Monday, January 16, 2012

ചിത്രകലയില്‍ അര്‍ഥവത്തായ ഓര്‍മകള്‍

2008 വര്‍ഷത്തോടെ തകര്‍ന്നുതുടങ്ങിയ കമ്പോളാധിഷ്ഠിതമായ കലയുടെ അത്യുല്‍പ്പാദനലോകം പില്‍ക്കാലത്ത് സാംസ്കാരികവും ധൈഷണികവുമായ തലങ്ങളെ അത്രയൊന്നും സ്വാധീനിച്ചില്ലെന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കിയ വര്‍ഷമാണ് കടന്നുപോകുന്നത്. രബീന്ദ്രനാഥടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളിലെ മുഖ്യഘടകം അദ്ദേഹത്തിന്റെ ചിത്രകലയായിരുന്നു. സാഹിത്യസംഗീത നാടകരംഗങ്ങള്‍ക്കപ്പുറത്ത് ടാഗോറിന്റെ ചിത്രകലാലോകം വ്യാപരിച്ചതിനെക്കുറിച്ച് നിരവധി അറിവുകളും സംവാദങ്ങളും നടന്നുകഴിഞ്ഞിട്ടുണ്ടെങ്കിലും രബീന്ദ്രനാഥ് ടാഗോറിന്റെ ചിത്രകലാലോകം സമഗ്രമായ ഒരു ബൃഹദ്പദ്ധതിയായി ലോകത്തിനുമുന്നിലെത്തുന്നത് 2011ന്റെ പ്രത്യേകതതന്നെയാണെന്നുപറയാം. ന്യൂയോര്‍ക്ക്, ബര്‍ലിന്‍ , പാരിസ്, ലണ്ടന്‍ , റോം തുടങ്ങിയ വിശ്വനഗരങ്ങളിലെ മ്യൂസിയങ്ങളിലൂടെ രബീന്ദ്രനാഥടാഗോറിന്റെ ചിത്രശേഖരം മൂന്നുവിഭാഗമായി തരംതിരിച്ച് ഓരോ പ്രദര്‍ശനങ്ങളായി കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഇരുന്നൂറ്റിയെട്ടുപേജുള്ള, മാപ്പില്‍ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന കാറ്റലോഗ് എല്ലാ പ്രദര്‍ശനങ്ങളെയും പൊതുവായി പ്രതിനിധാനംചെയ്യും.

ഇതിനോടനുബന്ധിച്ച് രബീന്ദ്രനാഥിന്റെ രചനകളുടെ തൊണ്ണൂറ്റഞ്ചുശതമാനത്തോളം ചിത്രങ്ങള്‍ , അവയുടെ അനുബന്ധരചനകള്‍ , പഠനങ്ങള്‍ തുടങ്ങിയവയടങ്ങുന്ന അഞ്ച് ബൃഹദ്ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുകയും വളരെ പെട്ടെന്നുതന്നെ വിറ്റഴിക്കപ്പെടുകയുംചെയ്തു. അഞ്ചുവാല്യമായി അയ്യായിരത്തിലധികം പേജുകളുള്ള ഈ ഗ്രന്ഥപരമ്പര 1,800 ചിത്രങ്ങള്‍ ഉള്‍പ്പെടെ 2,000 വര്‍ണപ്പകര്‍പ്പുകള്‍ ഉള്‍ക്കൊള്ളുന്നു. ഭാരതീയവും യൂറോപ്യനുമായ ആധുനികതാ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ രബീന്ദ്രനാഥ് ചിത്രങ്ങള്‍ ഗവേഷണപഠന വിധേയമായിട്ടുണ്ടെങ്കിലും സമഗ്രവും ആധികാര്യവുമായ ഒരു പഠനത്തോടെയും ടാഗോര്‍ ചിത്രങ്ങളുടെ സമ്പൂര്‍ണമായ പകര്‍പ്പുകളോടെയും പ്രസിദ്ധീകൃതമാകുന്നത് ഈ വര്‍ഷമാണെന്നുപറയാം. സ്വകാര്യവ്യക്തികളുടെ ശേഖരത്തില്‍നിന്നുള്ളവയല്ലാതെ ഭാരതത്തിലെ പൊതുസ്ഥാപനങ്ങളില്‍നിന്നുമാത്രമായി ശേഖരിച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ഈ പ്രദര്‍ശനവും പ്രസിദ്ധീകരണവും യഥാക്രമം രബീന്ദ്രഭവനിലെ 1580, കലാഭവനിലെ 150, നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 108, രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയിലെ 45, നാഷണല്‍ മ്യൂസിയത്തിലെ 3- ചിത്രശേഖരങ്ങള്‍ പ്രതിനിധാനംചെയ്യുന്നു.

ഈ ബൃഹദ്പദ്ധതിയുടെ ക്യൂറേറ്ററും അഞ്ച് വാല്യത്തിന്റെ എഡിറ്ററും രബീന്ദ്രനാഥ് ചിത്രങ്ങളുടെ പാഠരചയിതാവും ഒരാള്‍തന്നെയാകുന്നുവെന്നതും, ഒരു പ്രത്യേകതയാണ്. പ്രശസ്ത കലാചരിത്രകാരനായ പ്രൊഫ. ആര്‍ ശിവകുമാര്‍ ആണ് അനന്യമായ ഈ പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട വ്യക്തി. ഈ ചുമതലയോടൊപ്പംതന്നെ രാജ്യാന്തരമായ പ്രദര്‍ശനങ്ങള്‍ക്കെല്ലാം ധൈഷണികമായ ഊഷ്മളത നല്‍കുന്ന പ്രഭാഷണങ്ങള്‍ നല്‍കുന്നതിനും കേരളീയനായ ശിവകുമാര്‍ ചുമതലപ്പെട്ടിരിക്കുന്നു.

2011 വര്‍ഷംതന്നെ ഡല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട "ആര്‍ട്ട് സമ്മിറ്റ്" രാജ്യത്തെയും രാജ്യാന്തര കലയുടെയും അനേകം പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു കലാമേളതന്നെയാകുന്നു. പോയ നാലഞ്ചുവര്‍ഷമായി വര്‍ഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ കലാപ്രദര്‍ശനമേള ആനുകാലിക ഭാരതീയകലയിലെ കമ്പോളകാലഘട്ടത്തിനുശേഷം ഉയര്‍ന്നുവന്ന ഒരു പ്രതിഭാസമാണ്. കോര്‍പറേറ്റ് കേന്ദ്രങ്ങളുടെ സജീവപങ്കാളിത്തമുള്ള ഈ കലാമേള ലോകകലയുടെ ഒരു പരിഛേദത്തെ അവതരിപ്പിക്കുന്നുവെന്നുപറയാം. ഒരു കോടി രൂപ മുതല്‍മുടക്കില്‍ പൊതുമുതല്‍ ഉപയോഗിക്കാതെ നടത്തുന്ന ഈ സംരംഭം ആനുകാലിക കലയുടെ പ്രേക്ഷകരെയും സംരക്ഷകരെയും ഒന്നിപ്പിക്കുന്ന വേദിയായി മാറി. പ്രശസ്ത നിരൂപകനായ ജോണി എംഎന്‍ ന്റെ അഭിപ്രായത്തില്‍ ഇത്തരം സംരംഭങ്ങള്‍ എത്രമാത്രം വേദികള്‍ തുറന്നിടുന്നുവെങ്കിലും അവര്‍ നാലോ അഞ്ചോ ആര്‍ട് ഗ്യാലറികള്‍ നിയന്ത്രിക്കുന്ന കലാലോകത്തിനപ്പുറത്തുള്ള സര്‍ഗലോകം അനാവരണം ചെയ്യുന്നില്ല. ഇത്തരം മേളകള്‍ എത്രതന്നെ സെമിനാറുകള്‍ സംഘടിപ്പിച്ചാലും അവര്‍ പ്രതിനിധാനംചെയ്യുന്ന ഗ്യാലറി സര്‍ക്യൂട്ടുകള്‍ക്കുപരിയായ ധൈഷണിക സംവാദത്തിലേക്ക് നയിക്കുന്നുമില്ല.

ഈയവസരത്തിലാണ് സമീപവര്‍ഷങ്ങളില്‍ പര്‍വതീകരിക്കപ്പെടുകയും അങ്ങനെതന്നെ ചുരുങ്ങി ഇല്ലാതായിത്തീരുകയും ചെയ്ത ആനുകാലിക ഭാരതീയ കലയിലെ കമ്പോളകുതിച്ചുചാട്ടത്തെപ്പറ്റിയുള്ള ആലോചനകള്‍ പ്രസക്തമായി വരുന്നതെന്നുപറയാം. മാനദണ്ഡരഹിതമായും വിവേചനമില്ലാതെയും പെട്ടെന്ന് പടര്‍ന്നുകയറിയ സാമ്പത്തികസാമ്രാജ്യം 2008 വര്‍ഷത്തോടെ നിഴല്‍വീണ് തകര്‍ന്നുവെങ്കിലും, അത് നിര്‍മിച്ചെടുത്ത വ്യാജഘടനകള്‍ ബോധത്തിലും അബോധത്തിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരു സാംസ്കാരിക ഉല്‍പ്പന്നമെന്ന നിലയിലേക്ക് കലാസൃഷ്ടി തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കുമെന്ന സൂചനകള്‍ ഇത് നല്‍കുന്നു.

പരമ്പരാഗതമെന്ന ഓമനപ്പേരാല്‍ വിളിക്കപ്പെടുന്നതും എന്നാല്‍ ,രാജ്യത്തെ നഗരവല്‍കൃത സമൂഹങ്ങള്‍ക്കു പുറത്തുള്ളതുമായ കലാപ്രവര്‍ത്തനങ്ങളെ സമകാലീന കലാപ്രദര്‍ശനങ്ങള്‍ക്കുതുല്യമായി അവതരിപ്പിക്കുകയും അവയിലെ കലാകാരന്മാരെ മറ്റ് ആനുകാലിക കലാകാരന്മാര്‍ക്ക് സമന്മാരായി അംഗീകരിക്കുകയും ചെയ്തുകൊണ്ട്, കേരള ലളിതകലാഅക്കാദമി ആദിവാസി, നാടന്‍ , ഗ്രാമീണ കലകളിലെ ചലനാത്മക പാരമ്പര്യങ്ങളുടെ നീണ്ട കളരികള്‍ - അവതരണങ്ങള്‍ - സംഘടിപ്പിക്കുകയുണ്ടായി. ഈ രംഗത്തെ പ്രമുഖരെ കണ്ടെത്തി അവര്‍ക്കായി യഥാക്രമം ജെ സ്വാമിനാഥന്‍ , ജംഗല്‍സിംഗ് ശ്യാം, സോനാഭായി രാജേശ്വരി എന്നീ കലാകാരന്മാരുടെ നാമധേയത്തില്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദിവാദി-ഗ്രാമീണ കലാകാരന്മാരുടെ സര്‍ഗസപര്യക്ക് അര്‍ഹമായതും അഭിമാനകരമായതുമായ സ്ഥാനം നല്‍കപ്പെടുന്നതെന്ന് നിസ്സംശയം പറയാം. കേരളത്തിന്റെ ചരിത്രത്തിലാകട്ടെ ആദ്യമായി കളമെഴുത്തെന്ന ബഹുമുഖമാധ്യമകല അതിന്റെ വൈവിധ്യങ്ങളോടെ അവതരിപ്പിക്കപ്പെടുകയും നൂറ്റിയിരുപതോളം കളമെഴുത്തുകള്‍ ഏകദേശം ഒന്നരമാസത്തോളം നീണ്ടുനിന്ന ഡോക്യുമെന്റേഷനുപാത്രമാവുകയുമുണ്ടായി. വിഭിന്നതരം കളങ്ങളുടെ പകര്‍പ്പുകള്‍ , ഗവേഷണപഠനങ്ങളുടെ അനുബന്ധത്തോടെ സമാഹരിച്ചുകൊണ്ട് "കളമെഴുത്ത്" എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിക്കാന്‍ ജനറല്‍ എഡിറ്ററും സെക്രട്ടറിയുമായ സത്യപാലിനു കഴിഞ്ഞു. പോയവര്‍ഷത്തെയും ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളിലെയും പുസ്തകപ്രസിദ്ധീകരണരംഗത്തെ ഏറ്റവും വലിയ മാതൃകയായി, ഈ ഗ്രന്ഥം നിലനില്‍ക്കും.

2011 വര്‍ഷത്തില്‍ ഡല്‍ഹി ആര്‍ട്ഗ്യാലറി സംഘടിപ്പിച്ച ചിത്തോപ്രസാദിന്റെ രചനകളുടെ പ്രദര്‍ശനം അനന്യമായ ഒരു കാല്‍വയ്പായി മാറുന്നു. 1915ല്‍ പശ്ചിമബംഗാളില്‍ ജനിച്ച് 1978ല്‍ അന്തരിച്ച ചിത്തപ്രസാദ് ഭാരതീയ കലയിലെ ഏറ്റവും ഏകാന്തമായ വ്യക്തിത്വമാണ്. ചിത്രകലയിലെ മുഖ്യധാരയില്‍നിന്നുവഴിമാറി, കലയെ തീവ്രമായ സാമൂഹ്യപ്രതിഷേധത്തിന്റെ നേരിട്ടുള്ള പ്രസ്താവങ്ങളിലേക്ക് ആനയിച്ച ചിത്തോപ്രസാദ് നിന്ദിതരെയും പീഡിതരെയും ദരിദ്രരെയും കലാപകാരികളെയും മാത്രം വരച്ചുകൊണ്ട്, ബംഗാള്‍ ക്ഷാമവും കയ്യൂര്‍ സമരവും എല്ലാം പ്രമേയമാക്കി. ഒന്നിലധികംതവണ ബ്രിട്ടീഷ് ഭരണം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൂട്ടത്തോടെ പിടിച്ചെടുത്തു നശിപ്പിച്ചു. ബോംബെയില്‍ ഒരൊറ്റ മുറിയില്‍ സ്ഥിരതാമസമാക്കിക്കൊണ്ട് തുടര്‍ന്നും രചന നിര്‍വഹിച്ച, ചിത്രകലയുടെ അക്കാദമിക് പഠനം ചെയ്തിട്ടില്ലാത്ത ചിത്തോപ്രസാദിന്റെ ഐതിഹാസിക കലയുടെ സമഗ്രമായ പ്രദര്‍ശനം പോയവര്‍ഷത്തെ സുപ്രധാനമായ അനുഭവമായിരുന്നു.

2011 നഷ്ടങ്ങളുടേതുമായ വര്‍ഷമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഭാരതം കണ്ട ഏറ്റവും മഹാനായ കലാകാരന്‍ - എം എഫ് ഹുസൈന്‍ - അന്തരിച്ച വര്‍ഷംകൂടിയായി മാറിയിരിക്കുന്നുവെന്നതും, അദ്ദേഹത്തിന്റെ വേര്‍പാട് ഉന്നയിക്കുന്ന രാഷ്ട്രീയവും മനുഷ്യത്വപരവുമായ ചോദ്യങ്ങള്‍ തുടര്‍ന്നും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്നതും ഒരു വസ്തുതയായി നിലനില്‍ക്കുന്നു. ഭാരതകലയിലെ രണ്ടു നൂറ്റാണ്ടുകളില്‍ വ്യാപരിച്ചുനില്‍ക്കുന്ന എംഎഫ് ഹുസൈന്റെ കലയും ജീവിതവും രാജ്യത്തെ സംസ്കാരത്തിന്റെ ഭൂതവും സമകാലികവുമായ ധാരകളെ സമന്വയിപ്പിച്ചുകൊണ്ട് ഈ വര്‍ഷം കടന്നുപോയി. സമകാലീനകലാരംഗത്ത് പോയ നാലഞ്ചുവര്‍ഷങ്ങള്‍കൊണ്ട് ശ്രദ്ധേയമായ പ്രതീക്ഷകള്‍ നല്‍കിയ ചിത്രകാരിയായ മിനി ശിവകുമാറിന്റെ അകാലനിര്യാണവും 2011ന്റെ മറ്റൊരു നഷ്ടമാകുന്നു.

*
അജയകുമാര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 15 ജനുവരി 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2008 വര്‍ഷത്തോടെ തകര്‍ന്നുതുടങ്ങിയ കമ്പോളാധിഷ്ഠിതമായ കലയുടെ അത്യുല്‍പ്പാദനലോകം പില്‍ക്കാലത്ത് സാംസ്കാരികവും ധൈഷണികവുമായ തലങ്ങളെ അത്രയൊന്നും സ്വാധീനിച്ചില്ലെന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കിയ വര്‍ഷമാണ് കടന്നുപോകുന്നത്.