Friday, January 20, 2012

പാകിസ്ഥാന്‍ പ്രതിസന്ധിക്ക് മറുപടി പ്രബുദ്ധജനാധിപത്യം

പാകിസ്ഥാന്‍ എന്ന വാക്കിന് വിശുദ്ധ ഭൂമി എന്നൊരര്‍ത്ഥമുണ്ട്. പക്ഷേ വാസ്തവം മറ്റൊന്നാണ് . രാജ്യം എന്നാല്‍ ജനതയാകുമ്പോള്‍ പാകിസ്ഥാന് കൂടുതല്‍ ചേരുക ആത്മാവിനെ ചെകുത്താനു വിറ്റ ഡോക്ടര്‍ ഫോസ്റ്റുമാരുടെ രാജ്യമെന്ന വിശേഷണമായിരിക്കും.

വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഗര്‍ഭപാത്രത്തില്‍ കോടിക്കണക്കിന് നിരപരാധികളുടെ രക്തത്തിലും, കത്തിക്കരിഞ്ഞ സ്വപ്‌നങ്ങളിലും ഒരു കൂട്ടം സാഡിസ്റ്റുകള്‍ കെട്ടിപ്പടുത്ത രാജ്യമാണത്. അവരില്‍ ബുദ്ധിജീവിയായ ജിന്നയും, കവിയായ ഇഖ്ബാലുമെല്ലാമുണ്ട്. ഈ ജനിതക ദോഷത്തിന്റെ ഫലം ഇന്നും ആ രാജ്യം അനുഭവിക്കുന്നു, ശമനമില്ലാതെ.
പാകിസ്ഥാനില്‍ നിന്നും വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പട്ടാള അട്ടിമറിയ്ക്കുള്ള പുതിയ സാധ്യതകളെ ചുറ്റിപറ്റിയാണ്. പട്ടാളം ഭരണഘടനാവിരുധമായി പ്രവര്‍ത്തിക്കുന്നെന്ന് പ്രധാനമന്ത്രി യൂസഫ് റാസാഗിലാനി. കഴിഞ്ഞയാഴ്ച അടിയന്തിരമായി വിളിച്ചുകൂട്ടിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ പട്ടാളത്തിനും ജനാധിപത്യത്തിനുമിടയില്‍ നിന്നും ഒരു തിരഞ്ഞെടുപ്പു നടത്തുവാന്‍ അദ്ദേഹം ജനപ്രതിനിധികളോട് ആവശ്യപ്പെടുകയുണ്ടായി. പട്ടാളമാകട്ടെ ഒന്നും വിട്ടുപറയാതെ, ഗിലാനിയുടെ പ്രസ്താവനകളോടുള്ള അമര്‍ഷം മാത്രം പ്രകടിപ്പിച്ച് അനിശ്ചിതത്വം അങ്ങനെതന്നെ നിലനിറുത്തുന്നു. അവര്‍ കാത്തുനില്‍ക്കുന്നത് വരാനിരിക്കുന്ന ഒരു സുപ്രിംകോടതി വിധിക്കാണ്. മുന്‍പ് പര്‍വേഷ് മുഷ്‌റഫ് വെറുതെവിട്ട അഴിമതിക്കേസുകളില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ വിചാരണ ചെയ്യണമോ, 2009 തൊട്ട് സര്‍ദാരിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി ഗിലാനിയ്ക്ക് സുപ്രിംകോടതിയയച്ച നോട്ടീസുകളില്‍ നടപടി സ്വീകരിക്കുന്നതിന് ഗവണ്‍മെന്റ് പരാജയപ്പെട്ടതിനാല്‍ ഗിലാനിക്കെതിരെയും നടപടിയെടുക്കണമോ, എന്നീ ചോദ്യങ്ങള്‍ക്ക് പാക് സുപ്രിംകോടതിയുടെ ഫുള്‍ബഞ്ച് നിര്‍ണ്ണായകമായ വിധിനല്‍കും. പട്ടാളം കാത്തു നില്‍ക്കുന്നത് ഈ വിധിക്കുവേണ്ടിയാണെന്ന് പാക് രാഷ്ട്രീയ നിരീക്ഷകര്‍ ഒന്നടങ്കം അനുമാനിക്കുന്നു.

പ്രശ്‌നങ്ങളുടെ പുതിയ നാള്‍വഴികളുടെ തുടക്കം മെമ്മോഗേറ്റ് വിവാദത്തിലൂടെയാണ്. ഒസാമബിന്‍ ലാദനെ അമേരിക്ക പാകിസ്ഥാനില്‍ കണ്ടെത്തി വധിച്ചപ്പോള്‍ ഒരു പട്ടാള അട്ടിമറിയ്ക്കുള്ള സാധ്യത മണത്ത പ്രസിഡന്റ് സര്‍ദാരി മേഖലയിലെ ഒരുന്നത അമേരിക്കന്‍ സൈനികോദ്യോഗസ്ഥനയച്ച ഒരു കത്താണ് ഈ വിവാദത്തിനടിസ്ഥാനം. കത്ത് ഡ്രാഫ്റ്റ് ചെയ്തു എന്നു കരുതപ്പെടുന്ന അന്നത്തെ പാക് അമേരിക്കന്‍ സ്ഥാനപതി ഹഖാനിയെ ഗവണ്‍മെന്റിന് തിരിച്ചു വിളിക്കേണ്ടിവന്നു. ഇപ്പോള്‍ ഗവണ്‍മെന്റ് വിലക്കുകള്‍ മറികടന്നുകൊണ്ട് സുപ്രിംകോടതി നേരിട്ട് വിഷയമന്വേഷിക്കുകയാണ്. കാശ്മീര്‍ പ്രശ്‌നപരിഹാരവും, മുംബയ് ഭീകരാക്രമണകേസിലെ പ്രതികളെ ഇന്ത്യയ്ക്കു കൈമാറലും അടക്കമുള്ള വന്‍ വിട്ടുവീഴ്ചകളാണത്രെ പ്രസ്തുത കത്തില്‍ സര്‍ദാരി അമേരിക്കയ്ക്കു വാഗ്ദാനം ചെയ്തത്. തങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഈ നീക്കം പട്ടാളത്തെ വല്ലാതെ പ്രകോപിതരാക്കി.

രണ്ടാമത്തെ പ്രശ്‌നം അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പാക്‌സൈനികര്‍ കൊല്ലപ്പെട്ടതാണ്. രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്ത പ്രശ്‌നം. ശക്തമായി പ്രതികരിച്ച പാകിസ്ഥാന്‍ തങ്ങളുടെ മണ്ണിലുള്ള സൈനിക കേന്ദ്രം യജമാനനായ അമേരിക്കയെ കൊണ്ട് പൂട്ടിപ്പിച്ചു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുന്നതും ഇവിടെവെച്ചാണ്.
ഇതിനു കാരണം രണ്ടാണ്. ഒന്നാമതായി : പട്ടാളം, ഗവണ്‍മെന്റ്, ജുഡീഷ്യറി എന്നിവ പരസ്പരം എതിരായി മാറിയിരുന്നു. ഏതാണ്ട് ട്വന്റി - ട്വന്റി സിനിമയിലെ നായകന്മാരെ പോലെ ഇതില്‍ സുരേഷ്‌ഗോപിയുടെ റോളാണ് ജുഡീഷ്യറിയ്ക്ക്. ഏറെക്കുറെ നിഷ്പക്ഷം . പക്ഷേ ഗവണ്‍മെന്റിനോടും പട്ടാളത്തോടും വിപ്രതിപത്തിയും. അതേസമയം ഈ പറഞ്ഞ രണ്ടു കൂട്ടരും ആകാംക്ഷയോടെ നോക്കി കാണുന്നതും ജുഡീഷ്യറിയുടെ നിലപാടുകളാണ്. ആ നിലപാടുകള്‍ക്കേ ഇനി പൊതുവായ ജനപിന്തുണ പ്രതീക്ഷിക്കേണ്ടതുള്ളൂ. കാരണം പട്ടാളത്തിലും, ഗവണ്‍മെന്റിലും ജനം ഒരു പോലെ അസംതൃപ്തമാണ്.

രണ്ടാമത്തെ കാരണം അമേരിക്കയുടെ ഈ മേഖലയിലെ താല്പര്യങ്ങളാണ്. വെറുമൊരു തെന്നേഷ്യന്‍ സുഹൃത്ത് മാത്രമല്ല അവര്‍ക്ക് പാകിസ്ഥാന്‍. മറിച്ച് വാഷിംഗ്ടണിന്റെ ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ ആണിക്കല്ലുകൂടിയാണ്. അതുകൊണ്ടുതന്നെ ഗിലാനിയെടുത്ത ശക്തമായ നിലപാടുകള്‍ അവര്‍ക്ക് വന്‍ തലവേദനയാണുണ്ടാക്കിയിരിക്കുന്നത്. അപ്പോള്‍ പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി വശത്താക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കന്‍ സമ്മതമില്ലാതെ ഒരു പട്ടാള അട്ടിമറിയും ഇതുവരെ പാകിസ്ഥാനിലുണ്ടായിട്ടില്ല എന്ന ചരിത്ര പാഠം രാഷ്ട്രീയ നേതൃത്വത്തെ വരച്ചവരയില്‍ നിറുത്താനുള്ള ഒരു ഡിറൈന്റാണ്. മാത്രമല്ല, പാക് സൈനിക നേതൃത്വത്തിന് വാഷിംഗ്ടണുമായി നേരിട്ടുളള പരസ്യബന്ധമാണുള്ളത്. എന്നാല്‍ പഴയപോലെ സൈന്യത്തെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുവാന്‍ അമേരിക്കയ്ക്കാവുന്നില്ല. കാരണം സൈന്യത്തില്‍ ചിലര്‍ക്കുള്ള ശക്തമായ ജിഹാദിബന്ധംതന്നെ. അതുകൊണ്ടുതന്നെ ഇനിയൊരു പട്ടാളഅട്ടിമറി നടന്നാല്‍ ഫലം മറ്റൊരു 9/11 ആയിരിക്കുമെന്ന ഭയം ഒബാമയ്ക്കും കൂട്ടര്‍ക്കുമുണ്ട്. അതുകൊണ്ടാണ് പഴയപോലെ പട്ടാളത്തിന് ഭരണം പിടിക്കുവാനുള്ള പച്ചക്കൊടി കാട്ടാന്‍ അവര്‍ മടിക്കുന്നത്.

പാക് രാഷ്ട്രീയത്തിലെ മൂന്ന് നിര്‍ണായകമായ ശക്തികളായ രാഷ്ട്രീയപ്പാര്‍ട്ടികള്‍, പട്ടാളം, അമേരിക്ക തുടങ്ങിയവ ഒരു കടുത്ത ആശയക്കുഴപ്പത്തിലാണ്. പട്ടാളവും രാഷ്ട്രീയപാര്‍ട്ടികളും ഒരുപോലെ അമേരിക്കയെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ പരസ്പര വിശ്വാസം ഈ ബന്ധങ്ങളില്‍ ഒട്ടുമില്ല. ഈ പരസ്പര വിശ്വാസമില്ലാതാക്കിയ ജിഹാദി ഗ്രൂപ്പുകളാവട്ടെ പ്ലേഗുപോലെ പടര്‍ന്നുപിടിക്കുകയുമാണ്. ഇവരെ ഭയന്നിട്ടാണ് ഗിലാനി സൈനിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ അമേരിക്കയോടാവശ്യപ്പെട്ടത്. അല്ലാതെ സാമ്രാജ്യത്വവിരോധം കൊണ്ടല്ല.

പഴയ കരുനീക്കങ്ങളൊന്നും ആവര്‍ത്തിക്കാനാവാത്ത ഒരു നിര്‍ണായകവും കുഴഞ്ഞുമറിഞ്ഞതുമായ അവസ്ഥയിലാണിന്ന് പാക് രാഷ്ട്രീയം. ഒന്നും തീര്‍ത്തുപറയാനാവാത്ത അവസ്ഥ. എത്ര ആലോചിച്ചുറപ്പിച്ച നീക്കംപോലും ആത്മഹത്യാപരമാകുമെന്ന ഭയം കളിക്കാരെ എല്ലാവരേയും ഒരുപോലെ ഭയപ്പെടുത്തുന്ന സ്ഥിതിവിശേഷം. ഇതിനിടയ്ക്കാണ് പാകിസ്ഥാനി മധ്യവര്‍ഗത്തിന്റെ ഇടയില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിക്ക് പിന്തുണയേറിവരുന്നത്. പക്ഷേ ഹസാരെ പ്രസ്ഥാനംപോലെ ഊതിവീര്‍പ്പിച്ച ഒരു കുമിളയാണിത്. ജമാഅത്തെ ഇസ്ലാമിയും വഹാബികളും വര്‍ഗീയവല്‍ക്കരിച്ച പാക് ജനസാമാന്യത്തിന്റെ മനസില്‍ ഇമ്രാന്‍ഖാന് കാര്യമായ വേരോട്ടമില്ലെന്നതാണ് യാഥാര്‍ഥ്യം.
പ്രശസ്ത പാക് ദിനപത്രമായ 'ഡോണ്‍' നിരീക്ഷിക്കുന്നതുപോലെ സംഭവങ്ങള്‍ ഗിലാനി-സര്‍ദാരി അച്ചുതണ്ടിനെ തകര്‍ത്ത് പുതിയ ഒരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത. പക്ഷേ അത്തരം സ്ഥിതിവിശേഷവും പ്രതിസന്ധി പരിഹരിക്കില്ല. കാരണം പാകിസ്ഥാന്റെ പ്രശ്‌നങ്ങള്‍ ജനിതകമാണ്. ഇന്ത്യ എന്ന ഒരു ശത്രു ഉള്ളതുകൊണ്ടുമാത്രം നിലനില്‍ക്കുന്ന ഒരു രാജ്യമാണത്. ഇന്ന് ഇന്ത്യയുടെ സ്ഥാനത്ത് അമേരിക്ക ഒന്നാം നമ്പര്‍ ശത്രുവായിമാറിയിരിക്കുന്നു. അതായത് വര്‍ഗീയത മതഭ്രാന്തിന് വഴിമാറിയിരിക്കുന്നു. ഇങ്ങനെ ഒരു പൊതുശത്രു ഇല്ലായിരുന്നുവെങ്കില്‍ ഇതിനകം ശിയാ-സുന്നി, മുഹാജിര്‍-ദേശി, സിന്ധി-പഞ്ചാബി, പഞ്ചാബി-ബലൂചി എന്നൊക്കെ തമ്മില്‍ തല്ലി ഒടുങ്ങിയേനെ ഈ രാജ്യം. കാരണം മതമെന്ന ഉറപ്പില്ലാത്ത ചരടിന് പൊരുത്തമില്ലാത്ത മനസ്സുകളെ കോര്‍ത്തിണക്കാനാവില്ല.

പാക് സംഭവങ്ങള്‍ ഇന്ത്യയ്ക്കു തലവേദനയാണ്. ആണവായുധ രാജ്യമാണ് പാകിസ്ഥാന്‍. അവ അവിടുത്തെ മതഭ്രാന്തന്‍മാരുടെ കൈയില്‍ ചെന്നുപെട്ടാല്‍ വന്‍വില നാം നല്‍കേണ്ടതായിവരും. അതുകൊണ്ടുതന്നെ അവിടെ സമാധാനവും പ്രബുദ്ധവുമായ ജനാധിപത്യം പുലരട്ടെയെന്നു നമുക്ക് പ്രത്യാശിക്കാം.

*****

മുഹമ്മദ് ഫക്രുദ്ദീന്‍ അലി, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...