Saturday, January 14, 2012

ലോകത്തിന് മാതൃകയായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കരുത്

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ധാരണാപത്രം ഒപ്പിടാന്‍ സംസ്ഥാനം തീരുമാനിച്ചു. രാജ്യത്തെ സഹകരണമേഖലയെ ശക്തിപ്പെടുത്താനെന്ന പേരില്‍ പുറത്തിറക്കിയ പ്രഫ. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം ഇതുവരെ അംഗീകരിക്കാതിരിക്കുകയായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും സര്‍ക്കാരുകള്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാന്‍ വിസമ്മതിച്ചിരുന്നു. 2006 മുതല്‍ സംസ്ഥാനം ഭരിച്ച വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഈ റിപ്പോര്‍ട്ട് വരുത്തുന്ന അപകടം മനസ്സിലാക്കി മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യാതൊരുവിധ ചര്‍ച്ചയും കൂടാതെ ധൃതിപിടിച്ച് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിതന്നെ പ്രഖ്യാപിക്കുകയും ചെയ്തു.

കേരളത്തിലെ സഹകരണ വായ്പാമേഖല രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി കേരളത്തിലെ സഹകരണ-വായ്പാമേഖലയ്ക്ക് ഇന്നുണ്ട്. ഈ നേട്ടത്തിന്റെ കടയ്ക്ക് കത്തിവയ്ക്കുന്ന ഒരു സംരംഭത്തിനും സംസ്ഥാന സര്‍ക്കാര്‍ തുനിയരുത്. എന്താണീ നേട്ടം?

സഹകരണ-വായ്പാമേഖലയില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍-ജില്ലാ സഹകരണ ബാങ്കുകള്‍-സംസ്ഥാന സഹകരണ ബാങ്ക്, മൊത്തം 70,000- കോടിയില്‍പരം രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ശരാശരി പത്ത്‌കോടിയില്‍പ്പരം രൂപയുടെ നിക്ഷേപമുണ്ട്. രാജ്യത്തെ ഒരു പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ അടുത്തെത്താന്‍ സാധിക്കുകയില്ല. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഈ സാമ്പത്തിക ശേഷി പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ ശ്രമിക്കണം. അതിന് പകരം കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കാണിക്കുന്ന ധൃതി സഹകരണ വായ്പാ മേഖലയെ അപകടത്തിലാക്കും.

കേരളത്തിലെ സഹകരണ-വായ്പാ പ്രസ്ഥാനത്തില്‍ 70,000 കോടി രൂപയുടെ നിക്ഷേപം എങ്ങനെ ഉണ്ടായി. പ്രാഥമിക സഹകരണ സംഘങ്ങളില്‍ ശരാശരി പത്ത് കോടിയിലധികം രൂപയുടെ നിക്ഷേപം ഉണ്ടാക്കിയതെങ്ങനെ? ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഈ നിക്ഷേപം ഉണ്ടാക്കിയതിന്റെ കാരണങ്ങള്‍ ശരിയായി വിലയിരുത്തണം. 1976 മുതലാണ് സഹകരണമേഖലയില്‍ കാര്യമായി നിക്ഷേപം ഉണ്ടായി തുടങ്ങിയത്. 1975 ല്‍ കേരളത്തിലെ ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. ഇതിനെ നിക്ഷേപമെന്ന് പറയാന്‍ സാധിക്കുകയില്ല. അംഗങ്ങള്‍ക്ക് വായ്പാവിതരണം നടത്തുമ്പോള്‍ അതിന്റെ ചെറിയൊരംശം ത്രിഫ്റ്റ് ഡിപ്പോസിറ്റായി പിടിച്ചുവയ്ക്കുമായിരുന്നു. ഈ തുകയാണ് മിക്ക സംഘങ്ങളുടേയും നിക്ഷേപമായിരുന്നത്.

1975 വരെ കൃഷിക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വായ്പയ്ക്കും പരിമിതികളുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന തുകയെയാണ് മുഖ്യമായും ആശ്രയിച്ചിരുന്നത്. കാര്‍ഷികേതര വായ്പകള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലുള്ള തുഛമായ നിക്ഷേപം മാത്രമാണ് ഉപയോഗിച്ചിരുന്നത്. 1973 മുതല്‍ 1980 ല്‍ മന്ത്രിയാവുന്നതുവരെ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നു. ആ സമയത്താണ് ഗ്രാമീണ സഹകരണ സംഘങ്ങളില്‍ എന്തുകൊണ്ട് നിക്ഷേപം ഉണ്ടാക്കികൂടാ എന്ന ചിന്തവരുന്നത്. കാരണം വാര്‍ഷിക മിച്ചം ഉണ്ടായില്ലെങ്കിലും ഗ്രാമീണരില്‍ താല്‍ക്കാലിക മിച്ചം ഉണ്ടാവാറുണ്ട്. ഈ താല്‍ക്കാലിക മിച്ചം ഒരു ബാങ്കിലും നിക്ഷേപിക്കുന്നില്ല. അന്ന് വാണിജ്യ ബാങ്കുകള്‍ ഗ്രാമീണര്‍ക്ക് അപ്രാപ്യവുമായിരുന്നു. അതുകൊണ്ട് ഗ്രാമീണരുടെ എല്ലാവിധ മിച്ച സമ്പാദ്യങ്ങളും സഹകരണ സംഘങ്ങളില്‍ കൊണ്ടുവരണമെന്ന ചിന്ത ഉണ്ടായി. അതിന് സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ചാല്‍ കൃത്യമായി തിരിച്ചുകിട്ടുമെന്ന വിശ്വാസ്യത ഉണ്ടാവണം. അതിന് വാണിജ്യ ബാങ്കുകളിലെപ്പോലെ ക്യാഷ്യറും ക്യാഷ് കൗണ്ടറുമെല്ലാം വേണം. ചെല്ലാനോ വൗച്ചറോ ഉപയോഗിച്ചായിരിക്കണം പണം സ്വീകരിക്കേണ്ടതും കൊടുക്കേണ്ടതും. ഇതിന് നടപടി സ്വീകരിക്കാന്‍ 1975 ല്‍ മുഖ്യമന്ത്രി സി അച്യുതമേനോനും സഹകരണ മന്ത്രി ബേബിജോണിനും വിശദമായൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. 20 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കുമെന്ന് എല്ലാ സഹകരണ ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയില്‍ നേരിട്ട് പങ്കെടുത്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും പങ്കെടുത്ത ആര്‍ക്കുംതന്നെ പദ്ധതിയോട് വിയോജിപ്പില്ല. എന്നാല്‍ ഇത് വിജയിക്കുമോ എന്ന ആശങ്കയും വിശ്വാസകുറവും മിക്കവരും പ്രകടിപ്പിച്ചിരുന്നു. അന്ന് 20 കോടി രൂപയായിരുന്ന നിക്ഷേപ സമാഹരണം ലക്ഷ്യംകവിഞ്ഞ് 26 കോടി രൂപ സമാഹരിച്ചു. പിന്നീട് നിക്ഷേപ സമാഹരണം വാര്‍ഷിക പരിപാടിയായിമാറി. എന്തുകൊണ്ട് നിക്ഷേപ സമാഹരണം വിജയിച്ചു? പ്രാഥമിക സഹകരണ സംഘങ്ങളുടെ ഡയറക്ടര്‍മാര്‍ ഗ്രാമീണര്‍ക്ക് പരിചിതരാണ്.

നിക്ഷേപിച്ചാല്‍ പണം തിരികെ കിട്ടുമെന്ന് ഉറപ്പുവേണം. ഈ ഉറപ്പ് ഉണ്ടായപ്പോഴാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപം ഉണ്ടായത് ഈ ഉറപ്പിന്റെ ഭാഗമായാണ് സര്‍വീസ് സഹകരണ സംഘങ്ങളുടെ ബൈല ഭേദഗതി ചെയ്ത് സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന് നാമകരണം ചെയ്തത്. വൈദ്യനാഥന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്. ഈ 'ബാങ്ക്' മാറ്റണം എന്നാണ്. സഹകരണ ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ പാടില്ല. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ എന്ന് ഉപയോഗിക്കുന്നതില്‍ എന്ത് ദോഷമാണ് ഉണ്ടായത്? ഇത്രയേറെ ഗ്രാമീണ നിക്ഷേപം സഹകരണ മേഖലയില്‍ സമാഹരിക്കാന്‍ സാധിച്ചതുകൊണ്ട് എന്ത് ദോഷം സംഭവിച്ചു? നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാന്‍ കഴിയാതെ ലോകത്തെ വന്‍കിട ബാങ്കുകള്‍ പോലും പൂട്ടേണ്ടിവരുമ്പോള്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി സഹകരണ പ്രസ്ഥാനം ഒരു നിക്ഷേപകന്റെയും പണം മടക്കിക്കൊടുക്കാതിരുന്നിട്ടില്ല. ഇത് ലോകത്തിന് തന്നെ മാതൃകയായ വിജയകരമായൊരു പരീക്ഷണമാണ്. ഇതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

വൈദ്യനാഥന്‍ കമ്മിറ്റി സഹകരണ മേഖലയ്ക്ക് എന്തൊക്കെ സഹായങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന്, 2004 മാര്‍ച്ച് 31 വരെ വായ്പാ വിതരണംമൂലം സഹകരണ സംഘങ്ങള്‍ക്ക് ഉണ്ടായ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ട്, പൊതുവിതരണത്തിലും കാര്‍ഷികോപാധികളുടെ വിതരണത്തിലും ഉള്ള നഷ്ടത്തിന്റെ പകുതി കേന്ദ്രവും പകുതി സംസ്ഥാനങ്ങളും വഹിക്കണം. മൂന്ന്, ഏഴ് ശതമാനം മൂലധനം ഉണ്ടാക്കാനാവാത്ത സംഘങ്ങള്‍ക്ക് അത്രയും മൂലധനം ഉണ്ടാക്കാന്‍ പണം നല്‍കും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 2004 മാര്‍ച്ച് 31 വരെ കേരളത്തിലെ പ്രഥാമിക സഹകരണ സംഘങ്ങളുടെ സഞ്ചിതനഷ്ടം 439.5 കോടി രൂപയാണ്. ഇത് സഹകരണ വകുപ്പിന്റെ ഓഡിറ്റ് അനുസരിച്ചുള്ള കണക്കാണ്. നബാര്‍ഡിന്റെ ഓഡിറ്റ് വരുമ്പോള്‍ ഈ നഷ്ടം കുറയാനാണ് സാധ്യത. കാര്‍ഷികോപാധികളുടെ വിതരണത്തിന്റെ നഷ്ടം കണക്കാക്കുക വിഷമകരമാണ്. എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെ സഹായം 500 കോടിക്കടുത്തായിരിക്കും. ഇതിനായി കേരളത്തിലെ സഹകരണ മേഖല നിക്ഷേപരംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ അടിയറവയ്ക്കണമോ? ഈ സഹായം ലഭിക്കാനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്? ഒന്ന്, ബാങ്ക് എന്ന് ഉപയോഗിക്കാന്‍ പാടില്ല. രണ്ട്, അംഗങ്ങളില്‍ നിന്നുപോലും നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല. മൂന്ന്, സംഘങ്ങള്‍ സ്വീകരിക്കുന്ന പണത്തിന്റെ ഒരു ചെറിയൊരുഭാഗം ജില്ലാസഹകരണ ബാങ്കില്‍ നിലനിര്‍ത്തി ബാക്കി വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിക്കണം.

ഈ അഭിപ്രായപ്രകടനങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ മൗലിക പ്രശ്‌നങ്ങള്‍ കാണാതെ വാണിജ്യ ബാങ്കുകളെ സഹായിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്. വികസനത്തിന് ആവശ്യമായ ഘടകങ്ങള്‍ എന്താണ്? ഒന്ന്, വിഭവശേഷി, രണ്ട്, വിഭവശേഷി ഫലപ്രദമായി വിനിയോഗിക്കല്‍. കാര്‍ഷികോല്‍പ്പാദന വര്‍ധനവിനുള്ള വായ്പയും കാര്‍ഷികോപാധികളുടെ വിതരണവും ഗ്രാമീണ സഹകരണ സംഘങ്ങളില്‍ ഇന്ന് ആവശ്യമായിതീര്‍ന്നിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണത്തിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങി കൃഷിക്കാരുടെ ആവശ്യാനുസരണം ന്യായമായ വാടകയ്ക്ക് നല്‍കണം. അതുപോലെ പ്രധാനമാണ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആദായകരമായ വില ലഭ്യമാക്കുകയെന്നത്.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണത്തിന് വ്യവസായങ്ങള്‍ ഉണ്ടാവണം. ഇക്കാര്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും മാത്രമേ കഴിയുകയുള്ളൂ. അതിന് ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് വലിയതോതില്‍ വിഭവശേഷി സമാഹരിക്കാന്‍ കഴിയണം. പ്രാഥമിക സഹകരണ സംഘങ്ങളില്‍ മിച്ചമുണ്ടാകുന്ന പണം ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കണം. എന്നാല്‍ വൈദ്യനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശ ത്രിതല സഹകരണ മേഖലയുടെ കൂട്ടായ്മ തകര്‍ക്കുന്നതാണ്. ത്രിതല സഹകരണ ശൃംഖലയെ ചിന്നഭിന്നമാക്കുന്നതാണ് അവരുടെ ശുപാര്‍ശ. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ രാജ്യം ആവശ്യപ്പെടുന്ന ഏറ്റവും വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് നടത്തുന്നവരാണ്. ഗ്രാമീണ വികസനത്തിനാവശ്യമായ വിഭവ സമാഹരണം ഗ്രാമങ്ങളില്‍ നിന്നുതന്നെ സമാഹരിക്കുന്നതിനുള്ള മാര്‍ഗം രാജ്യത്തിന് കാണിച്ചുകൊടുക്കുന്നതാണ് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍. കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തിലേറെയായി ശക്തവും വ്യാപകവുമായി അനസ്യൂതം ഇത് നടക്കുന്നു. ഈ വിഭവശേഷി എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നാണ് ഗൗരവമായി പരിശോധിക്കേണ്ടത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 11 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ധാരണാപത്രം ഒപ്പിടാന്‍ സംസ്ഥാനം തീരുമാനിച്ചു. രാജ്യത്തെ സഹകരണമേഖലയെ ശക്തിപ്പെടുത്താനെന്ന പേരില്‍ പുറത്തിറക്കിയ പ്രഫ. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം ഇതുവരെ അംഗീകരിക്കാതിരിക്കുകയായിരുന്നു. 2001 മുതല്‍ 2006 വരെയുള്ള എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും സര്‍ക്കാരുകള്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് ധാരണാപത്രം ഒപ്പിടാന്‍ വിസമ്മതിച്ചിരുന്നു. 2006 മുതല്‍ സംസ്ഥാനം ഭരിച്ച വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഈ റിപ്പോര്‍ട്ട് വരുത്തുന്ന അപകടം മനസ്സിലാക്കി മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യാതൊരുവിധ ചര്‍ച്ചയും കൂടാതെ ധൃതിപിടിച്ച് വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിതന്നെ പ്രഖ്യാപിക്കുകയും ചെയ്തു.