിദ്ധീകരിച്ചു. "രമണനും മലയാള കവിതയും" 1956ല്‍ പ്രസിദ്ധീകരിച്ചു. പിന്നീട് "പുരോഗമനസാഹിത്യവും മറ്റും", "മഹാത്മാവിന്റെ മാര്‍ഗം" എന്നിവയ്ക്കുശേഷം 1963ല്‍ പുറത്തിറങ്ങിയ "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്വചിന്തയുടെ അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ "തത്വമസി" (1984) എക്കാലത്തെയും മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം പതിനഞ്ചോളം പുരസ്കാരങ്ങള്‍ ഈ ഗ്രന്ഥത്തിന് ലഭിച്ചു. ഏറെവൈകി ഈവര്‍ഷമാണ് ജീവചരിത്രം എഴുതിയത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അനര്‍ഹര്‍ക്കും പത്മ പുരസ്കാരം നല്‍കുന്നത് ചോദ്യംചെയ്ത അഴീക്കോട് പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു.

ചെറുപ്പംമുതല്‍ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നുവെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനോട് വിടചൊല്ലി ഇടതുപക്ഷ സഹയാത്രികനായി. ദേശാഭിമാനിയില്‍ ദീര്‍ഘകാലം "മറയില്ലാതെ" എന്ന പംക്തി എഴുതിയിരുന്ന അദ്ദേഹം ദേശാഭിമാനിയുടെ ആത്മബന്ധുവും വഴികാട്ടിയുമായിരുന്നു. ഡിസംബര്‍ ഏഴിനും മറയില്ലാതെ എന്നകോളം പ്രസിദ്ധീകരിച്ചിരുന്നു.

ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍!

സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു. "ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്.

ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം: "എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എഴുത്തുകാരനും പ്രമുഖവാഗ്മിയും അധ്യാപകനുമായ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 86 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.40ഓടെ തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. അവിവാഹിതനാണ്. എഴുത്തുകാരന്‍ , വിമര്‍ശകന്‍ , പ്രഭാഷകന്‍ , അധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ , വിദ്യാഭ്യാസചിന്തകന്‍ , ഗാന്ധിയന്‍ , ഉപനിഷത് വ്യാഖ്യാതാവ്, ഗവേഷകന്‍ എന്നിങ്ങനെ ഒട്ടേറെ തലങ്ങളില്‍ സമാനതകളില്ലാത്ത ഔന്നത്യം പുലര്‍ത്തിയ അഴീക്കോട് എല്ലാ അര്‍ഥത്തിലും കേരളസംസ്കാരത്തിന്റെ കാവലാളായിരുന്നു. അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സഹയാത്രികനും വഴികാട്ടിയുമായിരുന്നു.