താഴെ അതിമനോഹരമായ പുല്‍ത്തകിടിയും പൂച്ചെടികളും. നീന്തല്‍ക്കുളവും കളിക്കളങ്ങളും പീടികനിരകളും ഭക്ഷണശാലകളും എല്ലാം മതില്‍ക്കെട്ടിനകത്തു തന്നെയുണ്ട്. ഒരാവശ്യത്തിനും പടിക്കു പുറത്തു കടക്കേണ്ട. സമൂഹത്തിലെ ഉന്നതമധ്യവര്‍ഗ്ഗക്കാരുടെ താമസസങ്കേതം.
ബാല്‍ക്കണിയില്‍നിന്നുള്ള കാഴ്ച സുന്ദരമാണ്. അകലെ മലനിരകള്‍ കാണാം. ഇളംതണുപ്പ് ആസ്വദിച്ചുകൊണ്ട് ഈ ബാല്‍ക്കണിയില്‍ എത്ര നേരം വേണമെങ്കിലും നില്‍ക്കാം.
അപാര്‍ട്‌മെന്റ്‌സിന്റെ അതിരിലൂടെ ഒരു ഗുഡ്‌സ് വണ്ടി യശ്‌വന്ത്പൂര്‍ സ്റ്റേഷനെ ലക്ഷ്യമാക്കി കടന്നുപോയി. അപ്പോഴാണ് പാളത്തിനപ്പുറം പരന്നുകിടക്കുന്ന ഒരു കെട്ടിടസമുച്ചയം ഞാന്‍ ശ്രദ്ധിച്ചത്. കാടുപിടിച്ച് അവലക്ഷണമായി കിടക്കുന്ന ആ കെട്ടിടം ആരുടെയാണ്?
സുരേഷ് സഹായത്തിനെത്തി. അത് മറ്റൊന്നുമല്ല. ഇവിടെനിന്നുതന്നെ വായിക്കാനാവുന്നില്ലേ വാച്ച് ഫാക്ടറിയെന്ന്? അതിന്റെ ഇടത്തുവശത്ത് എച്ച് എം ടി എന്നും കാണാനാവുന്നില്ലേ?

ഈ രണ്ടു കെട്ടിടങ്ങള്‍ കൊണ്ട് അവസാനിക്കുന്നില്ല എച്ച് എം ടി. അതിലെ ജീവനക്കാര്‍ക്കുണ്ടായിരുന്നത് വലിയ ക്വാര്‍ട്ടേഴ്‌സായിരുന്നു. അച്ഛനും അമ്മയും കുട്ടികളുമായി വലിയ ഒരു ജനസഞ്ചയം അവിടെ പാര്‍ത്തിരുന്നു. അവിടം ഇപ്പോള്‍ ആള്‍ത്താമസമില്ലാതെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുകയാണ്.
ഒരു കാലത്ത് എച്ച് എം ടിയുടെ പ്രദേശമായാണ് ജാലഹള്ളി അറിയപ്പെട്ടിരുന്നത്. എച്ച് എം ടിയിലെ ജീവനക്കാരെ മാത്രം ലക്ഷ്യമാക്കി രണ്ടു സിനിമാശാലകള്‍ ഉണ്ടായി. കടകളും ഹോട്ടലുകളും സ്‌കൂളുകളും ജാലഹള്ളിയില്‍ ഉണ്ടായിരുന്നു. ഇന്നാവട്ടെ എല്ലാം ഓര്‍മ്മകള്‍ മാത്രമായിരിക്കുന്നു.
ഈ ഫ്ലാറ്റു നില്‍ക്കുന്ന സ്ഥലവും എച്ച് എം ടിയുടേതായിരുന്നു എന്ന് സുരേഷ് അറിയിച്ചു. പ്രെസ്റ്റീജ് എന്ന പ്രസിദ്ധമായ കെട്ടിടംപണിക്കാര്‍ അത് എച്ച് എം ടി മാനേജ്‌മെന്റില്‍നിന്ന് വാങ്ങിയതാണ്. എന്തൊക്കെയായാലും ഇപ്പോള്‍ ജാലഹള്ളി എച്ച് എം ടിയുടേതല്ല. പ്രെസ്റ്റീജ് പോലുള്ള നിരവധി കെട്ടിടപ്പണിക്കമ്പനികളുടേതാണ്. അവിടെ ഐടി കമ്പനികളില്‍ പണിയെടുക്കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്നു.

ഒരു പൊതുമേഖലാ സ്ഥാപനത്തിന് സംഭവിക്കാവുന്നതെല്ലാം എച്ച് എം ടിക്കും സംഭവിച്ചിരിക്കാം. എച്ച് എം ടി മാത്രമല്ലല്ലോ കര്‍ണ്ണാടകത്തില്‍ നശിച്ചുപോയത്. മൈസൂര്‍ ലാംപ്‌സ്, ഐ ജി ഇ എച്ച്, ഐ ടി സി എന്നു തുടങ്ങി നിരവധി സ്ഥാപനങ്ങളുണ്ട് ആ പട്ടികയില്‍. കാലത്തിനനുസരിച്ച് മാറാനുള്ള താമസം, വില്‍പന ഉയര്‍ത്താനുള്ള ഉദാസീനത, ഉപഭോക്താക്കളോടുള്ള അലംഭാവം എന്നിങ്ങനെ പലേ കാരണങ്ങളും ഉണ്ടാവാം എടുത്തു പറയാന്‍.
എച്ച് എം ടിയുടെ കാര്യത്തില്‍ ആദ്യം പറഞ്ഞ കാരണം വളരെ പ്രബലമാണ്. വാച്ചുകള്‍ക്ക് വൈവിധ്യം കുറവായിരുന്നു. ഗുണനിലവാരമായിരുന്നു അവരെ നിലനിര്‍ത്തിയ മുഖ്യഘടകം. പക്ഷേ ഉപഭോക്താക്കളുടെ സമീപനത്തിലും അഭിരുചിയിലും വന്ന മാറ്റങ്ങള്‍ കാണാന്‍ എച്ച് എം ടിക്കു കഴിഞ്ഞില്ല. ഈട് ഒരു മുദ്രാവാക്യമേ അല്ലാതെ മാറിക്കൊണ്ടിരിക്കുകയായിരുന്നു കമ്പോളത്തില്‍. ഏതു സാധനവും ഏറ്റവും കുറച്ചുകാലം ഉപയോഗിയ്ക്കുന്നതാണ് കേമത്തം എന്ന ധാരണ പടര്‍ന്നു വരികയുമായിരുന്നു ആ ദശകത്തില്‍. ഈടിനേക്കാള്‍ രൂപഭംഗിക്ക് പ്രധാന്യം കിട്ടിക്കൊണ്ടിരിക്കുന്ന കാലവുമായിരുന്നു അത്.
അതിലാണ് ടാറ്റയുടെ ടൈറ്റാന്‍ വാച്ചുകള്‍ ഊന്നല്‍ കൊടുത്തത്. എണ്‍പതുകളുടെ രണ്ടാം പാദത്തില്‍ അവര്‍ വാച്ചുവിപണിയില്‍ വൈവിധ്യത്തിന്റെ മഴവില്ലുകള്‍ വിതറി. രാജ്യത്തുടനീളം തുറന്ന ടൈറ്റാന്റെ ഷോറൂമുകളില്‍ തിരക്കേറി. എച്ച് എം ടിയുടെ ഷോറൂമുകളില്‍ ക്രമേണക്രമേണ ആരും കയറാതെയുമായി. ഉപഭോക്താക്കളോട് കിന്നരിക്കാനുള്ള വില്‍പ്പനക്കാരുടെ വൈമുഖ്യവും അവരെ അകറ്റിയിരിക്കാം. ദശാബ്ദങ്ങളായി അവഹേളനം സഹിച്ചുപോന്ന ഇന്ത്യന്‍ ഉപഭോക്താവിന് 'വേണമെങ്കില്‍ മതി' എന്ന സമീപനം അപ്പോഴേയ്ക്കും സഹിക്കാന്‍ വയ്യാതായിക്കഴിഞ്ഞിരുന്നു.
വിവരം അറിഞ്ഞപ്പോള്‍ മോഡലുകളില്‍ വൈവിധ്യം കൊണ്ടുവരാന്‍ എച്ച് എം ടിയും ശ്രമിച്ചുതുടങ്ങി. പക്ഷേ അപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. വാച്ചുകള്‍ക്കു തന്നെ പ്രിയം കുറഞ്ഞ ഒരു നൂറ്റാണ്ടാണ് അപ്പോഴേയ്ക്കും പിറന്നുവീണത്. മൊബൈല്‍ ഫോണുകള്‍ പ്രചാരത്തിലായതോടെ വാച്ചു കെട്ടാത്ത ഒരു തലമുറ ഇവിടെ ഉദയം കൊണ്ടു.
എന്തിനു തലമുറയെ പറയുന്നു? അമ്പതുകളുടെ അന്ത്യത്തിലെത്തിയ എന്റെ കാര്യം തന്നെ അങ്ങനെയാണല്ലോ. എനിക്ക് വാച്ചു കെട്ടാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് ഇരുപത്തേഴാം വയസ്സില്‍ ഒരു പെണ്‍കുട്ടി എന്റെ പരിചയം തേടി വരുന്നത്. കവിത എന്ന ആ പെണ്‍കുട്ടി എന്നോടുള്ള മൗനസ്‌നേഹം പ്രകടിപ്പിച്ചത് ഒരു സമ്മാനം തന്നുകൊണ്ടായിരുന്നു. അത് കറുത്ത ഡയലുള്ള ഒരു വാച്ചായിരുന്നു. കുറേക്കാലം അതു കെട്ടിനടന്നു. മൊബൈല്‍ ഫോണ്‍ ശരീരത്തിലെ ഒരവയവമായി മാറിയതോടെ സമയമറിയാന്‍ വേറെ ഉപാധികളൊന്നും ആവശ്യമില്ലാതായി. അതോടെ വാച്ചു കെട്ടുന്നത് നിര്‍ത്തി. രാവിലെ ഉറക്കമുണര്‍ന്നാലുടനെ വാച്ചിനു താക്കോല്‍ കൊടുക്കുക എന്ന ദിനചര്യ ഇന്നും മുടക്കമില്ലാതെ നടക്കുന്നു.
മുപ്പത്തിരണ്ടു കൊല്ലമായി ആ വാച്ച് ഇപ്പോഴും കൃത്യമായി സമയമറിയിച്ചുകൊണ്ടിരിക്കുന്നു. ആ വാച്ച് എച്ച് എം ടിയാണെന്ന് ഇനി ഞാന്‍ പ്രത്യേകിച്ചു പറയേണ്ടതുണ്ടോ?
കുറേ നാളുകള്‍ക്കു ശേഷം ഇന്ന് കവിതയെ ഓര്‍മ്മിച്ചുപോയി. ആ വാച്ചിനോടുള്ള എന്റെ അനാസ്ഥയ്ക്ക് അവര്‍ എന്നോടു പൊറുക്കട്ടെ. നേരിട്ടു ക്ഷമ ചോദിക്കാന്‍ അവരിപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ലല്ലോ.
ഓര്‍മ്മകളില്‍നിന്ന് ഉണര്‍ത്തിക്കൊണ്ട് ഫാക്ടറിയില്‍നിന്ന് ഒരു സൈറണ്‍ മുഴങ്ങി. ഞാന്‍ സുരേഷിന്റെ മുഖത്തു നോക്കി.
''എന്നും ഈ സമയത്ത് സൈറണ്‍ കേള്‍ക്കാറുണ്ട്,'' സുരേഷ് പറഞ്ഞു. ''പത്തോ നൂറോ പേര്‍ ഇപ്പോഴും അവിടെ പണിയെടുക്കുന്നുണ്ട്.''
ഞാന്‍ ഫാക്ടറിയിലേയ്ക്കു നോക്കി. അവിടെ ഒരാള്‍ മുറ്റത്തേയ്ക്കിറങ്ങുന്നതു കണ്ടു. കുറച്ചു പ്രായമുള്ള ആളാണ്. മുറ്റത്ത് ഉണങ്ങിനില്‍ക്കുന്ന മരത്തിന്റെ തണല്‍ പറ്റി അയാള്‍ നില്‍ക്കുകയാണ്. പഴയ കാലം ഓര്‍ത്തെടുക്കുകയാവാം. പ്രതാപം നിറഞ്ഞ ഒരു കാലം.
അന്ന് വന്യമായ സ്വപ്‌നത്തിലെങ്കിലും അയാള്‍ വിചാരിച്ചിട്ടുണ്ടാവുമോ ഇങ്ങനെ ഒരു കാലം വരുമെന്ന്?
കുറച്ചുനേരം അവിടെ നിന്ന് അയാള്‍ അകത്തേയ്ക്കു തന്നെ പോയി. ഇപ്പോള്‍ മുറ്റം ശൂന്യമാണ്. ഞങ്ങള്‍ കുറച്ചുനേരം കൂടി ബാല്‍ക്കണിയില്‍ നിന്നു.
''എല്ലാത്തിനും ഒരു സമയമുണ്ട്,'' ഒരു ദീര്‍ഘനിശ്വാസത്തോടെ സുരേഷ് പറഞ്ഞു.
*****
അഷ്ടമൂര്‍ത്തി, കടപ്പാട് : ജനയുഗം
2 comments:
ഓര്‍മ്മകളില്‍നിന്ന് ഉണര്‍ത്തിക്കൊണ്ട് ഫാക്ടറിയില്‍നിന്ന് ഒരു സൈറണ്‍ മുഴങ്ങി. ഞാന്‍ സുരേഷിന്റെ മുഖത്തു നോക്കി.
''എന്നും ഈ സമയത്ത് സൈറണ്‍ കേള്‍ക്കാറുണ്ട്,'' സുരേഷ് പറഞ്ഞു. ''പത്തോ നൂറോ പേര്‍ ഇപ്പോഴും അവിടെ പണിയെടുക്കുന്നുണ്ട്.''
ഞാന്‍ ഫാക്ടറിയിലേയ്ക്കു നോക്കി. അവിടെ ഒരാള്‍ മുറ്റത്തേയ്ക്കിറങ്ങുന്നതു കണ്ടു. കുറച്ചു പ്രായമുള്ള ആളാണ്. മുറ്റത്ത് ഉണങ്ങിനില്‍ക്കുന്ന മരത്തിന്റെ തണല്‍ പറ്റി അയാള്‍ നില്‍ക്കുകയാണ്. പഴയ കാലം ഓര്‍ത്തെടുക്കുകയാവാം. പ്രതാപം നിറഞ്ഞ ഒരു കാലം.
അന്ന് വന്യമായ സ്വപ്‌നത്തിലെങ്കിലും അയാള്‍ വിചാരിച്ചിട്ടുണ്ടാവുമോ ഇങ്ങനെ ഒരു കാലം വരുമെന്ന്?
കുറച്ചുനേരം അവിടെ നിന്ന് അയാള്‍ അകത്തേയ്ക്കു തന്നെ പോയി. ഇപ്പോള്‍ മുറ്റം ശൂന്യമാണ്. ഞങ്ങള്‍ കുറച്ചുനേരം കൂടി ബാല്‍ക്കണിയില്‍ നിന്നു.
''എല്ലാത്തിനും ഒരു സമയമുണ്ട്,'' ഒരു ദീര്‍ഘനിശ്വാസത്തോടെ സുരേഷ് പറഞ്ഞു.
ഉപഭോക്താക്കളോട് കിന്നരിക്കാനുള്ള വില്‍പ്പനക്കാരുടെ വൈമുഖ്യവും അവരെ അകറ്റിയിരിക്കാം??
people decided not to buy a product due to many reasons. if the company cant make enough changes to attract its customers, its better to die.. even if it is a public company.
Post a Comment