Thursday, January 26, 2012

ആരോഗ്യമേഖലയിലെ അശുഭസൂചനകള്‍

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങള്‍മൂലം ആരോഗ്യമേഖല വീണ്ടും തകര്‍ച്ചയെ നേരിടുകയാണെന്ന ആപത്തിന്റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു. 1996ലെ നായനാര്‍ സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണം ആരോഗ്യമേഖലയിലും ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍മുതല്‍ ജില്ലാ ആശുപത്രികള്‍വരെ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാകുകയും പ്രാദേശികാസൂത്രണത്തിനു പദ്ധതിവിഹിതം ലഭിക്കുകയും ചെയ്തതോടെ താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു തുടങ്ങി. 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണം അട്ടിമറിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും പ്രതിസന്ധിയിലായി.

2006ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ദേശീയ ഗ്രാമീണാരോഗ്യമിഷന്‍ ഫണ്ടിന്റെ ഫലപ്രദമായ വിനിയോഗത്തോടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. മെഡിക്കല്‍ കോര്‍പറേഷന്‍ രൂപീകരിച്ചും ആലപ്പുഴയിലെ പൊതുമേഖല ഔഷധനിര്‍മാണ കമ്പനി (കെഎസ്ഡിപി) പുനരുജ്ജീവിപ്പിച്ചും കൂടുതല്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിച്ചും സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നു ലഭ്യത ഉറപ്പുവരുത്തി. വന്‍കിട സ്വകാര്യ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ലഭ്യമാക്കാന്‍ ഇടതു സര്‍ക്കാരിനുകഴിഞ്ഞു എന്ന വസ്തുത ഇടതുമുന്നണിയുടെ രാഷ്ടീയശത്രുക്കള്‍പോലും സമ്മതിക്കുന്നുണ്ട്.

ഹൃദ്രോഗ ചികിത്സയ്ക്കാവശ്യമായ കാത്ത് ലാബ്, ബൈപാസ് ശസ്ത്രക്രിയാ സംവിധാനം, ക്യാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ലീനിയര്‍ ആക്സിലേറ്റര്‍ , സിടി-എംആര്‍ഐ സ്കാനുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭ്യക്കാന്‍ ഇടതുസര്‍ക്കാരിനു കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അവഗണിക്കപ്പെട്ട് വികസനം മുരടിച്ചുനിന്ന ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാനസൗകര്യവികസനം ഉറപ്പാക്കി. ആലപ്പുഴ മെഡിക്കല്‍ കോളേജ് വണ്ടാനത്തേക്കും മാറ്റി സ്ഥാപിച്ചു. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച് സ്വകാര്യചികിത്സാ രീതി അവസാനിപ്പിച്ചതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയ്ക്കെത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടുകയും ഉചിതമായ ചികിത്സ ലഭിച്ചുതുടങ്ങുകയുംചെയ്തു.

മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. താഴെത്തട്ടിലുള്ള ആശുപത്രികള്‍ മെച്ചപ്പെട്ടതോടെ മെഡിക്കല്‍കോളേജുകള്‍ റഫറല്‍ ആശുപത്രികളായി മാറ്റാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ നേഴ്സുമാരുടെയും ആശുപത്രി ജീവനക്കാരുടെയും മേലുണ്ടായിരുന്ന ഡിഎച്ച്എസ്, ഡിഎംഇ ഇരട്ട നിയന്ത്രണം അവസാനിപ്പിച്ചതോടെ ആശുപത്രി ജീവനക്കാരുടെ സേവനം കൂടുതല്‍ മെച്ചപ്പെട്ടു. മെഡിക്കല്‍ സര്‍വകലാശാല രൂപീകരിച്ചതോടെ മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അക്കാദമിക്ക് ഏകോപനം ഉറപ്പാക്കാനും ആരോഗ്യമേഖലയിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച് നടപ്പിലാക്കി. ഗുരുതരമായ രോഗമുള്ളവര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതോടെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി എതാനും മാസങ്ങള്‍ക്കകം തന്നെ പൊതുജനാരോഗ്യസംവിധാനം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായാണ് കാണാന്‍ കഴിയുന്നത്. മെഡിക്കല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകളും ജീവന്‍രക്ഷാ ഔഷധങ്ങളും ലഭ്യമല്ലാതായി. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ ബഹുരാഷ്ട്രാ മരുന്നു കമ്പനികള്‍ക്കനുകൂലമായ നിലപാടുകള്‍മൂലം ഔഷധവില കുതിച്ചുയരുക കൂടിചെയ്തതോടെ ദരിദ്രര്‍ക്കു മാത്രമല്ല ഇടത്തരക്കാര്‍ക്കും ചികിത്സാ ചെലവു താങ്ങാനാകാത്ത സ്ഥിതി വന്നിരിക്കുകയാണ്. ദുര്‍ബല ജനങ്ങള്‍ക്കാശ്വാസമായിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നും പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനി പിന്‍വാങ്ങാന്‍ പോകുന്നുവെന്നാണ് കേള്‍ക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൊതുപണം കൊള്ളയടിക്കാന്‍ രംഗത്തെത്തും.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപാര്‍ടികളുടെ സമ്മര്‍ദത്തിനുവഴങ്ങി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയഗ്രാമീണ ആരോഗ്യമിഷന്‍ 2012ല്‍ അവസാനിക്കും. അതിനിയും തുടരുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ആരോഗ്യമിഷന്‍ ഫണ്ട് ലഭിക്കാതായാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്താന്‍ ആരംഭിച്ച നിരവധി പദ്ധതികള്‍ അവസാനിപ്പിക്കേണ്ടിവരും. മെഡിക്കല്‍ കോളേജുകളിലെ സ്വകാര്യചികിത്സാലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി സ്വകാര്യചികിത്സാസമ്പ്രദായം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

അതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ ഔഷധവില നിശ്ചയിക്കല്‍ നിയമം ഔഷധവില ഇനിയും കുത്തനെ ഉയര്‍ത്തും. ഭൂരിഭാഗം ജനങ്ങളും കേരളത്തില്‍ ആധുനിക ചികിത്സയെ ആശ്രയിക്കുന്നതുകൊണ്ടും നിരന്തരം ഔഷധചികിത്സ ആവശ്യമായ ജീവിതരീതി രോഗങ്ങള്‍ കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നതുകൊണ്ടും ജനജീവിതം കൂടുതല്‍ ദുസ്സഹമാകും. കേരള സര്‍ക്കാരിന്റെ ആരോഗ്യബജറ്റിനെ ഇതു പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടാന്‍ പോകുന്നു എന്ന് തന്നെയാണ്. ഇതിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി ശക്തമായ ജനകീയസമ്മര്‍ദം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം 2011 ആരംഭിച്ചത് ശുഭാപ്തി വിശ്വാസം ജനിപ്പിച്ചുകൊണ്ടായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വികലനയങ്ങള്‍ മൂലം പുതുവര്‍ഷമായ 2012 ആരംഭിച്ചത് അശുഭചിന്തകളുണര്‍ത്തിക്കൊണ്ടാണ്.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി 26 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങള്‍മൂലം ആരോഗ്യമേഖല വീണ്ടും തകര്‍ച്ചയെ നേരിടുകയാണെന്ന ആപത്തിന്റെ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു. 1996ലെ നായനാര്‍ സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണം ആരോഗ്യമേഖലയിലും ഗുണകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍മുതല്‍ ജില്ലാ ആശുപത്രികള്‍വരെ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാകുകയും പ്രാദേശികാസൂത്രണത്തിനു പദ്ധതിവിഹിതം ലഭിക്കുകയും ചെയ്തതോടെ താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു തുടങ്ങി. 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണം അട്ടിമറിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും പ്രതിസന്ധിയിലായി.